കര്‍ഷകര്‍ അതിജീവനത്തിന്റെ പുതിയ വഴി തെരഞ്ഞെടുക്കേണ്ടി വരും.
2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ഒന്നരമടങ്ങ് സൂത്രവാക്യത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത നരേന്ദ്രമോദി തന്റെ ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി അടുത്ത സര്‍ക്കാരിന്റെ അധികാരം ഇത്രകാലവും കൈകാര്യം ചെയ്തിട്ടും ആ ഒന്നരമടങ്ങ് സൂത്രവാക്യത്തില്‍ താങ്ങുവില പ്രഖ്യാപിക്കുമെന്ന കേവലമായ വാഗ്ദാനം മാത്രമാണ് വച്ചുനീട്ടുന്നത്. അക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശ്വാസ്യത ഒട്ടുമില്ലായെന്ന് പറയാം. എന്നാല്‍ വാഗ്ദാനമായി മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലം മുതല്‍ വച്ചുനീട്ടുന്ന ആ ഒന്നരമടങ്ങ് താങ്ങുവില ചുമടെടുക്കുന്ന കഴുതയെ നടത്താന്‍ കഴുതയ്ക്ക് മുന്നില്‍ വച്ചുകെട്ടുന്ന ചപ്പിനെക്കാള്‍ താഴുന്ന തരമാണെന്ന് പറയാതെയിരിക്കാനാവില്ല.
മൂന്നു പുതിയ നിയമങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ കൊറോണ വൈറസ് രോഗത്തിന്റെ പകര്‍ച്ചവ്യാധിയും അതിനോട് അനുബന്ധിച്ച അടച്ചുപൂട്ടലും നടക്കുന്നതിനിടയില്‍ വളരെ വലിയ ഒരു അത്യാവശ്യം എന്ന പോലെ കാര്‍ഷികമേഖലയെ സംബന്ധിച്ച് മൂന്നു ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. പിന്നീട് അതേ ഓര്‍ഡിനന്‍സുകള്‍ പ്രേതഭൂമിപോലെ കിടന്നിരുന്ന പാര്‍ലമെന്റ് വളരെ ഹ്രസ്വകാലത്തേയ്ക്ക് അത്യാവശ്യമായി കൂട്ടി അവിടെ അവതരിപ്പിച്ചു. ലോക്‌സഭ ബി.ജെ.പി, യ്ക്ക് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ കാര്യമായ ചര്‍ച്ചകള്‍ ഒന്നുമില്ലാതെ വളരെ എളുപ്പത്തില്‍ അത് 2020 സെപ്റ്റംബര്‍ 20-ന് പാസ്സാക്കി. രാജ്യസഭയില്‍ ആ ബില്ലുകളെ അനുകൂലിക്കുന്നവര്‍ക്ക് കക്ഷികളുടെ അംഗബലമനുസരിച്ച് ഭൂരിപക്ഷം ലഭിക്കരുതാത്തതാണ്. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും രാജ്യസഭയുടെ ഉപാധ്യക്ഷന്‍ പാര്‍ലമെന്ററി സംവിധാനത്തെ പോലും അട്ടിമറിച്ചുകൊണ്ട് ശബ്ദ വോട്ടെടുപ്പ് എന്നു പറഞ്ഞ് ഭൂരപക്ഷത്തെ മറി കടന്ന് ആ മൂന്നു ബില്ലുകളും പാസ്സായതായി പ്രഖ്യാപിച്ചു. അത് ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുന്നു.രാഷ്ട്രപതി ഒപ്പുവച്ച് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്താല്‍ അവ നിയമങ്ങളായി.
രാജ്യത്തെ അടച്ചുപൂട്ടിയും നിശബ്ദമാക്കിയും ആ മൂന്ന് നിയമങ്ങളുടെയും പാര്‍ലമെന്റിലെ ഭൂരിപക്ഷ തീരുമാനം എന്ന അടിസ്ഥാന തത്വത്തെ അട്ടിമറിച്ചും ആ മൂന്നു നിയമങ്ങളുടെയും നിര്‍മ്മാണത്തില്‍ അനുവര്‍ത്തിച്ച ജനാധിപത്യവിരുദ്ധത മാത്രമല്ല കണക്കിലെടുക്കേണ്ടത്. സര്‍ക്കാരിന്റെ മറച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷിപ്ത താല്പര്യം ആ നടപടിയില്‍ പ്രകടമാണ്. അതുപോലെ സംസ്ഥാനങ്ങളുടെ നിലപാടുകള്‍ പരിശോധിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യാതെ ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയില്‍പ്പെട്ട കാര്‍ഷിക രംഗത്ത് ഏകപക്ഷീയമായി നിയമങ്ങള്‍ പാസാക്കിയത് ഫെഡറല്‍ ലംഘനവുമാണ്. എന്നാല്‍ മേല്‍പറഞ്ഞ കാരണങ്ങളെക്കാള്‍ കൃഷിക്കാരും രാജ്യ താല്പര്യമുള്ളവരും കണക്കിലെടുക്കേണ്ടത് കര്‍ഷകര്‍ ഒരു വിഭാഗമെന്ന നിലയില്‍ തുടച്ച് നീക്കപ്പെടുന്ന പ്രക്രിയ ഇവിടെ മുന്‍പേ തന്നെ ആരംഭമിട്ടിരിക്കുന്ന സംഗതിയാണ്. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുന്ന സര്‍ക്കാര്‍, കമ്പോള സംവിധാനങ്ങളും ഇറക്കുമതിയും കൃഷിഭൂമിയില്‍ നിന്ന് നേരിട്ടുള്ള വ്യാപകമായ കുടിയൊഴിപ്പിക്കലും അവിരാമം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് ഒരു വിഭാഗമെന്ന നിലയില്‍ കര്‍ഷകരുടെ അന്ത്യം കുറിക്കും. പുതിയ നിയമങ്ങള്‍ ആ പ്രക്രിയയ്ക്ക് ആക്കം കൂട്ടാനും അതിന്റെ പര്യവസാനഘട്ടത്തില്‍ ആവശ്യമായ നിയമവ്യവസ്ഥകള്‍ സ്ഥാപിക്കാനും വേണ്ടിയുള്ളതാണ്. അതാണ് സഗൗരവം പരിശോധിക്കേണ്ടത്. എന്നിരുന്നാലും പുതിയ നിയമങ്ങളെക്കുറിച്ച് നിരന്തരമായി നുണ പ്രചാരണങ്ങള്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനമൊട്ടാകെയും നടത്തി വരുന്ന സാഹചര്യത്തില്‍ ആ നിയമങ്ങളെകൂടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
കര്‍ഷക ശാക്തീകരണത്തിനും വിലസംരക്ഷണ ഉറപ്പിനും കാര്‍ഷിക സേവനത്തിനും നിയമം 2020, കര്‍ഷക ഉല്‍പ്പന്ന വ്യാപാരത്തിനും വ്യാപാര പ്രമോഷനും ഫെസിലിറ്റേഷനും നിയമം 2020, അവശ്യവസ്തു ഭേദഗതി നിയമം 2020 എന്നിവയാണ് ആ നിയമങ്ങള്‍. സര്‍ക്കാര്‍ അടിയന്തിരമായ ആവശ്യമെന്ന നിലയില്‍ പാസ്സാക്കിയതിനു പുറമെ തൊഴില്‍ രംഗത്തെ നിയമങ്ങളുടെ ഭേദഗതി ഉള്‍പ്പെടെ വേറെയും നിയമങ്ങള്‍ പാസ്സാക്കി. ആകെ 8 നിയമങ്ങള്‍ ആണ് ഇപ്രകാരം പുതിയതായി രാജ്യത്ത് കൊണ്ടുവന്നിരിക്കുന്നത്.
കര്‍ഷകരെ വളരെ ദോഷകരമായി ബാധിക്കുന്നവ എന്ന നിലയില്‍ ബി.ജെ.പി.യുടെ മുന്നണിയായ എന്‍.ഡി.എ. യിലെ പ്രധാനഘടക കക്ഷികളില്‍ ഒന്നായ അകാലിദളം ആദ്യം കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പിന്നീട് ബി.ജെ.പി. മുന്നണിയില്‍ നിന്നും പിന്മാറുവാന്‍
നിര്‍ബന്ധിതമായി. ആര്‍.എസ്.എസ്.ഉം ആയി ബന്ധപ്പെട്ട ചില കര്‍ഷക സംഘടനകളും പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധരംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളും സമരത്തിലാണ്. നൂറിലധികം കര്‍ഷക സംഘടനകളുടെ ഏകോപന വേദിയായ രാഷ്ട്രീയകിസാന്‍ സമന്വയസമിതിയും (ആര്‍.കെ.എസ്.എസ്.) ശക്തമായ പ്രക്ഷോഭണത്തിലാണ്. അവയെല്ലാം സൂചിപ്പിക്കുന്നത് ഭരണത്തില്‍ കസേരയിലുള്ളവരൊഴികെ രാജ്യം മുഴുവന്‍ ആ പുതിയ നിയമങ്ങളെ എതിര്‍ക്കുന്നു എന്നാണ്. എന്നാല്‍ ജനങ്ങളുടെ പ്രത്യേകിച്ച് കര്‍ഷകരുടെ ശക്തമായ എതിര്‍പ്പുകളെ മാനിക്കാതെയാണ് നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ എതിര്‍പ്പുകളെ ഒട്ടും മാനിക്കാതെ ഒരു ഭേദഗതി പോലും അനുവദിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടു പോകുവാന്‍ എന്താണ് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് എന്ന ചോദ്യം സാധാരണക്കാരുടെ മനസ്സിലുണ്ട്.
മറുവശത്ത് സര്‍ക്കാര്‍ വലിയ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും നിരന്തരമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വലിയ ഗുണങ്ങള്‍ ചെയ്യുമെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ കണ്ണു തുറന്ന് നോക്കുന്നവര്‍ക്ക് ആ നിയമങ്ങളുടെ പ്രത്യക്ഷമായ വ്യവസ്ഥകള്‍ തന്നെ സംഗതികളെ മനസ്സിലാക്കി കൊടുക്കും. എന്നാല്‍ അവ അത്രയേറെ പ്രകടമായി മനസ്സിലാക്കാന്‍ കഴിയുന്നതാണെന്ന് പറയാനും വയ്യ. ആകെ മൊത്തമുള്ള രാജ്യത്തേയും കാര്‍ഷികരംഗത്തേയും സ്ഥിതിഗതികള്‍ കാണുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസവുമില്ല. നിയമങ്ങള്‍ ഓരോന്നിന്റേയും ഉദ്ദേശ്യവും പ്രത്യാഘാതങ്ങളും പരിശോധിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സഹായിക്കും.
പുതിയ കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശ്യവും പ്രത്യാഘാതങ്ങളും
കര്‍ഷകരുടെ ശാക്തീകരണത്തിനെന്നും വില സംരക്ഷണം ഉറപ്പുവരുത്താനും എന്ന പേരില്‍ കൊണ്ടുവന്ന നിയമമാണ് പുതിയ കാര്‍ഷിക നിയമങ്ങളുടെയെല്ലാം ആണിക്കല്ലായ നിയമം. അത് കരാര്‍ കൃഷി എന്ന കോര്‍പ്പറേറ്റ് കൃഷിയെ സ്ഥാപിച്ചെടുക്കുന്നതിനും കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയില്‍ കോര്‍പ്പറേറ്റുകളുടെ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള ഒരു കരിനിയമമാണ്. മനുഷ്യഉപഭോഗത്തിനുള്ള ഏതുതരം ഭക്ഷ്യവസ്തുക്കളും എല്ലാത്തരം ധാന്യങ്ങള്‍, കടല, പയറുവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യഎണ്ണക്കുരു, എണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, അണ്ടിവര്‍ഗ്ഗ ങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കരിമ്പ് എന്നിവയും കൂടാതെ, കോഴി, പന്നി, ആട്, മത്സ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയും അവയുടെ പ്രകൃതിദത്തമായ രൂപത്തിലോ സംസ്‌ക്കരിച്ച രൂപത്തിലോ ഉള്ളതെല്ലാം പുതിയ നിയമപ്രകാരം കാര്‍ഷികോത്പ്പന്നങ്ങളാണ്. എണ്ണപ്പിണ്ണാക്ക്, മറ്റ് രൂപത്തിലുള്ള കോണ്‍സണ്‍ട്രേറ്റുകള്‍ എന്നിവയെല്ലാം കാലിത്തീറ്റ യായും പരുത്തി, പരുവപ്പെടുത്തിയ പരുത്തി, പരുത്തിക്കുരു, ചണം എന്നിവയും കാര്‍ഷികോത്പ്പന്നങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചു പറയുമ്പോള്‍ അതില്‍ റബ്ബര്‍ മാത്രമാണ് ഉള്‍പ്പെടാതെ വരുന്നത്. അത് ഇപ്പോള്‍ത്തന്നെ വന്‍കിട വ്യവസായത്തിനുള്ള ഒരു വാണിജ്യോത്പ്പന്നം ആണല്ലോ.
ആ നിയമത്തിലെ ഒരു വ്യക്തി എന്നാല്‍ ഒരു മനുഷ്യവ്യക്തി, പങ്കേര്‍പ്പാട് സംരംഭം, കമ്പനി, സഹകരണസംഘം തുടങ്ങിയവയെല്ലാം. വാണിജ്യപ്രദേശം എന്നാല്‍ കൃഷിയിടത്തിന്റെ പടിവാതില്‍ , ഫാക്ടറി വളപ്പ്, വെയര്‍ഹൗസസ്, ഓള്‍ഡ് സ്റ്റേറേജ് മറ്റേതെങ്കിലും സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് പ്രദേശവും അല്ലെങ്കില്‍ ലൊക്കേഷന്‍, ഉല്പാദനസ്ഥലം എന്നിവയെല്ലാം വാണിജ്യ പ്രദേശമാണ്. എന്നാല്‍ എ.പി.എം.സി. അഥവാ അഗ്രികള്‍ച്ചര്‍, പ്രൊഡ്യൂസസ് മാര്‍ക്കറ്റിംഗ് കമ്മറ്റി നിര്‍ണ്ണയിച്ചിരിക്കുന്ന ഏതെങ്കിലും സ്ഥലമോ ഇടങ്ങളോ വാണിജ്യ പ്രദേശമായി കണക്കാക്കുന്നില്ല. ആ നിയമത്തിലെ ആറാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന സ്‌പോണ്‍സര്‍ എന്ന പുതിയ തരം ഒരു വ്യക്തി കമ്പനികളാണ്. സ്‌പോണ്‍സറാണ് കാര്‍ഷികോത്‌ലപന്നങ്ങളുടെ വിളവെടുപ്പിലെ വിലയുള്‍പ്പെടെ തീരുമാനിച്ച് കര്‍ഷകരുടെ കൃഷിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. അവിടെ കൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും വിലയും ഗുണമേ•യും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കരാറുടമ്പടിയില്‍ വ്യവസ്ഥ ചെയ്യുന്നതിനാല്‍ കര്‍ഷകരുടെ സ്വാതന്ത്ര്യവും അധികാരവും അവിടെ അവസാനിക്കുന്നു.
കര്‍ഷകനുമായി ഇടപാടുകള്‍ നടത്തുന്ന ഓരോ വ്യാപാരിയും/ സ്‌പോണ്‍സര്‍ വ്യാപാരദിവസം അല്ലെങ്കില്‍ രസീതില്‍ സൂചിപ്പിച്ചിരിക്കുന്ന 30 ദിവസത്തിനുള്ളിലെ ഏതെങ്കിലും ദിവസം പ്രതിഫലം നല്‍കിയിരി ക്കണം. കൃഷി ചെയ്യുന്നയാളും വ്യാപാരിയും/ സ്‌പോണ്‍സര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രാജ്യത്തെ യാതൊരു കോടതിയിലും ഉന്നയിക്കുന്നതിനോ കേസ് ബോധിപ്പിക്കുന്നതിനോ അവകാശമുണ്ടായിരിക്കുന്നതല്ല. പരസ്പരം സമ്മതിക്കുന്ന അനുരഞ്ജന സംവിധാനത്തിലോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയി•േല്‍ മജിസ്‌ട്രേറ്റ് ഉണ്ടാക്കുന്ന അനുരഞ്ജന ബോര്‍ഡിനോ മാത്രമേ അത്തരം തര്‍ക്കങ്ങള്‍ പരിഗണിക്കാനാവൂ. സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് നിയമിക്കുന്ന അനുരഞ്ജന സമിതിയില്‍ രണ്ടില്‍ കുറയാത്തതും എന്നാല്‍ നാലില്‍ കൂടാത്തതുമായ അംഗങ്ങളുമാ യിരിക്കണം. മേല്‍ പറഞ്ഞ തര്‍ക്കങ്ങള്‍ സമ്മറി വിചാരണയില്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്തിരിക്കണം. ഏതെങ്കിലും കക്ഷിയ്ക്ക് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിന്റെ അധികാരത്തില്‍ വന്ന തീരുമാനത്തില്‍ കളക്ടര്‍ അല്ലെങ്കില്‍ കളക്ടര്‍ നിയമിക്കുന്ന അഡീഷണല്‍ കളക്ടര്‍ മുന്‍പാകെ 30 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാവുന്നതുമാണ്.
മേല്‍പറഞ്ഞ വ്യവസ്ഥകളെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കൃഷി ചെയ്യിപ്പിക്കു ന്നതിനു വേണ്ടിയുള്ള കരാര്‍ കൃഷിയുടെ വ്യവസ്ഥകളാണ്. കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഉറപ്പു വരുത്തുന്നതാണെന്ന് തോന്നിപ്പിക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തീരുമാനിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയാണ്. തുടക്കം മുതല്‍ കമ്പോളം കര്‍ഷകരോട് നീതി കാണിച്ചിട്ടില്ല. കമ്പോളത്തിലെ വലിയ ശക്തികള്‍ വില നിര്‍ണ്ണയിക്കും. വിലയിടി ക്കാനും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍ വ്യാപാരികള്‍ക്ക് വില്‍പ്പന നടത്തിക്കഴിഞ്ഞ സീസണുകളില്‍ കൃത്രിമമായി വിലയിടി ക്കാനും കമ്പോളത്തിലെ വന്‍ശക്തികള്‍ക്ക് ഇന്നലെയും ഇന്നും കഴിയുന്നുണ്ട്. വന്‍ ശക്തികള്‍ നിയന്ത്രിക്കുന്ന കമ്പോളത്തിനാണ് വില നിര്‍ണ്ണയിക്കാനുള്ള അധികാരമെങ്കില്‍ എന്നും അവര്‍ അങ്ങനെ തന്നെ ചെയ്യും. അപ്രകാരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോള ത്തിലെ വലിയ ശക്തികള്‍ കര്‍ഷകരുടെ വിളവെടുപ്പു കാലങ്ങളില്‍ അങ്ങേയറ്റം വിലയിടിക്കുന്ന പതിവും ഭക്ഷ്യ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് സംഭരിക്കുന്നതും എന്നാണ് വയ്പ്.
സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഉറപ്പുവരുത്തുന്നതില്‍ നിന്നും പി•ാറുമ്പോള്‍ കര്‍ഷകര്‍ വലിയ കമ്പോളശക്തികളുടെ പറഞ്ഞറിയിക്കാനാവാത്ത ചൂഷണത്തിന് വിധേയമാകും. ഒരു പ്രധാന വ്യത്യാസം പുതിയ നിയമത്തില്‍ വരുന്നത് ആണ് മനസിലാക്കേണ്ടത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ അതിന്റെ പരിധിയില്‍ വരുന്ന കമ്പനികളുമായി കരാറിലേര്‍പ്പെട്ട കൃഷിക്കാര്‍ക്ക് വിലയിടിഞ്ഞതിന്റെ പേരില്‍ മുറവിളി കൂട്ടാനാവില്ല. കാരണം ഓരോ കര്‍ഷകനും തന്റെ വിളയുടെ വില ഉഭയ സമ്മതപ്രകാരം നിശ്ചയിച്ച് കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരി ക്കുകയാണ്. അതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യുവാനില്ല.
ആരംഭത്തില്‍, കര്‍ഷകര്‍ക്ക് കരാര്‍കൃഷിയ്ക്ക് തുനിയുമ്പോള്‍ ന്യായമെന്ന് തോന്നുന്ന ഒരു വില പരസ്പരം സമ്മതിച്ച് കരാര്‍ വയ്ക്കും. കര്‍ഷകര്‍ കരുതും തങ്ങള്‍ക്ക് കരാര്‍ വയ്ക്കുന്നതിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുവാന്‍ ശേഷിയുണ്ടെന്ന്. വലിയ സാമ്പത്തിക ശക്തികളുടെ മുന്നില്‍ കര്‍ഷകര്‍ ഒന്നുമല്ലാതായി തീരുന്നു. എന്നാല്‍ കരാര്‍ കൃഷി വ്യാപകമാകുമ്പോള്‍ കരാര്‍ കൃഷിയിലേര്‍ പ്പെടാത്ത കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ല. കാരണം അവരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവില കൊടുത്തു വാങ്ങുവാന്‍ ആളുകള്‍ തീരെ ഇല്ലായിരിക്കും. കരാര്‍ കൃഷി ചെയ്യുന്ന വലിയ കമ്പനികളുടെ കൃഷിക്കാരില്‍ നിന്നും വ്യാപകമായി കാര്‍ഷികോല്‍പ്പ ന്നങ്ങള്‍ സംഭരിക്കുന്ന കമ്പനികള്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌ക്കരണ സംരംഭങ്ങള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ള വില്‍പ്പനയുടെ ശൃംഖലയും അവര്‍ തയ്യാറാക്കിയിരിക്കും. കാര്‍ഷികരംഗത്തെ ഉല്‍പ്പാദനം, ഉല്‍പ്പന്നങ്ങളുടെ ചില്ലറ, മൊത്ത വ്യാപാരം എന്നിവ കമ്പനികളുടെ കുത്തകയിലാകുന്നതാണ് വരിക.
അമേരിക്കയില്‍ വളരെ മുമ്പേ വന്ന കരാര്‍കൃഷി വ്യവസ്ഥയനുസരിച്ച് അവിടുത്തെ ചെറുകിട കൃഷിക്കാരെല്ലാം ഏതെങ്കിലും കമ്പനികളുടെ കൃഷിക്കാരായി മാറി. മൊണ്‍സാന്തോ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കരാര്‍കൃഷിക്കാര്‍ മാത്രമാണ് അവര്‍. ഓസ്‌ട്രേലിയയില്‍ ആണെങ്കില്‍ കേവലം രണ്ട് കമ്പനികള്‍ മാത്രമേ പഴം, പച്ചക്കറി തുടങ്ങിയ എല്ലാ കാര്‍ഷികോല്‍പ്പാദനത്തിലും ഉള്ളൂ. ഓസ്‌ട്രേലിയയിലെയും അമേരിക്കയിലേയും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കാര്‍ഷികരംഗത്ത് ഉള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്ന് പ്രകൃതി വിഭവങ്ങളും ഇതര സമ്പത്തും ഒഴുകിയെത്തുന്ന അമേരിക്കയില്‍ മറ്റു മേഖലകളില്‍ ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുവാന്‍ സാധിക്കും. അമേരിക്കയിലെ 2 മുതല്‍ 3 % വരെ ആളുകള്‍ മാത്രമാണ് കാര്‍ഷികരംഗത്തുള്ളത്. അതും ഹെലികോപ്റ്ററുകളും രാക്ഷസയന്ത്രങ്ങളും ഉപയോഗിച്ചുള്ള ആയിരക്കണക്കിനും ലക്ഷക്കണക്കിനും ഏക്കറുകള്‍ വിസ്തൃതിയുള്ള വലിയ കൃഷിയിടങ്ങളാണ്. നമ്മുടെ സാഹചര്യത്തില്‍ അത്തരം കൃഷി ഒട്ടും അനുയോജ്യമല്ലാ ത്തതാണ്. കാര്‍ഷിക ഭൂമിയുടെ പരിധി നിശ്ചയിക്കുന്ന നിയമങ്ങളില്‍ നിന്ന് നമ്മുടെ രാജ്യത്തെ തോട്ടം മേഖലയെ തുടക്കം മുതല്‍ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും ഏക്കറുകളാണ് വലിയ കമ്പനികള്‍ തോട്ടം മേഖലയില്‍ കൈവശം വച്ചിരിക്കുന്നത്. അവയൊക്കെത്തന്നെ കൃഷിക്കാര്‍ക്ക് പ്രത്യേകിച്ച് കാര്‍ഷികവൃത്തിയില്‍ താല്‍പ്പര്യമുള്ള ആദിവാസികള്‍, ദലിതര്‍ മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍, മറ്റുപാവപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് തോട്ടങ്ങള്‍ക്കും പരിധി ഏര്‍പ്പെടുത്തി പുന:ര്‍വിതരണം ചെയ്യേണ്ടതാണ്. കമ്യൂനിസ്റ്റു കള്‍ ദീര്‍ഘകാലം ഭരിച്ച പ.ബംഗാള്‍, കേരളം എന്നീ സംസ്ഥാന ങ്ങളിലും ഭൂപരിധി നിയമം ബാധകമാകാതെ കമ്പനികള്‍ ലക്ഷക്കണ ക്കിന് ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് കമ്യൂനിസ്റ്റുകളുടെ കൃഷിയെക്കുറിച്ചും കൃഷിക്കാരെക്കുറിച്ചുമുള്ള വികലമായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടു നിമിത്തമാണ്. മഹാത്മാ ഗാന്ധി നേതൃത്വം കൊടുത്ത ദേശീയപ്രസ്ഥാനം പ്രത്യേകിച്ച് ഇന്ത്യയില സോഷ്യലിസ്റ്റു കള്‍ കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭൂപരിധി നിയമപ്രകാരം ഏര്‍പ്പെടുത്തണമെന്ന ശക്തമായ നിലപാട് എടുത്ത വരാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ്സ് ദേശീയതലത്തില്‍ അതിനുള്ള നിയമനിര്‍മ്മാണം നടത്തിയിട്ടില്ല. സംസ്ഥാനങ്ങളോരോന്നും അതിനുള്ള നിയമനിര്‍മ്മാണം നടത്തുക യാണ് ചെയ്തത്. കോണ്‍ഗ്രസ്സിന്റെ ആ ഒളിച്ചുകളി കമ്യൂനിസ്റ്റുകളെ ബംഗാളില്‍ ഭൂപരിധി നിയമം നടപ്പിലാക്കുന്നതിന് പ്രേരിപ്പിച്ചു. കേരളത്തിലാണെങ്കില്‍ 1952- ലെ പട്ടം മന്ത്രി സഭയിലെ സോഷ്യലിസ്റ്റുകാരനായ പി.എസ്.നടരാജ പിള്ള ആദ്യത്തെ ഭൂപരിഷ്‌കരണ ബില്ല് തിരുകൊച്ചി നിയമസഭയില്‍ അവതരിപ്പിച്ചു. ഏതാണ്ട് അതേ ബില്ല് തന്നെ ആദ്യത്തെ കമ്മ്യൂനിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് കെ.ആര്‍.ഗൗരിയമ്മയും അവതരിപ്പിച്ചു. പിന്നീട് വന്ന ആര്‍.ശങ്കര്‍ മന്ത്രിസഭയും അതേ ബില്ലാണ് അവതരിപ്പിച്ചത്. പിന്നീട് 1967- ലെ സപ്തികക്ഷി മുന്നണിയുടെ ഈ.എം.എസ്.മന്ത്രി സഭയും അതേ ബില്ല് അവതരിപ്പിച്ചു. തുടര്‍ന്ന് വന്ന കോണ്‍ഗ്രസ്, സി.പി.ഐ മുന്നണിയുടെ അച്യുതമേനോന്‍ മന്ത്രി സഭയാണ് നിയമം പാസ്സാക്കിയെടുത്തത്. അ അവയിലെല്ലാം വന്‍കിട തോട്ടം മേഖലയെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കൃഷി ലാഭകരമായ ഒരു തൊഴില്‍ അല്ലാതാകുന്ന ഭൂമിയുടെ തുണ്ടുവല്കരണം ഭൂപരിധി നിയമത്തിന്റെ ദോഷകരമായ മറുവശമാണ്. അതിന് മറ്റു തൊഴില്‍ മേഖലകളോ അതിജീവിക്കാവുന്ന ചെറുകിട വ്യവസായങ്ങളോ ഗ്രാമങ്ങളില്‍ ഇല്ലാത്തതിനാലാണെന്ന് ഇടതുപക്ഷ, വലതുപക്ഷ വാദഗതിക്കാര്‍ മനസിലാക്കുന്നില്ല. എന്നാല്‍ വലതുപക്ഷക്കാര്‍ക്കും വ്യവസ്ഥാപിത ഇടതുപക്ഷക്കാര്‍ക്കും കാര്‍ഷിക മേഖലയില്‍ കൃഷിക്കാരെ കേന്ദ്രീകരിച്ച നയമല്ലായിരുന്നു. കൃഷിഭൂമിയുടെ ഉടമസ്ഥതയില്‍ സ്വകാര്യ, സര്‍ക്കാര്‍ കേന്ദ്രീകരണമാണ് ഇരുവരുടെയും നയങ്ങള്‍. കൃഷിഭൂമിയുടെ കളക്റ്റിവൈസേഷനും രാഷ്ട്ര ഉടമസ്ഥതയും ആണ് കമ്മ്യൂനിസ്റ്റുകാരുടെ നയങ്ങള്‍. ഭരണത്തില്‍ വന്ന ലോകത്തിലെ എല്ലാ കമ്യൂനിസ്റ്റ് രാജ്യങ്ങളിലും അവര്‍ ആ നയങ്ങളാണ് നടപ്പിലാക്കിയതും.
കരാര്‍ കൃഷിപോലെ തന്നെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് കൃഷിയുടെ മറ്റൊരു രൂപവുമുണ്ട്. കാര്‍ഷികവൃത്തി കടക്കെണിയില്‍ പെട്ട് തുടരാന്‍ കഴിയാത്ത കര്‍ഷകരുടെയെല്ലാം ഭൂമി വാങ്ങിക്കൂട്ടുന്ന കമ്പനികള്‍ തുച്ഛവേതനത്തിന് തൊഴിലാളികളെ നിയമിച്ച് വലിയ യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് പതിനായിരക്കണ ക്കിനും ലക്ഷക്കണക്കിനും ഏക്കര്‍ ഭൂമി കൃഷി ചെയ്യുന്നതാണ് അതിന്റെ മറ്റൊരു രൂപം.
കൃഷിക്കാര്‍ കമ്പനികളുടെ അത്തരം കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ ആയി മാറും. കമ്പനികള്‍ കര്‍ഷകരെക്കൊണ്ട് കൃഷിയ്ക്കാവശ്യമായതെല്ലാം നല്‍കി കൃഷി ചെയ്യിക്കുന്നിടത്തും വലിയ വിസ്തൃതിയില്‍ കമ്പനികള്‍ നേരിട്ട് കൃഷി ചെയ്യിക്കുന്നിടത്തും മണ്ണിന്റെ ഉര്‍വ്വരത നഷ്ടപ്പെടുത്തുന്ന വിധം രാസകൃഷിയും വിഷലിപ്തമായ കീടനാശിനി പ്രയോഗങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളും വിത്തുകളും കൃഷി ചെയ്യുന്നതും തടയാനുള്ള ശേഷി ഇപ്പോള്‍തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടാവില്ല. ജനങ്ങള്‍ വിഷരഹിത മായ ആഹാരം കഴിക്കുവാന്‍ യാതൊരു നിവര്‍ത്തിയുമില്ലാത്ത വരാകും. ഇപ്പോഴുള്ള ജൈവകൃഷി മുറവിളികള്‍ക്ക് അപ്പുറത്ത് ഒന്നുകില്‍ രാസവിഷകൃഷി അവിരാമം തുടരും. അല്ലെങ്കില്‍ കമ്പനികള്‍ക്ക് അനുയോജ്യമായ വിധത്തിലും വിഷലിപ്തമായും വിഷരഹിതമെന്ന പേരില്‍ ജൈവകൃഷി ബ്രാന്‍ഡില്‍ തുടരും. അമേരിക്കയിലും അത്തരം കമ്പനികൃഷിയുള്ള രാജ്യങ്ങളിലും അതാണ് നടന്നു വരുന്നത്.
കരാര്‍ കൃഷി നിയമത്തോടനുബന്ധിച്ച് പാസ്സാക്കിയ മറ്റു രണ്ടു നിയമങ്ങള്‍ കോര്‍പ്പറേറ്റ് കൃഷിയ്ക്ക് അനുബന്ധമായി അവയെ സൗകര്യപ്പെടുത്തുന്നതിനുള്ള രണ്ടു നിയമങ്ങളാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കച്ചവടവും വാണിജ്യവും പ്രോത്സാഹന സൗകര്യ പ്പെടുത്തല്‍ നിയമം 2020 ല്‍ ഓരോ കൃഷിയിടത്തിലും നിന്ന് ഉല്‍പ്പന്നങ്ങള്‍ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സൗകര്യപ്പെടുത്തലാണ് ആ നിയമത്തിന്റെ ലക്ഷ്യം. വ്യാപാരി എന്നാല്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങുന്ന ഒരു വ്യക്തി സ്വന്തമായ ആവശ്യത്തിനു വേണ്ടിയോ മറ്റേതെങ്കിലും വ്യക്തികള്‍ക്കുവേണ്ടിയോ മൊത്തവ്യാപാരത്തിനോ ചില്ലറ വില്‍പ്പനയ്‌ക്കോ അന്തിമ ഉപയോഗത്തിനോ മൂല്യവര്‍ദ്ധനവിനോ സംസ്‌ക്കരണത്തിനോ ഉല്‍പ്പാദന നിര്‍മ്മാണത്തിനോ ഉപഭോഗത്തിനോ ഉള്ളതോ സമാനമായ മറ്റേതെങ്കിലും ഉദ്ദേശ്യത്തിനും വാങ്ങുന്നവരെല്ലാമാണ്. അവിടെയും കര്‍ഷകര്‍ നിലംപരിശാകുമെന്നതിന് സംശയമില്ല. ഇടനിലക്കാരായ ചെറുകിട കച്ചവടക്കാര്‍ ഇല്ലാതാകുമ്പോള്‍ ഉല്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള അകലവും ഇല്ലാതാകുമെന്ന് അതുവഴി ഉല്പാദകര്‍ക്ക് കൂടുതല്‍ ബലം കിട്ടുമെന്നും ആയിരിക്കാം വാദിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തിലെ ആ മധുവിധു കഴിയുമ്പോള്‍ ബഹുരാഷ്ട്രകുത്തകകളുടെ കൊടിയ ചൂഷണത്തിന്റെ തനിനിറം കാണേണ്ടി വരും. അതേ സമയം നിയമ ഭേദഗതിയായി അവതരിപ്പിച്ച മൂന്നാമത്തെ നിയമം അവശ്യവസ്തു സംബന്ധിച്ചതാണ്. രാജ്യത്ത് അവശ്യവസ്തുക്കള്‍ ഭക്ഷണത്തിനുള്ളതായാലും ഊര്‍ജ്ജത്തിനുള്ള മണ്ണെണ്ണ, പാചക വാതകം എന്നിവയായാലും പൂഴ്ത്തിവയ്പ് ആ നിയമപ്രകാരം അനുവദിച്ചിട്ടില്ല. എന്നാല്‍ ആ നിയമത്തിലെ ഭേദഗതി വഴി കമ്പനി കള്‍ക്ക് എത്ര വേണമെങ്കിലും അളവില്‍ ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും പൂഴ്ത്തിവയ്ക്കാനും മോദി സര്‍ക്കാര്‍ അനുവാദം നല്‍കിയിരി ക്കുകയാണ്. നരേന്ദ്രമോദിയുടെ കോര്‍പ്പറേറ്റ് കൂട്ടാളിയായ അഡാണി വിദേശത്തുനിന്ന് വലിയ അളവില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഗുജറാത്തിലുള്ള തന്റെ സ്വകാര്യ തുറമുഖത്ത് ( സ്‌പെഷ്യല്‍ ഇക്കോണമിക് സോണ്‍) പൂഴ്ത്തി വയ്ക്കുകയും, രാജ്യത്ത് കൃത്രിമമായി പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവ് വരുത്തി വിറ്റഴിക്കുകയും ചെയ്ത് കൊള്ളലാഭമുണ്ടാ ക്കിയത് ഈ സന്ദര്‍ഭത്തില്‍ മറക്കാതിരിക്കാം. മഹാസാമ്പത്തിക ശക്തികളായ കോര്‍പ്പറേറ്റുകള്‍ക്ക് കമ്പോളത്തില്‍ ഇടപെട്ട് വിലനിലവാരം തന്നിഷ്ടപ്രകാരം തീരുമാനിച്ച് കൊള്ളലാഭമുണ്ടാ ക്കുന്നത് സര്‍ക്കാര്‍ നിയമവിധേയമാക്കുകയാണ് ചെയ്തത്.
കൃഷി കര്‍ഷകരില്‍ നിന്ന് പിടിച്ചുപറിച്ച് കമ്പനികളെ ഏല്‍പ്പിക്കുമ്പോള്‍ കര്‍ഷകവര്‍ഗ്ഗം അതിന്റെ വ്യാപനത്തില്‍ ഇല്ലാതാവും. ദശലക്ഷക്കണക്കിന് ആളുകള്‍ പ്രത്യേകിച്ചും ഗ്രാമീണര്‍ തൊഴിലില്ലാത്ത ഇന്ത്യയില്‍ കോര്‍പ്പറേറ്റ് കൃഷി കാര്‍ഷികമേഖലയിലെ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുവാനിടയാക്കും. ഗ്രാമ ങ്ങളില്‍ നിന്ന് ഇപ്പോള്‍ത്തന്നെ വര്‍ദ്ധമാനമായി വരുന്ന കര്‍ഷകരുടേയും മറ്റു ഗ്രാമീണരുടേയും വന്‍നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഏറെ വര്‍ദ്ധിക്കും. വന്‍നഗരങ്ങളിലെ ജനപ്പെരുപ്പം അവിടെയുള്ള കുടിവെള്ള ത്തിന്റെയും ശൗചാലയങ്ങളുടെയും ഭക്ഷണത്തിന്റെയും കിടപ്പാടങ്ങ ളുടേയും മറ്റ് അടിസ്ഥാന ആവശ്യങ്ങളുടേയും പ്രതിസന്ധിയെ രൂക്ഷതരമാക്കും. വ്യാപാരസംബന്ധമായ നിയമം കര്‍ഷകരെ മാത്രമല്ല, ഉപഭോക്താക്കളേയും ബാധിക്കുന്നതാണ്. നഗരവാസി കളായി മാറുന്ന ഭൂരിപക്ഷം ജനവിഭാഗങ്ങളും രാസവിഷങ്ങള്‍ കലര്‍ന്നതോ ജനിതകമാറ്റം വരുത്തിയതോ ആയ ഭക്ഷണം കഴിക്കുവാനും വിലയില്‍ കൊള്ളചെയ്യപ്പെടുവാനും ഇടയാകും. എന്നാല്‍ നൈസര്‍ഗ്ഗിക ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നഗരവാസ ജീവിതത്തില്‍ സൗകര്യവും വിലക്കുറവും സംസ്‌ക്കരിച്ച പോഷകമൂല്യ മില്ലാത്ത കൃത്രിമ രുചികള്‍ ചേര്‍ത്ത ആഹാരത്തിനാകുമ്പോള്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന വ്യാവസായികമായി സംസ്‌ക്കരിച്ച ആഹാരം ബഹുജനങ്ങളുടെ ഒരേയൊരു മാര്‍ഗ്ഗമാകും. അത് പൊതുജനാരോഗ്യത്തിലും രോഗാതുരതയിലും സാരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
താങ്ങുവിലയുടെ സമസ്യയും കള്ളക്കളികളും
താങ്ങുവില സമ്പ്രദായത്തെക്കുറിച്ച് മേല്‍ പറഞ്ഞ നിയമങ്ങളില്‍ ഒന്നും പറയാത്തത് സര്‍ക്കാരിന്റെ കള്ളക്കളിയാണ്. യഥാര്‍ത്ഥത്തില്‍ പുതിയ നിയമത്തില്‍ പറയുന്ന വ്യവസ്ഥകളിലൂടെ താങ്ങുവില സമ്പ്രദായത്തിന് സാംഗത്യം ഇല്ലാതെവരും. പാര്‍ല മെന്റില്‍ പ്രതിപക്ഷ കക്ഷികളും പാര്‍ലമെന്റിന് പുറത്ത് ചില കര്‍ഷക സംഘടനകളും താങ്ങുവില വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ തങ്ങള്‍ പുതിയ നിയമങ്ങളെ പിന്തുണയ്ക്കാമെന്നു വരെ പ്രസ്താവിക്കുകയുണ്ടായി. താങ്ങുവിലയുടെ മറവില്‍ കോര്‍പ്പറേറ്റ് കൃഷിയ്ക്ക് പ്രാബല്യമുണ്ടാക്കുവാന്‍ അവര്‍ മടിക്കാത്തത് ആശ്ചര്യജനകമാണ്.
ദിവസങ്ങളോളം അക്കാര്യത്തില്‍ യാതൊരു മറുപടിയും പറയാതിരുന്ന പ്രധാനമന്ത്രിയും കൃഷിമന്ത്രിയും അവസാനം വാ തുറന്ന് പറഞ്ഞിരിക്കുകയാണ് താങ്ങുവില സമ്പ്രദായം നിലനിര്‍ത്തുമെന്നും അത് ഇല്ലാതാക്കുന്നതൊന്നും നിയമത്തില്‍ ഇല്ലെന്നും ആണ് അവകാശപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി പുതിയ നിയമങ്ങളെക്കുറിച്ച് നടത്തുന്ന നുണപ്രചാരണത്തിന്റെ ഒരു ഭാഗമാണത്. താങ്ങുവില സമ്പ്രദായം നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞ ദിവസങ്ങളില്‍ തന്നെ ഏതാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നാമമാത്ര മായി ഉയര്‍ത്തുകയും ചെയ്തു.
താങ്ങുവില ഇല്ലാതാക്കുന്ന യാതൊന്നും നിയമത്തില്‍ ഇല്ലാ എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉണ്ടാകും പിന്നെ എന്തിനാണ് കര്‍ഷകരും കമ്പനികളുമായി കരാര്‍ വയ്ക്കുന്നതിനും കരാര്‍ പ്രകാരമുള്ള വിലയില്‍ തര്‍ക്കമുണ്ടായാല്‍ അത് പരിഗണിക്കുന്നതിന് കോടതികളുടെ അധികാരം ഇല്ലാതാക്കി പ്രത്യേകം ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇന്ത്യയിലൊട്ടാകെ ബഹു ഭൂരിപക്ഷം കൃഷിക്കാരും തങ്ങളുടെ ഭൂമിയില്‍ നേരിട്ട് കൃഷി ചെയ്യുന്നവരാണ്. എന്നാല്‍ ചെറിയൊരു ശതമാനം ആളുകള്‍ പാട്ടത്തിന് കൃഷി ചെയ്യുന്നുണ്ട്. അപ്രകാരം പാട്ടകൃഷി ചെയ്യുന്ന ചെറിയ ശതമാനം ആളുകളില്‍ തന്നെ ഒരു വിഭാഗം മുഖ്യ വിളയായി നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ കൃഷി ചെയ്തശേഷം അതിന്റെ ഇടവേളകളില്‍ പച്ചക്കറിപോലുള്ള മറ്റ് വിളകള്‍ കൃഷി ചെയ്യുന്നവരാണ്. മറ്റൊരുകൂട്ടം പാട്ടകൃഷിക്കാരാണെങ്കില്‍ കൃഷിയിടത്തില്‍ മുഖ്യമായി ചെയ്യുന്ന ചില ദീര്‍ഘകാല വിളകള്‍ക്കിടയില്‍ ഇടവിളയായി കൃഷിചെയ്യുന്നതാണ്. കേരളത്തിലാണെങ്കില്‍ ഉദാഹരണമായി തൈ റബ്ബര്‍ വെച്ചിരിക്കുന്നതിനിടയില്‍ കൈതച്ചക്ക, ഏത്തവാഴ, മറ്റ് പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യാറുണ്ട്. ബഹുഭൂരിപക്ഷം കര്‍ഷകരെ ബാധിക്കാത്ത പാട്ടകൃഷി ഇടപാടുകള്‍ക്കുള്ള കരാറിനുവേണ്ടി മാത്രം ഇത്രയേറെ ധൃതിപിടിച്ച് പാര്‍ലമെന്റിന്റെ ഭൂരിപക്ഷ തീരുമാനത്തിന് സമ്മതിക്കാതെ ഒരു നിയമം പാസ്സാക്കേണ്ട ആവശ്യകത ഒട്ടും മനസ്സിലാകുന്നില്ല. എന്നുമാത്രമല്ല രാജ്യത്തെ കരാര്‍ ഉടമ്പടി നിയമവും വസ്തുവകകളുടെ കൈമാറ്റത്തിനുള്ള നിയമവും മറ്റ് നിയമങ്ങളും പാട്ടവ്യവസ്ഥയിലോ കരാര്‍ ഉടമ്പടി പ്രകാരമോ കൃഷി ചെയ്യുന്നവരുടെയും കരാര്‍ വയ്ക്കുന്നവരുടെയും ഇടപാടുകള്‍ക്ക് ഉണ്ട്. പ്രത്യേകിച്ച് ഒരു നിയമം അതിനുവേണ്ടി പാസ്സാക്കേണ്ടതില്ല. കോടതികളെ ഒഴിവാക്കി ആര്‍.ഡി.ഓ. മാരുടെ ട്രൈബ്യൂണലുകള്‍ക്കും കളക്ടര്‍മാരുടെ അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ക്കും യാതൊരു പ്രസക്തിയുമില്ല.
അതേ സമയം കൃഷിഭൂമിയും കാര്‍ഷിക വൃത്തിയും ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരാകുന്ന ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഭൂമി കയ്യടക്കി പതിനായിരവും ലക്ഷക്കണക്കിനും ഏക്കര്‍ വലിയ കൃഷിയിടങ്ങളുണ്ടാക്കി കൃഷി ഒരു വ്യവസായമാക്കുന്ന കമ്പനികളുടെ കോര്‍പ്പറേറ്റ് കൃഷിക്കും അത് ആവശ്യമില്ലെന്നത് ശരിയാണ്. എന്നാല്‍ കര്‍ഷകരെ കരാര്‍ വ്യവസ്ഥയില്‍ കമ്പനികള്‍ക്കുവേണ്ടി കൃഷി ചെയ്യിപ്പിക്കുന്ന കോര്‍പ്പറേറ്റ് കൃഷിക്ക് ഈ നിയമങ്ങള്‍ അത്യാവശ്യമാണ്. അപ്രകാരമുള്ള കോര്‍പ്പറേറ്റ് കൃഷി വ്യാപകമാകുന്ന സാഹചര്യത്തില്‍ ചതിക്കപ്പെടുന്ന കര്‍ഷകര്‍ സിവിലും ക്രമിനലുമായ കോടതികളെ സമീപിക്കാനും കേര്‍പ്പറേറ്റുകളുടെ ഇടപാടുകള്‍ സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങുവാനും ഇടയുണ്ട്. കൂടാതെ കോടതികളില്‍ നിഷ്പക്ഷമായി രാജ്യത്തെ തെളിവ് നിയമത്തിന്റെ പൂര്‍ണ്ണ അടിസ്ഥാനത്തില്‍ കേസുകള്‍ തീരുമാനിക്കുന്നത് കേര്‍പ്പറേറ്റുകള്‍ക്ക് ഒട്ടും സ്വീകാര്യമല്ല. എന്നാല്‍ ഉദ്ദ്യോഗസ്ഥന്‍മാരാല്‍ അര്‍ധ നീതിന്യായ സംവിധാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ സാധ്യമാണെന്ന് അവര്‍ക്കറിയാം. എളുപ്പത്തില്‍ തീര്‍പ്പാക്കും, പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വില ലഭ്യമാക്കും എന്നെല്ലാമുള്ള വ്യവസ്ഥകള്‍ ഉണ്ടെന്നാവും ഒരു പക്ഷേ നിഷ്‌കളങ്കരായവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമം, മുതിര്‍ന്ന പൗര•ാരുടെയും മാതാപിതാക്കളുടേയും സംരക്ഷണത്തിനുള്ള നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം തുടങ്ങിയ നിയമങ്ങളില്‍ തീര്‍പ്പാക്കുന്നതിന് കുറഞ്ഞ കാലാവധി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ള കേസുകളില്‍ വളരെ കുറഞ്ഞ എണ്ണം മാത്രം കേസുകളാണ് മേല്‍പ്പറഞ്ഞ കാലാവധിക്കുള്ളില്‍ തീര്‍പ്പാക്കിയിട്ടുള്ളത്. ഇപ്പോള്‍ത്തന്നെ ഏറെ ഭരണ നിര്‍വ്വഹണ ചുമതലയും അര്‍ധ നീതിന്യായ ചുമതലകളും കൊണ്ട് ശ്വാസം മുട്ടി നില്‍ക്കുന്നവരും മേലാവില്‍ നിന്ന് രാഷ്ട്രീയ യജമാന•ാര്‍ വിളിച്ചു പറയുമ്പോള്‍ പക്ഷം പിടിക്കുകയും ചെയ്യുന്ന ആര്‍.ഡി.ഓ. മാരുടെ ട്രൈബ്യൂണല്‍ നടത്തിപ്പ് എപ്രകാരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബഹുഭൂരിപക്ഷം ഹര്‍ജിക്കാരും നീതി കിട്ടാതെ ഇടനാഴികളില്‍ നിരങ്ങി ജീവിതത്തിന്റെ നല്ലൊരു ഭാഗം തള്ളി നീക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള പുതിയ നിയമത്തിലെ ട്രൈബ്യൂണലുകള്‍ മാത്രം നീതി രഹിതമല്ലാതാകും എന്ന് യാതൊരു തരത്തിലും പ്രതീക്ഷിക്കാന്‍ കഴിയില്ല.
മേല്‍ പരാമര്‍ശിച്ച രണ്ട് തരത്തിലുള്ള കോര്‍പ്പറേറ്റ് കൃഷികളും അമേരിക്കയില്‍ പ്രാബല്യത്തിലുണ്ടെന്ന് ആദ്യഭാഗത്ത് പരമാര്‍ശിച്ചു വല്ലോ. വിത്തും നടീല്‍ വസ്തുക്കളും വളവും കീടനാശനികളും കളനാശനികളും ആവശ്യമായ ഹോര്‍മോണുകളും വേണ്ടിവന്നാല്‍ വിളവെടുപ്പിനുള്ള യന്ത്രസാമഗ്രികള്‍ വാടകയ്ക്കും നല്‍കുന്ന കമ്പനികള്‍ ആദ്യം മധുരിക്കാതിരിക്കില്ല. എന്നാല്‍ കമ്പനികളുടെ പേരില്‍ അറിയപ്പെടുന്ന രണ്ടാമത്തെ തരം കോര്‍പ്പറേറ്റ് കൃഷിയിലെ കര്‍ഷകര്‍ കമ്പനികളുടെ വെറും അടിമകള്‍ മാത്രമായിരിക്കും. എന്ത് തരം കൃഷി ഏതളവുവരെ ചെയ്യണമെന്നുള്ള കൃഷിയുടെ മുന്‍ഗണനകളോ വിഷ രഹിതമായി ആരോഗ്യം പ്രദാനം ചെയ്യുന്ന വിധത്തില്‍ വേണമോ വിഷലിപ്തമായി മനുഷ്യനേയും മണ്ണിനേയും തന്നെതന്നെയും നശിപ്പിച്ച് കൃഷിചെയ്യണമോ തുടങ്ങിയ ഏതു രീതിയില്‍ കൃഷിചെയ്യണമെന്നുള്ള കാര്യമോ കര്‍ഷകര്‍ക്ക് തീരുമാനിക്കാനാവില്ല. വന്ധ്യതയെ വ്യാപകമാക്കുന്ന ജനിതകമാറ്റം വരുത്തിയ വിത്തുകളും വിളകളും വേണമോ വേണ്ടയോ എന്ന് വയ്ക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ല. കമ്പോളത്തിന്റെ വിലയുടെ ഉയര്‍ച്ച താഴ്ചകള്‍ എപ്പോഴും കര്‍ഷകര്‍ക്ക് എതിരായി വന്‍കിട വ്യാപാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു കള്ള പ്രതിഭാസമാണ്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒഴികെ കൃത്രിമമായി വലിയ കച്ചവട ശക്തികള്‍ സൃഷ്ടിക്കുന്നതാണ് അത്തരം ഉയര്‍ച്ച താഴ്ചകള്‍. എന്നാല്‍ പുതിയ കരാര്‍ കൃഷിയില്‍ വിലയിലെ ഉയര്‍ച്ച താഴ്ചകളുടെ ആനുകൂല്യം യാതൊരു തരത്തിലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത വിധം പഴുതടച്ച് തടഞ്ഞിരിക്കുകയാണ്.
താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കില്ലെന്നും പുതിയ നിയമങ്ങള്‍ സ്വാമിനാഥന്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചും ആണെന്ന് ആ നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. പുതിയ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭണങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ അതും താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കുന്നു എന്ന ആരോപണം ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഒരുപാട് കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെലവേറിയ കൃഷിയും ജീവിതച്ചെലവിന്റെ വന്‍ വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ വളരെ തുച്ഛമായ തുകയാണ് താങ്ങുവിലയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ശമ്പളത്തിലെ അന്യായമായ വര്‍ദ്ധനവ്, ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയിലെ കൊള്ള തുടങ്ങി എല്ലാ രംഗങ്ങളിലുമുള്ള ഉയര്‍ച്ചകള്‍ താങ്ങുവിലയില്‍ മാത്രം പ്രതിഫലിക്കില്ല. തല്‍ക്കാലം ഏതാനും വര്‍ഷങ്ങളിലേക്ക് അല്ലെങ്കില്‍ കര്‍ഷകരുടെ ശബ്ദം തീര്‍ത്തും ദുര്‍ബലമാകുന്ന അവസരം വരെ താങ്ങുവില സമ്പ്രദായം തുടര്‍ന്നേക്കാം. കര്‍ഷകരില്‍ തെറ്റിദ്ധാരണ വളര്‍ത്തി കര്‍ഷക പ്രക്ഷോഭണത്തെ തകര്‍ക്കുകയെന്ന കുതന്ത്രത്തിന്റെയും കുപ്രചാരണത്തിന്റെയും ഭാഗമാണ് അതെന്ന് മനസിലാക്കുവാന്‍ പ്രയാസമില്ല.
പ്രധാനമന്ത്രിയും കൃഷി മന്ത്രിയും സ്വാമിനാഥന്‍ ശുപാര്‍ശ അനുസരിച്ചുള്ള സൂത്രവാക്യത്തില്‍ വില നല്‍കുമെന്നും പ്രഖ്യാപിക്കുന്നു. സ്വാമിനാഥന്‍ ശുപാര്‍ശ കൃഷിച്ചെലവിനെ ഒന്നായും അതിന്റെ പകുതി തുക ചേര്‍ത്ത് ഒന്ന് അധികം അന്‍പതുശതമാനം എന്ന ഒന്നരമടങ്ങ് സൂത്രവാക്യത്തില്‍ ആണ് വില നിര്‍ണയിച്ചിരിക്കുന്നത്. രാജ്യത്തെ കര്‍ഷക സംഘടനകളില്‍ ഒച്ചപ്പാടുണ്ടാക്കുവാന്‍ മാധ്യമസ്വാധീനമുള്ളവ സ്വാമിനാഥന്‍ ശുപാര്‍ശ അനുസരിച്ച് ഒന്നരമടങ്ങ് സൂത്രവാക്യത്തില്‍ വില നല്‍കണമെന്നാണ് മുന്‍പ് ആവശ്യപ്പെട്ടത്. കമ്മ്യൂനിസ്റ്റ് പാര്‍ട്ടികളും യോഗേന്ദ്ര യാദവ്, രാജു ഷെട്ടി തുടങ്ങിയവരും ഒന്നരമടങ്ങ് വിലയുടെ സൂത്രവാക്യത്തെ ഉയര്‍ത്തിപ്പിടിച്ചാണ് പ്രക്ഷോഭണങ്ങള്‍ നടത്തിയത്. ഇപ്പോള്‍ പ്രധാനമന്ത്രിയും കൃഷി മന്ത്രിയും അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ഒന്നരമടങ്ങ് സൂത്രവാക്യത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത നരേന്ദ്രമോദി തന്റെ ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി അടുത്ത സര്‍ക്കാരിന്റെ അധികാരം ഇത്രകാലവും കൈകാര്യം ചെയ്തിട്ടും ആ ഒന്നരമടങ്ങ് സൂത്രവാക്യത്തില്‍ താങ്ങുവില പ്രഖ്യാപിക്കുമെന്ന കേവലമായ വാഗ്ദാനം മാത്രമാണ് വച്ചുനീട്ടുന്നത്. അക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശ്വാസ്യത ഒട്ടുമില്ലായെന്ന് പറയാം. എന്നാല്‍ വാഗ്ദാനമായി മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലം മുതല്‍ വച്ചുനീട്ടുന്ന ആ ഒന്നരമടങ്ങ് താങ്ങുവില ചുമടെടുക്കുന്ന കഴുതയെ നടത്താന്‍ കഴുതയ്ക്ക് മുന്നില്‍ വച്ചുകെട്ടുന്ന ചപ്പിനെക്കാള്‍ താഴുന്ന തരമാണെന്ന് പറയാതെയിരിക്കാനാവില്ല.
കാര്‍ഷിക ചെലവ് കണക്കാക്കുമ്പോള്‍ കൃഷിക്കാര്‍ക്കും കാര്‍ഷികമേഖലയ്ക്കും എതിരായ മാനദണ്ഡങ്ങളും ഘടകങ്ങളുമാണ് സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ കാലമുതല്‍ ഇന്നുവരെ അനുവര്‍ത്തിക്കുന്നത്. രാഷ്ട്രീയ കിസാന്‍ സമന്വയ സമിതി ആര്‍.കെ.എസ്.എസ്. മാത്രമാണ് ആ പ്രശ്‌നം ഉന്നയിച്ചുവരുന്നത്. അതിനുവേണ്ടിയുള്ള പ്രക്ഷോഭണത്തില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദന പ്രകാരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അന്നത്തെ കേന്ദ്ര കൃഷി മന്ത്രിയുമായി ആര്‍.കെ.എസ്.എസ്.പ്രതിനിധികള്‍ ചര്‍ച്ച നടത്തി ആവശ്യപ്പെടുകയുണ്ടായി.അവയെല്ലാം പരിഗണിക്കാമെന്ന് കൃഷി മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം നിതി ആയോഗുമായുള്ള ദീര്‍ഘമായ ചര്‍ച്ചയില്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ നിസാരമായ സംഗതികള്‍ പോലും ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അദ്ധ്വാനമൂല്യത്തിനും അതനുസരിച്ചുള്ള കൂലി, വില തുടങ്ങിയ സംഗതികളില്‍ ഒരു വിഭജനം നടത്തിയിട്ടുണ്ട്. വിദഗ്ധ തൊഴില്‍, അവിദഗ്ധ തൊഴില്‍ എന്നിങ്ങനെ രണ്ടായി തരം തിരിച്ചു. സംഘടിത മേഖലയും വന്‍കിട വ്യവസായവും വിദഗ്ധ തൊഴിലിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അസംഘിടതമേഖല, കാര്‍ഷിക മേഖല എന്നിവ അവിദഗ്ധ തൊഴിലായും കണക്കാക്കി.വിദഗ്ധ തൊഴിലിന്റെ അദ്ധ്വാനത്തിന് കൂടിയ മൂല്യവും കൂലിയും നിശ്ചയിക്കുകയും അവിദഗ്ധ തൊഴിലിന്റെ അദ്ധ്വാനത്തിന് കുറഞ്ഞ മൂല്യവും കൂലിയും നിശ്ചയിക്കുകയും ചെയ്തു. അതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ണയിക്കുമ്പോള്‍ പ്രതിദിന അദ്ധ്വാനത്തിന്റെ കൂലി (വെയ്ജ്) കൂടിയതും എന്നാല്‍ താങ്ങുവില നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കുന്ന കര്‍ഷകന്റെ പ്രതിദിന അദ്ധ്വാനത്തിന്റെ കൂലി കുറഞ്ഞുമിരിക്കും. ആ വിഭജനം ഒഴിവാക്കുകയോ അതിന് ഏറ്റവും കുറഞ്ഞ അളവ് നിശ്ചയിക്കുന്ന മാനദണ്ഡം ഉണ്ടാക്കുകയോ ചെയ്യുകയാണ് ആവശ്യം. ഉദാഹരണമായി കഴിഞ്ഞ എഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് ക്ലാസ് വണ്‍ ആഫീസറുടെ പ്രതിദിന കൂലി/വെയ്ജ് 8000/- രൂപയാണ്. ആര്‍.കെ.എസ്.എസ്. ആവശ്യപ്പെട്ടത് കര്‍ഷകരുടെ പ്രതിദിന കൂലി അതിന്റെ പത്തുശതമാനം 800/- രൂപ വച്ചെങ്കിലും നല്‍കണമെന്നാണ്. അതുപോലെ അദ്ധ്യാപകരും ജീവനക്കാരും എല്ലാ ദിവസവും ജോലി ചെയ്യുന്നില്ല. അവധി ദിവസങ്ങളിലും അവരുടെ കൂലി കുറയ്ക്കുന്നില്ല. അദ്ധ്യാപകര്‍ ആണെങ്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ പോലും മുഴുവന്‍ സമയം ജോലി ചെയ്തു കൊണ്ടിരിക്കുകയല്ല. എങ്കിലും അവരുടെ കൂലി കണക്കാക്കുവാന്‍ പ്രതിമാസം മുപ്പത് ദിവസങ്ങളാണ് എടുക്കുന്നത്. കര്‍ഷകരുടെ അദ്ധ്വാനദിനങ്ങള്‍ ഇപ്പോഴത്തെ താങ്ങുവില സമ്പ്രദായത്തില്‍ തുലോം തുച്ഛമായ കണക്കിലാണ് എടുക്കുന്നത്. അത് വിളയുടെ സ്വഭാവമനുസരിച്ച് ഭാഗികമായ ജോലിയും പരിചരണവും നടത്തേണ്ടതുകൂടി പരിഗണിച്ച് കൂട്ടേണ്ടതുണ്ട്. അതുപോലെ ഇപ്പോഴത്തെ താങ്ങുവിലയില്‍/എം.എസ്.പി. അദ്ധ്വാനിക്കുന്നയാളുടെ ആശ്രിതരുടെ എണ്ണം കൂട്ടിയിരിക്കുന്നതും കടുത്ത അസമത്വമാണ്. അദ്ധ്വാനിക്കുന്നയാളുടെ ആശ്രിതരായ കുടുംബാംഗങ്ങളുടെ എണ്ണം സംഘടിതമേഖലയില്‍ അഞ്ചുപേരാണ്. ജീവിത പങ്കാളിയും മൂന്നുകുട്ടികളും കൂട്ടിയാല്‍ വരുന്നതാണ് ശമ്പളത്തില്‍ ആശ്രിതരായവരുടെ എണ്ണം. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ആശ്രിതരുടെ എണ്ണം ജീവിത പങ്കാളിയും ഒരു കുട്ടിയെയും കൂട്ടി ആകെ മൂന്നാണ്. അത്തരം അന്യായങ്ങളും അസമത്വങ്ങളും എം.എസ്.പി.നിര്‍ണയത്തില്‍ പരിഹരിക്കേണ്ടതാണ്. അവ പരിഹരിച്ചാല്‍ പോലും വില നിര്‍ണയിക്കുമ്പോള്‍ വലിയ മാറ്റമാണ് വരിക. അതിന്റെ അമ്പതുശതമാനമാണ് കൂട്ടുന്നതെങ്കില്‍ ഒന്നരമടങ്ങ് സൂത്രവാക്യത്തിലെ വില ഏറെ ഉയര്‍ന്നതായിരിക്കും. ആ വിലയാണ് കര്‍ഷകര്‍ക്ക് അര്‍ഹമായതെന്ന് പറഞ്ഞാല്‍ പോലും അംഗീകരിക്കാനാവില്ല. അപ്പോഴാണ് സ്വാമിനാഥന്‍ അത്തരം അന്യായങ്ങളും അസമത്വങ്ങളും പരിഹരിക്കുന്നതിനെക്കുറിച്ച് യാതൊരു പരിഗണനയും നല്‍കാതെയും അവയെല്ലാം തമസ്‌കരിച്ചുകൊണ്ടും ഒന്നരമടങ്ങ് സൂത്രവാക്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വാമിനാഥന്‍ ഒരു കര്‍ഷക വിരുദ്ധനും രാജ്യ താല്പര്യങ്ങള്‍ വഞ്ചനയോടെ കോര്‍പറേറ്റുകള്‍ക്ക് കൈമാറിയ വ്യക്തിയുമാണ്. അങ്ങനെയൊരാളില്‍ നിന്ന് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ഒരു നടപടി ഉണ്ടാകുമെന്ന് സാമന്യ ബുദ്ധിയുള്ള ആര്‍ക്കും പ്രതിക്ഷീക്കാനാവില്ല. അത്തരം സംഗതികളൊന്നും മനസിലാക്കാതെ കര്‍ഷകരുടെ യഥാര്‍ത്ഥവും ശാശ്വതവുമായ മോചനം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ക്കേ അത്തരം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ കഴിയൂ. സ്വാമി നാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടന്നവര്‍ ഇനിയെങ്കിലും വസ്തുതകള്‍ മനസിലാക്കി തങ്ങളുടെ നിലപാടുകള്‍ തിരുത്തേണ്ടതാണ്. പുതിയ നിയമങ്ങള്‍ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ വെളിച്ചത്തിലാണെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രചാരണത്തെ തുറന്ന് കാണിക്കുന്നതിനും അത് അത്യാവശ്യമാണ്.
സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ കോര്‍പറേറ്റുകള്‍ക്ക് സഹായം നല്‍കുന്നതിനുള്ളതാണെന്ന് ആര്‍.കെ.എസ്.എസ്. തുടക്കം മുതലേ നിലപാടുയര്‍ത്തി പിടിക്കുന്നു. ഇപ്പോള്‍ ആ നിലപാട് ശരിയായിരുന്നുവെന്നും കൃഷിയെ സംബന്ധിച്ച പുതിയ നിയമങ്ങള്‍ സ്വാമിനാഥന്‍ റിപ്പോര്‍ട്ടിന് അടിസ്ഥാനമാക്കിയാണെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഒരു ശുപാര്‍ശ ഡോ.മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എഴുതി വാങ്ങിയെന്നേ ഉള്ളൂ എന്ന് മനസിലാക്കാം. പൊതുവായി ഉയര്‍ന്നുവരുന്ന സമരങ്ങളെ വികസിപ്പിച്ച് പുതിയ നിയമങ്ങള്‍ക്കെതിരെയുള്ള സമ്മര്‍ദ്ദം ശക്തമാക്കേണ്ടതുണ്ട്. എന്നാല്‍ വ്യവസ്ഥാപിത പാര്‍ട്ടികളുടെ ആത്മാര്‍ത്ഥത ഏത് അറ്റം വരെയുണ്ടെന്ന് കര്‍ഷകര്‍ തിരിച്ചറിയുകയും കര്‍ഷകരുടെ നിലനില്‍പ്പിന് വേണ്ടി സന്ധിയില്ലാത്തതും ദീര്‍ഘകാലത്തിലുള്ളതുമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വേണ്ടത്.
കാരണം രാജ്യത്ത് മോദി സര്‍ക്കാരും അതിനുമുമ്പുള്ള ഡോ.മന്‍മോഹന്‍ സിങ് സര്‍ക്കാരും കേരളത്തിലെ സി.പി.ഐ.എം., സി.പി.ഐ. നേതൃത്വത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും നടപ്പിലാക്കുന്ന എണ്ണമറ്റ വന്‍കിട പദ്ധതികള്‍ കര്‍ഷകരെ വ്യാപകമായി കുടിയൊഴിപ്പിക്കുകയും ഇന്ത്യയിലെ കരഭൂമിയുടെ ഏതാണ്ട് പകുതിയോളം അത്തരം പദ്ധതികള്‍ക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്യും. കര്‍ഷകര്‍ ഇല്ലാതാകുന്ന ആ ഇന്ത്യ ജനങ്ങള്‍ തകരുകയും കോര്‍പറേറ്റുകള്‍ തഴയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. ബ്രിട്ടീഷ് അധിനിവേശ കാലത്തെ നീലം കൃഷിയിലെയും തോട്ടം മേഖലയിലെയും ഇടപെടലുകളാണ് ആദ്യമായി കൃഷിയില്‍ വലിയ കമ്പനികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം വലിയ കമ്പനികളുടെ കൃഷിയിലെ ഇടപെടല്‍ തോട്ടം മേഖലയിലും രാജ്യാന്തര വ്യാപരത്തിലും ഒതുങ്ങി. പിന്നീട് ആഗോളവല്കരണ കാലത്ത് കാര്‍ഷികോത്പന്നങ്ങളുടെ രാജ്യത്തിനുളളിലെ മൊത്ത വ്യാപരത്തിലേക്കും തുടര്‍ന്ന് ചില്ലറ വ്യാപരത്തിലേക്കും വന്നു. എന്നാല്‍ ആഗോള വല്‍ക്കരണത്തിന്റെ ഈ പാരമ്യഘട്ടത്തില്‍ കാര്‍ഷികോത്പന്നങ്ങളുടെ ഉല്പാദനത്തിലേക്കും ബഹുരാഷ്ട്രകുത്തക കമ്പനികള്‍ കടന്നു വന്നിരിക്കുകയാണ്. ഉല്പാദനം, മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, രാജ്യാന്തര വ്യാപാരം, സംസ്‌കരണം, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തുടങ്ങിയ കാര്‍ഷിക വൃത്തിയുടെ മുഴുവന്‍ തലങ്ങളും കമ്പനികളുടെ കുത്തകയായി മാറുകയാണ്. കൃഷിക്കാവശ്യമായ വിത്ത്, ജൈവ-രാസവളങ്ങള്‍, ജൈവ-രാസ കീടനാശിനികള്‍, കളനാശിനികള്‍, യന്ത്രോപകരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ കുത്തക കമ്പനികള്‍ കീഴടക്കി കഴിഞ്ഞിരുന്നു. ജീവിതത്തിന്റെ എല്ലാ തലങ്ങളും കോര്‍പറേറ്റ് ലോകം കടന്നു കയറി കീഴടക്കുമ്പോള്‍ കര്‍ഷകരുടെ സമരം ഒരു പ്രതീക്ഷയാണ്. നമുക്ക് വേണ്ടത് കര്‍ഷകരും അവര്‍ നടത്തുന്ന കൃഷിയും ഗ്രാമങ്ങളും ഗ്രാമങ്ങളിലെ ചെറുകിയ സാങ്കേതിക വിദ്യയിലുള്ള ഗ്രാമീണ വ്യവസായങ്ങളിലും തൊഴില്‍ സംഭരങ്ങളിലും അടിസ്ഥാനമുറപ്പിച്ച പുരോഗതിയും വികസനവുമാണ്. പുതിയ നിയമങ്ങളുടെ ഓരോ വ്യവസ്ഥകള്‍ പരിശോധിക്കുന്നതില്‍ വലിയ കാര്യമില്ല. അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും തകര്‍ച്ചകളുമാണ് നാം കണക്കിലെടുക്കേണ്ടത്. ആ പശ്ചാത്തലത്തില്‍ വേണം മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ കണക്കിലെടുക്കുവാന്‍. അതിന് കര്‍ഷകര്‍ വേറിട്ട അതിജീവനത്തിന്റെ ഒരു വഴി തെരഞ്ഞെടുക്കേണ്ടി വരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in