മുഖ്യമന്ത്രിക്ക് ഒരു അടിസ്ഥാനവര്‍ഗ്ഗ യുവാവിന്റെ തുറന്ന കത്ത്.

ഒന്നാം തലമുറ ബിരുദക്കാരും (first generation graduates) അല്ലാത്തവരുമായ അടിസ്ഥാനവര്‍ഗ്ഗ യുവത അവരുടെ മാതാപിതാക്കളില്‍ നിന്ന് ബൗദ്ധികമായി ഏറെ ദൂരം അകലെയാണ്. അതുകൊണ്ടുതന്നെ ഒരു മാസത്തിന്റെ മൂന്നിലൊന്നു ദിവസങ്ങള്‍ വീടുകളില്‍ അടങ്ങിയിരിക്കുകയെന്നത് ഇരുതലമുറകള്‍ക്കും ഒരുപോലെ പ്രയാസകരമാണ്. അവര്‍ക്ക് താന്താങ്ങളുടെ സംവേദന സമൂഹങ്ങളുമായുള്ള പൊക്കിള്‍ക്കൊടി അറുത്തു മാറ്റുന്നത് നവജാതശിശുവിനോളം തന്നെ പരിഭ്രാന്തി സൃഷ്ടിക്കും

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സോഷ്യല്‍ മീഡിയകളിലടക്കം ഭാഷാപ്രയോഗ വൈവിധ്യങ്ങളോടെ ഉയര്‍ന്നുകേള്‍ക്കുന്ന ആഹ്വാനമാണ് ‘വീട്ടിലിരി’ എന്നത്. അതിന്റെ എല്ലാ ഗൗരവങ്ങളെയും ഉള്‍ക്കൊണ്ടുതന്നെ ലോക് ഡൗണിന്റെ നിസ്സാരവല്‍ക്കരണത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്നേ കരുതിയിരുന്നു. ഇന്ന് ഒരു ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നു കേട്ട ചില വാചകങ്ങളാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ലോക് ഡൗണ്‍ ദിവസങ്ങളെ വീട്ടില്‍ ചിലവഴിക്കാന്‍ ലഭിച്ച അവസരങ്ങളായി പരിഗണിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ആനന്ദകരമാക്കിത്തീര്‍ക്കണം എന്നതാണ് പ്രസ്തുത ചര്‍ച്ചയില്‍ ഉന്നയിച്ച സന്ദേശത്തിന്റെ സാരം.

അത്രമേല്‍ ആനന്ദകരമായ ( ആയാസരഹിതമെങ്കിലുമായ) കുടുംബങ്ങളാണോ സര്‍ നമ്മുടേത്? കുടുംബാധിഷ്ഠിത സാമൂഹികവാഴ്ച നിലനില്‍ക്കുന്ന ഈ രാജ്യം World happiness report പ്രകാരം ഏത് സ്ഥാനത്താണുള്ളതെന്ന് അറിയാവുന്നതാണല്ലോ. എങ്കിലും, 156 രാജ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയില്‍ നമ്മുടെ രാജ്യം 144-ാം സ്ഥാനത്താണ് എന്നത് വീണ്ടും ഓര്‍മിപ്പിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കുടുംബ സംവിധാനങ്ങളുടെ തകരാറുകളെക്കുറിച്ച് ആഴത്തിലുള്ള ഏന്തെങ്കിലും പഠനങ്ങള്‍ നടക്കുകയോ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നതായി അറിവില്ല. താങ്കള്‍ ഉറപ്പുനല്‍കുന്നത് പോലെ ലോക് ഡൗണ്‍ കാലത്ത് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നിറവേറ്റപ്പെട്ടാല്‍ മാത്രം സന്തുഷ്ടിയടയുന്ന കുടുംബ സംവിധാനങ്ങളാണ് ഇവിടുത്തേത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

‘അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ആത്മാവറിയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നു’ എന്ന വിജയാരവത്തോടെ താങ്കളെ സ്‌നേഹിക്കുന്നവര്‍ (ഞാനും ഒരു തരത്തില്‍ താങ്കളെ സ്‌നേഹിക്കുന്ന വ്യക്തി തന്നെയാണ്) താങ്കളുടെ തന്നെ ഭൂതകാലത്തെ സംബന്ധിക്കുന്ന ചില കുറിപ്പുകള്‍ പങ്കുവെച്ചുകണ്ടിരുന്നു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ബീഡിക്ക് നൂലുകെട്ടുന്ന തൊഴിലിനായി പറഞ്ഞയച്ച ഭൂതകാലമാണ് താങ്കള്‍ക്കുള്ളതെന്ന് അതില്‍ പറയുന്നുണ്ട്. അടിസ്ഥാനവര്‍ഗ്ഗ കുടുംബങ്ങളിലെ പാരന്റിംഗ് താങ്കളുടെ ബാല്യത്തിലേതിനെ അപേക്ഷിച്ച് ഏറെ മുന്നോട്ടുപോയിരിക്കാം. എന്നാല്‍ അടിസ്ഥാനപരമായി തലമുറാനന്തര ബൗദ്ധികതിക യുദ്ധങ്ങളുടെ പിന്‍തുടര്‍ച്ച ഇന്നും ഇവിടെയുണ്ട്. Generation gap എന്ന് പേരിട്ടു വിളിക്കുന്ന തലമുറകള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അന്തര്‍ധാര ഇന്നും വര്‍ത്തമാന സമൂഹത്തില്‍ സജീവമാണ് സഖാവേ.

ആ നിലയില്‍ ഒന്നാം തലമുറ ബിരുദക്കാരും (first generation graduates) അല്ലാത്തവരുമായ അടിസ്ഥാനവര്‍ഗ്ഗ യുവത അവരുടെ മാതാപിതാക്കളില്‍ നിന്ന് ബൗദ്ധികമായി ഏറെ ദൂരം അകലെയാണ്. അതുകൊണ്ടുതന്നെ ഒരു മാസത്തിന്റെ മൂന്നിലൊന്നു ദിവസങ്ങള്‍ വീടുകളില്‍ അടങ്ങിയിരിക്കുകയെന്നത് ഇരുതലമുറകള്‍ക്കും ഒരുപോലെ പ്രയാസകരമാണ്. അവര്‍ക്ക് താന്താങ്ങളുടെ സംവേദന സമൂഹങ്ങളുമായുള്ള പൊക്കിള്‍ക്കൊടി അറുത്തു മാറ്റുന്നത് നവജാതശിശുവിനോളം തന്നെ പരിഭ്രാന്തി സൃഷ്ടിക്കും. പുതിയ തലമുറയിലെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലും ടെലി സീരീസിലും മുഖം പൂഴ്ത്തി ഒരു പരിധിവരെ ഇതിനെ അതിജീവിച്ചേക്കാം. എന്നാല്‍ ദുരിതജീവിതത്തിന്റെ നൈരന്തര്യത്തില്‍ പ്രതിസന്ധികളെ അലിയിച്ചു കളയുന്ന മറ്റുള്ളവര്‍ക്ക് അത് എളുപ്പമായിക്കൊള്ളണമെന്നില്ല.

ഒരു ദിവസത്തിന്റെ വലിയൊരു ശതമാനവും വീടിനു പുറത്തു ജീവിക്കുന്ന അടിസ്ഥാനത്തില്‍പ്പെട്ട പുരുഷന്മാരുടെ ‘വീട്ടിലിരി’ അവസ്ഥ എത്രമാത്രം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന സാമാന്യ ധാരണ നിങ്ങളുടെ പോലീസുകാരിലും ആരോഗ്യ പ്രവര്‍ത്തകരിലും ഉണ്ടായിരിക്കേണ്ടതുണ്ട്. ‘ബ്രേക്ക് ദി മുട്ടുകാല്‍’ ഹാഷ് ടാഗുമായി പോലീസിന്റെ മനുഷ്യത്വരഹിതമായ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന പുരോഗമന ആക്ടിവിസ്റ്റുകള്‍ക്ക് മുട്ടുകാലൊടിഞ്ഞവന്റെ ഫോട്ടോയ്ക്ക് താഴെ ജസ്റ്റിസ് ഫോര്‍ ഹിം എന്നെഴുതിയ അടുത്ത ഹാഷ്ടാഗ് വക്കുന്ന ചിലവുമാത്രമേ ഉണ്ടാവുകയുള്ളൂ. അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ടവന്റെ പണിക്കുപോവാനാവാത്ത ഇരുപത്തിയൊന്ന് ദിവസങ്ങളെ പ്രതിയുള്ള ആധികള്‍ക്കുമുന്‍പില്‍ കൊലവിളി നടത്തി, അവനെ തല്ലി, കയ്യിലുള്ള കാശുകൊണ്ട് പിഴയുമടപ്പിച്ചാല്‍ അതവനെ മാനസികമായും ശാരീരികമായും എത്രമാത്രം ബാധിക്കുമെന്ന് നിങ്ങളുടെ പോലീസുകാര്‍ക്ക് ഊഹിക്കാനെങ്കിലുമാകുമോ സര്‍?

ശാസ്ത്രത്തിന്റേയും രോഗത്തിന്റേയും മരണത്തിന്റേയും പോലും ഈ യുക്തികള്‍ക്കപ്പുറം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അസംതൃപ്തികള്‍ക്ക് സഞ്ചാര സാധ്യതയുണ്ടെന്ന് താങ്കളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ റഷ്യന്‍ സാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ വരികളെത്തന്നെ ഓര്‍ത്തുപറഞ്ഞ് നിര്‍ത്തുകയാണ്. ”ആനന്ദിക്കുന്ന എല്ലാ കുടുംബങ്ങളും ഒരുപോലെ ആനന്ദിക്കുന്നു. എന്നാല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളാവട്ടെ, പലനിലയില്‍ ദുരിതത്തിലകപ്പെടുന്നു’.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply