സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ള എല്ലാ ശക്തികളെയും പുറത്തുകൊണ്ടുവരണം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് അധികാര കേന്ദ്രങ്ങളും ക്രിമിനല്‍ മൂലധനവും രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികളും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ സൂചനയാണെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതി വിലയിരുത്തി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശക്തികളെയും പുറത്തുകൊണ്ടുവരികയും നിയമത്തിന് മുന്നില്‍ ഹാജരാക്കി ശിക്ഷിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു.

കേവല കക്ഷി രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ഉപരി കേരളത്തിലെ മുന്നണി രാഷ്ടീയവും അധികാര കേന്ദ്രങ്ങളും അകപ്പെട്ടിരിക്കുന്ന ജീര്‍ണതയുടെയും ക്രി്മിനല്‍വല്‍ക്കരണത്തിന്റെയും ഉദാഹരണമാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് കേസിലെ പ്രതികളുമായുള്ള അടുത്ത ബന്ധം തന്നെ രാജ്യദ്രോഹ പ്രവര്‍ത്തനം കൂടിയായ സ്വര്‍ണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഐടി വകുപ്പിലെ പല ഉന്നതന്മാര്‍ക്കും അവരുമായി അടുപ്പമുണ്ട്്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മന്ത്രി കെ ടി ജലീലിനും ഈ കേസിലെ പ്രതികളുമായുള്ള ബന്ധവും ആരോപണവിധേയമായിട്ടുണ്ട്. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിത്.
കേസില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരുടെ ഏജന്റുമാരോ പണം പറ്റി ജോലി ചെയ്യുന്നവരോ മാത്രമാണ്. വന്‍ ജ്വല്ലറി ഉടമകളും ഹവാല പണമിടപാടുകാരും അടങ്ങുന്ന ക്രിമിനല്‍ മൂലധന കൂട്ടുകെട്ടാണ് സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതേണ്ടിവരും. അവര്‍ക്ക് ഭരണാധികാര കേന്ദ്രങ്ങളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളുമായി അടുത്ത ബന്ധങ്ങളുണ്ട്. ഏത് മുന്നണി അധികാരത്തിലിരുന്നാലും ഈ കൂട്ടുകൈട്ടാണ് ഭരണത്തെ നിയന്ത്രിക്കുന്നതെന്ന സാഹചര്യം കേരള രാഷ്ട്രീയം നേരിടുന്ന വിഷമവൃത്തമാണ്. ഉമ്മന്‍ ചാണ്ടിയും കെ കരുണാകരനും ഭരിച്ചിരുന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപക വൃത്തങ്ങള്‍ ശക്തമായിരുന്നു. സോളാര്‍ കേസും ബാര്‍ കോഴ കേസും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങളായിരുന്നു. ഇന്ന് ഭരിക്കുന്ന മുന്നണി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി വലിയ സമരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും കഥയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറയുന്നത്. കേരള കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബാന്ധവത്തിന് വേണ്ടി സ്വന്തം സമരങ്ങളെയും നിലപാടുകളെയും തള്ളിപ്പറയുന്ന നെറികെട്ട രാഷ്ട്രീയമാണിത്. നാളെ യുഡിഎഫ് അധികാരത്തില്‍ വന്നാലും ഇത് തന്നെയാണ് സംഭവിക്കുക എന്ന് വ്യക്തമാണ്.

ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎയെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്ന ബിജെപിയും ഒട്ടും വ്യത്യസ്തമല്ല. നരേന്ദ്ര മോഡിയുടെ കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളും കോര്‍പ്പറേറ്റ് സേവയുടെയും അഴിമതിയുടെയും കേന്ദ്രങ്ങളാണ്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അടക്കമുള്ള അന്വേഷണ ഏജന്‍സികളെ തന്നെ അഴിമതിയില്‍ മുക്കുകയും രാഷ്ട്രീയ പക പോക്കലിന് ഉപയോഗപ്പെടുത്തുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. എന്‍ഐഎ ആകട്ടെ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയും ഫെഡറലിസത്തെയും തകര്‍ക്കുകയും പൗരാവകാശ പ്രവര്‍ത്തകരെയും ന്യൂനപക്ഷങ്ങളെയും ജയിലില്‍ അടച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് എന്‍ഐഎക്ക് കേസ് വിട്ടുകൊടുത്തത് തന്നെ തെറ്റായ രീതിയാണ്. ഒട്ടും വിശ്വാസ്യതയില്ലാത്ത ഏജന്‍സിയായ എന്‍ഐഎ നടത്തുന്ന അന്വേഷണത്തിന്റെ ഭാവിയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. അതിനാല്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നും കേസില്‍ എല്ലാ പ്രതികളെയും കണ്ടെത്തുമെന്ന് ഉറപ്പുവരുത്താനും ശക്തമായ ജനകീയ സമ്മര്‍ദ്ദം ആവശ്യമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മര്‍മ്മപ്രധാനമായ ഭരണ കേന്ദ്രങ്ങള്‍ കള്ളക്കടത്ത് സംഘങ്ങളുടെയും ക്രിമിനല്‍ ബന്ധങ്ങളുള്ളവരുടെയും താവളമായി മാറുന്നത് തടയേണ്ടതുണ്ട്. മന്ത്രിസഭ പോലും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിലും മറ്റ് വകുപ്പുകളിലും നടക്കുന്ന കണ്‍സല്‍ട്ടന്‍സി നിയമനങ്ങളും ഉദ്യോഗസ്ഥ നിയമനങ്ങളും ദുരൂഹമായ പല സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് സംശയിക്കണം. കേരളത്തെ കടക്കെണിയില്‍ വീഴ്ത്തുകയും ജനങ്ങളെ തെരുവില്‍ ഇറക്കുകയും ചെയ്യുന്ന പല വന്‍കിട പദ്ധതികളും ഇടപാടുകളും ഇവര്‍ വഴിയാണ് നടക്കുന്നത്. ഇത്തരം നിയമനങ്ങള്‍ അടിയന്തരമായി റദ്ദാക്കണം. അനാവശ്യമായ നിയമനങ്ങളും ധൂര്‍ത്തുകളും തടയണം. മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ എല്ലാ നിയമനങ്ങളും സുതാര്യവും നിയമ വിധേയമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

കേരളത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മുന്നണി രാഷ്ട്രീയത്തിന്‍െ ജീര്‍ണതയുടെ പ്രതിഫലനം കൂടിയാണ് സ്വര്‍ണ്ണക്കടത്ത് പോലുള്ള സംഭവങ്ങളെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ജനവിരുദ്ധ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സിപിഎം, കോണ്‍ഗ്രസ്, ബിജെപി മുന്നണി രാഷ്ട്രീയത്തിന് ബദലായി ജനകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ഐക്യത്തിനു വേണ്ടി ഒന്നിക്കണമെന്നും എല്ലാ ജനാധിപത്യ ശക്തികളോടും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യര്‍ത്ഥിക്കുന്നു.

സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍) 9847036356, കെ കെ കൊച്ച്, അഡ്വ. കെ വി ഭദ്രകുമാരി, കെ ഡി മാര്‍ട്ടിന്‍, കെ സുനില്‍ കുമാര്‍, പി ജെ തോമസ്, കെ സന്തോഷ് കുമാര്‍, ശശികുമാര്‍ കിഴക്കേടം, ഫിലോസ് കോശി (കണ്‍വീനര്‍മാര്‍).

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply