വാരിയന്‍ കുന്നന്‍ വര്‍ഗ്ഗീയവാദിയായിരുന്നു എന്നും അംബേദ്കര്‍ പറഞ്ഞിട്ടില്ല

അംബേദ്കറെ ഹിന്ദുത്വത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സംഘപരിവാര്‍ ശക്തികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരിശ്രമിച്ചു വരുന്നു. വളരെ ചിന്താശൂന്യമായി നടത്തുന്ന ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും, സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ചില വാക്കുകള്‍ മാത്രം മുന്നോട്ടു വെച്ചിട്ടുള്ള നിഗമനങ്ങളും ഹിന്ദുത്വ ശക്തികളെ സഹായിക്കാനാണ്. ഇക്കാര്യത്തില്‍ അംബേദ്കര്‍ ഏതെങ്കിലും തരത്തില്‍ ഒരു മുസ്ലിം വിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാന്‍ കഴിയുന്ന എന്തെങ്കിലും സംഗതി അതിനകത്തില്ല – ദി ക്രിട്ടിക് ചീഫ് എഡിറ്റര്‍ കൂടിയായ സണ്ണി എം കപിക്കാട് എഴുതുന്നു

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട വിവാദങ്ങളില്‍ ഒന്ന് ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ എഴുതിയ, thoughts on pakisthan എന്ന പുസ്തകത്തിലെ മലബാര്‍ കലാപത്തെ കുറിച്ചുള്ള ഒരു പാരഗ്രാഫാണ്. പക്ഷെ അദ്ദേഹമത് പറയാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആരും പറയുന്നില്ല. അംബേദ്കര്‍ ഒരു മുസ്ലിം വിരുദ്ധനും ഹിന്ദുസംരക്ഷകനുമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തികച്ചും അനാരോഗ്യകരമായ വിവാദമാണ്ത്. ഇക്കാര്യത്തില്‍ കാര്യങ്ങളെ വസ്തുതാപരമായി കണേണ്ടതുണ്ട്. ഈ പുസ്തകത്തില്‍ പാക്കിസ്ഥാനെതിരെയുള്ള ഹിന്ദുക്കളുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ എന്ന് പറയുന്ന ഒരദ്ധ്യായമുണ്ട്. അതില്‍ ഹിന്ദുക്കള്‍ എന്തൊക്കെയാണ് പാക്കിസ്ഥാന്‍ വാദവുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കുന്നത് എന്നതിനെ സംബന്ധിച്ച് വിശദമായ ഒരു പരിശോധനയാണ് അംബേദ്കര്‍ നടത്തുന്നത്. രണ്ടുപേരുടെ വാദങ്ങളെയാണ് അദ്ദേഹം മുഖ്യമായും വിമര്‍ശനവിധേയമാക്കുന്നത്. അതിലൊന്ന് സവര്‍ക്കറുടെ വാദമാണ്. സവര്‍ക്കറുടെ രാഷ്ട്രീയ പദ്ധതിയോട് തുടക്കം മുതലെ ഏറ്റവും വിമര്‍ശനപരമായ സമീപനം മുന്നോട്ടുവെച്ചത് അംബേദ്കറായിരുന്നു. സവര്‍ക്കറുടെ ഹിന്ദുത്വപദ്ധതിയില്‍ എങ്ങനെയാണ് മുസ്ലിമുകളെ രണ്ടാംതര പൗരന്മാരാക്കി ബഹിഷ്‌കരിക്കുന്നതെന്ന് അംബേദ്കര്‍ ഉന്നയിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് ഹിന്ദസ്ഥാനുവേണ്ടി വാദിക്കാമെന്നു പറയുന്ന സവര്‍ക്കര്‍ എന്തുകൊണ്ടാണ് മുസ്ലിമുകള്‍ക്ക് പ്രത്യേക അധിവാസ മേഖല വേണമെന്ന് പറയുമ്പോള്‍ തള്ളിപ്പറയുന്നത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഹിന്ദുത്വപദ്ധതി ആധുനിക ദേശരാഷ്ട്രത്തില്‍ ഒരിക്കലും യോജിക്കുന്നതല്ല എന്നും തറപ്പിച്ചു പറയുന്നു.

അതോടൊപ്പമുള്ളതാണ് അംബേദ്കറുടെ ഗാന്ധിയോടുള്ള വിമര്‍ശനം. ഗാന്ധിയുടെ ഹിന്ദു – മുസ്ലിം ഐക്യം എന്ന മുദ്രാവാക്യം ഗൗരവത്തില്‍ എടുക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ പരാജയപ്പെട്ടു എന്നാണ് അംബേദ്കറുടെ നിഗമനം. 1919 മുതല്‍ ആരംഭിക്കുന്ന ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ഹിന്ദു – മുസ്ലിം ഐക്യമെന്ന ഗാന്ധിജിയുടെ പദ്ധതി എങ്ങനെയാണ് പരാജയമായത് എന്ന് സ്ഥാപിക്കുന്നതിനുവേണ്ടി 1920 മുതല്‍ 40 വരെ ഇന്ത്യയിലെമ്പാടും നടന്ന ഹിന്ദു – മുസ്ലിം കലാപങ്ങളെ സംബന്ധിച്ച് വിശദമായ ഒരു റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗത്താണ് മലബാര്‍ കലാപത്തെ കുറിച്ച് ഒരു ഖണ്ഡിക ഉള്ളത്. ഈ ഖണ്ഡിക താന്‍ എടുത്തിട്ടുള്ളത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്കുകളില്‍ നിന്നാണെന്ന് തുടക്കത്തില്‍ത്തന്നെ അംബേദ്കര്‍ പറയുന്നു. സ്വാഭാവികമായും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളിലെ ഏകപക്ഷീയതയും ഏകപക്ഷീയമായ വസ്തുതകളും അതില്‍ കടന്നുകൂടിയിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്നാല്‍ നമ്മള്‍ കാണേണ്ട ഒരു കാര്യം മലബാര്‍ കലാപം സാരാംശത്തില്‍ ബ്രിട്ടീഷ് വിരുദ്ധ കലാപമായിരുന്നു എന്ന അഭിപ്രായം ആ ഖണ്ഡികയില്‍ തന്നെ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട് എന്നതാണ്. കെവലം ഹിന്ദുക്കള്‍ക്കെതിരെ നടന്ന ഒരു യുദ്ധമെന്ന നിലയില്‍ ആയിരുന്നില്ല മറിച്ച് സാരാംശത്തില്‍ അത് ബ്രിട്ടീഷ് വിരുദ്ധ കലാപമായിരുന്നു എന്ന് അംബേദ്കര്‍ മനസ്സിലാക്കുന്നുണ്ട്.

ഇതെഴുതുമ്പോഴുള്ള അബേദ്കറുടെ താല്‍പ്പര്യമെന്നത് ഇന്ത്യയിലെമ്പാടും നടക്കുന്ന ഹിന്ദു – മുസ്ലിം ലഹളകളെ സംബന്ധിച്ച വിശദമായ പരിശോധനയായിരുന്നു. സാമൂഹികമായി ഏകീകരിക്കാത്ത ഹിന്ദുക്കളും മുസ്ലീങ്ങളും എങ്ങനെയാണ് ദേശരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമായി നില്‍ക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിശോധന വിഷയം. ആ നിലക്കു ഒരു ആധുനിക ഇന്ത്യ രൂപപ്പെടുമ്പോള്‍ ഹിന്ദുക്കള്‍ക്കും മുസ്ലിമുകള്‍ക്കും ഇടയിലുള്ള വലിയ വൈരുദ്ധ്യം എങ്ങനെയാണതിനെ ബാധിക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഗാന്ധിയുടെ ഹിന്ദു മുസ്ലിം ഐക്യം എന്ന മുദ്രാവാക്യം, അതിനെ മറികടന്ന് ഇന്ത്യന്‍ ജനതയെ ഏകീകരിക്കാന്‍ പര്യാപ്തമായില്ല എന്നുകൂടി പറയുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്.് ഈ നിലക്ക് അതിനകത്ത് കടന്നുകൂടിയിട്ടുള്ള വസ്തുതാപരമായ പിശക് മനസ്സിലാക്കുന്നതോടൊപ്പം അംബേദ്കര്‍ ബോധപൂര്‍വ്വം മുസ്ലിംവിരുദ്ധനും ഹിന്ദുസംരക്ഷകനുമായിരുന്നു എന്നു സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമത്തിന്റെ താല്‍പ്പര്യം ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ അതിന്റെ ഗൂഢലക്ഷ്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

അംബേദ്കറെ ഹിന്ദുത്വത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സംഘപരിവാര്‍ ശക്തികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരിശ്രമിച്ചു വരുന്നു. വളരെ ചിന്താശൂന്യമായി നടത്തുന്ന ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ചില വാക്കുകള്‍ മാത്രം മുന്നോട്ടു വെച്ചിട്ടുള്ള നിഗമനങ്ങളും യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ ശക്തികളെ സഹായിക്കാനാണ് എന്നതാണ് നാം തിരിച്ചറിയേണ്ടത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഏതെങ്കിലും തരത്തില്‍ ഒരു മുസ്ലിം വിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാന്‍ കഴിയുന്ന എന്തെങ്കിലും സംഗതി അതിനകത്തില്ല എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മാത്രവുമല്ല 1940കളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെയും അവരുടെ അവകാശങ്ങളെയും ദേശരാഷ്ട്രത്തില്‍ അവരുടെ സ്റ്റാറ്റസിനേയും സംബന്ധിച്ച് ഏറ്റവും ഗൗരവവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചത് അദ്ദേഹമായിരുന്നു എന്നും കാണേണ്ടതുണ്ട്. നാല്പതുകളില്‍ അദ്ദേഹം ആശ്രയിച്ച റിസോഴ്‌സുകളുടെ പ്രശ്‌നങ്ങളും കാണണം. 2020ല്‍ നമ്മള്‍ എത്തിചേര്‍ന്നിിരിക്കുന്ന രാഷ്ട്രീയ നിഗമനങ്ങളുടേയും തിരിച്ചറിവുകളുടേയും കേവലമായ ഒരു പശ്ചാത്തലം മുന്‍നിര്‍ത്തി, 1940 കളില്‍ എഴുതപ്പെട്ട ഒരു കാര്യത്തെ വിമര്‍ശിക്കുന്നത് എത്രമാത്രം പക്വമാണ് എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.

സത്യത്തില്‍ ഗൂഢമായ ഒരു താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് ഈ ചര്‍ച്ച നടക്കുന്നത്. വാരിയന്‍ കുന്നന്‍ സിനിമയുടെ പശ്ചാത്തലത്തിലാണിതുണ്ടായിരിക്കുന്നത്. വാരിയന്‍ കുന്നന്‍ സ്ഥാപിച്ച മലയാളരാജ്യത്തെ സംബന്ധിച്ചോ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന അതിന്റെ ജനകീയമായ സ്വഭാവത്തെ സംബന്ധിച്ചോ ഒന്നും തന്നെ അംബേദ്കര്‍ പറയുന്നില്ല.. പക്ഷെ വാരിയന്‍ കുന്നന്‍ വലിയ വര്‍ഗ്ഗീയവാദിയായിരുന്നു എന്നാണ് അംബേദ്കര്‍ പറഞ്ഞതെന്നാണ് പ്രചരണം. അതു വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഒരാളുടെ അഭിപ്രായത്തെ നമ്മള്‍ വിമര്‍ശനവിധേയമാക്കുമ്പോള്‍ ഏതു സാഹചര്യത്തിലാണ് അദ്ദേഹമതു പറഞ്ഞത്, അങ്ങനെ പറഞ്ഞതിന്റെ താല്‍പ്പര്യം എന്താണെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. അതാണ് സത്യസന്ധമായ വിമര്‍ശനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply