ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണോ?

ഒരു വലിയ ജനത, ശ്രീബുദ്ധന്റെയും വര്‍ദ്ധമാന മഹാവീരന്റെയും അശോക ചക്രവര്‍ത്തിയുടെയും ഹര്‍ഷന്റെയും ഷേര്‍ഷായുടെയും മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെയും തിരുവള്ളുവരുടെയും സംഘകാലത്തെ മന്റങ്ങളുടെയും ബസവണ്ണയുടെയും കബീറിന്റെയും തുളസീദാസന്റെയും ഗുരുനാനാക്കിന്റെയും ശ്രീനാരായണ ഗുരുവിന്റെയും മറ്റും വലിയ ചരിത്രം നമ്മില്‍ ഉറങ്ങുമ്പോള്‍ ഒരു ചെറിയ വിഭാഗത്തിന്റെ ആധിപത്യത്തിനുവേണ്ടിയുള്ള ഫാഷിസ്റ്റ് രാഷ്ട്രീയം രാജ്യത്തെ വീണ്ടും വിഭജിക്കുവാനും ശിഥിലമാക്കുവാനും അനുവദിക്കുവാന്‍ കഴിയുമോ. മഹാത്മാ ഫൂലെ, മഹാത്മാ ഗാന്ധി, ബാബാസാഹിബ് അംബേഢ്ക്കര്‍, ആയിരക്കണക്കിനുള്ള സ്വാതന്ത്യപോരാളികള്‍ തുടങ്ങിയവരുടെ സന്ധി ചെയ്യാത്ത മാറ്റത്തിനുള്ള പ്രതിജ്ഞാബദ്ധതയും നമ്മുടെ ഊര്‍ജ്ജമാണ്.

മതന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ ആരാധനാ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായി ഇന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മുന്‍കാലയളവിലും അത്തരം സംഭവങ്ങള്‍ ഒരുപാട് ഇന്ത്യയിലുണ്ടായിട്ടുണ്ട്. അന്തര്‍ദ്ദേശീയ ശ്രദ്ധ അക്കാര്യത്തില്‍ ഉണ്ടാകുകയും പ്രതിഷേധങ്ങള്‍ നേരിടുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ അക്കാലത്തൊന്നും കാണാത്തവിധം ഇക്കാലത്ത് ചില വിഭാഗീയ ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങളും ആരാധനാകേന്ദ്രങ്ങളും സ്ഥാപനങ്ങളും ആക്രമിക്കുന്നതും വ്യാപകമാകുന്നതോടൊപ്പം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാരിന്റെയും അവരുടെ സംസ്ഥാനസര്‍ക്കാരുകളുടെയും ചില നിയമനിര്‍മ്മാണങ്ങള്‍ കൂടി ഉണ്ടായിരിക്കുന്നു. ആ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ പ്രത്യേകിച്ചും ന്യൂനപക്ഷ മത വിശ്വാസികളുടെ ഇടയില്‍ ഇന്ത്യ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു രാജ്യമായി തീരുകയാണോ എന്ന ആശങ്കയും ചിന്തയുമുണ്ടാകുന്നത്. ഇന്ത്യയുടെ പൗരത്വം മുമ്പില്ലാത്തവിധം മതവിശ്വാസവുമായി ബന്ധിപ്പിക്കുവാന്‍ മോദി സര്‍ക്കാര്‍ തുനിഞ്ഞത് അത്തരം ആശങ്കയെ ഉണര്‍ത്തിയ ദേശീയ തലത്തിലെ സുപ്രധാന സംഭവമാണ്.

ഇന്ത്യയുടെ ഭരണഘടനയുടെ 25-ാം വകുപ്പ് മതസ്വാതന്ത്ര്യം മൗലിക സ്വാതന്ത്ര്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് മതത്തിലും വിശ്വസിക്കാന്‍ മാത്രമല്ല, അത് പ്രഘോഷിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ പ്രഖ്യാപിതമായ മനുഷ്യാവകാശങ്ങള്‍ അംഗീകരിച്ച് ഉറപ്പുവരുത്തുന്ന, ആധുനിക ജനാധിപത്യ സമൂഹങ്ങളെ സൃഷ്ടിക്കുന്ന രാജ്യങ്ങളെല്ലാം മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നുണ്ട്. മറ്റു മൗലികാവകാശങ്ങളെ കാര്യമായി മാനിക്കാത്ത ചില രാജ്യങ്ങള്‍ പോലും മതസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശപ്രഖ്യാപനം മതസ്വാതന്ത്ര്യത്തെയും മറ്റു മൗലികാവകാശത്തോടൊപ്പം ഉറച്ചു പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് മതസ്വാതന്ത്ര്യം മൗലീക അവകാശമായി പ്രഖ്യാക്കുന്നു.എന്നാല്‍ മതവിരുദ്ധശക്തികളാണ് മതസ്വാതന്ത്ര്യംനിഷേധിക്കുന്നതെങ്കില്‍ അത് ഭൂരിപക്ഷ, ന്യൂനപക്ഷ മതവിശ്വാസികളെ ഒരു പോലെ ബാധിക്കും. ഹിറ്റലറുടെ ഫാഷിസ്റ്റ് രാഷ്ട്രത്തിലും കമ്യൂണിസിറ്റ് പാര്‍ട്ടികള്‍ അധികാരം പിടിച്ച സമഗ്രാധിപത്യ രാഷ്ട്രങ്ങളിലും അതാണ് സംഭവിച്ചത്. എന്നാല്‍ ഭൂരിപക്ഷ മത തിയോക്രാറ്റിക് ഭരണകൂടങ്ങള്‍ ന്യൂനപക്ഷ മതവിശ്വാസങ്ങളെയായിരിക്കും അടിച്ചമര്‍ത്തുക. ഇറാന്‍, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അതിന് ദൃഷ്ടാന്തങ്ങളാണ്. അതുപോലെ ഒരു സാഹചര്യം മുന്നില്‍ കണ്ടാണ് ഇന്ത്യയുടെ ദേശീയ നേതാക്കള്‍ മതസ്വാതന്ത്ര്യത്തോടൊപ്പം 30-ാം വകുപ്പ് പ്രകാരം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ ഭരണനിര്‍വഹണം നടത്തുന്നതിനും ഉള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ചത്. അത്തരമൊരു ഭരണഘടനാ വ്യവസ്ഥയെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കേണ്ടത് നമ്മുടെ വര്‍ഗ്ഗീയതയുടെ സാഹചര്യത്തെ നേരിടുവാന്‍ അത്യാവശ്യമാണ്.

മാറിമറയുന്ന മതസ്വാതന്ത്ര്യത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യം

ഭരണഘടന മതസ്വാതന്ത്ര്യം സംശയരഹിതമായി ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ സാമൂഹിക യാഥാര്‍ത്ഥ്യം അതിനോട് സമരസപ്പെടുവാന്‍ ഇന്ന് പാടുപെടുകയാണ്. കാശിയില്‍ (വാരാണസി) നൂറ്റാണ്ടുകളായി ഒരു മതിലാണ് വിശ്വനാഥക്ഷേത്രത്തെയും ഗ്യാന്‍വ്യാപി മോസ്‌കിനെയും വേര്‍തിരിക്കുന്നത്. ഇരുമതത്തിലെയും വിശ്വാസികള്‍ ഒരു മതില്‍ കെട്ടിന്റെ ഇരുവശവും നിന്ന് തങ്ങളുടെ വിശ്വാസം അനുസരിച്ച് ആരാധിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നു. ദിവസേന നടക്കുന്ന ആ പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും പേരില്‍ യാതൊരു കലഹവും കലാപവും ഇല്ല. അത്രയേറെ സഹവര്‍ത്തിത്വം സാധ്യമാകുന്നത് ഇന്ത്യയുടെ യഥാര്‍ത്ഥ സാമൂഹ്യ അവസ്ഥഅപ്രകാരമായതിനാലാണ്്. എന്നാല്‍ സമൂഹത്തിലെ സഹവര്‍ത്തിത്വവും സമാധാനവും കാംഷിക്കാത്ത ശക്തികള്‍ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കാന്‍ തീഷ്ണമായ പ്രവര്‍ത്തനത്തിലാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ ശക്തികള്‍ സമാധാനാന്തരീക്ഷത്തെയല്ല, സംഘര്‍ഷഭരിതവും വിഭാഗീയതയാല്‍ കലുഷിതവുമായ സാമൂഹകാവസ്ഥയെ ആണ് ആഗ്രഹിക്കുന്നത്. ആ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളായ വി.ഡി. സവര്‍ക്കറുടെയും എം.എസ്.ഗോല്‍വാല്‍ക്കറുടെയും ഘട്ടം മുതല്‍ അപ്രകാരം വെറുപ്പും വിദ്വേഷവും വിഭാഗീയതയും പ്രസരിപ്പിക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്. അധിനിവേശ കാലത്തെ മുസ്ലീലീഗുമായി ബ്രിട്ടീഷ് സായിപ്പു ഗവര്‍ണറുടെ കീഴില്‍ ഹിന്ദു മഹാസഭയ്ക്ക് ബംഗ്ലാളില്‍ മന്ത്രി സ്ഥാനം പങ്കിടുവാന്‍ അവരുടെ മുസ്ലീം വിരുദ്ധമായ വിദ്വേഷ പ്രചാരണം തടസ്സവുമായില്ല. അപ്പോള്‍ മഹാത്മഗാന്ധിയും നേതാജി സുഭാഷ് ചന്ദ്രബോസും മറ്റു സ്വാതന്ത്ര്യസമരസേനാനികളും രാജ്യത്തെ ഒറ്റുകൊടുക്കാതെ ബ്രിട്ടീഷുക്കാര്‍ക്കെതിരെ പോരാടുക ആയിരുന്നു എന്നത് മറ്റൊരു കാര്യം അത്തരം അവസ്ഥ സംജാതമാക്കുവാന്‍ അവരുടെ വിവിധ ലേബലുകളിലുള്ള സംഘടനകള്‍ മുഖാന്തരം അവര്‍ നിരന്തരം ശ്രമിക്കും. അത്തരം തീവ്ര വലതുപക്ഷ ഫാഷിസിറ്റ് സംഘങ്ങള്‍ വന്‍ചെലവുള്ള ആധുനികമായ തോക്കും ബോംബുകളും സമാഹരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ അവരെ ഏതോ ബാഹ്യശക്തികള്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്ന് സംശയിക്കാവുന്നതാണ്.

1980 മുതല്‍ പ്രകടമായി ആര്‍.എസ്.എസും അതിന്റെ വിവിധ മുന്നണി സംഘടനകളും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിഭാഗീയത സമൂഹത്തില്‍ ആഴത്തില്‍ പടര്‍ത്തുവാന്‍ പ്രകടമായി ശ്രമിച്ചു വരുന്നു. ബാബറി മസ്ജിദ് തകര്‍ക്കുകയും തല്‍സ്ഥാനത്ത് ശ്രീരാമക്ഷേത്രം പണിയുകയും ചെയ്യണമെന്ന ആവശ്യം അവര്‍ പ്രഖ്യാപിതമാക്കി. അപ്പോഴും ബാബറി-മസ്ജിദ് പൊളിച്ച് തല്‍സ്ഥാനത്ത് ഒരു രാമക്ഷേത്രം പണിയണമെന്ന് അവരുടെ രാഷ്ട്രീയ കക്ഷിയായ ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നില്ല എന്ന സംഗതി വിസ്മരിക്കരുത്. എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിയും പാര്‍ലിമെന്റിലും സുപ്രീംകോടതിയിലും അവര്‍ നല്‍കിയ ഉറപ്പുകളെയും ലംഘിച്ചു കൊണ്ടും ബാബറി മസ്ജിദ് അവര്‍ ഇടിച്ചുനിരത്തി. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഒരു വലിയ നാണക്കേട് ഉണ്ടാക്കിയാണ് ആ രാഷ്ട്രീയ ശക്തിയുടെ കിരാതമായ പ്രവര്‍ത്തനങ്ങള്‍ക്കും സിവില്‍ തര്‍ക്കങ്ങള്‍ക്കും നീതിന്യായ കോടതികള്‍ പരിഹാരം കണ്ടെത്തിയത്. എന്നാല്‍ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ ശക്തികള്‍ 1980 കളില്‍ തന്നെ പ്രഖ്യാപിച്ചത് 3000 മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്നാണ്. ബാബറി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കിയ അവര്‍ ഇപ്പോള്‍ കാശിയിലെയും മഥുരയിലെയും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പള്ളികള്‍ നശിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇനിയും മഥുരയിലെ ഈദ് ഗാഹില്‍ നിന്ന് ബാങ്കുവിളികളുടെയും നിസ്‌ക്കാരത്തിന്റെയും മാറ്റൊലികള്‍ ഉയരില്ലായെന്ന് സംശയിക്കണം. എല്ലാംകൊണ്ടും രാജ്യത്തെ കലുഷിതമാക്കുവാനും ന്യൂനപക്ഷമതവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യുവാനും കോപ്പ് കൂട്ടുന്നതുപോലെയാണ് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ പ്രവര്‍ത്തനം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2018 മെയ് മാസത്തില്‍ ആര്‍.എസ്.എസ്.തലവന്‍ മോഹന്‍ ഭഗവത് ത്തിന്റെ സാന്നിദ്ധ്യത്തില്‍ 2015 ടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗാണ്. 2021 ല്‍ കാശിയില്‍ വച്ച് ചേര്‍ന്ന ഹിന്ദുത്വ സംഘടനകളുടെ ധരംസന്‍സദില്‍ 2025ലേക്കുള്ള ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടനയുടെ പ്രഖ്യാപിച്ചതിനെ അതിന്റെ ഭാഗമായിട്ടല്ലാതെ കാണുവാന്‍ സാധിക്കുമോ. 2022 – ല്‍ പ്രയാഗില്‍ നടക്കുന്ന സമ്മേളനത്തില്‍ ഭരണഘടന അവര്‍ പൂര്‍ണ്ണമാക്കുവാനും തീരുമാനിച്ചു. തദനുസരണം മുസ്ലീം, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഈ രാജ്യത്ത് കഴിയാമെങ്കിലും അവരുടെ ഹിന്ദുത്വഭരണഘടന പ്രകാരം വോട്ടവകാശം ഉണ്ടായിരിക്കുകയില്ലെന്ന് 2022 – ല്‍ അവര്‍ പ്രഖ്യാപിച്ചു.

അതോടൊപ്പം സുപ്രീംകോടതി ഇടപെട്ട് തടഞ്ഞ ദില്ലയിലെ മുസ്ലീം ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്നിടത്തെ അവരുടെ വീടുകളും കടകളും സ്ഥാപനങ്ങളും സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഇടിച്ചു നിരത്തിയതും കാണേണ്ടതാണ്. തല്‍ക്കാലം തടയപ്പെട്ടെങ്കിലും ബി.ജെ.പി.യുടെ അധികാര ശക്തി അത്തരം ബുള്‍ഡോസര്‍ ഇടിച്ചു നിരത്തല്‍ നടത്തുവാന്‍ നിരന്തരം ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഉത്തരാഞ്ചലിലെ ഹല്‍ദ്വാനിയില്‍ അനധികൃത താമസക്കാരെന്ന് പറഞ്ഞ് ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കുവാന്‍ ശ്രമിച്ചത്. അമ്പതിനായിരത്തോളം ആളുകളെ പതിറ്റാണ്ടുകളായി താമസിക്കുന്നിടത്ത് നിന്ന് ഒറ്റരാത്രി കൊണ്ട് ഇറക്കി വിടാനാവില്ല എന്ന നിരീക്ഷിച്ച് സുപ്രിം കോടതി അതും തടയുകയുണ്ടായി. എന്നാല്‍ ബി.ജെ.പി. ഭരിക്കുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചെറുപട്ടണങ്ങളിലും മുസ്ലിം പ്രദേശങ്ങളില്‍ ബുള്‍ഡോസര്‍ രാജ് ആവര്‍ത്തിക്കുന്നു.

കേന്ദ്രത്തിലെ രണ്ടാം ബി.ജെ.പി.സര്‍ക്കാര്‍ നയിക്കുന്ന നരേന്ദ്രമോദിയും കൂട്ടരും ആ സാമൂഹ്യാന്തരീക്ഷത്തെ ശാശ്വതമാക്കാനുള്ള ഭരണഘടനാപരവും നിയമപരവുമായ പശ്ചാത്തലങ്ങളാണ് ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ അന്നത്തെ ബി.ജെ.പി.സര്‍ക്കാര്‍ മതസ്വാതന്ത്ര്യനിയമം പാസ്സാക്കി. അവിടുത്തെ ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബഞ്ച് ആ നിയമത്തിലെ മൂന്നാംവകുപ്പ് അസാധുവാക്കി. മത സ്വാതന്ത്ര്യത്തെ അത് ഹനിക്കുന്നുവെന്ന കാരണമാണ് അന്ന് കോടതി കണ്ടെത്തിയത്. മതപരിവര്‍ത്തനം നടത്തുന്നയാള്‍ അത് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുവാദത്തോടെ ആയിരിക്കണം നടത്തേണ്ടതെന്നാണ് മൂന്നാം വകുപ്പ് നിഷകര്‍ഷിച്ചത്. എന്നാല്‍ 2012 ല്‍ അപ്രകാരം ആ നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കിയെങ്കിലും അതിനെക്കാള്‍ കടുപ്പമുള്ള വ്യവസ്ഥകളോടെ ആ നിയമം വീണ്ടും 2019 ല്‍ പാസ്സാക്കിയിരിക്കുകയാണ്. സമാനമായ നിയമങ്ങള്‍ ബി.ജെ.പി.ഭരിക്കുന്ന മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലും നിര്‍മ്മിച്ചിട്ടുണ്ട്.

‘വഞ്ചനാപരമായ മതപരിവര്‍ത്തനം തടയുന്ന നിയമം’ എന്ന ഒരു നിയമം പാസ്സാക്കി ആ നിയമത്തില്‍ പറയുന്ന ചില മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിരിക്കുന്നത് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി നടത്തിയ വാക്കാലുള്ള നിരീക്ഷണം നിയമത്തിന് അസ്വാഭാവികത ഉണ്ടെന്ന് തോന്നുവിധമാണ്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ സ്വകാര്യതയാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് വിധിച്ചിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി കൊണ്ടുവന്ന പുതിയനിയമം തെളിവു ഭാരത്തെ തലതിരിച്ചിരിക്കുകയാണ്. മറ്റു വിശ്വാസങ്ങളില്‍ നിന്നുള്ള ജീവിതപങ്കാളിയെ സ്വീകരിക്കുമ്പോള്‍ മതപരിവര്‍ത്തനം നടത്തിയാല്‍ ആ വ്യക്തി അത് ബലപ്രയോഗം ദുസ്സ്വാധീനം എന്നിവയിലൂടെയല്ല എന്ന് തെളിയിക്കുവാന്‍ ബാധ്യസ്ഥമായിത്തീരും. ബി.ജെ.പിയുടെ പുതിയ നിയമം സ്വകാര്യത ലംഘിക്കുന്ന മറ്റൊരു തലമാണ് അത്. ഉത്തര്‍പ്രദേശിലും മറ്റും ഇതര സമുദായങ്ങളില്‍പ്പെട്ടവരെ സ്വമനസ്സാലെ വിവാഹം കഴിച്ചവരെ അറസ്റ്റ് ചെയ്ത് കേസ്സെടുത്ത് തടവിലാക്കിയത് ആ സാഹചര്യത്തിലാണ്. പൗരത്വാവകാശം മതാധിഷ്ഠിതമാക്കുവാന്‍ ഭരണഘടന ഭേദഗതി ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സ്വാതന്ത്ര്യ സമരം സൃഷ്ടിച്ച ആധുനിക ജനാധിപത്യ ഇന്‍ഡ്യക്കു പകരം മറ്റൊരു ഇന്ത്യയെയാണ് തീര്‍ക്കുക.

മതപരിവര്‍ത്തനത്തിന്റെ സാമൂഹിക പശ്ചാത്തലം

പാശ്ചാത്യ അധിനിവേശം മുതല്‍ മതവിശ്വാസം പരിവര്‍ത്തനം ചെയ്യുന്നതും അതിനുളള അവകാശവും തമ്മില്‍ സംഘര്‍ഷമുണ്ട്. പാശ്ചാത്യമിഷനറിമാര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ മതവിശ്വാസം പ്രഘോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും അത് വിശ്വാസത്തിന്റെ പരിവര്‍ത്തനത്തിനും അധികാരം അതിനോട് കൂട്ടുചേര്‍ന്നപ്പോള്‍ തല്‍ഫലമായുള്ള സംഘര്‍ഷത്തിനും ഇടയാക്കിയിട്ടുണ്ട്. ഗോവയില്‍ കത്തോലിക്കാ സഭ ഗോവന്‍ അധിനിവേശ അധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുമതവിശ്വാസികളെ പീഡിപ്പിക്കുകയും മതപരിവര്‍ത്തനം നടത്തുകയും ചെയതെന്ന ആരോപണം ശക്തമായ വിചാരവിചിന്തനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. എന്നാല്‍ ചരിത്രത്തിന്റെ പ്രയാണത്തില്‍ അതെല്ലാം കെട്ടടങ്ങുകയാണ് ചെയ്തത്.

മുസ്ലിം സുല്‍ത്താന്മാരും ചക്രവര്‍ത്തിമാരും വാള്‍മുനയില്‍ ഇസ്ലാമതത്തിലേക്ക് ഹിന്ദുക്കളെ പരിവര്‍ത്തനം ചെയ്തുവെന്ന ആരോപണവും തല്‍ഫലമായി ഉണ്ടായ സംഘര്‍ഷവും രാജ്യത്തിന്റെ ചരിത്രത്തില്‍ വേര് ആഴ്ത്തിയിട്ടുള്ള ഒരു സത്യമാണ്. എന്നാല്‍ അതില്‍ അതിശയോക്തിപരമായി പ്രചരിപ്പിക്കുന്ന പ്രശ്‌നങ്ങള്‍, നൂറ്റാണ്ടുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നാണ് കാണിക്കുന്നത്. 800 വര്‍ഷക്കാലം ഇസ്ലാമിക വിശ്വാസികളായ ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചെങ്കിലും കേവലം 12 മുതല്‍ 14 ശതമാനം വരെ ഇന്ത്യക്കാര്‍ മാത്രമേ ഇപ്പോഴും ഇസ്ലാമിക വിശ്വാസികള്‍ ഇന്ത്യയില്‍ ഉള്ളൂ. ആരോപിക്കുന്നതു പോലെയുള്ള അളവില്‍ വാള്‍മുനയില്‍ നിര്‍ത്തിയാണ് മതപരിവര്‍ത്തനം നടന്നതെങ്കില്‍ തീര്‍ച്ചയായും മുസ്ലീം ജനവിഭാഗത്തിന്റെ എണ്ണം ഇന്നത്തേതുപോലെ ആയിരുന്നിരിക്കില്ല. എത്രയോ വലിയ സംഖ്യ മുസ്ലിം വിശ്വാസികള്‍ ഈ രാജ്യത്ത് നിറയുമായിരുന്നു. ഒരു കാലത്ത് ഹിന്ദുമത വിശ്വാസികള്‍ നിറഞ്ഞ ഇന്തോനേഷ്യയില്‍ ഇന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്ലാമിക വിശ്വാസികളാണ്. അത് സൂചിപ്പിക്കുന്നത് മതപരിവര്‍ത്തനത്തിന്റെ ചാലക ശക്തി ബാഹ്യമായി കാണുന്നതുപോലെയോ ചില ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നതുപോലെയോ അല്ലായെന്നുള്ളതാണ്.

നൂറ്റാണ്ടുകള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിന്റെ ചില മേഖലകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്രമേണയായ ചരിത്രത്തിലെ പ്രയാണം ഇരു സമൂഹങ്ങളുടെയും സഹവര്‍ത്തിത്വവും സാഹോദര്യവും ഉരുത്തിരിയുന്നതിനാണ് ഇടയാക്കിയത്. ബാബറി മസ്ജിദിനെ സംബന്ധിച്ച് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഏറെ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇരുകൂട്ടരും പത്തൊന്‍പതാം നൂറ്റാണ്ടില്‍ അധിനിവേശ ബ്രിട്ടീഷ് കാലയളവില്‍ പരസ്പര ധാരണയോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതാണെന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് അറിയാം. എന്നാല്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ആ ഒത്തു തീര്‍പ്പ് കരാറില്‍ ഒപ്പു വച്ച ഇരുസമുദായത്തിലെയും പ്രതിനിധികളെ ബ്രിട്ടീഷ് അധികാരികള്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കി വധ ശിക്ഷ നല്‍കുകയാണ് ചെയ്‌തെന്ന് അറിയുമ്പോഴെങ്കിലും ഇന്ത്യക്കാര്‍ വര്‍ഗ്ഗീയതക്കെതിരെ ഉണരുകയും വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാക്കുകയും ചെയ്യണം.

ഇന്നും അധിനിവേശ ശക്തികള്‍ നമ്മുടെ രാജ്യത്തെ നിര്‍ദ്ദയമായി ചൂഷണം ചെയ്യുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന സമ്പദ്ഘടന നാം നിലനിര്‍ത്തിയിരിക്കുയാണ്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നമുക്ക് മറ്റൊരു മാര്‍ഗ്ഗം സാദ്ധ്യമായിരുന്നു. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ പരാശ്രയത്വം വിളിച്ചു വരുത്തുന്ന മൂലധനനിക്ഷേപത്തിനും സാമ്രാജ്യത്ത സാങ്കേതിക വിദ്യയ്ക്കുമാണ് പ്രലോഭിതരായത്. അതിനാല്‍ നമ്മുടെ പരാശ്രയത്വം ദിനംതോറും വര്‍ദ്ധിക്കുകയും നമ്മുടെ രാജ്യത്തെ അടിമുടി ബാധിച്ച ഇപ്പോഴത്തെ വലിയ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്തു. പശ്ചിമ ഏഷ്യയിലും ആഫ്രിക്കയിലും പ്രത്യേകിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് അധിനിവേശ ശക്തികളുടെ മേധാവിത്വം ഉറപ്പിക്കുന്നത് നമ്മുടെ കണ്‍മുന്നില്‍ ഉണ്ട്. അവരുടെ മറ്റൊരു പരീക്ഷണ ശാലയായിരുന്നു ഹിന്ദുസ്ഥാന്‍. അവരുടെ മറ്റൊരു പരീക്ഷണ ശാലയായി തീര്‍ന്ന നമ്മുടെ ദേശം ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയ വാദികളെയും ശക്തികളെയും പ്രോത്സാഹിപ്പിച്ച് അത് നമ്മുടെ ദേശത്തിന്റെ വിഭജനത്തിനും വിഭജനകാലത്തെ അത്യന്ത്യം ഭീകരാവസ്ഥ കൈവരിച്ച വലിയ മനുഷ്യകശാപ്പിനും വഴിവച്ചതും ജനങ്ങള്‍ അനുഭവിച്ചതാണ്. എന്നാല്‍ പശ്ചിമേഷ്യയിലും ആഫ്രിക്കയിലും എന്നതുപോലെ ഇന്ത്യയും വലിയ കമ്പോളമെന്നതിനേക്കാള്‍ ആധുനിക നാഗകരികതയുടെ മുഖ്യചാലകശക്തിയായ ഭൂമി ഖനനം ചെയ്‌തെടുക്കുന്ന ഖനിജങ്ങള്‍ പ്രത്യേകിച്ചും തന്ത്രപ്രധാനമായ അണുവിസ്‌ഫോടനത്തിന് ഇന്ധനമാകേണ്ട ധാതുദ്രവ്യങ്ങള്‍ സമര്‍ത്ഥമായി ലഭിക്കുന്ന ഒരു ഭൂപ്രദേശമാണ്. ജനങ്ങളെ വിഭാഗീയമായി ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്തുവാന്‍ചൂഷണശക്തികള്‍ക്ക് അതില്‍പ്പരം ഒരു പ്രേരണ ആവശ്യമില്ലല്ലൊ.

മതപരിവര്‍ത്തനത്തിന്റെ ജാതിപരമായ വേരുകള്‍

പാകിസ്ഥാനന്‍, ബംഗ്ലാദേശ് പ്രദേശങ്ങളിലെ ജനസമാന്യം ഏതാണ്ട് ഒന്നടങ്കം ഇസ്ലാമിക വിശ്വാസം സ്വീകരിച്ചതിനു പിന്നില്‍ അധികാരശക്തി മാത്രമല്ലെന്ന് അംഗീകരിക്കേണ്ടി വരും. ജാതിയുടെ അടിച്ചമര്‍ത്തല്‍ മൂലം ദലിത, മറ്റു പിന്നാക്ക സമൂഹങ്ങള്‍ പീഡനത്തില്‍ നിന്ന് ആശ്വാസം കണ്ടെത്തുവാന്‍ ബ്രാഹ്മണാധിപത്യം കൊടുകുത്തി വാഴുകയും ജാതീയമായ വിവേചനം ഉറപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണ ഹിന്ദു മതത്തില്‍ നിന്ന്, തത്വത്തിലെങ്കിലും എല്ലാവരുടെയും സാഹോദര്യം പറയുന്ന ഇസ്ലാംമതത്തില്‍ ചേര്‍ന്നതാണെന്ന് മനസിലാക്കേണ്ടി വരും.

ഇരുപതാംനൂറ്റാണ്ടില്‍ ബാബാ സാഹിബ് അംബേഢകര്‍, അതിനുമുമ്പ് മഹാത്മഫൂലെ, തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതവായ പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍ തുടങ്ങിയ ചിന്തകര്‍ ദലിത സമൂഹത്തെയും മറ്റു പിന്നാക്ക സമൂഹങ്ങളെയും ബ്രാഹ്മണ ഹിന്ദു മതത്തിന്റെ ഭാഗമായി കാണുന്നില്ല. അത്തരം സമൂഹങ്ങളുടെ വിഭിന്നവും അനന്യവുമായ അസ്ഥിത്വത്തെ ഏറെ ചിന്തകര്‍ ഇപ്പോള്‍ ഉയര്‍ത്തികാട്ടുന്നു. ഇന്ത്യയുടെ ഏറ്റവും മഹാന്മാരായ ചരിത്ര പുരുഷന്ാരേക്കാള്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം സാധാരണ ജനങ്ങള്‍ക്കും പരിചിതം ഇതിഹാസപുരഷന്മാരായ രാമനും കൃഷ്ണനും ശിവനും ആണെന്ന ഡോ. ലോഹ്യ നിരീക്ഷിച്ച സംഗതിയും പ്രസക്തമാണ്. വെള്ളക്കാരെപോലെ മറ്റൊരു ദേശത്തേക്ക് ഇവിടെനിന്നും എല്ലാം കടത്തികൊണ്ടുപോകുന്ന ചൂഷകരല്ലാത്തരെ ആ നിലയില്‍ കാണണം. അതിനീചമായ ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച ബ്രാഹ്മണാധിപത്യ ചൂഷകരെയും വിദേശത്ത് നിന്നുവന്ന് അധികാരം പിടിച്ച് ഈ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ധാരകളില്‍പ്പെട്ടവരെയും വൈദേശികരായി തുടര്‍ന്ന വെള്ളക്കാരില്‍ നിന്ന് വിഭിന്നമായി കാണണം. എന്നാല്‍ വെള്ളക്കാരില്‍ നിന്നും സ്വീകരിച്ച നന്മകള്‍ ഉള്‍കൊള്ളുവാനും തടസ്സമാകാന്‍ പാടില്ല. നൂറ്റാണ്ടുകളായുള്ള ചരിത്രപ്രയാണം ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക മനസില്‍ അലിഞ്ഞുചേര്‍ന്ന പലതിനെയും സമന്വയിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പൂര്‍ണ്ണമായും വിഭജനത്തിന്റെ ഒരു നേര്‍ രേഖ ദലിത സമൂഹങ്ങളെയും ഹിന്ദു മതത്തെയും സംബന്ധിച്ച് വരയ്ക്കുവാന്‍ പറ്റുമോയെന്നുള്ള സംശയം അവശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് നിര്‍ണയിക്കുന്നത് സംബന്ധിച്ചുള്ള വ്യക്തികളുടെ അവകാശം ആര്‍ക്കും നിഷേധിക്കുവാനും കഴിയില്ല.

പ്രതിരോധത്തിന്റെ മാര്‍ഗ്ഗം

ഒരു വലിയ ജനത, ശ്രീബുദ്ധന്റെയും വര്‍ദ്ധമാന മഹാവീരന്റെയും അശോക ചക്രവര്‍ത്തിയുടെയും ഹര്‍ഷന്റെയും ഷേര്‍ഷായുടെയും മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെയും തിരുവള്ളുവരുടെയും സംഘകാലത്തെ മന്റങ്ങളുടെയും ബസവണ്ണയുടെയും കബീറിന്റെയും തുളസീദാസന്റെയും ഗുരുനാനാക്കിന്റെയും ശ്രീനാരായണ ഗുരുവിന്റെയും മറ്റും വലിയ ചരിത്രം നമ്മില്‍ ഉറങ്ങുമ്പോള്‍ ഒരു ചെറിയ വിഭാഗത്തിന്റെ ആധിപത്യത്തിനുവേണ്ടിയുള്ള ഫാഷിസ്റ്റ് രാഷ്ട്രീയം രാജ്യത്തെ വീണ്ടും വിഭജിക്കുവാനും ശിഥിലമാക്കുവാനും അനുവദിക്കുവാന്‍ കഴിയുമോ. മഹാത്മാ ഫൂലെ, മഹാത്മാ ഗാന്ധി, ബാബാസാഹിബ് അംബേഢ്ക്കര്‍, ആയിരക്കണക്കിനുള്ള സ്വാതന്ത്യപോരാളികള്‍ തുടങ്ങിയവരുടെ സന്ധി ചെയ്യാത്ത മാറ്റത്തിനുള്ള പ്രതിജ്ഞാബദ്ധതയും നമ്മുടെ ഊര്‍ജ്ജമാണ്.

എന്നാല്‍ സമകാലികമായ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിഗതിയും അതിന്റെ ദിശാബോധവും കൃത്യമായി മനസ്സിലാക്കി അതനുസരിച്ചുള്ള പ്രതിരോധവുമാണ് ഏറ്റവും പ്രധാനം. ചില മുസ്ലീം സംഘടനകള്‍ കേവലമായ തങ്ങളുടെ വിശ്വാസത്തിന്റെയും അക്രമത്തിന്റെയും തീവ്രതയിലൂടെ ഹിന്ദുത്വ വര്‍ഗ്ഗീയതയെ ചെറുക്കാമെന്ന് കരുതുന്നു. അത് ഒരു വ്യാമോഹം മാത്രമാണ്. എന്നാല്‍ ഹിന്ദത്വ ഫാഷിസ്റ്റ് ശക്തികള്‍ വെറും മതവിശ്വാസത്തിന്റെ ഇടുങ്ങിയ ആയുധം മാത്രമല്ല ഉപയുക്തമാക്കുന്നതെന്ന് ബാഹ്യമായ നിരീക്ഷണത്തില്‍ പോലും കാണാവുന്നതാണ്. അത് ആഗോള മുതലാളിത്ത ശക്തികളുമായി സേവപിടിച്ചും ഒത്തുചേര്‍ന്നുമാണ് ജനങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നത്. ആ പദ്ധതിയില്‍നിന്ന് വേറിട്ട നശീകരണമല്ല ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കെതിരെയും നടത്തുന്നത്. മത വിശ്വാസികളുടെ ഇടിച്ചുനിരത്തലും പൊതുവെയുള്ള ജനങ്ങളുടെ നശീകരണവും സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ തകര്‍ക്കുന്നതും തമ്മില്‍ വേര്‍തരിക്കാനാവില്ല. ചൈനയില്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് നേരെയും തിബത്തിലെ ബുദ്ധമത വിശ്വാസികള്‍ക്ക് നേരെയും മ്യാന്‍മറിലെ ന്യൂനപക്ഷ മതവിശ്വാസികളായ രോഹിങ്ഗ്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെയും നടക്കുന്ന ആക്രമണങ്ങള്‍ ആ പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ ജിവിക്കുവാനുള്ള അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഇടിച്ചുനിരത്തലുമായി കൂട്ടി വായിക്കാതിരിക്കാന്‍ കഴിയില്ല. അത്തരം ഒരു ആഴത്തിലുള്ള ബോധ്യങ്ങള്‍ നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്ക് ഉള്ളതു കൊണ്ടാണ് ഭരണഘടനയുടെ 25-ാംവകുപ്പില്‍ മനസാക്ഷിയുടെ സ്വാതന്ത്ര്യവും ഭാഷാ, മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും കൂട്ടിചേര്‍ത്ത് മൗലികാവകാശമാക്കിയിരിക്കുന്നത്. അതിനാല്‍ ന്യൂനപക്ഷമത വിഭാഗങ്ങളിലെ ചെറുത്തുനില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില നേതാക്കളും മതാചാര്യന്ാരും ദുഷ്ടശക്തികളോടെ സന്ധിചെയ്യുമ്പോള്‍ മനസിലാക്കേണ്ട സുപ്രധാനമായ ഒരു സംഗതിയുണ്ട്. ന്യൂനപക്ഷാവകാശം ഏതെങ്കിലും ഒരു സമുദായത്തിന്റെ എന്തെങ്കിലും താല്പര്യങ്ങള്‍ എന്നതിനേക്കാള്‍ സമൂഹത്തിന്റെ മൗലികമായ സ്വാതന്ത്ര്യവും വിശാലമായ സഹവര്‍ത്തിത്വവും അതിജീവനവും ഉള്‍കൊള്ളുന്ന വിഷയമായി കാണണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഗോള മുതാളിത്ത ശക്തികള്‍ ഹിന്ദു – മുസ്ലീം സംഘര്‍ഷവും വിഭാഗീയതയും വളര്‍ത്തുവാന്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കുന്നു. അതേസമയം ഇപ്പോള്‍ അധികാരം കയ്യാളുവന്‍ ശക്തിയുള്ള ഹിന്ദുത്വ രാഷ്ട്രീയ അധികാരത്തോടും അവര്‍ കൂട്ടു ചേരും. ആഗോള മുതലാളിത്ത ശക്തികളുടെ കൊടിയ ചൂഷണത്തിന്റെ വിടര്‍ത്തിയ പത്തി ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ മാരക വിഷമാണ് വമിക്കുന്നത്. ചൂഷ്ണത്തിനെതിരായ ജനങ്ങളുടെ ഐക്യത്തിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കരാര്‍ ആണ് എല്ലാ വിഭാഗീയ ശക്തികളും ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയെ വിഴുങ്ങുന്ന ആ കാടകൂള വിഷത്തെ നിര്‍വീര്യമാക്കുവാന്‍ ആഗോള മുതലാളിത്ത ശക്തികളുടെ നഗ്നമായ ചൂഷണത്തിനെതിരെ ജനങ്ങളെ ഉണര്‍ത്തുകയും അണി നിരത്തുകയും ചെയ്യുമ്പോഴാണ് ജനങ്ങള്‍ക്ക് സ്ഥായിയായ വിജയം കൈവരിക്കുവാന്‍ കഴിയുക. ഇന്ത്യയിലെ ജനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ടും വര്‍ഗ്ഗീയമായ ചേരിതിരിവിനുള്ള പ്രകോപനങ്ങളില്‍ വീണു പോകാതെയും ഐക്യ ബോധത്തെ ഊട്ടി ഉറപ്പിച്ചാണ് ന്യൂനപക്ഷങ്ങളും പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതിനു കരുത്തു നേടുവാന്‍ കഴിയണമെങ്കില്‍ ആദിവാസി, ദലിത, മറ്റു പിന്നാക്ക സമൂഹങ്ങളുടെ അജയമായി ബലത്തില്‍ ആ ഐക്യ ബോധത്തെ കെട്ടിപടുക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply