ഏറെ വൈകി മദനിക്ക് ലഭിച്ചത് നീതിയുടെ ചെറുകണിക മാത്രം.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഏറെ വൈകികിട്ടിയ നീതിയുടെ ചെറുകണിക മാത്രം. കേരളത്തില്‍, ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ഈ തലമുറയില്‍ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നേരിട്ട വ്യക്തിയാണ് അദ്ദേഹം. ഇനിയും ഒരു തെളിവുമില്ലാത്ത കുറ്റാരോപണത്തിന്റെ പേരില്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടത് ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തെ കാല്‍നൂറ്റാണ്ട്.
ബാംഗ്ലൂരില്‍ നിന്നു കേരളത്തിലേക്ക് പോകാനുള്ള അനുമതിയാണ് സുപ്രിംകോടതി നല്‍കിയിട്ടുള്ളത്. മാത്രമല്ല സ്വന്തം ജില്ലയില്‍ തന്നെ താമസിക്കാം. ചികിത്സക്ക് മറ്റു ജില്ലകളിലും പോകാം. ക്രിയാറ്റിന്‍ അളവില്‍ വലിയ വര്‍ധന ഉള്ളതിനാല്‍ വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലാണ് നിലവില്‍ മഅ്ദനി ഉള്ളത്. അതു പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ മൂന്ന് മാസത്തോളം കേരളത്തില്‍ കഴിയാന്‍ മഅ്ദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കര്‍ണാടകയിലെ അന്നത്തെ ബിജെപി സര്‍ക്കാര്‍ കടുത്ത ജാമ്യവ്യവസ്ഥ വെച്ചതിനാല്‍ അതു നടന്നില്ല. ഒരു കോടിയാണ് അവരതിനു സുരക്ഷാചിലവായി ആവശ്യപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെയാണ് മഅ്ദനിക്ക് കേരളത്തില്‍ വരാനായത്. പക്ഷേ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാനോ രോഗഗ്രസ്തനായ പിതാവിനെ കാണാനോ കഴിഞ്ഞില്ല. കൊച്ചിയില്‍ നിന്നുതന്നെ തിരിച്ചുപോകേണ്ടിയും വന്നു. ..
കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പത്തില്‍പരം വര്‍ഷം ജയിലില്‍ കിടന്ന് നിരപരാധിയെന്നു തെളിയിച്ചു പുറത്തുവരുക, അധികം താമസിയാതെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലാകുക. സ്വാഭാവികമായും ലഭിക്കേണ്ട ജാമ്യം പോലും ഏറെകാലം നിഷധിക്കപ്പെടുക, രോഗിയായിട്ടും വിദഗ്ധ ചികിത്സ നിഷധിക്കപ്പെടുക….. സമാനതകളില്ലാത്ത പീഡനങ്ങളുടെ ചരിത്രമാണ് മദനിയുടെ ജീവിതം. അതിനുള്ള യഥാര്‍ത്ഥ കാരണമാകട്ടെ മുസ്ലിം സമൂഹത്തില്‍ നിന്നും പാവപ്പെട്ടവരുടെ ഒരു പ്രസ്ഥാനം രൂപീകരിക്കാന്‍ ശ്രമിച്ചതും സവര്‍ണ്ണ ഫാസിസത്തിനെതിരെ ദളിത് – പിന്നോക്ക – ആദിവാസി – ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചതും.
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനിഷേധ്യനേതാവായിരുന്ന മദനി 1998-ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ ഒരു തെളിവുമില്ലാതെ പ്രതി ചേര്‍ക്കപ്പെട്ടാണ് ഒന്‍പതു വര്‍ഷം വിചാരണത്തടവുകാരനായി അദ്ദേഹം തമിഴ്നാട്ടില്‍ ജയിലില്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്കുമുമ്പെ വാറണ്ടുണ്ടായിരുന്ന, ഒരു പ്രസംഗത്തിന്റെ പേരിലുണ്ടായിരുന്ന കേസിലാണ് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ മദനിയെ പിടികൂടി തമിഴ്‌നാടിനു കൈമാറിയത്. അങ്ങനെയാണ് മദനിയുടെ ദുരിതപര്‍വ്വം തുടങ്ങുന്നത്. 2007 ഓഗസ്റ്റ് 1-ന് കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മദനിയെ വെറുതേ വിടുകയായിരുന്നു. പിന്നീട് 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ 9 വര്‍ഷത്തോളം കഴിഞ്ഞു. പിന്നീട് ബംഗ്ലൂരുവില്‍ ജാമ്യവ്യവസ്ഥയോടെ കഴിയുകയാണ് അദ്ദേഹം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും മുസ്ലിംവിഭാഗങ്ങള്‍ക്കുനേരെ കടന്നാക്രമണങ്ങള്‍ നടന്നപ്പോള്‍ മുസ്ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയര്‍ത്തി 1990ല്‍ ഇസ്ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചതാണ് മദനിയുടെ ദുരന്തങ്ങള്‍ക്ക് കാരണമായത്. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ വര്‍ഗ്ഗീയവികാരങ്ങള്‍ ഇളക്കി വിടുന്നതാണെന്ന് വ്യാപകമായി ആരോപണമുയര്‍ന്നു. 1992 ഓഗസ്റ്റ് 6-ന്അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാല്‍ നഷ്ടമാവുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ്. നിരോധിക്കുകയും മദനി അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് ഐഎസ്എസ് പിരിച്ചുവിട്ട മദനി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പി.ഡി.പിക്ക് രൂപം നല്‍കി. അവര്‍ണ്ണന് അധികാരം, പീഡിതര്‍ക്ക് മോചനം എന്നായിരുന്നു പി.ഡി.പി. യുടെ അടിസ്ഥാന മുദ്രാവാക്യം. ഗുരുവായൂര്‍, തിരൂരങ്ങാടി ഉപ തെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പിഡിപി വലിയ പങ്കുവഹിച്ചു. അതായിരുന്നു ഇവിിടത്തെ പല പ്രസ്ഥാനങ്ങലേയും ഞെട്ടിച്ചത്. അവരില്‍ ഇടതു – വലതു ഭേദമുണ്ടായിരുന്നില്ല. അങ്ങനെ നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു മദനിയുടെ ദുരിത ജീവിതം. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ അപൂര്‍വ്വം ചില മനുഷ്യാവകാശപ്രവര്‍ത്തകരും സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള മാധ്യമപ്രവര്‍ത്തകരും വി എം സുധീരനെപോലെ ചില രാഷ്ട്രീയ നേതാക്കളും ചില മുസ്ലിം സംഘടനകളും മാത്രമാണ് ഈ വിഷയത്തില്‍ പ്രതിഷേധിക്കാന്‍ തയ്യാറായത്. എന്നാല്‍ കാലക്രമേണ അവരും നിശബ്ദരായി. പിടിച്ചുകൊടുത്തത് ഇടതുപക്ഷ സര്‍ക്കാരാണെങ്കിലും ജയില്‍ വിമോചിതനായതിനെ തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് വന്‍ സ്വീകരണം നല്‍കി. അവിടെ വെച്ച് ഐഎസ്എസ് കാലത്തെ തന്റെ പ്രസംഗങ്ങളുടെ പേരില്‍ അദ്ദേഹം കേരള സമൂഹത്തോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മദനിയുടെ ആശ്വാസം അദികം നീണ്ടില്ല. മദനി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ്, അത് തങ്ങളെ തകര്‍ക്കുമെന്നു തിരി്ചചറിഞ്ഞവര്‍ ഗൂഢോലോചന തുടര്‍ന്നു. അധികം താമസിയാതെ 2008ലെ ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും മദനിയെ പ്രതിയാക്കി. ആദ്യ രണ്ടു കുറ്റപത്രത്തിലും ഇല്ലാതിരുന്ന മദനിയെ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനായി കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പില്‍ നടന്ന ഗൂഢാലോചനയില്‍ മഅദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മഅദനിക്ക് ബി കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തിയിരുന്നുവെന്നതാണ്. കടുത്ത നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രണ്ട് ഗണ്‍മാന്‍മാര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മഅദനി താമസിക്കുന്ന സ്ഥലത്ത് സായുധരായ അഞ്ച് പോലീസുകാരുണ്ടാവും. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും തലേന്ന് തന്നെ വിവരം നല്‍കണം. ഇത് തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅദനി സഞ്ചരിക്കുന്ന വാഹനത്തില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവണം. ഇത്രയും കനത്ത സുരക്ഷയ്ക്കിടയില്‍ മഅദനി എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത് എന്ന ചോദ്യത്തിന് ഇതുവരേയും മറുപടി ലഭിച്ചിട്ടില്ല.
കര്‍ണാടക പോലീസ് 2010 ആഗസ്റ്റ് 17 നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സ്ഫോടനത്തില്‍ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പോലീസിനു ഹാജരാക്കാനായില്ല എങ്കിലും മദനിക്കു ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം 2015 സപ്തംബര്‍ 15ന് കേസില്‍ മദനിക്കെതിരായി മുമ്പ് മൊഴി നല്‍കിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് സ്ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോലീസ് പ്രധാന സാക്ഷിയാക്കിയതെന്ന് കോടതിയെ അറിയിച്ചു. താന്‍ കോടതിയില്‍ വെച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് പറഞ്ഞു. പക്ഷെ കേസുമായി കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കോയമ്പത്തൂരിലെ പോലെ നിരപരാധിയാണെന്നു കണ്ട് മദനിയെ വിട്ടയക്കുമെന്ന് ഏല്ലാവര്‍ക്കും ഏറെക്കുറെ ഉറപ്പാണ്. ഒരിക്കലും പൊതുജീവിതത്തിലേക്കുള്ള മദനിയുടെ തിരിച്ചു വരവ് തടയുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. എന്നിട്ടും കേരളത്തിലെ രാഷ്ട്രീയ – മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ കാര്യമായി ഇക്കാര്യത്തില്‍ ഇടപെടുന്നില്ലില്ല എന്നതാണ് ഏറ്റവും പ്രധാനം.. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിനു കാരണം ഇസ്ലാമോ ഫോബിയയാണെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നീതിനിഷേധത്തിന്റെ, ഭരണകൂട ഭീകരതയുടെ ഇരയായി പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിനാളുകളുടെ പ്രതീകമാണ് ഇന്ന് മദനി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അത്തരത്തിലുള്ളവരുടെ എണ്ണം ഒരുപാട് വര്‍ദ്ധിച്ചു. അക്രമത്തില്‍ മദനിക്കാണ് കാല്‍ നഷ്ടപ്പെട്ടത് എന്നത് ഇന്നെല്ലാവരും മറന്നു. ഗുജറാത്ത്, മുബൈ, മുസാഫര്‍ നഗര്‍, കാണ്ടമാല്‍ പോലുള്ളയിടങ്ങളില്‍ നടന്ന ഭയാനകമായ വംശീയകൊലകള്‍ക്കു കാരണക്കാരെന്നു തെളിഞ്ഞവര്‍ പോലും അനുഭവിക്കാത്ത ശിക്ഷയാണ് മദനി അനുഭവിക്കുന്നത്. എന്നിട്ടും നമ്മുടെ മതേതര മനസ്സ് പറയുന്നത് ആ താടിക്കാരന് അങ്ങനെ വേണമെന്നാണ്. രാജ്യത്ത് അനുദിനം രൂക്ഷമാകുന്ന ഇസ്ലാമോഫോബിയയുടെ ഏറ്റവും വലിയ ഇരയാണ് മദനി. കേരളത്തില്‍ മുസ്ലിം ജനത താരതമ്യേന ശക്തരാണെന്നും മുസ്ലിംവിഭാഗങ്ങള്‍ക്കെതിരെ കലാപങ്ങളോ കൂട്ടക്കൊലകളോ കാര്യമായി നടക്കുന്നില്ല എന്നു പറയുമ്പോഴും സാംസ്‌കാരിക രംഗത്ത് മുസ്ലിം വിരുദ്ധത ഏറ്റവും ശക്തമാണ്. വലിയ കൂട്ടക്കൊലകള്‍ തന്നെയാണ് അവിടെ നടക്കുന്നത്. സംഘ പരിവാറുകാരനും മതേതരക്കാരനും യുക്തിവാദിയുമെല്ലാം അവിടെ ഒന്നിക്കുന്നു. ഇപ്പോള്‍ ഏകസിവില്‍ കോഡിലും കാണുന്നത് അതാണല്ലോ. വളരുന്ന ഈ പ്രതിഭാസത്തോട് ഏറ്റുമുട്ടാത്തിടത്തോളം മലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നു അവകാശപ്പെടുന്നതില്‍ ഒരര്‍ത്ഥവുമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in