അരാഷ്ട്രീയവും ക്രിമിനലുമാകുന്ന രാഷ്ട്രീയകേരളം

സത്യത്തില്‍ കേരളം ഒന്നടങ്കം സമരം ചെയ്യേണ്ടത് ഗവര്‍ണര്‍ എന്ന പദവി റദ്ദാക്കാനാവശ്യപ്പെട്ടാണ്. ഒരു ജനാധിപത്യസംവിധാനത്തിനും ഫെഡറലിസത്തിനും അനുയോജ്യമായ പദവിയല്ല ഗവര്‍ണറുടേത്. ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെടുന്നതും ജനാധിപത്യപരമല്ല. തങ്ങള്‍ ഒതുക്കാനാഗ്രഹിക്കുന്നവരെയാണ് ഭരണപാര്‍ട്ടികള്‍ എപ്പോഴും ഗവര്‍ണറാക്കുന്നത് എന്നു വ്യക്തം.

അമിതമായ കക്ഷിരാഷ്ട്രീയം ഒരു സമൂഹത്തെ എങ്ങനെയാണ് ക്രിമിനല്‍വല്‍ക്കരിക്കുന്നതെന്നതിനും ഒപ്പം അരാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നതിനും ഉദാഹരണമാണ് ഇപ്പോള്‍ കേരളം. ഈ ക്രിമിനല്‍ – അരാഷ്ട്രീയവല്‍ക്കരണത്തിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഒരു വശത്ത് വയോധികരും മറുവശത്ത് കൗമാരക്കാരും യുവജനങ്ങളുമാണ് എന്നതാണ് കൗതുകകരം. സംസ്ഥാനത്തിന്റെ ഭരണത്തലവന്മാരായ രണ്ടുപേര്‍ തെരുവിലിറങ്ങി പൗരന്മാരെ വെല്ലുവിളിക്കുന്ന കാഴ്ചക്കാണ് ഏതാനും ദിവസമായി സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുത്ത് യുവജനങ്ങള്‍ തെരുവിലിറങ്ങുന്നു, സംസ്ഥാനമാകെ തെരുവുയുദ്ധം അരങ്ങേറുന്നു. ഒരു വശത്ത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സുകാരും മറുവശത്ത് ഡിവൈഎഫ്‌ഐ എസ് അഫ് ഐക്കാരുമാണ് രംഗത്തിറങ്ങുന്നത്. ഇരുകൂട്ടര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങളുണ്ടാകാം. എന്നാല്‍ ഫലത്തില്‍ എല്ലാവരും കൂടി കശാപ്പു ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തെയാണ്.

ഗവര്‍ണറും എസ് എഫ് ഐയുമായുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രം കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോടായിരുന്നു. എന്നാലതു സംസ്ഥാനമാകെ വളരാന്‍ സാധ്യതയുണ്ട്. തികഞ്ഞ കക്ഷിരാഷ്ട്രീയം മാത്രമാണ് ഈ സംഘര്‍ഷത്തിനു പുറകിലെന്നതു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ചത് കോടതി റദ്ദാക്കിയില്ലായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടാകുമായിരുന്നോ എന്ന സംശയം അസ്ഥാനത്തല്ല. അതുപോലെ നവസദസ്സിനെതിരായ കെ എസ് യു യൂത്ത് കോണ്‍ഗ്രസ്സ് സമരങ്ങളും ഇല്ലാതിരുന്നെങ്കിലും. ഒരു സംശയവുമില്ല, രാജ്യമെമ്പാടും സംഘപരിവാര്‍ ശക്തികള്‍ മറ്റെല്ലാറ്റിനുമൊപ്പം സര്‍വ്വകലാശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും ചരിത്ര സ്ഥാപനങ്ങളുമെല്ലാം ജനാധിപത്യവിരുദ്ധമായി പിടിച്ചെടുക്കുക തന്നെയാണ്. ലക്ഷ്യം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭാഗമായ കാവിവല്‍ക്കരണമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഭാഗമായാണ് യാതൊരു യോഗ്യതയുമില്ലാത്തവരെ സെനറ്റിലേക്കും മറ്റും നോമിനേറ്റ് ചെയ്യുന്നത്. അതിനെ എതിര്‍ക്കേണ്ടത് ജനാധിപത്യ മതേതരശക്തികളുടെ കടമയാണ്. ആ അര്‍ത്ഥത്തില്‍ എസ് എഫ് ഐ പ്രക്ഷോഭം പിന്തുണക്കപ്പെടേണ്ടതുമാണ്. സമരത്തിനെതിരെ ഒരു നിലവാരവുമില്ലാത്ത ഗുണ്ടകളെപോലുള്ള ഗവര്‍ണ്ണറുടെ ആക്രോശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്.

അപ്പോഴും ഈ സമരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. മുകളില്‍ പറഞ്ഞപോലെ കണ്ണൂര്‍ സര്‍വ്വകാലാശാലയുമായി ബന്ധപ്പെട്ട വിധിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. മുഖ്യമന്ത്രിക്കു വേണ്ടപ്പെട്ടയാളെ വി സി യാക്കിയതിനു നന്ദിസൂചകമായി ഗവര്‍ണര്‍ ചെയ്തതൊന്നും ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല എന്നു മനസ്സിലാക്കാന്‍ സാമാന്യ രാഷ്ട്രീയ ബോധം ധാരാളമാണ്. അല്ലെങ്കില്‍ തന്നെ ഇവിടെ നടക്കുന്നത് മറ്റൊന്നുമല്ലല്ലോ. അര്‍ഹതപ്പെട്ട എത്രയോ പേരെ മറികടന്നാണ് തങ്ങള്‍ക്കുവേണ്ടപ്പെട്ടവരെ ഇടതുസര്‍ക്കാര്‍ എല്ലാ മേഖലകളിലും നിയമിക്കുന്നത്. സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ രംഗത്തും മാത്രമല്ല സമസ്തമേഖലകളിലും അതു തന്നെയാണ് നടക്കുന്നത്. എത്രയോ വിഷയങ്ങളില്‍ കോടതികള്‍ തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്നു. കാവിവല്‍ക്കരണത്തേക്കാള്‍ ഭേദമല്ലേ ചുവപ്പുവല്‍ക്കരണം എന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷെ ഒരു ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം അതും അപകടകരമാണ്. നിരവധി പേരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുമാണ്. അതിനാല്‍ തന്നെ ഈ സമരം ആത്മാര്‍ത്ഥമാണെന്നു വിശ്വസിക്കാനോ അതിന്റെ പുറകിലെ താല്‍പ്പര്യം കക്ഷിരാഷ്ട്രീയമല്ല എന്നു കരുതാനോ കഴിയില്ല.

മറ്റൊന്നു കൂടി. അത് സമരരീതിയെ കുറിച്ചാണ്. കരിങ്കൊടിയുമായി ഗവര്‍ണറെ തടുക്കുമെന്നാണ് എസ് എഫ് ഐ പ്രഖ്യാപനം. തിരുവനന്തപുരത്ത് അതേറെക്കുറെ ചെയ്തു. എന്നാല്‍ അവരെപോലും ഞെട്ടിച്ചായിരുന്നു ഗവര്‍ണര്‍ വെല്ലുവിളിയുമായി പുറത്തിറങ്ങിയത്. പക്വതയുള്ള ഒരു ഭരണാധികാരിക്കും ചേര്‍ന്ന സമീപനമല്ല അത്. അതിനും ശേഷം കോഴിക്കോട് ഗവര്‍ണര്‍ വരുന്നതിനു മുമ്പും പിമ്പുമായിരുന്നു എസ് എഫ് ഐ പ്രക്ഷോഭം. ഗവര്‍ണര്‍ വരുമ്പോള്‍ ഒന്നും സംഭവിച്ചില്ല. പിന്നെ കണ്ടത് ഗവര്‍ണര്‍ക്കെതിരായ കറുത്ത ബാനറുകളായിരുന്നു. Dont spit hans and pan parag here എന്ന വംശീയതയെ സൂചിപ്പിക്കുന്ന ബാനര്‍ പോലും അതിലുണ്ടായിരുന്നു. അവിടേയും ഭരണാധികാരിക്കു ചേര്‍ന്ന രീതിയില്ലല്ല ഗവര്‍ണര്‍ പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ കുറെ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെ തനിഗുണ്ടകളെപോലെ നിയമം കയ്യിലെടുത്ത് തെരുവിലിട്ട് തല്ലിച്ചതച്ചത് ഇതേ ഡിവൈഎഫ്‌ഐ, ഏസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നതാണ് തമാശ. ആ ഗുണ്ടായിസത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും അതേസമരരീതി ഗവര്‍ണര്‍ക്കെതിരെ പ്രയോഗിക്കുന്നതിനെ ന്യായീകരിക്കുന്നതിനു പുറകിലുമുള്ളത് കക്ഷിരാഷ്ട്രീയതാല്‍പ്പര്യം മാത്രം. മാത്രമല്ല, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവരെ തല്ലിച്ചതക്കുന്നപോലെ തിരിച്ചു തങ്ങളെ തല്ലിച്ചതക്കാവുന്ന ശക്തി കേരളത്തില്‍ ഒരു സംഘടനക്കുമില്ല എന്ന ഉറപ്പും.

ഇടക്ക് കണ്ണൂര്‍ രാഷ്ട്രീയത്തെ അധിക്ഷേപിച്ച് ഗവര്‍ണര്‍ സംസാരിച്ചതും വിവാദമായി. അവിടേയും പക്വതയില്ലാത്ത, ഒരു ഭരണാദികാരിക്കു ചേരാത്ത സമീപനമായിരുന്നു ഗവര്‍ണറുടേത്. എന്നാല്‍ ആ പറഞ്ഞതിനെ പൂര്‍ണ്ണമായി തള്ളാനും കണ്ണൂരില്‍ ഏറെകാലം നടന്ന കൊലപാതകരാഷ്ട്രീയം ഓര്‍ക്കുന്നവര്‍ക്കാകില്ല. സ്വാതന്ത്ര്യസമര കാലത്തെ കണ്ണൂരിനെ ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രിയും മറ്റും ഗവര്‍ണര്‍ക്ക് മറുപടി പറഞ്ഞത്. അതു ശരിയാകാം. എന്നാല്‍ അതിനൊക്കെ ശേഷം പതിറ്റാണ്ടുകള്‍ നീണ്ട കുടിപ്പകക്കും കൊലപാതകപരമ്പരകള്‍ക്കും കണൂര്‍ സാക്ഷ്യം വഹിച്ചിരുന്നു. തുടങ്ങിവെച്ചത് കോണ്‍ഗ്രസ്സ് തന്നെയായിരുന്നു. പിന്നെയത് ആര്‍ എസ് എസ് – സി പി എം കൊലപാതക പപമ്പരയായി വളരുകയായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍ വെച്ച് മകനേയും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അധ്യാപകനേയും ജനകീയവിചാരണ നടത്തി പരസ്യമായി യുവാവിനേയും ഒരു കുടുംബം ജീവിച്ചിരുന്ന അയല്‍പക്കക്കാരേയുമെല്ലാം കൊന്നുതള്ളിയ സംഭവങ്ങളും കൊല്ലപ്പെട്ടവരുടെ പേരെഴുതിയ ബോര്‍ഡുകള്‍ മത്സരിച്ച് വെച്ച സംഭവങ്ങളും ആരും സൃഷ്ടിച്ച ഭാവനയൊന്നുമല്ലല്ലോ. കണൂരിനു തൊട്ടടുത്ത് വടകരയിലെ 51 വെട്ടും മറക്കാറായോ? കുറച്ചുകാലമായി കണ്ണൂര്‍ സമാധാനത്തിന്റെ പാതയിലാണെന്നത് ആശ്വാസം നല്‍കുന്നു.

സത്യത്തില്‍ കേരളം ഒന്നടങ്കം സമരം ചെയ്യേണ്ടത് ഗവര്‍ണര്‍ എന്ന പദവി റദ്ദാക്കാനാവശ്യപ്പെട്ടാണ്. ഒരു ജനാധിപത്യസംവിധാനത്തിനും ഫെഡറലിസത്തിനും അനുയോജ്യമായ പദവിയല്ല ഗവര്‍ണറുടേത്. ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെടുന്നതും ജനാധിപത്യപരമല്ല. തങ്ങള്‍ ഒതുക്കാനാഗ്രഹിക്കുന്നവരെയാണ് ഭരണപാര്‍ട്ടികള്‍ എപ്പോഴും ഗവര്‍ണറാക്കുന്നത് എന്നു വ്യക്തം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ വിരട്ടുകയാണ് കാലങ്ങളായി ഗവര്‍ണര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആ പദവി റദ്ദാക്കാനാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെങ്കിലും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനു നേതൃത്വം നല്‍കാന്‍ കേരളത്തിനാകണം. അതിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുകയാണ് വേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തുടക്കത്തില്‍ പറഞ്ഞപോലെ കേരളരാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കാനും അരാഷ്ട്രീയവല്‍ക്കരിക്കാനും ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും മുന്‍നിരയില്‍ തന്നെയുണ്ടെന്നതാണ് മറ്റൊരു വൈരുദ്ധ്യം. നവകേരള സദസ്സിന്റെ ശരിതെറ്റുകള്‍ എന്തോ ആകട്ടെ. അതേറെ ചര്‍ച്ച ചെയ്യപ്പട്ടതാണ്. സദസ്സില്‍ പ്രതിപക്ഷം പങ്കെടുക്കേണ്ടതായിരുന്നു എന്ന അഭിപ്രായമുയര്‍ത്തുന്നവര്‍ പ്രതിപക്ഷത്തുതന്നെയുണ്ടെന്നതും ശരിയാകാം. അപ്പോഴും ജനാധിപത്യത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ആശിര്‍വാദത്തോടെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐക്കാരും മാത്രമല്ല പോലീസും ഗണ്‍മാന്‍മാരും ക്വട്ടേഷന്‍ ഗുണ്ടകളും ചേര്‍ന്നാണ് തെരുവുകളെ കലാപഭൂമിയാക്കുന്നത്. ഇക്കൂട്ടര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്ത അക്രമസമരങ്ങളും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി മാത്രമല്ല, കല്ലുവരെ വലിച്ചെറിഞ്ഞ സംഭവവും മറക്കാറായിട്ടില്ല. രക്തസാക്ഷികളെ ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നു ആരോപിക്കുമ്പോള്‍ കൂത്തുപറമ്പ് ഓര്‍ക്കാത്ത മലയാളിയുണ്ടാകുമോ? ആധുനിക ജനാധിപത്യ സമൂഹത്തിനു ചേര്‍ന്ന രീതിയില്ല നിയമം കയ്യിലെടുക്കുന്നതെന്നു പകല്‍പോലെ വ്യക്തമായിട്ടും അതു തന്നെ തുടരുകയാണ് ഒപ്പം അതിനോട് മത്സരിക്കാനായി ഗവര്‍ണര്‍ക്കെതിരെ അതേമോഡല്‍ സമരവും.

തുടക്കത്തില്‍ പറഞ്ഞപോലെ ഭരണത്തലവന്മാരായ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളീയ പൊതുസമൂഹത്തെ കലാപവല്‍ക്കരിക്കുകയും അരാഷ്ട്രീയവല്‍ക്കരിക്കുകയുമാണെന്നു ഉറപ്പിച്ചുപറയാനാകും. ചെറുപ്പക്കാരില്‍ ഒരു വിഭാഗം വെല്ലുവിളികളുമായി തെരുവിലുണ്ടെങ്കിലും വലിയൊരു വിഭാഗവും ഇതിനോടൊന്നും താല്‍പ്പര്യമില്ലാത്തവരാണ്. കേരളത്തില്‍ നിന്നു വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് പ്രവഹിക്കുന്നതിന്റെ പല കാരണങ്ങളിലൊന്ന് ഇവിടത്തെ സാമൂഹ്യാന്തരീക്ഷമാണെന്ന് എത്രയോ പഠനങ്ങള്‍ വന്നു കഴിഞ്ഞു. ഒപ്പം ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞുവരുന്നതിനും ഒരു കാരണം അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണം തന്നെ. ഇവിടെ ഫലത്തില്‍ കശാപ്പു ചെയ്യപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങളാണ്. അതിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കാനാണ് കേരളം തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply