അനുപമ : മുഖ്യമന്ത്രിയുടെ മൗനം അനീതിക്കുള്ള സമ്മതം

സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി ഏറ്റവും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന, സ്വന്തം കുഞ്ഞിനായുള്ള അനുപമയുടെ പോരാട്ടം ഒരു നിര്‍ണ്ണായകഘട്ടം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേതുതന്നെ എന്ന് ഡി എന്‍ എ പരിശോധനയില്‍ തെളിഞ്ഞു ഇനി അധികം താമസിയാതെ അനുപമക്ക് കുഞ്ഞിനെ തിരിച്ചുകിട്ടുമെന്നുറപ്പ്. അതിശക്തരായ വിഭാഗങ്ങളോടും സംവിധാനങ്ങളോടും അവരുടെ സൈബര്‍ പോരാളികളോടും പടവെട്ടിയാണ് വിരലിലെണ്ണാവുന്നവരുടെ പിന്തുണയോടെ അനുപമ ഈ വിജയം നേടിയെടുത്തത് എന്നത് ചെറിയ കാര്യമല്ല. ദീപ പി മോഹനന്റെ പോരാട്ട വിജയത്തിനുശേഷം കേരളം കാണുന്ന മറ്റൊരു പെണ്‍പോരാട്ട വിജയം…. അതും കേരളപ്പിറവി മാസത്തില്‍.

അതേ സമയം ഇതുമായി ബന്ധപ്പെട്ട് നിരവധി സമസ്യകള്‍ക്ക് ഇനിയും മറുപടി കിട്ടാനുണ്ട്. എത്രയോ ദിവസങ്ങളായി കേരളത്തില്‍ ഏറെവിവാദമുണ്ടാക്കിയ സംഭവമായിട്ടും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനംം. ഈ വിഷയത്തില്‍ ആരോപണവിധേയമായിട്ടുള്ള ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാകട്ടെ മുഖ്യമന്ത്രി തന്നെയാണ്. നിയമസംരക്ഷണം ഉറപ്പുവരുത്തേണ്ട ആഭ്യന്തരവകുപ്പിന്റെ മന്ത്രിയും അദ്ദേഹം തന്നെ. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നേരിട്ടുള്ള ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. എന്നിട്ടും അദ്ദേഹം നിശബ്ദനാണ്. മറുവശത്ത് അദ്ദേഹത്തിന്റ അനുയായികള്‍ സോഷ്യല്‍ മീഡിയിയിലും മറ്റും ചെയ്യുന്നത് എന്താണ്? ഇന്നോളം കേരളത്തില്‍ ആരും നേരിടാത്തത്രയും അധിക്ഷേപങ്ങളും സൈബര്‍ അക്രമങ്ങളുമാണ് അനുപമയും അജിത്തും നേരിടുന്നത്. ഇപ്പോഴുമത് തുടരുന്നു. എന്നാലതിനെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ ഇരുവരും അതിജീവിക്കുന്ന കാഴ്ചയും നാം കാണുന്നു.

നിയമപരമായി പിരശോധിച്ചാല്‍ നടന്നിരിക്കുന്നത് ദത്തുകൊടുക്കല്‍ പ്രക്രിയയല്ല. കുട്ടിക്കടത്തുതന്നെയാണ്. ദത്തുകൊടുക്കാന്‍ അധികാരമില്ലാത്തവര്‍ അതു ചെയ്താല്‍ കുട്ടിക്കടത്തല്ലാതെ മറ്റെന്താണ്? ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ശിശുക്ഷേമസമിതി ദത്തുകൊടുക്കല്‍ പ്രക്രിയയിലേക്ക് കടന്നതെന്നത് വ്യക്തമാണ്. കുടുംബകോടതിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മറുപടി പറയാന്‍ ഇപ്പോഴും സമിതിക്കു കഴിയുന്നില്ലല്ലോ. മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കില്‍ പോലും നടന്നത് നിയമവിരുദ്ധ പ്രവര്‍ത്തിയാണ്. മാത്രമല്ല അനുപമയുടെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നതെന്ന വാദമെല്ലാം എന്നേ പൊളിഞ്ഞതാണ്. അനുപമയുടെ അച്ഛന്‍ സ്വന്തം മകളെ വൈകാരികതയുടെ പേരില്‍ വഞ്ചിക്കുകയായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതിന്റെ പേരില്‍ അനുപമയെ ആക്ഷേപിക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാണ്. ഒരേദിവസം കിട്ടിയ രണ്ടു കുഞ്ഞുങ്ങളില്‍ ഒന്നിന്റെ മാത്രം ഡി എന്‍ എ പരിശോധന നടത്തുക, ആണ്‍കുട്ടി, പെണ്‍കുട്ടിയാണെന്നു പറയുക തുടങ്ങി പല കള്ളത്തരങ്ങളും അരങ്ങേറി. നിയമപരമായി പരിശോധിച്ചാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്. അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ സ്ഥാപനമാണ് എന്നത് ചെറിയ കാര്യമല്ല. അതാകട്ടെ അനുപമ പരാതി കൊടുത്ത ശേഷം. അതിനാല്‍ തന്നെ മുഖ്യമന്ത്രി വാ തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അനുപമയുടെ പരാതി നില നില്‍ക്കെയാണ്, ആ പരാതി അവഗണിച്ചുകൊണ്ട് കുഞ്ഞിനെ കൈമാറാന്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പൊലീസും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും പ്രവര്‍ത്തിച്ചത്. അതാകട്ടെ എല്ലാ നിയമസംവിധാനങ്ങളേയും ലംഘിച്ചും. അനുപമയുടെ അച്ഛന്‍, താന്‍ നേരിട്ടു നല്‍കിയതാണ് കുഞ്ഞിനെയെന്ന് ചാനല്‍ ചര്‍ച്ചയില്‍ ലോകത്തോടു വിളിച്ചു പറഞ്ഞതാണ്. അതുമാത്രം മതി നിയമലംഘനം ബോധ്യമാകാന്‍. പി കെ ശ്രീമതിയുടെ വാക്കുകളും പരിശോധിച്ചാല്‍ ഇതംഗീകരിക്കുന്നതായി വ്യക്തമാണ്. മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അറിയിച്ചിട്ടും അതൊരു കുടുംബപ്രശ്‌നത്തിനപ്പുറം കാണാന്‍ ആരും തയ്യാറായില്ലെന്നും താന്‍ പരാജയപ്പെട്ടുപോയി എന്നുമാണ് അവര്‍ പറഞ്ഞത്. സാധാരണ ഇത്തരം പ്രശ്‌നങ്ങള്‍ പൊന്തി വരുമ്പോള്‍ ഉത്തവാദപ്പെട്ടവരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. ഇവിടെയതും ഉണ്ടാകുന്നില്ല. നിയമ വിരുദ്ധ നടപടികളെ നിയമപരമായി മാറ്റാന്‍ വേണ്ട തെളിവു നിര്‍മ്മാണത്തിന് അവര്ക്ക് സമയവും അവസരവും അനുവദിച്ചു. സി സി ടിവി ദൃശ്യങ്ങള്‍ മായ്ക്കപ്പെട്ടു. കള്ളക്കഥകള്‍ മെനയപ്പെട്ടു. ആഭ്യന്തര വകുപ്പ് അനുപമയുടെ പരാതിയില്‍ കേസെടുക്കാതെ മുഖ്യമന്ത്രിയുടെ കുടുംബകാര്യ വ്യാഖ്യാനത്തിനൊപ്പം നിന്നു. പക്ഷെ എന്തു ചെയ്താലും നിയമവിരുദ്ധ ദത്ത് കുട്ടിക്കടത്തല്ലാതെ മറ്റെന്താണ്? എന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ സംഭവത്തിലെ ഏറ്റവും ഭീകരമായ വശം തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇവര്‍ക്കുനേരെയുള്ള സൈബര്‍ അക്രമണമാണ്. ഇപ്പോഴുമത് തുടരുന്നു. അജിതിന് മറ്റൊരു ഭാര്യയുണ്ടായിരുന്നു എന്നും വിവാഹമോചനത്തിനു മുമ്പാണ് ഈ ബന്ധം തുടങ്ങിയതെന്നുമാണ് ആദ്യ ആരോപണം. ഒപ്പം കുട്ടികളുണ്ടെന്ന അസത്യങ്ങളും മേമ്പൊടിയായി ചേര്‍ത്തു. അത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ പുത്തിരിയാണോ? മാത്രമല്ല, അവരിരുവരും ഉഭയസമ്മതപ്രകാരം പിരിയാന്‍ തീരുമാനിച്ച് അതിന്റെ നടപടിക്രമങ്ങള്‍ നടക്കുമ്പോഴാണ് ഈ ബന്ധം ആരംഭിച്ചതെന്നും അജിത് തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തിനുശേഷമാണ് ഇരുവരും ഒന്നിച്ചു ജീവിക്കാനാരംഭിച്ചത്. വിവാഹമോചനവും പുനര്‍വിവാഹവുമെല്ലാം ദൈനംദിനം വര്‍ദ്ദിക്കുന്ന ഒരു നാട്ടിലാണ് ഇതൊരു വന്‍കുറ്റമായി അവതരിപ്പിക്കപ്പെടുന്നത്. നിയമപരമായി പരിശോധിച്ചാലും ്അതിലൊന്നും ഒരു കുറ്റവുമില്ല താനും.

അടുത്തകാലത്തായി സോഷ്യല്‍ മീഡിയയിലൂടെയുള്ള സദാചാര കടന്നാക്രമണം വളരെ ശക്തമായിരിക്കുകയാണല്ലോ. പ്രത്യകിച്ച് സ്ത്രീകള്‍ക്ക് നേരെ. ഒരു താരരാജാവിന്റെ സിനിമ മോശമാണെന്നു പറഞ്ഞതിന് അങ്ങാടിപ്പുറത്തെ അപര്‍ണ്ണ നേരിട്ടത് അത്തരത്തിലുള്ള ആക്രമണമായിരുന്നു. ബി അരുന്ധതി, ദീപാ നിശാന്ത്, ശ്രീജ നെയ്യാറ്റിന്‍ കര, നിഷ ജോസ്, അനിത തിലകന്‍, ഹനാന്‍ ഹന്ന, പ്രീത ജിപി, നടികളായ പാര്‍വതി, റിമ, അമലപോള്‍ തുടങ്ങി എത്രയോ പേര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരകളായി. ചിത്രലേഖ, മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍, വി പി റജീന, ഭാഗ്യലക്ഷ്മി, കെ കെ രമ, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, രമ്യഹരിദാസ് എന്നിങ്ങനെ ഈ പട്ടിക നീളുന്നു. തട്ടമിടാത്തതിന്റെ പേരിലും തെരുവില്‍ ഫ്‌ളാഷ് മോബ് നടത്തിയതിന്റെ പേരിലും കലാലയങ്ങളില്‍ ആണ്‍കുട്ടികളുമായി ഇടപഴകിയതിന്റെ പേരിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലുമെല്ലാം ഇത്തരം അക്രമങ്ങള്‍ നിരന്തരമായി നടക്കുന്നു. ഈ സംഭവത്തിലാകട്ടെ പുരോഗമനവാദികളെന്നു സ്വയം കരുതുന്നവരാണ് അക്രമകാരികള്‍. എന്നാല്‍ അതിനെയെല്ലാം വെല്ലുവിളിക്കന്ന പെണ്‍കുട്ടികളുടെ ഒരുതലമുറ ഉദയം കൊണ്ടിട്ടുണ്ട് എന്നതാണ് ആശ്വാസം. അതിലൊരാളാണ് ഈ അനുപമയും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സംഭവത്തില്‍ ഒളിഞ്ഞുകിടക്കുന്ന മറ്റൊരു വസ്തുത കൂടി കാണാതിരിക്കാനാവില്ല. അനുപമയുടെ മാതാപിതാക്കള്‍ വിഭിന്ന മതക്കാരാണ്. അപ്പോഴും ഒരു ദളിതനെ കുടംബാംഗമായി അവര്‍ക്ക് കാണാനാവുന്നില്ല എന്നതാണത്. കുഞ്ഞുണ്ടായിട്ടുപോലും അജിത്തിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറാകാത്തതിന്റെ കാരണം അതാണെന്ന് അനുപമതന്നെ പറഞ്ഞല്ലോ. പാര്‍ട്ടിയാകട്ടെ അനുപമയുടെ പിതാവിനെതിരെ നടപടിയൊന്നും എടുത്തില്ലെങ്കിലും അജിത്തിനെ പുറത്താക്കുകയും ചെയ്്തു. അജിത്തിനെതിരെയുള്ള സൈബര്‍ ആക്ഷേപങ്ങളിലൂുടെ കടന്നുപോയാല്‍ വ്യക്തമായി കാണാവുന്ന ഒന്നാണ് ജാതിബോധം. സിപിഎമ്മും പോഷകസംഘടനകളുമായി ബന്ധപ്പെട്ട ഉന്നതരടക്കം എത്രയോ പേര്‍ സ്ത്രീപീഡനകേസുകളില്‍ പെട്ടിരുന്നു. അവരില്‍ മിക്കവാറും ഒതുക്കിതീര്‍ത്തു. ചിലര്‍ക്കെതിരെ നടപടിയെടുത്തു. എന്നാല്‍ അജിത്തിനെതിരെ നടക്കുന്ന രീതിയിലുള്ള അധിക്ഷേപം ഇന്നോളം കണ്ടിട്ടില്ല. വാളയാറില്‍ രണ്ടുകുഞ്ഞുങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോള്‍ പോലും കുറ്റവാളികളെ സംരക്ഷിക്കാന്‍ അമ്മയെ അധിക്ഷേപിച്ചവരില്‍ നിന്ന് ഇതല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചവര്‍ക്കാണ് തെറ്റു പറ്റിയത്. പക്ഷെ ജനാധിപത്യ ഭരണകൂടവും ഭരണകൂട മെഷിണറികളും അതിനു കൂട്ടുനില്‍ക്കരുതായിരുന്നു. അതാണ് പക്ഷെ ഇവിടേയും സംഭവിച്ചത്.

കുട്ടിക്കടത്തിനെ ന്യായീകരിക്കുന്നവര്‍ക്ക് ലഭിച്ചിരിക്കുന്ന അവസാന തുരുപ്പുചീട്ടാണ് ആന്ധ്രയിലെ ദമ്പതികളുടെ വേദന. ദത്തെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെങ്കിലും അതിനായി ശ്രമിച്ചികൊണ്ടിരുന്ന, കഴിഞ്ഞ 103 ദിവസം കുഞ്ഞിനെ സ്‌നേഹിച്ച്, സംരക്ഷിച്ച അവരുടെ വേദന ആര്‍ക്കും മനസ്സിലാകും. പക്ഷെ അതിനു കാരണക്കാരി അനുപമയല്ലല്ലോ. മറിച്ച് ശിശുക്ഷമസമിതിയും കുട്ടിക്കടത്തിനു കൂട്ടുനിന്നവരും ന്യായീകരിക്കുന്നവരും തന്നെയാണ്. സത്യത്തില്‍ ഇക്കാര്യത്തിലും വഞ്ചനാകുറ്റം ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഒരേസമയം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ, മറുവശത്ത് പ്രതിസ്ഥാനത്തുനില്‍ക്കുന്ന ശിശുക്ഷേമസമിതിയുടെ അധ്യക്ഷനുമായ മുഖ്യമന്ത്രി മൗനം തുടരുകയാണ്. സത്യത്തില്‍ ഈ മൗനം അനീതിക്കുള്ള സമ്മതമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply