വിശുദ്ധപശുവൊന്നുമല്ല പൊതുമേഖല

ഇത് കൃത്യമായ അഴിമതി തന്നെയാണ്. ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തുകയും കാലത്തിനനുസരിച്ച വികസനം കൊണ്ടുവരുകയുമാണ് വേണ്ടത്. അദാനിയും അംബാനിയുമൊക്കെ ചേര്‍ന്ന് രാജ്യം കൈപിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനു ഒത്താശ ചെയ്യലല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനാല്‍ ഈ തീരുമാനം തിരുത്തുകയും അതേസമയം വികസനത്തില്‍ പൊതുമേഖലയുടേയും സ്വകാര്യമേഖലയുടേയും പങ്കിനെ കുറിച്ച് ആരോഗ്യകരമായ സംവാദം ഉര്‍ത്തികൊണ്ടുവരികയുമാണ് ഇപ്പോള്‍ ചേയ്യേണ്ടത്..

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. കൊവിഡിനോടൊപ്പം ജീവിക്കുക എന്ന അവസ്ഥയിലേക്കുതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതു മനസ്സിലാക്കാം. എന്നാല്‍ കൊവിഡിനൊപ്പം മാത്രമല്ല, കൊറോണവൈറസിനേക്കാള്‍ സാമൂഹ്യജീവിതത്തിന് ഭീഷണിയായ അഴിമതി എന്ന വൈറസിനൊപ്പം കൂടി ജീവിക്കേണ്ട അവസ്ഥയിലാണ് നാം. പാവപ്പെട്ടവര്‍ക്കായുള്ള സര്‍ക്കാരിന്റെ ”സ്വപ്ന” പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന അഴിമതികഥകളാണ് അനുദിനം പുറത്തുവരുന്നത്. അവസാനം ഫയലുകള്‍ പരിശോധിക്കാന്‍ തന്നെ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നു. കേന്ദ്രവും വിഷയത്തില്‍ ഇടപെടുന്നതായാണ് സൂചന. അതൊടൊപ്പം തന്നെ സ്വര്‍ണ്ണകടത്തും നയതന്ത്രപരിരക്ഷയുള്ള ബാഗുമൊക്കെ വാര്‍ത്തകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. അഴിമതി സര്‍വ്വലോകപ്രതിഭാസമാണെന്നു പണ്ടൊരു മന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓണക്കിറ്റില്‍ പോലും അഴിമതിയെന്നു വിജിലന്‍സ് പറയുന്നു. ഈ വര്‍ഷത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടും അഴിമതി വാര്‍ത്ത പുറത്തുവന്നു. പി എസ് സി വഴി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ഭരണകക്ഷി നേതാവ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ വാര്‍ത്തയും കണ്ടു. കുട്ടികള്‍ക്കായി സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്ന അരി മറച്ചുവിറ്റതായും വാര്‍ത്ത വന്നു. കൊവഡിനേക്കാള്‍ ഭീകരനാണ് അഴിമതിയെന്നതിന് പോയവാരത്തിലെ ഈ വാര്‍ത്തകളേക്കാള്‍ വലിയ തെളിവു വേണോ? എന്നാല്‍ അഴിമതിക്കൊപ്പം ജീവിക്കാന്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. അതിനാല്‍തന്നെ ശക്തമായി പ്രതികരിക്കാനാണ് ജനാധിപത്യവിശ്വാസികള്‍ തയ്യാറാകേണ്ടത്.

അതിനിടയിലാണ് മറ്റൊരു മെഗാ അഴിമതിയുടെ വാര്‍ത്ത പുറത്തുവന്നത്.. തിരുവനന്തപുരം വിമാനത്താവളം അദാനിക്കേല്‍പ്പിക്കാനുള്ള തീരുമാനം തന്നെയാണ് ഉദ്ദേശിക്കുന്നത്. കേരളസര്‍ക്കാരും മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങളും അതിനെതിരെ രംഗത്തുണ്ട്. സംഭവത്തില്‍ കോടതി കയറാനാണ് കേരളസര്‍ക്കാര്‍ നീക്കം. സത്യത്തില്‍ സര്‍ക്കാരിന് ടെന്‍ഡറില്‍ പങ്കെടുക്കാതിരിക്കാമായിരുന്നു. ടെന്‍ഡറില്‍ പങ്കെടുത്ത് കിട്ടാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിനു ഫലമുണ്ടാകുമോ? എല്ലാ നപടിക്രമവും പാലിച്ചാണ് കൈമാറ്റം എന്നാണ് അവകാശവാദം. എന്നാല്‍ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്താവളം എന്തിനാണ് കൈമാറ്റം ചെയ്യുന്നതെന്ന ചോദ്യം തികച്ചും ന്യായമാണ്. അതുതന്നെ അഴിമതിക്കുള്ള തെളിവാണ്. അതേസമയം വികസനത്തില്‍ വളരെ പുറകിലാണ് ഈ വിമാനത്താവളമെന്നതില്‍ സംശയമൊന്നുമില്ല. അതിന പരിഹാരം കാണേണ്ടത് ആവശ്യമാണ്.

പൊതുമേഖല വിശുദ്ധപശുവും സ്വകാര്യമേഖല തട്ടിപ്പുമാണെന്ന സങ്കല്‍പ്പത്തില്‍ വലിയ കാര്യമൊന്നുമില്ല. അഴിമതിയില്‍ പൊതുമേഖലയും മോശമല്ല. പൊതുമേഖല എത്രമാത്രം അധപതിക്കാമെന്നതിന് ഉദാഹരണമാണല്ലോ കെ എസ് ആര്‍ ടി സി. പൊതുമേഖല അധപതിച്ചാല്‍ സ്വകാര്യമേഖലയേക്കാള്‍ ദയനീയമാകും. അതിന്റെ മുഴുവന്‍ ബാധ്യതയും ജനങ്ങളുടെ തലയിലാകും. പൊതുമേഖല മാത്രമുണ്ടായിരുന്ന രാജ്യങ്ങളിലെ ജീര്‍ണ്ണതയൊക്കെ ലോകം കണ്ടതാണല്ലോ. പൊതുമേഖലയും സ്വകാര്യമേഖലയും തമ്മില്‍ ആരോഗ്യകരമായ മത്സരമാണ് ഉണ്ടാകേണ്ടത്. അതില്‍ കൃത്യമായ മീഡിയേറ്ററായി സര്‍ക്കാര്‍ ഉണ്ടാകുകയും വേണം. കുടിവെള്ള വിതരണം, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യസംസ്‌കരണം തുടങ്ങിയവ പൊതുമേഖലയില്‍ നിലനിര്‍ത്തണം. മറ്റുമേഖലകള്‍ സര്‍ക്കാരിന്റെ എല്ലാ നിയന്ത്രണത്തോടേയും ആരോഗ്യകരമായ മത്സരത്തിനു വിട്ടുകൊടുക്കണം. അപ്പോള്‍ ജനങ്ങള്‍ക്ക് എത്ര ഉപകാരമായിരിക്കും എന്നതിന് മൊബൈല്‍ ഫോണ്‍ മേഖല തെളിവ്. പക്ഷെ നമ്മള്‍ ഈ സുപ്രധാനമേഖലകള്‍ സ്വകാര്യമേഖലക്ക് കൊടുത്തിരിക്കുന്നു. മറുവശത്ത് സര്‍ക്കാര്‍ നഷടത്തിലുള്ള കുറെ വ്യവസായങ്ങളും എന്തിന്, കുറികമ്പനി പോലും നടത്തുന്നു. എത്രയോ പൊതുമേഖലാ സ്ഥാപനങ്ങളാണ് നഷ്ടത്തിലുള്ളത്. കുറെ നേതാക്കള്‍ക്കും ഉദ്യാഗസ്ഥന്മാര്‍ക്കും തിന്നുമുടിക്കാനായാണ് അവ പൊതിമേഖലയില്‍ നിലനിര്‍ത്തുന്നത്. വര്‍ഷങ്ങളായി കോടികളുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന FACT പോലുള്ള വ്യവസായ സ്ഥാപനങ്ങള്‍ വേറെ. ഇതൊന്നുമല്ല ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ജോലി. ഇവയെല്ലാം സംരംഭകര്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കലാണ്. അഡ്മിനിസ്‌ട്രേഷന്‍ കുറ്റമറ്റതാക്കലാണ്. അതിലാകട്ടെ നമ്മള്‍ പരാജയമാണ്.

അതേസമയം ഇതെല്ലാം പറയുമ്പോഴും കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലും സ്വകാര്യ പങ്കാളിത്തമാണ് കൂടുതല്‍ എന്നു മറക്കരുത്. സത്യത്തില്‍ യഥാര്‍ത്ഥ മുതലാളിത്തത്തിന് ചില നൈതികതകളുണ്ട്. ഉണ്ടാകണം. മത്സരം ആരോഗ്യകരമാകുമെന്നതാണ് അതില്‍ പ്രധാനം. സ്വാതന്ത്ര്യാനന്തര ആദ്യകാലത്തൊക്കെ അത് പ്രകടമാണ്. എന്നാലതൊക്കെ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. യാതൊരുവിധ നൈതികതയുമില്ലാതെ അദാനിക്കും അംബാനിക്കും എല്ലാം തീറെഴുതി കൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തില്‍ തന്നെ വിഴിഞ്ഞം തുറമുഖം തീറെഴുതി കൊടുത്തതിനെതിരെ ആര്‍ക്കും കാര്യമായ പ്രതിഷേധമൊന്നുമില്ല. അതുപോലെ പ്രധാനമാണ് സ്വകാര്യമേഖലിയിലും സംവരണം പാലിക്കണമെന്ന നിയമം കൊണ്ടുവരണമെന്നത്. അതും പാലിക്കപ്പെടുന്നില്ല.

തീര്‍ച്ചയായും ഇതൊന്നും ലാഭത്തിലുള്ള വിമാനത്താവളം അദാനിക്കുകൊടുക്കുന്നതിനു ന്യായീകരണമല്ല. ഇത് കൃത്യമായ അഴിമതി തന്നെയാണ്. ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തുകയും കാലത്തിനനുസരിച്ച വികസനം കൊണ്ടുവരുകയുമാണ് വേണ്ടത്. അദാനിയും അംബാനിയുമൊക്കെ ചേര്‍ന്ന് രാജ്യം കൈപിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനു ഒത്താശ ചെയ്യലല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനാല്‍ ഈ തീരുമാനം തിരുത്തുകയും അതേസമയം വികസനത്തില്‍ പൊതുമേഖലയുടേയും സ്വകാര്യമേഖലയുടേയും പങ്കിനെ കുറിച്ച് ആരോഗ്യകരമായ സംവാദം ഉര്‍ത്തികൊണ്ടുവരികയുമാണ് ഇപ്പോള്‍ ചേയ്യേണ്ടത്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply