എല്ലാതരം പ്രവാസവും എല്ലാതരം കുടിയേറ്റവും അഭയാര്‍ത്ഥിത്വത്തെ ഓര്‍മ്മിപ്പിക്കുന്നു,
കഴിഞ്ഞ എത്രയോ ദശകങ്ങള്‍ കാര്യമായ തൊഴില്‍ മുഖങ്ങള്‍ ഒന്നും പ്രാദേശികമായി തുറക്കാന്‍ കഴിയാത്ത ഭരണകൂടങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോഴും അതില്‍ മാറ്റം ഒന്നുമില്ല. നമ്മുടെ വിഭവങ്ങളോ അതിജീവന സാധ്യതകളോ സര്‍ഗാത്മകമായി പരീക്ഷിക്കാന്‍ പ്രാപ്തിയുള്ള ഭരണ നേതൃത്വങ്ങളോ കാഴ്ച്ചപ്പാടുകളോ നമുക്ക് ഈ കാലങ്ങളില്‍ ഉണ്ടായിട്ടില്ല.
ലോകം, ഒഴുകുന്ന മനുഷ്യരുടെ സമൂഹമായതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നമ്മള്‍ കണ്ട ഏറ്റവും വലിയ മാറ്റം. നാടും വീടും ഭാഷയും വിട്ട് മനുഷ്യര്‍ ഭൂമിയിലെ പലയിടത്തെയ്ക്കും കുടിയേറി. ചിലപ്പോള്‍ യുദ്ധമോ അഭ്യന്തരപ്രശ്‌നങ്ങളോ ആയിരുന്നു ഇതിനു കാരണമെങ്കില്‍ പലപ്പോഴും അത് തൊഴിലും ജീവിതവും തേടിയായിരുന്നു. കേരളം ഇതില്‍ രണ്ടാമത് വരുന്നു. തൊഴിലും അതുവഴിയുള്ള ജീവിതവും തേടിയാണ് അവര്‍ കേരളത്തിനു പുറത്തേയ്ക്ക് പോയത്. ചിലപ്പോള്‍, തങ്ങള്‍ക്ക് ഒരിക്കലും പങ്കില്ലാതിരുന്ന യുദ്ധങ്ങളിലൊ പ്രകൃതി ദുരന്തങ്ങളിലോ അവര്‍ പെട്ടിരുന്നെങ്കിലും. ചന്ദ്രനില്‍ മാത്രമല്ല ഭൂമിയിലെ ഏതൊരു ദുരിതത്തിലും ഇന്ന് ഒരു മലയാളിയെ കാണും. ഇപ്പോള്‍ നോക്കു, കൊവിഡ്-19, മലയാളികളെ, തങ്ങളുടെ നാട്ടില്‍ മാത്രമല്ല, ലോകത്തെ എല്ലാ പ്രധാന നഗരങ്ങളിലും രാജ്യങ്ങളിലും ഇന്ന് യുദ്ധസമാനമായ ഒരവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.
എല്ലാതരം പ്രവാസവും അഭയാര്‍ത്ഥിത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ കുടിയേറ്റങ്ങളും അഭയാര്‍ത്ഥിത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു മഹാമാരി മാത്രമല്ല, അതിനൊപ്പം വന്ന തൊഴില്‍ നഷ്ടവും ഇന്ന് ലോകത്തെ എല്ലാ കുടിയേറ്റ സമൂഹത്തെയും ബാധിക്കുന്നപോലെ കേരളീയരെയും കണിശമായിത്തന്നെ ബാധിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ അത്ര നല്ലതായി തോന്നില്ല. അവിടെനിന്നുള്ള പല രാജ്യങ്ങളിലെയും സ്ഥിതി, രോഗവും രോഗഭീതിയും, തൊഴിലും തൊഴില്‍നഷ്ടഭീതിയും, ഇന്ന് എല്ലാ വിഭാഗം കേരളീയരെയും ബാധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഒക്കെയും ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരും അവരില്‍ത്തന്നെ കേരളീയരും ആണ് എന്ന് ഓര്‍ക്കുമ്പോള്‍ത്തന്നെ ഒരു ഉള്‍ക്കിടിലത്തോടെയല്ലാതെ ഈ കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ ആലോചിക്കാന്‍തന്നെ കഴിയില്ല.
എങ്ങനെയാണ് ഈ മഹാമാരി കടന്നുപോവുക എന്നും എന്താണ് അത് ബാക്കി വെയ്ക്കുക എന്നും നമ്മുക്ക് ഇപ്പോള്‍ പ്രവചിക്കാനും ആകില്ല. എന്നാല്‍, യുദ്ധസമാനമായ ഒരവസ്ഥയിലൂടെ ഈ രാജ്യങ്ങള്‍ അവയുടെ കഴിവിന്റെ പരിമിതിയും കടന്ന് പ്രതിരോധം ഉയര്‍ത്തി കടന്നുപോകുമ്പോള്‍ ഗള്‍ഫ് മലയാളികളെ കുറിച്ചുള്ള ആ പഴയ ഉത്ക്കണ്ഠ ഇപ്പോള്‍ മറ്റൊരു രീതിയില്‍ കടന്നു വരുന്നു എന്ന് തീര്‍ച്ചയാണ്: എപ്പോഴും മടങ്ങേണ്ടിയിരുന്ന അവരുടെ തിരിച്ചുവരവിന് ഇനി ആക്കം കൂടിയേക്കും. സംഖ്യകള്‍ വര്‍ധിക്കും. വിശേഷിച്ചും അവിദഗ്ധ തൊഴിലാളികളുടെയും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും നിര്‍മ്മാണമേഖലയില്‍ നിന്നും മറ്റും. ഇപ്പോള്‍ത്തന്നെ ഈ മേഖലകള്‍ പലതും അടച്ചുപൂട്ടിയിരിക്കുകയുമാണ്. മാത്രമല്ല, ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേ തങ്ങളുടെ റിസര്‍വ് ധനം ഉപയോഗിച്ച് ഇതിനകം സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വേഗത്തില്‍ കരകയറാനുമാവൂ. ഇതും പക്ഷെ നമ്മുക്ക് ഇപ്പോള്‍ പ്രവചിക്കാന്‍ ആവില്ല.
എന്തായാലും, കേരളം ഈ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്ന് ഇപ്പോള്‍ നമ്മുക്ക് പ്രവചിക്കാന്‍ പറ്റും : വളരെ യാഥാസ്ഥിതികമായ സേവന/സന്നദ്ധ വാഗ്ദാനങ്ങളില്‍ അത് ഇനിയും ഒടുങ്ങും. കാരണം, മനുഷ്യാധ്വാനത്തിന്റെ കയറ്റുമതി മാത്രമേ നമ്മുടെ മാറി മാറി വന്ന സര്‍ക്കാരുകളുടെ അജണ്ടയില്‍ എന്നും ഉണ്ടായിട്ടുള്ളൂ. അല്ലെങ്കില്‍ അതിന്റെ പരിപാലനമേ അവരെ വ്യത്യസ്ഥമാക്കുന്നുള്ളൂ. അല്ലെങ്കില്‍, കുടിയേറ്റ സമൂഹം നേരിടുന്ന, യുദ്ധം പോലുള്ള ചില അടിയന്തിര സാഹചര്യങ്ങളില്‍ ‘കൈതാങ്ങാവുക’ എന്നതില്‍ ആ ”കയറ്റുമതി വികസന”വും അവസാനിക്കുന്നു.
ആലോചിച്ചു നോക്കു, കഴിഞ്ഞ എത്രയോ ദശകങ്ങള്‍ കാര്യമായ തൊഴില്‍ മുഖങ്ങള്‍ ഒന്നും പ്രാദേശികമായി തുറക്കാന്‍ കഴിയാത്ത ഭരണകൂടങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോഴും അതില്‍ മാറ്റം ഒന്നുമില്ല. നമ്മുടെ വിഭവങ്ങളോ അതിജീവന സാധ്യതകളോ സര്‍ഗാത്മകമായി പരീക്ഷിക്കാന്‍ പ്രാപ്തിയുള്ള ഭരണ നേതൃത്വങ്ങളോ കാഴ്ച്ചപ്പാടുകളോ നമുക്ക് ഈ കാലങ്ങളില്‍ ഉണ്ടായിട്ടില്ല. എന്നല്ല, സാമുദായികതയും വര്‍ഗ്ഗീയതയും മറ്റും തന്നെയാണ്, ഈ ദശകങ്ങളിലും, നമ്മുടെ രാഷ്ട്രീയത്തെ ‘ക്രിയാത്മകമാക്കുന്നത്’. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ ആരോഗ്യമേഖലയില്‍, പല കാലങ്ങളില്‍ ഉണ്ടായ, ഇടപെടല്‍ മൂലം മാത്രമാണ് ഇന്ന് കേരളത്തില്‍ ഈ മഹാമാരിക്കുമുമ്പില്‍ ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്. ആശുപത്രികളും ആരോഗ്യ മേഖലയും മുഴുവനും ‘സ്വകാര്യവല്‍ക്കരിക്ക’പെടാത്തതിന്റെ വലിയ പ്രാധാന്യം നമ്മള്‍ തിരിച്ചറിയപ്പെടുന്ന ഒരു ഘട്ടംകൂടിയാണ് ഇത്.
അതേസമയം, നമ്മള്‍ ‘വിജയകരമായി പരീക്ഷിച്ച’ മനുഷ്യാധ്വാനത്തിന്റെ കയറ്റുമതി ഇപ്പോള്‍ ഭീതി തരുന്ന ഒരു പ്രതിസന്ധിയിലാണ് എന്നും നമ്മള്‍ തിരിച്ചറിയണം എന്ന് തോന്നുന്നു. അവിദഗ്ധ തൊഴിലാളികളുടെ കയറ്റുമതി മാത്രമല്ല അത്. ലോക രാജ്യങ്ങള്‍ക്ക് നമ്മള്‍ ഔട്ട്-സൊഴ്‌സ് ചെയ്ത കുറഞ്ഞത് ഒരു ‘തൊഴില്‍’ എങ്കിലും ഇന്ന്, ഈ മഹാമാരിയുടെ കാലത്ത്, സങ്കടകരമായ ജീവന്‍ മരണമുഖത്താണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. ഗള്‍ഫില്‍ അത് പതിനായിരങ്ങള്‍ വരും. അതില്‍ ഏറ്റവും കൂടുതല്‍ വനിതകളും ആണ്. ഇപ്പോള്‍ പല ആശുപത്രികളിലും അവരുടെ സേവനം പതിനഞ്ച് മണിക്കൂറാണ്. തീര്‍ച്ചയായും, ചില ഒഴിവുദിവസങ്ങള്‍ക്ക് ഒപ്പം. ഇപ്പോള്‍ അവരുടെ ചിലരുടെ മരണങ്ങളും നമ്മള്‍ കാണുന്നു. ഇതിനെ ഏതെങ്കിലും രീതിയില്‍ മഹത്വവല്‍ക്കരിക്കാന്‍ നമുക്ക് ആവില്ല, സേവനത്തിന്റെയൊ സന്നദ്ധതയുടെയോ പേരില്‍. കാരണം, അത് ഇന്ന് അടിമുടി, ലോകം ഒട്ടുക്കും, ഒരു തൊഴില്‍ മാത്രമായിരിക്കുന്നു. എന്നാല്‍, കേരളത്തിന്റെ പൊതുവേയുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സൃഷ്ടിച്ച തൊഴില്‍ സംസ്‌കാരത്തിന്റെ കൂടി ഇരകള്‍ ആണ് ഇന്ന് ലോകത്തെ പല രാജ്യങ്ങളിലെയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന് നമ്മള്‍ തിരിച്ചറിയുക തന്നെ വേണം. കാരണം, എല്ലാ തൊഴിലും ആദ്യവും അവസാനവും ഒരു വ്യക്തിയുടെ ആയുസ്സുമായി സംഘം ചേര്‍ന്നിരിക്കുന്നു.
ഇത്രയും ഭീതിമല്ലെങ്കിലും മറ്റൊരു കൂട്ടര്‍ നമ്മുടെ ഈ അധ്വാന കയറ്റുമതിയില്‍ വരുന്ന – ഐ ടി മേഖലയാണ്. കൂട്ടമായ പിരിച്ചു വിടലും അടച്ചുപൂട്ടലും അവരും അഭിമുഖീകരിക്കുന്നു. സത്യം പറഞ്ഞാല്‍, നമുക്ക്, നമ്മുടെ ചെറിയ പ്രദേശത്തിന്റെ സംസ്‌കാരവും ജീവിതവും അറിയുന്ന തൊഴില്‍സംസ്‌കാരം, ജീവിത വീക്ഷണം, രാഷ്ട്രീയം, ഇപ്പോഴും ആയിട്ടില്ല – ലോകം ഓരോ ദിവസവും ഇങ്ങനെയെല്ലാം കണ്ടു മടങ്ങിയിട്ടും. അതുകൊണ്ടാണ്, ദുരന്തങ്ങളുടെ ചെറിയ ചെറിയ ഇടവേളകളിലെ നേതാക്കന്മാര്‍ നമ്മുടെ ഹീറോകള്‍ ആവുന്നത്. ആ നേതാക്കള്‍ എല്ലാ ദിവസവും ചീത്ത ആളുകള്‍ ഒന്നുമായിരിക്കില്ല, പക്ഷെ അവര്‍ എല്ലാ ദിവസവും ഒരു ദേശത്തിന്റെ വര്‍ത്തമാനവും ഭാവിയും അറിയാത്ത ‘ചെറിയ മനുഷ്യര്‍’ ആവുന്നത് ആ ദേശത്തിന്റെ തന്നെ ശാപമാണ്. കേരളം അങ്ങനെയൊരു ദുര്‍ഗതി അനുഭവിക്കുന്ന ഒരു ‘ലോകരാജ്യ’മത്രെ!
അതാണ് പറഞ്ഞത്, എല്ലാതരം പ്രവാസവും അഭയാര്‍ത്ഥിത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ എല്ലാ കുടിയേറ്റങ്ങളും അഭയാര്‍ത്ഥിത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in