ഭാരത് ജോഡോ യാത്ര മുഴുവന്‍ ജനാധിപത്യ, മതേതരവാദികളുടേതുമാണ്.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പു നടക്കുന്ന 2024 നു ശേഷവും ഇന്ത്യ നില നില്‍ക്കണമോ, ഭരണഘടന നിലനില്‍ക്കണോ എന്നതുതന്നെയാണ് പ്രസക്തമായ ചോദ്യം. 2025 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് നൂറു വര്‍ഷം മുമ്പ് രൂപം കൊണ്ട ആര്‍ എസ് എസ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഓര്‍ക്കാവുന്നതാണ്. ആ ലക്ഷ്യം അവര്‍ കൈവിട്ടിട്ടില്ല എന്നുതന്നെയാണ് സമീപകാലസംഭവങ്ങളെല്ലാം വെളിവാക്കുന്നത്. സാങ്കേതികമായി ജനാധിപത്യ സംവിധാനത്തിലൂടെ തന്നെയാണ് ബിജെപി അധികാരത്തിലെത്തിയതെന്നത് ശരി തന്നെ. എന്നാല്‍ സര്ക്കാരും പാര്‍ട്ടിയും നടപ്പാക്കുന്നതെല്ലാം ജനാധിപത്യവിരുദ്ധവും മതേതരത്വത്തെ തകര്‍ക്കുന്നതുമായ നടപടികളാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം കാണാത്ത രീതിയില്‍ ശ്രദ്ധേയമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനത്തിന് രാജ്യം സാക്ഷ്യം വഹി്ക്കുകയാണ്. ഒരുപക്ഷെ ലോകം ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാനപോരാട്ടമായി മാറാവുന്ന ഒന്ന്. മതേതരത്വമെന്നാല്‍ മതവിരുദ്ധമല്ല, മറിച്ച് എല്ലാ മതങ്ങളേയും തുല്ല്യമായി കാണുന്ന ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കാനുള്ള അവസാനശ്രമം. കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് 3500 കി മി നടന്നു നീങ്ങുന്ന, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തീര്‍ച്ചയായും ജനാധിപത്യ, മതേതരവാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. അതോടൊപ്പം ഫാസിസ്റ്റ്, മതരാഷ്ട്രവാദികള്‍ക്ക് വെല്ലുവിളിയും. കോണ്‍ഗ്രസ്സുകാരല്ലാത്ത മതേതര ജനാധിപത്യവാദികളും ഐക്യപ്പെടേണ്ട രാഷ്ട്രീയ പ്രാധാന്യം ഈ യാത്രക്കുണ്ട് എന്നതാണ് വസ്തുത.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പു നടക്കുന്ന 2024 നു ശേഷവും ഇന്ത്യ നില നില്‍ക്കണമോ, ഭരണഘടന നിലനില്‍ക്കണോ എന്നതുതന്നെയാണ് പ്രസക്തമായ ചോദ്യം. 2025 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് നൂറു വര്‍ഷം മുമ്പ് രൂപം കൊണ്ട ആര്‍ എസ് എസ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഓര്‍ക്കാവുന്നതാണ്. ആ ലക്ഷ്യം അവര്‍ കൈവിട്ടിട്ടില്ല എന്നുതന്നെയാണ് സമീപകാലസംഭവങ്ങളെല്ലാം വെളിവാക്കുന്നത്. സാങ്കേതികമായി ജനാധിപത്യ സംവിധാനത്തിലൂടെ തന്നെയാണ് ബിജെപി അധികാരത്തിലെത്തിയതെന്നത് ശരി തന്നെ. എന്നാല്‍ സര്ക്കാരും പാര്‍ട്ടിയും നടപ്പാക്കുന്നതെല്ലാം ജനാധിപത്യവിരുദ്ധവും മതേതരത്വത്തെ തകര്‍ക്കുന്നതുമായ നടപടികളാണ്. ഒന്നാം മോദി സര്‍ക്കാരില്‍ നിന്ന് രണ്ടാം മോദി സര്‍ക്കാരിലെത്തിയപ്പോള്‍, ഭൂരിപക്ഷം വര്‍ദ്ധിച്ചതിന്റെ ബലത്തില്‍ ഈ നടപടികളുടെ ശക്തി വര്‍ദ്ധിക്കുകയാണുണ്ടായത്. അധികാരത്തില്‍ എത്തുന്നതിനുമുമ്പ് പള്ളി തകര്‍ക്കലും വംശഹത്യകളുമാണ് നടത്തിയിരുന്നതെങ്കില്‍ അധികാരത്തിലെത്തിയപ്പോള്‍ ഭക്ഷണത്തിന്റെയും ശ്രീറാംവിളിയുടേയും പേരിലുള്ള കൊലകളും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നവരെ കൊന്നൊടുക്കലുമായി അതു വളര്‍ന്നു.

ബിജെപി വന്‍ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നതു ശരിയാണ്. ഒരു വശത്ത പൗരത്വനിയമവും കാശ്മീന്റെ പ്രത്യേകപദവി എടുത്തുകളയലും കര്‍ഷകനിയമവും തുടങ്ങിയുള്ള ജനവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ നടപടികള്‍. മറുവശത്ത് ചരിത്രവും സിലബസും തിരുത്തലും സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയടക്കലും ഗാന്ധിക്കും നെഹ്‌റുവിനും അംബേദ്കറിനുമൊക്കെ പകരം പുതിയ ബിംബങ്ങളെ കൊണ്ടുവരലും പ്രതിമകളിലൂടേയും തെരുവുകളുടെ പേരുമാറ്റലുകളിലൂടേയും ചരിത്രത്തിലിടപെടുകയും എതിര്‍ക്കുന്നവരെ കള്ളകേസും ഭീകരനിയമങ്ങളും ചുമത്തി ജയിലിലടക്കലും പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സര്‍്ക്കാരുകളെ തകര്‍ക്കലും കോടികളിറക്കി നേതാക്കളെ വിലക്കുവാങ്ങലും കേന്ദ്ര ഏജന്‍സികളുപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടലുമായി അതു വളരുകയാണ്. കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന അവരുടെ മുദ്രാവാക്യത്തിന്റെ പ്രതിപക്ഷമുക്ത ഭാരതമെന്നു തന്നെയാണ്. ജനാധിപത്യത്തെ തകര്‍ക്കുമെന്നു തന്നെയാണ്. ആധുനികചിന്തയുടേയും രാഷ്ട്രീയത്തിന്റേയും വക്താവായിരുന്ന നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്നു മായ്ച്ചുകളയാനും നെഹ്‌റു കുടുംബത്തെ തകര്‍ക്കാനുമുള്ള സംഘടിതനീക്കം രാജ്യത്തെ മനുസ്മൃതിയിലേക്കു തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. ഭരണഘടനയാ മൂല്യങ്ങളെ തകര്‍ക്കലാണത്. നമ്മുടെ തനതായ ബഹുസ്വര സാമൂഹിക ഘടന തന്നെയാണ് ഇന്ന് ഏറെ അപകടത്തിലായിരിക്കുന്നത്. അതിനെല്ലാം ഉപയോഗിക്കുന്നതാകട്ടെ മുസ്ലിം വിരുദ്ധത തന്നെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് ഭാരത് ജോഡോ യാത്ര ഏറെ പ്രസക്തമാകുന്നത്. കണ്‍മുന്നിലെത്തിയിരിക്കുന്ന ഫാസിസ്റ്റ് വെല്ലുവിളിക്കെതിരെ മുഴുവന്‍ പേരുടേയും മനസ്സാക്ഷിയെ ഇളക്കി ഉണര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു. സമീപകാലത്തുണ്ടായത് പോലെ ഹീനമായ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല. വിദ്വേഷവും വിഭജനവും ബഹിഷ്‌കരണവും ഇത്രയധികം ശിക്ഷാനടപടികളുടെ തടസ്സമില്ലാതെ മുമ്പൊരിക്കലും നമ്മുടെ മേല്‍ അഴിച്ചു വിട്ടിട്ടില്ല. ഈ അളവില്‍ നിരീക്ഷിക്കപ്പെടുകയും കുപ്രചാരണങ്ങള്‍ക്കും തെറ്റായ വിവരങ്ങളുടെ കുത്തൊഴുക്കിനും നമ്മള്‍ മുമ്പൊരിക്കലും ഇത് പോലെ വിധേയരായിട്ടില്ല. സമ്പദ്വ്യവസ്ഥ തകര്‍ച്ചയില്‍ കിടക്കുമ്പോള്‍ പോലും ജനങ്ങളുടെ കാതലായ പ്രശ്നങ്ങളോട് ഇത്രയധികം നിസ്സംഗത പുലര്‍ത്തുകയും ചുരുക്കം ചില ചങ്ങാതിമാരായ മുതലാളിമാരെ മാത്രം പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ഭരണം നാം മുമ്പൊരിക്കലും കണ്ടിട്ടില്ല. ഭൂരിഭാഗം കര്‍ഷകരും തൊഴിലാളികളും, ദലിതുകളും ആദിവാസികളും അടങ്ങുന്ന യഥാര്‍ത്ഥ രാഷ്ട്ര നിര്‍മ്മാതാക്കളെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന കാര്യത്തില്‍ നിന്ന് ഇത്രയും ശക്തമായ രീതിയില്‍ ഒഴിവാക്കപ്പെടുന്ന ഒരു അവസ്ഥ ഇതിന് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇതിനെല്ലാം അന്ത്യം കുറിക്കണമെന്ന സന്ദേശമാണ് യാത്ര മുന്നോട്ടുവെക്കുന്നത്. യാത്ര സംഘടിപ്പിക്കുന്നത് കോണ്‍ഗ്രസ്സാണെങ്കിലും സമാന ചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒന്നിക്കാനും പങ്കുചേരാനുമവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവരതിനു തയ്യാറാകുമെന്നുതന്നെ കരുതാം. യാത്ര കടന്നുപോകുന്നയിടങ്ങളിലെല്ലാം ജനങ്ങളുമായി സംസാരിക്കാനും തീരുമാനമുണ്ട്. ജനങ്ങളോട് പറയുന്നതിനുപകരം അവരില്‍ നിന്ന് കേള്‍ക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്.

രാജ്യത്തെ ഒരു വിഭാഗം ജനകീയപ്രസ്ഥാനങ്ങളും സാമൂഹ്യപ്രവര്‍ത്തകരും യാത്രക്ക് ഐക്യദേര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനയിലെ പ്രസക്തഭാഗം ഇങ്ങനെയാണ്. ‘ഏതു ഗവണ്‍മെന്റിന്റെയും അന്യായമായ പ്രവൃത്തികള്‍ക്കെതിരെ, അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ഏതെന്ന് പരിഗണിക്കാതെ പ്രതിഷേധിക്കുകയും ചെറുക്കുകയും ചെയ്യുന്നതിന്റെ സ്ഥിരമായ റെക്കോര്‍ഡ് ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട്, അത് ഇനിയും തുടരുക തന്നെ ചെയ്യും. ഓര്‍മ്മിക്കുക, ഭാരത് ജോഡോ യാത്ര പോലെയുള്ള ഒരു സംരംഭത്തിന് ഒറ്റത്തവണ പിന്തുണ നല്‍കുമ്പോള്‍, നമ്മള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ ഒരു നേതാവുമായോ നമ്മെത്തന്നെ ബന്ധിപ്പിക്കുന്നില്ല, മറിച്ച് പക്ഷപാതപരമായ പരിഗണനകള്‍ മാറ്റിവെച്ച് നമ്മുടെ ഭരണഘടനാ റിപ്പബ്ലിക്കിനെ സംരക്ഷിക്കാന്‍ അര്‍ത്ഥവത്തായതും ഫലപ്രദവുമായ ഏതൊരു സംരംഭത്തിനും ഒപ്പം നില്‍ക്കാനുള്ള നമ്മളുടെ സന്നദ്ധത ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നിവ വഴികാട്ടികളായ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതിനുള്ള നിര്‍ണ്ണായക ചുവടുവെപ്പായി നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഭാരത് ജോഡോ യാത്രയെ മാറ്റാം’

രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ദിനങ്ങളാണ് മുന്നിലുള്ളത്. ഗുജറാത്ത്, ഹിമാചല്‍ പോലുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുവരുന്നു. അധികം താമസിയാതെ ലോകസഭാ തെരഞ്ഞെടുപ്പും വരുന്നു. ആശയ, പ്രചാരണ രംഗത്തെ സമരം തുടരുമ്പോഴും പ്രായോഗികമായി ഫാസിസത്തെ തടയാനാകുക തെരഞ്ഞെടുപ്പിലൂടെ തന്നെയാണ്. അതു തിരിച്ചറിഞ്ഞാണല്ലോ കോണ്‍ഗ്രസ്സ് മുക്ത ഭാരമമെന്ന നിലപാട് ബിജെപിയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. ആ വെല്ലുവിളിയെ നേരിടാന്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ ഈ യാത്രക്കാകുമേ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്തപോലെ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ്സ് ഇന്നു കടന്നുപോകുന്നത്. അതിനെ മറികടക്കടന്ന്, ശക്തമായ രാഷ്ട്ീയനിലപാടോടേയും സംഘടനാ സംവിധാനത്തോടേയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്ത് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ഇരുണ്ടതായിരിക്കുമെന്നുറപ്പ്. അത്തരമൊരവസ്ഥയിലേക്ക് ഉയരാന്‍ പാര്‍ട്ടിക്കു കഴിഞ്ഞെങ്കില്‍ മാത്രമേ, മറ്റു പ്രതിപക്ഷ, പ്രാദേശിക പാര്‍ട്ടികളെ ഏകോപിപ്പിച്ച് ശക്തമായ വെല്ലുവിളിയുയര്‍ത്താനാകൂ. ഇപ്പോഴും രാജ്യത്ത് നാല്‍പ്പതു ശതമാനത്തിനു താഴെ വോട്ടേ ബിജെപിക്കുള്ളു എന്നു മറക്കരുത്. അപ്പോഴും ഏതാണ്ടെല്ലാം പ്രാദേശികപാര്‍ട്ടികളും പലപ്പോഴായി ബിജെപിയുമായി ഐക്യപ്പെട്ടവരാണെന്നും ഓര്‍ക്കണം. ഏതെങ്കിലും ഒരു പ്രാദേശികപാര്‍ട്ടിയുടേയോ നേതാവിന്റേയോ നേതൃത്വത്തില്‍ രാജ്യത്തിനുമുന്നിലുള്ള വെല്ലുവിളി നേടാനാകുമെന്നു കരുതുക വയ്യ. ഈ അവസ്ഥയില്‍ പോലും അതിനുള്ള സാധ്യതയുള്ളത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ മാത്രമാണ്. അതിനുള്ള കരുത്ത് അവര്‍ക്കുണ്ടാകാന്‍ രാജ്യം ഇന്നോളം കാണാത്ത ഈ ജനസമ്പര്‍ക്ക പരിപാടി സഹായിച്ചാല്‍ അതൊരു ചരിത്രമാകും. അടിയന്തരാവസ്ഥക്കുശേഷം ഇതേ കോണ്‍ഗ്രസ്സിനെതിരെ രചിക്കപ്പെട്ട ചരിത്രത്തേക്കാള്‍ വലിയ ചരിത്രം. അതിനാലാണ് ഈ യാത്ര കോണ്‍ഗ്രസ്സുകാരല്ലാത്ത ജനാധിപത്യ, മതേതരവാദികള്‍ക്കും മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്കും പ്രധാനമാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply