ദുരിതബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണം

വയനാട്ടിലെ ദുരിതബാധിതരായ മനുഷ്യരുടെ സാമ്പത്തിക വിഷയങ്ങളുമായി/ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വയനാട് ചൂരല്‍മല റിലീഫ് സെന്റര്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.

വയനാട്ടിലെ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികളോട് സംസാരിച്ചപ്പോഴും മേപ്പാടി പഞ്ചായത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുമായി സംസാരിച്ചപ്പോഴും ഈ നഷ്ടങ്ങളുടെ ആഴം ഞങ്ങള്‍ തിരിച്ചറിഞ്ഞു. നാനൂറിലധികം മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ടു, വളര്‍ത്തു മൃഗങ്ങള്‍ മുഴുവന്‍ മരണപ്പെട്ടു. കെട്ടിടങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു, ഉപജീവനമാര്‍ഗങ്ങള്‍ തകര്‍ന്നു, കൃഷിഭൂമി നശിച്ചു, അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ ഇല്ലാതായി, വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വത്തു സമ്പാദ്യങ്ങളുടെ ഔദ്യോഗിക രേഖകള്‍ തുടങ്ങി ഒരു മനുഷ്യായുസ്സില്‍ അവര്‍ സ്വരുക്കൂട്ടിയതെല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ട നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്കാണ് വയനാട്ടിലെ ദുരിത ബാധിതര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

നഷ്ടം സംഭവിച്ചവരില്‍ ഭൂരിപക്ഷം പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരോ ചരിത്രപരമായ പല തരത്തിലുള്ള അരികുവല്‍ക്കരണം നേരിട്ടവരോ ആയ ആളുകള്‍ ആണ് എന്നുള്ളതാണ് ഇവിടെ നമ്മള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. മേല്‍പ്പറഞ്ഞ നഷ്ടങ്ങളില്‍ പലതും, ഉദാഹരണത്തിന് വീട്, വാഹനം, കൃഷി, സംരംഭങ്ങള്‍, വിദ്യാഭ്യാസം, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ അവര്‍ നേടിയെടുത്തത് സര്‍ക്കാര്‍ സര്‍ക്കാരിതര ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ സ്വകാര്യ ഇടപാടുകാരോ നല്‍കുന്ന വായ്പകള്‍ വഴിയാണ്. അതില്‍ സ്വര്‍ണ്ണ പണയ വായ്പ്പ മുതല്‍, ഭവനവായ്പകള്‍, കാര്‍ഷിക വായ്പകള്‍, വാഹന വായ്പകള്‍, എസ്എച്ച്ജി വായ്പകള്‍, മുദ്ര ഉള്‍പ്പെടെയുള്ള എംഎസ്എംഇ വായ്പകള്‍ തുടങ്ങി വലിയ പലിശ നിരക്ക് ഈടാക്കി നല്‍കുന്ന വ്യക്തിഗത വായ്പകള്‍ വരെയുണ്ട്. ഈ വായ്പ്പകളുടെ അടവുകള്‍ എല്ലാം തന്നെ ഈ മാസം മുതല്‍ അടക്കാന്‍ കഴിയാതെ വലിയ കടക്കെണിയില്‍ പെട്ടുപോകുന്ന ഒരവസ്ഥയിലാണ് ദുരിതബാധിതരായ ഓരോ മനുഷ്യരും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്തങ്ങള്‍ ആ മനുഷ്യരില്‍ ഉണ്ടാക്കിയ ആഘാതങ്ങള്‍ എളുപ്പം പരിഹരിക്കാവുന്ന ഒന്നല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ സാഹചര്യങ്ങളോട് മാനസികമായി പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. സര്‍ക്കാരിന്റെയും നമ്മുടെ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും മാനസികവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് അവരുടെ പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപെടാനുള്ള ധൈര്യവും ശക്തിയും ഉണ്ടാകുകയുള്ളൂ. സര്‍ക്കാരും പൊതുസമൂഹവും ഇക്കാര്യങ്ങളില്‍ വളരെ നല്ല ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. വായ്പ്പകളുടെയും ഇന്‍ഷുറന്‍സ് അടക്കമുള്ള മറ്റു സേവനങ്ങളുടെയും തിരിച്ചടവിനായി ഒരു മോറട്ടോറിയം പ്രഖ്യാപിച്ച തീരുമാനവും തുടര്‍ന്ന് കേരള ബാങ്ക് ചൂരല്‍മല ബ്രാഞ്ച് ദുരിതബാധിതരായ മനുഷ്യരുടെ കടങ്ങള്‍ എഴുതിത്തള്ളിയ കേരള സര്‍ക്കാരിന്റെ തീരുമാനവും അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ദുരിതബാധിതരായ മനുഷ്യരുടെ മറ്റു ബാങ്കുകളിലെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വായ്പ്പകളുടെയും സാമ്പത്തിക ബാധ്യതകളുടെയും കാര്യത്തില്‍ ഇതു വരെ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാന്‍ ആയിട്ടില്ല.

ദുരിതബാധിതരായ മനുഷ്യര്‍ക്ക് മേല്‍പ്പറഞ്ഞ വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാമൂഹിക സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടത് പൊതു സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാതാദിത്വമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കമ്മിറ്റിയുമായും സ്റ്റേറ്റ് ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായും ധനമന്ത്രാലയവുമായും മറ്റ് പ്രധാനപ്പെട്ട ധനകാര്യ ഭരണപരമായ സ്ഥാപനങ്ങളുമായും ചര്‍ച്ച ചെയ്ത് വയനാട്ടിലെ നേരിട്ട് ദുരിത ബാധിതരായ മുഴുവന്‍ മനുഷ്യരുടെയും സാധ്യമായ എല്ലാ കടങ്ങളും എഴുതി തള്ളണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഈ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കണം എന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ തീരുമാനം കൈക്കൊള്ളണം എന്നും ദുരിത ബാധിതരുടെ സാമ്പത്തിക ഭാരം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും അഭ്യര്ഥിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വയനാട്ടിലെ ദുരിതബാധിതരായ മനുഷ്യരുടെ സാമ്പത്തിക വിഷയങ്ങളുമായി/ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വയനാട് ചൂരല്‍മല റിലീഫ് സെന്റര്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍

1) വയനാട്ടിലെ പ്രളയ ബാധിതരായ വ്യക്തികളുടെ പേരിലുള്ള ഭവനവായ്പകള്‍, കാര്‍ഷിക വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വാഹന വായ്പകള്‍, എസ്എച്ച്ജി വായ്പകള്‍, മുദ്ര ഉള്‍പ്പെടെയുള്ള എംഎസ്എംഇ വായ്പകള്‍, സ്വര്‍ണ്ണ വായ്പകള്‍ എന്നിവ സര്‍ക്കാര്‍ ഇടപെട്ട് പൂര്‍ണമായും എഴുതി തള്ളുക.

2) വായ്പയുമായി ബന്ധപ്പെട്ടു വ്യക്തികളും അവരുടെ സ്ഥാപനങ്ങളും നല്‍കിയ ഈടുമായി ബന്ധപ്പെട്ട രേഖകള്‍ (പ്രോപ്പര്‍ട്ടി പേപ്പറുകള്‍, സ്വര്‍ണം, ഗ്യാരന്റി ചെക്കുകള്‍ തുടങ്ങിയ സുരക്ഷാ രേഖകള്‍) അവര്‍ക്ക് തിരികെ നല്‍കുകയും ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുകയും ചെയ്യുക.

3) പരോക്ഷമായ രീതിയില്‍ ദുരിതബാധിതരായവര്‍ക്ക് വായ്പകള്‍ തിരിച്ചടക്കാന്‍ അവരുടെ സാമ്പത്തിക നിലയനുസരിച്ച് സമയം അനുവദിക്കുക. വായ്പകള്‍ റീസ്ട്രക്ക്ച്ചര്‍ ചെയ്ത് തിരിച്ചടവ് എളുപ്പമാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തുക. പലിശ പേയ്മെന്റുകള്‍, ബാങ്ക് ചാര്‍ജുകള്‍, പിഴകള്‍ എന്നിവ ഒഴിവാക്കുന്ന രീതിയില്‍ തന്നെ മൊറൊട്ടോറിയം പ്രഖ്യാപിക്കുക.

4) മുത്തൂറ്റ്, ശ്രീരാം, മണപ്പുറം പോലുള്ള സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളില്‍ നിന്നും വായ്പകള്‍ എടുത്തിട്ടുള്ള ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാന്‍ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുക.

5) വായ്പ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദുരിതബാധിതരായ മനുഷ്യരുടെ CIBIL സ്‌കോറുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാന്‍ ഇടയുള്ള ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് ദുരിതബാധിതരായവരുടെ ക്രെഡിറ്റ് സ്‌കോറുകള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുക.

6) മൊറട്ടോറിയത്തിന് അതുപോലെ തന്നെ വായ്പ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കുറ്റമറ്റ രീതിയിലുള്ള ഒരു സംവിധാനം രൂപപ്പെടുത്തുകയും എല്ലാവരുടെയും സഹകരണത്തോടെ അത് നടപ്പിലാക്കുകയും ചെയ്യുക.

7) കൃഷിയുടെയും ചെറുകിട വ്യവസായങ്ങളുടെയും പുനര്‍നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നതിന് പലിശ സബ്സിഡിയോടെ പുതിയ പലിശ രഹിത വായ്പകള്‍/വായ്പകള്‍ നല്‍കുക.

8) പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പുനഃസ്ഥാപന പരിപാടിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിക്കുക.

9) ഇന്‍ഷുറന്‍സ് ഏജന്‍സികളുമായി ഏകോപിപ്പിച്ച് ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് ഉറപ്പുവരുത്തുക.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സമയോചിതമായി നടപ്പിലാക്കുകയാണെങ്കില്‍ അത് ദുരിതബാധിതരായ വയനാട്ടിലെ മനുഷ്യരുടെ വരും ജീവിതങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുകയും, ദുരിതബാധിത മേഖലയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനും സാമ്പത്തിക ഉന്നമനത്തിനും സമഗ്രമായ വികസനത്തിനും ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സംസ്ഥാന സര്‍ക്കാരും ഈ വിഷയവുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളും ഈ അഭ്യര്‍ത്ഥനയും നിര്‍ദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കണം എന്നും ഇത് നടപ്പില്‍ വരുത്തുവാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളണം എന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വയനാട്ടിലെ ദുരിതബാധിതരായ മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരെയും സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

വിശ്വസ്തതയോടെ…

വയനാട് ചൂരല്‍മല റിലീഫ് സെന്റര്‍ പ്രവര്‍ത്തക സമിതിക്ക് വേണ്ടി…

ജിതിന്‍ എം, മുഹമ്മദ് ഷെമീര്‍ കെ പി, അബ്ദുള്‍ ലത്തീഫ് സി പി, അമ്പിളി റെജി, റിയാസ് കെ സി, റംസീന ഉമൈബ, ശരത് ചേലൂര്‍
സന്നദ്ധ പ്രവര്‍ത്തകര്‍, ചൂരല്‍മല റിലീഫ് സെന്റര്‍, മേപ്പാടി, വയനാട്

9809477058, 8943221148
chooralmalareliefcentre@gmail.com

ചൂരല്‍മല റിലീഫ് സെന്റര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/H5VMvu6ohirHzWFCIXQKaA

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply