കോവിഡ് 19 വാക്സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ട് ചോദ്യങ്ങള്‍ – 1. വാക്‌സിന്‍ ഉപയോഗം വ്യാപകമാകുന്നതുവരെ എന്തുകൊണ്ട് വൈറസിന്റെ രണ്ടാംവരവും ജനിതകമാറ്റവും ഇത്രകണ്ട് ഗുരുതരമായിരിക്കുമെന്ന് ജനങ്ങളോട് പറയാന്‍ തയ്യാറായില്ല? 2. വളരെ പെട്ടെന്ന് ജനിതകമാറ്റം ആര്‍ജ്ജിക്കുന്ന തരത്തില്‍പ്പെട്ട വൈറസിനെതിരെ പുതുതലമുറ വാക്‌സിന്‍ ഉപയോഗം ഗുണകരമാകില്ലായെന്നത് ആദ്യം തന്നെ വ്യക്തമായിരുന്നില്ലെ? ജനിതകമാറ്റം വന്ന രോഗാണു ആര്‍ജ്ജിച്ചേക്കാവുന്ന ദോഷകരമായ കഴിവുകള്‍ (വളരെ വേഗം പകരാനുള്ള കഴിവും, രോഗണുവിനെ നിര്‍വ്വീര്യമാക്കുന്ന മനുഷ്യശരീരത്തിലെ ഘടകത്തെ മറികടക്കാനുള്ള കഴിവ്) പല പഠനങ്ങളിലും പറഞ്ഞിരുന്നതല്ലേ?
നാളിതുവരെ വൈദ്യശാസ്ത്ര മേഖലയില്‍ പരിചിതമല്ലാതിരുന്ന ഒരു വൈറസിനേയും അതുമൂലം ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധിയെയും ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും പ്രതിരോധമരുന്ന് കണ്ടെത്തി നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നും അത് ആധുനിക ശാസ്ത്രലോകത്തിന്റെ കുതിച്ചു ചാട്ടമാണെന്നുമുള്ള വാഴ്ത്തിപാടലുകള്‍ക്ക് നടുവിലാണ് ലോകത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും അവരെ കണ്ണുമടച്ച് വിശ്വസിക്കുന്ന പൊതുജനങ്ങളും. പ്രതിരോധമരുന്നുകളുടെ ഒരു നൂറ്റാണ്ടോളം വരുന്ന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര കുറഞ്ഞ സമയംകൊണ്ട് ഒരു പ്രതിരോധമരുന്ന് പ്രയോഗത്തില്‍ വരുന്നത് എന്നത് കണ്‍മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇതില്‍ ശാസ്ത്രമനീഷികളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും മനുഷ്യകുലത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥപരിശ്രമം എത്ര ശതമാനം എന്ന ചോദ്യം ശാസ്ത്രലോകത്ത് നിന്നുതന്നെ വ്യാപകമായി ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.
നിലവിലെ ലാഭകേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയോട് കലഹിക്കാതെ, അതിനെ പോഷിപ്പിക്കുന്ന തരത്തിലെ വികാസങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവയെ മാത്രം ശാസ്ത്രം എന്ന നിലയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചെടുക്കുന്ന തരത്തിലേക്ക് മാറുകയും മറ്റുള്ളവയെ അശാസ്ത്രീയമെന്നും അന്ധവിശ്വാസമെന്നും മുദ്രകുത്തി നശിപ്പിക്കുകയുമാണ് നിലവിലെ അംഗീകൃതരീതി. ഇത് മനസിലാകണമെങ്കില്‍ രോഗവും രോഗാണുവും മാത്രമല്ല മരുന്നും പ്രതിരോധമരുന്നും വാഹകജീവിയുടെ ആന്തരികജൈവക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് മനസിലാക്കേണ്ടിയരിക്കുന്നു. ഒപ്പം ഒരു രോഗത്തിന്റെ മരുന്നിലേക്കും പ്രതിരോധമരുന്നിലേക്കും എത്തിച്ചേരുന്നതിനു ലോകശാസ്ത്രരംഗം നിര്‍ദേശിച്ചിരിക്കുന്ന പഠനങ്ങളും നിബന്ധനകളും എന്തൊക്കെയാണെന്നും അതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കോവിഡ് പ്രതിരോധമരുന്നിന്റെ കാര്യത്തില്‍ എങ്ങനെയൊക്കെയാണ് അട്ടിമറിക്കുകയും മറികടക്കുകയും ചെയ്യുന്നതെന്നും വായിച്ചെടുക്കേണ്ടതുണ്ട്.
ഈ മേഖലയിലെ സാമൂഹിക നീതിയുടെയും കമ്പോള രാഷ്ട്രീയ മേല്‍കോയ്മയുടേയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്തുവരുന്നവരെ അശാസ്ത്രീയ വാദികള്‍, അന്ധവിശ്വാസികള്‍, രാജ്യദ്രോഹികള്‍, തുടങ്ങി ഗൂഡാലോചന സിദ്ധാന്തക്കാരന്‍ എന്നുവരെ ‘ശാസ്ത്രീയ’മായി തെളിവുനിരത്തി സ്ഥാപിച്ചുകളയും. രോഗകാരണത്തേയും രോഗത്തെയും രോഗാണുതലത്തില്‍ മാത്രം നോക്കികാണുന്ന ഇവര്‍ ഐ.സി.എം.ആര്‍ കേന്ദ്രത്തിലും പൂനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണകേന്ദ്രത്തിലും പൂജയും നിലവിളക്ക് കൊളുത്തലും നടത്തിയാണ് വാക്‌സിന്‍ പെട്ടികള്‍ ആദ്യമായ് പുറത്തേക്ക് ഇറക്കിയത്. കേരളത്തില്‍പോലും സൂപ്പര്‍ സ്റ്റാര്‍ ഫിലിംപെട്ടി പുഷ്പവൃഷ്ടി നടത്തി ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്ന മാനസികാവസ്ഥയിലാണ് വാക്സിന്‍ കണ്ടെയ്നറുകളെ വിമാനത്താവളത്തിലും സൂക്ഷിപ്പ് കേന്ദ്രത്തിലും ഏറ്റുവാങ്ങിയത്. ഒരുപക്ഷേ ഉയര്‍ന്ന ശാസ്ത്രയുക്തികൊണ്ട് തന്നെയായിരിക്കും. മറ്റൊരു രസകരമായ സംഭവ വികാസം ഐ.എം.എ എന്ന ഡോക്ടര്‍മാരുടെ സംഘടന അവരുടെ അംഗങ്ങള്‍ക്കായി പുറപ്പെടുവിച്ച നിര്‍ദേശമാണ്. കൃത്യമായി വൈദ്യശാസ്ത്രരംഗത്തെ ശരിതെറ്റുകള്‍ വിവേചിച്ച് അറിയാനും തീരുമാനമെടുക്കാനും കഴിവുള്ള ഡോക്ടര്‍മാര്‍ക്ക് ആ സ്വാതന്ത്ര്യം അനുവദിക്കുന്നതിനു പകരം ‘സംഘടനയില്‍ അംഗങ്ങളായിട്ടുള്ള മുഴുവന്‍ ഡോക്ടര്‍മാരും വാക്‌സിന്‍ സ്വീകരിക്കണമെന്നും എന്നാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് വാക്‌സിനില്‍ വിശ്വാസ്യതയുണ്ടാകുകയുള്ളു’എന്ന സര്‍ക്കുലര്‍ ഇറക്കുകയാണ് ചെയ്തത്. ചില മതസംഘടനകള്‍ വിശ്വാസികളോട് നടത്തുന്ന തീട്ടൂരമെന്നത് മാത്രമല്ല, ട്രേഡ് യൂണിയന്‍ സംഘടനകള്‍പോലും ചെയ്യാത്തവിധം അത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തുകൊണ്ട് സംഘടനാ ഭാരവാഹികള്‍ക്ക് ശാസ്ത്രയുക്തി മാത്രമല്ല കേവലയുക്തിയുമില്ലയെന്ന് ഐ.എം. എ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ ശാസ്ത്രഗവേഷണങ്ങളുടെ പ്രത്യേകിച്ച് പ്രതിരോധമരുന്നുകളുടെ ഉത്പാദനഗവേഷണ പഠനദിശ പരിശോധിച്ചാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ജനപക്ഷത്ത് നില്‍ക്കുന്ന ജനകീയ ആരോഗ്യശാസ്ത്രജ്ഞരുടെ കൂട്ടായ്മകള്‍ ഉയര്‍ത്തുന്ന ആശങ്കകളും ചോദ്യങ്ങളും ഇന്‍ഡ്യയിലെ കോവിഡ് തരംഗത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ പ്രസക്തമാണെന്ന് തിരിച്ചറിയുകയും വിളിച്ചു പറയുകയും ചെയ്യേണ്ടിവരുന്നു. പുതിയൊരു വൈറസ് പകര്‍ച്ചവ്യാധി അക്രമണത്തിന് ലോകം വഴിപ്പെട്ട് ഒന്നരവര്‍ഷമാകുമ്പോള്‍ എത്തിനില്‍ക്കുന്ന ദുരന്തമുഖം വിശകലനം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ വഴി ഇന്ത്യയിലെയും പ്രത്യേകിച്ചും കേരളത്തിലെയും കോവിഡ് പ്രതിരോധ ചികിത്സാരംഗം എത്തിനില്‍ക്കുന്ന അവസ്ഥയുടെ യഥാതഥപഠനവും ലളിതമായ ഭാഷയിലുള്ള കാര്യകാരണ വിശദീകരണവും മതിയാകും.
ആഗോളവൈദ്യശാസ്ത്രവും ജീവശാസ്ത്രരംഗത്തെ ഗവേഷണവും നേടിയ ഗുണകരമായ കുതിപ്പിന്റെ ഭാഗമായി കോവിഡ് എന്ന പുതിയ വൈറസിന്റെ രൂപഗുണസവിശേഷതകള്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ തിരിച്ചറിയാനും വിശകലനം ചെയ്യാനും കഴിഞ്ഞപ്പോഴും അത് സാധാരണ ജനങ്ങള്‍ക്കുമുന്നില്‍ ആത്മവിശ്വാസമുയര്‍ത്തുന്ന തരത്തില്‍ എത്തിക്കുന്നതിനു പകരം 2019 ഡിസംബര്‍ അവസാനം മുതല്‍ ഇന്നുവരെയും ഇനി നാളെയും ലോകംമുഴുവന്‍ ഈയൊരു സൂക്ഷ്മജീവിക്ക് ചുറ്റുമായിരിക്കും തിരിയുന്നത് എന്നൊരു വ്യാജ പ്രതീതി ബോധംപൂര്‍വം നിര്‍മ്മിച്ചെടുക്കുകയാണ് തത്പരകക്ഷികള്‍.
നിമിഷം പ്രതിയെന്നോണം രോഗികളുടെ എണ്ണവും രോഗം മൂലമുണ്ടാകുന്ന മരണവും കൂടുന്നു. മറുവശത്ത് രോഗനിയന്ത്രണത്തിന്റെ സാധ്യമായ ഏകവഴിയെന്ന നിലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ അടച്ചുപൂട്ടലും സാമൂഹിക അകലം പാലിക്കലും. അതില്‍ പാലിച്ച സാമൂഹികനീതിയുടെയും അധികാരത്തിന്റെയും സമ്പത്തിന്റെയും വിവേചനങ്ങള്‍, കുറഞ്ഞകാലത്തെ മറ്റു ചില താത്പര്യസംരക്ഷണ ലക്ഷ്യത്തിനുശേഷം വീണ്ടും മാധ്യമങ്ങളില്‍ നിറയുന്ന ദുരന്തത്തിന്റെ ദൈന്യചിത്രങ്ങള്‍, പ്രതിരോധമരുന്നു മാത്രമാണ് ഏകപ്രതിവിധിയെന്ന തരത്തിലുള്ള ശാസ്ത്രസമൂഹത്തിലെ നിര്‍ണായകശക്തികളുടെ തെറ്റായപ്രചരണം, അതു ശരിയെന്നു വിശ്വസിച്ച് സാധാരണക്കാരന്റെ വാക്‌സിനു വേണ്ടിയുള്ള മരണപ്പാച്ചില്‍, കൃത്രിമക്ഷാമം സൃഷ്ടിച്ച് ലാഭം വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന കുടിലതന്ത്രം. ഇതൊന്നും പോരാഞ്ഞ് ഈ സവിശേഷ സാഹചര്യത്തിന്റെ മാനസിക സാമ്പത്തിക ശാരീരിക സമ്മര്‍ദം മൂലം ആത്മഹത്യചെയ്യുന്നവര്‍, പലായനങ്ങള്‍ക്കിടയില്‍ അപകടങ്ങളില്‍പ്പെടുന്നവര്‍, ദരിദ്രരാക്കപ്പെടുന്നവര്‍ ഇങ്ങനെ ഒരുകണക്കുകളിലും പെടാത്ത ആയിരങ്ങള്‍ വേറെ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം എന്നനിലയിലാണ് കോവിഡ് 19 എന്ന മഹാമാരിയെ വിശേഷിപ്പിക്കുന്നത്. താരതമ്യേന മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോകമഹാമാരിയാക്കുന്നത് എന്തുകൊണ്ടായിരിക്കും? രോഗഭീതികൊണ്ട് ഒരു യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കാനും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പേരില്‍ പൗരാവകാശങ്ങളെ നിഷേധിക്കാനും ഇതൊരു അവസരമാക്കുകയാണെന്നതാണ് അധികാരരാഷ്ട്രീയത്തിന്റെ ആദ്യത്തെ വിളവെടുപ്പ്. പ്രമുഖ കനേഡിയന്‍ ചലച്ചിത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ആഗോളീകരണത്തിന്റെ കടുത്ത വിമര്‍ശകയുമായ നവോമീക്ലീന്‍ പറയുന്നതുപോലെ ‘സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദുരന്തമുതലാളിത്തം (Distsaer capitalisam), രാഷ്ട്രീയ ജനകീയ എതിര്‍പ്പുകള്‍ മറികടക്കന്‍ നിരീക്ഷണ മുതലാളിത്തം (survailance capitalisam) തുടങ്ങിയവയുടെ പ്രയോഗകാലം കൂടിയാണ് കോവിഡ്കാലം.’
സൂക്ഷ്മജീവികളുടെ ലോകം നമുക്ക് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഭീഷണി ആയതുകൊണ്ട് തന്നെ രാജ്യത്തിനുനേരെ വരുന്ന തീവ്രവാദി ആക്രമണ ഭീഷണി പോലെ ഭരണകൂടത്തിന് ആവശ്യമുള്ള സമയത്തെല്ലാം പൗരസ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണരേഖ വരക്കാന്‍ കഴിയുന്ന അദൃശ്യശത്രു കൂടിയാണ് ഇത്തരം രോഗബാധ. മറ്റെല്ലാ മേഖലയിലും എന്നതുപോലെ പൊതുജനാരോഗ്യത്തേയും ഭരണകൂടം ലാഭാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍വച്ച് കേവല ഉപഭോഗവസ്തുവായി കാണാന്‍ തുടങ്ങി. ചുരുക്കം ചില രാജ്യങ്ങള്‍ ഒഴികെ ലോകത്തെ മുഴുവന്‍ രാജ്യങ്ങളും യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ ആരോഗ്യരംഗത്ത് പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന സേവനങ്ങള്‍ നിറുത്താലാക്കുകയോ ഫീസ് ഈടാക്കുന്ന തരത്തിലേക്ക് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തു. ഇതോടെ ആരോഗ്യമെന്നത് ഭരണകൂടം പൗരന് ഉറപ്പ് നല്കുന്ന സാര്‍വര്‍ത്രിക സേവനം എന്നതില്‍നിന്നുമാറി സാധാരണക്കാരന്‍പോലും കാശ് കൊടുത്തു വാങ്ങേണ്ടുന്ന ഉത്പന്നമായി മാറി. ഒപ്പം കോടികള്‍ നിക്ഷേപിച്ച് ശതകോടികള്‍ കൊയ്യുന്ന വന്‍ വ്യവസായശൃംഖലയും ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. അതോടുകൂടി അവശേഷിച്ചിരുന്ന നൈതികതയും ധാര്‍മികതയും നഷ്ടപ്പെടുകയും ചെയ്തു. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ നയപരമായ തീരുമാനങ്ങളും പ്രവര്‍ത്തന പരിപാടികളും ഈ രംഗത്തെ കുത്തകഭീമന്‍മാര്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് മാറി.
1978ലാണ് അന്നത്തെ റഷ്യയുടെ ഭാഗമായ ഉസ്‌ബെക്കിസ്ഥാനിലെ അല്‍മആട്ടയില്‍ ഒരു ആരോഗ്യ ഉച്ചകോടി കൂടുകയും സാര്‍വ്വത്രിക ആരോഗ്യത്തിനുവേണ്ടി പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കി അംഗീകരിക്കുകയും ചെയ്തത്. കേവലം രോഗമില്ലാത്ത അവസ്ഥയല്ല ആരോഗ്യം മറിച്ച് ശാരീരീകവും മാനസികവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ സ്വാസ്ഥ്യത്തെയാണ് ആരോഗ്യം വിവക്ഷിക്കുന്നത് എന്ന് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ‘എല്ലാവര്‍ക്കും ആരോഗ്യ’മെന്നൊരു പ്രവര്‍ത്തന രൂപരേഖ അല്‍മആട്ട സമ്മേളനം മുന്നോട്ട് വയ്ക്കുകയുമുണ്ടായി. എന്നാല്‍ 1990 കളോടെ അമേരിക്കയടക്കം വികസിത രാജ്യങ്ങള്‍ സാധാരണ ജനവിഭാഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമാകാനുള്ള അവകാശങ്ങള്‍ വെട്ടികുറയ്ക്കുക മാത്രമല്ല ഐ.എം.എഫും ലോകബാങ്കും അടക്കമുള്ളവരുടെ വായ്പ ചരടുകള്‍വഴി മറ്റു രാജ്യങ്ങളിലെ ആരോഗ്യനയ രൂപീകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളുടെയും അവികസിതരാജ്യങ്ങളില്‍ പെടുന്ന ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടേയും ആരോഗ്യസേവനങ്ങളില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്തുന്ന ഘടനാപരമായ മാറ്റം വരുത്തി. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങള്‍ ആരോഗ്യരംഗത്തെ പ്രാഥമിക സേവനങ്ങളില്‍ നിന്നു പോലും പുറത്താകുന്ന അവസ്ഥ രൂപപ്പെട്ടു. പൊതുസ്വകാര്യ പങ്കാളിത്തവും ഇന്‍ഷ്വറന്‍സ് ഭീമന്‍മാരുടെ കടന്നുകയറ്റവും കൂടി ആയതോടുകൂടി ആരോഗ്യസേവനം എന്നത് എല്ലാവര്‍ക്കും പരിരക്ഷ എന്ന തീര്‍ത്തും അപര്യപ്തമായ അവകാശത്തിലേക്ക് മാറി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലാഭം മാത്രം ലക്ഷ്യം വച്ച് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും മറ്റ് സാമ്പത്തിക ഏജന്‍സികളും ലോകാരോഗ്യ സംഘടനയുടെയും അവികസിത വികസ്വരരാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടേയും മേല്‍ നിര്‍ണായകസ്വാധീനം ചെലുത്തി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന രീതി 90 കളിലാരംഭിച്ച് 2000 ത്തോട്കൂടി പൂര്‍ണരൂപത്തിലേക്ക് വളര്‍ന്നു. ഒരുവശത്ത് ആരോഗ്യശാസ്ത്രവും വൈദ്യശാസ്ത്രസാങ്കേതികമേഖലയും അഭൂതപൂര്‍വ്വമായ വികാസം രേഖപ്പെടുത്തുമ്പോള്‍ തന്നെയാണ് ലോകത്ത് പ്രതിവര്‍ഷം 12% കുടുംബങ്ങള്‍ ചികിത്സ ചെലവുകള്‍മൂലം ദരിദ്രവത്ക്കരിക്കപ്പെടുന്നുവെന്നും 10 കോടിയോളം കുടുംബങ്ങള്‍ക്ക് വര്‍ഷിക വരുമാനത്തിന്റെ 10%ത്തിലധികം ചികിത്സകള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു എന്നും ലോകാരോഗ്യസംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ദാരിദ്ര്യവും പോഷകാഹാരകുറവും കാലവസ്ഥാവ്യതിയാനവും അഭയാര്‍ത്ഥി പ്രശ്‌നങ്ങളും, പ്രകൃതിവനം നശീകരണം മൂലമുള്ള ജീവനാശവും, ജീവിതശൈലിരോഗങ്ങളുടെ വര്‍ദ്ധനവുമൊക്ക പറയുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയ്ക്ക് പിറകില്‍ ലോകാരോഗ്യസംഘടനയ്ക്ക് പ്രവര്‍ത്തനഫണ്ട് സംഭാവന ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍, ബഹുരാഷ്ട്രകമ്പനികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവരുടെ സാമ്പത്തി രാഷ്ട്രീയ താത്പര്യത്തിന്റെ നടത്തിപ്പിനായി അതില്‍ മുന്‍തൂക്കം. സാധാരണജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളെപോലും തീര്‍ത്തും അവഗണിക്കുന്ന തരത്തിലോ തങ്ങളുടെ ബിസിനിസ് താത്പര്യങ്ങള്‍ക്ക് അനുഗുണമായി വ്യാഖ്യാനിക്കാനോ തക്കവണ്ണം സമിതികളിലെ പ്രാതിനിധ്യവും പുനര്‍നിര്‍വചിക്കപ്പെട്ടു.
ആഗോളീകരണത്തിന്റെയും നവഉദാരീകരണത്തിന്റെയും തുടക്കം മുതല്‍ ആഗോളസാമ്പത്തിക രാഷ്ട്രീയ മേഖലയുടെ നിയന്ത്രണം കൈയാളുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും ഇത്തരം സ്ഥാപനങ്ങളുടെ നയരൂപീകരണത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഉപരി നിലവിലെ അധികാരവും സമ്പത്തും വര്‍ദ്ധിപ്പിച്ച് നിലനിറുത്തുക എന്നതിനാകും പ്രധാന്യം. ഇവിടെ അധികാരവും സമ്പത്തും തോളോടുതോള്‍ ചേര്‍ന്നുമാത്രമേ പോകാന്‍കഴിയൂ. അതുകൊണ്ടുതന്നെ സാമ്പത്തികലാഭം മാത്രം ലക്ഷ്യംവെച്ചവര്‍ അധികാരം കൈയാളുന്നവരെ സഹായിക്കുകയും ജനങ്ങള്‍ക്ക് എതിരായ നയരൂപീകരണത്തിന് ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. പ്രത്യുപകാരമായി അധികാരികള്‍ ലാഭത്തെ പലമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നിയമലംഘനങ്ങള്‍ക്കും അഴിമതിക്കും വഴിയൊരുക്കുന്നു. ചുരുക്കത്തില്‍ ബില്‍ഗേറ്റ്‌സ്&മിലിന്‍ഡ ഫൗണ്ടേഷന്‍, റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍, ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ & ഇമ്മ്യൂണൈസേഷന്‍. വാക്‌സിന്‍ ഫോര്‍ ആള്‍,സ്വകാര്യ ഇന്‍ഷ്വറന്‍സ് ഏജന്‍സികള്‍ ലോകസാമ്പത്തിക ഫോറം തുടങ്ങി ആഗോള ആരോഗ്യരംഗത്തെ, സാമ്പത്തിക അളവുകോല്‍ വച്ച് മാത്രം നിര്‍ണയിക്കുന്നവര്‍ക്കായി മേല്‍ക്കൈ. അതുകൊണ്ട് തന്നെ അല്‍മആട്ട പ്രഖ്യാപനത്തില്‍ അധിഷ്ഠിതമായി ആരോഗ്യസേവനങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക രാജ്യത്തിന്റെ വികസനമേഖലയില്‍ ഉപയോഗിക്കേണ്ടതാണെന്നും വികസനം ജനതയ്ക്ക് ആരോഗ്യത്തെ കൊണ്ടുവരും അതുകൊണ്ട് സൗജന്യ സേവനങ്ങള്‍ പാഴ്‌ചെലവാണെന്ന സിദ്ധാന്തം സ്ഥാപിച്ചെടുത്തു. യുസര്‍ഫീ ഏര്‍പ്പെടുത്തി ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളെയും പൊതുസ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെയും ആരോഗ്യപദ്ധതികളുടെ നടത്തിപ്പുകാര്‍ ആക്കിമാറ്റി. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ആരോഗ്യംരംഗം തുറന്ന് കൊടുക്കുകയും ചെയ്തതോട്കൂടി വീണ്ടും സ്ഥിതി കൂടുതല്‍ വഷളായി. വളരെ കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ ചികിത്സ ചെലവുകള്‍ വര്‍ദ്ധിക്കുകയും പലര്‍ക്കും ചികിത്സവൈകുന്ന അവസ്ഥയും സംജാതമായി.
ലോകാരോഗ്യസംഘടനയുടെ 2005ല്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ജനകീയ ആരോഗ്യവിദഗ്ദധരുടെ സവിശേഷ ശ്രദ്ധയ്ക്ക് ഇത് വരികയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. തുടര്‍ന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. മൈക്കല്‍ മര്‍മോട്ടിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. ആരോഗ്യത്തിലെ സാമൂഹികനിര്‍ണയ ഘടകങ്ങള്‍ എന്നതായിരുന്നു സമിതിയുടെ പരിഗണനവിഷയം. ഏകദേശം മൂന്നുവര്‍ഷത്തോളം സമയമെടുത്ത് വിവിധ അവികസിത വികസ്വരരാജ്യങ്ങളുടെ ആരോഗ്യരംഗത്തെ വിലയിരുത്തി 2008ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമൂഹികനിര്‍ണയ ഘടകങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഘട്ടം ഘട്ടമായി യൂസര്‍ഫീ പിന്‍വലിക്കുന്നതിനും പൊതുമേഖലയിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനഫണ്ട് അനുവദിക്കുന്നതിനും നിര്‍ദേശിക്കുന്നു. ത്രിതല ആശുപത്രി സംവിധാനം ശക്തിപ്പെടുത്തി ഗവണ്‍മെന്റ് ഇടപെടല്‍ താഴെ തട്ടിലേക്ക് എത്തിക്കാനുള്ള നിര്‍ദേശങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ആ ദിശയില്‍ അധികം മുന്നോട്ട് പോയില്ല. പകരം ഇന്‍ഷ്വറന്‍സ് വഴി സാര്‍വ്വത്രിക പരിരക്ഷയില്‍ തന്നെയാണ് 2018 ആല്‍മആട്ട പ്രഖ്യാപനത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ലോകാരോഗ്യസംഘടന നില്‍ക്കുന്നത്. 2020ല്‍ ലോകം മുഴുവനുമുള്ള ജനങ്ങള്‍ കോവിഡ്19നു മുന്നില്‍ പകച്ച് ജീവിതവഴികള്‍ എല്ലാം അടച്ചുപൂട്ടി യുക്തിസഹമായി ഒന്നും തിരിച്ചു ചോദിക്കാന്‍ കഴിയാതെ സഹിക്കേണ്ടിവരുന്നതിനേയും ന്യായീകരിക്കുന്നത് ശാസ്ത്രവിജയമായിട്ടാണ്. വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ശാസ്ത്രജ്ഞരേയും നീതിപാലകരേയും ഉടമകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരേയും പലവിധസമ്മര്‍ദ്ദത്തിലാക്കി ഒപ്പം നിറുത്തുന്നു. ഏതൊരു കടുത്ത അനീതിയേയും ജനവിരുദ്ധ അഴിമതികളെയും ശാസ്ത്രീയസാമൂഹികനീതിയിലധിഷ്ഠിതമായ ഏകപരിഹാരമായി അവതരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.
ദുരന്തത്തിന്റെയും നിരീക്ഷണത്തിന്റെയുമൊക്കെ ഇരകളാകുന്നവര്‍ തന്നെയാണ് പരിഹാരശ്രമങ്ങളുടെ പേരിലെ ഭാരവും താങ്ങേണ്ടിവരുന്നത്. ചുരുക്കത്തില്‍ ഏതര്‍ത്ഥത്തില്‍ നോക്കിയാലും കോര്‍പ്പറേറ്റ് വിജയം മാത്രമാണ് ഏതൊരു ദുരന്തത്തിന്റെയും ബാക്കിപത്രം. ലോകത്തിന്റെ വിവിധകോണുകളില്‍ ജനപക്ഷത്ത് നില്ക്കുന്ന നിരവധി വിദഗ്ദധരും ശാസ്ത്രജ്ഞരും വിശദമായി തന്നെ ഇത് ജനങ്ങളോട് വിളിച്ചുപറയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരത്തിലും ആണവായുധരംഗത്തും സാമൂഹിക സാമ്പത്തികസമാധാനരംഗത്തും സംഘര്‍ഷതുല്യമായ സമ്മര്‍ദ്ദം തോന്നിപ്പിച്ച് ഭരണകൂടവീഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയെന്ന തന്ത്രം ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ്ബാധയെ നേരിട്ട രീതികളും വിശദീകരണങ്ങളും നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാകും. ഇത് എഴുതികൊണ്ടിരിക്കുന്ന സമയത്ത്‌പോലും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മേല്‍ നടന്നുകൊണ്ടിരിക്കുന്ന അധികാരപ്രയോഗങ്ങളെയും മരണങ്ങളെയും വിമതശബ്ദങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും നോക്കിയാല്‍ തന്നെ നമ്മള്‍ എത്തി നില്ക്കുന്ന പ്രതിസന്ധിയുടെ ആഴം മനസിലാകും.
ആരോഗ്യരംഗത്തെക്കുറിച്ച് സവിശേഷ അറിവുകള്‍ ഇല്ലാത്തവര്‍ക്കുകൂടി ബോധ്യമാകാന്‍വേണ്ടി എന്നതരത്തില്‍ നടത്തുന്ന പെരുപ്പിച്ച കണക്കുകളും രോഗഭീകരതയുടെ വാങ്മയചിത്രങ്ങളും, ഭീതി ഉത്പാദന വ്യവസായത്തിന്റെ ഗുണഭോക്തക്കള്‍ ബോധപൂര്‍വ്വം നടത്തുന്ന തികച്ചും അശാസ്ത്രീയവും നിഗൂഢലക്ഷ്യങ്ങള്‍ നിറഞ്ഞതുമാണെന്നു കാണാം. ഇതിന്റെ വ്യാപ്തിയും ആഴവും മനസിലാകണമെങ്കില്‍ രോഗഹേതുക്കള്‍ എന്ന നിലയില്‍ വിശദീകരിക്കപ്പെടുന്ന വൈറസുകളടക്കമുള്ള സൂക്ഷ്മജീവികളെക്കുറിച്ച് പൊതുവിലും കൊറോണ വൈറസിനെക്കുറിച്ച് പ്രത്യേകിച്ചും ചില വിവരങ്ങള്‍ ആമുഖമായി അറിയേണ്ടിയിരിക്കുന്നു .
ജീവിവര്‍ഗങ്ങളുടെ പരിണാമ ശാസ്ത്രത്തില്‍ ഏറ്റവും മുകളിലാണ് മനുഷ്യന്റ സ്ഥാനം. ഏറ്റവും താഴെ തട്ടിലായി സുക്ഷ്മജീവികളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിവര്‍ഗങ്ങള്‍ തമ്മിലും വര്‍ഗങ്ങള്‍ക്കുള്ളിലെ ജീവികള്‍ തമ്മിലും അതിജീവനത്തിലധിഷ്ഠിതമായൊരു പാരസ്പര്യം നിലവിലുണ്ട്. ഈ പാരസ്പര്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കില്‍ സംഭവിക്കുന്ന ഓരോ കടന്നുകയറ്റങ്ങളുടെ, പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളെയും മനുഷ്യനെന്ന ജീവിവര്‍ഗത്തിന്റെ അന്വേഷണത്വരയും ശാസ്ത്രബോധവുംതന്നെയാണ് കണ്ടെത്തി നിര്‍വച്ചിട്ടുള്ളത്. ഇതൊക്കെ തിരിച്ചറിയപ്പെടുമ്പോള്‍ തന്നെ മറ്റുജീവി സമൂഹങ്ങളില്‍നിന്നു വ്യത്യസ്ഥമായി തങ്ങളുടെ അധികാരത്തിനും സ്വാര്‍ത്ഥസൗകര്യങ്ങള്‍ക്കുംവേണ്ടി പ്രകൃതിയുടെ സന്തുലിതത്തിനു മുകളില്‍ നടത്തുന്ന അമിത ചൂഷണങ്ങളേയും ശാസ്ത്രസാങ്കേതിക വികാസം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. അത് പലപ്പോഴും കാലങ്ങളായി നമുക്ക് ചുറ്റുമുണ്ടായിരിക്കുകയും എന്നാല്‍ സാന്നിദ്ധ്യം അറിയിക്കേണ്ടിവരാതിരുന്ന വൈറസുകള്‍പോലും കേവലാതിജീവനത്തിന് രോഗകാരികളായിമാറുകയാണ്. രോഗാണു, രോഗം, മരുന്ന്, ചികിത്സ, ആരോഗ്യം എന്ന ഏകമുഖ കാഴ്ചപ്പാടില്‍ നിന്ന് മാറി കുറച്ച്കൂടി വിശാലാര്‍ത്ഥത്തില്‍ നിലവിലെ പ്രശ്‌നങ്ങളെ വിലയിരുത്തിക്കൊണ്ട് മാത്രമേ സമഗ്രമായൊരു പരിഹാരം തേടാന്‍ കഴിയൂ. ദിനംപ്രതി ലക്ഷകണക്കിനു ആളുകള്‍ രോഗികളാകുകയും ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ മരിച്ച് വീഴുന്നൊരു ദുരന്തമുഖത്താണോ നിങ്ങളുടെ ‘സമഗ്രപരിഹാര അന്വേഷണം’ എന്നാണ് നിലവിലെ കൊട്ടാരം ശാസ്ത്രജ്ഞരുടെയും അവരുടെ സ്തുതി പാഠകരുടേയും മറുചോദ്യം. നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത് കൂടുതല്‍ ഗുരുതരവും അശാസ്ത്രീയവും സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവുമായതുകൊണ്ട് ‘ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്ന്’തന്നെയാണ് നമ്മുടെ ഉത്തരം.
പ്രമുഖ ശാസ്ത്രഗ്രന്ഥകാരനും അന്വേഷകനുമായ ബില്‍ ൈബ്രസന്റെ പുതിയ പുസ്തകമായ ‘ദി ബോഡി’യെക്കുറിച്ച് ഒരു കുറിപ്പ് വായിക്കുകയുണ്ടായി. അതില്‍ പറയുന്ന ചില വിവരങ്ങള്‍ ശ്രദ്ധേയമാണ്. 11 ലക്ഷത്തോളം സൂക്ഷ്മജീവികളെയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. (അതിനര്‍ത്ഥം അത്രയും തരം സൂക്ഷ്മജീവികളെ ഭൂമുഖത്ത് ഉള്ളൂ എന്നല്ല) അതില്‍തന്നെ 1415 എണ്ണം മാത്രമേ മനുഷ്യരില്‍ രോഗം വരുത്തുന്നതായി തിരിച്ചറിഞ്ഞിട്ടുള്ളു. തിരിച്ചറിയപ്പെട്ട പതിനായിരത്തോളം വരുന്ന വൈറസുകളില്‍ കേവലം 263 തരം മാത്രമാണ് മനുഷ്യരില്‍ പ്രവേശിച്ചാല്‍ രോഗകാരികളായി മാറുന്നത്. പ്രോട്ടീനുകളാല്‍ പൊതിഞ്ഞ ഒരു ചെറു കണികയെന്ന് വൈറസുകളെ ലളിതമായി നിര്‍വചിക്കാം. ജൈവഘടകങ്ങളുടെ പ്രത്യേകത അടിസ്ഥാനപ്പെടുത്തി ഇവയെ രണ്ടായി വര്‍ഗീകരിച്ചിരിക്കുന്നു. DNA വൈറസ് എന്നും RNA വൈറസ് എന്നും. ബാക്ടീരിയയില്‍ നിന്നും വ്യത്യസ്ഥമായി വൈറസുകള്‍ക്ക് ആതിഥേയ ജീവികള്‍ക്കുള്ളില്‍ മാത്രമേ ജൈവപ്രക്രിയകള്‍ സാധ്യമാകുകയുള്ളു.
ആതിഥേയ ജീവകോശങ്ങളില്‍ നിന്നു ഘടകങ്ങള്‍ സ്വീകരിച്ചാണ് ജീവന്‍ നിലനിറുത്തുകയും എണ്ണം പെരുകുകയും രോഗകാരിയാകുകയും ചെയ്യുന്നത്. ഇതിനെ പുറംതള്ളാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടക്കുന്ന പ്രതികരണങ്ങളാണ് രോഗത്തെയും രോഗ തീവ്രതയേയും നിര്‍ണയിക്കുന്നത്. കോവിഡ്19 എന്ന പുതിയ വകഭേദം ഉള്‍പ്പെടുന്ന കോറോണവൈറസ് കുടുംബം ഞചഅ വൈറസുകളില്‍പ്പെട്ടതാണ്. വളരെവേഗം സ്വഭാവസവിശേഷതകളെ മാറ്റാന്‍ അതിനു കഴിയുന്നു. മരുന്നുകളെയും പ്രതിരോധ മരുന്നുകളെയും മറികടക്കുന്നതിനുള്ള കഴിവ് വളരെ വേഗം ആര്‍ജിക്കുന്നു. കോവിഡ്19 വൈറസുകള്‍ മനുഷ്യരില്‍ ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങളും പകരുന്ന വിധവും അത് തടയുന്നതിന് എടുക്കേണ്ട മുന്‍കരുതലുകളുമൊക്കെ ഇതിനകംതന്നെ നിരവധി തവണ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളിന്റെ ശരീരത്തിലേക്ക് കോവിഡ് വൈറസ് കടക്കുമ്പോള്‍ അതിനെതിരെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കപെടുകയും സൈറ്റോകൈന്‍ ഘടകവും ഇന്റര്‍ഫെറോണ്‍ ആല്‍ഫയുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചിലരില്‍ ഇത് ക്രമാതീതമായി മാറി ശരീരത്തിന്റെ പ്രതികരണം ഗുരുതരാവസ്ഥയിലേക്ക് പോകുന്നു.
ഇത്തരമൊരു അവസ്ഥയില്‍ എന്ത് ചികിത്സാപദ്ധതിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ പോലും കൃത്യമായ ദിശയിലേക്ക് എത്തിയിട്ടില്ലായെന്ന് ലോകാരോഗ്യസംഘടനയുടെ കുറിപ്പുകളില്‍ നിന്നും ലാന്‍സെറ്റ് (thelancet.com) അടക്കമുള്ള അന്താരാഷ്ട്ര മെഡിക്കല്‍ ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ ഇപ്പോള്‍ അടക്കം വരുന്ന പഠനങ്ങളും ചൂണ്ടികാട്ടുന്നു. അപ്പോള്‍ പിന്നെ എന്താണ് കേരളത്തിലടക്കം ടെസ്റ്റ് പോസിറ്റീവായി ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മുകളില്‍ നടക്കുന്നത്. വിവിധ മരുന്നുകളുടെ ഒൗേദ്യാഗികവും അല്ലാത്തതുമായ പരീക്ഷണം മാത്രമാണത്. പലതും സാധാരണ യുക്തിയില്‍ പോലും അബദ്ധമാണെന്ന് ബോധ്യമാകുന്നവ. ഏറ്റവും പ്രകടമായ ഉദാഹരണങ്ങളില്‍ ഒന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ വിവിധ അളവുകളിലും മറ്റ് സംയുക്തങ്ങളുമായി ചേര്‍ത്ത്‌നല്‍കി നടത്തുന്ന പരീക്ഷണപ്രയോഗമാണ്. മലമ്പനിക്കും എസ്.എല്‍.ഇ. അടക്കമുള്ള മറ്റ് പ്രതിരോധശേഷി തകരാറുള്ള രോഗങ്ങളിലും ഉപയോഗിക്കുന്ന ഇത് കോവിഡ് രോഗികളില്‍ പ്രയോഗിക്കുന്നതിന് ഇവര്‍ നല്കുന്ന ‘ശാസ്ത്രയുക്തി’ ഒഇഝ കഴിക്കുന്നതോട്കൂടി മുകളില്‍ സൂചിപ്പിച്ച പ്രതിരോധഘടകളുടെ പ്രവര്‍ത്തനത്തെ അത് തടയുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് മരുന്ന് കണ്ടുപിടിച്ചിട്ടില്ലയെന്നത്, ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തെ മന്ദീഭവിപ്പിക്കുന്ന, വൈറസിനുമേല്‍ യാതൊരു പ്രവര്‍ത്തനവുമില്ലാത്ത മരുന്നിന്റെ ഉപയോഗത്തെ ശാസ്ത്രീയമാക്കുന്നതെങ്ങനെ? ഇവിടെയാണ് ശാസ്ത്രത്തെ വിലയ്‌ക്കെടുക്കുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ രോഗത്തെ ലാഭം വര്‍ദ്ധിപ്പിക്കുന്ന അസംസ്‌കൃതവസ്തുവായി കാണുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. അപ്പോള്‍ പിന്നെ ഇതേ മരുന്നുതന്നെ പ്രതിരോധമരുന്നായി നല്‍കാന്‍ കഇങഞ ഇറക്കിയ തീരുമാനത്തെ പരസ്യമായി എതിര്‍ക്കാതെ അനുസരിക്കുന്ന കങഅ യുടെ ശാസ്ത്രനൈതികത ജനങ്ങള്‍ക്ക്മുന്നില്‍ ചോദ്യചെയ്യപ്പെടട്ടേ. മുംബെയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രെഫസര്‍ ഡോ. അക്ഷയ് ബെഹെതി ‘ദി വയര്‍’ സയന്‍സില്‍ എഴുതിയ ലേഖനത്തിന്റെ പേര് തന്നെ ഇങ്ങനെയാണ്. ‘5 ways in which ICMR is being partof the problem itnsed of the oslution’ എന്നാണ്. മരുന്നു ഉപയോഗിക്കുന്ന കാര്യത്തില്‍ മാത്രമല്ല ടെസ്റ്റ് കിറ്റുകള്‍ക്ക്, ലാബുകള്‍ക്ക് അനുമതി കൊടുക്കുന്ന കാര്യത്തില്‍ ഒക്കെ വരുത്തുന്ന വീഴ്ചകള്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. ഗുഹാവത്തി മെഡിക്കല്‍ മിഷന്‍ ഹോസ്പിററലിലെ ഡോക്ടറുടെ മരണകാരണം കോവിഡ് അല്ല മറിച്ച് രോഗത്തിനെതിരെ മുന്‍കരുതലായി കഴിച്ച ക്ലോറോക്വിന്‍ ആണ്. കേരളത്തിലടക്കം നടക്കുന്ന മറ്റൊരു പരീക്ഷണമാണ്. രോഗബാധകഴിഞ്ഞ് സുഖംപ്രാപിച്ചവരില്‍ നിന്നു ശേഖരിക്കുന്ന രക്തഘടകമായ പ്ലാസ്മ പുതിയ രോഗികളില്‍ കുത്തി വച്ച് നടത്തുന്ന ചികിത്സയാണ് ആന്റിബോഡി ഡിപ്പെന്റെന്റ് എന്‍ഹാന്‍സ്‌മെന്റ്(ADE). ക്ലിനിക്കല്‍ ട്രയല്‍ രജിസ്റ്ററിയില്‍ ഉള്‍പ്പെടുത്തിയ പരിക്ഷണത്തില്‍, ഇതിനു വേണ്ടുന്ന ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും അനുമതിയടക്കമുള്ള നിബന്ധനകളും തയ്യാറാക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും ഇതിന്റെ ഗുണവും ദോഷവും അടക്കമുള്ള വിശദാംശങ്ങളും ജനങ്ങളോട് പറഞ്ഞുവേണ്ടേ ചെയ്യാന്‍? ഇതൊക്കെയാണ് ശാസ്ത്രീയത, ബാക്കിയൊക്കെ കപടശാസ്ത്രവും വ്യാജചികിത്സയും എന്ന് പറഞ്ഞ് നിരന്തരം മൈക്കെടുക്കുന്നവര്‍ അതിനു തയ്യാറാകുമോ? 80 ശതമാനം രോഗികളും രോഗലക്ഷണം കാണിക്കാത്തവരാണെന്നാണ് ഐ.സി.എം.ആര്‍ന്റെ പുതിയ വെളിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ നിരീക്ഷണത്തില്‍ ആക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനുമൊക്കെ മുന്‍പേതന്നെ ഒരാളില്‍ വൈറസ് സാന്നിദ്ധ്യത്തിനു സാധ്യതയുണ്ടെന്നാണ് ഇവിടുത്തെ ചീഫ് എപ്പിഡമിയോളജിസ്റ്റ് ഡോ. രാമന്‍ഗംഗ ഖണ്ടേഖര്‍ എ.എന്‍.ഐയ്ക്ക് നല്കിയ വീഡിയോയില്‍ അഭിപ്രായപ്പെടുന്നത്.
HCQ കോവിഡ് ചികിത്സയില്‍ വളരെ നേരിയ ഫലം മാത്രമാണ് കിട്ടിയത്. അതുകൊണ്ട് ആരോഗ്യരംഗത്ത് രോഗികളുടെ സാമീപ്യം കൂടുതല്‍ വേണ്ടിവരുന്ന ഡോക്ടര്‍ നഴ്‌സ് ശുചീകരണതൊഴിലാളികള്‍ അടക്കം ഇത് ഒരു പൊതു പ്രതിരോധമരുന്നായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വയ്ക്കുന്നത്. ഇവിടെയാണ് അടുത്ത വൈരുദ്ധ്യം. സ്വാഭാവിക പ്രതിരോധശേഷിയിലെ പ്രധാന ഘടകമായ ആല്‍ഫ ഇന്റെര്‍ഫെറോണ്‍ പ്രവര്‍ത്തനത്തെ തടയുന്ന മരുന്നു പ്രതിരോധമരുന്നായി ഉപദേശിക്കുന്നവര്‍, പരീക്ഷണ ഘട്ടത്തിലിരിക്കുന്നത് എന്ന് ബോധ്യമുള്ളതും പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ചെറിയശതമാനം മാത്രം ഗുണഫലംകിട്ടുകയും കൂടുതല്‍ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ പുറത്ത് വരികയും ചെയ്യുന്ന പുതുതലമുറ പ്രതിരോധമരുന്നിനു വേണ്ടിയും യുദ്ധസമാനമായ വാദമുയര്‍ത്തുന്നവര്‍ കമ്പോള പ്രത്യയശസ്ത്രത്തിനു അനുഗുണമല്ലയെന്ന ഒറ്റകാരണം കൊണ്ട് ക്യൂബന്‍ മെഡിസിനോ സംവിധാനങ്ങളുടെ പിന്തുണയോ അംഗീകരിക്കാന്‍ തയ്യാറല്ല. റെംഡെസിവിര്‍ (ഞലാറലശ്ശെൃ) എന്നത് ഈ അടുത്ത സമയത്ത് അടിയന്തര ഉപയോഗ അനുമതി നേടിയെടുത്ത ഒരു അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണത്തിലിരിക്കുന്ന മരുന്നിന്റെ പേരാണ്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ (24/04/20) ലോകാരോഗ്യസംഘടനയുടെ ഒൗേദ്യാഗിക വെബ്‌സൈറ്റില്‍ ഈ മരുന്നിന്റെ ഫലപ്രാപ്തിയില്ലായ്മയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിശദീകരണമൊന്നുമില്ലാതെ തന്നെ അത് അപ്രത്യക്ഷമായി. ഈവര്‍ഷം മാര്‍ച്ചില്‍ ഈ മരുന്നിന്റെ കരിഞ്ചന്തയും പൂഴുത്തിവയ്പും നിലവാരമില്ലാത്ത വ്യാജപതിപ്പിനുമൊക്കെ കൂട്ടുനിന്ന ഡോക്ടര്‍ അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോഴും ഈ മരുന്നിന്റെ തീരെ കുറഞ്ഞ ഫലപ്രാപ്തി ശതമാനം അതേനിലയില്‍ തന്നെ നില്ക്കുന്നു. ഒപ്പം തന്നെ ഈ മരുന്നിനുവേണ്ടിയുള്ള ജനങ്ങളുടെ നെട്ടോട്ടവും അതിന്റെ കമ്പോളത്തിലെ വിലയും കൂടി വരുന്നത് കാണാം. ഇവിടെയാണ് ശാസ്ത്രത്തിന്റെ നേട്ടങ്ങളെയല്ല മറിച്ച് അത് ഉപയോഗിക്കുന്നവരുടെ രാഷ്ട്രീയവും നൈതികതയുമാണ് തുറന്നുകാട്ടപ്പെടുന്നത്, തിരിച്ചറിയപ്പെടുന്നത.് ഇനിയുമുണ്ട് ഒരുപിടി തെളിവുകള്‍ നിരത്താന്‍. ആരോഗ്യസേതുപോലെയുള്ള ആപുകള്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും വരുന്ന വിളികള്‍, ചോര്‍ന്നു പോകുന്ന വിവരങ്ങള്‍, രോഗഭീതിയുടെ പേരില്‍ തുടച്ചുനീക്കപ്പെടുന്ന സഹജീവികള്‍, അറിയാനും തെരഞ്ഞെടുക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ വകവെച്ചുകൊടുക്കാത്ത ഭരണാധികാരികളും കമ്പോളവും അതിനൊപ്പംതുള്ളുന്ന ആരോഗ്യരംഗത്തെ സംഘടനകളും. അപ്പോഴും കേരളത്തിലെ രാഷ്ട്രീയ ബുദ്ധിജീവികളും നിരീക്ഷകരും ശുഭാപ്തിവിശ്വാസത്തിലാണ്. ഭൗതികസമ്പത്തിന്റെയും അധികാരത്തിന്റയും നിരര്‍ത്ഥകത തിരിച്ചറിഞ്ഞ് ഈ ഭരണാധികാരികള്‍ പുതിയൊരു ലോകക്രമത്തിനായി കുറച്ചെങ്കിലും ശ്രമിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. പക്ഷേ ഈ കോവിഡ് കാലത്തെയും അതിനുമുന്‍പുള്ള ദുരന്തങ്ങളെയും ഭരണകൂടങ്ങളും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും എങ്ങനെയാണ് പ്രയോജനപ്പെടുത്തിയതെന്ന് സമൂഹത്തില്‍ ഇറങ്ങി അന്വേഷിക്കുന്നവര്‍ക്ക് തിരിച്ചറിയാം. അതുകൊണ്ടുതന്നെ ജനങ്ങള്‍ തലയുയര്‍ത്തി കാര്യങ്ങള്‍ ചോദിക്കുന്ന കാലം വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
രണ്ട് ചോദ്യങ്ങള്‍
1. വാക്‌സിന്‍ ഉപയോഗം വ്യാപകമാകുന്നതുവരെ എന്തുകൊണ്ട് വൈറസിന്റെ രണ്ടാംവരവും ജനിതകമാറ്റവും ഇത്രകണ്ട് ഗുരുതരമായിരിക്കുമെന്ന് ജനങ്ങളോട് പറയാന്‍ തയ്യാറായില്ല?
2. വളരെപെട്ടെന്ന് ജനിതകമാറ്റം ആര്‍ജ്ജിക്കുന്ന തരത്തില്‍പ്പെട്ട വൈറസിനെതിരെ പുതുതലമുറ വാക്‌സിന്‍ ഉപയോഗം ഗുണകരമാകില്ലായെന്നത് ആദ്യം തന്നെ വ്യക്തമായിരുന്നില്ലെ? ജനിതകമാറ്റം വന്ന രോഗാണു ആര്‍ജ്ജിച്ചേക്കാവുന്ന ദോഷകരമായ കഴിവുകള്‍ (വളരെ വേഗം പകരാനുള്ള കഴിവും, രോഗണുവിനെ നിര്‍വ്വീര്യമാക്കുന്ന മനുഷ്യശരീരത്തിലെ ഘടകത്തെ മറികടക്കാനുള്ള കഴിവ്) പല പഠനങ്ങളിലും പറഞ്ഞിരുന്നതല്ലേ?
(കടപ്പാട് – കേരളീയം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in