വിരാട് കോഹ്‌ലിയുടെ സന്ദര്‍ഭം

തന്റെ സഹകളിക്കാരന്റെ കളിയെക്കുറിച്ചല്ല മതത്തെയാണ് സോഷ്യല്‍മീഡിയ കഴുകന്മാര്‍ കൊത്തിപ്പറിച്ചത് എന്ന് കോഹ്‌ലി കൃത്യമായി തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല അതയാള്‍ പറയുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒളിമ്പ്യന്‍ നീരജ് ചോപ്ര ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കൃമികളെ നേരിട്ടിരുന്നു. ബുദ്ധിജീവികളല്ല ചോപ്രയും കോഹ്‌ലിയും. എന്തിന് കോളേജിന്റെ പടികൂടി കടന്നിട്ടില്ലാത്തവര്‍. അതുതന്നെയാണ് അവരുടെ ഇടപെടലിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. ഒട്ടും സങ്കോചമില്ലാതെ അപ്രിയസത്യങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറാണ്. നിങ്ങള്‍ ഈ കാട്ടുന്നത് തെറ്റാണ്, നിങ്ങള്‍ തിന്മ ചെയ്യുന്നു എന്നവര്‍ വിളിച്ചുപറയുമ്പോള്‍ ഒരു പുതിയ ഇന്ത്യ പിറക്കുന്നുണ്ട്.

അപ്രിയസത്യങ്ങള്‍ ഒട്ടും അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു ജോര്‍ജ്ജ് ഓര്‍വല്‍. ദി സ്‌പോര്‍ട്ടിംഗ് സ്പിരിറ്റ് എന്നൊരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്. സോവിയറ്റ് യൂണിയനില്‍ നിന്നുമുള്ള ഡൈനാമോ എന്ന ക്ലബ്ബും ലണ്ടന്‍ ആര്‍സനലും തമ്മില്‍ ഗ്ലാസ്‌ഗോവില്‍ നടന്ന ഒരു ഫുട്‌ബോള്‍ മത്സരം അടിയില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓര്‍വല്‍ ഈ ലേഖനം എഴുതിയത്. കായികമത്സരങ്ങള്‍ സാഹോദര്യം വളര്‍ത്തും എന്നും മറ്റുമുള്ള നടപ്പുധാരണകള്‍ തിരസ്‌ക്കരിച്ചുകൊണ്ട് ദേശീയതകള്‍ തമ്മിലുള്ള ആക്രമണം മാത്രമാണവ എന്നദ്ദേഹം ലേഖനത്തില്‍ പറഞ്ഞുവെച്ചു. മത്സരത്തിന്റെ ആക്രമണോത്സുകത ഏറ്റവുമധികം കാണപ്പെടുന്നത് കാണികളിലാണെന്നും അദ്ദേഹം എഴുതുന്നുണ്ട്. ഫാസിസത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാലത്ത് ജീവിച്ച ഓര്‍വ്വല്‍ ദേശീയത എന്ന സങ്കല്പത്തെ സംശയത്തോടെയാണ് കണ്ടത്. ഇടതും വലതുമായ സ്വേച്ഛാധിപത്യത്തെ അദ്ദേഹം വെറുത്തു. അന്താരാഷ്ട്രതലത്തില്‍ കായികമത്സരം യുദ്ധത്തെ അനുകരിക്കുന്നു. ശ്രദ്ധേയമായ കാര്യം കളിക്കാരുടെ പെരുമാറ്റമല്ല, കാണികളുടെ നിലയാണ്; കാണികള്‍ക്ക് പിന്നില്‍, ഓട്ടവും ചാട്ടവും പന്തുതൊഴിക്കലും ഏതോ ദേശീയ ഗുണങ്ങളാണ് എന്ന് വിശ്വസിച്ച് ആവേശംകൊള്ളുന്ന രാജ്യങ്ങളുണ്ട്-എന്നിങ്ങനെ ഓര്‍വ്വല്‍ ‘സ്‌പോര്‍ട്ടിംഗ് സ്പിരിറ്റി’നെ ഇഴപിരിച്ച് പരിശോധിക്കുന്നുണ്ട്.

‘ശരീര പങ്കാളിത്തം ഇല്ലാതിരിക്കുമ്പോഴും കാണികള്‍ തങ്ങളുടെ പക്ഷത്തിന് ആര്‍പ്പ് വിളിച്ചും എതിര്‍പക്ഷത്തെ കൂവിയും കളിയുടെ ഗതിയെ സ്വാധീനിക്കുന്നുണ്ട്. Serious sport has nothing to do with fair play. അത് വെറുപ്പും അസൂയയും പൊങ്ങച്ചംപറച്ചിലും നിയമനിഷേധവും അക്രമം വീക്ഷിക്കുന്നതില്‍ നീചമായി ആനന്ദം അനുഭവിക്കലുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അത് നിറയൊഴിക്കാതെയുള്ള യുദ്ധം തന്നെയാണ്. ഓര്‍വ്വല്‍ എഴുതുന്നു: ‘War minus the shooting’ എന്ന ഓര്‍വ്വലിന്റെ പ്രയോഗം തലക്കെട്ടാക്കി മൈക്ക് മാര്‍ക്കൂസി (Mike Marqusee) ഇന്ത്യാ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധത്തെ കുറിച്ച് പുസ്തകം തന്നെയെഴുതി.

ഇതൊക്കെ ഓര്‍ക്കാന്‍ കാരണം ട്വന്റി ട്വന്റി ലോകകപ്പാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ടു. ഒരു ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെടുന്നത് ആദ്യമായാണ്. ഈ ദയനീയ പരാജയത്തിന് മുഴുവന്‍ ടീമും ഉത്തരവാദിയായിരുന്നു. പേരുകേട്ട അടിക്കാര്‍-വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, രാഹുല്‍-ഒക്കെ പരാജയപ്പെട്ടു. ജസ്പ്രീത് ഭുമ്‌റ എന്ന അതിഗംഭീര ഫാസ്റ്റ് ബൗളര്‍ ഒരു വിക്കറ്റ് പോലുമെടുത്തില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ കഴുകന്മാര്‍ ലക്ഷ്യമിട്ടത് മുഹമ്മദ് ഷാമിയെയാണ്. അതി നീചമായിട്ടാണ് അയാള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടത്. അയാളുടെ ദേശസ്‌നേഹം തന്നെ ചോദ്യം ചെയ്യപ്പെട്ടു. സച്ചിനും സെഹ്‌വാഗും ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ ഷാമിയുടെ ക്രിക്കറ്റ് ജീവിതത്തെ പുകഴ്ത്തിക്കൊണ്ട് അയാള്‍ക്ക് പിന്തുണ നല്കി. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മിണ്ടിയത്. അയാളുടെ വാക്കുകള്‍ ഇങ്ങനെ: ”ഒരു മനുഷ്യനെ അയാളുടെ മതവിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കുന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. അഭിപ്രായം പറയാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഒരാളെ അയാളുടെ മതത്തിന്റെ പേരില്‍ അപമാനിക്കുന്നത് ആലോചിക്കാനേ കഴിയുന്നില്ല. വിശ്വാസം പരിപാവനവും വ്യക്തിപരവുമാണ്.” എന്നിങ്ങനെപോയി കോഹ്‌ലിയുടെ വാക്കുകള്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമകാലിക ഇന്ത്യയുടെ ഒരു പ്രധാന ചരിത്രസന്ദര്‍ഭമായിരുന്നു കോഹ്‌ലിയുടെ പത്രസമ്മേളനം. അയാളുടെ മനോഹരമായ കവര്‍ ഡ്രൈവ് പോലെ നേര്‍രേഖയില്‍ കുറ്റമറ്റ രീതിയിലാണ് അയാളുടെ വാക്കുകളും ലക്ഷ്യം കണ്ടത്. തന്റെ സഹകളിക്കാരന്റെ കളിയെക്കുറിച്ചല്ല മതത്തെയാണ് സോഷ്യല്‍മീഡിയ കഴുകന്മാര്‍ കൊത്തിപ്പറിച്ചത് എന്ന് കോഹ്‌ലി കൃത്യമായി തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല അതയാള്‍ പറയുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒളിമ്പ്യന്‍ നീരജ് ചോപ്ര ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കൃമികളെ നേരിട്ടിരുന്നു. ബുദ്ധിജീവികളല്ല ചോപ്രയും കോഹ്‌ലിയും. എന്തിന് കോളേജിന്റെ പടികൂടി കടന്നിട്ടില്ലാത്തവര്‍. അതുതന്നെയാണ് അവരുടെ ഇടപെടലിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. ഒട്ടും സങ്കോചമില്ലാതെ അപ്രിയസത്യങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറാണ്. നിങ്ങള്‍ ഈ കാട്ടുന്നത് തെറ്റാണ്, നിങ്ങള്‍ തിന്മ ചെയ്യുന്നു എന്നവര്‍ വിളിച്ചുപറയുമ്പോള്‍ ഒരു പുതിയ ഇന്ത്യ പിറക്കുന്നുണ്ട്. മതവിരുദ്ധതയ്ക്കും മുസ്‌ലിം വിരുദ്ധതയ്ക്കും എതിരെ നിലപാട് എടുക്കേണ്ട കടമ ലിബറല്‍ ബുദ്ധിജീവികളുടേത് മാത്രമാണ് എന്നു ജനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാലത്താണ് കോഹ്‌ലി കൃത്യമായി വ്യക്തമായി സത്യം ഉച്ചരിച്ചത്. രാജ്യത്തെ പ്രബലരായ ഒരു സാമൂഹ്യശക്തിയാണ് ഹിന്ദുത്വ വലതുപക്ഷം. അവര്‍ക്ക് സര്‍ക്കാരിന്റെ, സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സാംസ്‌കാരിക പക്ഷത്തിന്റെ പരോക്ഷ പിന്തുണയെങ്കിലുമുണ്ട്. കടന്നല്‍ക്കൂടിളകിയതുപോലെ ഷാമിയെ ആക്രമിച്ചവര്‍ കോഹ്‌ലിക്ക് എതിരെ തിരിഞ്ഞു. അയാളുടെ ഒന്‍പതുമാസം മാത്രമുള്ള കുഞ്ഞിനെപ്പോലും അവര്‍ വെറുതെ വിട്ടില്ല. കോഹ്‌ലിക്ക് അപരിചിതമായ ഒരു ഇന്ത്യയായിരിക്കണം ഇപ്പോള്‍ അയാള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ശരിയാണ്, കായികമത്സരം യുദ്ധം തന്നെയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണ്ണടയില്‍ കൂടി മനുഷ്യരെ, ലോകത്തെ ചുരുക്കിക്കാണുന്ന, നികൃഷ്ട ജന്മങ്ങളുടെ ആക്രമണത്തില്‍ തകരുന്നത് സമൂഹത്തിന്റെ കെട്ടുറപ്പ് തന്നെയാണ് എന്ന് കളിക്കളത്തിലെ മര്യാദകള്‍ കോഹ്‌ലിയെ പഠിപ്പിച്ചിരിക്കണം. (ടീം ഇന്ത്യയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ല എന്നും കോഹ്‌ലി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.) താന്‍ പരാജയപ്പെടുമ്പോഴും നന്നായി കളിച്ച എതിരാളിയെ അഭിനന്ദിക്കണമെന്ന മര്യാദ കായികതാരത്തിന്റെ മര്യാദയാണ്. ദിക്കറിയാത്ത കാണിക്ക് ആ വഴക്കം പരിചിതമായിരിക്കണമെന്നില്ല. എന്നാല്‍ രണ്ട് പതിറ്റാണ്ടിനപ്പുറം വസിം അക്രമും കൂട്ടരും ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ മദിരാശിയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ കാണികള്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് സ്റ്റാന്‍ഡിംഗ് ഒവേഷന്‍ നല്‍കിയിരുന്നു. ദ്രാവിഡ രാഷ്ട്രീയം അതില്‍ ദേശദ്രോഹം കണ്ടില്ല. 2021 ല്‍ കാശ്മീരി കുട്ടികള്‍ പാക്കിസ്ഥാന് ജയ് വിളിച്ചു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ദേശദ്രോഹം(സെഡിഷന്‍) കണ്ടു. ഭരണഘടന സംരക്ഷണം നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം ഇരുമ്പുലക്കയല്ല എന്ന് ആദിത്യനാഥ് പറയുമായിരിക്കും. ക്രിക്കറ്റ് കളത്തിലെ കളിക്കാര്‍ കളിക്കാര്‍ മാത്രമെന്ന് കോഹ്‌ലി പറഞ്ഞേക്കാം. കാണികള്‍ക്ക് അവര്‍ ഹിന്ദുവും മുസല്‍മാനും മാത്രം. ഏതൊരു വ്യക്തിയെയും അയാളുടെ മതസ്വത്വത്തില്‍ ചുരുക്കിവായിക്കുന്ന പ്രവണത ഇന്നിന്റെ default setting ആണെന്ന് നമുക്കറിയാം. തെണ്ടുല്‍ക്കറിന്റെ സ്‌ട്രെയിറ്റ് ഡ്രൈവില്‍ ഹിന്ദുവിനേയും അസ്ഹറുദ്ദീന്റെ ഫ്‌ളിക്കില്‍ മുസ്‌ലിമിനേയും കാണുന്നവരെ എന്തു പേരിട്ട് വിളിക്കണം?

ഓര്‍വ്വല്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായാണ് കാരിബ്ബിയന്‍ എഴുത്തുകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായിരുന്ന സി.എല്‍.ആര്‍ ജെയിംസ് കളിയെ, പ്രത്യേകിച്ചും ക്രിക്കറ്റിനെ കണ്ടത്. ഒരു ജനതയുടെ ആത്മാവിഷ്‌കാരം കൂടിയാണ് അവരുടെ സ്‌പോര്‍ട്‌സ് എന്നദ്ദേഹം കരുതുന്നുണ്ട്. വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് കാരിബ്ബിയന്‍ ദ്വീപു സമൂഹത്തിന്റെ സാംസ്‌കാരിക സ്വത്വമാണെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ലിയറി കോണ്‍സ്റ്റാന്റൈന്‍ എന്ന വെസ്റ്റ് ഇന്ത്യന്‍ കളിക്കാരനെ അദ്ദേഹം ആ സമൂഹത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമായി കണ്ടു. ആത്മകഥാപരമായ Beyond A Boundary ജെയിംസിന്റെ മാത്രമല്ല കോണ്‍സ്റ്റാന്റ്റെസിന്റെ ജീവിതകഥ കൂടിയാണെന്ന് പറയാം-കോണ്‍സ്റ്റാന്റൈനെ കുറിച്ച് ജെയിംസ് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.

പില്‍ക്കാലത്ത് ജെയിംസ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറായ സോബര്‍സ് നെക്കുറിച്ച് ദി റപ്രസന്റേറ്റീവ് മാന്‍ എന്നൊരു ലേഖനം എഴുതുന്നുണ്ട്. ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന ഒരു ലേഖനത്തിന് മറുപടിയായിട്ടാണ് ജെയിംസ് തന്റെ കുറിപ്പ് എഴുതുന്നത്. ഡെനിസ് റൗബോട്ടം എന്ന കളിയെഴുത്തുകാരന്‍ സോബര്‍സിന് പ്രാപ്പിടിയന്റെ കണ്ണുകളും കരിമ്പുലിയുടെ ശക്തിയും കാളക്കൂറ്റന്റെ ശരീരഘടനയുമാണെന്ന് എഴുതുന്നുണ്ട്. ഈ വിവരണത്തിലെ ൃമരശേെ പ്രകൃതം തിരിച്ചറിഞ്ഞുകൊണ്ട് ജെയിംസ് സോബര്‍സ് എന്ന ലോകോത്തര കളിക്കാരനെ ക്രിക്കറ്റിന്റെ ക്ലാസിക്കല്‍ ഫ്രെയ്മിനകത്ത് വച്ചുകൊണ്ട് വിലയിരുത്തുകയാണ്. അതു ചെയ്യുന്നത് എന്തുകൊണ്ടെന്നാല്‍, ജെയിംസിന്റെ വാക്കുകളില്‍: ‘Garfield Sobers, I shall show, is a West Indies cricketer, not merely a cricketer from the West Indies. He is the most typical West Indies cricketer that is possible to imagine. All geniuses are merely people who carry to an extreme definitive the characteristics of the unit of civilisation to which they belong and the special act or function which they express or practice.’

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ യുവതയുടെ പ്രതിപുരുഷന്‍ എന്ന് കോഹ്‌ലിയെ വിളിക്കാമോ എന്നറിയില്ല. എങ്കിലും, പുതിയ ഇന്ത്യയുടെ പ്രതിനിധി തന്നെയാണയാള്‍. നീരജ് ചോപ്രയും കോഹ്‌ലിയും ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഇന്ത്യന്‍ സെക്കുലറിസത്തിന്റെ പതാകയൊന്നുമല്ല. പക്ഷേ, സഹജീവികളെ, പൊതുവില്‍ മനുഷ്യരെ പ്രാഥമികമായി മനുഷ്യരായി തന്നെ കാണുമെന്നുള്ള വിശ്വാസത്തിന്റെ കൊടിയാണത്. ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ അത് പുതിയതാണ്. പണ്ട്, 1968ല്‍, അമേരിക്കന്‍ അത്‌ലറ്റുകള്‍-ടോമി സ്മിത്ത്, ജോണ്‍കാര്‍ഗേസ്-എന്നിവര്‍ ഒളിമ്പിക് മെഡല്‍ദാന വേളയില്‍ ദേശീയഗാനം മുഴക്കവെ തലകുനിച്ച് മുഷ്ടിചുരുട്ടി വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിഷേധിക്കുകയുണ്ടായി. അതേ ഒളിമ്പിക്‌സില്‍ ലീ ഇവാന്‍സ് 400 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോര്‍ഡ് ഇട്ടശേഷം കറുത്ത തൊപ്പി ധരിച്ച് ബ്ലാക്ക് പാന്തേഴ്‌സിന് അഭിവാദ്യം അര്‍പ്പിക്കുകയുണ്ടായി. Black lives Matter ന് സാഹോദര്യം പ്രഖ്യാപിച്ചുകൊണ്ട് കളിക്കാര്‍ ഇന്ന് കളത്തില്‍ മുട്ടുകുത്തുന്നുണ്ട്. ഈ കളിക്കള രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് വിരാട് കോഹ്‌ലിയുടെ വാക്കുകളെ അടയാളപ്പെടുത്തേണ്ടത്. കാരണം, ഷാമിയും ഒരു പ്രതീകമാണ്. ഹിന്ദുത്വരാഷ്ട്രീയം ആക്രമണത്തിനായി നിര്‍മ്മിച്ചിരിക്കുന്ന അപരസ്വത്വത്തിന്റെ പ്രതിനിധി കൂടിയാണ് ഷാമി. ഷാമിയുടെ നിഴലില്‍ അഖ്‌ലാഖിനേയും മറ്റനേകം പേരെയും നമുക്ക് സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്നതാണ്. ലക്ഷക്കണക്കിന് പേര്‍ ട്വിറ്ററിലും മറ്റും ശ്രദ്ധിക്കുന്ന യുവജനതയുടെ ആരാധനാ പാത്രമായ കോഹ്‌ലി ഷാമിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ അതിന്റെ മാനങ്ങള്‍ ക്രിക്കറ്റില്‍ ഒതുങ്ങുന്നില്ല. ഓര്‍ത്തുവെക്കേണ്ട ഒരു സന്ദര്‍ഭമാണിത്.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply