ഹോമിയോപ്പതി വഴി കോവിഡ് രോഗപ്രതിരോധം : ഡോ.ബിജുവിന്റെ വാദങ്ങള്‍ അപ്രസക്തം
വൈദ്യശാസ്ത്ര മേഖലയില്‍ നടന്ന എല്ലാ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും രോഗികളുടെ താല്‍പര്യങ്ങള്‍ക്കാണു മുന്‍ഗണന നല്കിയത് എന്നു തിരിച്ചറിയണം. അലോപ്പതി ചികിത്സയിലെ മനുഷ്യത്വരഹിതമായ വശങ്ങളാണു ഹോമിയോപ്പതി ചികിത്സ കണ്ടുപിടിക്കുന്നതിലേയ്ക്കു ഹാനിമാനെ എത്തിച്ചത്. ആയുര്‍വ്വേദ സിദ്ധാന്തങ്ങളും പ്രകൃതി ചികിത്സയും ഒക്കെ രോഗിയുടെ സുസ്ഥിതി തന്നെയാണ് ലക്ഷ്യം വെച്ചത്. ആധുനിക ശാസ്ത്ര സത്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടു ചികിത്സാരീതി പരിഷ്‌കരിച്ചപ്പോഴാണ് ആധുനിക വൈദ്യം പിറവിയെടുത്തത്. നിരന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടിരുന്ന അറിവുകളുടെ പിന്‍ബലത്തില്‍ ആധുനിക വൈദ്യം അനുനിമിഷം പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ സൈദ്ധാന്തികമായ കെട്ടുപാടുകളെയും അതിഭൗതിക ചിന്തകളെയും മുറുകെപ്പിടിച്ചുകൊണ്ടു തങ്ങളുടെ സ്വന്തം ചികിത്സാരീതി സ്ഥാപിച്ചവര്‍ പിന്തുടര്‍ന്ന മാനവികതയും അന്വേഷണത്വരയും വഴിയിലുപേക്ഷിച്ചതുമൂലം വന്നുചേര്‍ന്ന പ്രതിസന്ധിയാണു ഹോമിയോയും ആയുര്‍വ്വേദവും ഒക്കെ ഇന്ന് നേരിടുന്നത്-
ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ‘എന്നുപറയുന്ന’ എന്‍. സുല്‍ഫിയുടെ ഒരു പത്രപ്രസ്താവനയ്‌ക്കെതിരേ ഹോമിയോപ്പതി ചികിത്സകന്‍ ഡോ. ബിജു എഴുതിയ ഒരു കുറിപ്പു സാമൂഹിക മാധ്യമങ്ങളില്‍ കാണുകയുണ്ടായി. കേരളത്തിലെ സിനിമ രംഗത്തു തനതായൊരു സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഡോ. ബിജുവിന്റെ കുറിപ്പ് ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്നതിലുപരി അദ്ദേഹത്തിനുള്ള സാമൂഹിക മൂലധനം മൂലം പൊതുസമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനും തെറ്റിദ്ധാരണ പരത്താനും അതുവഴി ജനങ്ങളുടെ ആരോഗ്യസുരക്ഷ അപകടത്തിലാക്കാനും ഇടയാക്കും. അതിനാല്‍ കുറിപ്പിലെ വാദഗതികള്‍ തീര്‍ച്ചയായും പരിശോധനക്കു വിധേയമാക്കപ്പെടണം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ അപകടരമായ ഒരു മനുഷ്യാവകാശ പ്രശ്‌നമാണെന്നു വ്യക്തമായ ബോധ്യമുള്ള വ്യക്തിയാണ് ലേഖകന്‍. ഹോമിയോപ്പതിയിലും ആയുര്‍വ്വേദത്തിലും പ്രകൃതിചികിത്സയിലും മറ്റും ചൂഷണമില്ല എന്ന അഭിപ്രായവുമില്ല. ആധുനിക വൈദ്യശാസ്ത്രത്തെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നതു കൊണ്ട് അവിടെ നടക്കുന്ന ചെറിയ ചൂഷണം പോലും പൊതുസമൂഹത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കും. നിയന്ത്രണ സംവിധാനങ്ങളുടെ കാര്യപ്രാപ്തിയില്ലായ്മ, നിയമപരമായ നൂലാമാലകള്‍, ജനങ്ങളുടെ അറിവില്ലായ്മ, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മ തുടങ്ങിയ നിരവധി ഘടകങ്ങള്‍ രോഗികളെ ചൂഷണം ചെയ്യുന്നതിന് ഒത്താശ ചെയ്യുന്നുണ്ട്. ചികിത്സാ വ്യവസ്ഥകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു സ്വകാര്യമേഖലയില്‍ ചൂഷണം കൂടുതലും അതേസമയം പൊതുമേഖലയിലെ സേവനസന്നദ്ധത വളരെ ഉയര്‍ന്നു നില്കുന്നതുമായാണു കണ്ടിട്ടുള്ളത്.
ഒരു ജനാധിപത്യ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ സംബന്ധിച്ചു പ്രഥമവും പ്രധാനവുമായ വ്യക്തി രോഗിയാണ്. ചികിത്സാവ്യവസ്ഥകള്‍ തമ്മിലുള്ള സൈദ്ധാന്തിക വഴക്കുകള്‍ക്കുപരി രോഗികളുടെ താല്‍പര്യങ്ങളും ജനാധിപത്യ അവകാശങ്ങളും ആണ് ആരോഗ്യ മേഖലയിലൂടെ സംരക്ഷിക്കപ്പെടേണ്ടത്. ചികിത്സാവ്യവസ്ഥയുടെ വ്യത്യാസത്തിലുപരി ഏറ്റവും ചെലവു കുറഞ്ഞതും വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതും ഏറ്റവും ആധുനികവും മനുഷ്യത്വപരവുമായ ചികിത്സ രോഗിക്കു ലഭ്യമാകണം എന്നതായിരിക്കണം പ്രധാന ലക്ഷ്യം.
ഒരു ജനാധിപത്യ രാജ്യത്തു ശക്തമായ സാമൂഹിക ഇടപെടലുകളിലൂടെ മാത്രമേ ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കൂ. ഇതിന്റെ ഭാഗമായി തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ചികിത്സാ നീതി’ എന്ന സംഘടനയുടെ ഭാഗമായി ലേഖകന്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യമേഖലയില്‍ രോഗികള്‍ക്കു നഷ്ടപ്പെടുന്ന ജനാധിപത്യ അവകാശങ്ങള്‍ നേടിക്കൊടുക്കാനും അവിടെ നടമാടുന്ന ചൂഷണങ്ങള്‍ക്കെതിരേ പൊതുസമൂഹത്തോടു ചേര്‍ന്നു നിയമപരവും സാമൂഹികവുമായ ഇടപെടലുകള്‍ നടത്താനും ശ്രമിക്കുന്ന സംഘടനയാണിത്. അതുകൊണ്ടു തന്നെ ഈ കുറിപ്പില്‍ വിഷയങ്ങള്‍ ഉന്നയിച്ചിരിക്കുന്നതു പൊതുതാല്‍പര്യം മാത്രം ലക്ഷ്യമിട്ടാണ്. ‘ചികിത്സാ നീതിയിലെ’ അനുഭവങ്ങളും ഇതിനു പ്രചോദനമായിട്ടുണ്ട്. മെഡിക്കല്‍ നെഗ്‌ളിജന്‍സ് കേസുകളില്‍ ഇരകള്‍ക്കു നീതി ലഭിക്കുന്നതിനു തടസ്സമാകുന്നതു പലപ്പോഴും ഐഎംഎയുടെ സംഘടിത ശക്തിയാണെന്നും ഇരകളുമായുള്ള ഇടപെടലിലൂടെ ബോധ്യമായിട്ടുള്ളതാണ്. ഡോ. ബിജു പ്രതിനിധാനം ചെയ്യുന്ന ഹോമിയോപ്പതിയിലെയും ആയുര്‍വ്വേദത്തിലെയും ചികിത്സകരുടെ പ്രൊഫഷണല്‍ സംഘടനകളും രോഗികളുടെ ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിക്കുന്നതിലും സംഘടനാംഗങ്ങളുടെ ഗൂഢ താല്‍ര്യങ്ങള്‍ക്കു മുന്‍ഗണന നല്കുന്നതിലും ഐഎംഎയില്‍ നിന്നു യാതൊരു വ്യത്യാസവും കാണിക്കുന്നില്ല.
തന്റെ ജീവിതയാത്രയില്‍ പ്രത്യക്ഷപ്പെടുന്ന രോഗങ്ങളില്‍ നിന്നു മുക്തിനേടി എത്രയും പെട്ടെന്നു ജീവിതത്തിലേക്ക് മടങ്ങിയെത്തി അന്നന്നേയ്ക്കുള്ള അന്നം സമ്പാധിക്കുകയെന്ന ലക്ഷ്യം മാത്രമാണു ചികിത്സകനു മുന്‍പില്‍ എത്തുന്ന രോഗികള്‍ക്ക് ഉള്ളത്. അവിടെ ചികിത്സാരീതികള്‍ തമ്മിലുള്ള വ്യത്യാസമോ, അവയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്ന ശാസ്ത്രീയ സിദ്ധാന്തങ്ങളോ അവയുടെ തെളിവുകളോ രോഗിക്കു പ്രശ്‌നമല്ല. എത്രയും പെട്ടെന്നു രോഗം ഭേദമാക്കുന്ന അല്ലെങ്കില്‍ അങ്ങനെ തോന്നിക്കുന്നത് എന്തിനെയും രോഗി തന്റെ മനസ്സിനോടു ചേര്‍ത്തുപിടിക്കും. രോഗങ്ങളില്‍ ബഹുഭൂരിപക്ഷവും സ്വയം സുഖപ്പെടും എന്നതാണു വസ്തുത. ഇതു രോഗി പലപ്പോഴും മറക്കും. തന്റെ ചികിത്സകന്റെ മിടുക്കാണു രോഗം ഭേദമാക്കിയതെന്ന ചിന്ത അനുഭവത്തിലൃടെ രോഗിയില്‍ ഉറപ്പിക്കപ്പെടും. ഇതിന്റെ ബലത്തിലാണു പല കപടചികിത്സകളും നിലനില്ക്കുന്നത്. അതുകൊണ്ടു രോഗിയെ കബളിപ്പിക്കാന്‍ ഏതൊരു സാധാരണ വ്യക്തിക്കും അത്യാവശ്യം മിടുക്കുണ്ടെങ്കില്‍ സാധിക്കും എന്നുള്ളിടത്താണ് ആരോഗ്യ വിദഗ്ദ്ധരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുപ്രവര്‍ത്തകരുടെയും ഒക്കെ ഇടപെടലുകളുടെ പ്രസക്തി.
രോഗിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം സമൂഹം ഏറ്റെടുത്തതില്‍ നിന്നാണു ആരോഗ്യമേഖലയിലെ നിയമവ്യവസ്ഥകളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും ഉത്ഭവം. നിയന്ത്രണത്തിനായി ആഗോളതലത്തില്‍ ലോകാരോഗ്യസംഘടന മുതല്‍ പ്രാദേശിക തലത്തിലെ പഞ്ചായത്തംഗംവരെ വ്യാപിച്ചൊരു ശൃംഖലയാണത്. ഇന്ത്യയില്‍ രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ ഉണ്ട്. ദ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിള്‍ അഡ്വര്‍ട്ടൈസ്‌മെന്റ്‌സ്) ആക്ട്, മെഡിക്കല്‍ നെഗ്‌ളിജന്‍സ് സംബന്ധിച്ച സുപ്രീം കോടതി വിധികള്‍ തുടങ്ങിയവ പ്രത്യേകമായും ഉപഭോകൃത സംരക്ഷണ നിയമം ഇന്ത്യന്‍ പീനല്‍ കോഡിലെ ചില വ്യവസ്ഥകള്‍ മുതലായവ പരോക്ഷമായും ആരോഗ്യമേഖലയെ ലക്ഷ്യമിടുന്നു. വൈദ്യവിദ്യാഭ്യാസം, മരുന്നു പരീക്ഷണങ്ങള്‍, ഔഷധ ഉല്‍പാദനം, ചികിത്സകരുടെ തൊഴില്‍പരമായ ധാര്‍മ്മികത തുടങ്ങിയവ നിയന്ത്രിക്കുന്നതിന് അടക്കം മറ്റു നിരവധി നിയമങ്ങളും ഇന്നുണ്ട്.
ഇന്ന് ഇന്ത്യയിലെ ചികിത്സാരംഗം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി സമാന്തര ചികിത്സകര്‍ ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നു വളഞ്ഞ വഴിയിലൂടെ പുറത്തു കടക്കാന്‍ ശ്രമിക്കുന്നതാണ്. ‘ആയുഷ്’ എന്ന സംവിധാനം വഴിയാണ് ഇത്തരം ഒഴിവുകള്‍ അവര്‍ നേടിയെടുക്കുന്നത്. ആധുനിക വൈദ്യം രോഗിയുടെ സുരക്ഷയ്ക്കായി ലോകവ്യാപകമായി പുലര്‍ത്തിപ്പോരുന്ന നിയന്ത്രണങ്ങളില്‍നിന്നു രക്ഷപെടാനുള്ള അവരുടെ ശ്രമം മാത്രം മതി സമാന്തര ചികിത്സകരുടെ ജനവിരുദ്ധ മനോഭാവം മനസ്സിലാക്കാന്‍.
വൈദ്യശാസ്ത്ര മേഖലയില്‍ നടന്ന എല്ലാ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും രോഗികളുടെ താല്‍പര്യങ്ങള്‍ക്കാണു മുന്‍ഗണന നല്കിയത് എന്നു തിരിച്ചറിയണം. അലോപ്പതി ചികിത്സയിലെ മനുഷ്യത്വരഹിതമായ വശങ്ങളാണു ഹോമിയോപ്പതി ചികിത്സ കണ്ടുപിടിക്കുന്നതിലേയ്ക്കു ഹാനിമാനെ എത്തിച്ചത്. ആയുര്‍വ്വേദ സിദ്ധാന്തങ്ങളും പ്രകൃതി ചികിത്സയും ഒക്കെ രോഗിയുടെ സുസ്ഥിതി തന്നെയാണ് ലക്ഷ്യം വെച്ചത്. ആധുനിക ശാസ്ത്ര സത്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടു ചികിത്സാരീതി പരിഷ്‌കരിച്ചപ്പോഴാണ് ആധുനിക വൈദ്യം പിറവിയെടുത്തത്. നിരന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടിരുന്ന അറിവുകളുടെ പിന്‍ബലത്തില്‍ ആധുനിക വൈദ്യം അനുനിമിഷം പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ സൈദ്ധാന്തികമായ കെട്ടുപാടുകളെയും അതിഭൗതിക ചിന്തകളെയും മുറുകെപ്പിടിച്ചുകൊണ്ടു തങ്ങളുടെ സ്വന്തം ചികിത്സാരീതി സ്ഥാപിച്ചവര്‍ പിന്തുടര്‍ന്ന മാനവികതയും അന്വേഷണത്വരയും വഴിയിലുപേക്ഷിച്ചതുമൂലം വന്നുചേര്‍ന്ന പ്രതിസന്ധിയാണു ഹോമിയോയും ആയുര്‍വ്വേദവും ഒക്കെ ഇന്ന് നേരിടുന്നത്.
ഇന്ത്യയില്‍ ആധുനിക വൈദ്യം രോഗികളുടെ താല്‍പര്യങ്ങള്‍ക്കായി കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്കു കടന്നുവരുമ്പോള്‍ സമാന്തര വൈദ്യചികിത്സ ‘ആയുഷ്’ വഴി അത്തരം നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവായി നില്ക്കാനുള്ള പ്രവണതയാണു കാണിക്കുന്നത്. ഒരു വശത്ത് ആധുനിക ചികിത്സകര്‍ക്കു ചൂഷകമുഖം പതിച്ചുനല്കി മറുവശത്തു നിയന്ത്രണങ്ങളില്‍ നിന്നൊഴിവായി നില്ക്കാന്‍ ശ്രമിക്കുന്നതിലൂടെ അവരുടെ കപടതയാണു വെളിവാക്കുന്നത്’.
ആധുനിക ശാസ്ത്രത്തിന്റെ ഒരു മുഖമുദ്ര ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സുസ്ഥിതിയും ഉറപ്പാക്കുക എന്നതാണ്. ഈ മൂല്യം വൈദ്യത്തിലേക്കു സന്നിവേശിപ്പിച്ചതാണു ആധുനിക വൈദ്യത്തെ ഇതര വൈദ്യവ്യവസ്ഥകളില്‍ നിന്നു വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. മരുന്നു കണ്ടുപിടിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങളും ദോഷങ്ങളും വിലയിരുത്താനും ഉള്ള ടോക്‌സിക്കോളജി, ഫാര്‍മക്കോളജി ശാസ്തശാഖകളുടെ സ്വതന്ത്ര അസ്തിത്വവും രോഗിയുടെ സുരക്ഷയ്ക്കുള്ള പ്രാധാന്യമാണു കാണിക്കുന്നത്. കര്‍ശനമായ നിയമങ്ങളിലൂടെയും നിയന്തണങ്ങളിലൂടെയും ആധുനിക ശാസ്ത്രവും വൈദ്യവും വീണ്ടും അതു പ്രഖ്യാപിക്കുന്നുണ്ട്. വിശ്വാസ്യതയുള്ള യാതൊരു സംവിധാനങ്ങളും മരുന്നു നിര്‍മ്മാണത്തിന് ഉപയോഗിക്കാതെയാണു ഹോമിയോപ്പതിക്കാര്‍ ആധുനിക വൈദ്യത്തെ ആക്ഷേപിക്കുന്നത്.
ആധുനിക വൈദ്യം ചൂഷണാത്മകമാണെന്നും കുത്തക മരുന്നു മാഫിയയായെന്നും ഒക്കെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. സാമാന്യ ജനങ്ങളെ ഏറെ ബാധിക്കുന്ന സാധാരണ ജീവിതശൈലീ രോഗങ്ങള്‍ക്ക് 3 ചായയുടെ കാശുകൊണ്ട് ഒരു മാസത്തെ മരുന്നു ലഭ്യമാക്കാനുള്ള സംവിധാനം ആധുനിക വൈദ്യത്തിന് ഇവിടെയുണ്ട്. പൊതു ആരോഗ്യ സംവിധാനത്തിലൂടെ സൗജന്യമായ പരിശോധനയും ലഭിക്കുന്നുണ്ട്. ഇതു മറച്ചുപിടിച്ചാണ് ഏതാനും ചില സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആധുനിക വൈദ്യത്തെ ചൂഷണ വ്യവസ്ഥയെന്ന് ഇതര വൈദ്യശാഖക്കാര്‍ ആക്ഷേപിക്കുന്നത്. കൈക്കൂലി ആവശ്യപ്പെടുന്ന ചില സാമൂഹിക വിരുദ്ധരൊഴിച്ചു പൊതു സംവിധാനത്തില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെല്ലാം പല മേഖലകളിലും ഇന്നു ലഭിക്കാവുന്ന വര്‍ദ്ധിച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉപേക്ഷിച്ചാണു താരതമ്യേന കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടും സമര്‍പ്പണത്തോടും ജനസേവനം നടത്തുന്നത്.
ഓരോ രോഗത്തിനും സമാന്തര വൈദ്യത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ വില പരിശോധിച്ചാല്‍ ആധുനിക വൈദ്യത്തിലെ മരുന്നുകളെക്കാള്‍ വളരെ അധികം പണച്ചെലവും ഉപയോഗിക്കാന്‍ കൂടുതല്‍ വിഷമതകള്‍ ഉള്ളതും ആണെന്ന വസ്തുത പലപ്പോഴും പ്രചണ്ഡമായ എതിര്‍ പ്രചാരണത്തില്‍ മറച്ചു വയ്ക്കപ്പെടുകയാണ്.
കുത്തക കമ്പനികള്‍ നേതൃത്വം കൊടുക്കുന്ന മരുന്നു മാഫിയയുടെ ചട്ടുകങ്ങളാണ് ആധുനിക വൈദ്യ ചികിത്സകര്‍ എന്ന ആരോപണത്തിനു മറുപടിയായി പറയാനുള്ളത് ഇന്ന് ഉപയോഗത്തിലിരിക്കുന്ന ബഹുഭൂരിപക്ഷം മരുന്നുകളും കമ്പനികളുമായി യാതൊരു ബന്ധവുമില്ലാതെ പൊതു സംവിധാനത്തിനു കീഴില്‍ യൂണിവേഴ്‌സിറ്റികളിലും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലുമായി ശാസ്ത്രജ്ഞര്‍, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവരാല്‍ തയ്യാറാക്കപ്പെട്ടതാണ് എന്നതാണ്. കുത്തക കമ്പനികള്‍ക്ക് അനര്‍ഹമായി അവരെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന നിയമങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും ഇന്നുണ്ട്.
പുതിയ മരുന്ന് ഉല്‍പാദനത്തിനു വേണ്ട സുപ്രധാനമായ പഠനങ്ങള്‍ നടക്കുന്ന ടോക്‌സിക്കോളജി, ഫാര്‍മക്കോളജി മേഖലകള്‍ കുത്തക കമ്പനികളോടും ആധുനിക വൈദ്യ സംവിധാനങ്ങളോടും കാര്യമായ ബന്ധങ്ങള്‍ ഇല്ലാതെ സ്വതന്ത്ര ശാസ്ത്രശാഖകളായി പ്രവര്‍ത്തിക്കുന്നവ ആണ്. ഇന്നു പരീക്ഷണഘട്ടത്തില്‍ ഇരിക്കുന്ന ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്‍ ഈ മാതൃകയുടെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രപഠന സ്ഥാപനങ്ങള്‍ക്കു കമ്പനികള്‍ ഏതെങ്കിലും സഹായങ്ങള്‍ നല്കിയാല്‍ പോലും അതു ഗവേഷണത്തെ സ്വാധീനിക്കാതെ ഇരിക്കാനുള്ള നിയമ ചട്ടങ്ങള്‍ ഇന്നു നിലവിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
ആരോഗ്യമേഖലയെ പരിഷ്‌കരിക്കുന്നതിനും രോഗീ സൗഹൃദമാക്കുന്നതിനും വേണ്ട പഠനങ്ങളും നടത്തുന്നതിനും നിര്‍ദ്ദേശങ്ങളും നല്കുന്നതിനും മുന്നില്‍ നില്ക്കുന്നതില്‍ ബഹുഭൂരിപക്ഷവും ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടവരാണ് എന്നുള്ളതും ചിന്തനീയമാണ്.
ആധുനിക ശാസ്ത്രസത്യങ്ങള്‍ ആധുനിക വൈദ്യത്തിന്റെ കുത്തക ആയിരിക്കണമെന്ന അഭിപ്രായം ലേഖകനില്ല. ആരാണെങ്കിലും ഇത്തരം അറിവുകള്‍ ഉപയോഗിച്ചു രോഗികളുടെ സുരക്ഷയ്ക്കു മുന്‍ഗണന നല്കി പുതിയ മരുന്നു കണ്ടുപിടിച്ചു മനുഷ്യസമൂഹത്തിനു കൂടുതല്‍ നന്മ ചെയ്യുക എന്നു മാത്രമാണ് താല്‍പര്യപ്പെടുന്നത്. രോഗികളുടെ സുരക്ഷയ്ക്കു മുന്‍ഗണന നല്കാനായുള്ള മരുന്നു പരീക്ഷണ നിയമങ്ങളില്‍ നിന്നും ഓഷധോല്‍പാദന നിയമങ്ങളില്‍ നിന്നും ഒക്കെ ഒഴിവാകാന്‍ ശ്രമിക്കുന്ന സമാന്തര ചികിത്സകരുടെ നിലപാടുകളോടാണു വിയോജിപ്പ്. ഈ പശ്ചാത്തലത്തില്‍ നിന്നാണു ഡോ. ബിജുവിന്റെ കുറിപ്പു പരിശോധനയ്ക്കു വിധേയമാക്കുന്നത്.
കുറിപ്പിലൂടെ ആദ്യമായി അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം ഹോമിയോ അശാസ്ത്രീയമാണെന്ന ഡോ. എന്‍. സുല്‍ഫിയുടെ നിലപാടിനെ ഔദ്യോഗികമായി ഐഎംഎ അംഗീകരിക്കുന്നുണ്ടോ എന്നതാണ്. നിലവില്‍ ഡോ. സുള്‍ഫിയെ തള്ളിക്കൊണ്ട് ഐഎംഎ നിലപാട് എടുത്തിട്ടില്ല. ഹോമിയോപ്പതിയെ സംബന്ധിച്ച് അതിനെ അനുകൂലിക്കുന്നൊരു നിലപാടെടുക്കാന്‍ അവര്‍ക്കു സാധ്യവുമല്ല എന്നതാണു വസ്തുത.
ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രൊഫണല്‍ സംഘടനകളില്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ മാത്രമല്ല, ഈ ചികിത്സാരീതി പഠിച്ചിറങ്ങിയ സര്‍വ്വരും മേല്‍ നിലപാടിനെ അംഗീകരിക്കേണ്ടി വരും. കൂടാതെ, രോഗികളുടെ സുരക്ഷയെ കുറിച്ചു ചിന്തകളുള്ള ഏതൊരു വ്യക്തിയും ഈ ചിന്തയോടു ചേര്‍ന്നു നില്‌കേണ്ടിയും വരും. കാരണം എന്തെന്നാല്‍, ആധുനിക വൈദ്യശാസ്ത്രം അടിസ്ഥാനമാക്കുന്ന ഭൗതികശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കു ഘടകവിരുദ്ധവും തികച്ചും അശാസ്ത്രീയമെന്നു സയന്‍സ് അസന്നിഗ്ദമായി തെളിയിച്ചിട്ടുള്ളതുമായ ‘സാമ്യം സാമ്യത്തെ സുഖപ്പെടുത്തുമെന്ന സമാനതാ തത്വം (Law of Similar), ജീവശക്തി (Vital Force), മയാസം, നേര്‍പ്പിക്കുമ്പോള്‍ കുലുക്കി ഔഷധശക്തി കൂട്ടുന്ന വീര്യശാക്തീകരണം (Porentization), സോറ’ തുടങ്ങിയ, ഈ അണ്ഡകടാഹത്തില്‍ തങ്ങള്‍ക്കുമാത്രം ബാധകമായ ‘തനതു സിദ്ധാന്തങ്ങളുടെ’ ബലത്തിലാണു ഹോമിയോപ്പതി നിലനില്ക്കുന്നത്. ഈ അടിസ്ഥാന വ്യത്യാസം പൊതുസമൂഹത്തിനു മുന്നില്‍ നിന്നു മറച്ചുവച്ചുകൊണ്ടു ചില ഡോക്ടര്‍മാര്‍ മാത്രമാണു തങ്ങളുടെ സ്വകാര്യ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന തോന്നലുണ്ടാക്കാനാണു യഥാര്‍ത്ഥത്തില്‍ ഡോ. ബിജു ഇവിടെ ശ്രമിച്ചിരിക്കുന്നത്
ഹോമിയോപ്പതി ശാസ്ത്രീയമല്ല എന്ന ചിന്തയുള്ള ആളുകള്‍ വിളമ്പുന്ന അസംബന്ധങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും മറുപടി പറയുന്നതു തന്നെ സമയം മിനക്കെടുത്തല്‍ ആണെന്നാണു ഡോ. ബിജുവിന്റെ വാദം. അത്ര മണ്ടന്മാണെങ്കില്‍ അത്തരക്കാരെ അവരുടെ വഴിക്കു വിടുക എന്നതാണു ഡോ. ബിജുവിനെപ്പോലുള്ള ‘ബുദ്ധിമാന്മാര്‍ക്കു’ കരണീയം. പകരം, രൂക്ഷമായ ഭാഷയില്‍ ഹോമിയോ വിമര്‍ശകര്‍ക്കെതിരേ പ്രതികരിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ചില വസ്തുതകളുണ്ടെന്നു സ്വയം സമ്മതിക്കുകയാണു ഡോ. ബിജു. ഹോമിയോ വിമര്‍ശകര്‍ ഉന്നയിച്ച അടിസ്ഥാന ശാസ്ത്ര പ്രശ്‌നങ്ങള്‍ക്കു മറുപടി പറയാതെ ‘രാഷ്ട്രീയ വാചാടോപങ്ങള്‍’ നടത്തുന്നതിലൂടെ ഹോമിയോപ്പതിക്കെതിരേ ‘പാവം പൗരന്മാരില്‍’ വളര്‍ന്നു വരുന്ന ‘സംശയങ്ങള്‍’ കൂടുതല്‍ ഉറപ്പിക്കുകയാണ് അദ്ദേഹം.
ഐഎംഎ എന്നതു കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഡോക്ടര്‍മാരുടെ ഒരു പ്രൈവറ്റ് സംഘടന ആണെന്നും ഇന്ത്യയില്‍ മറ്റെവിടെയും ഈ കക്ഷികള്‍ ഇതേപോലെ ഭീഷണി ആയി ഇറങ്ങി കാണാറില്ലെന്നും ഇവിടെ സര്‍ക്കാരിനെ പോലും ഭീഷണിപ്പെടുത്തുന്നത് ഇവരുടെ സ്ഥിരം ഏര്‍പ്പാടാണെന്നുമാണു ഡോ. ബിജുവിന്റെ അടുത്ത വാദം. തികച്ചും തെറ്റായ ഒരു പ്രസ്താവനയാണിത്. ഐഎംഎ ഇന്ത്യയൊട്ടാകെ പ്രവര്‍ത്തിക്കുന്നുണ്ട്. ഐഎംഎ എല്ലാ വിഷയങ്ങളിലും ശാസ്ത്രീയമായ നിലപാടുകള്‍ എടുക്കുന്ന ഒരു സംഘടനയാണെന്ന അഭിപ്രായം ലേഖകനില്ല. കച്ചവടതാല്പര്യങ്ങളാല്‍ പല കുത്തക കമ്പനികളുടെയും ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന നടപടികള്‍ ദേശീയ, പ്രാദേശിക തലങ്ങളില്‍ ഐഎംഎ കൈക്കൊണ്ടിട്ടുണ്ട്. ഇതിനെതിരേ ഐഎംഎ അംഗങ്ങള്‍ തന്നെ പലപ്പോഴും നിലപാടുകള്‍ സ്വീകരിച്ചിട്ടുമുണ്ട് (1).
പരമ്പരാഗതമായ അശാസ്ത്രീയചികിത്സ പദ്ധതികളെ തുറന്നു കാണിക്കുന്നതില്‍ ഇന്ത്യയിലെ ആധുനിക വൈദ്യ ചികിത്സകരുടെ സംഘടനാ നേതൃത്വങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. ഭാരത ദേശഭക്തിയുടെ കുപ്പായമണിഞ്ഞു വരുന്ന യോഗ പോലുള്ള അശാസ്ത്രീയ പദ്ധതികള്‍ പ്രചരിപ്പിക്കുന്ന നിലപാടുകള്‍ അവര്‍ കൈക്കൊണ്ടിട്ടുമുണ്ട്. ഇതിന് എതിരായി പലപ്പോഴും ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധരില്‍ നിന്നും സ്വന്തം അംഗങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് (2).
ഇതര സംസ്ഥാനങ്ങളിലെ അപേക്ഷിച്ചു കൂടുതല്‍ ശാസ്ത്രീയമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ഡോക്ടര്‍മാര്‍ കേരളത്തിലെ ആധുനിക വൈദ്യമേഖലയില്‍ ഉണ്ട്. കേരളത്തിലെ വര്‍ധിച്ച വിദ്യാഭ്യാസ നിലവാരം പൊതുജനങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ ബോധം വളര്‍ത്തി. ഇത് ചികിത്സയിലും പ്രതിഫലിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആധുനിക സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അശാസ്ത്രീയ ചികിത്സാ രീതികളെ തുറന്നു കാട്ടുന്ന ഒരു കൂട്ടം ആധുനിക ഡോക്ടര്‍മാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയുള്ള ‘ക്യാപ്‌സൂള്‍’, നവമാധ്യമ കൂട്ടായ്മയായ ‘ഇന്‍ഫോ ക്ലിനിക്’ തുടങ്ങിയ സംഘടനകളിലൂടെ അവര്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ ഹോമിയോപ്പതി, ആയുര്‍വ്വേദം പ്രകൃതിചികിത്സ, യോഗ, മുതലായ അശാസ്ത്രീയ ചികിത്സാരീതികള്‍ക്കു സൃഷ്ടിക്കുന്ന അലോസരമാണ് ഡോ. ബിജുവിന്റെ വിമര്‍ശനത്തിനു പിന്നിലുള്ള യഥാര്‍ത്ഥ താല്‍പര്യം. നവമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരമായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതു മൂലം പൊതുമേഖലയില്‍ കേരളം വളര്‍ത്തിയെടുത്ത താരതമ്യേന ശക്തമായ ആധുനിക വൈദ്യശാസ്ത്ര ശൃംഖലയെ പൊതുസമൂഹം ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. ഇതു മൂലം ഇതര വൈദ്യശാസ്ത്ര ശാഖകള്‍ മറ്റു സംസ്ഥാനങ്ങളിലെക്കാള്‍ കൂടുതല്‍ പ്രതിസനധികള്‍ ഇവിടെ നേരിടുന്നു എന്നതാണു യഥാര്‍ത്ഥ വിഷയം. കോവിഡ്, നിപ്പ മുതലായ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിലൂടെ ആധുനിക വൈദ്യം നേടിയെടുത്ത സത്‌പേര് തകര്‍ക്കുക എന്നതാണു ബിജുവിനെ പോലുള്ളവരുടെ യഥാര്‍ത്ഥ ലക്ഷ്യം.
ഹോമിയോപ്പതി ഇന്ത്യയില്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു ഡോ. സുല്‍ഫി രണ്ടുവര്‍ഷം മുമ്പ് അയച്ച കത്തിനു യാതൊരു മറുപടിയും അദ്ദേഹം നല്കിയില്ല എന്നാണു ബിജു സന്തോഷത്തോടെ പറയുന്നത്. അശാസ്ത്രീയമായ ചികിത്സാ പദ്ധതികളെയും പാരമ്പര്യത്തെയും പിന്തുണയ്ക്കുന്ന; ഭാരതത്തിന്റെ തനതു ‘വേദിക് മോഡേണ്‍ മെഡിസിന്‍’ ലോകത്തിനു നല്കാന്‍ പരിശ്രമിക്കുന്ന; പാശ്ചാത്യ ആശയങ്ങളെ എതിര്‍ക്കുന്ന ഒരു ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം ‘ഇംഗ്‌ളീഷ് മരുന്നു’ നല്കണമെന്ന് ആവശ്യപ്പെടുന്ന ചികിത്സകരെ പിന്തുണച്ചില്ല എന്നതാണു ഡോ. ബിജുവിനെ സന്തോഷിപ്പിക്കുന്നത്. അടിമുടി ഹിന്ദുത്വത്തിനായി നിലകൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നു ആധുനികശാസ്ത്രത്തിന് അനുകൂലമായ ഒരു നിലപാട് വന്നില്ല എന്നത് എങ്ങനെ ഹോമിയോപ്പതിയുടെ ശാസ്ത്രീയതയ്ക്കു തെളിവാകും. ഇന്ത്യയില്‍ സയന്റിഫിക് ടെമ്പറിന് അസ്ഥിവാരമിട്ട ജവഹര്‍ലാല്‍നെഹ്‌റുവിനു പോലും പൂര്‍ണ്ണമായി തന്റെ സ്വപ്നങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാതിരുന്ന രാഷ്ട്രീയപരിസരത്തു നിന്നാണു ഡോ. ബിജു ചാണകത്തില്‍ സ്വര്‍ണ്ണം കണ്ടെത്താന്‍ ഗവേഷണം നടത്തുന്നവരുടെ നടപടികളെ പരോക്ഷമായി ആശ്രയിക്കുന്നത്. ഗുജറാത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ കൊറോണയെ നേരിടാന്‍ ‘ഗോമൂത്ര പ്രതിരോധ വര്‍ദ്ധിനി’ വിതരണം നടത്തിയ രാഷ്ട്രീയ നേതൃത്വത്തിന്റെ കാവലാളായ ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നു മറ്റെന്തു നിലപാടാണു സമൂഹത്തിനു പ്രതീക്ഷിക്കാന്‍ സാധിക്കുക എന്ന ചോദ്യം മാത്രം മതി ഡോ. ബിജുവിന്റെ പൊള്ളത്തരം വ്യക്തമാകാന്‍. താന്‍ പിന്തുടരുന്ന ചികിത്സാപദ്ധതിയുടെ ‘ശാസ്ത്രീയത ഉറപ്പാക്കാന്‍’ ആധികാരിക ശാസ്ത്രീയപഠനങ്ങള്‍ക്കു പകരം നരേന്ദ്രമോദിയെ ആശ്രയിക്കേണ്ടി വരുന്നതു ഹോമിയോപ്പതിയുടെ ആന്തരിക പ്രതിസന്ധി തുറന്നു കാട്ടുന്നുണ്ട്.
കൊറോണയുടെ ആരംഭകാലത്തു ‘ആയുഷ്’ വകുപ്പു നിരോധിക്കണമെന്നു ഡോ. സുല്‍ഫി ആവശ്യപ്പെട്ടതു മന്ത്രി ശൈലജ ടീച്ചര്‍ തള്ളിക്കളഞ്ഞുവെന്നും എല്ലാ ആരോഗ്യചികിത്സ വ്യവസ്ഥകളും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടുവെന്നും ഡോ. ബിജു പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ശൈലജ ടീച്ചര്‍ പറഞ്ഞത് ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ തെറ്റായ ഒരു കാര്യം ആണെന്നു വ്യക്തമാണ്. പ്രകൃതി ചികിത്സയെയും മറ്റും പരസ്യമായി പിന്തുണയ്ക്കുന്ന എം എ ബേബി, വി. എസ്. അച്ച്യുതാനന്ദന്‍ തുടങ്ങിയവര്‍ നയരൂപീകരണം നടത്തുന്ന രാഷ്ട്രീയ നേതൃത്വവും ആധുനിക വൈദ്യം സാമ്രാജ്യത്വമാണെന്ന ചിന്ത പുലര്‍ത്തുന്ന ധാരാളം അണികളും ഉള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരിമിതിയാണു ശൈലജ ടീച്ചറുടെ നിലപാടില്‍ കാണുന്നത്. പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കാന്‍ചേരി നിപ്പ രോഗകാലത്തു അശാസ്ത്രീയത പ്രചരിപ്പിച്ചപ്പോള്‍ താരതമ്യേന ഭേദമായ നടപടികള്‍ കൈക്കൊണ്ടിരുന്നു അവരെന്നും കാണേണ്ടതുണ്ട്.
ലോകവ്യാപകമായി വികസിത ഉദാര ജനാധിപത്യ വ്യവസ്ഥകള്‍ ഹോമിയോപ്പതി അടക്കമുള്ള കപട വൈദ്യശാസ്ത്രങ്ങളെ ഇന്നു സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി ഹോമിയോപ്പതിയെ കുറിച്ചു പഠിച്ച ശേഷം അതിനു വ്യക്തമായ ഗുണങ്ങള്‍ ഒന്നുമില്ലെന്നും അതൊരു കപട ശാസ്ത്രമാണെന്നും റിപ്പോര്‍ട്ടു നല്കി. ഏതാണ്ടു പൂര്‍ണ്ണമായിതന്നെ സര്‍ക്കാര്‍ തലത്തില്‍ ആരോഗ്യസംരക്ഷണം നല്കുന്ന യുകെയില്‍ ഹോമിയോപ്പതിയെ അവരുടെ സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കി ഇരിക്കുകയാണ്. ഫ്രാന്‍സിലും കാര്യങ്ങള്‍ അങ്ങനെതന്നെ. സ്‌പെയിന്‍ ഹോമിയോപ്പതി ഒഴിവാക്കുന്നതിനുള്ള സജീവമായ ആലോചനയിലാണ്. മറ്റു പല രാജ്യങ്ങളിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഹോമിയോപ്പതിക്കു പണം നല്കുന്നില്ല. ഇന്ത്യയിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ വളരെ കുറഞ്ഞ പരിഗണനയാണു ഹോമിയോ അടക്കമുള്ള സമാന്തര വൈദ്യങ്ങള്‍ക്കു നല്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം യഥാര്‍ത്ഥത്തില്‍ ഡോ. സുല്‍ഫിയുടെയും ഡോ ബിജുവിന്റെയും നിലപാടുകളെ പരിശോധിക്കാന്‍. ലോകവ്യാപകമായി മാറിമാറിവരുന്ന ഗുണപരമായ പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു മാത്രമേ ഏതൊരു രാജ്യത്തിലെയും ശാസ്ത്രത്തിനു പൊതുവായും ആരോഗ്യവ്യവസ്ഥയ്ക്കു പ്രത്യേകമായും മുന്നോട്ടു കുതിക്കാന്‍ സാധിക്കൂ. ഒരര്‍ത്ഥത്തില്‍ ഹോമിയോപ്പതി ഇന്ത്യയിലെത്തിയതും അങ്ങനെ തന്നെയാണ്. കാലപ്രവാഹത്തില്‍ ‘ഹാനിമാന്റെ ശാസ്ത്രം’ കാലഹരണപ്പെട്ടപ്പോള്‍ അത് ഇന്ത്യന്‍ സമൂഹത്തില്‍ ശാസ്ത്രാഭിമുഖ്യമുള്ളവര്‍ ഉന്നയിക്കുമ്പോള്‍ ഡോ. ബിജു എന്തിനാണ് ഇത്ര അസ്വസ്ഥമാക്കുന്നത്? (3).
സഹിഷ്ണുതയെ കുറിച്ചു വാചാലനാകുന്ന ഡോ. ബിജു കുറിപ്പില്‍ പ്രയോഗിക്കുന്ന ‘തട്ടി വിടുകയാണ്, തള്ളല്‍, ഇളിഞ്ഞ ചിരി’ മുതലായ പദപ്രയോഗങ്ങള്‍ അദ്ദേഹത്തിലുള്ള സഹിഷ്ണുതയുടെ യഥാര്‍ത്ഥ മുഖം സംബന്ധിച്ച കൃത്യമായ ചിത്രം പൊതുസമൂഹത്തിനു നല്കുന്നുണ്ട്. ഇതു കൂടാതെ, ആധുനിക ശാസ്ത്രവുമായി മുഖാമുഖം നല്കുമ്പോള്‍ ഓരോ ഹോമിയോപ്പതി ചികിത്സകനും അനുഭവിക്കേണ്ടി വരുന്ന മാനസ്സിക സമ്മര്‍ദ്ദവും ഇതു പുറത്തു കൊണ്ടുവരുന്നുണ്ട്.
‘ശാസ്ത്രീയ അടിത്തറ ഇല്ലാത്തതു കൊണ്ടു ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നിരോധിക്കണം ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം – ശാസ്ത്രീയതയെ പറ്റി സംസാരിക്കുന്ന സുല്‍ഫി ബള്‍ബിനും പെയിന്റിനും ഒക്കെ അണുനാശിനി കഴിവ് ഉണ്ട് എന്ന് ഐഎംഎ സര്‍ട്ടിഫൈ ചെയ്തത് എന്ത് ശാസ്ത്രീയ അടിത്തറയില്‍ ആണെന്നു പൊതുജനങ്ങളോട് വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കുന്നു’ ഇതാണു ഡോ. ബിജു തുടര്‍ന്നു പറയുന്നത്.
യഥാര്‍ത്ഥത്തില്‍ ഇവിടെ ഡോ. ബിജു ചെയ്യേണ്ടതു ഹോമിയോപ്പതിക് ഇമ്യൂണോ ബൂസ്റ്ററിന്റെ ശാസ്ത്രീയ അടിത്തറ തെളിയിക്കുക എന്നതാണ്. ഇതിനായി, പ്രതിരോധം വര്‍ദ്ധിപ്പിക്കുവാനായി നാളുകളായി ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇമ്യൂണോ ബൂസ്റ്റര്‍ ഫലപ്രദമാണെന്നു പൊതുമനഃസാക്ഷിയെയും ആരോഗ്യവിദഗ്ദ്ധരെയും സംശയമന്യേ ബോധ്യപ്പെടുത്തണം; അംഗീകൃത മാനദണ്ഡങ്ങളുള്ള മരുന്നു പരീക്ഷണങ്ങളിലൂടെ കടന്നുപോയി പ്രസ്തുത ഔഷധത്തിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതു സംബന്ധിച്ചുള്ള പിയര്‍ റിവ്യൂഡ് പഠനങ്ങളുടെ വിവരം നല്കണം. അതിനു പകരം അശാസ്ത്രീയമായ ഒരു കാര്യത്തെ ആധുനിക വൈദ്യം പിന്തുടരുന്ന ചിലര്‍ പിന്തുണയ്ക്കുന്നു എന്നുപറഞ്ഞു തന്റെ മരുന്നിന്റെ നിഷ്ഫലത മറച്ചുവയ്ക്കാനുള്ള വിഫലശ്രമമാണു ഡോ. ബിജു നടത്തുന്നത്. ബള്‍ബിനും പെയിന്റിനും ഐഎംഎ നല്കിയ സര്‍ട്ടിഫിക്കറ്റു തെറ്റാണെങ്കില്‍ പൊതുസമൂഹത്തെ അതു ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം ആരോഗ്യ പ്രവര്‍ത്തകനായ ഡോ. ബിജുവിനു തീര്‍ച്ചയായും ഉണ്ട്. ഐഎംഎയുടെ സര്‍ട്ടിഫിക്കറ്റു തെറ്റായാലും ശരിയായാലും അതു ഹോമിയോപ്പതിക് ഇമ്യൂണോ ബൂസ്റ്ററിന്റെ ഫലപ്രാപ്തിക്കു തെളിവാകുന്നത് എങ്ങനെ? പരമാവധി, ഐഎംഎയും ഡോ. സുള്‍ഫിയുമൊക്കെ ഇടയ്ക്കു അശാസ്ത്രീയ കാര്യങ്ങളെ പിന്തുണയ്ക്കാറുണ്ടെന്നു ബോധ്യപ്പെടുത്താം അത്രമാത്രം. ഐഎംഎ നടപടി ധാര്‍മ്മികമായി തെറ്റാണ്. പക്ഷേ, അതിന്റെ മറവില്‍ തികച്ചും അശാസ്ത്രീയമായ, പൊതുജനരോഗ്യം അപകടത്തിലാക്കുന്ന ഹോമിയോപ്പതിക് ഇമ്യൂണോ ബൂസ്റ്ററിനെ രക്ഷിക്കാനാണു ഡോ. ബിജു ശ്രമിക്കുന്നത്.
ഹൈഡ്രോക്സി ക്ളോറോക്വിനും മലേറിയയ്ക്കും എയിഡ്സിനും ഒക്കെ നല്കുന്ന മരുന്നുകളും വൈറ്റമിന്‍ സി ട്രീട്മെന്റും ഒക്കെ കോവിഡ് രോഗികളില്‍ നല്കുന്നതും പരീക്ഷിക്കുന്നതും എന്തു ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്ന് വ്യക്തമാക്കുമോയെന്നു ചോദിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഡോ. ബിജു ശ്രമിക്കുന്നുണ്ട്. മേല്പറഞ്ഞ മരുന്നുകളൊന്നും കോവിഡ് രോഗശമനത്തിനു നേരിട്ട് ഉപയോഗിക്കുന്നതിനെ ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരില്‍ നല്ലൊരു പങ്ക് പിന്തുണക്കുന്നില്ല. പല സ്ഥലങ്ങളിലും കോവിഡ് രോഗം മൂലം ഉണ്ടാകുന്ന ചില വിഷമങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ മാത്രമാണു നിലവില്‍ ഹൈഡ്രോക്സി ക്ളോറോക്വിന്‍ പോലുള്ള ഇത്തരം മരുന്നുകള്‍ നല്കുന്നത്. അതും ഒരു ‘ശ്രമം’ എന്ന നിലയില്‍ മാത്രം. ഡോണാള്‍ഡ് ട്രംപിനെപ്പോലുള്ള പോലുള്ള ചില നിരുത്തരവാദികളായ ഭരണാധികാരികളാണ് ഇത്തരം മരുന്നുകളെ പിന്തുണച്ചത്.
ഡോ. ബിജു ഈ ന്യായം ഉന്നയിക്കുന്നതു നിഷ്‌കളങ്കമായല്ല. പരമ്പരാഗതമായി കോവിഡിനു തുല്യമായ ലക്ഷണങ്ങളുള ഇതര രോഗങ്ങള്‍ക്കുള്ള ‘ചികിത്സയില്‍’ ഹോമിയോപ്പതി ഉപയോഗപ്പെടുത്തുന്ന ആര്‍സെനിക് ആല്‍ബം പോലുള്ള ‘മരുന്നുകള്‍’ ഉപയോഗിച്ചു തങ്ങള്‍ക്കും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അനുവാദം നല്കണം എന്നതാണ് ഇതിലൂടെ ഡോ. ബിജു വളഞ്ഞവഴിയില്‍ പറഞ്ഞു വയ്ക്കുന്നത്. ഹൈഡ്രോക്സി ക്ളോറോക്വിന്‍ മരുന്നില്‍ എത്രമാത്രം സജീവ ഘടക തന്മാത്രകള്‍ ഉണ്ടന്ന് ഏതു വ്യക്തിക്കും മരുന്നു കവറില്‍ നോക്കിയാല്‍ മനസ്സിലാകും. ഹോമിയോപ്പതിക് മരുന്നുകളായ ആര്‍സെനിക് ആല്‍ബം 30 സി ആയാലും കാംഫെര്‍ 1 എം ആയാലും അതില്‍ ‘മരുന്നിന്റെ’ ഒരു സജീവ ഘടക തന്മാത്രയെങ്കിലും ഉണ്ടെന്നുറപ്പാക്കാന്‍ ഡോ. ബിജുവിനു സാധിക്കുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.
രസതന്ത്രത്തിലെ ഒരടിസ്ഥാനമായ അവോഗാഡ്രോ നിയമം തെറ്റാണെന്നു തെളിയിച്ചാല്‍ മാത്രമേ ഡോ. ബിജുവിന് ഇതു സാധിക്കൂ. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയുള്ളതു നൊബേല്‍ പുരസ്‌കാരമോ അതിനപ്പുറമുള്ള അംഗീകാരങ്ങളോ ആണ്. എന്നിട്ടും, ഡോ. ബിജുവോ ഇതര ചികിത്സകരോ ഹോമിയോപ്പതിയുടെ ആരംഭകാലം മുതല്‍ നാളിതുവരെ അവരുടെ ഔഷധത്തില്‍ സജീവ ഘടക തന്മാത്രയുടെ തെളിവു നല്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാത്തതു ചിന്തനീയമാണ്.
മാനവരാശിയുടെ ശാസ്ത്രപുരോഗതി മനസ്സിലാക്കാനുള്ള ഒരു വഴി നൊബേല്‍ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ലഭിച്ചു എന്ന വിവരം പരിശോധിക്കുകയാണ്. ‘തനതു ശാസ്തമെന്ന്’ അവകാശപ്പെടുന്ന ഹോമിയോപ്പതിയില്‍ നിന്നു ശാസ്ത്രത്തിന് എത്ര പേര്‍ക്കു നൊബേല്‍ ലഭിച്ചു എന്ന അന്വേഷണം മാനവരാശിക്കു ഹോമിയോ നല്കിയ സംഭാവനയുടെ ‘പ്രാധാന്യം’ വെളിപ്പെടുത്തും.
ഡോ. ബിജു ആര്‍സെനിക് ആല്‍ബം 30 സി ‘മരുന്നില്‍’ ഒരു തന്മാത്ര ഉണ്ടെന്നെങ്കിലും തെളിയിച്ചാല്‍; അതിന്റെ സൈദ്ധാന്തിക വിശദീകരണം തൃപ്തികരമായി നടത്തിയാല്‍ അതു സൃഷ്ടിക്കുന്ന സാമൂഹിക ചലനങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു രസകരമാണ്. മനുഷ്യന്‍ ഇന്നുപയോഗിക്കുന്ന എല്ലാ നിത്യോപയോഗ രാസസംയുക്തങ്ങളും കുറഞ്ഞ അളവില്‍ പ്രകൃതിചൂഷണം നടത്തി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. പ്രകൃതിചൂഷണം കുറയുന്നതു മൂലം ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമൊക്കെ ശാശ്വത പരിഹാരമേകാനുള്ള വഴിയാണ് ഇതിലൂടെ സംജാതമാകുന്നത്. കേരളത്തില്‍ മദ്യപാനംമൂലം സാമ്പത്തികമായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങള്‍ക്കു സാമ്പത്തിക പരാധീനതകില്ലാതെയും ആന്തരിക അവയവയവങ്ങള്‍ക്കു കാര്യമായ നാശമില്ലാതെയും ‘അടിച്ചുപൂസ്സാകാനുള്ള’ വഴി തുറന്നുകിട്ടാനും സാധ്യതയുണ്ട്. 100 എംഎല്‍ വെള്ളം ചേര്‍ത്തതിനെക്കാള്‍ 1000 എംഎല്‍ വെള്ളം ചേര്‍ത്ത മദ്യം കൂടുതല്‍ ‘കിക്കു’ നല്കുമെന്ന യുക്തിയാണ് ഡോ. ബിജു പറയുന്നതെങ്കിലും പൊതുജനത്തിനു ഗുണകരമാകുമെങ്കില്‍ തീര്‍ച്ചയായും ഇതിനെ പിന്തുണയ്ക്കാവുന്നതാണ്. നിലവിലുള്ള ആഗോള ഉല്‍പാദന സാമ്പത്തിക വ്യവസ്ഥ തകര്‍ന്നു തരിപ്പണമാകുവാന്‍ സാധ്യത ഉള്ളതുകൊണ്ടാണോ ഡോ. ബിജുവോ ഇതര ചികിത്സകരോ ഹോമിയോപ്പതിയുടെയുടെ ആരംഭകാലം മുതല്‍ ഇന്നുവരെ വരെ ഈ ‘രഹസ്യം’ കണ്ണിലെണ്ണയൊഴിച്ചു സൂക്ഷിച്ചിരിക്കുന്നത് എന്നു ‘ന്യായമായും’ സംശയിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്ന മരുന്നു മാഫിയകളടക്കമുള്ള സകല കുത്തകകളെയും സഹായിക്കുന്ന ക്രൂരനടപടിയാകുമത്.
ദീര്‍ഘകാലമായി ഉപയോഗത്തിലിരിക്കുന്ന മരുന്നാണു ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്നതെന്നും ഇന്ത്യന്‍ ഹോമിയോപ്പതിക് ഫാര്‍മക്കോപ്പിയ പ്രകാരം സര്‍ക്കാര്‍ അംഗീകാര പ്രകാരം നിര്‍മ്മിച്ചു വിപണിയില്‍ ഉപയോഗിക്കപ്പെടുന്ന മരുന്ന് ആണ്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച് ഇന്‍ ഹോമിയോപ്പതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയവും തുടര്‍ന്ന് കേരള സര്‍ക്കാരും അനുമതി നല്കിയത് അനുസരിച്ചാണ് ഈ മരുന്ന് നല്കുന്നത് എന്നുമാണു ഡോ. ബിജുവിന്റെ വേറൊരു അവകാശവാദം. ഈ വാദം ശരിയാണ് താനും. പക്ഷേ, എത്രകാലമായി ഉപയോഗിക്കുന്നു, ആര് അനുമതി നല്കി എന്നതിലൊക്കെ ഉപരി തെളിവുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ആര്‍ജ്ജിച്ചെടുക്കുന്ന അറിവുകളുമായി അവകാശവാദം ചേര്‍ന്നുപോകുന്നുണ്ടോ എന്ന ചെറിയ ചോദ്യത്തിനു മുമ്പില്‍ ഡോ. ബിജുവിന്റെ ന്യായങ്ങള്‍ തകര്‍ന്നടിയുന്നുണ്ട്.
‘ഹോമിയോപ്പതി മരുന്നു കഴിച്ച ആളുകള്‍ക്കാണു കൂടുതലും രോഗം ബാധിച്ചത് എന്നാണ് സുല്‍ഫി പറയുന്നത്. പ്രിയപ്പെട്ട സുല്‍ഫി ഒരു കാര്യം ആരോപിക്കുമ്പോള്‍ വ്യക്തമായ തെളിവുകളും ഡേറ്റയും വെച്ചിട്ടു വേണം ആരോപിക്കാന്‍ . അല്ലാതെ സ്‌കൂള്‍ പിള്ളാരെ പോലെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുക അല്ല വേണ്ടത്’ എന്നു ഡോ. ബിജു പറയുന്നുണ്ട്.
ആധികാരികമായ കണക്കുകളുടെയും ഡേറ്റയുടെയും പിന്‍ബലം ഇല്ലാതെ ഡോ.സുല്‍ഫി അത്തരമൊരു ആരോപണം ഉന്നയിച്ചെങ്കില്‍ തീര്‍ച്ചയായും അതു തെറ്റാണ്. പ്രത്യേകിച്ച്, ഒരു സംഘടനയുടെ ഉത്തരവാദിത്വമുള്ള ഭാരവാഹിയെങ്കില്‍ ഒരിക്കലും അതു പാടില്ല. ഒരു രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമായ സാമ്പത്തിക കണക്കുകള്‍ വരെ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ അട്ടിമറിക്കുന്ന ഒരു രാജ്യമാണിത്. ഇവിടെ ഇരുന്നുകൊണ്ടാണു കണക്കുകള്‍ ആധാരമാക്കി മാത്രം സാമൂഹിക പ്രസക്തമായ ഇത്തരം ‘ആരോപണങ്ങള്‍’ ഉന്നയിക്കണമെന്നു ഡോ. ബിജു വാശി പിടിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചു സൂക്ഷ്മതലത്തില്‍ ഇത്തരം കണക്കുകള്‍ ഒന്നും കൃത്യമായി സൂക്ഷിക്കാറില്ല എന്ന ഉത്തമ ബോധ്യം നല്കുന്ന ധൈര്യത്തില്‍ നിന്നുകൊണ്ടാണു ഡോ. സുള്‍ഫിക്കെതിരേ ഡോ. ബിജു ആരോപണമുന്നയിക്കുന്നത് എന്നു ന്യായമായും സംശയിക്കാം. ആര്‍ക്കൊക്കെ കൃത്യമായി ഹോമിയോ മരുന്നു നല്കി എന്ന വിവരവും രോഗം വന്നാല്‍ ആധുനിക വൈദ്യത്തെ ആശ്രയിക്കുന്നതുകൊണ്ടു രോഗവിവരവും ഒരു സ്ഥലത്തു ലഭ്യമാകാത്തതുകൊണ്ടു കണക്കുകളുടെ അടിസ്ഥാനത്തില്‍ ഹോമിയോ നിഷ്ഫലമാണെന്നു ആര്‍ക്കും പറയാന്‍ സാധ്യമല്ല എന്നു ഡോ. ബിജുവിനു നന്നായറിയാം. എന്തായാലും, തങ്ങള്‍ക്കെതിരായ ആരോപണങ്ങളുടെ സന്ദര്‍ഭത്തിലെങ്കിലും ആധികാരികമായ ഡേറ്റയുടെ പ്രാധാന്യം ഡോ. ബിജു തിരിച്ചറിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ഈ തിരിച്ചറിവു തങ്ങള്‍ നടത്തുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൂടി ഉപയോഗപ്പെടുത്തണം എന്ന ആഗ്രഹം മാത്രമാണു ലേഖകനുള്ളത്.
വെറും ‘പച്ചവെള്ളം’ ആണ് ഔഷധമെന്നു പറഞ്ഞു ഹോമിയോപ്പതിക്കാര്‍ നല്കുന്നത്. എങ്കിലും, ഹോമിയോ മരുന്നു കഴിക്കുന്ന സാധാരണ ജനങ്ങള്‍ തങ്ങള്‍ക്കു പ്രതിരോധം ലഭിച്ചിട്ടുണ്ടെന്ന ‘ഉത്തമ ബോധ്യത്തില്‍’ വേണ്ടത്ര മുന്‍കരുതലുകള്‍ രോഗത്തിനെതിരേ സ്വീകരിക്കാതിരിക്കാം എന്ന സാമൂഹിക അപകടം പൊതു സമക്ഷം അവതരിപ്പിക്കുകയാണു യഥാര്‍ത്ഥത്തില്‍ കോവിഡ് കാലത്തെ ഹോമിയോപ്പതി ഇടപെടലുകളുടെ വിമര്‍ശകര്‍.
ഇമ്യൂണോ ബൂസ്റ്റര്‍ കഴിച്ച എല്ലാവര്‍ക്കും രോഗം വരില്ല എന്ന ഉറപ്പു ഹോമിയോപ്പതിക്കു നല്കാനാകില്ല എന്നും ഡോ. ബിജു സമ്മതിക്കുന്നുണ്ട്. ഇമ്യൂണോ ബൂസ്റ്റര്‍ പൊതുവായ പ്രതിരോധമാണു നല്കുന്നത് എന്നും കോവിഡ് രോഗത്തില്‍ നിന്നു പൂര്‍ണ പരിരക്ഷ ലഭിക്കണമെന്നില്ല എന്നും ഡോ. ബിജു പറയുന്നതു നിഷ്‌കളങ്കമായല്ല. ശാസ്ത്രീയ അടിസ്ഥാനം ഒന്നുമില്ലാത്ത അവകാശവാദങ്ങള്‍ ഉപയോഗിച്ചു രോഗികളെ ആകര്‍ഷിച്ചാല്‍ 1954 ലെ ദ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിള്‍ അഡ്വര്‍ട്ടൈസ്‌മെന്റ്‌സ്) ആക്ടും മറ്റും അനുസരിച്ചു നിയമനടപടികള്‍ നേരിടാന്‍ സാധ്യത ഉള്ളതുകൊണ്ട് ഈ കുരുക്കില്‍ നിന്നു രക്ഷപെടുക എന്ന ഗൂഢലക്ഷ്യമാണു ഡോ. ബിജുവിനെ പോലുള്ളവര്‍ക്ക്. ഇതാണു വസ്തുത എന്നിരിക്കെയാണു ഹോമിയോയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ പൊതുജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്നതിനു കേസെടുക്കേണ്ടതാണെന്ന ഡോ. ബിജുവിന്റെയും കൂട്ടരുടെയും ഭീഷണി.
യഥാര്‍ത്ഥത്തില്‍ അംഗീകൃത വൈദ്യശാസ്ത്രം പിന്തുടരുന്ന ചികിത്സകര്‍ക്കു ശിക്ഷയില്‍ നിന്നു രക്ഷപെടാനുള്ള ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. വികസിത രാജ്യങ്ങളില്‍ ശക്തമായ നിയമങ്ങള്‍ രോഗികളുടെ സഹായത്തിനുണ്ട്. ഇന്ത്യന്‍ നിയമം ചികിത്സകരോടു കൂടുതല്‍ ഉദാരമായാണു പെരുമാറുന്നത്. നിസ്സഹായരായ രോഗികള്‍ക്കു ഇതു മൂലം ബുദ്ധിമുട്ടുകളുണ്ട്. ഹോമിയോപ്പതിയുടെ അയഞ്ഞ ചികിത്സാരീതിയും ‘ആയുഷിന്റെ’ നിയന്ത്രണത്തിലെ പോരായ്മയും മൂലം വളരെ എളുപ്പത്തില്‍ നിയമത്തിന്റെ വലയില്‍ നിന്നു പുറത്തുകടക്കാവുന്ന സംവിധാനമാണ് ഇവിടെയുള്ളത്. ആധുനിക ചികിത്സകരും സമാന്തര വൈദ്യന്മാരും പരസ്പരം തമ്മിലടിക്കുന്നുണ്ട്. പക്ഷേ, രോഗികളുടെ താല്‍പര്യം സംരക്ഷിക്കാനല്ല അവര്‍ ഇതു ചെയ്യുന്നതെന്നു രോഗികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ നിന്നു ആരോഗ്യ മേഖലയെ ഒഴിവാക്കാന്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ശ്രമിച്ചപ്പോള്‍ സമാന്തര വൈദ്യക്കാരും അതിനോടു ചേര്‍ന്നു നില്ക്കുകയാണു ചെയ്തത് (4). രോഗിക്കു കുറഞ്ഞ ചെലവില്‍ നിയമപരിരക്ഷ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറഞ്ഞു പോകുകയാണ് ഇതുമൂലം.
കോടിക്കണക്കിനു രൂപ ഗവേഷണത്തിനു ചെലവാക്കിയിട്ടും ഇന്നും പൂര്‍ണ്ണമായി മനുഷ്യന്റെ വരുതിയിലാകാത്ത ജൈവപ്രതിഭാസമാണു ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ. പ്രതിരോധശക്തി ഒരു പരിധിയില്‍ കൂടിയാല്‍ അതു സ്വന്തം ആരോഗ്യത്തിനു തന്നെ ഹാനികരമാകും എന്നതിനുള്ള തെളിവുകളാണ് പല അലര്‍ജികളും ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളും. നമുക്കു സമതുലിതമായ പ്രതിരോധശക്തി ഉണ്ടെങ്കിലും പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയാറില്ല എന്ന വസ്തുത എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ നമ്മെ വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു പരിശോധിക്കുമ്പോള്‍ ഡോ. ബിജുവിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം മനസ്സിലാകും. കോവിഡ് രോഗത്തിന് എതിരായി പ്രത്യേകമായോ, ശരീരത്തിനു പൊതുവായോ പ്രതിരോധം നല്കുന്നതായ ആന്റിബോഡികളോ ഇതര ഘടകങ്ങളോ ഹോമിയോപ്പതിയുടെ ഇമ്യൂണോ ബൂസ്റ്റര്‍ ശരീരത്തില്‍ ഉല്‍പാദിക്കുന്നതിനു യാതൊരു ശാസ്ത്രീയ തെളിവും ഇല്ലാതിരിക്കുമ്പോഴാണു ഡോ. ബിജു പ്രതിരോധത്തെ കുറിച്ചു വാചാലനാകുന്നത്. പൊതുവായ പ്രതിരോധം ലഭ്യമാകാന്‍ സമീകൃത ആഹാരവും ശരിയായ ജീവിതശൈലിയും പിന്തുടരുകയാണ് വേണ്ടത്. അതുപോലും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നില്ല എന്നതുകൊണ്ടാണ് ആളുകളോടു ലോകാരോഗ്യസംഘടന നിരന്തരം സാമൂഹിക അകലം പാലിച്ചു വീടുകളില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നത്. ഇമ്യൂണോ ബൂസ്റ്റര്‍ മരുന്നു കഴിച്ചു ‘പ്രതിരോധം’ ആര്‍ജ്ജിച്ച വ്യക്തികള്‍ 2 മുന്‍കരുതലുകള്‍ കൂടി എടുത്താല്‍ മാത്രമേ യഥാര്‍ത്ഥ രോഗപ്രതിരോധം സാധ്യമാകൂ എന്നാണു ലേഖകന്റെ അഭിപ്രായം. 1. മറ്റു വ്യക്തികളുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ ഉത്തമ പൗരന്മാരായി വീടുകളില്‍ ഇരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. 2. പുറത്തിറങ്ങിയാല്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക.
ഇമ്യൂണോ ബൂസ്റ്റര്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ആണെന്നും ഐഎംഎയുടെ പെയിന്റ് ബള്‍ബ് സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ സൗകര്യമില്ലെന്നും ഡോ ബിജു കളിയാക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തെ ശരിയായി ഉള്‍ക്കൊള്ളാത്ത ഒരു പരമ്പരാഗത സമൂഹമാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും എന്നതിനു ധാരാളം തെളിവുകളുണ്ട്. ഐഎസ്ആര്‍ഒ ഉപഗ്രഹം വിക്ഷേപിക്കുമ്പോള്‍ തിരുപ്പതിയില്‍ അതിന്റെ മാതൃക വച്ചു ചെയര്‍മാന്‍ തന്നെ പൂജ നടത്തുന്ന ഒരു സമൂഹത്തിലാണു ഗവണ്‍മെന്റ് അംഗീകരിച്ച ഇമ്യൂണോ ബൂസ്റ്ററിനെക്കുറിച്ചു ഡോ. ബിജു ഓര്‍മ്മപ്പെടുത്തുന്നത്.
ഗവണ്‍മെന്റിന്റെയും ഹോമിയോപ്പതി കൗണ്‍സിലിന്റെയുമൊക്കെ അംഗീകാരം മരുന്നിറക്കാന്‍ വേണമെന്നു സമ്മതിക്കുന്ന ഡോ. ബിജുവിനെ പോലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഇന്നു ഹോമിയോപ്പതിയുടെ പേരില്‍ നടക്കുന്ന പല തട്ടിപ്പുകളെയും എതിര്‍ക്കുന്നുണ്ടോ എന്നു സംശയമാണ്. ഡോ. സി. കെ. രാമചന്ദ്രന്‍, ഡോ. എം. എസ്. വല്യത്താന്‍ തുടങ്ങിയവര്‍ ഇതര വൈദ്യശാസ്ത്ര മേഖലകള്‍ ഉപയോഗിക്കുമ്പോള്‍ പരസ്യമായി സമ്മതിക്കുന്ന ബൗദ്ധിക സത്യസന്ധത പുലര്‍ത്താറുണ്ട്. എന്നാല്‍, പല ഹോമിയോ ഡോക്ടര്‍മാരും ചെയ്യുന്നതെന്താണ് ? ഇന്ത്യന്‍ ഹോമിയോപ്പതിക് ഫാര്‍മ്മകോപ്പിയയില്‍ ഇല്ലാത്തതും ഗവണ്‍മെന്റ് ഏജന്‍സികളുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതും ആയ എത്രയെത്ര ‘നൂതന മരുന്നുകളാണ്’ അവര്‍ പരീക്ഷിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ നിയമവിരുദ്ധമായി മോഡേണ്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു മരുന്നുകള്‍ വാങ്ങി കൊണ്ടുപോയി ഹോമിയോ സംയുക്തങ്ങളില്‍ പൊടിച്ചുചേര്‍ത്തു രോഗികള്‍ക്കു നല്കി ആളുകളെ പറ്റിക്കുന്ന പലരുമുണ്ടന്നതു പരസ്യമായ രഹസ്യമാണ്. പനിക്ക് അവര്‍ കണ്ടുപിടിച്ചിട്ടുള്ള ‘ബെലഡോണ പാരസെറ്റമോളം’, ബ്ലഡ് പ്രഷറിനു നല്കുന്ന ‘അക്കൊണിറ്റം അമ്ലോഡിപ്പിനം’ തുടങ്ങിയ ‘നൂതന മരുന്നുകള്‍’ ഹോമിയോ ലോകത്ത് കറങ്ങി നടക്കുന്നുണ്ടെന്നാണ് ജനസംസാരം. കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ പൊതുജനാരോഗ്യത്തിനു സ്ഥായിയായ ഭീഷണി സൃഷ്ടിക്കുന്ന നടപടിയാണിത്. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ രോഗിയുടെ സുരക്ഷിതത്വത്തിനായി കൃത്യമായ ടോക്‌സിക്കോളജി, ഫാര്‍മക്കോളജി പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള അളവിലാണ് നിര്‍ദ്ദേശിക്കുന്നത്. ഹോമിയോ ഡോക്ടര്‍മാര്‍ തങ്ങളുടെ മരുന്നുകളില്‍ അവ പൊടിച്ചു ചേര്‍ക്കുമ്പോള്‍ കൃത്യമായ അളവുകള്‍ പാലിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കഴിക്കുന്ന മരുന്ന് അമിതമായാല്‍ അതു രോഗിയുടെ ആന്തരിക അവയവങ്ങള്‍ക്കു സ്ഥായിയായ നാശം വരുത്തിവയ്ക്കും. ഇനി, മരുന്നിന്റെ അളവ് കുറഞ്ഞാല്‍ അതു രോഗനിയന്ത്രണം സാധ്യമാകാത്ത അവസ്ഥ ഉണ്ടാക്കും. ഇതും ആന്തരിക അവയവങ്ങളുടെ നാശത്തിനിടയാക്കും. നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന കരള്‍, കിഡ്‌നി രോഗങ്ങള്‍ക്കുള്ള ഒരു കാരണം ഇതാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതിലുപരി മറ്റൊരു പ്രധാനപ്പെട്ട വിഷയം, ഹോമിയോ സിദ്ധാന്തങ്ങള്‍ക്ക് അനുസൃതമായുള്ള ഔഷധങ്ങള്‍ക്കു ഫലപ്രാപ്തിയില്ല എന്ന ശാസ്ത്രത്തിന്റെ വിമര്‍ശനം സ്വയം സമ്മതിക്കുന്ന നടപടിയുമാണു ഹോമിയോ ചികിത്സയിലെ ‘ഇംഗ്‌ളീഷ് മരുന്നുകളുടെ’ രഹസ്യോപയോഗം.
ഹോമിയോ ഡോക്ടര്‍മാര്‍ 1159 പേരില്‍ നടത്തിയ പുതിയ ഒരു പഠനത്തെ സംബന്ധിച്ചു ഡോ. ബിജു അവകാശവാദമുന്നയിക്കുന്നു. പഠനത്തിന്റെ കൃത്യമായ രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ അദ്ദേഹം നല്കിയിട്ടില്ല. അതിനാല്‍ പ്രസ്തുത പഠനത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ യാതൊരു വഴിയും ഇപ്പോള്‍ ലേഖകനില്ല. ഹോമിയോക്കാര്‍ നടത്താറുള്ള ക്‌ളിനിക്കല്‍ ട്രയലുകളെക്കുറിച്ച് ഈ മേഖലയില്‍ പഠനം നടത്തുന്ന വിദഗ്ദ്ധര്‍ പല ന്യൂനതകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആധുനികശാസ്ത്രം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഒന്നും തന്നെ ഇത്തരം ട്രയലുകളില്‍ പിന്തുടരാറില്ല. പല പഠനങ്ങളും ആധികാരികമായ ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കുന്നില്ല. പ്രസിദ്ധീകരിക്കുന്ന പഠനങ്ങള്‍ ഹോമിയോക്കാര്‍ തന്നെ ‘അവര്‍ക്കു മാത്രമായി’ നടത്തുന്ന ജേണലുകളിലാണു വരാറുള്ളത്. അതിനാല്‍, ഇത്തരം പഠനങ്ങള്‍ക്ക് അക്കാദമിക മേഖലയില്‍ കാര്യമായ പരിഗണന ലഭിക്കാറില്ല. ഹോമിയോയെ സംബന്ധിച്ച് ആധികാരിക മെഡിക്കല്‍, ശാസ്ത്ര ജേണലുകളില്‍ വന്നിട്ടുള്ള പഠനങ്ങളില്‍ ബഹുഭൂരിപക്ഷവും അതിന്റെ നിഷ്ഫലത ചൂണ്ടിക്കാണിക്കുന്നവ ആയിരുന്നു എന്നതും ഒരു മറുപുറമാണ്. ഡോ. ബിജു ചൂണ്ടിക്കാണിക്കുന്ന പഠനം കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെട്ടത് ആണെങ്കില്‍ അതു ഹോമിയോപ്പതിയില്‍ ഒരു പുതിയ വിപ്ലവത്തിന് തീര്‍ച്ചയായും തുടക്കം കുറിക്കും. അങ്ങനെ ആകട്ടെ എന്നു വിശ്വസിക്കാനാണു ലേഖകനു താല്‍പര്യവും.
പ്രശസ്ത വ്യവസായി രാജിവ് ബജാജ് ഒരു ഹോമിയോപ്പതി ആരാധകനാണ്. കോര്‍പ്പറേറ്റ് റിസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഒരു ഹോമിയോപ്പതിക് ക്ലിനിക് തന്നെ അദ്ദേഹം നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ തന്റെ ഓട്ടോമൊബൈല്‍ കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും ഹോമിയോപ്പതി ഇമ്യൂണോ ബൂസ്റ്റര്‍ നല്കിയതായി അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചതാണ്. കാംഫെര്‍ 1 എം ആണ് നല്കിയത്. (5). ഈ കമ്പനിയില്‍ ഏകദേശം 250 ഓളം വ്യക്തികള്‍ക്കു കോവിഡ് വന്നെന്നും 2 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടെന്നും ഉള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു മാത്രം മതി ഇമ്യൂണോ ബൂസ്റ്ററിന്റെ ‘കാര്യക്ഷമത’ ബോധ്യപ്പെടാന്‍ (6).
പറഞ്ഞ കാര്യങ്ങള്‍ക്ക് ആധികാരികത നല്കുന്നതിനായി കൂടുതല്‍ ലോകപരിചയം നേടിയ വ്യക്തിയാണു താനെന്നു ഡോ. ബിജു അവകാശപ്പെടുന്നുണ്ട്. ലോകപരിചയം ഒരു വൈജ്ഞാനിക വസ്തുതയുടെ ആധികാരികത ഉറപ്പിക്കുന്നില്ലെന്ന് ഇന്ന് അക്കാദമിക ലോകം അംഗീകരിച്ചതാണ്. മാത്രമല്ല, പല നിര്‍ണ്ണായക വൈജ്ഞാനിക വിപ്‌ളവങ്ങളും പലരും നടത്തിയത് അവരുടെ യുവത്വത്തിന്റെ പ്രസരിപ്പിലുമാണ്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ 1905 ല്‍ തനിക്ക് 26 വയസ്സുള്ളപ്പോളാണ് സവിശേഷ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത് എന്നു മാത്രമാണ് ഇതിനു മറുപടിയായി പറയാനുള്ളത്.
ആധുനിക വൈദ്യത്തെ എതിര്‍ക്കാന്‍ ഹോമിയോപ്പതിക്കാര്‍ സ്ഥിരമായി പഴമയെ കൂട്ടുപിടിക്കാറുണ്ട്. ഇതു കേള്‍ക്കുന്ന പാവം ജനം സ്വാഭാവികമായി പുരാതനകാലം മുതല്‍ ഹോമിയോ മരുന്നുകള്‍ ഫലസിദ്ധിയോടെ ഉപയോഗിച്ചിരുന്നു എന്നു കരുതും. ഈ മിഥ്യാബോധം സൃഷ്ടിച്ചു തങ്ങളിലേയ്ക്കു രോഗികളെ ആകര്‍ഷിക്കുക എന്നതാണിതിന്റെ ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ ഹോമിയോ സിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ച ഹാനിമാനു പോലും അവ വസ്തുനിഷ്ഠമായി ബോധ്യപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഇതു ഹോമിയോയുടെ ചരിത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ അന്നുണ്ടായിരുന്ന തന്മാത്രകളെയും മറ്റും സംബനധിച്ച ലളിതമായ അറിവുകളുടെ പശ്ചാത്തലത്തില്‍ ഹോമിയോ സിദ്ധാന്തങ്ങള്‍ തെറ്റാണെന്നു സാധാരണക്കാര്‍ പോലും തിരിച്ചറിയുകയും പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഡോ. ബിജു അടക്കമുള്ള ഓരോ ഹോമിയോപ്പതി ചികിത്സകനും തങ്ങള്‍ ‘വിശ്വസിക്കുന്ന’ നേര്‍പ്പിക്കല്‍ സിദ്ധാന്തങ്ങള്‍ തെറ്റാണെന്നു പ്ലസ് ടു വിദ്യാഭ്യാസ സമയത്തു രസതന്ത്ര പഠനത്തിന്റെ ഭാഗമായി ലബോറട്ടറികളിലും സ്വന്തം വീടുകളില്‍ കറികളില്‍ ഉപ്പു കൂടുമ്പോളോ ചായയില്‍ മധുരം കുറയുമ്പോളോ പരീക്ഷിച്ചു പ്രായോഗികമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. ആ വസ്തുത ‘മറന്നുകൊണ്ടു’ ഹാനിമാന്റെ കാലത്തു തന്നെ കാര്യമായ ശാസ്ത്രധാരണകള്‍ ഒന്നുമില്ലാത്ത സാധാരണക്കാര്‍വരെ തള്ളിപ്പറഞ്ഞ ഹോമിയോയെ ന്യായീകരിക്കാന്‍ ഡോ. ബിജുവൊക്കെ ഇറങ്ങുന്നതു ദുഃഖകരമാണ്. യഥാര്‍ത്ഥത്തില്‍ രോഗികളുടെ കഷ്ടതകള്‍ ലഘൂകരിച്ചു സുരക്ഷ വര്‍ദ്ധിപ്പിക്കും വിധം വൈദ്യത്തെ പരിഷ്‌കരിക്കണമെന്ന ആശയമാണു ഹാനിമാനില്‍ നിന്ന് അവര്‍ സ്വീകരിക്കേണ്ടത്. പഴമയെയും ഹാനിമാനെയും കുറിച്ചെല്ലാം വാചാലരാകുന്ന അവര്‍ ചികിത്സയില്‍ രോഗിയുടെ സുരക്ഷയെന്ന മര്‍മ്മത്തിനു പരിഗണന നല്കുന്നില്ല എന്നത് ആശ്ചര്യജനകമാണ്.
കോവിഡ് മഹാമാരിയുടെ ഈ കാലത്തു പരസ്പരം അസഹിഷ്ണുത ഇല്ലാതെ എല്ലാ വൈദ്യശാസ്ത്ര സംവിധാനങ്ങളും സഹകരിക്കണമെന്നും ഡോ. ബിജു ആവശ്യപ്പെടുന്നുണ്ട്. തീര്‍ച്ചയായും അതു പരിഗണിക്കേണ്ട വിഷയം തന്നെയാണ്. പക്ഷേ, ഇതര സംവിധാനങ്ങളിലെ ഡോക്ടര്‍മാര്‍ പൊതുവായ ആരോഗ്യനിര്‍ദേശങ്ങള്‍ നല്കി സാമൂഹിക അവബോധം വളര്‍ത്താന്‍ സഹായിക്കുകയാണു ചെയ്യേണ്ടത്. അതിനപ്പുറം നിലവില്‍ രോഗത്തെ നിയന്തിക്കാന്‍ സമൂഹം ഏറ്റവും അധികം ആശ്രയിക്കുന്ന ആധുനിക വൈദ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് അസഹിഷ്ണുത ആണെന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ കൂടുതല്‍ കോവിഡ് രോഗികളെ സൃഷ്ടിക്കുന്ന സ്ഥിതിവിശേഷം സംജാതമാക്കുന്ന ഏതൊരു പ്രവര്‍ത്തനവും സാമൂഹികദ്രോഹം തന്നെയാണ്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഹോമിയോപ്പതിക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ ചെയ്യുന്ന ദ്രോഹവും ഇതുതന്നെയാണ്. തന്റെ വാദത്തിന് അടിസ്ഥാനമായി ക്യൂബയിലും ചൈനയിലും കോവിഡ് നിയന്ത്രണ വിധേയമാക്കിയതു ഹോമിയോപ്പതിയുടെയും പരമ്പരാഗത ചികിത്സയുടെയും എല്ലാം സഹായത്തോടെ ആണെന്നു ഡോ. ബിജു അവകാശപ്പെടുന്നുണ്ട്. ക്യൂബയിലെ ആരോഗ്യവിദഗ്ദ്ധര്‍ തന്നെ അവിടെ ഉപയോഗിച്ച ഹോമിയോ മരുന്ന് ഒരു സമ്പൂര്‍ണ്ണ കോവിഡ് പ്രതിരോധ ഔഷധം അല്ലെന്ന മുന്നറിയിപ്പു നല്കിയിട്ടുള്ളതാണ്. അവിടെയും പ്രധാനമായി ആശ്രയിക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തെ ആണ്. രോഗപ്രതിരോധത്തിനു നട്ടെല്ലായി മാറിയതു ക്യൂബയിലെ താഴെത്തട്ടിലുള്ള വികേന്ദ്രീകൃതമായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വര്‍ദ്ധിച്ച തോതിലുള്ള സര്‍ക്കാര്‍ മുതല്‍മുടക്കും ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ച ലഭ്യതയും ഒക്കെയാണ് എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത് (7). ക്യൂബയുടെ കാര്യം പറഞ്ഞു ജനങ്ങളെ വഴിതെറ്റിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഡോ. ബിജു. കോവിഡ് രോഗബാധ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതായി ചൈനയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ മാത്രം മതി ഡോ. ബിജുവിന്റെ ചൈനീസ് ഹോമിയോ രോഗപ്രതിരോധത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ (8).
പൊതുവേ, ഹോമിയോപ്പതിയെയും മറ്റിതര സമാന്തര ചികിത്സകളെയും വസ്തുനിഷ്ഠമായി വിമര്‍ശിക്കുന്നവരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചും മരുന്നു കമ്പനികളുടെ പിണിയാളുകള്‍ എന്ന് ആക്ഷേപിച്ചുമൊക്കെയാണു ഹോമിയോ ഡോക്ടര്‍മാര്‍ നേരിടുന്നത്. കാതലായ പ്രശ്‌നങ്ങളെക്കുറിച്ചു വ്യക്തമായ മറുപടി നല്കാതെ അവര്‍ ചര്‍ച്ചകളെ വഴിതെറ്റിക്കാറാണു പതിവ്. ഡോ. ബിജു ഇവിടെയും അതുതന്നെയാണ് ചെയ്തിരിക്കുന്നത്. തങ്ങള്‍ നല്കുന്ന മരുന്നുകളില്‍ സജീവ ഘടക തന്മാത്രകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായൊരു ഉത്തരമാണു ഡോ. ബിജു നല്‌കേണ്ടത്.
പണ്ട് അലോപ്പതിയുടെയുടെ കാലത്തു ചികിത്സ മനുഷ്യത്വവിരുദ്ധമായിരുന്നു. ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രത്തെ അലോപ്പതിയെന്നു ബോധപൂര്‍വ്വം വിളിച്ചു പൊതുസമക്ഷം തെറ്റിദ്ധാരണ പരത്തുകയാണു ഹോമിയോ ചികിത്സകര്‍. സ്വകാര്യ ആശുപത്രികളില്‍ ആധുനിക വൈദ്യത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും നിലപാടുകളെ ന്യായീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, സ്വകാര്യമേഖലയില്‍ ഹോമിയോക്കാര്‍ നടത്തുന്ന ചൂഷണങ്ങളെക്കുറിച്ച് ഇവര്‍ കാര്യമായി പ്രതികരിക്കാറില്ല. ഇത് അവരുടെ ഇരട്ടത്താപ്പിനു തെളിവാണ്. വൈദ്യത്തിന്റെ പേരിലുള്ള ചൂഷണമെന്ന സാമൂഹിക വിപത്തല്ല അവരെ അലോരസപ്പെടുത്തുന്നതെന്നു നമ്മെ ഇതു ബോധ്യപ്പെടുത്തുന്നു. ഹോമിയോയിലെ ചൂഷണം കഠിന രോഗങ്ങൾക്ക് അതിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കുറവായതുകൊണ്ടു പൊതുസമൂഹം കാര്യമായി തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഇത്തരം നിലപാടുകളെടുക്കാൻ അവർക്കു ധൈര്യമേകുന്നത്.
also read
അന്ധമായ ആയുഷ് വിരോധം കുത്തിത്തിരിപ്പിന് ഇറങ്ങരുത് ഡോ സുള്‍ഫി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in