അവസാനിപ്പിക്കണം മലബാറിനോടുള്ള അവഗണന
ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തില്‍ കേരളത്തിന്റെ പകുതിയോളം വരുന്ന പ്രദേശമാണ് മലബാര്‍. ചരിത്രപരമായ കാരണങ്ങളാല്‍ ഐക്യകേരളം രൂപീകരിക്കപ്പെടുമ്പോള്‍ തന്നെ ഈ പ്രദേശം തിരുകൊച്ചിയേക്കാള്‍ വളരെ പുറകിലായിരുന്നു. എന്നാല്‍ ഇന്നും അത്തരമൊരവസ്ഥക്കുമാറ്റം വരുത്താന്‍ ജനാധിപത്യസര്‍ക്കാരുകള്‍ തയ്യാറായില്ല. അതിന്റെ ഫലമാണ് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന പ്ലസ് ടു സീറ്റുകളുടെ പ്രശ്‌നം. ഒരുവര്‍ഷം മുമ്പത്തെ ലേഖനം Repost
കേരളത്തിന്റെ തലസ്ഥാനം ഏകദേശം മധ്യഭാഗത്തുള്ള എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡന്‍ എം പിയുടെ ആവശ്യം നടക്കാന്‍ പോകുന്നതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായ ഒരുപാട് വിഷയങ്ങള്‍ ആ ആവശ്യവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. സംസ്ഥാനത്തെ ബ്യൂറോക്രസിയുടെ അനാസ്ഥയും സ്വയം നവീകരിക്കപ്പെടാനുള്ള വിമുഖതയും മലബാറിനോടുള്ള അവഗണനയുമാണ് അവയില്‍ പ്രധാനം. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരുവസരമായി അ്‌ദ്ദേഹത്തിന്റെ സ്വകാര്യബില്ലിനെ കാണുകയാണ് വേണ്ടത്. Some questions raised by High Eden MP’s demand to shift Kerala’s capital from Thiruvananthapuram to Ernakulam, roughly in the middle of state
ഏതെങ്കിലും രാഷ്ട്രീയനേതാവിന്റേയോ ഉയര്‍ന്നപദവിയിലുള്ള സുഹൃത്തിന്റേയോ സഹായമില്ലാതെ സെക്രട്ടറിയേറ്റില്‍ എന്തെങ്കിലും ആവശ്യവുമായി പോയിട്ടുള്ള ആര്‍ക്കുമുണ്ടായിട്ടുള്ളത് മോശപ്പെട്ട അനുഭവമായിരിക്കുമെന്നുറപ്പ്. എത്ര നിസ്സാരമായ വിഷയമാണെങ്കിലും ചെയ്തുകിട്ടാന്‍ പലവട്ടം പോകേണ്ടിവരുന്നു. സംസ്ഥാനത്തിന്റെ വടക്കെ അറ്റത്തുനിന്നുള്ളവര്‍ക്ക് അതെത്രമാത്രം ക്ലേശകരമാണ്. ഫോണ്‍വിളിച്ചാല്‍ കാര്യമായ ഒരുവിവരവും ലഭിക്കില്ല. മുന്നിലിരിക്കുന്ന ഫയലുകളോടുള്ള നമ്മുടെ ജീവനക്കാരുടെ മനോഭാവത്തെ കുറിച്ച് മുഖ്യമന്ത്രിതന്നെ ആറുമാസത്തിലൊരിക്കലെങ്കിലും പറയാറുണ്ടല്ലോ. ഈ സാഹചര്യത്തില്‍ പരസ്യമായി പറഞ്ഞില്ലെങ്കിലും തലസ്ഥാനം സംസ്ഥാനത്തിന്റെ മധ്യഭാഗത്തേക്കെങ്കിലും മാറ്റികി്ട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് മലബാര്‍ മേഖലയിലുള്ളവര്‍. ഈ സാഹചര്യത്തെ മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം ഭരണപരമായ എല്ലാ പ്രക്രിയകളും ഓണ്‍ലൈനാക്കുക എന്നതാണ്. എന്നാലത് നീങ്ങുന്നത് ഒച്ചിഴയുന്ന വേഗതയിലാണ്. പലപ്പോഴും അതിനും പാരവെക്കുന്നത് ബ്യൂറോക്രസി തന്നെയാണ്. ഇക്കാര്യം പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ തലസ്ഥാനം മാറ്റണമെന്ന വിഷയമേ ഉയര്‍ന്നു വരികയില്ല.
കേരള രൂപീകരണം മുതലെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മലബാറിന്റെ പിന്നോക്കാവസ്ഥയും അതിനോടുള്ള അവഗണനയും. അതിനുള്ള പല കാരണങ്ങളിലൊന്ന്് തലസ്ഥാനം അങ്ങുതെക്കെ അറ്റത്താണ് എന്നതുതന്നെയാണ്. ഇഎംഎസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചത് ഈ വിഷയത്തില്‍ ചെറിയൊരു മാറ്റമുണ്ടാക്കാന്‍ സഹായിച്ചു എന്നത് ശരിയാണ്. എന്നാല്‍ ആത്യന്തികമായി ഇത്തരമൊരു പ്രശ്നം നിലനില്‍ക്കുന്നു എന്നംഗീകരിച്ച് അതിനെ മറികടക്കാനുള്ള ഗൗരവമായ നീക്കം ഇന്നോളം ഭരിച്ച ആരുടേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറിച്ച് സാമുദായികവും രാഷ്ട്രീയവുമായി കാരണങ്ങളാല്‍ മലബാറിന് കൂടുതല്‍ ആനുകൂല്യം നല്‍കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് പലരുമുന്നയിച്ചത്. ഇപ്പോഴും ഉന്നയിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തില്‍ കേരളത്തിന്റെ പകുതിയോളം വരുന്ന പ്രദേശമാണ് മലബാര്‍. ചരിത്രപരമായ കാരണങ്ങളാല്‍ ഐക്യകേരളം രൂപീകരിക്കപ്പെടുമ്പോള്‍ തന്നെ ഈ പ്രദേശം തിരുകൊച്ചിയേക്കാള്‍ വളരെ പുറകിലായിരുന്നു. എന്നാല്‍ ഇന്നും അത്തരമൊരവസ്ഥക്കുമാറ്റം വരുത്താന്‍ ജനാധിപത്യസര്‍ക്കാരുകള്‍ തയ്യാറായില്ല എന്നതാണ് പ്രശ്നം. ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തില്‍ ചെറിയ അന്തരമേ ഉള്ളു എങ്കിലും വികസനത്തിന്റെ ഏതുമാനദണ്ഡത്തിലും തിരു കൊച്ചിയും മലബാറും തമ്മിലുള്ള അന്തരം എത്രയോ ഭീമമാണ്. വ്യവസായ, കാര്‍ഷിക, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക, കായിക, ഗതാഗത മേഖലകളിലെല്ലാം ഈ അന്തരം പ്രകടമാണ്. റെയില്‍വേയുടെ അവഗണന വളരെ പ്രകടമാണ്. അതെകുറിച്ചൊന്നും ഇവിടെ വിവരിക്കുന്നില്ല. ഓരോ മേഖലയുമായും ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യത്തിലും മലബാറിന്റെ അവസ്ഥ വളരെ മോശമാണ്. തിരു കൊച്ചിയില്‍ നിന്നുള്ളവരാണ് ഇവിടത്തെ കൂടുതല്‍ ഉദ്യോഗസ്ഥരും. മലബാറിന്റെ വികസനത്തോട് അവര്‍ക്കൊരു താല്‍പ്പര്യവുമില്ല എന്ന ആരോപണം ശക്തമാണ്. കാസര്‍ഗോഡും മറ്റും ഈ അവസ്ഥ വളരെ രൂക്ഷമാണ്. സാമൂഹ്യക്ഷേമപദ്ധതികളുടെ കാര്യം പറയാനുമില്ല.
ചരിത്രപരമായ കാരമങ്ങളാല്‍ മലബാറില്‍ അല്‍പ്പം വികസനം നേടിയെന്നു പറയപ്പെടുന്ന കോഴിക്കോടിന്റെ് അവസ്ഥ പോലും തിരുകൊച്ചിയിലെ മിക്കവാറും എല്ലാ ജില്ലകളേക്കാളും പുറകിലാണ്. പാലക്കാട് കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. കുടിവെള്ളത്തിന്റെ അവസ്ഥ മഹാമോശം. ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ വലിയ തോതില്‍ ശിശുമരണം പോലും നടക്കുന്നു. തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളും വളരെയധികം അവികസിതാവസ്ഥയിലാണ്. അയിത്തം പോലും നിലവിലുള്ള പ്രദേശങ്ങള്‍ അവിടെയുണ്ട്. മികച്ച ചികിത്സക്ക് തൃശൂരോ കോയമ്പത്തൂരോ പോകണം. മറുവശത്ത് ഒരുവിധ തീവ്രവാദപ്രവര്‍ത്തനത്തിനും തെളിവില്ലാതിരുന്നിട്ടും മലപ്പുറത്തുകാരെ തീവ്രവാദികളായി ആക്ഷേപിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രവാസികളില്‍ നിന്ന് ധാരാളം പണമെത്തുമ്പോഴും അത് നാടിന്റെ വികസനത്തിനുതകുന്നില്ല. ചെറുപ്പക്കാര്‍ മിക്കവരും വളരെ നേരത്തെ ഗള്‍ഫില്‍ പോകുന്നതില്‍ വിദ്യാഭ്യാസരംഗത്തും ഉന്നതസ്ഥാനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും അവരുടെ സാന്നിധ്യം കുറവാണ്. ഇപ്പോള്‍ ഗള്‍ഫ് സാധ്യതകളും കുറയുന്നു. അധികൃതരുടെ അവഗണനമൂലം കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയുടെ വക്കിലാണ്.
വയനാടാകട്ടെ സംസ്ഥാനത്തുതന്നെ ഏറ്റവും പുറകില്‍ നില്‍ക്കുന്ന അവസ്ഥയാണ്. ഇവിടത്തെ ആദിവാസികളുടേയും കര്‍ഷകരുടേയും ജീവിതം ഇപ്പോഴും നരകതുല്ല്യമാണ്. എത്രയോ കര്‍ഷകര്‍ ഇതിനകം ആത്മഹത്യ ചെയ്തു. മികച്ച ചികിത്സക്ക് കോഴിക്കോട് വരേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ വ്യവസായ മേഖലകളെല്ലാം പുറകില്‍ തന്നെ. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പല ജില്ലകളിലും നീക്കിവെച്ച സീറ്റകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ ഇവിടെ സീറ്റുകളില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ നിയന്ത്രിക്കുന്ന നേതാക്കളുടെ നാടായിട്ടും കണ്ണൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് രാഷ്ട്രീയ കൊലകളുടെ പേരിലായിരുന്നു. ഇപ്പോള്‍ വലിയ മാറ്റമുണ്ടെന്നത് ശരി. കൈത്തറി, ബേക്കറി, സര്‍ക്കസ്, കളരി, ബീഡി, മത്സ്യം തുടങ്ങി കണ്ണൂരിന്റെ സ്വന്തം മേഖലകളെല്ലാം തകര്‍ച്ചയില്‍ തന്നെ. കാസര്‍ഗോട്ടുകാര്‍ക്കാണെങ്കില്‍ വിദ്യാഭ്യാസത്തിനും ചികിത്സക്കും മാത്രമല്ല, എന്തു കാര്യത്തിനും മംഗലാപുരത്തുപോണം. കൊവിഡ് കാലത്ത് അതു കൂടുതല്‍ പുറത്തുവന്നു. ഇവിടത്തെ വിദ്യാഭ്യാസ – ആരോഗ്യ മേഖലകളുടെ വികസനത്തെ തടയുന്നത് മംഗലാപുരം ലോബിയാണെന്ന ആരോപണണുണ്ട്. പതിറ്റാണ്ടുകളായിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നീതിക്കായുള്ള പോരാട്ടത്തിലാണ്. ഇവിടത്തെ കന്നഡ ന്യൂനപക്ഷത്തിന്റെ കാര്യം പറയാനുമില്ല. ക്രൂരമായ അവഗണനയാണ് മിക്കയിടത്തും അവര്‍ നേരിടുന്നത്.
എന്തായാലും ഏറ്റവും പ്രസക്തമായ ഈ വിഷയത്തെ കേരളം ഇനിയെങ്കിലും അഭിമുഖീകരിച്ചേ പറ്റൂ. ഹൈബി ഈഡന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഗൗരവമായി ചര്‍ച്ച ചെയ്യണം. ഒപ്പം കൃത്യമായ നടപടികളും ആരംഭിക്കണം. തലസ്ഥാനം മധ്യകേരളത്തിലേക്ക് മാറ്റന്‍ പോകുന്നില്ലെങ്കിലും ചെയ്യാവുന്ന മറ്റുചിലതുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ്, പ്രധാന സര്‍ക്കാര്‍ ാേഫീസുകള്‍, ഹൈക്കോടതി ബഞ്ച്, മന്ത്രിമാരുടെ ഓഫീസുകള്‍ തുടങ്ങി പ്രധാനപ്പെട്ട ഭരണകൂട സ്ഥാപനങ്ങളെല്ലാം മലബാറില്‍ സ്ഥാപിക്കുക എന്നതാണതില്‍ പ്രധാനം. ഹൈദരാബാദ്, തെലുങ്കാനയില്‍ പോയതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മൂന്നു തലസ്ഥാനമാണ് രൂപീകരിക്കാന്‍ പോകുന്നതെന്ന വാര്‍ത്തയുണ്ടായിരുന്നല്ലോ. അത്രപോയില്ലെങ്കിലും പ്രധാന ഭരണകൂട സ്ഥാപനങ്ങളുടെ ശാഖകള്‍ മലബാറിലും കൊച്ചിയിലും വേണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലബാറില്‍ തന്നെ ഏറ്റവും വലുപ്പവും ജനസംഖ്യയുമുള്ള മലപ്പുറത്തെ രണ്ടു ജില്ലയാക്കണമെന്ന ആവശ്യവും ശക്തമാണ്. ജനസംഖ്യയിലും വലുപ്പത്തിലും പല ജില്ലകളുടേയും ഇരട്ടിയുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ച് പല സംഘടനകളും പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടത്തിയിട്ടുണ്ട്. സഹ്യപര്‍വ്വതം മുതല്‍ അറബികടല്‍ വരെ വ്യാപിച്ചുകിടക്കുന്ന മലപ്പുറത്തിന്റെ വ്യാപ്തി കേരളഭൂപടത്തില്‍ പ്രകടമാണല്ലോ. പല പദ്ധതികളും ജില്ലകള്‍ക്ക് തുല്ല്യമായി വിഭജിക്കുമ്പോള്‍ മലപ്പുറത്തിനു ഫലത്തില്‍ ലഭിക്കുന്നത് തുച്ഛമാണെന്ന വസ്തുതയാണ് ഈയാവശ്യത്തിന്റെ പ്രധാന കാരണം. വിദ്യാഭ്യാസമേഖലയില്‍ അത് വളരെ പ്രകടമാണ്. പല തെക്കന്‍ജില്ലകളിലും പ്ലസ് ടുവിന് സീറ്റുകള്‍ ഒരുപാടധികമുള്ളപ്പോള്‍ മലപ്പുറത്ത് വളരെ കുറവാണെന്ന കാര്യം എല്ലാ വര്‍ഷവും ഉയര്‍ന്നുവരുന്നതാണല്ലോ. കൊവിഡിനെതിരായ വാക്‌സിന്‍ വിതരണ രംഗത്തും ഈ അന്തരം വ്യക്തമായി കണ്ടിരുന്നു. തീര്‍ച്ചയായും മലപ്പുറത്തിന്റെ വിഭജനമെന്നത് പരിഗണിക്കേണ്ട വിഷയമാണത്.
തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ആവശ്യമുന്നയിച്ച ഹൈബി ഈഡനെതിരെ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും രംഗത്തിറങ്ങിയത് സ്വാഭാവികം മാത്രം. ഹൈബിയുടെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. കോണ്‍ഗ്രസ്സും ഈ ആവശ്യം തള്ളിക്കളഞ്ഞിട്ടുണ്ട്. അപ്പോഴും അതിനകത്ത് അന്തര്‍ലീനമായിരിക്കുന്ന നീതിയുടെ വിഷയമുണ്ട്. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിനും തുല്ല്യനീതി എന്ന അടിസ്ഥാനപരമായ അവകാശം ശക്തമായി ഉയര്‍ത്താന്‍ ഈയവസരം ഉപയോഗിക്കുകയാണ് ജനാധിപത്യവാദികള്‍ തയ്യാറാകേണ്ടത്. അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in