സ്‌നേഹത്തിന്റെ അനാറ്റമി

പ്രസാദ് അമോര്‍ രചിച്ച മനസ്സിന്റെ വാതായനങ്ങള്‍ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.

മനോരോഗശാസ്ത്രം ഇന്ന് വഴിത്തിരിവിലാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂറോണുകളുടെ കൃത്യസംവേദനങ്ങളാല്‍ ആവിഷ്‌ക്കരിക്കപ്പെടുന്നതിനെക്കുറിച്ച് പുത്തന്‍ അറിവുകള്‍ വിപ്ലവകരമായാണ് ചികില്‍സാപദ്ധതികളില്‍ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ജനിതകശാസ്ത്രവും തന്മാത്രാശസ്ത്രവും ഇതോടൊത്ത് ന്യൂറോഫിസിയോളജിയില്‍ വന്‍ വഴിത്തിരിവുകളാണ് ഉള്‍ച്ചേര്‍ക്കുന്നത്. ഇതെപ്പറ്റി വ്യക്തമായ അറിവും പ്രായോഗികകാഴ്ച്ചപ്പാടും പശ്ച്ചാത്തലമാക്കിയാണ് ശ്രീ പ്രസാദ് അമോര്‍ ഈ പുസ്തകം വായനക്കാര്‍ സമക്ഷം അവതരിപ്പിക്കുന്നത്. മനസ്സിന്റെ വ്യാപാരങ്ങളെക്കുറിച്ചും സമൂഹത്തിലെ പ്രവണതകളുടെ ന്യൂറല്‍ അടിസ്ഥാനത്തെക്കുറിച്ചും വ്യക്തവും കാലികവും അഭിനവവുമായ അറിവുണ്ടായിരിക്കാനുള്ള ഒരു ഗൈഡ് ബുക്ക് ആയി വര്‍ത്തിക്കുകയാണ് ”മനസ്സിന്റെ വാതായനങ്ങള്‍” .

 

 

 

 

 

 

 

 

വലിയ തയാറെടുപ്പുകളാണ് ഈ പുസ്തകനിര്‍മ്മാണത്തിനു പിന്നില്‍ ലേഖകന്‍ നടത്തിയിരിക്കുന്നത്. മനഃശാസ്ത്രത്തിലും മനോരോഗശാസ്ത്രത്തിലും ന്യൂറോസയന്‍സിലും ഈയിടെ പുറത്തുവന്നിട്ടുള്ള നിരവധി ഗവേഷണവിശേഷങ്ങള്‍ അപഗ്രഥിച്ചും മലയാളി പൊതുബോധത്തോട് ഇഴചേര്‍ക്കത്തക്ക വിധം ആവിഷ്‌ക്കരിച്ചുമാണ് പ്രതിപാദനം.മലയാളികള്‍ക്ക് അപരിചിതവും എന്നാല്‍ മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാന്‍ അത്യന്താപേക്ഷിതമായ വാക്കുകള്‍ (പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സ്, ലിംബിക് സിസ്റ്റെം, അമിഗ്ദല, ഹൈപൊതലമസ്) ധാരാളം ഉപയോഗിച്ചും ന്യൂറോഫിസിയോളജി ഉചിതമായി വിവരിച്ചും ഉദ്‌ബോധനതലത്തിലേക്ക് ഉയരുന്നുണ്ട് പലപ്പോഴും. മലയാളശാസ്ത്രമെഴുത്തില്‍ ഇനിയും വന്നുചേരാനുള്ള സാങ്കേതിക പദപ്രയോഗങ്ങളും ധാരാളമുണ്ട്. എങ്കിലും തികച്ചും ആധുനികമായ ഭാഷാരീതി തെല്ലല്ല വായനാനുഭവത്തിനു ഉന്മേഷം പകരുന്നത്. വിഷമം പിടിച്ച ചോദ്യങ്ങള്‍ക്ക് ശാസ്ത്രാവബോധത്തോടു കൂടിയ മറുപടി പറയുന്നത് അതിസാധാരണവും മനസ്സിലാക്കാന്‍ എളുപ്പമുള്ള രീതിയിലുമാണ് എന്നത് ഈ പുസ്തകത്തിനെ സ്വഭാവരീതിയാണ്. മനസ്സിന്റെ ഇരിപ്പിടം എവിടെ? മനഃശാസ്ത്രത്തെ ശാസ്ത്രമാക്കുന്നത് എങ്ങിനെ? ദൈവത്തിനെ കാണുന്നതെങ്ങിനെ?എന്നിങ്ങനെ പോകുന്നു അവയില്‍ ചിലവ. ക്ലിഷ്ടമായ ചില ആശയങ്ങളുടെ ആഖ്യാനങ്ങളില്‍ കഥാകഥനരീതി അവലംബിച്ചിട്ടുണ്ട്.

മനസ്സ് എന്നതിന്റെ ആധുനികനിര്‍വ്വചനവും ഘടനയും സ്വരൂപവും വിശദമായി പ്രതിപാദിക്കുന്നതിനിടോപ്പം മനസ്സും ശരീരവും രണ്ടല്ല, ഒന്നാണ് എന്നത് തെളിയിച്ചെടുക്കുന്നത് വിശ്വാസോദ്പാദകമായിട്ടാണ്. മാറിവരുന്ന മനഃശാസ്ത്രതത്വങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പല ശാസ്ത്രശാഖകളിലുമുള്ള അറിവ് അത്യാവശ്യമാണെന്ന സത്യം നിശിതമായിത്തന്നെ പ്രഖ്യാപിക്കുന്നുണ്ട് ലേഖകന്‍. ”മനുഷ്യന്റേയും മറ്റ് ജീവികളുടേയും മാനസികനിലകള്‍, ചിന്തകള്‍, വികാരങ്ങള്‍, ബൗദ്ധികശേഷികള്‍, ജീവനതന്ത്രങ്ങള്‍ എന്നിവയെ സംബന്ധിച്ച് വസ്തുതകള്‍ മനസ്സിലാക്കാന്‍ പോപുലര്‍ സൈക്കോളജിയുടെ പരിമിതമായ ഇടത്തില്‍ നിന്നുകൊണ്ട് സാദ്ധ്യമല്ല” എന്നിങ്ങനെയാണ് പ്രസ്താവനകള്‍. രതിയുടെ ഫിസിയോളജിയും ബലാല്‍സംഗത്തിന്റെ ന്യൂറല്‍ കാരണങ്ങളും ബാലപീഡനത്തിനു പ്രോല്‍സാഹിപ്പിക്കുന്ന തലച്ചോര്‍ പ്രവര്‍ത്തനങ്ങളും ആധികാരികമായി ആഖ്യാനപ്രദമാക്കിയിരിക്കുന്നത് പൊതു സൈക്കിന്റെ തെറ്റായ അവബോധങ്ങളെ മാറ്റി മറിക്കാന്‍ പര്യാപ്തമാണെന്നു മാത്രമല്ല സമൂഹത്തിന്റെ ഗതിമാറ്റത്തിനു അവശ്യവുമാണെന്ന് ബോധിപ്പിക്കാന്‍ കൂടിയുമാണ്.

 

 

 

 

 

 

 

 

സ്വര്‍ഗ്ഗത്തില്‍ പോയി ദൈവത്തെ കാണുന്നത് സത്യമെന്ന് കരുതുന്നതും മറ്റൊരാളെ സ്‌നേഹിക്കുന്നതും ചിലര്‍ ആത്മാവിനെ കാണുന്നതും സ്വപ്നം സത്യമെന്ന് ശഠിക്കുന്നതും ന്യൂറോണുകളില്‍ നിന്ന് ന്യൂറോണുകളിലേക്ക് പായുന്ന സംവേദനങ്ങളുടെ കളികളാണെന്ന് വിശദമാക്കാനും നമ്മെ വിശ്വസിപ്പിക്കാനുമുള്ള ലേഖകന്റെ ചാതുര്യമാണ് ഈ പുസ്തകത്തില്‍ തെളിഞ്ഞുവിളങ്ങുന്നത്. ചില സത്യപ്രഖ്യാപനങ്ങള്‍ മൂര്‍ച്ചയേറിയവയും വിപ്ലവദ്യോതകങ്ങളുമാണ്. ”അറിവുകള്‍ ആത്മജ്ഞാനങ്ങളിലൂടെ നേടിയതല്ല. ഒരു പ്രവാചകനും ഒന്നും കണ്ടുപിടിച്ചിട്ടില്ല” ഒരു ഉദാഹരണം.

പ്രസാധനം – ഭാനുപ്രഭ ബുക്ക് ഹൗസ് തൃശൂര്‍, bhanuprabhabookhouse@gmail.com, 9846646880, 6282708285
വില – 220.00

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply