പന്നി ഫെസ്റ്റിനില്ല ബീഫ് ഫെസ്റ്റിന്റെ രാഷ്ട്രീയ വാലിഡിറ്റി

വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ നടത്തിയ പന്നി ചലഞ്ച് ചിലയിടങ്ങളിലെങ്കിലും വിവാദവും അസ്വസ്ഥതകളും ഉണ്ടാക്കിയിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍ പന്നിചലഞ്ചിനെ രാഷ്ട്രീയമായി പരിശോധിക്കാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.

പോര്‍ക്ക് ചലഞ്ചിനെ ചില മുസ്ലിം മതപണ്ഡിതന്‍മാര്‍ സമീപിച്ച രീതിയെ വളരെ വലിയ തോതില്‍ വിമര്‍ശന വിധേയമാക്കപ്പെടുകയുണ്ടായി. പ്രധാനമായയും നാസര്‍ ഫൈസി കൂടത്തായി നടത്തിയ വിമര്‍ശനമാണ്. പന്നി മാംസം നിഷിദ്ധമായവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്നും ഡിവൈഎഫ്.ഐ നടത്തുന്ന പന്നി ചലഞ്ച് വയനാട്ടിലെ ദുരിത ബാധിതരെ അവഹേളിക്കുന്നതാണ് എന്നുമാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

നാസര്‍ ഫൈസി കൂടത്തായി സമസ്തയുടെ പ്രമുഖ നേതാവൊന്നുമല്ല എങ്കിലും അദ്ദേഹത്തിന്റെ ഈ വിമര്‍ശനം സംസ്ഥാന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വലിയ തോതില്‍ എതിര്‍ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചു. സ്വാഭാവികമായും ഇസ്ലാമോഫോബുകള്‍ നിറഞ്ഞ കേരളീയ സമൂഹത്തില്‍ മുസ്ലിങ്ങളുടെ ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടാകുന്ന ചെറിയ സ്ട്രാറ്റജിക്കല്‍ അബദ്ധങ്ങള്‍ പോലും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കും. അതാണ് ഇവിടെയും ഉണ്ടായത്. മത പണ്ഡിതന്‍ എന്ന നിലയില്‍ വിശ്വാസികള്‍ക്ക് നിഷിദ്ധത്തെക്കുറിച്ചൊക്കെ ഉപദേശിക്കാനുള്ള ബാധ്യതയാകും നാസര്‍ ഫൈസി ഉപയോഗിച്ചത്. പക്ഷേ കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ ഇതിന്റെ ഇംപാക്ടിനെക്കുറിച്ച് വീടു വിചാരമില്ലാത്ത ഒന്നായിപ്പോയി ഫൈസിയുടെ പരാമര്‍ശം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കടുത്ത ഇസ്ലാമോ ഫോബുകള്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ അത്യന്തം അവഹേളനപരമായ പ്രസ്താവനകളുമായും വിലയിരുത്തലുകളുമായും വന്നു. ഇതില്‍ ചില വിലയിരുത്തലുകള്‍ ബീഫ കഴിക്കുന്നവര്‍ക്കു നേരെ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിന് സമാനമാണ് എന്നതാണ്. മറ്റു ചിലര്‍ പറഞ്ഞത് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമായ പലിശയും മദ്യവും ഒക്കെ ചേര്‍ന്ന പണമാണ് സര്‍ക്കാര്‍ ഖജനാവിലേതെന്നും അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ സഹായവും മുസ്ലിങ്ങള്‍ സ്വീകരിക്കരുതെന്നും വാദമുയര്‍ത്തി.

ഈ രണ്ട് വിലയിരുത്തലുകളും നാസര്‍ ഫൈസി നടത്തിയ പ്രസ്താവനയിലെ നയപരമായ പാളിച്ചയെക്കാള്‍ വലിയ തോതില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുകൂടിയാണ്. ബീഫ് ഫെസ്റ്റിവലും പന്നി ചലഞ്ചും സമാനമാണ് എന്ന് പറയുന്നവര്‍ രാജ്യത്തെ സാമൂഹ്യാവസ്ഥയേയൊ രാഷ്ട്രീയത്തെയോ സന്തുലിതമായി നിരീക്ഷിക്കാത്തവരോ അല്ലെങ്കില്‍ ബോധപൂര്‍വ്വം ഏകപക്ഷീയ നിരീക്ഷണം നടത്തുന്നവരോ ആണ് എന്ന് പറയാതെ വയ്യ

ബീഫ് ഫെസ്റ്റിവലുകള്‍ ഡി.വൈ.എഫ്.ഐയും മറ്റു പലരും നടത്തിയിട്ടുണ്ട്. അത് ധനസമാഹരണത്തിനല്ല. ബീഫ് ഫെസ്റ്റുകള്‍ നടത്തുന്നതിന് വലിയ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ബീഫിന്റെ പേരില്‍ രാജ്യത്ത് ഒരു ജനവിഭാഗം തെരുവില്‍ ആള്‍ക്കൂട്ടകൊലയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന നിലയാണ് രാജ്യത്തുള്ളത്. അടുക്കളയിലെ ശീതീകരണിയില്‍ ഇരിക്കുന്ന ഇറച്ചി ബീഫല്ലായെന്ന് ഇന്ത്യയിലെ ഓരോ മുസ്ലിമും സത്യാവാങ്മൂലം എഴുതിവെയ്‌ക്കേണ്ട സാഹചര്യം രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പശുക്കച്ചവടം നടത്താനോ പശുവിനെ വളര്‍ത്താനോ അത് ജീവനോപാധിയായി സ്വീകരിച്ചവര്‍ക്ക് പോലു മുസ്ലിമാണെങ്കില്‍ അത് അസാദ്ധ്യമാണ് എന്ന നില രാജ്യത്ത് പലേടത്തുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബീഫ് ഫെസ്റ്റ് നടക്കുന്നത്.

ബീഫ് ഫെസ്റ്റിനോടൊപ്പം പന്നിഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ എന്നത് സംഘ്പരിവാറിന്റെ ചോദ്യമാണ്. ഈ ചോദ്യം പൊതു സമൂഹത്തെ വഴിതെറ്റാക്കാന്‍ മാത്രമുള്ള ചോദ്യമാണ്. വിശ്വാസികളായ മുസ്ലിങ്ങള്‍ പന്നിമാംസം കഴിക്കാറില്ല. അത് പന്നി വിശുദ്ധ മൃഗം ആയതിനാലല്ല. പന്നിയെ മാതാവായോ പിതാവായോ ദൈവമായോ മുസ്ലിങ്ങളാരും കാണാറില്ല. വിശ്വാസികള്‍ക്കുള്ള ദൈവ കല്‍പന എന്ന നിലയിലാണ് പന്നിമാംസം മുസ്ലിങ്ങള്‍ ഉപേക്ഷിക്കുന്നത്.

അതേ സമയം മറ്റാരെങ്കിലും പന്നിമാംസം കഴിക്കുന്നതോ പന്നിയെ അറുക്കുന്നതോ പന്നിയെ വളര്‍ത്തുന്നതോ ഒന്നും ഒരു മുസ്ലിമും തടയാറില്ല. പന്നിമാസം വിറ്റതിന്റെ പേരിലോ കഴിച്ചതിന്റെ പേരിലോ രാജ്യത്താരും തല്ലിക്കൊല്ലപ്പെട്ടിട്ടില്ല. ആ നിലയ്ക്ക് പന്നി ഫൈസ്റ്റ് എന്നതിന് ബീഫ് ഫെസ്റ്റിന്റെ രാഷ്ട്രീയ വാലിഡിറ്റി ഇല്ല. ബീഫ് ഫെസ്റ്റും പന്നിഫെസ്റ്റും ഒരിക്കല്‍ ഡി.വൈ.എഫ്.ഐ തന്നെ കേരളത്തില്‍ ഒന്നിച്ച് നടത്തിയിട്ടുണ്ട്. അത് അപക്വമായ രാഷ്ട്രീയ വിക്ഷണത്തിന്റെ മാത്രം കുഴപ്പം കൊണ്ടാണ്. അതുപോലും ആരും ചോദ്യം ചെയ്തിട്ടുമില്ല.

ദുരന്ത ബാധിതരര്‍ക്ക് വേണ്ടി പന്നി ചലഞ്ച് നടത്തിയത് ശരിയോ തെറ്റോ എന്ന ചോദ്യത്തിന് ഇത് ഒറ്റ വാക്കില്‍ ഉത്തരം പറയേണ്ട കാര്യമേയല്ല പന്നി ചലഞ്ച് നടത്തിയ പണം ഡി.വൈ.എഫ്.ഐ നേരിട്ടാണോ ദുരിത ബാധിതര്‍ക്ക് എത്തിക്കുന്നത് എന്ന് ഈ ലേഖകന് ധാരണയില്ല, ആണെങ്കില്‍ ആ വ്യക്തികള്‍ക്ക് സ്വയം തീരുമാനം എടുക്കാവുന്ന കാര്യമേയുള്ളൂ അത് സ്വീകരിക്കണോ വേണ്ടയോ എന്ന്. അത് സമൂഹ്യ പ്രശ്‌നം ആകേണ്ട കാര്യവുമല്ല. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നതെങ്കില്‍ അതില്‍ ഇതിനോടകം തന്നെ എത്രയോ പന്നി വ്യാപാരികളുടെ പണം എത്തിയിട്ടുണ്ടാകും. മദ്യ വ്യാപാരികളുടെയും പലിശ വ്യാപാരികളുടെയും പണം ഉണ്ടാകും. സര്‍ക്കാരിന്റെ സംവിധാനം എന്ന നിലയില്‍ അല്ലാവരുടെയും പണമായി അത് മാറിക്കഴിഞ്ഞതാണ്.

ഡി.വൈ.എഫ്.ഐയെ പോലൊരു സംഘടന പന്നി ചലഞ്ച് നടത്തുന്നത് ഉചിതമാണോ അല്ലയോ എന്ന ചോദ്യം അപ്പോഴും നില നില്‍ക്കും. നാസര്‍ ഫൈസി കൂടത്തായി അത്തരം ഒരു പ്രസ്താവന നടത്തിയത് അനുചിതമായതുപോലെ തന്നെയാണ് ഡി.വൈ.എഫ്.ഐയുടെ പന്നി ചലഞ്ചും.. ഡി.വൈ.എഫ്.ഐ എല്ലാ ജനവിഭാഗങ്ങളിലും പെട്ട യുവാക്കളെ ഉള്‍ക്കൊള്ളിക്കുന്ന സംഘടനയാണ് എന്നാണ് വെയ്പ്. അത്തരം ഒരു സംഘടന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കുമ്പോള്‍ എല്ലാവര്‍ക്കും സഹകരിക്കാവുന്ന രീതിയായിരുന്നു സ്വീകരിക്കേണ്ടത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദാനങ്ങള്‍ നല്‍കുന്ന സമൂഹം മുസ്ലിങ്ങളാണെന്ന് സാമൂഹ്യ വിശകലനം നടത്തിയാല്‍ മനസ്സിലാക്കാം. സ്‌കൂള്‍ പി.ടി.എ ഫണ്ടു മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വരെ അവലോകനം ചെയ്താല്‍ അത് ബോധ്യമാകും. മുസ്ലിം സംഘടനകള്‍ സ്വന്തം നിലയ്ക്ക് ചെയ്യുന്ന ചാരിറ്റി വേറെയും. മുസ്ലിങ്ങള്‍ ദാന ധര്‍മങ്ങളില്‍ ഏര്‍പ്പടുന്നത് കേവലം സഹാനുഭൂതി മാത്രമല്ല വിശ്വാസപരവും കൂടിയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പന്നി ചലഞ്ച് ആയതോടെ വിശ്വാസികളായ മുസ്ലിങ്ങളുടെ പങ്കാളിത്ത സാദ്ധ്യത അടയപ്പെടുകയാണ് ചെയ്തത്. ഡി.വൈ.എഫ്.ഐ യെപ്പോലെ ജനകീയമായ സംഘടന ഒരു ആശയം രൂപപ്പെടുത്തുമ്പോള്‍ ആരെയെങ്കിലും എക്‌സ്‌ക്ലൂഡ് ചെയ്യുന്നപരിപാടികള്‍ നടത്താന്‍ പാടില്ലായിരുന്നു. പന്നി ചലഞ്ചില്‍ ഡി.വൈ.എഫ്.ഐ യുടെ രാഷ്ട്രീയ ബോധ്യമില്ലായ്മയാണ് പ്രകടമായത്. രാജ്യത്തെ സൂഷ്മ രാഷ്ട്രീയം വിശകലനം ചെയ്യുന്നതിലെ കൃത്യതയില്ലായ്മയുമാണത്. ഇങ്ങനെ കാര്യങ്ങളെ വ്യാഖ്യാനം ചെയ്യുന്നിടത്തോളം കാലം സംഘ്പരിവാറിന് ഇതൊക്കെ വളമാകും എന്നെങ്കിലും ഡി.വൈ.എഫ്.ഐ തിരിച്ചറിയണം. പക്ഷേ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ മതേതര പ്രതിഛായയുടെ മുഖം മുറിഞ്ഞ അവര്‍ക്ക് ഇത് തിരിച്ചറിയാനാകുന്നില്ല എന്നതില്‍ അത്ഭുതപ്പെട്ടിട്ടും കാര്യമില്ല.

ബീഫ് ഫെസ്റ്റും പന്നി ഫെസ്റ്റും സമാനമേയല്ല. രണ്ടും വ്യക്തമായ രണ്ട് രാഷ്ട്രീയ വഴികളാണ്. അത് രണ്ടും സമാനമെന്നു വ്യാഖ്യാനിക്കുന്നത് അപകടമാണ്. നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത് ആ നിലയിലേ ആയിരുന്നില്ല. പക്ഷേ ബോധത്തിലും അബോധത്തിലും ഇസ്ലാമോഫോബിയ നിറഞ്ഞ സമൂഹത്തിന് അങ്ങനെ പറയാനുള്ള വഴിയൊരുക്കി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply