ശബള പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ – തള്ളേണ്ടതും കൊള്ളേണ്ടതും

കമ്മീഷന്‍ ശുപാര്‍ശകളില്‍ ശ്രദ്ധേയമായ മറ്റൊന്ന് പി എസ് സിയെ കുറിച്ചുള്ളതാണ്. പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കണമെന്നും നിലവാരം കൂട്ടണമെന്നുമാണ് ശുപാര്‍ശ. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളാണ് കേരള പി എസ് സിയിലുള്ളത്. എങ്ങനെയാണത് സംഭവിക്കുന്നത് എന്നറിയാത്തവരും കേരളത്തിലുണ്ടാവില്ല. ഭരിക്കുന്ന പാര്‍ട്ടികളുടെ വീതം വെപ്പുതന്നെ. അവിടെ എണ്ണത്തിനും ഗുണത്തിനും എന്തു പ്രസക്തി?

വളരെ ശ്രദ്ധേയമായ ചില നിര്‍ദ്ദേശങ്ങളോടെയാണ് ശബള പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലെ ബ്യൂറോക്രസിയുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഏറ്റവും കാതലായ വിഷയത്തെ വേണ്ടത്ര പരിഗണിച്ചു എന്നു പറയാനാവില്ലെങ്കിലും ആ ദിശയില്‍ ചില നിര്‍ദ്ദേശങ്ങള്‍ ഇല്ല എന്നും പറയാനാവില്ല. അതിലൊന്നാണ് ആശ്രിതനിയമനം അവസാനിപ്പിക്കുക എന്നത്. സര്‍വീസിലിരിക്കുന്ന ഒരാള്‍ മരണപ്പെടുമ്പോള്‍ ബന്ധുവിന് ജോലി നല്‍കുന്നതിലൂടെ സിവില്‍ സര്‍വ്വീസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമല്ല എന്നാണ് കമ്മീഷന്‍ പറയുന്നത്. ആശ്രിതര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണം. എന്നാല്‍ ഭരണഘടനയനുസരിച്ച് ആര്‍ട്ടിക്കിള്‍ 16ന്റെ അന്തസത്ത ലംഘിക്കുന്നതുകൊണ്ടും സര്‍വീസ് കാര്യക്ഷമതയില്‍ ഇടിവ് സംഭവിക്കുന്നതുകൊണ്ടും പൊതു ഉദ്യോഗാര്‍ത്ഥികളുടെ അവസരം കുറയുന്നതുകൊണ്ടും ആശ്രിത നിയമനം നിര്‍ത്തണമെന്നാണ് ശുപാര്‍ശ.

സംസ്ഥാനത്ത് ഇന്നത്തെ സര്‍ക്കാര്‍ ജീവനക്കാരിലെ ചെറുതല്ലാത്ത ഒരു ഭാഗം ആശ്രിതനിയമനം വഴി കയറിയവരാണ്. മെരി്റ്റടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കുക എന്ന അടിസ്ഥാനതത്വത്തെ അട്ടിമറിക്കുന്നതും സാമൂഹ്യനീതി എന്ന ആശയത്തെ ഉയര്‍ത്തിപിടിക്കുന്ന സംവരണവുമായി താരതമ്യം ചെയ്യാനാവാത്തതുമാണ് ആശ്രിതനിയമനം. സര്‍ക്കാര്‍ ജോലി എന്നതു പരമ്പരാഗതമായ കൈമാറാനുള്ളതല്ലല്ലോ. സര്‍വ്വീസിലിരിക്കെ മരിച്ചാല്‍ കുടുംബത്തിനു പരമാവധി സാമ്പത്തികസഹായം നല്‍കുക എന്നല്ലാതെ ആശ്രിതര്‍ക്ക് ജോലി നല്‍കുക എന്നതില്‍ എന്തു യുക്തിയാണുള്ളത്. മക്കള്‍ക്ക് ജോലി കിട്ടാനായി റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് ആത്മഹത്യ ചെയ്ത നിരവധി സംഭവങ്ങള്‍ പോലും കേരളത്തിലുണ്ടായിട്ടുണ്ടെന്നതും മറക്കരുത്. സ്വകാര്യമേഖലയില്‍ ആശ്രിതനിയമനം നിലനില്‍ക്കുന്നതുപോലുമില്ലല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിവാദമാകുന്ന മറ്റൊരു നിര്‍ദ്ദേശം പെന്‍ഷന്‍ പ്രായം 56ല്‍ നിന്നു 57 ആക്കുക എന്നതാണ്. അതുവഴി താല്‍ക്കാലികമായി ലഭിക്കുന്ന സാമ്പത്തികലാഭം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം ഈ വിഷയം കേരളത്തില്‍ ചര്‍ച്ച തുടങ്ങി കാലം കുറെയായി. സ്വാഭാവികമായി കക്ഷിരാഷ്ട്രീയഭേദമില്ലാതെ സര്‍വ്വീസ് സംഘടനകള്‍ ഇതിന് അനുകൂലവും യുവജനസംഘടനകള്‍ എതിരുമാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടിയതും മിക്കസംസ്ഥാനങ്ങളിലും പെന്‍ഷന്‍ പ്രായം കൂടുതലാണെന്നുമാണ് സര്‍വ്വീസ് സംഘടനകള്‍ ചൂണ്ടികാട്ടുന്നത്. ഉന്നതമായ പല സ്ഥാനങ്ങളിലും 65 വയസ്സൊക്കെയാണ് പെന്‍ഷന്‍ പ്രായം. 56 വയസ്സിലൊക്കെ വിരമിക്കുന്നവരില്‍ പലരും തുടര്‍ന്നും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഡോക്ടര്‍മാരും അധ്യാപകരുമൊക്കെ ഉദാഹരണം. റിട്ടയര്‍ ആയതിനുശേഷം തിരിച്ചൊന്നും ലഭിക്കാതെ ഇരുപതും മുപ്പതും കൊല്ലമൊക്കെ പെന്‍ഷന്‍ കൊടുക്കുന്നതും ഇവര്‍ ചൂണ്ടികാട്ടുന്നു. സ്വാഭാവികമായും യുവജനസംഘടനകള്‍ ചൂണ്ടികാണിക്കുന്നത് തൊഴിലില്ലായ്മയാണ്. ലക്ഷകണക്കിനുപേര്‍ പിഎസ്സി പാസ്സായി തൊഴിലിനായി കാത്തുനില്‍ക്കുമ്പോള്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാനാവില്ല എന്നല്ലാതെ അവര്‍ക്കു മറ്റെന്താണ് പറയാനാകുക? കൊവിഡ് ദുരിതങ്ങളോടെ സുരക്ഷിതമായ ഏക തൊഴില്‍ സര്‍ക്കാര്‍ ജോലിയാണെന്ന ധാരണ ശക്തമാകുകയും ചെയ്തിരിക്കുകയാണ്.

വാസ്തവത്തില്‍ തെറ്റായ ഒരു ധാരണയില്‍ നിന്നാണ് ഈ തര്‍ക്കത്തിന്റെ ഉദ്ഭവം തന്നെ. സര്‍ക്കാരിനെ ഏറ്റവും വലിയ തൊഴില്‍ ദായകരായും അതാണ് സര്‍ക്കാരിന്റെ പ്രധാന കടമ എന്നുമുള്ള തെറ്റായ ധാരണയാണ് കേരളത്തില്‍ അതിശക്തമായിരിക്കുന്നത്. അതങ്ങനെയല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കലല്ല സര്‍ക്കാരിന്റെ പ്രധാന ജോലി. അതിനായി കുറിക്കമ്പനിയും ഫാക്ടറികളും ബസ് വ്യവസായം മറ്റും മറ്റും നടത്താനല്ല സര്‍ക്കാര്‍. സര്‍ക്കാരിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ കുറെപേരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനവര്‍ക്ക് പ്രതിഫലവും നല്‍കുക. അവരുടെ എണ്ണം കൂടിയും കുറഞ്ഞും വരും. പുതിയ പുതിയ തസ്തികകള്‍ ഉണ്ടാക്കിയും പൊതുമേഖലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയും തൊഴിലവസരങ്ങള്‍ സ്വയം സൃഷ്ടിക്കുകയല്ല, ഉല്‍പ്പാദനമേഖലകള്‍ വികസിക്കാനും അങ്ങനെ തൊഴിലവസരങ്ങള്‍ ഉണ്ടാകാനും സംരഭകത്വം വളരാനുമുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആധുനിക സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ പല തൊഴിലവസരങ്ങളും ഇല്ലാതാകും, ചില പുതിയ അവസരങ്ങള്‍ ഉണ്ടാകുമെന്നതുപോലും പരിഗണിക്കാതെയാണ് പലരും ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്. തൊഴിലവസരങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ പൊതുവെ നമ്മുടെ സര്‍ക്കാരുകള്‍ പരാജയമാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റിയെങ്കിലേ പെന്‍ഷന്‍ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടാകൂ.

ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തിനും പെന്‍ഷനുമായി മൊത്തം വരുമാനത്തിന്റെ 48.46% ചിലവഴിക്കുന്ന സംസ്ഥാനാണ് കേരളം. അതിനുവേണ്ടിയെടുത്ത കടത്തിന്റെ പലിശയായി 18.35 ശതമാനവും. ജനിക്കുന്ന ഓരോകുഞ്ഞും ജനിക്കുന്നതുതന്നെ ഒരു ലക്ഷത്തില്‍പരം കടവുമായാണ്. സര്‍ക്കാരിന്റെ ബാക്കിയെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചിലവഴിക്കുന്നത് വെറും 33.19 %.സര്‍ക്കാര്‍ ജോലിക്കുള്ള അമിതാവേശത്തിന്റെ കാരണം പറയാനില്ലല്ലോ. പഠനത്തില്‍ ഏറ്റവും മിടുക്കരായ ഒരു വിഭാഗം ഇപ്പോഴും സര്‍ക്കാര്‍ ജോലികളെ ഇഷ്ടപ്പെടുന്നില്ല എങ്കിലും മിക്കവാറും പേരുടെ ലക്ഷ്യം അതുതന്നെയാണ്. ജോലി കിട്ടിക്കഴിഞ്ഞാല്‍ ഇവരില്‍ ഭൂരിഭാഗവും ജനങ്ങളോട് എങ്ങനെയാണ് ഇടപെടുന്നതിനെ കുറിച്ച് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ആ വിഷയത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടിന്റെ ഏഴാം ഭാഗത്തില്‍ ഭരണപരമായ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്തം, ജനസൗഹാര്‍ദ്ദം, ലിംഗനീതി എന്നിവ സംബന്ധിച്ച ശുപാര്‍ശകളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അവ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒന്നാം സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞപോലെ, തങ്ങളുടെ മുന്നിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാക്കുക? സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കുക, ഓരോ ദിവസത്തേയും പ്രവര്‍ത്തി സമയം രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെയാക്കുക, ലീവുകളും അവധി ദിവസങ്ങളും കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സ്വാഗതാര്‍മാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന എയ്ഡഡ് കോളേജ്, സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ സുതാര്യതയുണ്ടാകണമെന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ഏറ്റവും വലിയ തോന്നിവാസമാണ് ഈ മേഖലയില്‍ നടക്കുന്നതെന്ന് അറിയാത്ത ആരുമില്ല. എന്നാലും പതിറ്റാണ്ടുകളായി അതുതന്നെ തുടരുന്നു. ഇത്തരം നിയമനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ വേണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ. മാനേജ്മെന്റുകളുടെ കൂടി സഹകരണത്തോടുകൂടി ഇത് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ കേരള റിക്രൂട്ട്മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് സ്വീകരിക്കണമെന്നും അതുവരെ അഭിമുഖങ്ങള്‍ ഉള്‍പ്പെടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന രീതി സ്വീകരിക്കാമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.പരാതികളുയര്‍ന്നാല്‍ പരിഹരിക്കുന്നതിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ഓംബുഡ്‌സ്മാനായുള്ള സമിതി വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. അത്രയും നല്ലത്. എന്നാല്‍ സര്‍ക്കാല്‍ വേതനം നല്‍കുന്ന ഈ മേഖലയില്‍ സംവരണം നടപ്പാക്കുക എന്ന ഏറ്റവും അടിസ്ഥാനപരമായ വിഷയത്തില്‍ കമ്മീഷന്‍ മൗനമാണ്. അതോടൊപ്പം സര്‍ക്കാര്‍ ജോലികളില്‍, സാമൂഹ്യനീതി എന്ന അടിസ്ഥാനതത്വം അട്ടിമറിച്ച് സംവരണത്തില്‍ സാമ്പത്തിക പരിഗണനകൂടി കൊണ്ടുവരാനുള്ള നിര്‍ദ്ദേശവും അംഗീകരിക്കാനാവുന്നതല്ല. ദാരിദ്ര്യനിര്‍മ്മാജനമാര്‍ഗ്ഗമല്ല സംവരണം എന്ന് എന്നാണിവര്‍ മനസ്സിലാക്കുക.

കമ്മീഷന്‍ ശുപാര്‍ശകളില്‍ ശ്രദ്ധേയമായ മറ്റൊന്ന് പി എസ് സിയെ കുറിച്ചുള്ളതാണ്. പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കണമെന്നും നിലവാരം കൂട്ടണമെന്നുമാണ് ശുപാര്‍ശ. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളാണ് കേരള പി എസ് സിയിലുള്ളത്. എങ്ങനെയാണത് സംഭവിക്കുന്നത് എന്നറിയാത്തവരും കേരളത്തിലുണ്ടാവില്ല. ഭരിക്കുന്ന പാര്‍ട്ടികളുടെ വീതം വെപ്പുതന്നെ. അവിടെ എണ്ണത്തിനും ഗുണത്തിനും എന്തു പ്രസക്തി? പല പാര്‍ട്ടികള്‍ക്കും നേതാക്കളേയും വേണ്ടപ്പെട്ടവരേയും കുറെ കാലം കുടിയിരുത്താനുള്ള പലപല സ്ഥാനങ്ങളില്‍ ഒന്നാണ് പി എസ് സി അംഗത്വും. പ്രത്യേകിച്ചൊരു യോഗ്യതയും അതിനാവശ്യമില്ല. അതിഭീമമായ ശബളവും മരണം വരെ വലിയ പെന്‍ഷനുമാണ് അവര്‍ക്കു ലഭിക്കുന്നത്. ഈ സ്ഥാനത്തിനുവേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്തു എന്ന ആരോപണവും അടുത്ത ദിവസം തന്നെ പുറത്തുവന്നിരുന്നല്ലോ. ഇനിയെങ്കിലും പിഎസ്‌സിയുടെ നിലവാരം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കണം. അതുപോലെ സംസ്ഥാനത്തെ സമാനമായ മറ്റുപല അധികാരകേന്ദ്രങ്ങളുടേയും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply