
വായിക്കൂ ‘നാം അല്ലെങ്കില്‍ നമ്മുടെ ദേശീയതയുടെ നിര്‍വചനം’
സംഘപരിവാര്‍ പിന്തുടര്‍ന്ന് വരുന്ന പ്രത്യയശാസ്ത്രപരമായ നിലപാടുകളെ കുറിച്ച് ഒന്നും മനസ്സിലാക്കാതെ താല്‍ക്കാലിക നേട്ടങ്ങള്‍ മുന്നില്‍ കണ്ടും നിസാരവും പ്രാദേശികവുമായ വിഷയങ്ങളുടെ പേരില്‍ ഉടലെടുക്കുന്ന വികാര വിക്ഷോഭങ്ങളുടെ ആവേശത്തള്ളലില്‍, കുഞ്ഞു ഭൂതത്തെ നേരിടാന്‍ ദുര്‍ഭൂതത്തിനെ ക്ഷണിക്കുന്ന, അത്യന്തം വിനാശകരമായ കൃത്യത്തിന് ആഗോള ക്രൈസ്തവ സഭയുടെ ഭാഗമായ കേരള ക്രൈസ്തവ സഭ കൂട്ടു നില്‍ക്കരുത് എന്നാണ് പറയുവാനുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് കേരളത്തില്‍ വഖഫുമായി ബന്ധപ്പെട്ട മുനമ്പം വിഷയം ജനശ്രദ്ധയിലേയ്‌ക്കെത്തിപ്പെടുന്നത്. അതോടെ ഇതിനോടകം കഴിയും വിധത്തിലെല്ലാം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്ന ബിജെപി, പ്രശ്‌നബാധിത പ്രദേശത്ത് അധിവസിക്കുന്നവരില്‍ കത്തോലിക്ക ഭൂരിപക്ഷമുള്ള മുനമ്പത്തെത്തുകയും തങ്ങളുടെ കഴിവിന്റെ പരമാവധി മുസ്ലിം വിരോധവും ഒപ്പം കമ്മ്യൂണിസ്റ്റ് വിരോധവും കൂടി വിളമ്പിക്കൊണ്ട്, മുനമ്പത്തെ ജനതയുടെ രക്ഷയ്ക്കായ് അവരുടെ മുന്‍പിലുള്ള ഏക രക്ഷാമാര്‍ഗ്ഗം പാര്‍ലമെന്റില്‍ തങ്ങള്‍ അവതരിപ്പിച്ചു നടപ്പാക്കാനിരിക്കുന്ന നിയമഭേദഗതി മാത്രമാണെന്നും കുടിയിറക്ക് ഭീഷണിയുമായി കഴിയുന്ന ആ പാവപ്പെട്ട ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയുണ്ടായി. സംഘപരിവാറിന്റെയും ബിജെപിയുടേയും കാപട്യത്തെ കുറിച്ചും കുതന്ത്രങ്ങളെ കുറിച്ചും വലിയ നിശ്ചയമില്ലാത്ത നിഷ്‌കളങ്കരായ ആ ഗ്രാമീണ ജനത സഭാപുരോഹിതന്മാരുടെ വാക്കുകള്‍ കേട്ട്, തങ്ങളുടെ പുതിയ സംരക്ഷകരായി എത്തിയിരിക്കുന്ന ബിജെപി ക്കാരെ വിശ്വസിച്ചു ഒരു പരിധി വരെ അവരുടെ പിന്നാലെ കൂടാന്‍ നിര്‍ബന്ധിതരായി.
ഇപ്പോള്‍ വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞിരിക്കുകയാണ്. പാര്‍ലമെന്റില്‍ പാസായി നടപ്പിലായ വഖഫ് നിയമ ഭേദഗതി മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുമോ എന്ന ചോദ്യം കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടണ്ട ഒന്നായതുകൊണ്ട് തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല. പക്ഷേ അതിന്റെ ഫലമായി ഒരു മഹാദുരന്തം സംഭവിച്ചിട്ടുണ്ട്. മുസ്ലീങ്ങളാണ് തങ്ങളുടെ ശത്രുക്കളെന്നും അവരില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ സംഘപരിവാറിനും ബിജെപിയ്ക്കും മാത്രമേ സാധിക്കു എന്ന ഒരു മിഥ്യാധാരണ, ‘കാസ’ പോലെയുള്ള അപരമത വിദ്വേഷം മുഖമുദ്രയാക്കിയ സംഘടനകളെ ഉപയോഗിച്ച് കൊണ്ടുള്ള തികച്ചും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങളിലൂടെ കേരളത്തിലെ കത്തോലിക്കാരില്‍ ഒരു ചെറുന്യൂനപക്ഷത്തിന്റെയെങ്കിലും മനസ്സില്‍ ഉണ്ടാക്കിയെടുക്കുവാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തില്‍, മുസ്ലീങ്ങള്‍ കഴിഞ്ഞാലുള്ള ആഭ്യന്തര ശത്രുക്കളായ ക്രൈസ്തവരെ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത് എന്നതിനെപ്പറ്റി കൃത്യമായ തിരിച്ചറിവോ ബോധ്യമോ ഇല്ലാത്തത് മൂലമാണ് ഇതിനുപിന്നില്‍ പതിയിരിക്കുന്ന കൊടിയ ആപത്ത് മനസ്സിലാക്കാതെ, നേതൃനിരയിലുള്ള ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമായി ഒരു സമുദായത്തെ ഒന്നടങ്കം കെണിയില്‍ പെടുത്തുന്നത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഹിന്ദുത്വയൂടെ ഉപജ്ഞാതാവായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ (1883-1966) ഹൃദയത്തില്‍ നിന്ന് രണ്ട് ഉറച്ച ആശയങ്ങള്‍ ഒരിക്കലും മാഞ്ഞു പോയിരുന്നില്ല. ഒന്ന്, പ്രതിഭാധനരായ, അദ്ദേഹത്തിന്റെ മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്മണരായ പുരുഷന്മാര്‍ ഇന്ത്യ ഭരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നതായിരുന്നു. മറ്റൊന്ന്, ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാഷ്ട്രത്തിന്റേതായ യാതൊരു വിധ അവകാശങ്ങള്‍ക്കും അര്‍ഹരല്ലാത്ത, തീര്‍ച്ചയായും ഒരിക്കലും തുല്യ അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ഒരു അനാവശ്യ സാന്നിധ്യമായിരുന്നു എന്നതാണ്. സവര്‍ക്കറുടെ ഈ ആശയങ്ങളെ അടിവരയിട്ട് അംഗീകരിക്കുന്നതാണ് സംഘപരിവാറിന്റെ താത്വിക ആചാര്യന്‍ ഗുരുജി ഗോള്‍വര്‍ക്കറുടെ വിചാരധാരയിലെ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കള്‍ എന്ന ഭാഗത്തിലെ പ്രസക്തഭാഗങ്ങള്‍.
സംഘപരിവാര്‍ പിന്തുടര്‍ന്ന് വരുന്ന ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ നിലപാടുകളെ കുറിച്ച് ഒന്നും മനസ്സിലാക്കാതെ താല്‍ക്കാലിക നേട്ടങ്ങള്‍ മുന്നില്‍ കണ്ടും നിസാരവും പ്രാദേശികവുമായ വിഷയങ്ങളുടെ പേരില്‍ ഉടലെടുക്കുന്ന വികാര വിക്ഷോഭങ്ങളുടെ ആവേശത്തള്ളലില്‍, കുഞ്ഞു ഭൂതത്തെ നേരിടാന്‍ ദുര്‍ഭൂതത്തിനെ ക്ഷണിക്കുന്ന, അത്യന്തം വിനാശകരമായ കൃത്യത്തിന് ആഗോള ക്രൈസ്തവ സഭയുടെ ഭാഗമായ കേരള ക്രൈസ്തവ സഭ കൂട്ടു നില്‍ക്കരുത് എന്നാണ് പറയുവാനുള്ളത്.
സംഘപരിവാറിന്റെ ജൈവപരമായ സ്വഭാവത്തെ കുറിച്ച് ആഴത്തിലറിയാത്ത ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്, ‘ആര്‍എസ്എസ് പിന്തുടരുന്നത് ഹിറ്റ്‌ലറുടേയും നാസിസത്തിന്റേയും മാതൃകയാണ് എന്നത് ശരിയാണോ’ എന്ന്. കാര്യവിവരമുണ്ടെന്ന് നാം കരുതുന്ന പലരും പലപ്പോഴും ഇത്തരത്തില്‍ സംശയം പ്രകടിപ്പിക്കാറുമുണ്ട്. നിസംശയം പറയുവാന്‍ സാധിക്കും അവര്‍ പിന്തുടരുന്ന മാതൃകാപുരുഷന്‍ ഹിറ്റ്‌ലര്‍ തന്നെയാണ്. ഹിന്ദുത്വയുടെ പരിരക്ഷകര്‍ എന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്. ഹിറ്റ്ലറുടെ സമഗ്രാധിപത്യ മാതൃകകള്‍ പരസ്യമായി മുറുകെപ്പിടിച്ചു കൊണ്ട് ന്യൂനപക്ഷങ്ങളുടെ എല്ലാ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് ഹിന്ദുത്വ ശക്തിയായ ആര്‍എസ്എസ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരുപക്ഷേ അത് ഒറ്റയടിക്ക് നടപ്പാക്കി എന്നുവരില്ല. ഘട്ടം ഘട്ടമായിട്ടായിരിക്കും നടപ്പിലാക്കുക. ഈ ഫാസിസ്റ്റ് വീക്ഷണം, ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യുണിസ്റ്റുകള്‍ (അവരില്‍ സോഷ്യലിസ്റ്റുകള്‍, യുക്തിവാദികള്‍ എന്നിവരും ഉള്‍പ്പെടും) എന്നിവരോടുള്ള നിലപാടുകളെ കുറിച്ച്, ആര്‍എസ് എസ്സിന്റെ മുതിര്‍ന്ന സൈദ്ധാന്തികന്‍ എം. എസ് ഗോള്‍വാള്‍ക്കര്‍ തന്റെ ‘We or Our Na tionhood defined’ അഥവാ ‘നാം അല്ലെങ്കില്‍ നമ്മുടെ ദേശീയതയുടെ നിര്‍വചനം’ എന്ന പുസ്തകത്തില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. 1939-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം, മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടുമുള്ള ആര്‍എസ്എസ് നേതൃത്വത്തിന്റെ ചിന്താഗതിയെക്കുറിച്ച് നമുക്ക് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു. ഈ പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ ഹിറ്റ്‌ലറുടെ നാസി സംസ്‌കാരിക ദേശീയതയെ ഇനിപ്പറയുന്ന വാക്കുകളിലൂടെ ആദര്‍ശവല്‍ക്കരിക്കുന്നതായി കാണുന്നു.
ജര്‍മ്മന്‍ വംശത്തിന്റെ അഭിമാനം ഇപ്പോള്‍ ചര്‍ച്ച വിഷയമായി മാറിയിരിക്കുന്നു. വംശത്തിന്റെ വിശുദ്ധിയും അതിന്റെ സംസ്‌കാരിക തനിമയും നിലനിറുത്തുക, സെമിറ്റിക് വംശമായ ജൂതന്മാരില്‍ നിന്ന് രാജ്യത്തെ ശുദ്ധീകരിച്ചുകൊണ്ട് വംശത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുക എന്നീ കാര്യങ്ങളില്‍ ജര്‍മ്മനി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നു. വംശമഹിമ അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഇവിടെ പ്രകടമാണ്. വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഇടയില്‍ ആഴത്തിലുള്ള വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ഒരു ഏകീകൃത ജനതയായി മൊത്തത്തില്‍ സ്വാംശീകരിക്കപ്പെടുക തികച്ചും അസാധ്യമാണെന്ന് ജര്‍മ്മനി തെളിയിച്ചു. നമ്മള്‍ ഹിന്ദുസ്ഥാന് പഠിക്കാനും നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള ഒരു നല്ല പാഠം.1
തന്റെ ഹിന്ദുരാഷ്ട്രത്തില്‍, ഹിറ്റ്ലറുടെ ഏകാധിപത്യപരവും ഫാസിസ്റ്റ് രീതിയും മാതൃകയാക്കാന്‍ ഗോള്‍വാള്‍ക്കര്‍ ഒട്ടും മടികൂടാതെ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ അതേ പുസ്തകത്തിലെ ഇനിപ്പറയുന്ന വാക്കുകളില്‍ നിന്ന് അതാണ് വ്യക്തമാകുന്നത്:
ഈ പഴയ രാഷ്ട്രങ്ങള്‍ എങ്ങനെയാണ് അവയുടെ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് എന്നത് നന്നായി മനസ്സിലാക്കേണ്ടതാണ്. വേറിട്ട ഒന്നിനേയും അംഗീകരിക്കാനുള്ള നിയമപരമായ ബാധ്യത അവര്‍ ഏറ്റെടുക്കുന്നില്ല. പ്രവാസികള്‍ രാഷ്ട്രത്തിലെ അവരുടെ സ്ഥാനം സ്വാഭാവികമായി സ്വയം നേടണം.അവരുടെ വേറിട്ട അസ്തിത്വത്തേയും വിദേശ ഉത്ഭവത്തേയും കുറിച്ചുള്ള എല്ലാ ബോധവും മറന്നു കൊണ്ട്, ജനസംഖ്യയിലെ പ്രധാന ജനവിഭാഗമായ ദേശീയ വംശത്തില്‍, അതിന്റെ ഭാഷയും സംസ്‌കാരവും സ്വീകരിച്ച് അതിന്റെ അഭിലാഷങ്ങളില്‍ പങ്ക് ചേര്‍ന്നു കൊണ്ട് അതില്‍ സ്വയം ലയിച്ചു സ്വാംശീകരിക്കണം. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, അവരെ കേവലം പുറത്തുനിന്നുള്ളവരായി കണക്കാക്കി, രാഷ്ട്രത്തിന്റെ എല്ലാ നിയമ നടപടിക്രമങ്ങ്‌ളും കീഴ് വഴക്കങ്ങളും ബാധകമായികൊണ്ട്, രാഷ്ട്രത്തിന്റെ കഷ്ടപ്പാടുകളോട് ഒപ്പം നിന്നും എന്നാല്‍ പ്രത്യേക സംരക്ഷണങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലാതേയും വൈദേശിക ഘടകങ്ങളായി തന്നെ അവര്‍ ഇവിടെ ജീവിക്കും.അങ്ങനെയുള്ള വൈദേശീക ഘടകങ്ങള്‍ക്ക് മുന്നില്‍ പിന്നെ രണ്ട് പോവഴികള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ ദേശീയ വംശത്തില്‍ ലയിച്ച് അതിന്റെ സംസ്‌കാരം സ്വീകരിക്കുക. അല്ലെങ്കില്‍ ദേശീയവംശം അനുവദിക്കുന്നിടത്തോളം കാലം അതിന്റെ കാരുണ്യത്തില്‍ ജീവിക്കുകയും അതിന് ശേഷം ദേശീയ വംശത്തിന്റെ അഭിഷ്ട പ്രകാരം രാജ്യം വിട്ടുപോവുക. ന്യൂനപക്ഷങ്ങളുടെ പ്രശ്നത്തില്‍ അത് മാത്രമാണ് ശരിയായ കാഴ്ചപ്പാട്. അതാണ് ഒരേയൊരു യുക്തിസഹവും ശരിയായതുമായ പരിഹാ രം. അത് മാത്രമാണ് ദേശീയ ജീവിതം ആരോഗ്യകരവും അസ്വസ്ഥതാ രഹിതവുമായി നിലനിര്‍ത്തുന്നത്. അത് മാത്രമാണ്, രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു രാഷ്ട്രത്തിന് വേണ്ടിയുള്ള, വിഘടനവാദത്തിന്റെ കാന്‍സര്‍ രാഷ്ട്രത്തിന്റെ ശരീരത്തിലേക്ക് വ്യാപിക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കുന്നത്.2
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേല്‍ സൂചിപ്പിച്ചതില്‍ നിന്നും, സംഘപരിവാറിനെ സംരക്ഷകരായി കാണുന്ന, അവരെ പിന്തുണയ്ക്കാനാകുവാന്‍ ആഹ്വാനം ചെയ്യുവാന്‍ തയ്യാറെടുക്കുന്ന കേരള കത്തോലിക്കാ സഭയിലെ സഭാനേതൃത്വത്തിലെ വിഭാഗക്കാര്‍ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗത്തിലൂടെ വോട്ട് ചെയ്ത് വിജയിപ്പിച്ച കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളോട് യുണിയന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പൗരന്മാര്‍ എന്ന നിലയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു വോട്ടവകാശം എങ്കിലും ഉണ്ടായിരുന്നത് കൊണ്ടാണ് സഭാനേതൃത്വത്തിന് തങ്ങളുടെ പത്രത്തിലൂടെ അങ്ങനെ ഒരു ആവശ്യം ഉന്നയിക്കാനെങ്കിലുമുള്ള ഒരു അവസരം ഉണ്ടായത്. ‘പ്രത്യേക സംരക്ഷണങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലാതേയുള്ള വൈദേശിക ഘടകങ്ങളായി തന്നെ അവര്‍ ഇവിടെ ജീവിക്കും’ എന്നതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അന്തരാര്‍ത്ഥത്തെ കുറിച്ച് വളരെ വ്യക്തതയോടെ മനസ്സിലാക്കിയതിന് ശേഷം മാത്രം സംഘപരിവാറിനെ വെള്ളപൂശി പിന്തുണയ്ക്കുന്നത് പോലെയുള്ള പുലിവാലുകള്‍ പിടിക്കുന്നതിനെ കുറിച്ച് ആലോചിക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in