ഗ്രോ വാസുവിന്റെ അറസ്റ്റും ഇടതുഭരണകൂടവും

കേരള രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളിലൊന്നായ സഖാവ് വര്‍ഗ്ഗീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ശേഷം നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക പരമ്പര തന്നെ കേന്ദ്ര ഗവണ്‍മെന്റിന്റെ കരാറടിസ്ഥാനത്തില്‍ പിണറായി വിജയന്‍ നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ പിണറായി വിജയന്റെ പോലീസ് സഖാവ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നതും തീര്‍ച്ചയായും കോര്‍പ്പറേറ്റ് ഫാസിസത്തിനു വേണ്ടിയുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരകളോട് ചേര്‍ത്തുവച്ചു വായിക്കേണ്ടതാണ്.

അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന പഴയ നക്‌സല്‍ വേട്ടയുടെ സംഘപരിവാര്‍ ശൈലിയിലുള്ള പുനരാവിഷ്‌കാരമാണ് ഇപ്പോള്‍ പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നത്. ഭരണകൂടം വേട്ടയ്ക്കു വേണ്ടി ഉപയോഗിക്കുന്ന പ്രചരണബിംബങ്ങള്‍ അത് കൃത്യമായി സൂചന നല്‍കുന്നുണ്ട്. നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യേണ്ടതിന് പകരം, അതിനെതിരെ പ്രതിഷേധിച്ചവരെയും അനുശോചനം രേഖപ്പെടുത്തിയവരെയും ആണ് ജയിലില്‍ അടയ്‌ക്കേണ്ടത് എന്ന് സഖാവ് വാസുവിനെ അറസ്റ്റ് ചെയ്തുകൊണ്ട് പിണറായി വിജയന്‍ സമൂഹത്തിന് സന്ദേശം നല്‍കിയിരിക്കുന്നു.

കുലമഹിമയുള്ളവരുടെ ഭൗതികശരീരം നാടുനീളെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന നാട്ടിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കാണാന്‍ അനുവദിക്കണമെന്ന സാമാന്യമായ മനുഷ്യാവകാശം പോലും വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടവരുടെ കാര്യത്തില്‍ നടപ്പാവാത്തത്. അതിനെതിരെയാണ് മനുഷ്യാവകാശപരമായി സഖാവ് ഗ്രോവാസുവും മറ്റും പ്രതിഷേധിച്ചത്.

പോസ്റ്റര്‍ ഒട്ടിക്കല്‍, തോക്കുമായി പോകുന്നത് കണ്ടു , ആയുധധാരികളെ കണ്ടു, ആദിവാസി ഊരില്‍ ഭക്ഷണം ചോദിച്ചു തുടങ്ങിയ ബിംബകല്പനകള്‍ ഒരു മാറ്റവുമില്ലാതെ ഭരണകൂടം ആവിഷ്‌കരിച്ചു പ്രചരിപ്പിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പലപ്പോഴും കൊളീജിയത്തിലെ വിലപേശലിന്റെ ഉത്പന്നമായ, എക്‌സിക്യൂട്ടീവുമായി ദൃഢമായി കൂട്ടിയോജിപ്പിക്കപ്പെട്ട ജുഡീഷ്യറിയും ഹൈക്കോടതി പ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതായത് എക്‌സിക്യൂട്ടീവ് ലെജിസ്ലേച്ചര്‍, എന്നപോലെ എക്‌സിക്യൂട്ടീവ് ജുഡീഷ്യറിയും രൂപം കൊണ്ടു വരുന്നു. ഗുരുതരമായ സാമൂഹിക മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന രാജ്യത്ത് ക്ഷേത്രങ്ങളെ എങ്ങനെ സര്‍ക്കാരില്‍ നിന്ന് പിടിച്ചെടുത്ത് സ്വതന്ത്രമാക്കാം എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന മദ്രാസ് ഹൈക്കോടതി പോലുള്ള ജുഡീഷ്യല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ ഇത് നമുക്ക് മനസ്സിലാക്കാം.

നാട്ടില്‍ വികാസം പ്രാപിച്ചുവരുന്ന രാഷ്ട്രീയ മാറ്റങ്ങളായ ന്യൂനപക്ഷ അവകാശ സമരങ്ങള്‍, ദളിത് പ്രാതിനിധ്യ സമരങ്ങള്‍, ജാതിവിരുദ്ധ രാഷ്ട്രീയ കൂട്ടായ്മകള്‍, പരിസ്ഥിതി സമരങ്ങള്‍ അപവികസന മൂലധന പദ്ധതികള്‍ക്കെതിരായി ഉയരുന്ന വ്യാപകമായ എതിര്‍പ്പുകള്‍, അദാനി വിരുദ്ധ മത്സ്യത്തൊഴിലാളി കൂട്ടായ്മകള്‍ തുടങ്ങി എല്ലാ രാഷ്ട്രീയ പ്രതിരോധങ്ങളേയും അദൃശ്യമാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതിനു വേണ്ടിയാണ് ഭീതിയുളവാക്കുന്ന മാവോയിസ്റ്റ് ഹൊറര്‍ കഥകള്‍ ഭരണകൂടങ്ങള്‍ പ്രചരിപ്പിക്കുന്നതും ഭീമ കൊറേഗാവ് വിഷയത്തില്‍ സംഘപരിവാര്‍ ഭരണകൂടം ചെയ്തതുപോലെ എത്ര വയോവൃദ്ധരായാലും ജയിലില്‍ അടച്ച് വേണമെങ്കില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വിധിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ഭീഷണി മുഴക്കുന്നതും. The arrest of Comrade Gro Vasu, the Maoist hunts and the brutal Thunderbolt lynching are all declarations of fascism by the Left government.

മോദിയുടെ ‘ശത്രുരാജ്യ നിര്‍മ്മിതി ‘ യ്ക്ക് തുല്യമാണ് പിണറായിയുടെ ‘മാവോയിസ്റ്റ് ഹൊറര്‍ ‘ കഥകള്‍. ഭരണകൂടമാണ് അന്തിമമായി ദേശരാഷ്ട്രം എന്ന ഫാസിസ്റ്റിക് (Fascistic) പ്രത്യയശാസ്ത്രം തന്നെയാണ് ഇതിലൂടെ ഈ ഇരുവര്‍ഗ്ഗവും ഉറപ്പിച്ചെടുക്കുന്നത്. യു.എസ് സാമ്രാജ്യം ‘ഇസ്ലാമോഫോബിയ’ എന്ന സങ്കല്പ ശത്രുവിനെ സൃഷ്ടിച്ചുകൊണ്ട് മുസ്ലിം വംശഹത്യ നടപ്പാക്കുന്നതും ഇതേ രാഷ്ട്രീയ പരികല്പനയുടെ വിപുലീകൃത രൂപമാണ്. ഈ ഭയവിഹ്വലതയുടെയും കൊലയുടെയും തീക്കട്ട ജ്വലിപ്പിച്ചു നിര്‍ത്തേണ്ടത് ഒരു കൊളോണിയല്‍ ധനകാര്യ ഭീകരതയുടെ നടത്തിപ്പിന് ആവശ്യമാണ്.

സഖാവ് ഗ്രോ വാസുവിന്റെ അറസ്റ്റും, മാവോയിസ്റ്റ് വേട്ടകളും നിഷ്ഠൂരമായ തണ്ടര്‍ബോള്‍ട്ട് നരനായാട്ടും ഈ പശ്ചാത്തലത്തിലാണ് നോക്കിക്കാണേണ്ടത്. കേരളത്തിലെ ഇടതു ഭരണകൂടത്തിന്റെ അനുദിനം വര്‍ദ്ധിച്ചു വരുന്ന കേന്ദ്ര സര്‍ക്കാറിനോടുള്ള മൂലധന വികസന വിധേയത്വവും അതിന്റെ നിര്‍വ്വഹണ സമ്പ്രദായത്തിലുള്ള സംഘപരിവാര്‍ വല്‍ക്കരണവും ജനങ്ങളുടെ ബോധത്തില്‍ നിന്ന് മായ്ച്ചു കളയാനും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലകള്‍ അവരെ സഹായിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് ന്യൂനപക്ഷ ദളിത് അവകാശ സമരങ്ങള്‍. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഇടത് -വലത് അതിരുകള്‍ക്കും സ്ഥാപനവല്‍കൃത രാഷ്ട്രീയ മണ്ഡലങ്ങള്‍ക്കും പുറത്താണ് ദളിത് ന്യൂനപക്ഷ അവകാശ രാഷ്ട്രീയം വികസിച്ചു വരുന്നത്. ഇത് കുറച്ചൊന്നുമല്ല ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.

സാമാന്യ മാനവിക വാദത്തിന്റെ ഠാവട്ടങ്ങള്‍ക്കകത്ത് കെട്ടുപിണഞ്ഞു കിടന്നിരുന്ന പല ബഹുജന പ്രസ്ഥാനങ്ങളും ഇടതു ബദല്‍ രാഷ്ട്രീയങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയീട്ടുണ്ട്. ദളിത് ആദിവാസി സമരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഇടതുഭരണകൂടത്തിന് പോള്‍പോട്ടിസവും ലിന്‍പി യാവൊയിസവും നടമാടുന്ന കണ്ണൂരില്‍ പാര്‍ട്ടി ഗുണ്ടകള്‍ പോരടിച്ച് ശിരസ്സറ്റുവീണ് നൂറുകണക്കിന് കുടുംബങ്ങള്‍ അനാഥമാക്കപ്പെടുമ്പോള്‍ അതില്‍ തീവ്രത കണ്ടെത്താന്‍ കഴിയുന്നില്ല.

ഈ മാവോയിസ്റ്റ് ഭീഷണിയെന്ന അപസര്‍പ്പക കഥകളുടെ മറവില്‍ സര്‍ക്കാര്‍ വയനാട്ടില്‍ നടപ്പാക്കാന്‍ പോകുന്നത് വന്‍കിട പദ്ധതികളാണ്. വിമാനത്താവളം, ക്രിക്കറ്റ് സ്റ്റേഡിയം, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ തുടങ്ങിയ ‘മോദി അദാനി മൂലധന ‘ പദ്ധതികള്‍ സ്ഥാപിക്കാന്‍ വ്യാപകമായ കുടിയൊഴിപ്പിക്കല്‍ ആവശ്യമായിവരും. സമ്പന്ന വര്‍ഗ്ഗ ഉപഭോഗ നിര്‍മ്മിതിയുടെ യന്ത്രങ്ങള്‍ വയനാടന്‍ മലകള്‍ ഇടിച്ചു നിരത്തും. അതിനെതിരെ തീര്‍ച്ചയായും ഉയര്‍ന്നു വരാന്‍ പോകുന്ന അതിശക്തമായ പ്രതിഷേധങ്ങളെ മുന്‍കൂട്ടി കണ്ട് അടിച്ചുതകര്‍ക്കുകയും മാവോയിസ്റ്റ് തീവ്രവാദം എന്ന പ്രചരണത്തിലൂടെ സമര പോരാട്ടങ്ങളെ അസംഗതമാക്കുകയും ചെയ്യുക എന്ന നിഗൂഢ ലക്ഷ്യത്തോടെയാണ് ഇടതു സര്‍ക്കാര്‍ കേരളത്തെ ഭീഷണിയുടെ പൊലീസ് രാജ് ആക്കുന്നത്. സഖാവ് ഗ്രോ വാസുവിനെ ജയിലില്‍ അടയ്ക്കുമ്പോള്‍ പിണറായി വിജയന്‍ പടര്‍ത്താന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യവും മറ്റൊന്നല്ല.

ഇടതു തീവ്രവാദത്തിനെതിരെ മാവോ നയിച്ച ആശയസമരങ്ങളും ജനകീയ ജനാധിപത്യവല്‍ക്കരണവും മറ്റു സംഭാവനകളും സൈനികശാസ്ത്രം മാത്രമാക്കി ചുരുക്കാനും ക്രിയാത്മക പ്രവര്‍ത്തനങ്ങളെ അരാജക ആവിഷ്‌കാരമായി പ്രചരിപ്പിക്കുവാനും സംഘപരിവാറിന്റെ കൂടെ സിപിഎമ്മും ചേരുന്നത് ലജ്ജാകരവും ആ പാര്‍ട്ടിയുടെ രാഷ്ട്രീയ പതനത്തിന്റെ അവസാനത്തെ ആണിയടിയുമാണ്. ഭരണകൂട ഗുണ്ടകളായ പൊലീസ് കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷമായി നിരവധി യുവാക്കളെയാണ് പ്രാകൃതമായി തല്ലിക്കൊന്നു തള്ളിയത്.

അട്ടപ്പാടി ചിണ്ടക്കിയിലെ ബെന്നി എന്ന യുവാവ് വനമേഖലയിലെ ഭവാനി പുഴയില്‍ മീന്‍ പിടിക്കാന്‍ പോയതിനിടയില്‍ വെടിയേറ്റു മരിച്ചു. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റാണ് ബെന്നി മരിച്ചതെന്ന ആരോപണമുണ്ടായി. എന്നാല്‍ ഒരന്വേഷണം പോലും നടന്നില്ല. അബ്ദുള്‍ ലത്തീഫ് , കാളിമുത്തു , കുഞ്ഞുമോന്‍, അജിത്, കുപ്പു ദേവരാജ് , ബെന്നി, വിനായകന്‍ , ബൈജു, സാബു , വിക്രമന്‍ , രാജു, രാജീവ് , സുമി , ബിച്ചു, അപ്പു നാടാര്‍ , സന്ദീപ്, ശ്രീജിത്ത് , മനു, ഉനൈസ്, അനീഷ് സ്വാമിനാഥന്‍, സി.പി. ജലീല്‍ , നവാസ്, രാജ് കുമാര്‍, പിന്നെ മണിവാസകം, അരവിന്ദ്, രമ, കാര്‍ത്തി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി മുമ്പ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനോട് ഒരു ബറ്റാലിയന്‍ നരനായാട്ട് സേന കൂടി വേണമെന്ന് ആവശ്യപ്പെട്ടിരിന്നു. രാജ് നാഥ് സിംഗ് അംഗീകരിക്കുകയും ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തകളാണ് അന്ന് പുറത്തുവന്നത്. ഒപ്പം കൂടുതല്‍ പണവും ആവശ്യപ്പെട്ടിരിക്കുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 580 കോടി രൂപവരെ കേന്ദ്രഫണ്ട് ലഭിക്കുന്ന വലിയ സാമ്പത്തിക സ്രോതസ്സായും രാഷ്ട്രീയ-ഉദ്യോഗസ്ഥ കൊള്ളസംഘം മാവോയിസ്റ്റ് വേട്ടയെ പരിഗണിക്കുന്നുണ്ട്. ആദിവാസി ഭൂസമരങ്ങളും അവകാശ സമരങ്ങളും അരിഞ്ഞു തള്ളാനുള്ള ഉന്നം തെറ്റാത്ത തുപ്പാക്കി പ്രയോഗമാണ് ഭരണകൂടം നടപ്പാക്കുന്നത്.

മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ടെന്ന് നിയമസഭയില്‍ വിളിച്ചുകൂവിയ മുഖ്യമന്ത്രി പാര്‍ട്ടി കുടുംബത്തില്‍ നിന്ന് തന്നെയുള്ള അലനയും താഹയേയും എന്‍ഐഎക്ക് പിടിച്ചു കൊടുത്ത് അവരെ ‘ജിഹാദി മാവോയിസ്റ്റുകള്‍’ കൂടി ആക്കിയത് നാം കണ്ടതാണ്.. ഈ വെടിയൊച്ചകളും, ഗ്രോവാസുവിനെ പോലെയുള്ളവരുടെ അറസ്റ്റും വനാന്തരങ്ങളില്‍ അലിഞ്ഞില്ലാതാകുമെന്ന് പിണറായി വിജയന്‍ തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് ചരിത്രബോധമില്ലാത്തതുകൊണ്ടു മാത്രമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഗ്രോ വാസുവിന്റെ അറസ്റ്റും ഇടതുഭരണകൂടവും

  1. Best best best..

Leave a Reply