‘LA-TOMATINA’ വേട്ടക്കാരും ഇരകളും മുഖാമുഖം

ഒരു ഏകാധിപത്യ സര്‍ക്കാരിനു തലവേദനയുണ്ടാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഒരു യൂടൂബ് ചാനല്‍ മാധ്യമപ്രവര്‍ത്തകനെവേട്ടയാടാനും, നിശ്ശബ്ദനാക്കാനും, ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെപ്പിക്കാനുമായി, ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതില്‍ നിന്നുമാണ് ‘ലാ ടൊമാറ്റിന’ എന്ന സിനിമ തുടങ്ങുന്നത് – സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത, ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന (ഇന്ത്യയില്‍ മാത്രം) ‘LA-TOMATINA – ചുവപ്പുനിലം’ എന്ന സിനിമയെ കുറിച്ച് ചാക്കോ ഡി അന്തിക്കാട് എഴുതുന്നു. ചിത്രത്തിന്റെ ലിങ്ക് താഴെ.

വര്‍ത്തമാനകാലത്ത് ചോദ്യമുയര്‍ത്തുന്ന എല്ലാവരേയും, ഏതുനിമിഷവും ‘ഹിറ്റ്‌ലിസ്റ്റ്’ ഇട്ട്, തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ, വര്‍ത്തമാനകാലത്തിലെ, ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍, പുതുമുഖങ്ങളായ രമേഷ് രാജശേഖരന്‍, മരിയ തോപ്‌സണ്‍ (ലണ്ടന്‍) ശിവരാമന്‍ വയനാട്, ഹരിലാല്‍ രാജഗോപാല്‍, ശ്രീവത്സന്‍ അന്തിക്കാട് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഏകാന്തത…അത് ആറ്റംബോംബുപോലെയാണ്… സത്യം പറയുന്നവര്‍ ആ ബോംബിനെ ഭയക്കുന്നില്ല അവര്‍ ഏകാന്തതയില്‍ കാത്തിരിക്കും… കാതോര്‍ക്കും… ഒരു ശ്വാസം, ഒരു ചലനം, ഒരു ഞരക്കം, ഒരു നിലവിളി, ഒരു ആക്രോശം…എന്തെങ്കിലും കേള്‍ക്കുന്നുണ്ടോ? ഭരണകൂടവും ഇതുപോലെ കാതോര്‍ക്കുന്നുണ്ട്! ആരെങ്കിലും അവര്‍ക്കെതിരെ ദീര്‍ഘശ്വാസം വിടുന്നുണ്ടോ… മൂളുന്നുണ്ടോ… പിറുപിറുക്കുന്നുണ്ടോ? സംഘം ചേരുന്നുണ്ടോ? അലറുന്നുണ്ടോ?

യുക്തിവാദ സിനിമയായിരുന്ന ‘പ്രഭുവിന്റെ മക്കള്‍’ക്കു ശേഷം, മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഊന്നല്‍കൊടുക്കുന്ന, സജീവന്‍ അന്തിക്കാടിന്റെ പുതിയ സിനിമ… ‘ലാ ടൊമാറ്റിന…ചുവപ്പുനിലം’ കാണികളുടെ സ്വകാര്യതയെ, ഏകാന്തതയെ മുറിവേല്‍പ്പിക്കും! കീറിമുറിക്കും!

സജീവന്‍ അന്തിക്കാട്
സംവിധായകന്‍

കച്ചവടസിനിമകളില്‍, കുറെ ബഹളങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍, തിയറ്ററില്‍ ഒതുങ്ങിയിരിക്കുന്ന കാണി, പെട്ടെന്ന് ഈ മുറിവേല്‍പ്പിക്കപ്പെടുന്ന ഏകാന്തതയുടെ പീഡനത്തില്‍നിന്നും മോചിതനാവുന്നത്, സ്വയം ആര്‍മാദിക്കുന്നത്, കച്ചവട സിനിമയുടെ വിജയരഹസ്യങ്ങളിലൊന്നാണ്…

മനുഷ്യര്‍ ഏകാന്തതയെ ഭയക്കുന്നു… കലയിലും ജീവിതത്തിലും… ഏറ്റവും സൂപ്പര്‍ഹിറ്റ് (1000 കോടി വാരിയ, മികച്ച ജനപ്രിയ ‘ദൃശ്യബേക്കറി ഉല്‍പ്പന്നം) ഫിലിം’ ഒരിക്കലും ഏകാന്തതയ്ക്കായി സീനുകള്‍ കോര്‍ക്കുന്നില്ല… സിനിമ തുടങ്ങി അവസാനംവരെ ബഹളം – ഡയലോഗ് – വെടിമുഴക്കങ്ങള്‍ – നിരന്തരം ഇടി ശബ്ദങ്ങള്‍ – ബിജിഎം…അങ്ങനെ ഏറ്റവും അനാഥമാവുന്ന ‘വിശ്വപൗര’ന്റെ ഏകാന്തതയെ ഉന്മൂലനം ചെയ്യുന്ന എല്ലാ ചേരുവകളും അതില്‍ കാണും.

പലപ്പോഴും ഗ്രാമത്തിലെ, നഗരത്തിലെ, ബഹളങ്ങളില്‍നിന്നും മോചനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ തിയറ്ററിന്റെ ഏകാന്തതയെ പ്രേമിക്കുന്നവര്‍, കുറഞ്ഞു വരുന്ന ഇക്കാലത്തുള്ള കലയുടെ മൗലീകമായ ധര്‍മ്മം, ഈ ഏകാന്തതയെ തിരിച്ചു പിടിക്കലാണ്! അതുകൂടി ഈ സിനിമ നിര്‍വ്വഹിച്ചിരിക്കുന്നു. ഇവിടെ ഭരണകൂടം ഏകാന്തത ഇഷ്ടപ്പെടുന്നവരെ തേടിപ്പിടിക്കുന്ന കാലം അതി വിദൂരമല്ല! ‘എന്തുകൊണ്ട് നിങ്ങള്‍ ഏകാന്തതയെ ഇഷ്ടപ്പെടുന്നു?’- എന്ന ചോദ്യം, തോക്കിന്‍മുനയില്‍ നിര്‍ത്തി, അവര്‍ ചോദിക്കുന്ന കാലം അതിവിദൂരമല്ല! ഈ സിനിമയില്‍, ഭരണകൂടം പേടിക്കുന്നത്, ഏകാന്തതയില്‍, ലോകത്തിലെ എല്ലാ തരം ഭരണകൂടഭീകരതയെയും തുറന്നു കാണിക്കുന്ന ധീരനായ, സത്യസന്ധനായ, ഒരു യൂട്യൂബറെയാണ്!

ഈഥല്‍ ലിലിയന്‍ വോയ്‌നിച്ച് എഴുതിയ ‘കാട്ടുകടന്നല്‍’ നോവലിലെ ‘റിവാറസ്’ എന്ന കഥാപാത്രത്തെപ്പോലെ, അയാള്‍ ഏകാന്തതയിലിരുന്ന്, ഭരണകൂടത്തിനു തലവേദന സൃഷ്ടിക്കുന്നു! അവര്‍ അയാളെ വേട്ടയാടുന്നു…വളരെ മൃഗീയമായി ചോദ്യം ചെയ്യുന്നു. ആദ്യമൊക്കെ നല്ല ആഹാരം കൊടുക്കുന്നുണ്ട് എങ്കിലും, അവസാനം ആ ആനുകൂല്യങ്ങളും നിഷേധിക്കുന്ന അവസ്ഥ വരുന്നു…(കൊറോണ ലോക്ക് ഡൌണ്‍ ശേഷം പൊതുവെ അറ്റെന്‍ഷന്‍ കുറയുന്നു.) അവര്‍ അയാളെ പീഡിപ്പിച്ചപ്പോള്‍ സംഭവിച്ച മുറിവുകളില്‍ മരുന്നു വെക്കുന്നത് തന്നെ, അടുത്ത ദിവസങ്ങളില്‍, ആ പഞ്ഞി മാറ്റുമ്പോള്‍പോലും, വീണ്ടും അതൊരു പീഡനമാക്കി മാറ്റാം എന്ന ചിന്തയിലാണ്!

എത്ര ചോദ്യം ചെയ്താലും അയാളുടെ അന്തിമ ലക്ഷ്യം / ബന്ധങ്ങള്‍ അയാള്‍ പുറത്തു പറയുന്നില്ല! അധികാരികള്‍ പരമാവധി ശ്രമിച്ചിട്ടും അയാള്‍ നിശബ്ദനായി മാറുകയാണ്! അയാള്‍ക്കറിയാം, അവസാന നിമിഷങ്ങളിലെ ഏകാന്തത, മരണത്തിന്റെ രൂപത്തില്‍ അടുത്തു വരികയാണ്! തന്റെ, ലോകവുമായുള്ള ആശയവിനിമയം, വിഛേദിക്കപ്പെട്ടിരിക്കുന്നു! അവര്‍ തന്നെ എപ്പോള്‍ വേണമെങ്കിലും കൊന്നേക്കും!

അയാള്‍ പ്രതിഷേധം തുടരുന്നുണ്ട്… അധികാരികള്‍ പീഡനവും! ഒടുവില്‍ ആരും അറിയാത്ത രീതിയില്‍ അയാളെ കൊന്നു, തുണ്ടം തുണ്ടമാക്കി, ‘ആഫ്രിക്കന്‍ മുശു’ പോലുള്ള, നരഭോജി മത്സ്യങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു, ആ നിയമ പാലകര്‍! അയാള്‍ക്കുവേണ്ടി ഇനി ഈ ഭൂമിയില്‍ ആരും സംസാരിക്കാന്‍ ഇല്ല!

ഇന്ത്യയില്‍ ഇങ്ങനെ ‘വാനിഷ്’ ആയിട്ടുള്ള നൂറുകണക്കിന് (ആയിരക്കണക്കിന്?) പേര്‍ ഉണ്ടെന്ന്, സംവിധായകന്‍ അവസാനം, കൃത്യം ഡാറ്റ നിരത്തി, നമ്മള്‍ ജീവിക്കുന്ന ഈ ഭീകര കാലഘട്ടം ഫാസ്സിസത്തിന്റെ ഇരുണ്ട കാലഘട്ടം തന്നെയാണെന്ന് മുന്നറിയിപ്പ് തരുമ്പോള്‍, നമ്മള്‍ സിനിമയിലെ, ശീതികരിക്കപ്പെട്ട, ‘ഭാവനാത്മക ഫിക്ഷനി’ല്‍നിന്നും പുറത്തുകടന്ന്, സമകാലിക യഥാര്‍ഥ്യത്തിലേയ്ക്ക് ഉള്‍ക്കണ്ണ് തുറക്കാന്‍ നിര്‍ബന്ധിതരാവുന്നു!

ഇവിടെ സ്‌ക്രീനിലെ ഏകാന്തത,പുറത്തെ ലോകത്തിന്റെ ബഹളവുമായി വീണ്ടും ഏറ്റുമുട്ടുമ്പോഴും, ജോയ്മാത്യു എന്ന നടന്‍ ശക്തമായി അഭിനയിച്ച ആ കഥാപാത്രം (റിബല്‍ യൂട്യൂബര്‍-പേരില്ലാത്തവന്‍?) നമ്മെ ഹോണ്ട് ചെയ്യുന്നു! ചോദ്യം ചെയ്യുന്ന ആണുങ്ങളും ഒരേയൊരു പെണ്ണും ക്രൂരതയുടെ പര്യായമായി, മനസ്സിനെ ആശങ്കയില്‍ വലിച്ചെറിയുന്നു!

തീര്‍ച്ചയായും, ഒരു കോംപ്രമൈസും ചെയ്യാത്ത സജീവന്റെ ഈ സിനിമ, നാം ജീവിക്കുന്നത്, അടുത്തു വരുന്ന ഭീകരകാലഘട്ടത്തിലാണ് (An Evolving Terrible Dark Age!) എന്ന് മുന്നറിയിപ്പ് തരികയാണ്! ഈ യൂട്യൂബര്‍ക്ക് വേണ്ടി ഭൂമിയില്‍ ആരും സംസാരിക്കാനില്ലല്ലോ?

ഈ സിനിമ വളരെ ക്ലോസ്ഡ് ആയ പരിസരത്തുള്ള, അതീവ ഗൂഢമായ ചോദ്യം ചെയ്യലിന്റെ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിലെ ക്യാമറ & ലൈറ്റിംഗ്, ആ പാറ്റേണ്‍ ആണ്, മനോഹരമായി, ബുദ്ധിപൂര്‍വ്വം, സ്വീകരിച്ചിരിക്കുന്നത്., കൂടുതല്‍ മള്‍ട്ടി ഡൈമെന്‍ഷന്‍ ബിംബങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതല്‍ ആര്‍ട്ടിസ്റ്റിക്കാക്കി മാറ്റുകയായിരുന്നെങ്കില്‍ മൊത്തം ഫിലിം മൂഡിന് കൂടുതല്‍ ഡെപ്ത് കിട്ടുമായിരുന്നു! നിലത്തെ, ഭിത്തിയിലെ, ചോര തുടച്ചു കളയുന്നത്, വളരെ ഡീറ്റൈല്‍ ആയി ചെയ്തിട്ടുണ്ട്! ഹിഡന്‍ ആയ പല മരണങ്ങളും അത് വെളിപ്പെടുത്തുന്നുണ്ട്!

മ്യൂസിക് പ്രയോഗം വളരെ കുറവും, സാന്ദര്‍ഭീകമായ സൗണ്ട് ഇഫക്ട്‌സ് അര്‍ത്ഥവത്തായും ഉപയോഗിച്ചിട്ടുണ്ട്. (ഇടയ്ക്കിടെയുള്ള ആ ട്രെയിന്‍ പാസിങ്ങ് ശബ്ദം) യൂട്യൂബറുടെ പ്രിയപ്പെട്ട പൂച്ചയുടെ തല പ്ലെയ്റ്റില്‍ ഇരിക്കുന്ന സീന്‍ (കൂടെ ആട്ടിന്‍ തലകളും) ഇപ്പോഴും മനസ്സില്‍ മുഴങ്ങി നില്‍ക്കുന്നു! ഇടയ്ക്കിടെ ഇറച്ചിയും തക്കാളിയും അരിയുന്നതിന്റെ ക്‌ളോസ്അപ്പ്, ഒപ്പം വരുന്ന ഡയലോഗ് -‘ആഹാരം പാചകം ചെയ്യുന്നതും മനുഷ്യരെ പീഡിപ്പിക്കുന്നതും തമ്മില്‍ ബന്ധമുണ്ട്!’- എന്ന ഡയലോഗ് – ഇതിലെ കീ ഡയലോഗ് ആണ്…

മൊത്തത്തില്‍, വളരെ ഗൗരവ്വപൂര്‍വ്വം സിനിമ എന്ന മാധ്യമത്തെ, സമകാലിക രാഷ്ട്രീയ അവസ്ഥയുടെ ഫാസിസവല്‍ക്കരണത്തിലേയ്ക്കുള്ള പരിണാമം തുറന്നു കാണിക്കുന്നതിനു സംവിധായകന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ നേരത്തെ പറഞ്ഞ 1000 കോടി ലാഭം കൊയ്യുന്ന, ജനവിരുദ്ധ – സാമൂഹ്യ വിരുദ്ധ ബിഗ് ബഡ്ജറ്റ് സിനിമകളുമായി മത്സരിച്ചു വേണം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കാന്‍ എന്നത്, ഗൗരവം ഉയര്‍ത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

‘ഈ ബിഗ് ബഡ്ജറ്റ് ഫിലിം എന്നതും ഒരു ‘യുദ്ധമുറ’യല്ലേ?… ഫാസിസത്തിനു മുതല്‍ക്കൂട്ടാവുന്ന അത്തരം സിനിമകളും ഏകാധിപതികളുടെ കലാരംഗത്തെ സൈന്യം തന്നെയല്ലേ?’അതിനെതിരെയുള്ള ഒരുതരം ഗറില്ലാപ്പോരാട്ടം പോലെയാണ് ‘ലാ ടൊമാറ്റിന’ പോലുള്ള രാഷ്ട്രീയ സിനിമകള്‍!

Qr Code ലൂടെ സിനിമ കാണാം.

ഈ സിനിമ, മറ്റു പല ഫാസിസ്റ്റ് വിരുദ്ധ സാഹിത്യസൃഷ്ടികളെയും ഓര്‍മ്മിപ്പിച്ചു: ജോര്‍ജ്ജ് ഓര്‍വലിന്റെ നോവല്‍ -‘1984’- ഹരോള്‍ഡ് പിന്ററുടെ -‘One For The Road’ എന്ന നാടകത്തിലെ ബുദ്ധിജീവിയെ വേട്ടയാടുന്ന ഹിറ്റ്‌ലരുടെ രഹസ്യ സെല്‍! മരിയോ ഫ്രട്ടിയുടെ ‘ചിലി -73’- നാടക സീരിസിലെ, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ വേട്ടയാടുന്ന – ‘കമാണ്ടര്‍ പെപ്പ്’, വിപ്ലവകവിയെ വേട്ടയാടുന്ന ‘പബ്ലോ നെരൂദ’ പോലുള്ള രാഷ്ട്രീയ നാടകങ്ങള്‍… (ആന്റി-ഇമ്പീരിയലിസ്റ്റ് നാടകങ്ങള്‍) ഇങ്ങനെ പല രചനകള്‍ മനസ്സിലേക്ക് വീണ്ടും തെളിഞ്ഞു വന്നു. (ഇതില്‍ പലതും ഞാന്‍ നാടകമാക്കിയിട്ടുണ്ട്.)

മലയാളത്തില്‍, ഇപ്പോള്‍ ലൈറ്റ് കോമഡിയിലൂടെ, ഇന്നത്തെ ജീവിതത്തെ അതിജീവിക്കാന്‍ ഒന്നും പഠിപ്പിക്കാത്ത അരാഷ്ട്രീയ സിനിമകള്‍ക്കിടയിലും, ഓവര്‍ വയലന്‍സില്‍ യുവാക്കളുടെ കയ്യടി വാങ്ങുന്ന സിനിമകള്‍ക്കിടയിലും പെട്ട് ശ്വാസംമുട്ടി മരിക്കും, ഇത്തരം സിനിമകള്‍!-എന്ന് പുഛവാദികള്‍ പറയുമെങ്കിലും, ‘കാലത്തില്‍ കൊത്തിവെച്ചത്’-എന്ന് തര്‍ക്കോവിസ്‌ക്കി പറഞ്ഞ അര്‍ത്ഥത്തില്‍, ‘ലാ ടൊമാറ്റിന’ മികച്ച സിനിമകളുടെ നിരൂപകലിസ്റ്റില്‍ ഇടം പിടിയ്ക്കും എന്നാണ് ഞാന്‍ സധൈര്യം പറയുന്നത്! കലയുടെ ദൗത്യം ശരിയായ രാഷ്ട്രീയം പഠിപ്പിക്കലാണെങ്കില്‍, ഈ സിനിമ, വരാനിരിക്കുന്ന ഫാസ്സിസ്റ്റ് ഭീകരതയെ, വളരെ ‘ക്‌ളോസ്സ്ഡ്’ ആയ പരിസരത്തുള്ള, നാലോ അഞ്ചോ കഥാപാത്രങ്ങളിലൂടെ പറയാന്‍ വേണ്ടി ഡിസൈന്‍ ചെയ്തതാണ്! മുറിവേറ്റ ഏകാന്തതയെല്ലാം സംഘം ചേര്‍ന്ന്, നഷ്ടപ്പെട്ട മനുഷ്യാവകാശങ്ങള്‍ ഓരോന്നായി തിരിച്ചു പിടിക്കണം എന്ന ആഹ്വാനം കൂടി, ഈ സിനിമയുടെ ദൃശ്യമുഴക്കത്തില്‍, യാതൊരു നിഗൂഢവല്‍ക്കരണവുമില്ലാതെ, രാഷ്ട്രീയ സന്ദേശമായി അടയാളപ്പെടുത്തുന്നുണ്ട്!

10 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ടോവിനോയുടെ ആദ്യ ചിത്രമായ ‘പ്രഭുവിന്റെ മക്കള്‍’ എന്ന സിനിമക്ക് ശേഷം, സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് ‘ലാ ടൊമാറ്റിന-ചുവപ്പുനിലം’. ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്, മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി.അരുണ്‍കുമാറാണ്.

സിനിമ കാണാനുള്ള ലിങ്ക്

https://www.primevideo.com/detail/0SNUV2SUNRHNMUQ42UX2QV0K9S

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply