അവഗണനക്കെതിരെയുള്ള ആത്മരോഷങ്ങള്‍
പ്രസാധകന്റെ കച്ചവടസൂത്രങ്ങളില്‍ ചില കൃതികളെങ്കിലും ബെസ്റ്റ് സെല്ലറാവാറുണ്ട്. കെട്ടും മട്ടും ലേഔട്ടും ഗംഭീരം. ഉള്ളടക്കം അതി ഗംഭീരം. പക്ഷെ പറയുന്ന കാര്യങ്ങള്‍ മൗലികമായിരിക്കണം. പറഞ്ഞു വരുന്നത് റമീസ് മുഹമ്മദിന്റെ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍ ‘ എന്ന പുസതകത്തെക്കുറിച്ചാണ്.
ഒന്നാം അധ്യായം മുതല്‍ പത്തൊമ്പതാം അധ്യായം വരെ 299 പേജുകളില്‍ പറയുന്ന ചരിത്രത്തില്‍ 211 പേജുകളും എ.കെ.കോഡൂരിന്റെ ‘ആംഗ്ലോ മാപ്പിള യുദ്ധം ‘ എന്ന ഗ്രന്ഥത്തിലെ ഉദ്ധരണികളാണ്. ഒമ്പത് കൊല്ലം മുമ്പ് യു കെ.യിലിരുന്ന് ഗ്രന്ഥകാരന്‍ ഗവേഷണമാരംഭിക്കുന്ന ചരിത്രം ആമുഖത്തില്‍ വിസ്തരിച്ച് പറയുന്നുണ്ട് ‘വാരിയംകുന്നനെക്കുറിച്ച് എനിക്ക് ലഭ്യമായ അറിവുകള്‍ അദ്ദേഹത്തെ മറന്ന ജനതയോട് പങ്കു വെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകമെഴുതുന്നത്. എല്ലാ അറിവുകളും പലയിടങ്ങളിലായി ഉണ്ടായിരുന്നു. അവയെല്ലാം ശേഖരിച്ച് രണ്ടു പുറം ചട്ടകളിലാക്കുക എന്ന ജോലിയേ ഞാന്‍ ചെയ്തിട്ടുള്ളു’ (പേജ് 25) ഈ പ്രസ്താവനയിലെ നിഷ്‌ക്കളങ്കത പരിഗണിച്ചാല്‍ തന്നെ പിന്നീടു വരുന്ന ബ്രഹ്‌മാണ്ഡ ‘തള്ളു’കളിലെ വൈരുദ്ധ്യാത്മകത അവഗണിക്കുന്നതെങ്ങനെയാണ്?.
‘വാരിയംകുന്നനെക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളൊക്കെ ശേഖരിക്കാനായിരുന്നു ആദ്യ ശ്രമം.എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ ജീവചരിത്രം പറയുന്ന ഒരൊറ്റ പുസ്തകം പോലും വിപണിയില്‍ അന്ന് ലഭ്യമല്ല എന്ന വേദനിപ്പിക്കുന്ന വിവരമാണ് തുടക്കത്തില്‍ എനിക്ക് കിട്ടിയത് ‘ (പേജ് 18) ഈ പ്രസ്താവന വായിച്ച എനിക്ക് ശരിക്കും കരച്ചില്‍ വന്നു. കാരണം, കാല്‍നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകൃതമായ കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീമിന്റെ ”വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി ‘ എന്ന കൃതിയിലെ ഉദ്ധരണികള്‍ യഥേഷ്ടം പല പുറങ്ങളിലും രേഖപ്പെടുത്തി വെച്ചയാളുടെ അവസ്ഥാന്തരങ്ങളില്‍ സഹതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍?
‘സുല്‍ത്താന്‍ വാരിയംകുന്നന്‍ ‘ എന്ന കൃതിയുടെ ഉള്ളടക്കത്തെ വിമര്‍ശന വിധേയമാക്കേണ്ട കാര്യമില്ല. ഒന്നാമതായി അതൊരു മൗലിക കൃതിയല്ല. മറ്റൊന്ന് സമാഹരിച്ച ഉള്ളടക്കത്തോട് കാര്യമായി വിയോജിപ്പുമില്ല. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് വാരിയംകുന്നനെക്കുറിച്ച് ചരിത്രഗ്രന്ഥമില്ല എന്ന മട്ടിലുള്ള വായ്ത്താരികളോടാണ് വിയോജിപ്പ് .അതിനു മുമ്പ് അയാളും സുഹൃത്തുക്കളും ഈ ലജണ്ടിന്റെ ചരിത്രം അറിഞ്ഞില്ല പോലും. വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി എന്ന പേര് തന്നെ കേട്ടിട്ടില്ലാത്ത ന്യൂ ജെന്‍ തലമുറക്കുവേണ്ടി ഒറ്റക്കുതിപ്പിന് ചരിത്ര സോപാനത്തിലേറി ‘സുല്‍ത്താന്‍ വാരിയംകുന്നന്‍ ‘ സമാഹരിച്ചു. പക്ഷെ ഒരു പ്രശ്‌നമുണ്ട്. ശീര്‍ഷകത്തിലെ ‘സുല്‍ത്താന്‍ ‘ എന്ന വിശേഷണം വാരിയംകുന്നന്റെ രാഷ്ടീയത്തോട് കലഹിക്കുന്നുണ്ട്. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ഒന്നാമത്തെ ദേശീയവാദി ടിപ്പു സുല്‍ത്താന്‍ കുടിയാന്മാരുടെ വിമോചന സ്വപനങ്ങള്‍ക്ക് ചാലകശക്തിയായത്, അദ്ദേഹത്തിന്റെ ഭൂപരിഷ്‌ക്കരണവും ചേലക്കലാപവുമായിരുന്നു. ടിപ്പുവിന്റെ തിരോധാനത്തിനു ശേഷം മലബാറിലെ ജനങ്ങള്‍ ഒരു വിമോചകനെ കാത്തിരിക്കുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ അടിയാളന്റെ സ്വപ്നങ്ങളില്‍ വാരിയംകുന്നന്‍ ചേക്കേറിയിരുന്നു.പക്ഷെ, സുല്‍ത്താനേറ്റിന് / രാജവാഴ്ചക്ക് എതിരായ രാഷ്ട്രീയമായിരുന്നു വാരിയംകുന്നനെ ഭരിച്ചിരുന്നത്. അതു കൊണ്ടു തന്നെ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ആരും ‘ സുല്‍ത്താന്‍ ‘ എന്ന് സംബോധന ചെയ്തിരുന്നില്ല. ഖിലാഫത്തിനോടു പോലും അദ്ദേഹത്തിന് വലിയ ആസക്തിയുണ്ടായിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. വിചാരണ ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞത് കാണുക: ‘ ഖിലാഫത്ത് എന്നെ സംബന്ധിച്ചേടത്തോളം ഒരു തുര്‍ക്കി കാര്യമാണ്. എന്റെ നാടിന്റെ സ്വാതന്ത്യത്തിനു വേണ്ടിയാണ് ഞാന്‍ പോരാടിയത് ‘
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
A MAN WHO WOULD BE KING എന്ന ‘ ദി ഗാര്‍ഡിയനി ‘ലെ വിശേഷണവും ബ്രിട്ടീഷുകാരും അവരുടെ ആജ്ഞാനുവര്‍ത്തികളും ഖിലാഫത്ത് രാജാവായി വിശേഷിപ്പിച്ചതും വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജി ഉയര്‍ത്തിപ്പിടിച്ച രാഷ്ടീയത്തിനു കടകവിരുദ്ധമായിരുന്നു. ‘അയാള്‍ ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സൈന്യത്തിന്റെ സേനാനായകനമാണെന്ന് ഭാവിച്ചു ‘ എന്ന ദിവാന്‍ സി.ഗോപാലന്‍ നായരുടെ പ്രസ്താവനയിലെ ‘സേനാനായകന്‍ ‘ എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ ചേരുക. ഒളിപ്പോരിലൂടെ ബ്രിട്ടീഷുകാരെ തുരത്തി ‘എളം പുലാശ്ശേരി’യുടെ സ്വാതന്ത്യം പ്രഖ്യാപിച്ച ഉണ്ണി മൂസമൂപ്പനും തിയോക്രാറ്റിക് ഫ്യൂഡലിസത്തെയും കൊളോണിയല്‍ ഫ്യൂഡലിസത്തെയും ഒന്നിച്ചെതിര്‍ക്കാന്‍ തന്റേടം കാട്ടിയ തന്റെ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുമായിരുന്നു വാരിയംകുന്നന്റെ റോള്‍മോഡലുകള്‍.
Sciences at voyages എന്ന ഫ്രഞ്ച് മാഗസീനില്‍ നിന്നും ലഭിച്ച ഫോട്ടോകളിലെ അടിക്കുറിപ്പ് ‘ബ്രിട്ടീഷ് അധിനിവേശകര്‍ക്കെതിരെ ലഹളക്ക് നേതൃത്വം കൊടുത്ത മാപ്പിളമാര്‍ ….. അവരുടെ പേര് ‘മുഹമ്മദ്’ ‘അലി’ എന്നിങ്ങനെയാണ് …..’ഇത് തന്നെയായിരിക്കാം വാരിയംകുന്നന്‍ ‘ എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു (പേജ് 359) റമീസിന്റെ ഊഹങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മൂന്ന്ചരിത്ര ബന്ധുക്കള്‍ സംശയലേശമന്യേ യാതൊരു ചരിത്രരേഖകളുടെയും പിന്തുണയില്ലാതെ തന്നെ 100 മാര്‍ക്ക് നല്‍കിയത്രെ!. ഈ ഫോട്ടോ വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയടെതല്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഫോട്ടോ വാരിയംകുന്നന്റെതാണ് എന്ന് സ്ഥാപിക്കാന്‍ റമീസും ടീമും കൂടുതല്‍ ന്യായങ്ങള്‍ കണ്ടെത്തിയാലേ അവരുടെ ദൗത്യം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളു.
‘വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയെ പല യൂറോപ്യന്‍ ലേഖനങ്ങളിലും മുഹമ്മദ് ഹാജി എന്നു പരാമര്‍ശിച്ചിട്ടുമുണ്ട് ‘ (പേജ് 359) ഏത് ലേഖനത്തില്‍?. ബ്രിട്ടീഷ് രേഖകളിലും അക്കാലത്തെ പത്രങ്ങളിലും എല്ലാം തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങി മുപ്പതോളം അന്തര്‍ദേശീയ പത്ര കട്ടിങ്ങുകള്‍ റമീസിന്റെ പുസ്തകത്തിന്റെ അവസാന പേജുകളില്‍ കൊടുത്തിട്ടുണ്ട്. അതിലെല്ലാം വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി എന്ന തനെയാണുള്ളത്.
ചരിത്രപരമായ ഇടപെടലുകള്‍
‘….. ഇതില്‍ മനംനൊന്ത് അവസാന ചേരരാജാവായ ചേരമാന്‍ പെരുമാള്‍, തന്റെ ഭരണ പ്രദേശം ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കുമായി ഭാഗിച്ചു കൊടുത്ത ശേഷം നാടുവിട്ടതോടു കൂടി രാജ്യം തുണ്ടം തുണ്ടമായി. ഏകീകൃത ശക്തിയുടെ അഭാവം ഗുണം ചെയ്തത് നമ്പൂതിരിമാര്‍ക്കായിരുന്നു. ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്ക് ബുദ്ധ ജൈന ശക്തി ക്ഷയിക്കുകയും…… ‘ (പേജ് 32) ഉദ്ധരണികളുടെ പിന്‍ബലമില്ലാതെയാണ് റമീസിന്റെ ചരിത്ര വങ്കത്തരം. എം ജി എസും ടീമും എഴുതി വെച്ച ക്ലാവെടുത്ത വാറോലകളെ ട്രീം ചെയ്തടുക്കുന്നത് ദാര്‍ശനിക മാനങ്ങളില്ലാത്ത പള്‍പ്പു ഗവേഷണങ്ങളായാണ് ഗണിക്കുന്നത്. പ്രവാചക കാലത്തു തന്നെ കേരളക്കരയില്‍ ഇസ് ലാമിന് വേരോട്ടമുണ്ടായതിനുള്ള എല്ലാ തെളിവുകളും ഉണ്ടായിരിക്കെ, ഇബ്‌നു കാസിമിന്റെ സിന്ധാക്രമണത്തിന് ശേഷം, അല്ലെങ്കില്‍ മുഹമ്മദ് ഗോറി, മുഹമ്മദ് ഗസ്‌നി എന്നിവരുടെ കടന്നാക്രമണങ്ങള്‍ക്കു ശേഷമാണ് ഇസ് ലാമിക അധിനിവേശമുണ്ടായതെന്നും, ഇസ്ലാം ഹിംസയിലൂടെയാണ് ഇന്ത്യയില്‍ വേരുകളാഴ്ത്തിയതെന്നുമുള്ള സംഘപരിവാര്‍ നരേറ്റീവുകളെ അറിയാതെ വെള്ളപൂശുകയാണിവിടെ.
ക്രി. ശേ.628 ല്‍ അറേബ്യയില്‍ ചെന്ന് പ്രവാചക സന്നിധിയില്‍ ഇസ്‌ലാം സ്വീകരിച്ചത് ശംഖവര്‍മന്‍ എന്ന ചെങ്കല്‍ പെരുമാളാണെന്നാണ് പി.എ.സെയ്ദ് മുഹമ്മദ് ” കേരള മുസ്ലിം ചരിത്രം ‘ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശെയ്ഖ് സഹീറുദ്ദീന്ബ്‌നു തഖ് യുദ്ദീനും സംഘവുമാണ് കേരളത്തിലെത്തിയ ആദ്യത്തെ ഇസ്ലാമിക മിഷനറി സംഘം. അക്കാലത്ത് അറേബ്യക്ക് ചുറ്റുമുള്ള നാനാദിക്കിലേക്കും ദൂതന്മാരെ അയച്ച്, തദ്ദേശീയരാജാക്കന്മാര്‍ക്ക് പ്രവാചകന്‍ സന്ദേശങ്ങള്‍ കൊടുത്തയച്ചിരുന്നു. ഈ സന്ദേശവാഹകനായിട്ടായിരുന്നു ശെയ്ഖ് തഖ് യുദ്ദീന്‍ കൊടുങ്ങല്ലൂര്‍ തീരത്ത് കപ്പലിറങ്ങിയത്. ഐസ് ലാമിക ദര്‍ശനത്തെ കുറിച്ച് മതിപ്പ് തോന്നിയ പെരുമാള്‍, പ്രവാചക സന്നിധിയില്‍ എത്തിച്ചേരണമെന്നുള്ള തന്റെ ആഗ്രഹം തഖ് യുദ്ദീനോട് പറഞ്ഞു. സിലോണിലെ ആദം മല സന്ദര്‍ശിച്ച് മടങ്ങി വരുമ്പോള്‍ തങ്ങള്‍ക്കൊപ്പം അറേബ്യയിലേക്ക് യാത്ര പുറപ്പെടാമെന്ന് തഖ് യുദ്ദീന്‍ വാക്കു കൊടുത്തു. ക്രി. ശേ.628 ല്‍ പ്രവാചക സന്നിധിയിലെത്തിയ ചേരമാന്‍ പെരുമാള്‍ ‘താജുദ്ദീന്‍ ‘ എന്ന നാമം സ്വീകരിച്ച് മുസ് ലിമായി. ഹജ്ജ് നിര്‍വ്വഹിച്ച് 17 ദിവസങ്ങള്‍ പ്രവാചകനൊപ്പം ചെലവഴിച്ചു.തുടര്‍ന്ന് യമനിലെത്തി സഹചാരിയായ മാലിക്കു ബ്‌നു ദീനാറിന്റെ സഹോദരിയെ വിവാഹം ചെയ്ത് താമസമാക്കി. ക്രി. ശേ.632 ല്‍ കേരളത്തിലേക്കുള്ള മടക്കയാത്രയില്‍ ഒമാനില്‍ വെച്ച് ചേരമാന്‍ അസുഖബാധിതനായി. ജ്വരം മൂര്‍ച്ഛിച്ച് അദ്ദേഹം ” ഷെഹര്‍ മുഖല്ല ‘ യില്‍ വെച്ച് അന്തരിച്ചു.
അക്ബര്‍ ഷാ ഖാന്റെ ‘ആയെനെ ഹഖീഖത്ത് നാമ ‘, അബ്ദുല്‍ കാസിം ഫെരിസ്തയുടെ ‘താരീഖെ ഫെരിസ്ത’, അല്‍തബ്രിയുടെ ”ഫിര്‍ദൗസല്‍ ഹിഖ് മത്’, ഉമര്‍ സുഹൃവര്‍ദിയുടെ ‘രിഹ് ലത്തുല്‍ മുലൂക്ക് ‘ ഇത്യാദി ഗ്രന്ഥങ്ങളിലെല്ലാം മേലുദ്ധരിച്ച ചരിത്രമുണ്ട്. ഉദ്ധരണികളില്ലാതെ ഊഹങ്ങളിലുടെ യാത്ര ചെയ്ത് റമീസ് ഗവേഷിച്ചെടുത്തത് കാണുക: ‘പെരുമാളുടെ ആകസ്മികമരണം ഈ സംഘത്തിന്റെ യാത്രയെ ബാധിച്ചു. അവര്‍ യാത്ര റദ്ദാക്കി. പിന്നീട് വളരെ കഴിഞ്ഞാണ് അവര്‍ കേരളത്തിലെത്തിയത്.അവര്‍ ഇവിടെ എത്താന്‍ എത്ര വൈകി എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ് യഥാര്‍ത്ഥത്തില്‍ ഈ സംഭവത്തില്‍ കാല നിര്‍ണയത്തിന് ചരിത്രകാരന്മാര്‍ക്ക് വിഷമം നേരിട്ടത്.പെരുമാള്‍ എഴുതിക്കൊടുത്ത കത്തുമായി കേരളത്തിലെത്തിയത് അവര്‍ തന്നെയായിരുന്നോ, അതോ അടുത്ത തലമുറയില്‍ പെട്ടവരായിരുന്നോ അല്ലെങ്കില്‍ എത്ര തലമുറ കഴിഞ്ഞാണ് സംഘം വന്നത് എന്നൊന്നും വ്യക്തമല്ല.’ (പേജ് 36 )
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാര്യങ്ങള്‍ വളരെ വ്യക്തമാകണമെങ്കില്‍ ആഴത്തിലുള്ള ചരിത്രപഠനം അനിവാര്യമാണെന്ന് വരുന്നു. ശെയഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ‘തുഫ്ഹത്തുല്‍ മുജാഹിദീന്‍ ഫീ അഹ് ബാറില്‍ ബുര്‍ത്തുകാലിയ്യീന്‍ ‘ എന്ന ഗ്രന്ഥത്തില്‍ ചേരമാന്‍ പെരുമാളുടെ കാലഘട്ടം ഹിജറ രണ്ടാം നൂറ്റാണ്ടായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പില്‍കാല ചരിത്രകാരന്മാര്‍ക്കിടയില്‍ ഇതേക്കുറിച്ച് ആരോഗ്യകരമായ സംവാദങ്ങളും നടന്നിട്ടുണ്ട്. കാലഗണനയിലെ ഈ വൈരുദ്ധ്യത്തിന്റെ കാരണമന്വേഷിച്ചാല്‍ കണ്ടെത്താനാവുന്നത്, ചരിത്രത്തില്‍ രണ്ടു ചേരമാന്‍ പെരുമാക്കന്മാര്‍ ഇസ്ലാം പുണര്‍ന്ന് മക്കയില്‍ പോയിട്ടുണ്ട് എന്ന വസ്തുതയാണ്.
‘ചേരമാന്‍ പാഞ്ചന്‍ ‘ എന്നു പേരുള്ള അമ്പതാം ചേരരാജാവ് (ക്രി. ശേ.802 – 818) ആണ് ഇസ്ലാം ആശ്ലേഷിച്ച രണ്ടാമത്തെ ചേരമാന്‍ പെരുമാള്‍.’ പുറനാനൂറ് ‘ എന്ന സംഘകാലകൃതിയില്‍ ഇദ്ദേഹത്തിന്റെ അപദാനങ്ങള്‍ വര്‍ണിക്കുന്നുണ്ട്.” ചേരമ പെരുമ നായനാര്‍ ‘ എന്നും ‘ കുലശേഖര പെരുമാള്‍ ‘ എന്നും ഇദ്ദേഹത്തിന് വിശേഷണങ്ങള്‍ പലതുണ്ട്. ‘സേര്‍മാന്‍ ഫെര്‍മാള്‍ ‘ എന്നാണ് അറബികള്‍ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. കൂഫയിലെ സൂഫിവര്യനായ ശെയ്ഖ് അലിയാണ് ചേരമാന്‍ പെരുമാള്‍ രണ്ടാമന്റെ മതപരിവര്‍ത്തനത്തിന് നിദാനമായി വര്‍ത്തിച്ചത്. അധികാരം മുഴുക്കെ സാമന്തന്മാര്‍ക്കും ആശ്രിതര്‍ക്കും പകുത്തു നല്‍കി മക്കയിലേക്ക് പോയ അവസാനത്തെ പെരുമാളാണിദ്ദേഹം. അതിനു ശേഷം കോലത്തിരിമാരും വേണാട്ടരചനും സാമൂതിരിയും വളളുവക്കോനാതിരിയും കൊച്ചി രാജാവും കുലശേഖരനുമൊക്കെയായി പ്രദേശികമായാണ് രാജാക്കന്മാര്‍ അറിയപ്പെട്ടത്. ചേരമാന്‍ രണ്ടാമന്‍ ‘ അബ്ദുറഹ്‌മാന്‍ സാമിരി ‘ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. സേര്‍മാന്‍ ലോപിച്ച് സാമിരിയായി.ഒമാനിലെ ‘സുഫാറി ‘ ല്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. ഖബറിടത്തില്‍ അബ്ദുറഹ്‌മാന്‍ സാമിരി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പോര്‍ച്ചുഗീസ് ചരിത്രകാരന്മാരായ ബറോസ്, ബര്‍ ബോസ്, ബുക്കാനന്‍ തുടങ്ങിയവരും വില്യം ലോഗന്റെ ‘മലബാര്‍ മാന്വലും ‘ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ‘കേരളോല്‍പ്പത്തി’ യും ചേരമാന്റെ മക്കാ യാത്രയ്ക്കു ശേഷമാണ് കൊല്ലവര്‍ഷാരംഭമുണ്ടായതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.ഇത് ക്രി. ശേ.825 ആണ്. കേസരി ബാലകൃഷ്ണപിള്ള ”ചരിത്രത്തിന്റെ അടിവേരുകളി’ ല്‍ പറയുന്നത് ഈ ചേരമാന്റെ കാലശേഷമാണ് മാലിക്കുബ്‌നു ദീനാറും സംഘവും കേരളത്തിലെത്തിയതെന്നാണ്.ഇത് ശരിയല്ല. കാരണം, മാലിക്ക് ബ്‌നു ദീനാര്‍ പണികഴിപ്പിച്ച കേരളത്തിലെ ചിരപുരാതന പള്ളികള്‍ കാലഗണനയ്ക്ക് സാക്ഷ്യം നില്‍ക്കുന്നു. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിക്ക് സമീപമുള്ള മാലിക്ക് ബ്‌നു ഹബീബിന്റെ ശവകുടീരത്തില്‍ രേഖപ്പെടുത്തിയിട്ടള്ള ഹിജറ 21, കണ്ണൂര്‍ അറയ്ക്കല്‍ ആലി രാജയുടെ ഹിജറ 35 മുദ്രണം ചെയ്ത നാണയങ്ങള്‍, കൊയിലാണ്ടിക്കടുത്തെ പാറപ്പള്ളിയിലെ ഹിജറ ഒന്നാം നൂറ്റാണ്ട് രേഖപ്പെടുത്തിയ മീസാന്‍ കല്ലുകള്‍ തുടങ്ങി ഒട്ടേറെ ചരിത്ര സാക്ഷ്യങ്ങള്‍ കാലഗണനയ്ക്ക് തെളിവായുണ്ട്.
‘കേരളത്തിന്റെ ചരിത്രം തന്നെ ഈ നിലക്ക് കേരളത്തിലെ മുസ്ലീംകളുടെ ചരിത്രമാണ് ‘ എന്ന ഡോ.സി.കെ.കരീമിന്റെ വാക്കുകള്‍ പ്രസക്തമാണ്. കേരള ചരിത്രത്തിന്റെ എല്ലാ ദശാസന്ധികളിലും മുസ്ലിം പ്രഭാവം പ്രകടമാണ്.ഈ പ്രഭാവത്തെ തമസ്‌ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടകള്‍ക്ക് ചൂട്ട് പിടിച്ചു കൊണ്ടാകരുത് ചരിത്ര ഗവേഷണങ്ങള്‍ എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in