ലോകസഭയില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ആറു സീറ്റ്….!!

നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റില്‍ വിജയിക്കുമെന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വത്തെ വിശ്വസിപ്പിച്ച പണം തട്ടിയെന്ന് ബിജെപിക്കാരില്‍ തന്നെ ഒരു വിഭാഗമാണ് ഗ്രൂപ്പ് പൊരിന്റെ ഭാഗമായി തെരുവ് തോറും വിളിച്ചു കൂവിയത്. കള്ളപ്പണത്തിന്റെ ആരോപണം നേരിടുന്ന, ബിജെ പിയുടെ കേരള നേതൃത്വമാണ് ഇപ്പോഴിതാ ആറ് ലോക്‌സഭ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്.

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തിലെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെയും മറ്റൊരു കേന്ദ്ര നേതാവായ പ്രകാശ് ജാവദേക്കറുടേയും മുന്‍പില്‍, കേരളത്തില്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ് ലോക്‌സഭ സീറ്റുകളില്‍ വിജയ സാധ്യതയുണ്ടെന്ന് സംസ്ഥാന പ്രസിഡണ്ട് അവകാശപ്പെട്ടതായും, അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനായി അഖിലേന്ത്യാ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയതായും മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഇന്ത്യ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയായത് കൊണ്ടും അതിന്റെ ദേശീയ അധ്യക്ഷനും മറ്റൊരു മുതിര്‍ന്ന നേതാവും പങ്കെടുത്ത യോഗത്തെ കുറിച്ചായത് കൊണ്ടും സ്വാഭാവികമായി ആ വിഷയത്തെ അല്പം വിശകലന ബുദ്ധിയോടെ സമീപിക്കേണ്ടത് അനിവാര്യമാണ് എന്ന് തോന്നി.

ഒരു തിരഞ്ഞെടുപ്പില്‍,പാര്‍ട്ടി മത്സരിക്കുന്ന തീരെ വിജയ പ്രതീക്ഷയില്ലാത്ത ഒരു മണ്ഡലത്തില്‍ പോലും, പ്രവര്‍ത്തകരുടെ മനോബലം തളരാതെ പിടിച്ചു നിറുത്തുന്നതിന് വേണ്ടി അവസാന നിമിഷം വരെ വിജയ പ്രതീക്ഷ നിലനിറുത്തി കൊണ്ട് പോവുക എന്നത് ഒരു നേതാവിന്റെ കടമയാണ്, ഉത്തരവാദിത്തമാണ്. ശരിയാണ്. പക്ഷെ, അതിനെല്ലാം ഒരു മട്ടും മര്യാദയുമെല്ലാം ഉണ്ടാകും. പക്ഷെ, ഒരു സാധ്യതയുമില്ല എന്ന് കണക്കുകള്‍ വിളിച്ചു പറയുന്ന, പച്ചനുണകള്‍ കേട്ട് അത് വിശ്വസിച്ചു നിര്‍ദ്ദേശവും നല്‍കി പോയ കേന്ദ്ര നേതൃത്വത്തെ കുറിച്ചും എന്ത് പറയാനാണ്.

ബിജെപി സംസ്ഥാന പ്രസിഡണ്ടിന് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ ഇത്ര മാത്രം വിദഗ്ദ്ധമായി കബളിപ്പിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടാണ് എന്നാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്. അത്ര മാത്രം മണ്ടന്മാരൊന്നുമല്ല ബിജെപിയുടെ കേന്ദ്ര നേതാക്കള്‍. ഒന്നുമില്ലെങ്കില്‍ കേന്ദ്രത്തില്‍ ഒരു തുടര്‍ഭരണം ഉണ്ടാക്കിയെടുക്കുവാനും, ഉത്തരേന്ത്യ മുഴുവന്‍ ബി ജെപിയുടെ കീഴില്‍ കൊണ്ട് വരുവാനും, ആര്‍എസ്എസ്സിന്റെ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ,രാജ്യത്ത് ബിജെപി അതിന്റെ എല്ലാ ഭീകരതയോട് കൂടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കുന്ന ഒരു അവസ്ഥയുണ്ട്. അതിനു ചുക്കാന്‍ പിടിക്കുന്നത് ബി ജെപി യുടെ കേന്ദ്ര നേതൃത്വം തന്നെയാണ്. മോദി തന്നെയാണ്, അമിത് ഷാ തന്നെയാണ്, നേരത്തെ പറഞ്ഞ മുതിര്‍ന്ന നേതാക്കളായ ജെ.പി.നദ്ദയും പ്രകാശ് ജാവദേക്കറും അടങ്ങുന്ന കേന്ദ്ര നേതൃത്വം തന്നെയാണ്. അങ്ങനെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ എങ്ങനെയാണ് ഇങ്ങനെയൊരു വ്യക്തിക്ക് നിരന്തരം കബളിപ്പിക്കാന്‍ കഴിയുന്നത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ഒരു പക്ഷെ ചോദിച്ചേക്കാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍, ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ മാധ്യമങ്ങളിലൂടെ കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് 140 നിയോജക മണ്ഡലങ്ങളില്‍ നിന്ന് 35 പേരെ ബിജെപി വിജയിപ്പിക്കുമെന്നാണ്. എന്ന് മാത്രമല്ല, ധിക്കാരവും അഹങ്കാരവും ധാര്‍ഷ്ട്ട്യവും തെറിച്ചു നില്‍ക്കുന്ന സംസാര, ശരീര ഭാഷയില്‍, അടുത്ത തവണ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്നും, സംശയമുണ്ടെങ്കില്‍ എഴുതി വെച്ചോളാനും അദ്ദേഹം വെല്ലുവിളിച്ചതും രാഷ്ട്രീയ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ മറന്നു കാണുവാന്‍ ഇടയില്ല. തീര്‍ന്നില്ല ആ 35 പേരെ വെച്ച് മന്ത്രിസഭയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ആ ‘ബാലനായ രാജാവ് ‘കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയേയും കൂടി പ്രഖ്യാപിച്ചു കളഞ്ഞു. അത് കേള്‍ക്കേണ്ട താമസം സ്വയം മുഖ്യമന്ത്രിയായി അവരോധിതനായി പരകായ പ്രവേശം നടത്തിയ മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട് എംഎല്‍എ ആഫീസിനുള്ള മുറിയും മറ്റ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തു. പക്ഷെ, വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ബിജെപി നിലം തൊട്ടില്ല എന്ന് മാത്രമല്ല, ഉണ്ടായിരുന്ന ഒരു സീറ്റിലും തോറ്റ് അക്കൗണ്ടും പൂട്ടി പോകേണ്ടിയും വന്നു.

സുരേന്ദ്രന്‍ പറഞ്ഞത് അപ്പാടെ വിശ്വസിച്ച ബിജെപിയുടെ കേന്ദ്രനേതൃത്വം കേരളം പിടിക്കാനായി കോടിക്കണക്കിന് രൂപയാണ് കേരളത്തില്‍ കൊണ്ട് വന്ന് കേരളത്തില്‍ ഒഴുക്കിയത് എന്നാണ് പറയുന്നത്. ഏകദേശം 140 കോടിയോളം രൂപയാണ് അത്തരത്തില്‍ കേരളത്തില്‍ കൊണ്ടു വന്നു ചിലവഴിച്ചത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിജയിക്കാന്‍ കഴിയുന്ന സീറ്റുകള്‍, രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയുന്ന സീറ്റുകള്‍ എന്നിങ്ങനെ സീറ്റുകള്‍ വേര്‍തിരിച്ച് അവയ്ക്ക് ഒരു കോടി രൂപ മുതല്‍ 3 കോടി രൂപ വരെ നല്‍കിയിരുന്നു എന്നാണ് അറിയുന്നത്. അങ്ങനെ, സുരേന്ദ്രന്‍ പറഞ്ഞത് വിശ്വസിച്ചു ബിജെപി കേന്ദ്രനേതൃത്വം കോടിക്കണക്കിന് രൂപയാണ് ആ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൊണ്ടു വന്ന് ചിലവഴിച്ചത് എന്നത് നാട്ടില്‍ അങ്ങാടി പാട്ടായത് നാം കേട്ടതാണ്. ഇങ്ങനെ കൊണ്ട് വന്ന കോടിക്കണക്കിന് പണത്തിന്റെ ഒരു ഭാഗം ബിജെപി പ്രവര്‍ത്തകര്‍ തന്നെ കൊള്ളയടിച്ചു കൊണ്ടു പോകുന്നതും കണ്ടു. അതാണ് വിവാദമായ കൊടകര കുഴല്‍പ്പണ കേസ്. കേരളത്തിലെ ക്രൈം ബ്രാഞ്ച് അത് അന്വേഷിക്കുകയും കുറ്റക്കാരെ കണ്ടെത്തുകയും കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഈഡിക്ക് കത്ത് നല്‍കുകയും ചെയ്‌തെങ്കിലും ഈഡി അത് അന്വേഷിക്കുന്നില്ല. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊ ടുത്തെങ്കിലും ഈഡി മറുപടി പറയാതെ നീട്ടി കൊണ്ടു പോവുകയാണ്. മറ്റേത് കള്ളപ്പണ കേസെന്ന് കേട്ടാലും ചാടി വീഴുന്ന ഈഡി, തെളിവ് സഹിതം പിടി കൂടിയ ബിജേപിയുടെ കള്ളപ്പണ കേസ് അന്വേഷി ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഈഡി എന്താണ് എന്നതിന്റെ ഉത്തരമാണ്.

അന്ന് 35 സീറ്റില്‍ വിജയിക്കുമെന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വത്തെ വിശ്വസിപ്പിച്ച പണം തട്ടിയെന്ന് ബിജെ പിക്കാരില്‍ തന്നെ ഒരു വിഭാഗമാണ് ഗ്രൂപ്പ് പൊരിന്റെ ഭാഗമായി തെരുവ് തോറും വിളിച്ചു കൂവിയത്. കള്ളപ്പണത്തിന്റെ ആരോപണം നേരിടുന്ന, ബിജെ പിയുടെ കേരള നേതൃത്വമാണ് ഇപ്പോഴിതാ ആറ് ലോക്‌സഭ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. അവ ഏതൊക്കെ സീറ്റാണ് എന്ന് നോക്കുമ്പോഴാണ് അതിന്റെ പിന്നിലെ തട്ടിപ്പ് പകല്‍ വെളിച്ചം പോലെ തെളിഞ്ഞു വരുന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ മാവേലിക്കര പത്തനംതിട്ട തൃശൂര്‍ പാലക്കാട് എന്നിവയാണ് ആ ആറ് സീറ്റുകള്‍.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആ സീറ്റുകളിലെ ബിജെപിയുടെ അവസ്ഥ എന്താണെന്നും, എവിടെയാണ് നില്‍ക്കുന്നതെന്നും നമുക്കൊന്ന് ഓടിച്ചു നോക്കാം. ഈ ആറ് സീറ്റുകളിലാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചിട്ടുള്ളത് എന്നതാണ് സത്യം പക്ഷെ, അത് പോലും വിജയ സാധ്യതയുടെ ഏഴയലത്ത് പോലും വരുന്ന നിലയിലുമായിരുന്നില്ല. ഏറ്റവും അടിസ്ഥാന പ്രധാന്യത്തോടെ മനസ്സില്‍ സൂക്ഷിക്കേണ്ട വിവരം ഈ ആറ് പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ തിരുവനന്തപുരം ഒഴികെ മറ്റ് അഞ്ചു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍, രണ്ടാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥികളേക്കാള്‍ ബഹുദൂരം പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു എന്ന വസ്തുതയാണ്. ചെറിയ ഒരു കണക്ക് കൊണ്ട് അത് വ്യക്തമാകും

പാലക്കാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 2,18,556 വോട്ടാണ്. 21.26%.ആ സീറ്റില്‍ ജയിക്കണമെങ്കില്‍, വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നേടിയ 3,99,274 വോട്ടുകള്‍ 38 % ത്തിലധികം വോട്ടുകള്‍ ബിജെപി നേടണം. അതായത് 21% നിന്ന് 38 % ത്തെ കവച്ചു വെയ്ക്കുന്ന കുതിച്ചു ചാട്ടം നടത്തണം. അതിന് ഇന്നത്തെ നിലയില്‍ 17% വോട്ടുകള്‍ കൂടുതല്‍ ബിജെപി നേടണം ഇന്നത്തെ സാഹചര്യത്തില്‍ പാലക്കാട്ട് ബിജെപിക്ക് അതിന് ഒരു സാധ്യതയുമില്ലെന്നും കഴിയുകയില്ലെന്നും രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏവര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയും.

ഇനി വിജയിക്കുമെന്ന് ബിജെപിയുടെ കേന്ദ്രനേതൃത്വത്തെ സംസ്ഥാന നേതൃത്വം ധരിപ്പിച്ചിരിക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തിലെ കാര്യം നോക്കാം. അവിടെ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി, ‘മഹാനായ സൂപ്പര്‍ സ്റ്റാര്‍’, സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടാണ് 28.2 ശതമാനം. വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി നേടിയത് 4,15,089 വോട്ടുകള്‍ 39.8 ശതമാനം.നിലവിലെ 28.ശതമാനത്തില്‍ നിന്ന് 39.8%. ശതമാനത്തിലെത്തുന്നതിന് 11% വോട്ട് അധികം നേടണം. ഈയൊരവസ്ഥയില്‍ തൃശൂരില്‍ രണ്ടാം സ്ഥാനത്തെത്താന്‍ പോലും 2% വോട്ടുകള്‍ അധികം നേടേണ്ടി വരും എന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

അടുത്തത് മാവേലിക്കര.അത്ഭുതകരമാണ് അവിടുത്തെ അവസ്ഥ.കഴിഞ്ഞ തവണ അവിടെ മത്സരി ച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 1,35000 വോട്ടാണ്. ഏകദേശം 13 %. വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 45 % വോട്ടാണ്.ര ണ്ടാമതെ ത്തിയ സിപിഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 39% വോ ട്ട്. വിജയിക്കുന്നത് പോകട്ടെ രണ്ടാം സ്ഥാനത്ത് എത്തണമെങ്കില്‍ പോലും 13 % നിന്ന് ബിജെപി, കഴിഞ്ഞ തവണ നേടിയത് കൂടാതെ അതിന്റെ രണ്ടിരട്ടി വോട്ടുകള്‍ നേടണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന പ്രസിഡന്റ് നേരിട്ട് വന്ന് ജയിച്ചു കളയാമെന്ന് പറഞ്ഞ് മത്സരിച്ച മണ്ഡലമാണ് പത്തനംതിട്ട. ലഭിച്ചത് 2,97,396 വോട്ട്,28.97%. രണ്ടാം സ്ഥാനത്തെത്തിയ വീണ ജോര്‍ജ്ജിന് ലഭിച്ചത് 3,36,684 വോട്ടുകള്‍, 32%. അവിടെ തന്നെ ഉണ്ട് ഒരു 4% ത്തിന്റെ വ്യത്യാസം. ചരിത്രത്തില്‍, ബിജെപിക്ക് ഏറ്റവും കൂടുതല്‍, ശബരിമല പോലെയുള്ള അനുകൂല തരംഗം ഉണ്ടായ ഘട്ടത്തില്‍, പത്തനംതിട്ട പോലൊരു മണ്ഡലത്തില്‍, സംസ്ഥാന നേതാവ് മത്സരിച്ചിട്ടും രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും അവര്‍ക്ക് കഴി ഞ്ഞില്ല എന്ന് മനസ്സിലാക്കണം.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപിയുടെ ഏറ്റവും കരുത്തയാ യ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ലഭിച്ചത് 2,48,081 വോട്ടുകള്‍, 24.69%.വിജയിച്ച സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് നേടിയത്, 3,80,995, വോട്ടുകള്‍ 37.91%. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.സമ്പത്ത് നേടിയത് 3,42,748 വോട്ടുകള്‍, 34.11%.രണ്ടാം സ്ഥാനത്തിന്റെ അടുത്ത് എത്തണമെങ്കില്‍ പോലും ബിജെപി ഏറ്റവും ചുരുങ്ങിയത് ഇന്നത്തെ നിലയില്‍ നിന്ന് 10% വോട്ടുകളെങ്കിലും അധികം കണ്ടെത്തണം. അങ്ങനെയെങ്കില്‍ പോലും ഒരു ലക്ഷത്തോളം വോട്ടുകളായിരിക്കും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി അധികം പിടിക്കേണ്ടത്. .

ബിജെപി വളരെയധികം പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം.ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം.99979 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ശശി തരൂരിനോട് കുമ്മനം പരാജയപ്പെടുന്നത്. കോണ്‍ഗ്രസ്സ് സ്ഥാനര്‍ത്ഥി ശശി തരൂര്‍ 4,16,131 വോട്ടുകളോടെ 41.19%, നേടിയപ്പോള്‍ കുമ്മനം രാജശേഖരന് നേടാന്‍ കഴിഞ്ഞത് 3,16,142 വോട്ടുകളാണ്, 31.30 %. പ്രകടമായ 10% വ്യത്യാസം. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിന്‍ കീഴിലെ ഒരേയൊരു നിയമസഭ മണ്ഡലത്തില്‍ മാത്രമാണ് അന്ന് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. നേമം മണ്ഡലത്തില്‍. സ്വര്‍ണ്ണക്കടത്തിന്റെ വിവാദമൊക്കെ കത്തിനിന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ആ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി ക്കൊണ്ട് അവിടെ വിജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥിയാണ്. ബി ജെപിക്ക് കേരളത്തില്‍, അല്പമെങ്കിലും പ്രതീക്ഷ വയ്ക്കാന്‍ കഴിയുന്ന,നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തി മത്സരിപ്പിച്ചാല്‍, നല്ലയൊരു മത്സരം കാഴ്ച വയ്ക്കാന്‍ കഴിയുന്ന ഒരേയൊരു മണ്ഡലമാണ് തിരുവനന്തപുരം. ആ തിരുവനന്തപുരം മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും ബിജെപി യ്ക്ക് ഒരു പ്രതീക്ഷയും വെച്ചു പുലര്‍ത്താന്‍ പോലും ന്യായമായും കഴിയില്ലെന്നതാണ് കണക്കുകള്‍ നമുക്ക് മുന്നില്‍ വയ്ക്കുന്ന യാഥാര്‍ഥ്യം.

ഈയൊരു ഘട്ടത്തിലാണ് കേരളത്തിലെ ബിജെപി നേതൃത്വം ആറ് സീറ്റുകളില്‍ വിജയ സാധ്യതയുണ്ടെന്ന് കേന്ദ്ര നേതൃത്വത്തോട് പറയുന്നതും, കേന്ദ്ര നേതൃത്വം അത് വിശ്വസിക്കുന്നതും. അതിനനുസരിച്ചുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കേരള നേതൃത്വത്തോട് പറയുന്നതും, മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പ്രകാശ് ജാവദേക്കര്‍ക്ക് തന്നെ സംസ്ഥാനത്തിന്റെ ചുമതല നല്‍കുന്നതും. തുടര്‍ച്ചയായി കേന്ദ്രമന്ത്രിമാര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി തിരിച്ചു പോകുന്നതും. അങ്ങനെയെങ്കിലും കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നത്.

പക്ഷേ, കേരളത്തിലെ ബിജെപിയുടെ ഇന്നത്തെ അവസ്ഥ വെച്ചു ബിജെപിക്ക് അതിന് കഴിയില്ലയെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാന്‍ കഴിയും, കാര ണം, ബിജെപി അതിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടു പ്പിലാണ്. അന്ന് ബിജെപിക്ക് ലഭിച്ചത് 18 ശതമാനം വോട്ട് വരെയാണ്. യുഡിഎഫ് ഭരണ കാലത്ത് ഓരോ തിരഞ്ഞെടുപ്പിലും വോട്ട് വിഹിതം വര്‍ധിപ്പിക്കുവാന്‍ ബിജെപിക്ക് കഴിയുമായിരുന്നു. എന്നാല്‍ എല്‍ഡി എഫ് അധികാരത്തില്‍ വന്നശേഷം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ താഴ്ന്നു കൊണ്ടിരിക്കുന്നതായിട്ടാണ് കണക്കുകളില്‍ നിന്നും മനസ്സിലാകുന്നത്. അതുകൊണ്ട് തന്നെയാണ്, ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു അഞ്ചു വര്‍ഷം കൂടി കഴിയുമ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ഘട്ടത്തില്‍ അവര്‍ക്കുണ്ടായിരുന്ന 6% വോട്ടിലേക്ക് ബി ജെപി എത്തിച്ചേരുമെന്ന് പറയുന്നത്. അതാണ് കണക്കുകള്‍ വ്യക്തമാക്കുന്നതും. അതുകൊണ്ടാണ് ആറ് സീറ്റുകളില്‍ വിജയിച്ചു കളയാമെന്ന ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ വാദം വെറുമൊരു വ്യാമോഹം പോലുമല്ലെന്നും അത് മറ്റ് പല ഭൗതിക താല്‍പ്പര്യങ്ങളെ മുന്‍നിറുത്തി മാത്രമാണെന്നും പറയുന്നതും. പക്ഷെ, കേന്ദ്ര നേതൃത്വത്തിന് ഇനിയും അത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് ചിലരുടെയൊക്കെ നല്ല സമയം. അല്ലാതെന്ത് പറയാന്‍.

സമാജ് വാദി ജനത പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply