ആഭ്യന്തര കൊളോണിയലിസത്തിന്റെ ബാക്കിപത്രം

കാര്‍ഷികമേഖലയെ വന്‍കിട അണകെട്ടുകള്‍, യന്ത്രോപകരണങ്ങള്‍, കീടനാശിനികള്‍ എന്നിവകൊണ്ട് പരിഷ്‌കരിച്ചപ്പോള്‍ വന്‍കിട ഫാക്ടറികള്‍, ഘനവ്യവസായങ്ങള്‍, രാസവള നിര്‍മ്മാണ ശാലകള്‍ എന്നിവയിലധിഷ്ഠിതമായിരുന്നു വ്യവസായ മേഖല. ഇതിനാവശ്യമായ ശാസ്ത്ര സാങ്കേതിക ജ്ഞാനം ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്രകാരം സര്‍ക്കാരിന്റെ പരിരക്ഷ ലഭിച്ച സമ്പദ് ഘടനയുടെ ലക്ഷ്യം വിപുലമായ തൊഴില്‍ മേഖല സൃഷ്ടിക്കലായിരുന്നു. ഈ സാമ്പത്തികനയം അവഗണിച്ചതും അനാഥമാക്കിയതും ചെറുകിട – കൈത്തൊഴില്‍ വ്യവസായങ്ങളെയാണ്. പ്രസ്തുതമേഖലയില്‍ മതിയായ മൂലധന നിക്ഷേപവും ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിന്റേയും തൊഴില്‍ വൈദഗ്ധ്യത്തിന്റേയും വിന്യാസവും നടന്നില്ല. കൂടാതെ തദ്ദേശീയ ഉല്‍പ്പന്നങ്ങളെ യന്ത്രവല്‍കൃത ഉല്‍പ്പന്നങ്ങള്‍ പുറന്തള്ളിയതോടെ ചെറുകിട സ്വത്തുടമസ്ഥരും തൊഴിലെടുക്കുന്നവരുമായി പതിനായിരങ്ങളാണ് നിരാലംബരായത് – കെ കെ കൊച്ചിന്റെ ‘സ്വയംപര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം’ എന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം

രാജ്യത്തെ നിരവധി ജനങ്ങളുടെ സ്വത്തുടമസ്ഥതയും ഉപജീവനോപാധിയും മാത്രമല്ല, സമ്പദ്ഘടനയെ സാമൂഹ്യാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തുന്നതില്‍ സൂക്ഷ്മ ഇടത്തരം ചെറുകിട അഥവാ ചെറുകിട – കൈത്തൊഴില്‍ വ്യവസായ മേഖലയുടെ പങ്ക് വളരെ വലുതാണ്. മാര്‍ക്‌സ്, ഇന്ത്യാചരിത്ര കുറിപ്പുകളില്‍ നിര്‍വ്വചിക്കുന്ന ഏഷ്യാറ്റിക് സമൂഹം എന്ന പരികല്‍പ്പനയെ കണക്കിലെടുക്കാതെ നിരീക്ഷിച്ചാല്‍ ലഭിക്കുന്ന സമ്പദ്ഘടനയുടെ ചിത്രം, കാര്‍ഷിക – കൈത്തൊഴില്‍ ഉല്‍പ്പാദനത്തിന്റെ സംയോജനമാണ്. കാര്‍ഷികവിളകള്‍, ഉല്‍പ്പാദനവൃത്തിക്കാവശ്യമായ ഉപകരണങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍, ഗൃഹനിര്‍മ്മാണ സാമഗ്രികള്‍, കള്ിപ്പാട്ടങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ വസ്തുക്കളാണ് ഉല്‍പ്പാദിപ്പിച്ച് ക്രയവിക്രയം ചെയ്തിരുന്നത്. ഇവയില്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ജാതി തൊഴില്‍ നിര്‍മ്മിതികളായിരുന്നു. അതുകൊണ്ടാണ് നവോത്ഥാനകാലത്ത് ശ്രീമൂലം പ്രജാസഭയില്‍ ജാതിതൊഴിലുകളെ കുടില്‍ വ്യവസായങ്ങളാക്കണമെന്ന വാദം പൊയ്കയില്‍ അപ്പച്ചന്‍ മുന്നോട്ടുവെച്ചത്.

പുരാതനസമൂഹങ്ങളില്‍ ആവിര്‍ഭവിച്ചതും മധ്യകാലങ്ങളില്‍ വ്യാപകമായി തീര്‍ന്നതുമായ ചന്തകളില്‍ നിന്നോ അങ്ങാടികളില്‍ നിന്നോ പരിവര്‍ത്തനപ്പെട്ടതുമായ ചെറുകിട കൈത്തൊഴില്‍ വ്യവസായവും പ്രകൃതിവിഭവങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങളും അസംഘടിതതൊഴിലുകളുമാണ് ജനങ്ങളുടെ ്തിജീവനം സാധ്യമാക്കിയത്. മാത്രമല്ല, പഴയകാല അധിനിവേശ യുദ്ധങ്ങളുടെ തുടര്‍ച്ചയായ എ ഡി 8-ാം നൂറ്റാണ്ടുമുതല്‍ സര്‍വ്വസാധാരണമായ വിദേശാക്രമങ്ങള്‍, ജനങ്ങളുടെ സാമ്പത്തിക ജീവിതത്തെ തകര്‍ക്കാതിരുന്നതിനും കൂട്ടപ്പാലായനങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിനും മറ്റെന്തിനേക്കാളും ലളിതവും ഉപഭോഗവസ്തുക്കള്‍ കൊണ്ട് സമ്പന്നവുമായിരുന്ന ഈ മേഖലക്ക് കഴിഞ്ഞിരുന്നുവെന്നാണ് സാമ്പത്തിക ശാസ്ത്രചരിത്രം വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തിലുടനീളം നിലനിന്ന സമ്പദ്ഘടനയെ ശിഥിലമാക്കുന്നതും തകര്‍ക്കുന്നതും ബ്രിട്ടീഷ് കൊളോണിയലിസമാണ്. രാജ്യത്തുടനീളം നിര്‍മ്മിച്ച റെയില്‍പാളങ്ങള്‍, റോഡുകള്‍, തുറമുഖങ്ങള്‍ എന്നിവയോടൊപ്പം കമ്പിതപാലും മറ്റ് സമ്പര്‍ക്കരൂപങ്ങളും പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുക, തൊഴില്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തുക, ജാതിയുടെ സാമൂഹ്യവിഭജനത്തിന് അടിത്തറയായ ശരീരങ്ങള്‍ തമ്മിലുള്ള അകലം കുറക്കുക എന്നീ കാര്യങ്ങളോടൊപ്പം ദേശീയതാ രൂപീകരണത്തിന് സഹായമാകുംവിധം ഗ്രാമങ്ങളേയും നാട്ടുരാജ്യങ്ങളേയും സംയോജിപ്പിച്ച് ഇന്ത്യയെന്ന ദേശരാഷ്ട്രം രൂപീകരിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

അതേസമയം കൊളോണിയല്‍ സര്‍ക്കാരിന്റെ സാമ്പത്തികനടപടികള്‍ സമ്പദ്ഘടനക്കേല്‍പ്പിച്ച ആഘാതം കനത്തതായിരുന്നു. കാര്യമായ എതിര്‍പ്പുകളോ പ്രതിരോധ പ്രവര്‍ത്തനങ്ങേളാ ഇല്ലാതിരുന്നതിനാല്‍ റെയില്‍വേയും റോഡുകളും തുറമുഖങ്ങളും ഖനിജങ്ങളും പ്രകൃതിവിഭവങ്ങളും അസംസ്‌കൃതവസ്തുക്കളും കയറ്റുമതി ചെയ്യാനാണ് സഹായകമായത്. കൂടാതെ വറുതിയിലും പട്ടിണിയിലും ആണ്ടുകിടക്കുന്ന ജനങ്ങളെ യുദ്ധരംഗങ്ങളിലേക്കും നിര്‍മ്മാണമേഖലകളിലേക്കും പുതുതായി ആരംഭിച്ച തോട്ടങ്ങളിലേക്കും അനായാസം ആട്ടിതെളിച്ചു കൊണ്ടുപോകാമെന്ന സ്ഥിതിയും സംജാതമായി. ഇത്തരം ചൂഷണവും അടിച്ചമര്‍ത്തലുമാണ് അധിനിവേശ ഇന്ത്യയുടെ സമ്പദ്ഘടനയെ മുഖ്യമായും ചെറുകിട കൈത്തൊഴില്‍ വ്യവസായ മേഖലയെ നാശത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് വിദേശനിര്‍മ്മിത വസ്തുക്കളുടെ കുത്തൊഴുക്കാണ് ദേശീയവിപണിയിലുണ്ടായത്. ഉല്‍പ്പന്നങ്ങളാകട്ടെ കോളനി രാജ്യങ്ങലില്‍ നിന്നും കവര്‍ന്നെടുത്തതും പിടിച്ചെടുത്തതുമായ വിഭവങ്ങളെ ശാസ്ത്രസാങ്കേതിക ജ്ഞാനത്താല്‍ പരിഷ്‌കരിച്ചവയായിരുന്നു. ഇംഗ്ലണ്ടിലെ ആധുനിക ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിച്ച നിര്‍മ്മിതവസ്തുക്കള്‍ വിറ്റഴിക്കാനായി ഉല്‍പ്പാദന സമ്പ്രദായത്തെ മാത്രമല്ല, വിപണിയേയും തകര്‍ക്കേണ്ടതുണ്ടായിരുന്നു. മാഞ്ചസ്റ്ററിലെ ഫാക്ടറികളില്‍ യന്ത്രസഹായത്തോടെ നിര്‍മ്മിച്ച തുണിത്തരങ്ങള്‍ വിറ്റവിക്കാനായി, പരമ്പരാഗതമായി നിലനിന്ന നെയ്ത്തിനെ നശിപ്പിച്ചതിന്റെ ദുരന്തചിത്രം മാര്‍ക്‌സിന്റെ ഇന്ത്യാചരിത്ര കുറിപ്പുകളിലുണ്ട്. വിദേശവസ്ത്രങ്ങള്‍ വിപണികളില്‍ നിറഞ്ഞതോടെ തൊഴിലുകളില്‍ നിന്നും പുറന്തള്ളപ്പെട്ട ദരിദ്രരും നിരാലംബരുമായ ആയിരകണക്കിനു നെയ്ത്തുകാരുടെ ശവശരീരങ്ങള്‍ ഡെക്കാണിയുടെ നീളം ചിതറികിടന്നതായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇപ്രകാരം ചെറുകിട വ്യവസായങ്ങളേയും കൈത്തൊഴിലുകളേയും നശിപ്പിച്ചതിന്റെ ചിത്രം മാര്‍ക്‌സ് മാത്രമല്ല, കൊളോണിയല്‍ വിരുദ്ധ ദേശീയ സമരത്തിന്റെ ഊര്‍ജ്ജസ്രോതസ്സ് എന്ന നിലയില്‍ നിരവധി സാമ്പത്തിക ചരിത്രകാരന്മാര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ദേശീയനേതൃത്വത്തിനും മുകളില്‍ വിവരിച്ച യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഗാന്ധി, സ്വദേശീയവല്‍ക്കരണം എന്ന പരികല്‍പ്പനയുടെ ഭാഗമായി വിദേശവസ്തുക്കളുടെ ബഹിഷ്‌കരണവും വിദേശവസ്ത്രങ്ങളുടെ കത്തിക്കലും കൈകൊണ്ട് ചര്‍ക്കയില്‍ നെയ്ത ഖാദി വസ്ത്രധാരണവും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ ഡോ ബി ആര്‍ അംബേദ്കറിന് വ്യത്യസ്ഥമായൊരു നിലപാടാണ് ചെറുകിട – കൈത്തൊഴില്‍ വ്യവസായമേഖലയോടുണ്ടായിരുന്നത്. അദ്ദേഹം വിഭാവനം ചെയ്ത സ്‌റ്റേറ്റ് സോഷ്യലിസത്തില്‍ തുണ്ടുഭൂമികളും വന്‍കിട ഉടമസ്ഥതയും ഇല്ലാതാക്കാനായി ഭൂമിയുടെ ദേശസാല്‍ക്കരണം, സ്‌റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട വ്യവസായങ്ങള്‍ എന്നിവയോടൊപ്പം ചെറുകിട – കൈത്തൊഴില്‍ വ്യവസായങ്ങളെ സ്വകാര്യ സംരംഭങ്ങളായി നിലനിര്‍ത്താനുതകുന്ന വിധം സര്‍ക്കാര്‍ മൂലധനവും ശാസ്ത്രസാങ്കേതിക ജ്ഞാനവും ലഭ്യമാക്കണമെന്നാണ് വാദിച്ചത്. മാത്രമല്ല, ഈ മേഖലയുടെ പരിരക്ഷക്കായി നിയമമന്ത്രിയെന്ന നിലയില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച നിരവധി ബില്ലുകള്‍, തൊഴിലധിഷ്ഠിതമെന്നതിനുപരി സ്വത്തധിഷ്ഠിതമാക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്.

എന്നാല്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന നെഹ്‌റുവിന് വേറിട്ടൊരു സാമ്പത്തികനയമാണ് ഉണ്ടായിരുന്നത്. ഗാന്ധിയേയും അംബേദ്കറിനേയും നിഷേധിച്ച അദ്ദേഹം സോവിയറ്റ് യൂണിയന്റെ മാതൃകയാണ് സ്വീകരിച്ചത്. അതിന്റെയടിസ്ഥാനത്തില്‍ കാര്‍ഷികമേഖലയെ വന്‍കിട അണകെട്ടുകള്‍, യന്ത്രോപകരണങ്ങള്‍, കീടനാശിനികള്‍ എന്നിവകൊണ്ട് പരിഷ്‌കരിച്ചപ്പോള്‍ വന്‍കിട ഫാക്ടറികള്‍, ഘനവ്യവസായങ്ങള്‍, രാസവള നിര്‍മ്മാണ ശാലകള്‍ എന്നിവയിലധിഷ്ഠിതമായിരുന്നു വ്യവസായ മേഖല. ഇതിനാവശ്യമായ ശാസ്ത്ര സാങ്കേതിക ജ്ഞാനം ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്രകാരം സര്‍ക്കാരിന്റെ പരിരക്ഷ ലഭിച്ച സമ്പദ് ഘടനയുടെ ലക്ഷ്യം വിപുലമായ തൊഴില്‍ മേഖല സൃഷ്ടിക്കലായിരുന്നു. ഈ സാമ്പത്തികനയം അവഗണിച്ചതും അനാഥമാക്കിയതും ചെറുകിട – കൈത്തൊഴില്‍ വ്യവസായങ്ങളെയാണ്. പ്രസ്തുതമേഖലയില്‍ മതിയായ മൂലധന നിക്ഷേപവും ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിന്റേയും തൊഴില്‍ വൈദഗ്ധ്യത്തിന്റേയും വിന്യാസവും നടന്നില്ല. കൂടാതെ തദ്ദേശീയ ഉല്‍പ്പന്നങ്ങളെ യന്ത്രവല്‍കൃത ഉല്‍പ്പന്നങ്ങള്‍ പുറന്തള്ളിയതോടെ ചെറുകിട സ്വത്തുടമസ്ഥരും തൊഴിലെടുക്കുന്നവരുമായി പതിനായിരങ്ങളാണ് നിരാലംബരായത്.

എണ്ണമറ്റ നിരവധി ഉല്‍പ്പന്നങ്ങളില്‍ മണ്‍പാത്രത്തിന്റെ മാത്രം കാര്യമെടുക്കുക. ചുരുങ്ങിയ കാലം വരെ യുവജനങ്ങളുടെ നിത്യാപയോഗ സാധനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നു മണ്‍പാത്രങ്ങള്‍. സ്ത്രീകളടക്കം ലക്ഷകണക്കിനു തൊഴിലെടുക്കുന്നവരേയും ഉപഭോക്താക്കളേയും ഉള്‍ക്കൊണ്ടിരുന്ന ഈ കൈത്തൊഴിലിന് നാഗരികതയുടെ നിര്‍മ്മിതിയില്‍ വലുതായ പങ്കാണുള്ളത്. പില്‍ക്കാലത്ത് ഓട്, പിച്ചള, ചെമ്പ് എന്നിവ കൊണ്ടുള്ള നിര്‍മ്മിതികള്‍ സമ്പന്നരുടെ ഗൃഹോപകരണങ്ങളും ആഡംബരവസ്തുക്കളുമായതോടെ മണ്‍പാത്രങ്ങളുടെ ഉപയോഗം ദരിദ്രജനതകളിലൊതുങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. മണ്‍പാത്രങ്ങളുടെ കഷ്ടകാലം അവസാനിക്കുന്നില്ല. പിന്നീട് വിലകുറഞ്ഞതും ദീര്‍ഷകാലം നിലനില്‍ക്കുന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതുമായ അലുമിനിയം പാത്രങ്ങളുടേയും സ്റ്റീല്‍ ഉപകരണങ്ങളുടേയും ഉപയോഗം, മണഅ#പാത്ര നിര്‍മ്മാണ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പതിനായിരങ്ങളെയാണ് പട്ടിണിയിലേക്കും നിരാശ്രയത്വത്തിലേക്കും വലിച്ചെറിഞ്ഞത്. ഇപ്രകാരം നിരവധി നിര്‍മ്മാണ മേഖലകളില്‍ നിന്നും പറിച്ചെറിയപ്പെട്ടവരും യന്ത്രവല്‍കൃതകൃഷിയില്‍ നിന്ന് പുറന്തള്ളപ്പെട്ടവരും ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് നടത്തിയ കൂട്ടപ്പലായനത്തിലൂടേയും കുടിയേറ്റത്തിലൂടേയുമാണ്. അവിശ്വസനീയമായ വിധത്തില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചേരികളും ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളായ മുംബൈയിലെ കാമാത്തിപുരവും കൊല്‍ക്കത്തയിലെ സോനാഗച്ചിയും രൂപപ്പെട്ടത്. മാത്രമല്ല, രാജ്യമെമ്പാടും ബാലവേലകള്‍ സ്ഥാപനവല്‍ക്കരിക്കാനും കാരണം മറ്റൊന്നല്ല. ഇത്തരം ദുരിതങ്ങലോടും ഗാന്ധിയന്മാരും അംബേദ്കറൈറ്റുകളും പുലര്‍ത്തിയത് കുറ്റകരമായ നിശബ്ദതയാണ്.

സ്വദേശീവല്‍ക്കരണത്തെ സമ്പദ്ഘടനയുടെ അനിവാര്യഭാഗമാക്കാന്‍ ശ്രമിക്കാതെ സായാഹ്നഗാന്ധിയന്മാര്‍ ഭക്തിയിലൂടേയും അനുഷ്ഠാനങ്ങളിലൂടേയുമാണ് ഗാന്ധിയെ ഉള്‍ക്കൊണ്ടത്. അംബേദ്കറിന്റെ സാമ്പത്തികവീക്ഷണത്തെ സമകാലിനതയിലേക്ക് പറിച്ചുനടാന്‍ വിസമ്മതിച്ച അംബേദ്കറൈറ്റുകള്‍ക്ക് സാമൂഹ്യനീതിയെ സാമ്പത്തികനീതിയുമായി സംയോജിപ്പിക്കാനായില്ല. കമ്യൂണിസ്റ്റുകാരുടെ കാര്യമോ? ചെറുകിട – കൈത്തൊഴില്‍ വ്യവസായമേഖലയെ രാജ്യത്തിനാകമാനം മാതൃകയാക്കാവുന്ന വിധം പുനസംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. 1957 ലെ കേരളത്തിലെ ഭരണം ഇതിനനുകൂലമായ അവസരം സൃഷ്ടിച്ചിരുന്നു. ദേശസാല്‍ക്കരണത്തെ സ്വകാര്യസ്വത്തില്ലാതാക്കാനുള്ള ഏകമാര്‍ഗ്ഗമായി കണ്ടെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം മുഴുവന്‍ ഭൂമിയും ദേശസാല്‍ക്കരിക്കാതെ, ഭൂപരിഷ്‌കരണത്തിലൂടെ ദലിതേതരസമുദായങ്ങളില്‍ സ്വകാര്യസ്വത്തുടമസ്ഥത ഉറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ്സിനെപോലും ആവേശം കൊള്ളിച്ച ഭൂപരിഷ്‌കരണത്തിന്റെ രീതിയല്ല ചെറുകിട കൈത്തൊഴില്‍ മേഖലകളില്‍ അവലംബിച്ചത്. ഈ മേഖലകളിലെ മൂലധന നിക്ഷേപത്തിലൂടേയും വിഭവവിനിയോഗത്തിലൂടേയും തൊഴില്‍ പരിഷ്‌കരണത്തിലൂടേയും സ്വകാര്യസ്വത്തുടമസ്ഥരുടെ ഒരു നിര രൂപീകരിക്കാന്‍ കഴിയുമായിരുന്നു. ഇക്കാര്യം കണക്കിലെടുക്കാതെ നെഹ്‌റുവിന്റെ സാമ്പത്തികനയത്തിനനുസൃതമായി കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തിയത് വന്‍കിട വ്യവസായങ്ങളിലായിരുന്നു. എന്നാല്‍ വന്‍കിട വ്യവസായ മേഖലയേക്കാള്‍ അനേകമടങ്ങ് തൊഴില്‍ ലഭ്യതയുണ്ടായിരുന്ന, പരമ്പരാഗത വ്യവസായങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട മേഖലയുടെ വികാസം തടയുംവിധം കോര്‍പ്പറേഷനുകളിലൂടേയും ബോര്‍ഡുകളിലൂടേയും ഉദ്യോഗസ്ഥ മേധാവിത്വത്തിന് വിധേയമാക്കുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ മൂലധനത്തിന്റെ വിനിയോഗം, വ്യവസായ സംരംഭകരിലും തൊഴിലെടുക്കുന്നവരിലും എത്തിചേര്‍ന്നില്ല. ഫലമോ, തൊഴില്‍ വൈദഗ്ധ്യവും ഉല്‍പ്പന്നങ്ങളുടെ വിപണിയും മാത്രമല്ല, വ്യവസായ മേഖലയുടെ കാലോചിതമായ പരിഷ്‌കരണവും അസാധ്യമായി തീര്‍ന്നു. ഉല്‍പ്പന്നങ്ങള്‍ ഏറെയും കയറ്റുമതി ചരക്കുകളാകുകയായിരുന്നു. തന്മൂലം തൊഴിലെടുക്കുന്നവര്‍ ഉദ്യോഗസ്ഥ മേധാവികളിലൂടെ സര്‍ക്കാരിന്റെ തൊഴില്‍ സേനയായി പരിവര്‍ത്തനപ്പെട്ടു.

കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളിലെ സാമ്പത്തികകുഴപ്പം ചെറുകിട – കൈത്തൊഴില്‍ മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതോടെ, കോണ്‍ഗ്രസ്സ് ഗവണ്മന്റിന്റെ ആഹ്വാനമായിരുന്നു ‘നാടന്‍ വാങ്ങി നാടു നന്നാക്കുക’ എ്ന്നത്. അതായത് തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഈ നിര്‍ദ്ദേശം പരാജയപ്പെടുകയായിരുന്നു. കാരണം വിദേശ ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിലും വൈദഗ്ധ്യത്തിലും ഉല്‍പ്പാദിപ്പിച്ച നിര്‍മ്മിതികളോട് വിലയിലോ ഗുണനിലവാരത്തിലോ ലഭ്യതയിലോ മത്സരിക്കാന്‍ തദ്ദേശനിര്‍മ്മിതികള്‍ക്ക് കഴിയുമായിരുന്നില്ല. ഇപ്രകാരം പല ഘട്ടങ്ങളിലും തകര്‍ച്ചയെ അഭിമുഖീകരിച്ച ഈ മേഖലയെ അനേകായിരങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായി നിലനിര്‍ത്തിയത് ചെറുകിടപണമിടപാടുകാരും പണം പലിശക്ക് കടം കൊടുക്കുന്നവരും ഗ്രാമീണ സഹകരണ സ്ഥാപനങ്ങളുമാണ്. ഈ പണണിടപാട് സമ്പ്രദായത്തെ ചലനരഹിതമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നോട്ടുറദ്ദാക്കല്‍ നടപടിയാണ്. മുന്നറിയിപ്പില്ലാത്ത നോട്ടുറദ്ദാക്കലിലൂടെ 15 ലക്ഷം കോടി കറന്‍സിയാണ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്. ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ കാരണമായി ചൂണ്ടികാട്ടിയത് കള്ളപ്പണം ഇല്ലാതാക്കുക, ആഭ്യന്തരതീവ്രവാദം തടയുക, അതിര്‍ത്തി കടന്നുള്ള സൈനിക നീക്കങ്ങളെ പ്രതിരോധിക്കുക എന്നിവയായിരുന്നു. രാജ്യത്തിന്റെ ആവശ്യങ്ങളെന്ന പ്രചാരണത്തിലൂടെ മുന്നോട്ടുവെച്ച സര്‍ക്കാര്‍ താല്‍പ്പര്യങ്ങളെ സംഘപരിവാര്‍ അനുകൂലികളായ സാമ്പത്തിക ശാസ്ത്രജ്ഞരും രാഷ്ട്രീയനേതൃത്വവും ഒഴിച്ചാരും അംഗീകരിച്ചിരുന്നില്ല.

രാജ്യത്തെ മുഴുവന്‍ പൗരന്മാരോടും സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടത് നിലവിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച് പുതിയ നോട്ടുകള്‍ വാങ്ങാനാണ്. മതിയായ നോട്ടുകളില്ലാതിരുന്നതിനാല്‍ എ ടി എമ്മുകളുടെ മുന്നില്‍ ക്യൂ നിന്ന് നൂറിലേറെ പേരാണ് മരിച്ചുവീണത്. ഇത്തരം യാതനകളെ കണ്ടില്ലെന്ന് നടിച്ച സര്‍ക്കാര്‍ അവകാശപ്പെട്ടത് വിപണിയില്‍ പ്രചാരത്തിലുള്ള കള്ളപ്പണമായ 3 ലക്ഷം കോടി രൂപ ഖജനാവിലെത്തി ചേരാറില്ലെന്നാണ്. എന്നാല്‍ സംഭവിച്ചതെന്താണ്? വ്യക്തികളും സ്ഥാപനങ്ങളും ബാങ്കുകളില്‍ തിരിച്ചെത്തിച്ചത് 99 ശതമാനത്തിലേറ നോട്ടുകളാണ്. ദിവസങ്ങളെടുത്ത് എണ്ണിതീര്‍ത്ത ഈ പണം അംഗീകരിക്കപ്പെട്ടതോടെ വിനിമയത്തിലുണ്ടായിരുന്ന കള്ളപ്പണമടക്കം മുഴുവന്‍ പണവും നിയമാനുസൃതമായ ബാങ്കിംഗ് മൂലധനമായി മാറുകയായിരുന്നു. ഫലമോ, പണത്തിന്റെ മേലുള്ള സമ്പൂര്‍ണ്ണ നിയന്ത്രണവും ക്രയവിക്രയ സ്വാതന്ത്ര്യവും സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഇപ്രകാരം മുഴുവന്‍ പണവും ബാങ്കിംഗ് മൂലധനമായി മാറിയതോടെ, ബാങ്കുകളുടെ ലയനത്തിലൂടെയാണ് മൂലധനകേന്ദ്രീകരണം സാധ്യമായത്. 1936 മുതല്‍ നിലനിന്നിരുന്ന റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണ സ്വഭാവം ഇല്ലാതാക്കി, സര്‍്കകാരിന്റെ അധീശത്വം ഉറപ്പിക്കുംവിധം ആശ്രിതരായ ഗവര്‍ണ്ണര്‍മൊ നിയമിച്ചു. ഇതോടെ, അതിസമ്പന്നരായ കുത്തകകളുടേയും കോര്‍പ്പറേറ്റുകളുടേയും സ്ഥാപനങ്ങളുടേയും വായ്പകള്‍ കിട്ടാക്കടമായി എഴുതിത്തള്ളാനും പ്രതിസന്ധികളില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ റിസര്‍വ്വ് ഫണ്ടായ 26 ലക്ഷം കോടിയില്‍ നിന്നും ഒന്നേകാല്‍ ലക്ഷം കോടി രൂപ നല്‍കാനും കഴിഞ്ഞത്. ഇപ്രകാരം കോര്‍പ്പറേറ്റ് മേഖലക്ക് ലഭ്യമായത് എട്ടേകാല്‍ ലക്ഷം കോടി രൂപയാണ്.

അതേസമയം കാര്‍ഷികമേഖലക്കെന്നപോലെ ചെറുകിട – കൈത്തൊഴില്‍ വ്യവസായ മേഖലക്ക് സര്‍ക്കാരില്‍ നിന്നു മാത്രമല്ല, സ്വകാര്യ പണമിടപാടുകാരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ ലഭിച്ചതേയില്ല. പണലഭ്യതയുടെ അഭാവത്തില്‍ പാല്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് നശിപ്പിക്കേണ്ടി വന്നപ്പോള്‍ കൈത്തൊഴില്‍ – ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ഈ മേഖലയിലെ ആയിരകണക്കായ ചെറുകിട സ്വത്തുടമസ്ഥര്‍ ഒന്നുമില്ലാത്തവരായി മാറുകയും പതിനായിരകണക്കിന് തൊഴിലെടുക്കുന്നവര്‍ പുറന്തള്ളപ്പെടുകയും ചെയ്തു. വസ്തുതകള്‍ ഇപ്രകാരമായിരിക്കെ, ഡിജിറ്റല്‍ പണമിടപാടുകളിലൂടെ സമ്പന്നര്‍ക്ക് സുരക്ഷിതരാകാന്‍ കഴിഞ്ഞു.

ബ്രിട്ടീഷ് കൊളോണിയലിസം, ചെറുകിട – കൈത്തൊഴില്‍ വ്യവസായത്തെ കാല്‍കീഴിലമര്‍ത്തിയത് ആധുനികയന്ത്രങ്ങളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ കൊണ്ടായിരുന്നെങ്കില്‍, വര്‍ത്തമാനകാലത്ത് ആഭ്യന്തര കൊളോണിയലിസത്തിലൂടെ ഈ ദൗത്യം നിര്‍വ്വഹിക്കുന്നത് ബാങ്കിംഗ് മൂലധനമാണ്. ലക്ഷ്യമാകട്ടെ, കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ക്കാവശ്യമായ ഉല്‍പ്പാദനവും വിപണിവല്‍ക്കരണവുമാണ്. ഇതിനു സഹായകമായ വ്യവസ്ഥകളിലൂടെയായിരിക്കും ചെറുകിട – കൈത്തൊഴില്‍ വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പകള്‍ ലഭിക്കുകയുള്ളുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് വ്യക്തമാക്കിയത്. അതുകൊണ്ടാണ് സംസ്ഥാനങ്ങളുടെ വായ്പാപരിധി 3 ശതമാനത്തില്‍ നിന്നും 5 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ഒന്നരശതമാനം ലഭിക്കാന്‍, വൈദ്യുതി വിതരണ സ്വകാര്യവല്‍ക്കരണം, വ്യവസായ നടത്തിപ്പ് എളുപ്പമാക്കല്‍, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്നിങ്ങനെയുള്ള പരിഷ്‌കാരങ്ങള്‍ ബാധകമാക്കിയത്.

(തുടരും)

ALSO READ

സ്വയംപര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം

ALSO READ

ഇനി വരുന്നത് കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സര്‍വ്വാധിപത്യകാലം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply