ന്യായ് യാത്ര നയിക്കേണ്ടിയിരുന്നത് ഇന്ത്യാ സഖ്യം

അതിനിടയിലുണ്ടായ ഗുണകരമായ ഒരു കാര്യം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്ന് സഖ്യത്തിലെ ഏറെക്കുറെ എല്ലാ കക്ഷികളും തീരുമാനിച്ചതാണ്. വളരെ തന്ത്രപൂര്‍വ്വം ബിജെപി ഒരുക്കിയ കെണിയായിരുന്നു ആ ക്ഷണങ്ങള്‍.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര, മണിപ്പൂരിനും നാഗാലാന്റിനും ശേഷം അസമില്‍. പ്രവേശിച്ചിരിക്കുകയാണ്. 17 ജില്ലകളിലൂടെ 833 കിലോമീറ്റര്‍ ദൂരം എട്ട് ദിവസമാണ് അസമിലെ യാത്ര. മണിപ്പൂരിനെപോലെ അസമിലും ജാഥക്കെതിരെ സര്‍ക്കാര്‍ കരുക്കള്‍ നീക്കിയിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രാത്രി താമസിക്കുന്ന കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അനുവദിച്ചില്ല. മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ ജങ്കാര്‍ അനുവദിക്കാതിരുന്നു. എന്നാല്‍ ഏതു പ്രതിസന്ധിയേയും അതിജീവിച്ച് യാത്ര മുന്നോട്ടുപോകുമെന്നുതന്നെയാണ് രാഹുലിന്റേയും കോണ്‍ഗ്രസ്സിന്റേയും തീരുമാനം. മണിപ്പൂരിലും നാഗാലാന്‍ഡിലും ലഭിച്ച ജനപിന്തുണയും സ്വീകാര്യതയും അസമിലും മറ്റു സംസ്ഥാനങ്ങളിലും ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

കന്യാകുമാരിയില്‍ നിന്നു കാശ്മീരിലേക്കു നടത്തിയ ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ആവേശമാണ് കിഴക്കുനിന്ന് പടിഞ്ഞാറേക്കുള്ള ഈ യാത്രക്ക് കോണ്‍ഗ്രസ്സിനും രാഹുലിനും പ്രചോദനമായത്. ജോഡോ യാത്ര ആവേശമൊക്കെ ഉണ്ടാക്കിയെങ്കിലും വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ വന്‍നേട്ടമൊന്നും ഉണ്ടായി എന്നു പറയാനാവില്ല എന്ന വാദം ശക്തമാണ്. യാത്രക്കു വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ഇതാകുമായിരുന്നില്ലല്ലോ. അപ്പോഴും സീറ്റുകള്‍ കുറഞ്ഞെങ്കിലും വോട്ടില്‍ വലിയ കുറവൊന്നുമില്ല എന്നും യാത്രയില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും മോശമാകുമായിരുന്നു എന്നും വിലയിരുത്തുന്നവരുമുണ്ട്. തീര്‍ച്ചയായും തെലുങ്കാനയിലെ വിജയത്തിനു യാത്രക്കു പങ്കുണ്ട്. അതിനേക്കാളുപരി കോണ്‍ഗ്രസ്സിനെ മൊത്തം ചലിപ്പിക്കാനും രാഹുലിനെ തന്നെ മാറ്റിതീര്‍ക്കാനും ഒരു നേതാവെന്ന നിലയില്‍ രാഹുലിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കാനും യാത്ര കാരണമായി.

ഭാരത് ജോഡോ യാത്ര പൂര്‍ണ്ണമായും കാല്‍നടയായിരുന്നെങ്കില്‍ ഇപ്പോഴത്തേത്ര ഭാഗികമായി ബസിലാണ്. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഈ യാത്ര വളരെ പ്രസക്തമാണ്. യാത്രയിലാകുമ്പോള്‍ രാഹുലിനു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജനത്തിലും പങ്കുവഹിക്കാനാവുമോ എന്ന സംശയം ഉന്നയിക്കുന്നവരുണ്ട്. എന്നാല്‍ അതിനൊക്കെ പ്രസിഡന്റ് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് കൃത്യമായ സംഘടനാ ചട്ടക്കൂടുണ്ട്. സംഘടനാപരമായി വലിയ ഉത്തരവാദിത്തമൊന്നുമില്ലാത്ത രാഹുലിനു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ഏറ്റവും ശക്തമായ പ്രവര്‍ത്തനം ഇതു തന്നെയാണ്. അത് പരോക്ഷമായി തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്നുറപ്പ്. മറ്റാരും തിരിച്ചറിഞ്ഞില്ല എങ്കിലും ബിജെപിക്കത് മനസ്സിലായിട്ടുണ്ട്. അതിനാല്‍ തന്നെ അയോദ്ധ്യയിലെ പ്രതിഷ്ഠാദിനത്തിനുശേഷം രാജ്യമാകെ അങ്ങോട്ടുള്ള യാത്രകള്‍ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. അതിനു കാരണം രാമഭക്തിയല്ല, തെരഞ്ഞെടുപ്പാണ് എന്നതില്‍ ആര്‍ക്കും സംശയമില്ലല്ലോ.

അതേസമയം ഈ യാത്ര മറ്റൊരു രീതിയില്‍ സംഘടിപ്പിച്ചിരുന്നു എങ്കില്‍ കൂടുതല്‍ പ്രസക്തമാകുമായിരുന്നു എന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിനു പകരം ഇന്ത്യാ സഖ്യമായിരുന്നു യാത്ര സംഘടിപ്പിക്കേണ്ടത് എന്നതാണത്. ആദ്യയാത്രയുടെ സമയത്ത് സഖ്യമുണ്ടായിരുന്നില്ല. സത്യത്തില്‍ ആ യാത്രയുടെ ഉല്‍പ്പന്നം കൂടിയാണ് ഇന്ത്യാ സഖ്യം. അത്തരം സാഹചര്യത്തില്‍ രണ്ടാം യാത്ര സംഘടിപ്പിക്കുന്നത് സഖ്യം തന്നെയായിരുന്നു എങ്കില്‍ രാഷ്ട്രീ.യമായി വലിയ ഗുണം ഉണ്ടാകുമായിരുന്നു. പ്രത്യേകിച്ച് സീറ്റുവിഭജനത്തിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വിഷയത്തിലും സഖ്യത്തിനകത്ത് ഭിന്നതകള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍. ജനങ്ങള്‍ക്കിടയിലൂടെ ഒന്നിച്ചു യാത്ര ചെയ്യുകയും അവരുടെ പ്രശ്‌നങ്ങള്‍ ഒന്നിച്ചു കേള്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് നേതാക്കള്‍ ഒന്നി്കുമെന്നുറപ്പാണ്. മാത്രമല്ല, ഒന്നാം യാത്രയില്‍ നിന്ന് വ്യത്യസ്ഥമായി കോണ്‍ഗ്രസ്സിനു കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ് കൂടുതലും ഈ യാത്ര കടന്നുപോകുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് നല്ല സ്വാധീനമുണ്ട്താനും.

ഒന്നാം യാത്രയില്‍ ജനങ്ങള്‍ പറയുന്നതു കേള്‍ക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ അതുമാത്രമല്ല, തെരഞ്ഞെടുപ്പിലെ വിജയവും ലക്ഷ്യമാണെന്ന് രാഹുല്‍ തന്നെ പറയുന്നുണ്ട്. ആ നിലക്ക് ഇതൊരു ഇന്ത്യാ സഖ്യ യാത്രയായിരുന്നെങ്കില്‍ എന്നാശിക്കുന്നതില്‍ തെറ്റില്ല. ‘ഇന്ത്യയിലെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു ആശയം, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് ഞങ്ങള്‍ നടത്തിയ വളരെ വിജയകരമായ (ഭാരത് ജോഡോ) യാത്രയായിരുന്നു അത്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മറ്റൊരു (ഭാരത് ജോഡോ ന്യായ്) യാത്ര നടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ഞങ്ങള്‍ തീരുമാനിച്ചു. മണിപ്പൂരില്‍ നിന്ന് യാത്ര ആരംഭിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം,” എന്നാണ് രാഹുല്‍ തന്നെ തുടക്കത്തില്‍ പറഞ്ഞത്. മണിപ്പൂരില്‍ നിന്നു തന്നെ യാത്ര ആരംഭിച്ചത് നല്‍കുന്ന സന്ദേശം രാഷ്ട്രീയം തന്നെയാണ്. വംശീയ സംഘര്‍ഷം രൂക്ഷമായ സംസ്ഥാനം സന്ദര്‍ശിക്കാത്തതിന് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ജനങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരാത്തത് ലജ്ജാകരമാണെന്നും പറഞ്ഞു. യാത്രയുടെ പേരില്‍ ന്യായ് കൂട്ടിചേര്‍ത്തതിനെ കുറിച്ചും രാഹുല്‍ വിശദീകരിച്ചു. രാജ്യത്ത് ‘വലിയ അനീതി’കള്‍ നടക്കുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് അത്. നീതിക്ക് വേണ്ടിയുള്ള ആക്രോശങ്ങള്‍ എല്ലാ അനീതികള്‍ക്കും എതിരെ സജ്ജരാകുന്നു – തൊഴിലില്ലായ്മ, പണപ്പെരുപ്പം, ദാരിദ്ര്യം, കുറ്റകൃത്യം, അരക്ഷിതാവസ്ഥ എന്നിവയില്‍ ജനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കും, ഞങ്ങള്‍ ഒറ്റക്കെട്ടായി ഒരു പരിഹാരം കണ്ടെത്തും.’ കൃത്യമായ രാഷ്ട്രീയ യാത്രതന്നെയാണ് ഇക്കുറി നടക്കുന്നതെന്നു സാരം.

തീര്‍ച്ചയായും സഖ്യത്തിലെ 10 ഘടകഖക്ഷികള്‍ മണിപ്പൂരില്‍ നടന്ന ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സ് ബദ്ധശത്രുവായിട്ടും സിപിഎം പോലും പങ്കെടുത്തു. പല ഘടകഖക്ഷികളും യാത്ര വിജയിപ്പിക്കാന്‍ രംഗത്തുണ്ട്. യാത്ര രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ളതാണെന്നാണ് ജെഡി (യു) നേതാവ് കെസി ത്യാഗി പറഞ്ഞത്. ‘തുക്രെ-തുക്രെ’ സംഘമാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന ബിജെപി നേതാക്കളുടെ പരാമര്‍ശം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം യാത്രയുമായി സഹകരിക്കാത്ത ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളുമുണ്ട്. ഉദാഹരണത്തിനു തൃണമൂല്‍ കോണ്‍ഗ്രസ്സ് തന്നെ. സഖ്യത്തിലെ ആരേയും കൂട്ടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവരുടെ നീക്കം. ബംഗാളില്‍ കൂടി യാത്ര കടന്നുപകുമ്പോള്‍ തൃണമൂല്‍ സഹകരിക്കുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. നേരത്തെ ആലോചിച്ച് സഖ്യത്തിന്റെ നേതൃത്വത്തില്‍ യാത്ര നടത്തിയിരുന്നെങ്കില്‍ അതുണ്ടാക്കുമായിരുന്ന രാഷ്ട്രീയനേട്ടം മറ്റൊന്നാകുമായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതിനിടയിലുണ്ടായ ഗുണകരമായ ഒരു കാര്യം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്ന് സഖ്യത്തിലെ ഏറെക്കുറെ എല്ലാ കക്ഷികളും തീരുമാനിച്ചതാണ്. വളരെ തന്ത്രപൂര്‍വ്വം ബിജെപി ഒരുക്കിയ കെണിയായിരുന്നു ആ ക്ഷണങ്ങള്‍. കോണ്‍ഗ്രസ്സടക്കമുള്ള മിക്ക പാര്‍ട്ടിയിലും സ്വാഭാവികമായും അത് വലിയ ഭിന്നതകള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ രാമനേയും രാമക്ഷേത്രത്തേയും രാഷ്ട്രീയ ലക്ഷ്യമാക്കുന്നു എന്നതാണ് ബിജെപി ചെയ്യുന്നതെന്ന് വ്യക്തമായ മറുപടി നല്‍കി ക്ഷണം നിരസിക്കാന്‍ മിക്ക പാര്‍ട്ടികളും തയ്യാറായി. തീര്‍ച്ചയായും പിന്നീട് അവരെല്ലാം ക്ഷേത്രത്തില്‍ പോകുമായിരിക്കും. അങ്ങനെ പോകരുതെന്ന് കേരളത്തിലിരു്ന്ന് ഒരു വലിയ വിഭാഗത്തിന് ആശിക്കാം, എന്നാല്‍ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. ഇത്രയെങ്കിലും തീരുമാനിക്കാനായത് ഇപ്പോഴും മതേതര സങ്കല്‍പ്പം പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ലെന്നതിന്റെ തെളിവായി തന്നെ കാണണം.

ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ മറ്റൊരു തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവവും രാഹുല്‍ ഗന്ധി കാണിക്കേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, ഇത്തവണ വയനാട്ടില്‍ നിന്ന് മത്സരിക്കാതിരിക്കുക എന്നതാണത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി ഇപ്പോള്‍ പേരിനെങ്കിലും ഇന്ത്യാ സഖ്യം നിലവിലുണ്ട്. തീര്‍ച്ചയായും ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍ പല സംസ്ഥാനങ്ങളിലും പരസ്പരം മത്സരിക്കും. കേരളത്തിലടക്കം. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരാള്‍ സഖ്യത്തിലെ ഘടകകക്ഷിയായ സിപിഐക്കെതിരെ മത്സരിക്കുക എന്നത് നല്‍കുന്ന സന്ദേശം രാഷ്ട്രീയമായി വളരെ മോശപ്പെട്ട ഒന്നായിരിക്കും. തീര്‍ച്ചയായും രാഹുല്‍ വിജയപ്രതീക്ഷയുള്ള ഒരു സീറ്റില്‍ മത്സരിക്കണം. കഴിഞ്ഞ തവണത്തെ പോലെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുക തന്നെയാണ് ഉചിതം അമേഠിക്കൊപ്പം കര്‍ണ്ണാടകയിലെ ഒരു സുരക്ഷിത സീറ്റില്‍ ബിജെപിക്കെതിരെ മത്സരിച്ച് വിജയിക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. അത്തരത്തില്‍ ആലോചിക്കുന്നു എന്നുതന്നെയാണ് അവസാനം വരുന്ന വാര്‍ത്ത. മറ്റെല്ലാ താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ഇ്ത്തവണെ ബിജെപിയെ തറപറ്റിക്കും എന്ന ദൃഢനിശ്ചയത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയ കടമയാണ് ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ ഇപ്പോള്‍ പ്രകടിപ്പിക്കേണ്ടത്. അതവര്‍ ചെയ്യുമെന്നുതന്നെയാണ് രാജ്യത്തെ ജനാധിപത്യ – മതേതര ശക്തികള്‍ പ്രതീക്ഷിക്കുന്നത്. അതിന് ന്യായ് യാത്രയും പ്രചോദനമാകുമെന്നു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply