എയിംസ് സ്ഥാപിക്കേണ്ടത് കാസര്‍ഗോഡ് തന്നെ
ഏറെ കാലമായി കേള്‍ക്കുന്നതാണ് കേരളത്തില്‍ എയിംസ് വരുന്നു എന്ന്. എന്നാലത് സംഭവിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ സ്ഥമെടുത്തു കൊടുുക്കാത്തതാണ് പ്രശ്‌നമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. കോഴിക്കോട് സ്ഥലം ലഭ്യമാണെന്നും അവിടെ സ്ഥാപിക്കണമെന്നും എം കെ രാഘവന്‍ എം പിയും പറയുന്നു. എന്നാല്‍ എയിംസ് സ്ഥാപിക്കേണ്ടത് കാസര്‍ഗോഡാണ്. Repost…….
ഏറെ കാലമായി കേരളം ആവശ്യപ്പെടുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരമായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി കെ മുരളീധരന്‍ എംപിക്ക് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയെത്തി അന്തിമപരിശോധന നടത്തി സ്ഥലം സംബന്ധിച്ച് തീരുമാനം സ്വീകരിക്കും. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എംപി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. അതിനായി അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന് വ്യക്തമാക്കി കേന്ദ്രം കേരളത്തിന് കത്ത് നല്‍കിയിരുന്നു. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നാണ് വിവരം.
അതേസമയം എയിംസ് കാസര്‍ഗോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുകയാണ്. ഈ ആവശ്യമുന്നയിച്ചു നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം കഴിഞ്ഞ ദിവസം 101-ാം ദിവസത്തേക്ക് പ്രവേശിച്ചപ്പോള്‍ 101 സ്ത്രീകള്‍ ഉപവാസം നടത്തി. സമരത്തില്‍ നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകളും പങ്കെടുത്തു. കഴിഞ്ഞ നാലുമാസത്തിനിടിയല്‍ അഞ്ച് കുട്ടികളാണ് എന്‍ഡോസള്‍ഫാന്‍ സമ്മാനിച്ച വേദനകള്‍ക്ക് വിരാമമിട്ട് മരണം വരിച്ചത് എന്നതുകൂടി ഇതുമായി ബന്ധപ്പെട്ട് കൂട്ടിവായിക്കണം. ഏറെ കാലമായ നിര്‍ജ്ജീവമായിരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ അടുത്തിടെ പുനഃസംഘടിച്ചെങ്കിലും ജില്ലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേരത്തേ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോഴത് നല്‍കുന്നില്ലെന്നാണ് പരാതി. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒ.പി വിഭാഗത്തില്‍ ന്യൂറോളജിസ്റ്റുകളെ നിയമിച്ചെങ്കിലും സ്‌കാനിങ് ഉള്‍പ്പെടെ ചികിത്സ ഉപകരണങ്ങളോ സംവിധാനങ്ങളോ ഇവിടെയില്ല. ദുരിതബാധിതര്‍ക്കുള്ള അഞ്ചു ലക്ഷം ധനസഹായം മൂന്നാഴ്ചക്കുള്ളില്‍ നല്‍കണമെന്ന സുപ്രിം കോടതി വിധി നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ഇരകളിപ്പോള്‍.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇത്തരമൊരു സാഹചര്യത്തിലാണ് എയിംസ് സ്ഥാപിക്കേണ്ടത് കാസര്‍ഗോഡാകണമെന്ന ആവശ്യത്തിനു പ്രസക്തിയേറുന്നത്. കേരളത്തിന്റെ ഒരറ്റത്തുള്ള ജില്ലയായതിനാല്‍ അതു ഗുണകരമാകില്ല എന്ന അഭിപ്രായത്തിനൊന്നും ഒരര്‍ത്ഥവുമില്ല. എങ്കില്‍ സെക്രട്ടറിയേറ്റു മുതല്‍ ആര്‍ സി സി വരെയുളള സ്ഥാപനങ്ങള്‍ തിരുവനന്തപുരത്താകാന്‍ പാടില്ലല്ലോ. അതിന്റെ പേരില്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കുമെന്നാണല്ലോ പറയുന്നത് ആ സില്‍വര്‍ലൈനില്‍ കയറി തെക്കുനിന്നുള്ളവര്‍ക്ക് എയിംസില്‍ എത്താമല്ലോ. ഐ ഐ ടി പിന്നോക്കജില്ലയായ പാലക്കാട് സ്ഥാപിച്ച മാതൃകയാണ് ഇക്കാര്യത്തിലും പിന്തുടരേണ്ടത്. കേന്ദ്ര സര്‍വ്വകലാശാല കാസര്‍ഗോഡ് സ്ഥാപിച്ചതും ഉചിതമായി തീരുമാനമായിരുന്നു.
ചന്ദ്രഗിരി പുഴയ്ക്കപ്പുറം വിദ്യാഭ്യാസത്തിനും, ജോലിക്കും, വ്യാവസായികാവശ്യങ്ങള്‍ക്കുമെല്ലാമെന്നപോലെ ചികിത്സക്കും മിക്കവരും ആശ്രയിക്കുന്നത് ഇപ്പോള്‍ മംഗലാപുരത്തെയാണ് നാല്പതിലധികം മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രികളും ഏഴ് മെഡിക്കല്‍ കോളേജുകളും മംഗലാപുരത്തുണ്ട്. അവിടെയത്തുന്നവരില്‍ വലിയൊരു ഭാഗം കാസര്‍ഗോഡുകാരാണ്. ഇവിടെ എയിംസോ മറ്റേതെങ്കിലും ഉന്നത നിലവാരമുള്ള ആശുപത്രികളോ വരുന്നത് തടയുന്നത് അവയുടെ ലോബിയാണെന്ന ആരോപണവും നിലവിലുണ്ട്. മെഡിക്കല്‍ കോളേജ് വികസനം ഇഴയുന്നതിനും കാരണം അതാകാം. കോവിഡിന്റെ ആദ്യകാലത്ത് കര്‍ണ്ണാടക അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ 24 ഓളം പേരാണ് മറ്റുരോഗങ്ങള്‍ വന്ന് ചികിത്സ കിട്ടാതെ മരിച്ചതെന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്. ആരോഗ്യത്തില്‍ ലോകനിലവാരമെന്നവകാശപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഇത് നടന്നത്. ലോകതലത്തില്‍ ആയിരം രോഗികള്‍ക്ക് ഒരു ഡോക്ടറെന്ന ആനുപാതമായിരിക്കെ കേരളത്തിലത് 600 പേര്‍ക്ക് ഒരു ഡോക്ടറാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ കാസര്‍ഗോഡ് 1600 പേര്‍ക്കാണത്രെ ഒരു ഡോക്ടറുള്ളത്.
ആരോഗ്യരംഗത്തെ ഈ പിന്നോക്കാവസ്ഥക്കു പുറമെയാണ് എന്‍ഡോസള്‍ഫാന്‍ ഏല്‍പ്പിച്ച ദുരിതങ്ങള്‍. കാല്‍ നൂറ്റാണ്ടുകാലം നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഉണ്ടാക്കിയ ദുരന്തങ്ങള്‍ തുടരുകയാണ്. 2000 ല്‍ നിരോധിച്ചിട്ടും ഇപ്പോഴും കുട്ടികള്‍ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട്. വര്‍ഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടു പോകുന്നു. ഇനിയും തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാന്‍ ഗവേഷണവും പഠനവും നടത്താവുന്ന മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനം അനിവാര്യമാണ്. അവിടെയാണ് എയിംസ് പ്രസക്തമാകുന്നത്. 2014 ല്‍ തന്നെ ജില്ലയിലെ എം.എല്‍.എമാര്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതാണ്. തുടര്‍ന്ന് പലതവണ പ്രക്ഷോഭങ്ങള്‍ നടന്നു. മറ്റൊരു ജില്ലയും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടില്ല എന്നുമോര്‍ക്കണം.
ആരോഗ്യമേഖല മാത്രമല്ല, ഏതു മേഖലയെടുത്താലും ഏറ്റവുമധികം അവഗണന നേരിടുന്ന ജില്ലയാണ് കാസര്‍േഗാഡ് എന്നത് പകല്‍പോലെ വ്യക്തമാണ്. വടക്കെ അറ്റത്തായതിനാലാകണം അവിടത്തെ പ്രശ്നങ്ങളൊന്നും തെക്ക് തലസ്ഥാനത്തെത്തുന്നില്ല. എത്തിയാലും ഒരു കാര്യവുമില്ല. ഇപ്പോള്‍ സില്‍വര്‍ ലൈനിനെ കുറിച്ച് വാചാലരാകുന്നവര്‍ മറച്ചുവെക്കുന്നത് കേരളത്തിലോടുന്ന എത്രയോ ട്രെയിനുകളാണ് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നതെന്നാണ്. പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കുമാകട്ടെ കാസര്‍ഗോട് സ്റ്റോപ്പുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടികളുടെ പ്രചരണജാഥകള്‍ ആരംഭിക്കുന്നതിന്റേ പേരിലാണ് കാസര്‍ഗോഡ് ജില്ല മാധ്യമങ്ങളില്‍ പോലും പ്രത്യക്ഷപ്പെടുക. പിന്നെഎന്‍ഡോസള്‍ഫാന്റെ പേരിലും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാഭ്യാസമേഖലയിലായാലും അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിലായാലും തൊഴില്‍ മേഖലയിലായാലും അവഗണനയോടൊപ്പം പരിഹാസം നേരിടുന്ന സമൂഹമാണ് തങ്ങളുടേതെന്ന് കാസര്‍ഗോട്ടുകാര്‍ പറയുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നവരാണ്. അവരില്‍ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? ഒരറ്റത്തു കിടക്കുന്നു എന്നതുകൊണ്ട് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള കാരണമാകുന്നതിന്റെ അര്‍ത്ഥവും ഇവര്‍ക്കു മനസ്സിലാകുന്നില്ല. വിദ്യാഭ്യാസമേഖലയിലെ കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ മനസിലാക്കണെമെങ്കില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയി നോക്കിയാല്‍ മതി. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും തെക്കന്‍ ജില്ലക്കാരായിരിക്കും. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും ഇവിടെ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. തരം കിട്ടിയാല്‍ ട്രാന്‍സ്ഫര്‍ വാങ്ങി സ്ഥലം വിടുക മാത്രമാണ് അവരുടെ ലക്ഷ്യം. തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേര്‍ ഓഫീസിലുണ്ടാവില്ല. മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരില്‍ കാസര്‍ഗോടുകാര്‍ പലപ്പോഴും ഉദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്‌നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരില്‍ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സര്‍ക്കാര്‍ ആഫീസുകളില്‍ പോകുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വലിയ പാടാണെന്നു അവര്‍ പറയുന്നു. അവരെയൊന്നും തുല്ല്യതയോടെ കാണാന്‍ പോലും നമുക്കാവുന്നില്ല എന്നതാണ് വാസ്തവം. ഭാഷാ ന്യൂനപക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടുപോലും ഇതാണവസ്ഥ. കാര്‍ഷിക, വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മേഖലകളിലെല്ലാം കടുത്ത അവഗണന തന്നെയാണ് ഇവിടത്തുകാര്‍ നേരിടുന്നത്. പാലക്കാട് അതിര്‍ത്തി പ്രദേശത്തുള്ളവര്‍ മിക്ക കാര്യങ്ങള്‍ക്കും കോയമ്പത്തൂരിനെ ആശ്രയിക്കുന്നപോലെ ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ കാസര്‍ഗോഡിനോട് നീതി പുലര്‍ത്താന്‍ സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന അവസരമാണിത്. സാമാന്യം ഭേദപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ള ജില്ലകളെയാണ് കേരളം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് അറിവ്. പരിഗണനാ ലിസ്റ്റില്‍ പോലും കാസര്‍ഗോഡിനെ ഉള്‍പ്പെടുത്തിയിട്ടുല്ലത്രെ. ആ തെറ്റു തിരുത്താന്‍ ഉടനെ സര്‍ക്കാര്‍ തയ്യാറാകണം. പരിഗണനാ ലിസ്റ്റില്‍ ആദ്യത്തേതായി കാസര്‍ഗോഡിനെ ഉള്‍പ്പെടുത്തണം. അതിനായി ശക്തമായി കേന്ദ്രത്തോട് വാദിക്കണം. ദശകങ്ങളായി എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളടക്കം പേറുന്ന അവിടുത്തെ ജനതയോടുള്ള പ്രായശ്ചിത്തമായെങ്കിലും ഈ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നുതന്നെ കരുതാം. അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കുമൊപ്പമാണ് തങ്ങളെന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in