കേരളത്തില്‍ നടക്കുന്ന സൂക്ഷ്മ രാഷ്ട്രീയപരിണാമത്തെ കുറിച്ച്
കേരളം എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യം ഏതൊരു ജനാധിപത്യ – മതേതരവാദിയും ചോദിക്കുന്ന രീതിയിലാണ് നമ്മുടെ സാമൂഹ്യജീവിതം കടന്നുപോകുന്നത്. രാജ്യം ഫാസിസത്തിലേക്കാണ് നീങ്ങുന്നതെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുമ്പോഴും കേരളം ഫാസിസത്തെ ചെറുക്കുമെന്നും അതിനുള്ള ഇടതുപക്ഷ അവബോധം നമുക്കുണ്ടെന്നും നിരന്തരം നമ്മള്‍ കേള്‍ക്കുന്നതാണ്. എന്നാല്‍ സത്യമെന്താണ്? സംഘപരിവാര്‍ ശക്തികള്‍ക്ക് എണ്ണത്തില്‍ മൂന്നാം സ്ഥാനമേ കേരളത്തിലുള്ളു എങ്കിലും സാമൂഹ്യ – സാംസ്‌കാരിക മേഖലകളില്‍ അവരുടെ ആധിപത്യം വളരെ ശക്തമാണെന്നു തന്നെയാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാകുന്നത്. എല്‍ഡിഎഫിലും യുഡിഎഫിലുമെല്ലാം അതിന്റെ അന്തര്‍ധാര കൂടുതല്‍ കൂടുതല്‍ പ്രകടമായികൊണ്ടിരിക്കുകയാണ്. എന്തിനേറെ മതവിഭാഗങ്ങള്‍ പോലും ആ ദിശയില്‍ നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ രണ്ടുദിവസത്തില്‍ സംസ്ഥാനത്തുണ്ടായ ചില സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ നാമിന്ന് എവിടെയെത്തിയിരിക്കുന്നു എന്നു ബോധ്യമാകും.
എന്‍ ഐ എയും സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരും തള്ളിക്കളഞ്ഞിട്ടും മുന്‍ ഡിജിപി ബഹ്‌റ പറഞ്ഞു എന്ന ന്യായത്തില്‍ ഇവിടെ ലൗജിഹാദ് മാത്രമല്ല, ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നും മുസ്ലിമുകളാണ് അതിനു പുറകിലെന്നും കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ഒരു ബിഷപ്പിനു പറയാന്‍ ധൈര്യം തോന്നുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇതേ ബിഷപ്പ് ആരോപിച്ചിരുന്നു. പരമാവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്ന കൃസ്ത്യന്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായവും പ്രഖ്യാപിച്ച് അധികദിവസമായില്ല. അമുസ്ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ഈ ജിഹാദുകള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നാണ് ബിഷപ്പിന്റെ ഇപ്പോഴത്തെ വെളിപാട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയാണത്രെ. സൗഹൃദം തെരഞ്ഞെടുക്കുന്നത് സര്‍പ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നാണ് കുട്ടികളോട് അദ്ദേഹത്തിന്റെ ഉപദേശം. സത്യത്തില്‍ സ്വന്തം സമുദായത്തിലെ യുവജനങ്ങളെപോലും ഇതിലൂടെ അദ്ദേഹം അധിക്ഷേപിക്കുകയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജീവിതം മുഴുവന്‍ പാവപ്പെട്ടവര്‍ക്കായി മാറ്റിവെച്ച്, ഫലത്തില്‍ ഭരണകൂടത്താല്‍ കൊല ചെയ്യപ്പെട്ട സ്റ്റാന്‍ സ്വാമി, ഒറീസയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൃസ്ത്യന്‍ വേട്ട, ഗ്രഹാംസ്റ്റെയിനിനെ ചുട്ടുകൊന്നത് തുടങ്ങിയ സംഭവങ്ങളിലോ അഭയ മുതല്‍ ബിഷപ്പ് ഫ്രാങ്കോവരെയുള്ള കേസുകളിലോ ഒരക്ഷരം മിണ്ടാത്തവാണ് ഇപ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. കൃസംഘി എന്ന നാമധേയം തന്നെയാണ് ഇവിടെ അര്‍ത്ഥവത്താകുന്നത്. ബിഷപ്പിനെ പിന്തുണച്ച് കേന്ദ്രമന്ത്രിയും രംഗത്തുണ്ട്. കേരളത്തെ ഇസ്ലാമിക രാഷ്ട്രമാക്കാനാണ് നീക്കമെന്നാണ് അദ്ദേഹത്തിന്റെ വെളിപാട്. സത്യത്തില്‍ സംഘപരിവാര്‍ ശത്രുക്കളായി കാണുന്നവരുടെ പട്ടികയില്‍ മുസ്ലിമുകള്‍ക്കൊപ്പം തങ്ങളുമുണ്ടെന്നതെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇത്തരം വാചകങ്ങള്‍ ബിഷപ്പില്‍ നിന്ന് വരില്ലായിരുന്നു. അതിനേക്കാളുപരി അദ്ദേഹത്തിന് ഇതിനുള്ള ധൈര്യം ലഭിക്കുന്ന രീതിയില്‍ കേരളം മാറി എന്നതാണ് പ്രധാനം. സംഭവവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്നതായി ആരോപിച്ച് പലരും പരാതി കൊടുത്തിട്ടുണ്ട്. എന്തു നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിക്കുക എന്നു കാത്തിരുന്നു കാണാം.
ബിഷപ്പിന്റെ പ്രസ്താവനക്കു തൊട്ടുപുറകെയാണ് ഇടതുപക്ഷ കോട്ടയായ കണ്ണൂരില്‍ നിന്നു മറ്റൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നത്. കണ്ണൂര്‍ സര്‍വകലാശാല എം എ ഗവേര്‍ണനന്‍സ് ആന്‍ഡ് പൊളിറ്റിക്ക്‌സിന്റെ സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍കൊള്ളിച്ചതാണ് വിവാദമായിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും സമാനസംഭവങ്ങള്‍ നടക്കുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയരുന്ന പ്രദേശമാണ് കേരളം. സ്വാഭാവികമായും ഇടതുപക്ഷം തന്നെയാണ് പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ വരാറുള്ളത്. ഇപ്പോഴിതാ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍, അവര്‍ തന്നെ നിയന്ത്രിക്കുന്ന സര്‍വ്വകലാശാലയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എതിര്‍ക്കുന്നവരെല്ലാം താലിബാനിസ്റ്റുകളാണെന്നാണ് വി സി പറയുന്നത്. എസ് എഫ് ഐ മാത്രമല്ല ഇടതുപക്ഷ ബുദ്ധിജീവികളും തീരുമാനത്തെ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുന്നു. പഠിച്ചിട്ട് വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണവരുടെ ചോദ്യം. അതേചോദ്യം മറ്റു സംസ്ഥാനങ്ങളിലും ചോദിക്കാമല്ലോ. അതിനേക്കാളുപരി മുസ്ലിമുകളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും ശത്രുക്കളായി പ്രഖ്യാപിച്ച, ബ്രിട്ടീഷുകാര്‍ക്കെതിരെയല്ല ഇവര്‍ക്കെതിരെയാണ് പോാടേണ്ടതെന്നു പറഞ്ഞ്, ബ്രിട്ടീഷുകാരോട് മാപ്പു ചോദിച്ച, ഗാന്ധിവധത്തിന് കാരണമായവരുടെ ചിന്തകളാണോ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കേണ്ടത് എന്ന ചോദ്യമാണ് പ്രധാനം. അതും ഗാന്ധിക്കും അംബേദ്കര്‍ക്കും നെഹ്‌റുവിനുമൊപ്പം. ചരിത്രം തിരുത്തിയെഴുതുക എന്ന സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത് എന്നതുപോലും തിരിച്ചറിയാണ് ഇവര്‍ക്കാകുന്നില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസമനമന്ത്രിയും തണുപ്പന്‍ നിലപാടാണ് പറഞ്ഞത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വി സി യോട് വിശദീകരണം ചോദിച്ചിട്ടുണ്ട് എന്നത് സ്വാഗതാര്‍ഹം തന്നെ. എന്തായാലും ഈ സംഭവവും സൂചിപ്പിക്കുന്നത് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ പരിണാമങ്ങളെയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ ഇപ്പോള്‍ സജീവചര്‍ച്ചാവിഷയമായ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് മറ്റൊന്ന്. മലയാളികളുടെ പ്രിയകവിയായിരുന്ന കുമാരനാശാന്‍ ബോട്ടുമുങ്ങി മരിച്ചതിന്റെ ദുരൂഹത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്തുവന്നിരിക്കുന്നു എന്ന വാര്‍ത്തയാണത്. കലാപത്തെ ശക്തമായി വിമര്‍ശിച്ച് ദുരവസ്ഥ എന്ന പേരില്‍ കവിത രചിച്ചതിന്റെ പേരില്‍ കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു എന്നും കവിത പിന്‍വലിക്കണമെന്ന മുസ്ലീം സംഘടനകളുടെ ആവശ്യത്തെ തള്ളിക്കളത്ത അദ്ദേഹം പിന്നീടുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെടുകയായിരുന്നു എന്നും ഇത് തികച്ചും ആകസ്മികമായി കാണാനാവില്ലെന്നുമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി .ബാബു പറയുന്നത്. ഒരടിസ്ഥാനവുമില്ലാതെ എന്തു വര്‍ഗ്ഗീയ പ്രസ്താവനയും നടത്താമെന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. വാരിയം കുന്നത്തിനെ സ്വാതന്ത്ര്യ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കാനുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്ന് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അതിനു തെളിവാണ്. കലാപത്തെ കുറിച്ച് എത്രയോ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എത്രയോ പുസ്തകങ്ങള്‍ അതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. കലാപത്തിലുണ്ടായ പല വ്യതിയാനങ്ങളും ശരിയായിരുന്നില്ല എന്നംഗീകരിക്കുമ്പോഴും അതിനുള്ള കാരണങ്ങള്‍ എത്രയോ പേര്‍ വിശദീകരിച്ചിരിക്കുന്നു. അതേസമയം കലാപത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ബ്രിട്ടീഷ് വിരുദ്ധതയാണെന്നും അംഗീകരിക്കപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കലാപത്തില്‍ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളായി അംഗീകരിച്ചത്. അതിനെയാണ് ചരിത്രം തിരുത്തിയെഴുതുക എന്ന നയത്തിന്റെ ഭാഗമായി കേന്ദ്രം തിരുത്തിയത്. ഈ തീരുമാനത്തെ സംഘപരിവാര്‍ വിരുദ്ധരെന്നു സ്വയം വിശേഷിക്കുന്ന പലരും പിന്തുണക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഈ വിഷയങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന മറ്റൊന്നു കൂടി ചൂണ്ടികാട്ടട്ടെ. പൊതുവില്‍ ബഹിഷ്‌കൃത വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമം എന്ന പ്രസിദ്ധീകരണം ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് ഇടതുപക്ഷക്കാരടക്കം നടത്തുന്ന കാമ്പയിനാണത്. താലിബാനുമായി ബന്ധപ്പെട്ട ഒരു തലകെട്ടിലെ ഒരു ഭാഗത്തിന്റെ പേരിലാണ് നീക്കം. അമേരിക്കന്‍ അധിനിവേശം വിട്ടുപോയെങ്കിലും അഫ്ഗാന്‍ സ്വതന്ത്രമാണോ എന്ന ചോദ്യം ശരിയാണ്. വിദേശ അധിനിവേശ ശക്തിപോയാലും ആഭ്യന്തര അധിനിവേശ ശക്തികള്‍ അഫ്ഗാന്‍ ജനതക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം സമാനമായ രീതിയില്‍ ഹിന്ദു പത്രമടക്കം മുഖപ്രസംഗമെഴുതിയല്ലോ. ഭദ്രകുമാറിനെപോലുള്ള ഉദ്യോഗസ്ഥരും ഏറെക്കുറെ സമാനമായ ആശയങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രസ്തുത പ്രസിദ്ധീകരണത്തിനെതിരായ നീക്കങ്ങളുടെ പ്രചോദനം ഈ പാതിതലക്കെട്ടാണെന്നു കരുതാനാകില്ല. മുകളില്‍ സൂചിപ്പിച്ച സംഭവങ്ങളുടെ തുടര്‍ച്ചയാണ്, അഥവാ കേരളത്തില്‍ നടക്കുന്ന സൂക്ഷ്മമായ രാഷ്ട്രീയ പരിണാമങ്ങളുടെ ഭാഗമായിതന്നെവേണം ഈ നീക്കത്തേയും കാണാന്‍. ആ പരിണാമമെന്താണെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. ബിഷപ്പിന്റെ വര്‍ഗ്ഗീയ പ്രസംഗം പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ച ദീപികക്കെതിരെ ബഹിഷ്‌കരണാഹ്വാനം കാണുന്നുമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in