
ബീഹാറിന് യുപിയാകാനാകില്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
വാര്‍ത്താചിത്രങ്ങള്‍ പലപ്പോഴും ചരിത്രത്തിന്റെ കണ്ണാടിയായി മാറാറുണ്ട്. ചിലപ്പോഴൊക്കെ അവ ഭാവിയെ പ്രവചിക്കാറുമുണ്ട്. അത്തരം ഒരു ചിത്രം ഓര്‍മ്മ വരുന്നു. ഒക്‌ടോബറിലെ അവസാനവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറില്‍ പ്രചരണം തുടങ്ങിയ വാര്‍ത്തയ്‌ക്കൊപ്പം ഒരു ചിത്രമുണ്ടായിരുന്നു. ആള്‍പ്പൊക്കമുള്ള ഹാരമൊക്കെയിട്ട് തലപ്പാവ് ഇട്ട് രാജാപ്പാര്‍ട്ട് വേഷത്തില്‍. അദ്ദേഹത്തിന് മുന്നില്‍ അല്‍പ്പം കൂനിനിന്ന് കൈപിടിച്ച് തന്റെ നിറുകയില്‍ വെച്ചുകൊണ്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍!
റോളുകള്‍ എത്ര പെട്ടെന്നാണ് രാഷ്ട്രീയത്തില്‍ മാറുന്നത്. ഇരുപതുകൊല്ലക്കാലമായി ബീഹാറിന്റെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. ബിജെപിക്ക് ഇക്കാലമത്രയും അപ്രാപ്യമായിരുന്നു ബീഹാര്‍: നിതീഷിനെ മുന്‍നിര്‍ത്തി മാത്രമേ ബിജെപിക്ക് ബീഹാറില്‍ ഭരണത്തിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. ഹിന്ദിമേഖലയിലെല്ലായിടത്തും 2014 മുതല്‍ക്ക് ബിജെപിയുടെ തേരോട്ടമാണ്. എന്നാല്‍ ബീഹാര്‍ കൈപ്പിടിയിലൊതുങ്ങിയില്ല. ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമവാക്യം ഒരു ഹിന്ദുത്വ രാഷ്ട്രീയ പ്രതിനിധിയെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന തിരിച്ചറിവാണ് ബിജെപിയെ നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ അല്ലെങ്കില്‍ നിതീഷിന്റെ നേതൃത്വം അംഗീകരിക്കുവാന്‍ പ്രേരിപ്പിച്ചത്.
ഇത്തവണയും അങ്ങനെത്തന്നെയാണ്. കഴിഞ്ഞ തവണ രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനെ മുന്‍നിര്‍ത്തി ബിജെപി നിതീഷിന്റെ പാര്‍ട്ടിയുടെ-ജനതാദള്‍ യുണൈറ്റഡിന്റെ-സാധ്യതകള്‍ ഇല്ലാതാക്കുകയായിരുന്നു. എങ്കിലും തങ്ങളേക്കാള്‍ ഏതാണ്ട് പകുതി സീറ്റുകള്‍ മാത്രം കരസ്ഥമാക്കിയ നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയാണ് ചെയ്തത്. അതല്ലാത്തപക്ഷം മഹാഗഢ് ബന്ധന്‍ തല്‍സ്ഥാനത്തേക്ക് നിതീഷിനെ പിന്തുണയ്ക്കും എന്ന കാര്യം ബിജെപിക്ക് അറിയാമായിരുന്നു.
2020 ലെ നിതീഷ് കുമാറല്ല 2025 ലെ നിതീഷ്. അദ്ദേഹത്തിന്റെ ആരോഗ്യം അവതാളത്തിലാണ്. പാര്‍ട്ടിക്ക് ഒരു രണ്ടാംനിര നേതൃത്വമില്ല; രണ്ടാമനായി അറിയപ്പെടുന്ന സഞ്ജയ് ഝാ പഴയ ബിജെപിക്കാരനാണ്. ഏറ്റവും പിന്നോക്ക സമുദായങ്ങളുടേയും പിന്നോക്ക വിഭാഗമായ കുര്‍മ്മികളുടെയും പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡിനെ എങ്ങനെയാണ് ഒരു മൈഥിലി ബ്രാഹ്മണന്‍ നയിക്കുക? തന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോവുന്നത് അറിയാത്തയാളല്ല തന്ത്രശാലിയായ നിതീഷ്‌കുമാര്‍. ബിജെപിക്ക് താന്‍ അനിവാര്യമാണ് എന്ന് നിതീഷിനറിയാം-240 സീറ്റുകള്‍ മാത്രമുള്ള ബിജെപിക്ക് പാര്‍ലമെന്റില്‍ ജെഡിയുവിന്റെ 16 എംപിമാരുടെ പിന്തുണ അത്യന്താപേക്ഷിതമാണ്- അതിനേക്കാളേറെ ബിജെപിയുടെ പണവും അധികാരവും മേല്‍ജാതിവോട്ടും സംഘടനാസംവിധാനവും തനിക്കാവശ്യമുണ്ട് എന്ന് നിതീഷിന് ബോധ്യമുണ്ട്. തന്റെ സ്ഥാനത്തിന്, പാര്‍ട്ടിക്ക്, അധികാരത്തിന് താളം തെറ്റുന്നുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രിയുടെ മുന്നില്‍ നിതീഷ് കൈകൂപ്പി നില്‍ക്കുന്നത്. ബീഹാറിലെ മണ്ഡല്‍ നേതാക്കള്‍ ഇതുവരെ ചെയ്യാത്ത ഒരു ചേഷ്ഠയാണത്. മാറുന്ന രാഷ്ട്രീയ പരിതസ്ഥിതിയുടെ സൂചന ആ വാര്‍ത്താചിത്രത്തിലുണ്ടോ എന്ന് ആലോചന പോയതിന്റെ പശ്ചാത്തലമിതാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭം പ്രധാനമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാദള്‍ നയിക്കുന്ന മഹാഗഢ് ബന്ധന്‍ സഖ്യം പരാജയപ്പെട്ടത് 0.03% വോട്ടിന്റെ വ്യത്യാസത്തിലാണ്. 243 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് എന്‍ഡിഎ വിജയിച്ചത് 15 സീറ്റുകളുടെ വ്യത്യാസത്തില്‍.
ഇത്തവണ സഖ്യസമവാക്യങ്ങളില്‍ വലിയ മാറ്റങ്ങളില്ല. എന്നാല്‍ പുതിയ ഒരു പാര്‍ട്ടി കളത്തിലിറങ്ങിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ 2014 ലെ വിജയം ആസൂത്രണം ചെയ്തവരില്‍ ഒരാളും, പ്രചാരണ സൂത്രധാരന്മാരില്‍ ഒരാളുമായ പ്രശാന്ത് കിഷോറിന്റെ ജനസുരാജ് പാര്‍ട്ടി ആളും ആസ്തിയുമായി രംഗത്തുണ്ട്. സാമൂഹ്യനീതിയുടെ രാഷ്ട്രീയം ജാത്യാധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് ഒഴിവാക്കി ജാതിക്കുപരിയായ സാമ്പത്തിക വളര്‍ച്ചയുടെ വര്‍ത്തമാനമാണ് രണ്ട് വര്‍ഷമായി ബീഹാറില്‍ പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിക്കുന്ന കിഷോര്‍ മുന്നോട്ട് വെക്കുന്നത്. തൊഴിലാര്‍ത്ഥികളായി ബീഹാറികള്‍ നടത്തേണ്ടിവരുന്ന പലായനമാണ് കിഷോറിന്റെ മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട. ബ്രാഹ്മണനായ കിഷോറിന്റെ രാഷ്ട്രീയത്തിന് കേള്‍വിക്കാരുണ്ട് എന്നത് ബീഹാര്‍ മാറുന്നു എന്നതിന്റെ ലക്ഷണം കൂടിയാണ്. അധികാരത്തെ പലായനവുമായി ബന്ധപ്പെടുത്തുക വഴി കഴിഞ്ഞ നാലുപതിറ്റാണ്ട് ബീഹാറിനെ നിയന്ത്രിച്ചുപോന്നിരുന്ന മണ്ഡല്‍ രാഷ്ട്രീയത്തെ റദ്ദു ചെയ്യാനാണ് കിഷോര്‍ ശ്രമിക്കുന്നത്. ലാലുവിന്റെ രാഷ്ട്രീയ സംഭാവനയെ അംഗീകരിക്കുന്ന ആളാണ് കിഷോര്‍. എന്നാല്‍ പിന്നോക്ക ജാതികളുടെ അധികാരപ്രവേശം നടപ്പിലായിക്കഴിഞ്ഞുവെന്നും ജാതിക്കുപരിയായ ഒരു രാഷ്ട്രീയമാണ് ബീഹാറിന് ഇനി ആവശ്യമെന്നും കിഷോര്‍ അവകാശപ്പെടുന്നു.
ബിജെപിയുടെ ബിനാമിയാണ് കിഷോര്‍ എന്ന ആരോപണം തുടക്കത്തിലുണ്ടായിരുന്നു. ഗ്രൗണ്ടില്‍ കിഷോര്‍ ബിജെപി വോട്ടുകളേയും വെട്ടും എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 2014 ല്‍ മോദിയുടെ പ്രചാരണം ആസൂത്രണം ചെയ്ത കിഷോര്‍ കുറച്ചുകാലം നിതീഷിന്റെ സഹചാരിയായി. വ്യത്യസ്ത പ്രത്യയശാസ്ത്ര പ്രയോഗങ്ങളുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പുകള്‍ അയാള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കുറച്ചുനാള്‍ രാഹുല്‍ ഗാന്ധിയുമായി അടുപ്പത്തിലായിരുന്നു. കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് സംഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമുണ്ടെന്നും അത് എങ്ങനെ വേണമെന്നും കിഷോറിന് ചില ധാരണകളുണ്ടായിരുന്നു. അതിന്‍പ്രകാരം അയാള്‍ തയ്യാറാക്കിയ രൂപരേഖ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അയാള്‍ ആവശ്യപ്പെട്ട നിബന്ധനകള്‍ക്ക് പാര്‍ട്ടി വഴങ്ങാതായപ്പോഴാണ് കിഷോര്‍ കോണ്‍ഗ്രസ്സുമായി അകന്നത്. മൂന്നു മുതല്‍ എട്ട് വരെ ശതമാനം വോട്ടുകള്‍ കിഷോര്‍ പിടിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അത് ബിജെപിയുടേതാകാം. ഗഢ്ബന്ധന്റേതാകാം. ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു ഫാക്ടറാണ് കിഷോര്‍.
മറ്റൊരര്‍ത്ഥത്തില്‍ കിഷോര്‍ പുതിയ ഒരു രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2014ല്‍ മോദി വാഗ്ദാനം ചെയ്ത അഴിമതിരഹിത കമ്പോള രാഷ്ട്രീയമാണ് കിഷോര്‍ മുന്നോട്ട് വെക്കുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രതീകമായ മോദിക്ക് ആ രാഷ്ട്രീയം പ്രത്യേകം പറയേണ്ടതില്ലായിരുന്നു. കിഷോറിനാകട്ടെ ബീഹാറിലെ രാഷ്ട്രീയ പരിഗണനകള്‍ മാറിയാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ.
ആ മാറ്റം ബീഹാറില്‍ ഉണ്ടാവുക എന്നത് ബിജെപിയുടെയും ആവശ്യമാണ്. സാമൂഹ്യനീതിയെ മുന്‍നിര്‍ത്തിയുള്ള ആ രാഷ്ട്രീയമാണ് ബിജെപിക്ക് ബീഹാറിനെ ഉത്തര്‍പ്രദേശോ മധ്യപ്രദേശോ രാജസ്ഥാനോ ഹരിയാനയോ ദില്ലിയോ ആക്കാന്‍ കഴിയാത്തതിന് കാരണം.
ഉത്തര്‍പ്രദേശും ബീഹാറുമായിരുന്നു സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ വലിയ കളിക്കളം. ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണും റാം മനോഹര്‍ ലോഹ്യയും ഇവിടെയാണ് അവരുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ചന്ദ്രശേഖറും ജോര്‍ജ്ജ് ഫെര്‍ണാണ്ടസും ഗംഗാതടത്തിലാണ് ദീര്‍ഘകാലം രാഷ്ട്രീയം പയറ്റിയത്.
എന്നാല്‍ മണ്ഡല്‍ രാഷ്ട്രീയത്തിന് കാരണക്കാരനായത് കോണ്‍ഗ്രസ്സ് പാരമ്പര്യത്തില്‍ നിന്നു വന്ന വി പി സിംഗാണ്. 1990 ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വി പി സിംഗ് സര്‍ക്കാര്‍ അംഗീകരിച്ചതോടെ യുപി -ബീഹാര്‍ രാഷ്ട്രീയം സമ്പൂര്‍ണ്ണമായി മാറി. അതുവരെ അനിഷേധ്യ ശക്തിയായി നിലകൊണ്ട കോണ്‍ഗ്രസ്സ് നിലംപരിശായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശിഥിലമായി. 60 കളില്‍ ലോഹ്യ മുന്നോട്ടുവെച്ച ജാതിപ്രാതിനിധ്യ അവകാശ രാഷ്ട്രീയം മുന്‍നിരയിലേക്ക് കടന്നുവന്നു. എന്നുമാത്രമല്ല അതിന്റെ വക്താക്കളായി മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ലോഹ്യാരാഷ്ട്രീയം ഏതു ജാതികളുടെ അധികാരാവരോഹണത്തെക്കുറിച്ച് സംസാരിച്ചിരുന്നുവോ അവയുടെ പ്രതിനിധികളുടെ ശാക്തീകരണത്തിന് മണ്ഡല്‍ തുടക്കമിട്ടു. മണ്ഡലിന്റെ കാരണഭൂതനായ വി പി സിംഗ് തന്നെ നിഷ്പ്രഭനായി. ചന്ദ്രശേഖറും ഫെര്‍ണാണ്ടസുമൊക്കെ മണ്ഡല്‍ കൊടുങ്കാറ്റില്‍ അപ്രസക്തരായി. ഉത്തര്‍പ്രദേശില്‍ മുലായംസിംഗ് യാദവും ബീഹാറില്‍ ലാലു പ്രസാദും നിതീഷ് കുമാറും അധികാരത്തിലെത്തി.
ഉത്തര്‍പ്രദേശിലാകട്ടെ ദളിത് ശാക്തീകരണവും സമാന്തരമായി നടക്കുന്നുണ്ടായിരുന്നു. ബിഎസ്പിയുടേയും കാന്‍ഷിറാമിന്റേയും മായാവതിയുടേയും രാഷ്ട്രീയ വളര്‍ച്ചക്കും മണ്ഡല്‍ മുന്നോട്ട് വെച്ച സ്വത്വരാഷ്ട്രീയം സഹായകരമായിട്ടുണ്ട്. മണ്ഡല്‍ രാഷ്ട്രീയം അതേ കാലത്ത് പൊന്തിവന്ന മന്ദിര്‍ രാഷ്ട്രീയത്തെ നേരിടുന്നുണ്ട്.
എന്നാല്‍ യുപിയുടെ രാഷ്ട്രീയമല്ല ബീഹാറിന്റേത്. മുലായമിന്റെ സമാജ്‌വാദി പാര്‍ട്ടി യാദവര്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്നപ്പോഴും തലയെടുപ്പുള്ള മറ്റ് ജാതി നേതാക്കളുടെ പ്രാതിനിധ്യമുള്ള പാര്‍ട്ടിയായിരുന്നു. ജ്ഞാനേശ്വര്‍ മിശ്ര, മോഹന്‍ സിംഗ്, ബേണി പ്രസാദ് വര്‍മ്മ, അസംഖാന്‍ എന്നിങ്ങനെ നിരവധി നേതാക്കളെ മുലായം ബഹുമാനിച്ചിരുന്നു. പാര്‍ട്ടിയില്‍ കുടുംബവാഴ്ച പുലര്‍ന്നപ്പോഴും സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തില്‍ പല ജാതികള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നിരിക്കിലും യാദവേതര പിന്നോക്ക വിഭാഗങ്ങള്‍ പലതും പിന്തുണച്ചത് കാന്‍ഷിറാമിനേയാണ്. 90 കളിലെയും 2000 ത്തിലെയും ബിഎസ്പിയുടെ വളര്‍ച്ച ഇതേ കാരണത്താലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബഹുജന്‍ രാഷ്ട്രീയം-ദളിത്, പിന്നോക്ക, മുസ്‌ലിം-കാന്‍ഷിറാം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ബഹുജന്‍ രാഷ്ട്രീയം ക്ഷയിച്ചതാണ് ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപിടിക്കുന്നതിന് കാരണമായത്.
ബീഹാറിന് ഉത്തര്‍പ്രദേശുമായി ചില സമാനതകളുണ്ടെങ്കിലും സാംസ്‌കാരികമായി വ്യത്യസ്തമാണ്. അരിയാഹാരക്കാരുടെ നാടാണ് എന്നതു മാത്രമല്ല ബീഹാറിനെ യുപിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്; ഉത്തര്‍പ്രദേശിന്റെ വര്‍ഗ്ഗീയതയോ ദളിത് നവോത്ഥാനമോ ബീഹാറിലുണ്ടായില്ല. ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച് ബീഹാറില്‍ കാര്‍ഷിക പ്രസ്ഥാനങ്ങള്‍-സ്വാമി സഹജാനന്ദ് സരസ്വതിയുടെ നേതൃത്വം ഉദാഹരണം-കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും സംഘടിപ്പിച്ചിരുന്നു. ബംഗാളില്‍നിന്നും നക്‌സല്‍ രാഷ്ട്രീയം ബീഹാറിലേക്ക് കടന്നുവന്നിരുന്നു. അനവധി നഗരങ്ങളും ഉത്പാദന കേന്ദ്രങ്ങളുമുണ്ടായിരുന്ന യുപിയെ അപേക്ഷിച്ച് ബീഹാര്‍ ഒരു കാര്‍ഷികസംസ്ഥാനമായിത്തുടര്‍ന്നു, പ്രത്യേകിച്ച് ഝാര്‍ഖണ്ഡിന്റെ രൂപീകരണത്തിന് ശേഷം.
മാത്രമല്ല മുലായമിനെ അപേക്ഷിച്ച് ലാലു കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം പയറ്റിയിരുന്നില്ല. ലോഹ്യ അനുയായിയായിരുന്ന മുലായത്തിന്റെ രാഷ്ട്രീയമല്ല അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ കൂടി രാഷ്ട്രീയ മുഖ്യധാരയിലേക്ക് കടന്നുവന്ന ലാലു പിന്തുടര്‍ന്നത്. രഥയാത്രക്കാലത്ത് അദ്വാനിയെ സമസ്തിപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നതോടെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖമായി ലാലു മാറുന്നുണ്ട്. അഴിമതിക്കാരനും കുടുംബാധിപത്യത്തിന്റെ വക്താവുമൊക്കെയാകുമ്പോഴും ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം ലാലു കൈവിട്ടില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
പക്ഷേ ബിഎസ്പി-സമാജ്‌വാദി മത്സരം എങ്ങനെ യുപിയിലെ ബഹുജന രാഷ്ട്രീയത്തെ അപായപ്പെടുത്തിയോ അതേ മാതൃകയില്‍ തന്നെയാണ് ബീഹാറിലെ സാമൂഹ്യനീതി രാഷ്ട്രീയം ലാലു-നിതീഷ് വഴക്കില്‍ ദുര്‍ബലമായത്.
എന്നാല്‍ ദുര്‍ബ്ബലപ്പെട്ടപ്പോഴും ബീഹാറില്‍ രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യം സാമൂഹ്യനീതിയുടേതായി തുടരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ലാലുവിന്റെ സാമൂഹ്യനീതി രാഷ്ട്രീയത്തെ വിപുലീകരിക്കുകയാണ് നിതീഷ് ചെയ്തത്. ഇത് രണ്ട് രീതിയിലായിരുന്നു. ഒന്ന്, സംവരണം യാദവേതര പിന്നോക്കക്കാര്‍ക്കും അധികാരം ലഭിക്കുന്നതിന് കാരണമാകും വിധത്തില്‍ അതിപിന്നോക്ക വിഭാഗം എന്ന വര്‍ഗ്ഗീകരണം നടത്തി നിതീഷ് പരിഷ്‌ക്കരിച്ചു. രണ്ട്. സ്ത്രീകളെ സംവരണത്തിന്റെ പരിധിയിലേക്ക് നിതീഷ് കൊണ്ടുവന്നു. സ്ത്രീകളെ ജാതിക്കതീതമായി പിന്നോക്കവിഭാഗമായി പരിഗണിക്കണമെന്നു ലോഹ്യ പറഞ്ഞത് പ്രാവര്‍ത്തികമാക്കുകയാണ് നിതീഷ് ചെയ്തത്. രാഷ്ട്രീയ സ്ഥാപനങ്ങളിലും (പഞ്ചായത്തീരാജ്) തൊഴിലിടങ്ങളിലും സാമ്പത്തിക സഹായങ്ങളിലും സ്ത്രീ സംവരണം നിതീഷ് കൊണ്ടുവരുന്നുണ്ട്. മറുവശത്ത്, ഹിന്ദുത്വ രാഷ്ട്രീയം പിന്‍തുടര്‍ന്നുപോന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന് നിതീഷ് തടയിടുകയും ചെയ്തു. ബിജെപിയുടെ വളര്‍ച്ച ബീഹാറില്‍ മന്ദഗതിയിലായത് അതുകൊണ്ടു കൂടിയാണ്.
2025 ലെ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവാകുന്നത് നിതീഷ്‌കുമാറിന്റെ അവസാനത്തെ തിരഞ്ഞെടുപ്പാകാനിടയുണ്ട് എന്നതുകൊണ്ടു കൂടിയാണ്. ലാലുപ്രസാദ് ഇന്ന് ചിത്രത്തിലില്ല; മകന്‍ തേജസ്വിയാണ് നേതാവ്. മണ്ഡല്‍ മുതലുള്ള 35 വര്‍ഷക്കാലം ബീഹാര്‍ രാഷ്ട്രീയം ലാലു, നിതീഷ് എന്നീ രണ്ടു വന്മരങ്ങളുടെ നിഴലിലാണ് രൂപം കൊണ്ടത്.
1990 ബീഹാര്‍ രാഷ്ട്രീയത്തിലെ വലിയ വിച്ഛേദമായിരുന്നു. ജാതി ഹിന്ദുക്കള്‍ അധികാരം കൈയ്യടക്കിയിരുന്ന അവസ്ഥയില്‍ നിന്നും ഭൂരിപക്ഷം സാമാജികരും മന്ത്രിമാരും പിന്നോക്കവിഭാഗക്കാരായി മാറുന്നതിന്റെ തുടക്കമായിരുന്നു 1990 ലെ തിരഞ്ഞെടുപ്പ്. ലോഹ്യയുടെ സാമൂഹ്യനീതി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരിക്കുമ്പോഴും കര്‍പ്പൂരി ഠാക്കൂറിനെപ്പോലുള്ള നേതാക്കള്‍ അധികാരത്തില്‍ വന്നിരുന്നുവെങ്കിലും ബീഹാര്‍ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ജാതിഹിന്ദുക്കളുടെ കൈയ്യിലായിരുന്നു. ഉദ്യോഗസ്ഥവൃന്ദം സമ്പൂര്‍ണ്ണമായും മേല്‍ജാതിയില്‍ നിന്നുള്ളവരും. തൊണ്ണൂറുകളിലെ അധികാരമാറ്റം വലിയ വയലന്‍സിന് കാരണമാകുന്നുണ്ട്. ഭൂസ്വാമികളായ ഠാക്കൂറുകളും ഭൂമിഹാറുകളും ഒരു വശത്തും മാവോയിസ്റ്റുകള്‍ മറുവശത്തുമായി വലിയ കൂട്ടക്കൊലകള്‍ നടക്കുന്നുണ്ട്. ലാലു ഭരണാധികാരം പിടിച്ചെടുക്കുന്നത് ജാതിഹിന്ദുക്കളുടെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ ഭരണത്തെ നിഷ്പ്രഭരാക്കിക്കൊണ്ടും പിന്നോക്ക-മുസ്‌ലിം-ദളിത് വിഭാഗ രാഷ്ട്രീയക്കാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുമാണ്. ലാലുവിന് മുമ്പ് ബീഹാറിലുണ്ടായിരുന്ന സല്‍ഭരണം വാസ്തവത്തില്‍ ഒരു ജാതിഹിന്ദു മിത്തായിരുന്നു. ഭൂരിപക്ഷം ജനതയ്ക്കും അധികാരമില്ലാതിരുന്ന കാലത്ത് അധികാരവും തൊഴില്‍-ഭൂമി മുതലായവ ജാതിഹിന്ദുക്കളുടെ കൈവശമായിരുന്നപ്പോള്‍ നിലനിന്നുപോന്നിരുന്ന ‘സമാധാനം’ ആയിരുന്നു 1990 നു മുമ്പുള്ള ബീഹാറിലെ ‘സല്‍ഭരണം’.
തന്റേതായ രീതിയില്‍ ഈ അധികാരക്രമത്തെ സമ്പൂര്‍ണ്ണമായി ലാലു തകര്‍ത്തു. അത് യാദവ ഭരണമായും കുടുംബാധിപത്യമായും പില്‍ക്കാലത്ത് മാറി എന്നത് വേറെ കാര്യം. പക്ഷേ, അതില്‍ ഉള്‍ച്ചേര്‍ന്നിരുന്ന അനിവാര്യമായിരുന്ന ജനാധിപത്യവല്‍ക്കരണം അവഗണിക്കാവുന്നതല്ല. ആ പ്രക്രിയയുമായി അനുരഞ്ജനപ്പെട്ടുകൊണ്ടാണ് ജാതിഹിന്ദുക്കള്‍ ബിജെപി-ജെഡിയു സംഖ്യത്തിന്റെ ഭാഗമാകുന്നത്. ലാലുവിന്റെ ജാതിവിപ്ലവത്തെ നിതീഷ് പിറകോട്ടടിച്ചില്ല; അതിന്റെ അസ്തിവാരത്തിനുമേല്‍ തന്റെ രാഷ്ട്രീയ ബുദ്ധിയിലൂന്നിക്കൊണ്ട് പുതിയ ഭരണസംവിധാനം കെട്ടിപ്പടുക്കുകയാണ് നിതീഷ് ചെയ്തത്. ബിജെപിക്ക് പിന്താങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംവരണവും പിന്നോക്കജാതി ജനാധിപത്യവല്‍ക്കരണവും ഏറെമുമ്പേ സാധ്യമായ തെക്കന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്രവുമൊക്കെ 1991 ലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് ശേഷം വലിയ സാമ്പത്തിക വളര്‍ച്ച നേടുകയുണ്ടായി. ലാലുവിന്റെ ജനാധിപത്യ അരാജകത്വം ബീഹാറിനെ സാമ്പത്തികമായി പിന്നോട്ടടിച്ചു എന്ന വാദം ആപേക്ഷികമാണ്. നിതീഷിന്റെ കാലത്ത് റോഡും ക്രമസമാധാനവും സ്‌കൂളുകളുമൊക്കെ സര്‍ക്കാര്‍ മെച്ചപ്പെടുത്തുന്നുണ്ട്. ഇതൊക്കെയും ആപേക്ഷികമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അധികാരത്തിന്റെ ജനാധിപത്യവല്‍ക്കരണം നടന്ന മൂന്നരപതിറ്റാണ്ടാണ് ലാലു-നിതീഷ് ദ്വന്ദ്വം ബീഹാറിന് നല്‍കിയത് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. രണ്ട് നേതാക്കളും ബീഹാറില്‍ വര്‍ഗ്ഗീയകലാപങ്ങളോ ധ്രുവീകരണമോ-യുപിയിലുണ്ടായ തോതില്‍-അനുവദിച്ചില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
2025 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ പറയുന്നത് ‘വികസന’ത്തിന്റെ വാഗ്ദാനങ്ങളാണ്. സ്വത്വരാഷ്ട്രീയതതിന്റെ ഭാഷ അതിലില്ല. സെസ്സും ഐടി പാര്‍ക്കുകളും മെട്രോ റെയിലുകളും പുതിയ നഗരങ്ങളുമൊക്കെ വാഗ്ദാനം ചെയ്തുകൊണ്ട് തൊഴില്‍രഹിതരായ യുവതയെ അവര്‍ ആകര്‍ഷിക്കുന്നു.
അധികാരത്തിന്റെ സ്വാധീനത്തില്‍ സ്ത്രീകള്‍ക്ക് അക്കൗണ്ടില്‍ പണം ഇട്ടുകൊണ്ട് ബിജെപി ആ വോട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. ഒരുപക്ഷേ, ഈ തിരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമായി സ്വാധീനിക്കുക ഈ പണമിടപാടായിരിക്കും പതിനായിരം രൂപ എന്നത് വലിയ തുകയാണ് ബീഹാറില്‍. ഇലക്ഷന്‍ കമ്മീഷന്റെ മൗനാനുവാദത്തോടെ നടക്കുന്ന ഒരുതരം ‘വോട്ട് വാങ്ങല്‍’ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ പതിനായിരം രൂപ പദ്ധതി. മൂന്ന് തവണ നല്‍കിക്കഴിഞ്ഞ ഈ ധനസഹായം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മൂന്നു ദിവസമോ മറ്റോ മുമ്പാണ് പ്രഖ്യാപിക്കപ്പെട്ടത്. മൂന്നാമത്തെ തവണ മാത്രം പത്ത് ലക്ഷം സ്ത്രീകള്‍ക്ക് ഈ തുക ലഭിച്ചിട്ടുണ്ട്. നിതീഷിന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക് സ്ത്രീകളാണ് എന്നത് മറക്കരുത്.
‘പ്രതീക്ഷയുടെ’ രാഷ്ട്രീയം കാണിച്ചുതരുന്നത് മാനിഫെസ്‌റ്റോകള്‍ മണ്ഡല്‍ രാഷ്ട്രീയത്തെ മറികടക്കാന്‍ ശ്രമിക്കുന്ന ബീഹാറിനെയാണ്.
ലാലുവും നിതീഷുമില്ലാത്ത ഒരു ഭൂമികയില്‍ പുതിയ നേതാക്കള്‍ ഉയര്‍ന്നുവരും. തേജസ്വിയും പ്രശാന്ത് കിഷോറും മുകേഷ് സാഹ്‌നിയും ചിരാഗ് പാസ്വാനും കനൈയ്യകുമാറുമൊക്കെ ബീഹാറിന്റെ അടുത്ത തലമുറയാണ്. വന്മരങ്ങളില്ലാത്ത രാഷ്ട്രീയ ഭൂമികയില്‍ ബിജെപി എന്തുചെയ്യും എന്നറിയേണ്ടിയിരിക്കുന്നു. മണ്ഡല്‍ രാഷ്ട്രീയത്തില്‍ നിന്നൊരു പിന്മടക്കം എളുപ്പമല്ല. അത് നിലനിര്‍ത്തിക്കൊണ്ടൊരു കാവിരാഷ്ട്രീയം ബീഹാറില്‍ സാധ്യമാണോ? ബീഹാറിന്റെ രാഷ്ട്രീയ പാരമ്പര്യം അത് എളുപ്പത്തില്‍ അനുവദിക്കില്ല എന്ന് തല്‍ക്കാലം കരുതാം.
(കടപ്പാട് പാഠഭേദം)
