വിശ്വപൗരന്‍ തറവാടി നായരാകുന്നതിലെ രാഷ്ട്രീയം…..

സുകുമാരന്‍ നായരുടെ ഇപ്പോഴത്തെ ഇടപെടലിനെ കുറിച്ചു പറയുമ്പോള്‍ ഏതാനും വര്‍ഷം മുമ്പത്തെ മറ്റൊരു ഇടപെടല്‍ മറക്കാറായിട്ടില്ലല്ലോ. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം കുറഞ്ഞെന്ന ആശങ്കയില്‍ അദ്ദേഹം നടത്തിയ താക്കോല്‍ സ്ഥാന പ്രസ്താവനയാണ് ഉദ്ദേസിക്കുന്നത്. അങ്ങനെയാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്. എന്നാല്‍ സംഭവിച്ചതെന്താണ്? ചെന്നിത്തലക്ക് മതേതരനെന്ന മുഖം നഷ്ടപ്പെടാനും കോണ്‍ഗ്രസ്സിലും യുഡിഎഫിലും അപ്രീതി കൂടാനും അവസാനം നേതൃത്വം വി ഡി സതീശനിലെത്താനും എന്‍ എസ് എസ് നോമിനി എന്ന പ്രതിഛായ കാരണമായി. ഇത് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും വൈകിപ്പോയി. ഇതറിയാവുന്നതിനാലാവാം വി ഡി സതീശന്‍ സുകുമാരന്‍ നായരോട് വലിയ യുദ്ധത്തിനൊന്നും പോകുന്നി്‌ല്ലെങ്കിലും അമിതമായ പ്രീതിക്കായി ശ്രമിക്കാത്തത്.

ശശി തരൂര്‍ നല്ല തറവാടി നായരാണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണെന്നും വിശേഷിപ്പിക്കുകയും വി ഡി സതീശനേയും ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത എന്‍ എസ് എസ് ജനറല്‍ സെക്രട്ടിറി സുകുമാരന്‍ നായരുടെ പ്രസ്താവനയുണ്ടാക്കിയ അലയൊലിയിലാണ് കേരള രാഷ്ട്രീയം. ഏതാനും മാസം മുമ്പ് കേവലം ഡെല്‍ഹി നായരാണെന്നു പറഞ്ഞ നാവുകൊണ്ടാണ് സുകുമാരന്‍ നായര്‍ തരൂരിനെ തറവാടി നായരും വിശ്വപൗരനായ കേരളീയനുമായി വിശേഷിപ്പിച്ചത്. അതിന്റെ ഉദ്ദേശമൊക്കെ സാമാന്യബോധമുള്ളവര്‍ക്ക് വ്യക്തമാണ്. എന്തായാലും സുകുമാരന്‍ മായരുടെ പ്രസ്താവനയുടെ ആവേശത്തില്‍ താന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണെന്നും മുഖ്യമന്ത്രിയാകാനും തയ്യാറാണെന്നും തരൂര്‍ പറഞ്ഞുകഴിഞ്ഞു.

സാമുദായികശക്തികള്‍ ഒരു ജനാധിപത്യ – മതേതര രാഷ്ട്രീയ സംവിധാനത്തില്‍ ഇടപെടുന്നത് ശരിയാണോ എന്ന ചര്‍ച്ച എന്നും നടക്കുന്നത്. സാമുദായികമായി സംഘടിക്കുന്നതുപോലും ശരിയാണോ എന്ന ചോദ്യവും ഉയരാറുണ്ട്. നൂറ്റാണ്ടുകളായി ജാതിയും സമുദായവം മാത്രമല്ല, അവയുടെ പേരില്‍ വിവേചനവും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ രാഷ്ട്രീയത്തില്‍ നിന്നു മാത്രം അവയെ ഒഴിവാക്കാനാവുമെന്നു കരുതുക വയ്യ. എന്നാല്‍ ശ്രേണിബദ്ധമായ ജാതി – സമുദായ സമൂഹത്തില്‍ ആ ശ്രേണിയുടെ മുകളില്‍ നിലകൊള്ളുന്ന, നിലവിലെ ്അവസ്ഥയിലെ പ്രിവിലേജുകളെല്ലാം അനുഭവിക്കുന്ന വിഭാഗങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയായിരിക്കില്ല. തങ്ങളുടെ സാമൂഹ്യമായ ആധിപത്യം തുടരുക എന്നതായിരിക്കും അവരുടെ രാഷ്ട്രീയലക്ഷ്യം. മറുവശത്ത് നൂറ്റാണ്ടുകളായി ക്രൂരമായ വിവേചനമനുഭവിക്കുന്ന വിഭാഗങ്ങള്‍ സംഘടിക്കുകയും രാഷ്ട്രീയത്തിലടക്കം തുല്ല്യതക്കായി പോരാടുകയും ചെയ്യുന്നത് ഗുണാത്മകമായി തന്നെ കാണണം.

ഇത്തരമൊരു പരിശോധന നടത്തിയാല്‍ കാണാന്‍ കഴിയുക കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമൂഹ്യ, സാംസ്‌കാരിക, ഔദ്യോഗിക, അധികാര മേഖലകളിലെല്ലാം ജനസംഖ്യാനുപാതികത്തേക്കാള്‍ എത്രയോ കൂടിയ പ്രാതിനിധ്യവും സ്വാധീനവുമാണ് പൊതുവില്‍ സവര്‍ണ്ണവിഭാഗങ്ങളുടേയും അതില്‍ തന്നെ നായര്‍ വിഭാഗങ്ങളുടേയുമെന്നുമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. കേരളരാഷ്ട്രീയത്തെ പലപ്പോഴും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എന്‍ എസ് എസ് മാറിയിട്ടുമുണ്ട്. (പലപ്പോഴും പല കൃസ്ത്യന്‍ സഭകള്‍ക്കും അതിനായിട്ടുണ്ടെന്നു മറക്കുന്നില്ല). സംവരണമെന്ന ഭരണഘടനാവകാശത്തിന്റെ അടിസ്ഥാന രാഷ്ട്രീയത്തെ തന്നെ അട്ടിമറിച്ച് സവര്‍ണ്ണ സംവരണം നടപ്പാക്കാന്‍ പോലും അവര്‍ക്കായി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സുകുമാരന്‍ നായരുടെ ഇപ്പോഴത്തെ ഇടപെടലിനെ കുറിച്ചു പറയുമ്പോള്‍ ഏതാനും വര്‍ഷം മുമ്പത്തെ മറ്റൊരു ഇടപെടല്‍ മറക്കാറായിട്ടില്ലല്ലോ. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം കുറഞ്ഞെന്ന ആശങ്കയില്‍ അദ്ദേഹം നടത്തിയ താക്കോല്‍ സ്ഥാന പ്രസ്താവനയാണ് ഉദ്ദേസിക്കുന്നത്. അങ്ങനെയാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്. എന്നാല്‍ സംഭവിച്ചതെന്താണ്? ചെന്നിത്തലക്ക് മതേതരനെന്ന മുഖം നഷ്ടപ്പെടാനും കോണ്‍ഗ്രസ്സിലും യുഡിഎഫിലും അപ്രീതി കൂടാനും അവസാനം നേതൃത്വം വി ഡി സതീശനിലെത്താനും എന്‍ എസ് എസ് നോമിനി എന്ന പ്രതിഛായ കാരണമായി. ഇത് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും വൈകിപ്പോയി. ഇതറിയാവുന്നതിനാലാവാം വി ഡി സതീശന്‍ സുകുമാരന്‍ നായരോട് വലിയ യുദ്ധത്തിനൊന്നും പോകുന്നി്‌ല്ലെങ്കിലും അമിതമായ പ്രീതിക്കായി ശ്രമിക്കാത്തത്.

ഇത്തരം സാഹചര്യത്തിലാണല്ലോ അഖിലേന്ത്യാതലത്തില്‍ നിന്ന് തരൂരിന്റെ കേരളരാഷ്ട്രീയത്തിലേക്കുള്ള വരവ്. തീര്‍ച്ചയായും അത് തരൂരിന്റെ ഒറ്റക്കുള്ള തീരുമാനമെന്ന് കരുതാനാവില്ല. ജയിക്കില്ല എന്നുറപ്പുണ്ടായിട്ടും തരൂര്‍ എ ഐ സി സി പ്രസിഡന്റ് സ്ഥാന്തതേക്ക് മത്സരിച്ചത് ഇതിനുള്ള സാഹചര്യമൊരു്കകാനായിരുന്നു എന്നു വ്യക്തം. കോണ്‍ഗ്രസ്സില്‍ ശതകങ്ങളായി തുടരുന്ന ഗ്രൂപ്പിസത്തെ തുടര്‍ച്ചയുമാണിത്. വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങലാല്‍ ഇനി സജീവമായി ഒരു തിരിച്ചുവരവ് അസാധ്യമാണെന്നുറപ്പായ ഉമ്മന്‍ ചാണ്ടിക്കുശേഷം എ ഗ്രൂപ്പിന് ഉന്നതനായ ഒരു നേതാവ് വേണമായിരുന്നു. ഒന്നാം നിരയിലുള്ള നേതാക്കളെല്ലാം ഫലത്തില്‍ ഐ ഗ്രൂപ്പുകാരാണ്. ഈ അന്വേഷണമാണ് എ ഗ്രൂപ്പിന തരൂരിലെത്തിച്ചത്. തരൂരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെയെല്ലാം പുറകില്‍ എ ഗ്രൂപ്പുണ്ടെന്നുറപ്പ്. അതിനിടയിലാണ് ഐ ഗ്രൂപ്പിലെ പ്രമുഖനേതാക്കള്‍ നായര്‍ സമുദായത്തില്‍ നിന്നായതിനാല്‍ ആ രംഗത്തേക്കും ഒരു കൈ നോക്കാന്‍ തരൂരും കൂട്ടരും തീരുമാനിച്ചത്. അങ്ങനെയാണ് വിശ്വപൗരന്‍ തറവാടി നായരാകുന്നത്. ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്നു കുറഞ്ഞതൊന്നുമല്ല എന്നത് വ്യക്തം. എന്നാല്‍ അത്തരമൊരു വിശേഷണത്തില്‍ ആനന്ദിക്കുന്ന തരൂര്‍ ഒരുപക്ഷെ ചെന്നിത്തലയുടെ അനുഭവം ഓര്‍ക്കുന്നുണ്ടാവില്ല. എന്തായാലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ സജീവമാക്കാന്‍ ഇതുകൊണ്ടായി എന്നതു ശരിയാണ്. ഗ്രൂപ്പിസം എന്നും പാര്‍ട്ടിയുടെ ഭാഗമായതിനാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തകരാനൊന്നും പോകുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ഗുണകരമായ പ്രതിഭാസമല്ല. ആധിപത്യമുള്ള സാമുദായിക ശക്തികള്‍ കേരളരാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന്ത ആദ്യമന്ത്രിസഭ മുതല്‍ കേരളം കണ്ടതാണ്. അതായിരുന്നല്ലോ വിമോചന സമരത്തിന്റെ ഉദ്ഭവം. പിന്നീട് എക്കാലത്തും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഭരണത്തിലുടനീളം സാമുദായിക ശക്തികളുടെ സ്വാധീനം പ്രകടമാണ്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇനിയും സമഭാവനയോടെയുള്ള അംഗീകാരം ലഭിക്കാത്ത വിഭാഗങ്ങളുടേതല്ല ഈ സ്വാധിനം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ദലിത് വിഭാഗങ്ങളുടെയൊക്കെ പ്രാതിനിധ്യം ഇപ്പോഴും സംവരണ സീറ്റുകളില്‍ ഒതുങ്ങുകയാണല്ലോ. സവര്‍ണ്ണമെന്നോ മുന്നോക്കമെന്നോ വിശേഷിപ്പി്ക്കാവുന്ന വിഭാഗങ്ങള്‍ തന്നെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച പോലെ കേരളത്തിന്റെ സമസ്ത മണ്ഡലങ്ങളേയും നിയന്ത്രിക്കുന്നതും ആ ആധിപത്യം നിലനിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്ത, സംസ്ഥാന കലോല്‍സവത്തിലെ ഭക്ഷണവിവാദം ഇതുമായി കൂട്ടിവായിക്കേണ്ടതുതന്നെയാണ്. നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലെ സവര്‍ണ്ണ ആധിപത്യമല്ലാതെ മറ്റെന്താണ് അതില്‍ നിന്നു വ്യക്തമായത്? ജാതിയുടെ മാഹാത്മ്യത്തിന്റെ പേരില്‍ ഭക്ഷണത്തിലടക്കം കേരളത്തിലെ സാസ്‌കാരിക മണ്ഡലത്തിലെമ്പാടും നിലനില്‍ക്കുന്ന ആധിപത്യത്തെ വിമര്‍ശിച്ചവരെ ജാതിവാദികളാക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു. അതുപോലെ യുവജനോത്സവത്തിന്റെ മുന്നോടിയായി നടന്ന സ്വാഗതഗാനാവിഷ്‌കാരത്തിലെ ഒരു പ്രത്യേക മതത്തിനെതിരായ ചിത്രീകരണത്തെ വിമര്‍സിച്ചവര്‍ വര്‍ഗ്ഗീയ വാദികളുമായി. പുരോഗമനമെന്നും പ്രബുദ്ധമെന്നും വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക മനസ്സ് ഇപ്പോഴും മനുസ്മൃതി മൂല്യങ്ങളിലാണ് നിലനില്‍ക്കുന്നത് എന്നതാണ് ഈ സംഭവങ്ങളെല്ലാം വെളിവാക്കുന്നത്. കേരളത്തില്‍ നിന്ന് ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ല എന്നതിന്റെ പേരില്‍ നമ്മള്‍ മതേതരവാദികളാമെന്ന അവകാശവാദം പൂര്‍ണ്ണമായും തെറ്റാണ്. ഒരുപക്ഷെ അതിനേക്കാള്‍ അപകടകരമായ രീതിയിലാണ് നമ്മുടെ സാംസ്‌കാരിക മനസ്സിനെ സംഘപരിവാര്‍ രാഷ്ട്രീയം ഗ്രസിച്ചിരിക്കുന്നത് എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply