അയ്യന്‍കാളിയും ഇനിയും ആധുനികമാകാത്ത കേരളസമൂഹവും
മഹാത്മാ അയ്യന്‍കാളിയെ കേരളീയ പൊതുസമൂഹം ഭാഗികമായെങ്കിലും അംഗീകരിച്ച് അധികകാലമായിട്ടില്ല. അതിനുമുമ്പ് ചരിത്രകാരന്മാരും രാഷ്ട്രീയനേതാക്കളുമൊക്കെ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തേയും അവഗണിക്കുകയായിരുന്നു. ഇ എം എസ് പോലും ചെയ്തത് അതായിരുന്നു. എന്നാല്‍ എല്ലാ അവഗണനേയും അതജീവ്ച്ച് നമ്മുടെ പൊതുമണ്ഡലത്തില്‍ അയ്യന്‍കാളി അനശ്വരനായി കഴിഞ്ഞിരിക്കുന്നു. പക്ഷെ അതു സഹിക്കാനാകാത്തവര്‍ ഇപ്പോഴുമുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്ന അവഹേളനങ്ങള്‍ വ്യക്തമാക്കുന്നത്.
അയ്യന്‍കാളിയുടെ മുഖം ഒരു പട്ടിയുടെ ചിത്രത്തിന്റെ മുഖത്തിന്റെ സ്ഥാനത്ത് മോര്‍ഫ് ചെയ്തു ചേര്‍ത്തു ‘വളര്‍ത്തു പട്ടിയ്ക്ക് ഇടാന്‍ പറ്റിയ പേരുകള്‍ തൂക്ക്. ex :- അയ്യങ്കാളി’ എന്ന തലക്കെട്ടോടെ KuKuCha എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ Cobra Kai എന്ന ID ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് ആദിവാസി ദലിത് ജനതയുടെ വിമോചകനായ മഹാത്മാ അയ്യന്‍കാളിയെ പട്ടിയായി ചിത്രീകരിക്കുന്നത് ആ മഹാത്മാവിനെ ജാതീയമായും വംശീയമായി അപമാനിക്കുന്നതിനൊപ്പം ആദിവാസി ദലിത് ജനതയെയും ജാതീയമായും വംശീയമായും അപമാനിക്കുന്നത് കൂടിയാണ്. മാത്രമല്ല അയ്യന്‍കാളിയെ രാഷ്ട്രീയമായും വൈകാരികമായും കാണുന്ന ദലിത് ജനതയെ പ്രകോപിച്ചു സാമൂഹിക സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യവും ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുണ്ടെന്നുറപ്പ്. ഒപ്പം തന്നെ കേരളീയസമൂഹം ആധുനികമാകുന്നതിനെ ചെറുക്കുന്നവരുമാണവര്‍. കാരണം അയ്യന്‍കാളി പൊരുതിയത് ദളിത് വിഭാഗങ്ങളുടെ മോചനത്തിനു വേണ്ടി മാത്രമായിരുന്നില്ല, കേരളീയ സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിനു കൂടിയായിരുന്നു. Ayyankali fought not only for the liberation of Dalits but for the modernization of Kerala society also.
19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍, പ്രത്യേകിച്ച് തിരുവിതാംകൂറില്‍ നിലനി്ന്നിരുന്ന ജാതീയ അടിച്ചമര്‍ത്തലിനെതിരെ, അടിമജാതിക്കാരുടെ ദുരിതജീവിതത്തെ മാറ്റിമറിക്കാനായി, അന്തസ്സോടെയും തുല്ല്യരായും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നല്ലോ അയ്യന്‍ കാളിയുടെ പോരാട്ടം. അതിപ്പോഴും പലര്‍ക്കും ദഹിക്കുന്നില്ല എന്നാണ് ഈ അവഹേളനം വ്യക്തമാക്കുന്നത്. അയ്യന്‍കാളിയുടെ സമരങ്ങള്‍ പലപ്പോഴും സംഘര്‍ഷഭരിതവുമായിരുന്നു. നിലവിലില്ലാത്ത ഒന്നിനുവേണ്ടിപോലുമായിരുന്നില്ല അദ്ദേഹം രംഗത്തിറങ്ങിയത്. തിരുവിതാംകൂറില്‍ പൊതുവഴിയില്‍ ആര്‍ക്കും സഞ്ചരിക്കാമെന്ന ഉത്തരവ് 1885ല്‍ തന്നെ പുറത്തിറങ്ങിയിരുന്നു. എന്നാലത് നടപ്പാക്കാന്‍ സവര്‍ണ്ണ പ്രമാണിമാര്‍ സമ്മതിച്ചിരുന്നില്ല. നിലവിലെ അവകാശം നേടിയെടുക്കാനായിരുന്നു അയ്യന്‍കാളി രംഗത്തിറങ്ങിയത്. മനുഷ്യരായി ജനിച്ച എല്ലാവരും തുല്ല്യരാണെന്ന ആധുനികകാലസങ്കല്‍പ്പം നടപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടായിരുന്നു പ്രമാണിമാരെപോലെതന്നെ ശുഭ്രവസ്ത്രം ധരിച്ച്, വില്ലുവണ്ടിയില്‍ തന്നെ അദ്ദേഹം വിലക്കപ്പെട്ട വീഥികളിലൂടെ സഞ്ചരിച്ചത്. പൊതുവഴി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന മാനവികതയുടെ ആദ്യപാഠം കേരളീയസമൂഹത്തെ പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു ആ യാത്ര. കേരളീയസമൂഹത്തെ നവീകരിക്കാനുള്ള ആഘോഷപൂര്‍വ്വമായ ഇടപെടലല്ലല്ലാതെ മറ്റൊന്നുമായിരുന്നില്ല ആ വില്ലുവണ്ടിയാത്ര. ആധുനികകാല മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട മലയാളി എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. എന്നാല്‍ സമൂഹം ആധുനികമാകുന്നതു സഹിക്കാനാകാത്തവര്‍ ഇ്ന്നുമുണ്ടെന്നതാണ് വസ്തുത. ആധുനികമായ സോഷ്യല്‍ മീഡിയയാണ് അതിനായവര്‍ ഉപയോഗിക്കുന്നത് എന്നതാണ് വൈരുദ്ധ്യം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വിദ്യാഭ്യാസത്തിലൂടെയാണ് ഒരു വ്യക്തി വിവേകശാലിയാകുന്നതും ജീവിതം അന്തസ്സുള്ളതാകുന്നതും സമൂഹത്തിന്റെ ആദരവ് നേടുന്നതെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. സ്വന്തം സമൂഹത്തില്‍ നിന്ന് 10 ബിഎക്കാരെ കണ്ടുമരിക്കണമെന്നായിരുന്നല്ലോ അദ്ദേഹം ആശിച്ചത്. പറഞ്ഞത്. കലാപകാരികളേയോ വിപ്ലവകാരികളേയോ എന്നല്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കുട്ടികളെ പഠിപ്പിക്കാന്‍ അയ്യന്‍കാളി സ്വന്തമായി വിദ്യാലയം തുടങ്ങിയിരുന്നല്ലോ. അന്നുരാത്രിതന്നെ അത് കത്തിക്കപ്പെട്ടു. തുടര്‍ന്നാണ് പഞ്ചമി എന്ന കുട്ടിയുമായി അദ്ദേഹം പൊതുവിദ്യാലയത്തില്‍ കയറി ചെല്ലുന്നത്. അന്നത്തെ കാലത്തുപോലും അയ്യന്‍കാളി ആണ്‍കുട്ടിയെയല്ല, പെണ്‍കുട്ടിയെയാണ് കൈപിടിച്ച് വിദ്യാലയത്തില്‍ കയറിയത് എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാലവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടപ്പോഴാണ് ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ പണിയെടുക്കില്ല എന്ന് പ്രഖ്യാപിച്ചത്. അതിനെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരമായി വ്യാഖ്യാനിക്കുന്നത് അര്‍ത്ഥരഹിതമാണ്. മറിച്ച് അത് വിദ്യാഭ്യാസാവകാശത്തിനുള്ള പ്രക്ഷോഭമായിരുന്നു.
ഫെമിനിസത്തെ കുറിച്ച് ലോകം ചിന്തിക്കാത്ത കാലത്തും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും അയ്യന്‍കാളി മുന്‍നിരയിലായിരുന്നു. കല്ലുമാല ബഹിഷ്‌കണ സമരം തന്നെ ഉദാഹരണം. ഡ്രസ്സ് കോഡിലൂടേയും ആഭരണങ്ങളിലൂടേയുമെല്ലാം ജാതീയനിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുന്നതിനെതിരെ ആര്‍ക്കും ഏതു വസ്ത്രവും ധരിക്കാമെന്ന ആധുനിക ആശയത്തിനായിരുന്നു അയ്യന്‍കാളി രംഗത്തിറങ്ങിയത്. അതോടൊപ്പം സ്ത്രീകളുടെ മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടിയും അദ്ദേഹം പോരാടി. സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലയും മാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കള്‍ ഇതു ധിക്കാരമായി കരുതി. അയ്യന്‍കാളിയെ അനുസരിച്ച സാധുജനങ്ങളെ അവര്‍ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു.
അത്തരമൊരു സാഹചര്യത്തില്‍ സ്വാഭാവികമായും മര്‍ദ്ദിത ജനവിഭാഗങ്ങള്‍ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി. രക്തച്ചൊരിച്ചില്‍ ഭീകരമായതിനെത്തുടര്‍ന്ന് കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ ഈ സമ്മേളനവേദിയിലേക്കു് ഇരച്ചെത്തി. 1915-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയില്‍വച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയര്‍ന്ന ജാതിക്കാര്‍ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യന്‍കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകള്‍ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. പോരാട്ടത്തിനൊപ്പം പലപ്പോഴും അനുരഞ്ജനത്തിന്റെ ഭാഷയും അദ്ദേഹത്തിനറിയാമായിരുന്നു. പല പോരാട്ടങ്ങളേയും അദ്ദേഹം വിജയത്തിലേക്കു നയിച്ചത് സമാധാനപൂര്‍ണമായ ചര്‍ച്ചകളില്‍ കൂടിയുമായിരുന്നു എന്നതോര്‍ക്കണം. സമൂഹത്തെ ആധുനികവല്‍ക്കരിക്കുക തന്നെയായിരുന്നു എല്ലായിടത്തും അദ്ദേഹത്തിന്റെ ലക്ഷ്യം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശ്രീമൂലം പ്രജാസഭയില്‍ ഉയര്‍ന്ന അയ്യാന്‍കാളിയുടെ ശബ്ദം കേരത്തിലെ നവോത്ഥാനചരിത്രത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളും ചെറുതല്ല. അധഃസ്ഥിത സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കാനും ലക്ഷ്യം കാണാനും അയ്യന്‍കാളിക്കു കഴിഞ്ഞു. സാധിച്ചിരുന്നു. ജനാധിപത്യത്തിന്റെ ആധുനിക ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അവിടെ അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും. പ്രധാനമായും ഭൂമിക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. അതിന്റെ ഫലമായി പലയിടത്തും പുറമ്പോക്ക് ഭൂമി തറവില, തടിവില കൂടാതെ കുടി ഒന്നിന് ഒരേക്കര്‍ വീതം പതിച്ചു കൊടുക്കാന്‍ ഉത്തരവായി. അധിസ്ഥിത വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായി മുന്നോട്ടുപോകുന്നതിനുള്ള തടസ്സങ്ങള്‍ മാറ്റുന്നതിനായും അദ്ദേഹത്തിന്റെ ശബ്ദം സഭയില്‍ ുഉയര്‍ന്നു. സര്‍ക്കാരില്‍ നിന്നും അനുകൂലമായ നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സാമൂഹികമായ എതിര്‍പ്പുകള്‍ സവര്‍ണ്ണരില്‍ നിന്ന് ഏറെ നേരിട്ടു. ആ പ്രശ്‌നങ്ങള്‍ അയ്യങ്കാളി നിരന്തരം സഭയില്‍ ഉന്നയിച്ചു. വിദ്യാഭ്യാസത്തോടൊപ്പം തന്നെ അവര്‍ക്ക് ജോലി ഉറപ്പിക്കുന്നതിനും, ആനുകൂല്യങ്ങള്‍ നേടികൊടുക്കുന്നതിനും വേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. അങ്ങനെ പലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചു. അത്തരത്തില്‍ ഏറെ കാലം തെരുവിലെ പ്രക്ഷോഭങ്ങളിലേയും ഏറെകാലം പ്രജാസഭയിലെ പോരാട്ടങ്ങളിലൂടേയും അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങളാണ് കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ചവിട്ടുപടിയായത് എന്നതില്‍ ഒരാള്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. കേരളീയ സമൂഹത്തെ ഒരുപരിദിവരെ നവീകരിക്കുന്നതിലും.
എന്നാല്‍ തലമുറകളായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരുന്ന വിഭാഗങ്ങള്‍ മുഖ്യധാരയിലെത്തുന്നതും സമൂഹം മൊത്തത്തില്‍ ആധുനികവല്‍ക്കരിക്കപ്പെടുന്നതും ്അംഗീകരിക്കാന്‍ തയ്യാറാകാത്ത നിരവധി പേര്‍ ഇപ്പോഴും നമുക്കു ചുറ്റുമുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സമൂഹത്തെ പുറകോട്ടുവലിക്കാലണ് അവരുടെ ലക്ഷ്യം. കാലഹരണപ്പെട്ട സവര്‍ണ്ണ മൂല്യങ്ങളാവരെ നയിക്കുന്നത്. അതേസമയം അയ്യന്‍കാളിയെ അപമാനിച്ചതിനെതിരെ നിരവധി ദളിത് പിന്നോക്ക സംഘടനകളുും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ മുന്നോട്ടുവന്നിട്ടുണ്ടെന്നത് സ്വാഗതാര്‍മാണ്. നിരവധി പരാതികള്‍ അധികൃതര്‍ക്കുമുന്നില്‍ എത്തിയിട്ടുണ്ട്. പട്ടികജാതി വകുപ്പുമന്ത്രി കെ രാധാകൃഷ്ണനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ കാര്യമായ അന്വേഷണമൊന്നും നടക്കുന്നതായി വിവരമില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നുതന്നെ കരുതാം. എന്തായാലും എത്രയോ കാലം മുമ്പ് അയ്യന്‍കാളിയടക്കമുള്ളവര്‍ നവീകരിക്കാന്‍ ശ്രമിച്ചിട്ടും ഇപ്പോഴും പ്രാകൃതാവസ്ഥയില്‍ നിന്നു പൂര്‍ണ്ണമായും മുക്തമായിട്ടില്ലാത്ത ഒന്നാണ് കേരളീയസമൂഹം എന്നാണ് ഈ സംഭവവും വ്യക്തമാക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in