മറ്റൊരു ലോകം സാധ്യമാണ് – കേരള സോഷ്യല്‍ ഫോറം 25,26ന്

മറ്റൊരു ലോകം സാധ്യമാണ് എന്ന പ്രഖ്യാപനത്തോടെ നവംബര്‍ 25, 26 തിയതികളില്‍ തൃശൂരില്‍ വെച്ച് കേരള സോഷ്യല്‍ ഫോറം സംഘടിപ്പിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളും വിവിധ തൊഴിലാളി പ്രസ്ഥാനങ്ങളും ആദിവാസി, ദളിത്, സ്ത്രീ, ക്വിയര്‍, മത്സ്യത്തൊഴിലാളി കൂട്ടായ്മകളും മറ്റു യുവജന സംഘടനകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ചേര്‍ന്നുകൊണ്ട് സമൂഹത്തിലെ വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന വേള്‍ഡ് സോഷ്യല്‍ ഫോറം അടുത്ത വര്ഷം ഫെബ്രുവരി 15 മുതല്‍ 19 വരെ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ച് സംഘടിപ്പിക്കപ്പെടുകയാണ്. മാത്രമല്ല ഡിസംബര്‍ 2 മുതല്‍ 4 വരെ ബിഹാറിലെ പട്‌നയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രാദേശിക സോഷ്യല്‍ ഫോറം സംഘാടനവുമായി ബന്ധപ്പെട്ടാണ് കേരളത്തിലും സോഷ്യല്‍ ഫോറം സംഘടിപ്പിക്കപ്പെടുന്നത്.

2001 ലാണ് ബ്രസീലില്‍ ആദ്യത്തെ ‘വേള്‍ഡ് സോഷ്യല്‍ ഫോറം’ നടക്കുന്നത്. ആഗോളീകരണവും ഉദാരീകരണവും ശക്തി പ്രാപിക്കുകയും മിക്ക രാജ്യങ്ങളും സാമ്പത്തിക ഭരണക്രമത്തിലേക്ക് മാറുകയും ചെയ്തതോടെ വേള്‍ഡ് എക്കണോമിക് ഫോറം G7, G20 തുടങ്ങിയ കൂട്ടായ്മകള്‍ ലോകത്തെ നിയന്ത്രിക്കുന്ന സ്ഥിതി സംജാതമായി. അടച്ചിട്ട മുറികളില്‍ ഇവര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ പൊതുസമൂഹത്തിന്റെ ആശകളും ആശങ്കകളും ആശയങ്ങളും അവഗണിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് 2001ലെ ‘വേള്‍ഡ് ഇക്കണോമിക് ഫോറം’ യോഗം നടക്കുന്ന സമയത്ത് തന്നെ ജനകീയ പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആദ്യ ‘വേള്‍ഡ് സോഷ്യല്‍ ഫോറം’ സംഘടിപ്പിക്കപ്പെട്ടത്. സിവില്‍ സമൂഹത്തിനും ജനകീയ കൂട്ടായ്മകള്‍ക്കും തുറന്ന സംവാദങ്ങള്‍ക്കും ആശയ പ്രചരണത്തിനുമുള്ള വേദിയായാണ് ‘വേള്‍ഡ് സോഷ്യല്‍ ഫോറം’ വിഭാവനം ചെയ്യപ്പെട്ടത്. ‘വേള്‍ഡ് സോഷ്യല്‍ ഫോറ’ത്തിന്റെ ചുവടുപിടിച്ച് പ്രാദേശിക സോഷ്യല്‍ ഫോറങ്ങളും ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

ഡെമോക്രസി, ഡൈവേഴ്‌സിറ്റി, ഇന്ക്ലൂസീവ്‌നെസ്സ് എന്ന മൂന്നു മുഖ്യപ്രതിപാദ്യ വിഷയങ്ങളിലൂന്നി രണ്ടു ദിവസങ്ങളിലായി കേരളാ സംഗീത നാടക അക്കാദമി ക്യാംപസില്‍ സംഘടിപ്പിക്കപ്പെടുന്ന കേരള സോഷ്യല്‍ ഫോറത്തില്‍ 16ഓളം സമാന്തര സെഷനുകള്‍ 4 പ്ലീനറി സെഷനുകള്‍ എന്നിവയിലായി മുഖ്യ പ്രഭാഷണങ്ങള്‍, വിഷയാധിഷ്ഠിത സംവാദങ്ങള്‍, എക്‌സിബിഷനുകള്‍, ക്യാംപെയിനുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. വിഷയാധിഷ്ഠിത സംവാദങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ദളിത് ആദിവാസി ക്വിയര്‍ മത്സ്യത്തൊഴിലാളി മറ്റു പിന്നോക്ക ജന വിഭാഗങ്ങളുടെ നേതാക്കളും ജനകീയ പ്രസ്ഥാനങ്ങളും സമര മുന്നണികളും പങ്കെടുക്കും. ജാതി സെന്‍സസുമായി ബന്ധപ്പെട്ടും തുല്യപ്രതിനിത്യവുമായി ബന്ധപ്പെട്ടും ക്വിയര്‍ മനുഷ്യരുടെ ആരോഗ്യവും അതിജീവനവുമായി ബന്ധപ്പെട്ടും വിവിധ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ സോഷ്യല്‍ ഫോറത്തില്‍ ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കും. കേരളത്തിനകത്തും പുറത്തും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്തിഥിക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു സംസാരിക്കും.

വികസനവും പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും തൊഴിലും ആരോഗ്യവും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെയും സമുദായങ്ങളുടെയും ആശങ്കകളും കുട്ടികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സവിശേഷ പ്രശ്‌നങ്ങളും വികസനത്തിന്റെ പേരില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക പ്രതിസന്ധികളും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും നേരിടുന്ന പ്രശ്‌നങ്ങളും തുടങ്ങി രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും പ്രതിസന്ധികളും അതിന്റെ മുഴുവന്‍ പ്രാധാന്യത്തോടും കൂടി കേരള സോഷ്യല്‍ ഫോറം ചര്‍ച്ച ചെയ്യും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1975 ലെ അടിയന്തിരാവസ്ഥയേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നേരിടുന്ന സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഉള്‍പ്പെടെ ജനങ്ങളെ വിഭജിക്കുവാനും പരസ്പരം വിദ്വേഷം വളര്‍ത്തുവാനും ഉള്ള ശ്രമങ്ങള്‍ ഭരണാധികാരികളുടെ ഒത്താശയോടെ തന്നെ നടക്കുകയാണ്. പില്‍ക്കാലത്ത് എഴുതി ചേര്‍ക്കപ്പെട്ടത് ആണെങ്കിലും, മതേതരത്വവും സോഷ്യലിസവും ഇന്ത്യയുടെ ശക്തിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതുരണ്ടും ഇന്ന് നിരന്തരം തമസ്‌കരിക്കപ്പെടുകയാണ്. കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അനുദിനം വര്‍ദ്ധിപ്പിക്കുകയും സാധാരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നികുതിപ്പണം കൊണ്ട് കൈയയച്ച് സഹായങ്ങള്‍ നല്‍കുമ്പോഴും സാധാരണക്കാരുടെ നിലനില്‍പ്പിന് ആവശ്യമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഭരണകൂടങ്ങള്‍ ഇല്ലാതാക്കുകയാണ്.

പൊതുസ്വത്തായിരുന്ന പ്രകൃതി വിഭവങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും യഥേഷ്ടം കൊള്ള ചെയ്യുവാനുള്ള വഴികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ വകുപ്പുകളും ചേര്‍ന്ന് ഒരുക്കി കൊടുക്കുന്നതു വഴി വലിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകങ്ങളായ കാടും മലയും പുഴയും ജലാശയങ്ങളും ഇന്ന് ഏറെ ശോഷിച്ചിരിക്കുന്നു. ഇതിന് പുറമെയാണ് മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കാലാവസ്ഥ പ്രതിസന്ധി മാറിക്കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുവാനാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലും സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെയും പരിസ്ഥിതിയെയും കാലാവസ്ഥയെയും ഏറെ ദോഷകരമായി ബാധിക്കുന്ന വികലവും അശാസ്ത്രീയവും സാമ്പത്തികമായി പരിപൂര്‍ണ്ണ പരാജയവുമായ വികസന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ആത്മഹത്യാപരമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനാധിപത്യത്തെ നിലനിര്‍ത്തുന്ന നാല് തൂണുകളില്‍ ഭരണകൂടം മാത്രം ഏറെ ഉയര്‍ന്നുനില്‍ക്കുകയും മറ്റുള്ളവ ഭരണകൂടത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. റിസര്‍വ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഉള്‍പ്പെടെയുള്ള സുപ്രധാന സംവിധാനങ്ങള്‍ പോലും ഇന്ന് സ്വതന്ത്രമല്ല. കോടതികള്‍ പലപ്പോഴും നിസ്സംഗവും നിസ്സഹായവും ആകുന്നു. മാധ്യമങ്ങളില്‍ നല്ലൊരു പങ്കും ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറി കഴിഞ്ഞു. അല്ലാത്ത മാധ്യമ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയോ വിലയ്ക്ക് എടുത്തോ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ഗൂഡാലോചന നടത്തുകയും ചെയ്യുന്നു. എതിര്‍ ശബ്ദങ്ങളെ പോലീസിന് ഉപയോഗിച്ച് അടിച്ചമര്‍ത്തുകയോ സൈബര്‍ ഇടത്തില്‍ അടിച്ചിരുത്തുകയോ ചെയ്യുന്ന പ്രവണത നിര്‍ഭാഗ്യവശാല്‍ കേരളത്തിലും വര്‍ദ്ധിക്കുകയാണ്. ഈയൊരു സാമൂഹിക സാഹചര്യത്തിലാണ് ഈ വിഷയങ്ങളെല്ലാം ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ചര്‍ച്ചകള്‍ മുന്നോട്ടു വച്ച് കേരള സോഷ്യല്‍ ഫോറം സംഘടിപ്പിക്കപ്പെടുന്നത്.

വികസനവും പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും തൊഴിലും ആരോഗ്യവും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെയും സമുദായങ്ങളുടെയും പ്രശ്‌നങ്ങളും ആശങ്കകളും സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും കലാ സാംസ്‌കാരിക ഇടപെടലുകളും അതിന്റെ മുഴുവന്‍ പ്രാധാന്യത്തോടും കൂടി ജനാധിപത്യപരമായ രീതിയില്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്‌നനങ്ങളും സവിശേഷമായി നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും വെല്ലുവിളികളും ജനകീയമായി വിശകലനം ചെയ്യും. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ തന്നെ നവകേരള സദസ്സുകള്‍ സംഘടിപ്പിക്കുമ്പോഴാണ് കേരള സോഷ്യല്‍ ഫോറം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേരള സോഷ്യല്‍ ഫോറം നവംബര്‍ 25നു തൃശ്ശൂരിലെ കേരള സംഗീത നാടക അക്കാദമിയില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് ‘ഭരണഘടന മതനിരപേക്ഷത ജനാധിപത്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. LGBTQIA+ ചരിത്രം സംസ്‌കാരം രാഷ്ട്രീയം, കേരളത്തിലെ സജീവ ജനകീയ സമരങ്ങളുടെ നേര്‍ക്കാഴ്ച, സ്ത്രീ അവകാശ പോരാട്ടങ്ങള്‍ കേരളത്തില്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ സോഷ്യല്‍ ഫോരത്തിലുണ്ടാകും. സ്ത്രീകളുടെ തുല്യ പ്രാതിനിത്യം എന്ന വിഷയത്തില്‍ കാമ്പയിന്‍ നടക്കും. ഫാസിസ്റ്റ് കാലത്തെ മാധ്യമ ഇടപെടലുകള്‍ വെല്ലുവിളികള്‍ പ്രതീക്ഷകള്‍, കേരളത്തിലെ കുട്ടികള്‍- സുരക്ഷ- വിദ്യാഭ്യാസം- ഗവേണന്‍സ്, കേരള സമൂഹനിര്‍മ്മിതിയില്‍ യുവജനങ്ങളുടെ പങ്ക്, LGBTQIA: ആരോഗ്യം അതിജീവനം നിയമ പരിരക്ഷ, പരിസ്ഥിതി- കാലാവസ്ഥ വ്യതിയാനം- പ്രതിസന്ധികള്‍, ഇന്ത്യന്‍/ കേരള സാഹചര്യം, പൊതു വിദ്യാഭ്യാസം പാര്‍ശ്വവത്കൃത സമുദായങ്ങളും പ്രതിസന്ധികളും, ജനകീയ സമരങ്ങളും കേരളവും, സാമ്പത്തിക ഭരണക്രമം V/S സാമൂഹിക പാരിസ്ഥിതിക ഭരണക്രമം, ദളിത് ബഹുജന്‍ രാഷ്ട്രീയവും സമകാലീന ആലോചനകളും, സമകാലിക കേരളത്തിലെ സ്ത്രീ അവസ്ഥകള്‍, സ്വയം നിര്‍ണയാവകാശം, വിവേചനങ്ങള്‍, തൊഴില്‍, പാര്‍ശ്വവല്‍ക്കരണം, കൃഷി / ഭക്ഷ്യസുരക്ഷ- കാര്‍ഷിക സമരങ്ങള്‍, മുന്നേറ്റങ്ങള്‍, തീരദേശ മേഖല: തൊഴിലും മത്സ്യത്തൊഴിലാളി ജീവിതങ്ങളും ജനകീയ മുന്നേറ്റങ്ങളും, ഉത്തര മുതലാളിത്ത കാലത്തെ തൊഴില്‍ പരിസരം, ഭൂമിയും വിഭവ- രാഷ്ട്രീയ കേരളത്തിലെ ആദിവാസികളും തുടങ്ങി നിരവധി വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. സോഷ്യല്‍ ഫോറത്തിന്റെ ഭാഗമായി പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയും യുവജനങ്ങളുടെ കലാവിഷ്‌കാരങ്ങളും നടക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply