അരിക്കൊമ്പനും രാമചന്ദ്രനും കുറെ ആനചിന്തകളും

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കേരളത്തില്‍ അതിരൂക്ഷമാകുകയാണ്. പതിറ്റാണ്ടുകളായി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്ക് മനുഷ്യര്‍ നടത്തിയ കടന്നുകയറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തന്നെയാണ് ഈ സംഘര്‍ഷങ്ങളുടെ അടിസ്ഥാനകാരണമെന്നതില്‍ സംശയമില്ല.

ഏറെ ദിവസങ്ങളായി കേരളത്തില്‍ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം ഒരാനയായിരുന്നല്ലോ. അരി മാത്രം കഴിക്കുന്നവന്‍ എന്നു സങ്കല്‍പ്പിച്ച്് അരിക്കൊമ്പന്‍ എന്നു നമ്മള്‍ പേരിട്ട ആന. ഒരുപാട് വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും കോടതി കയറിയിറങ്ങലുകള്‍ക്കും ഹര്‍ത്താലുകള്‍ക്കും നിരോധനാജ്ഞകള്‍ക്കുമെല്ലാം ശേഷം അവനെ പെരിയാര്‍ വനമേഖലയിലേക്കു തുറന്നു വിടുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം അതോടെ തീരുന്നില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലില്‍ എത്തിച്ചേരില്ല എന്നു പറയാനാകില്ല എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. റേഡിയോ കോളറുകലില്‍ നിന്നുള്ള സിഗ്നലുകള്‍ പലപ്പോഴും ലഭിക്കുന്നില്ല. തമിഴ്‌നാട്ടിലേക്കു കടക്കുമോ എന്ന ഭയത്താല്‍ അവിടേയും കരുതലുകളെടുക്കുന്നു. മാത്രമല്ല, അരിക്കൊമ്പനാണ് അക്രമാസക്തന്‍ എന്ന്ു പറയുമ്പോള്‍ അവനെ കാടുകടത്തിയശേഷവും ചിന്നക്കനാലില്‍ ആനകളുടെ അക്രമം തുടര്‍ന്നു. മറുവശത്ത് ഇതേ സമയത്തുതന്നെ ആഘോഷിച്ച തൃശൂര്‍ പൂരത്തില്‍ 13 പേരെ കൊന്ന ചരിത്രമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ജനലക്ഷങ്ങള്‍ക്കിടിയില്‍ എഴുന്നള്ളിച്ചതും സാമൂഹ്യമധ്യമങ്ങളിലൊക്കെ വലിയ ചര്‍ച്ചക്ക് കാരണമായി.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കേരളത്തില്‍ അതിരൂക്ഷമാകുകയാണ്. The conflict between humans and wild animals is getting worse in Kerala. അതേകുറിച്ച് ഈ പംക്തിയില്‍ പലപ്പോഴും എഴുതിയിട്ടുണ്ട്. പതിറ്റാണ്ടുകളായി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്ക് മനുഷ്യര്‍ നടത്തിയ കടന്നുകയറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തന്നെയാണ് ഈ സംഘര്‍ഷങ്ങളുടെ അടിസ്ഥാനകാരണമെന്നതില്‍ സംശയമില്ല. അതു പറയേണ്ടതുമാണ്. അപ്പോഴും ഏതുനിമിഷവും ആനകളടക്കമുള്ള വന്യമൃഗങ്ങളുടെ അക്രമങ്ങളെ ഭയന്നു ജീവിക്കുന്ന ആദിവാസികളടക്കമുള്ള പാവപ്പെട്ട ജനങ്ങളുടെ, ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. അവരില്‍ മഹാഭൂരിപക്ഷവും ജനിച്ചുവീണതും വളര്‍ന്നതും ആ മണ്ണിലാണെന്നതു മറക്കരുത്. അവരോട് കാല്‍പ്പനികമായ പ്രകൃതി സ്‌നേഹമോ മൃഗസ്‌നേഹമോ പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. അതിനാല്‍ തന്നെ ഇത്തരം നടപടികളെ അടച്ചാക്ഷേപിക്കുന്നതിലും അര്‍ത്ഥമില്ല. ഭീഷണി നേരിടുന്ന മുഴുവന്‍ പേരുടേയും ജീവനും സ്വത്തും സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഇത്തരം തെറ്റുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണം. മനുഷ്യരുടേതു മാത്രമാണ് ഭൂമിയെന്ന ഒരു വിഭാഗം വികസനവാദികളുടെ നിലപാട് അംഗീകരിക്കാനാവില്ല. മൃഗങ്ങള്‍ക്കുകൂടി അവകാശപ്പെടുന്നതാണ് ഭൂമി എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുതന്നെയാകണം ഏതു നടപടികളും സ്വീകരിക്കാന്‍.

അപ്പോഴും അരിക്കൊമ്പനോടു ചെയ്തത് കടന്ന കയ്യായി പോയി എന്നതില്‍ സംശയമില്ല. അവന്റെ ദേഹം മുഴുവനും മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുമ്പിയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്. ഈ മുറിവുകള്‍ ചക്കകൊമ്പനുമായുള്ള ഗുസ്തിയില്‍ ഉണ്ടായതാണെന്ന വാദം അവിശ്വസനീയമാണ്. ദേഹത്ത് വലിയ അളവില്‍ മയക്കു മരുന്ന് കയറിയിട്ടുണ്ട്. വലത് കണ്ണിന്റെ കാഴ്ചക്ക് സാരമായ തകരാര്‍ ഉണ്ടത്രേ. ഇത്രയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ഒരു ജീവിയെയാണ് തീര്‍ത്തും അപരിചിത മായ ഒരു ഘോരവനത്തില്‍ കൊണ്ടു പോയി തള്ളിയിരിക്കുന്നത്. അതും കടുവാ സങ്കേതത്തിലേക്ക്. പുതിയ ആനയെ സ്വീകരിക്കാന്‍ അത്രപെട്ടന്നൊന്നും പഴയ ആനക്കൂട്ടങ്ങള്‍ തയ്യാറാകില്ല എന്നാണ് പറയപ്പെടുന്നത്. 2016 ല്‍ ഇതുപോലെയൊരു ‘പ്രശ്‌നക്കാരന്‍’ ആനയെ കോയമ്പത്തൂര്‍ നിന്ന് പലവട്ടം മയക്കുവെടി വച്ച് പിടിച്ചു കൊണ്ടുപോയിരുന്നു. അവന്‍ ആനമല കടുവാ സങ്കേതത്തില്‍ ചെരിഞ്ഞുകിടക്കുന്നതാണത്രെ പിന്നീട് കണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അരി കൊമ്പന്റെ സ്ഥിതിവിവരം ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് കോടതിയെ ബോധിപ്പിച്ചതനുസരിച്ച് കോടതി കുറച്ചു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.. മനുഷ്യ – വന്യമൃഗ സംഘര്‍ഷം ഉണ്ടാവുന്ന മേഖലകളില്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കണം. അത്തരം സംഘര്‍ഷങ്ങളെ കുറിച്ച് പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും വിദഗ്ധ സമിതിയെ ഏര്‍പ്പെടുത്തണം. ചിന്നകനാല്‍ മേഖലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തണം. ചിന്നകനാലിലെ റിസോര്‍ട്ടുകളെ കുറിച്ചും കാടിന് അകത്ത് നടക്കാറുള്ള ക്യാമ്പിങ്ങുകളെ കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാവണം. ഇനി മുതലെങ്കിലും മൃഗങ്ങളുടെ ആവാസ മേഖലയില്‍ മനുഷ്യന് താമസിക്കാന്‍ സ്ഥലം കൊടുക്കരുത്. പഴയ ആനതാരകള്‍ വീണ്ടും തുറക്കണം. കത്തിച്ചും ഉണക്കിയും നശിപ്പിച്ച ഉള്‍ക്കാടുകളെ പുനരുജ്ജീവിപ്പിക്കണം. പിന്നെ..അരി കൊമ്പന്റെ കാര്യത്തില്‍ പൂര്‍ണ്ണ ശ്രദ്ധ കൊടുക്കണം എന്നിങ്ങനെ പോകുന്നു അവ. ഇതൊന്നും നടപ്പാകുമെന്ന് കരുതുക വയ്യ.

അതേസമയം നമ്മള്‍ ചതിയില്‍ പെടുത്തി പിടിച്ച് നാട്ടാന എന്നു ഓമനപേരിട്ടു, ആനപ്രേമമെല്ലാം നടിച്ചു ഉത്സവങ്ങളുടേയും മറ്റും പേരില്‍ ഭീകരമായി പീഡിപ്പിക്കുന്ന വിഷയം മറ്റൊന്നാണ്. സംസ്‌കാരമുള്ള ഒരു ജനതക്കു ചേരാത്ത അത്തരം ആഘോഷങ്ങള്‍ക്ക് കാലത്തിനനുസരിച്ച മാറ്റം വരുത്തിയേതീരു. കേരളത്തില്‍ ഉത്സവങ്ങളുടെ പേരില്‍ നടക്കുന്ന ആനപീഡനങ്ങള്‍ക്കെതിരെ ലോകത്തിന്റെ എത്രയോ ഭാഗങ്ങളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. മറുവശത്ത് പാപ്പാന്മാരും നിരപരാധികളുമായ എത്രയോ പേര്‍ ആനകളുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ എണ്ണം ഒരുപക്ഷെ കാട്ടാനകളുടെ അക്രമത്തില്‍ കൊല്ല്‌പ്പെട്ടവരേക്കാള്‍ കൂടുതലായിരിക്കും. എന്നാലും നമ്മള്‍ ഒരു മാറ്റത്തിനും തയ്യാറാകാതെ ആഘോഷങ്ങള്‍ തുടരുകയാണ്. അതാണല്ലോ ഒരേ ദിവസം തന്നെ അരിക്കൊമ്പന്‍ മയക്കുവെടിയേല്‍ക്കുന്നതും തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍ തിടമ്പേറ്റുന്നതും കേരളം ആഘോഷിച്ചത്. തമിഴ്‌നാട്ടിലെ കാളപ്പോര് പ്രാകൃതമാണെന്നു പറയുന്നവര്‍പോലും ആനകള്‍ക്ക് പീഡനമായ എഴുന്നള്ളിപ്പുകളെ പ്രകീര്‍ത്തിക്കുന്നതു കേള്‍ക്കാം. ആനകള്‍ അവ ആസ്വദിക്കുന്നതായുള്ള കുറെ ന്യായീകരണങ്ങളും കഥകളും അവരുണ്ടാക്കിയിട്ടുണ്ട്.

അടിസ്ഥാനപരമായി ആന വന്യജീവിയാണ്. അവയെ പരിപൂര്‍ണ്ണമായി മെരുക്കാന്‍ സാധ്യമല്ല എന്നതാണ് വസ്തുത. ചട്ടം പഠിപ്പിക്കല്‍ എന്നു പേരിട്ട് അവയെ മെരുക്കാനായി നടത്തുന്ന ശ്രമങ്ങള്‍ ക്രൂരവും പ്രാകൃതവുമാണ്. പല ആനകളുടേയും ഓരോ കണ്ണുകള്‍ കുത്തിക്കളഞ്ഞിട്ടുണ്ട്. ഉത്സവങ്ങള്‍ മസ്തകമുയര്‍ത്തിനില്‍ക്കാന്‍ അവയെ പഠിപ്പിക്കുന്നത് കുന്തങ്ങള്‍ ഉപയോഗിച്ചുള്ള പീഡനങ്ങളിലൂടെയാണ്. ഏറെ വര്‍ഷങ്ങളായി യഥാര്‍ത്ഥ ആനപ്രേമികള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി ആനകള്‍ക്ക് ആശ്വാസമായ കുറെ നടപടികളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആനപിടുത്തം നിരോധിച്ചപ്പോള്‍ നാട്ടാനകളുടെ എണ്ണം കുറഞ്ഞതോടെ നിലവിലെ ആനകള്‍ക്ക് ‘ജോലിഭാരം’ ഏറെ കൂടിയിരിക്കുകയാണ്. ഈ ആനകള്‍ ഉടമകള്‍ക്ക് വലിയ വരുമാനമാര്‍ഗ്ഗവുമാണ്. കാട്ടിലെ തണുപ്പില്‍ ജീവി്ക്കുന്ന ആനകളെ രൂക്ഷമായ വെയിലത്തുനിര്‍ത്തി പൊരിച്ചാണ് ഈ വരുമാനമൊക്കെ ഉണ്ടാക്കുന്നത്.

കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യുന്നതില്‍ മുന്നിലാണെന്നു ഹൈസ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്കുപോലും അറിയുന്ന കാലത്താണ് ഈ അതിക്രമം നടക്കുന്നത്. അതും ആഗോളതാപനത്തെ കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍. മാത്രമല്ല കാട്ടിലെ ജീവിയായതിനാല്‍ അവക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ കുറവാണ്. കാട്ടില്‍ നിന്നു ലഭിക്കുന്നപോലെ വൈവിധ്യമാര്‍ന്ന ഭക്ഷണവും ഇഷ്ടംപോലെ വെള്ളവും ലഭിക്കുന്നില്ല. ലൈംഗികതയടക്കം നിഷേധിക്കപ്പെടുന്നതുകൊണ്ടുള്ള ആഘാതങ്ങള്‍ വേറെ. ശബ്ദവും പുകയും തീയുമൊക്കെ വലിയ ഭയമായ അവയെ നിരത്തിനിര്‍ത്തിയാണ് നമ്മള്‍ വെടിക്കെട്ടടക്കം നടത്തുന്നതെന്നതും മറക്കരുത്. ആനകളുടെ എണ്ണം അഭിമാനപ്രശ്‌നമായി എടുക്കുന്നതിനാല്‍ പല ഉത്സവങ്ങള്‍ക്കംു ഓരോ വര്‍ഷവും ആനകള്‍ കൂടുകയാണ്. മാത്രമല്ല, കടയുദ്ഘാടനത്തിനു മുതല്‍ ഗൃഹപ്രവേശനത്തിനുപോലും ആനകളെ എഴുന്നള്ളിപ്പിക്കുന്നു. ഗുരുവായൂരില്‍ ഗൃഹപ്രവേശനത്തിനു കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കുത്തേറ്റ് ഒരാള്‍ മരിച്ച് അധികകാലമായില്ലല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആനപീഡനങ്ങളെ കുറിച്ചും പ്രാകൃതമായ വെടി്‌ക്കെട്ടിനെ കുറിച്ചും പറയുന്നവരെയെല്ലാം കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശചാരന്മാരായി ചിത്രീകരിക്കുന്ന രീതിയാണ് ഏറെകാലമായി കാണുന്നത്. അവരെല്ലാം വൈലോപ്പിള്ളിയുടെ സഹ്യന്റ മകനെങ്കിലും വായിക്കണം. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്നു പറഞ്ഞ ഒരു ഗുരുവും നമുക്കുണ്ടായിരുന്നു. മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നമ്മള്‍ ഗുരുവിനെ മറന്നു. തീര്‍ച്ചയായും ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവയെ നിഷേധിക്കുന്ന കേവലയുക്തിവാദത്തില്‍ ഒരര്‍ത്ഥവുമില്ല. അതേസമയം കാലത്തിനനുസരിച്ച് നാം നേടുന്ന അവബോധത്തിനനുസൃതമായ മാറ്റങ്ങള്‍ അവയിലും ഉണ്ടാകണം. ഒരു വശത്ത് മനുഷ്യജീവനു അപകടകരവും മറുവശത്ത് ഐക്യരാഷ്ട്രസഭ പോലും പ്രഖ്യാപിച്ചിട്ടുള്ള, ഇന്ത്യയടക്കം അംഗീകരിച്ച മൃഗാവകാശങ്ങള്‍്കകെതിരുമാണ് ആനയെഴുന്നള്ളിപ്പെന്നത് വ്യക്തം.

സാങ്കേതിക വികാസങ്ങളെ ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വീകരിക്കുകയും ഉപയോഗിക്കുന്നവരുമാണല്ലോ നമ്മള്‍. അതിവിടേയുമാകാം. കൃത്രിമബുദ്ധിയുടെ ഇക്കാലത്ത് റോബോട്ട് ആനകളെ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്? അപൂര്‍വ്വമാണെങ്കിലും ചിലയിടത്തെങ്കിലും ആ പരീക്ഷണം വിജയകരമായി നടത്തിയിട്ടുണ്ടല്ലോ. കുതിരവേല, കാളവേല എന്നൊക്കെ പറയുന്ന പല ഉത്സവങ്ങളിലും ഉപയോഗിക്കുന്നത് അവയുടെ പ്രതിമകളാണെന്നതും മറക്കരുത്. അതുപോലെതന്നെ പ്രധാനമാണ് വെടിക്കെട്ടിന്റെ കാര്യവും. ലോകമാകെ ആഘോഷങ്ങളില്‍ എത്രയോ മനോഹരമായ ഡിജിറ്റല്‍ വെടിക്കെട്ടുകള്‍ നാം കാണുന്നു. കേരളത്തില്‍ തന്നെ അപൂര്‍വ്വമായി പലയിടത്തും അവ പരീക്ഷിച്ചിട്ടുണ്ട്. തൃശൂരിലെ തന്നെ പുലിക്കളിക്ക് നടത്തിയ ഡിജിറ്റല്‍ വെടിക്കെട്ട് വളരെ ആകര്‍ഷകമായിരുന്നു. താളങ്ങളുടേയും നാദങ്ങളുടേയും വര്‍ണ്ണങ്ങളുടേയും മറ്റെല്ലാ മനോഹാരിതയും നിലനിര്‍ത്തി ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സംസ്‌കാരചിത്തരായ മനുഷ്യര്‍ ശ്രമിക്കേണ്ടത്. അല്ലാതെ അരിക്കൊമ്പനെതിരായ ആക്രോശങ്ങളും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെകുറിച്ചുള്ള അപദാനങ്ങളുമായി കാലം കളയുകയല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply