സാമൂഹിക സംവരണത്തെ തുരങ്കം വയ്ക്കുന്ന മുന്നാക്ക സംവരണത്തെ കുറിച്ചുതന്നെ
സംവരണം സാമൂഹിക വിപ്ലവത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും ലക്ഷ്യങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത്. അതിന് സംവരണം ചലനരഹിതാമാകരുത്, ചലനാത്മകമാവണം. സാമൂഹിക സംവരണത്തിനുള്ളില്‍ പങ്കാളിത്തം ലഭിക്കാത്ത അല്ലെങ്കില്‍ പങ്കാളിത്തം കുറയുന്ന വിഭാഗങ്ങളിലേക്കും തലങ്ങളിലേക്കും അത് വ്യാപിക്കുന്ന ഭാവനാ പൂര്‍ണ്ണമായ പരിഷ്‌കാരങ്ങളാണ് ഉണ്ടാകേണ്ടത്. അതുപോലെ സാമൂഹിക സമത്വം തുല്യതയുടെ ഇതര വശങ്ങളുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ സാമ്പത്തിക തുല്യത സാമൂഹിക സമത്വവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതുപോലെ സാമൂഹിക സമത്വം സാമ്പത്തിക സമത്വവുമായും ലിംഗ സമത്വവുമായും പ്രദേശപരവുമായ സമത്വവുമായും മറ്റും അഭേദ്യം ബന്ധപ്പെട്ടതാണ്. അസമത അതിന്റെ കൊടുമുടി കയറുന്ന ആഗോളവല്കരണ കാലം സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊള്ളുന്നവരില്‍ ഭാരിച്ച ഒരു ഉത്തരവാദിത്തം നല്കുന്നുണ്ട്. സാമ്പത്തിക ചൂഷണത്തിനും സാമ്പത്തിക അസമത്വത്തിനും എതിരെയുള്ള പോരാട്ടത്തെ സംയോജിപ്പിക്കേണ്ട ഒരു കടമയാണ് അത്.
സാമൂഹിക സംവരണത്തിന് തുരങ്കം വയ്ക്കുവാന്‍ 2019 ജനുവരിയില്‍ കേന്ദ്രത്തിലെ മോദിയുടെ രണ്ടാം സര്‍ക്കാര്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്തു. അതുപോലെ എടുത്തുപറയേണ്ടത്, മുന്നാക്ക സംവരണം ഏറ്റവും വേഗത്തില്‍ നടപ്പിലാക്കിയത് കേരളത്തിലെ പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കാരാണ്. അത് പാവപ്പെട്ടവരോടുള്ള നിഷ്‌കളങ്കമായ പരിഗണനയുടെയും സ്‌നേഹത്തിന്റെയും ഒരു നടപടിയാണെന്ന് തെറ്റിദ്ധരിക്കാം. എന്നാല്‍ പ്രാഥമികമായും അത് സാമൂഹിക സംവരണത്തെ (ജാതി, സമുദായ) തുരങ്കം വയ്ക്കുന്ന ഒരു നടപടിയാണ്. രണ്ടാമതായി കഴുതയുടെ മുന്നില്‍ ചപ്പു വച്ചുകെട്ടുന്നതുപോലെ, കോടാനുകോടി പാവപ്പെട്ടവരെയും ദശലക്ഷക്കണക്കിന് പാവപ്പെട്ടവരായ അഭ്യസ്തവിദ്യരെയും അവരുടെ സാമ്പത്തിക അരക്ഷിതാവസ്ഥയെക്കുറിച്ചും വ്യാപകമായ തൊഴിലില്ലായ്മയെക്കുറിച്ചും സര്‍ക്കാരിനെതിരെ ചിന്തിക്കാതെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയുമാണ്.
ഇന്ത്യയിലെ ജാതി സമൂഹത്തില്‍ നൂറ്റാണ്ടുകളായി മാറ്റി നിര്‍ത്തപ്പെട്ട ആദ്യവാസികള്‍, ദലിത സമൂഹങ്ങള്‍, മറ്റുപിന്നാക്ക വര്‍ഗ്ഗങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തം നല്കുന്നതിനാണ് ഇവിടെ സാമൂഹിക സംവരണം ഒരുപാടു പ്രക്ഷോഭണങ്ങളിലൂടെ ഉരുത്തിരിഞ്ഞത്. അധികാരത്തിലും വിജ്ഞാനത്തിലും അവസരങ്ങള്‍ പാടെ നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് പ്രത്യേകമായി അവസരം നല്‍കുന്നതിനാണ്് അത്. യോഗ്യത/മെരിറ്റ് നിഷേധിക്കുകയല്ല അവിടെ. മെരിറ്റ് അടിസ്ഥാനത്തിലാണ് ആ പ്രത്യേക അവസരങ്ങളും നല്‍കുന്നത്. എന്നാല്‍ അവസര നിഷേധത്തിലൂടെ മറ്റെങ്ങുമില്ലാത്തവിധം ഇന്ത്യയില്‍ യോഗ്യത എന്നുപറയുന്നത് ഒരു കെട്ടുകഥയാകുന്ന സ്ഥിതി വിശേഷമാണ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍ കടന്നുവന്ന് സമൂഹത്തില്‍ യഥാര്‍ത്ഥ യോഗ്യത ഉണ്ടാക്കുന്ന പ്രക്രിയയാണ് സാമൂഹികസംവരണത്തിലൂടെ ഉറപ്പുവരുത്തുന്നത്. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് മുതല്‍ പിന്നാക്ക ജാതികള്‍ക്ക് ചില നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ് പ്രോവിന്‍സുകളിലും സ്വാതന്ത്ര്യത്തിനുശേഷം പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഇന്ത്യയിലെമ്പാടും 1990 – ലെ പ്രഖ്യാപനത്തിനുശേഷം മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്ക് ദേശീയ തലത്തിലും നടപ്പില്‍ വരുത്തിയ സംവരണത്തിലൂടെ ലക്ഷകണക്കിന് ആളുകള്‍ യോഗ്യരായി കടന്നുവന്നത് അതിനെ സാക്ഷീകരിക്കുന്നു. അടിമുടിയുള്ള ആ പരിവര്‍ത്തനം മേല്‍ ജാതി കണ്ണിലൂടെയല്ല നോക്കി കാണുന്നതെങ്കില്‍ ക്രമാനുഗതമായി യഥാര്‍ത്ഥ യോഗ്യത സമൂഹത്തില്‍ കൈവരുത്തുന്നത് കാണാം. മത്സരരംഗത്ത് അതുവരെ ഇല്ലാതിരുന്ന ദലിത, ആദിവാസി, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളും കടന്നുവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം ഉണര്‍ന്നത്. കറുത്തവരും താഴ്ന്ന ജാതിക്കാരും മനുഷ്യ വ്യക്തികളും അന്തസ്സും ഉള്ളവരല്ല എന്ന് കിരാതമായി ചിന്തിക്കുന്നവരോട് ഇനിയും മാറ്റത്തിന് വിധേയമാകണം എന്ന് മാത്രമേ പറയാനാകൂ.
ഇന്നലെവരെ പുഴുക്കളെക്കാള്‍ താഴ്ന്നവരായും മനുഷ്യോചിതമായ യാതൊരു അന്തസ്സും അവകാശങ്ങളുമില്ലാത്ത സമൂഹങ്ങളില്‍ നിന്ന് അധികാരത്തിന്റെ കസേരയിലേക്ക് ചിലര്‍ കയറിയിരിക്കുമ്പോള്‍ അത് സാമൂഹിക നീതിക്കുമപ്പുറത്താണ്. അത്് ലോകത്തിലെ തന്നെ ഒരു വലിയ സാമൂഹിക വിപ്ലവമാണ്. പഴയ ഇന്ദിരാ കോണ്‍ഗ്രസുകാരനായ വിശ്വാനാഥ് പ്രതാപ് സിംഗ് തന്റെ രാഷ്ട്രീയമായ നിലനില്‍പ്പിന് വേണ്ടിയാണെങ്കില്‍പ്പോലും അന്നുവരെ ഇന്ദിരാ കുടുംബം മരവിപ്പിച്ച് മാറാലകെട്ടി തള്ളിയിരുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് 1990-ല്‍ പ്രഖ്യാപിച്ചു. അദ്ദേഹം അപ്പോള്‍ പ്രചാരത്തിലാക്കിയതാണ് സാമൂഹിക നീതിയെന്ന പ്രയോഗം. എന്നാല്‍ മറ്റുപിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം ദേശീയ രാഷ്ട്രീയത്തില്‍ നയപരിപാടിയുടെ ഭാഗമാക്കി പിന്നാക്ക ജനവിഭാഗങ്ങളെ ഉണര്‍ത്തിയത് സോഷ്യലിസ്റ്റ് നേതാവായ ഡോ.രാം മനോഹര്‍ ലോഹ്യയാണ്. അദ്ദേഹമാണ് സംവരണമെന്നുപറഞ്ഞാല്‍ അത് ഇന്ത്യയില്‍ ഒരു സാമൂഹിക വിപ്ലവമാണെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ബാബാ സാഹിബ് ഡോ.ബി.ആര്‍.അംബേഢ്കര്‍ ഏറെ യാതനകളും ഒറ്റപ്പെടുത്തലുകളും ക്ഷണിച്ചുവരുത്തിയ സമാധാനപരമായ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയുടെ ഭരണഘടനയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് വരെയുള്ള ഘട്ടത്തില്‍ എത്തിച്ചത്. ഭരണഘടനാനിര്‍മ്മാണസമിതിയില്‍ പാശ്ചാത്യ പുരോഗമന വാദിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു സാമൂഹിക സംവരണത്തെ എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ഡോ.ലോഹ്യ അനുസ്മരിക്കുന്നതുപോലെ, ശൂദ്രനായ സര്‍ദാര്‍ പട്ടേല്‍ ബാബാ സാഹിബിനെ പിന്‍തുണച്ചതു നിമിത്തമാണ് ഭരണഘടനയില്‍ ആ വ്യവസ്ഥ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞത്.
അട്ടിമറിയുടെ ശക്തി എവിടെ നിന്നാണ് ?
ബ്രാഹ്‌മണവാദത്തിന്റെ ആധുനിക കാലത്തെ പ്രത്യയ ശാസ്ത്ര, സംഘടനാ ആവിഷ്‌കാരമാണ് ആര്‍.എസ്.എസ്./ഹിന്ദുമഹാസഭ. അവയുടെ രണ്ടിന്റെയും സംയുക്ത സൃഷ്ടിയാണ് ബി.ജെ.പി.യുടെ മുന്‍രൂപമായ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ കക്ഷി. ബ്രാഹ്‌മണവാദ ആശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വിവിധ സാമൂഹിക വിഭാഗങ്ങളിലേക്ക് ദേശീയ തലത്തിലൊട്ടാകെ തന്ത്ര, കുന്ത്രങ്ങളിലൂടെ നേടിയ സ്വാധീനവും വ്യാപ്തിയും ഏറെ ശക്തമായിക്കഴിഞ്ഞ കാലത്താണ് മുന്നാക്ക സംവരണം ഭരണഘടനയിലും കടന്നുവരുന്നത്. സാമ്പത്തിക സംവരണത്തിന്റെ പരിവേഷവും അണിയിച്ചാണ് ആ മുന്നാക്ക സംവരണത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രാഹ്‌മണവാദ ഹിന്ദുത്വ സംഘടനകളുടെയും പാര്‍ട്ടിയുടെയും പ്രഭാവം വര്‍ദ്ധിച്ചതുമാത്രമല്ല, സമൂഹത്തെ ഉയര്‍ച്ച താഴ്ച്ചകളുടെ ശ്രേണിയായി വിഭജിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ബ്രാഹ്‌മണവാദത്തിന് ശക്തിപകര്‍ന്നത്.
ബ്രാഹ്‌മണവാദമെന്നത് ബ്രാഹ്‌മണരുടേത് മാത്രമോ പ്രകടമായി ബ്രാഹ്‌മണവാദ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുടേത് മാത്രമോ അല്ല. മറ്റെല്ലാ പാര്‍ട്ടികളിലെയും ഏറിയും കുറഞ്ഞുമുള്ള സ്വാധീനത്തിന്റെ ഒരു പ്രതിഭാസമാണ്. സംവരണത്തിലൂടെ മാറ്റിനിര്‍ത്തപ്പെട്ട ജനതകള്‍ കടന്നുവരുന്നത് എന്നും വലിയ എതിര്‍പ്പുകളും സാമൂഹികമായ പുച്ഛവും നേരിട്ടിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് മുതല്‍ തുടങ്ങിയ പോരാട്ടങ്ങളും ജനാധിപത്യ പ്രക്രിയയും അതിനെ അപ്രതിരോധ്യമാക്കി.
സാമൂഹിക സംവരണത്തിനെതിരായ ഒരു ആശയ പ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് ബ്രാഹ്‌മണവാദം സാമൂഹിക സംവരണത്തിനെതിരെ സ്വാതന്ത്ര്യത്തിനുശേഷം അവരുടെ തന്ത്രം ആവിഷ്‌കരിച്ചത്. ജാതി അടിസ്ഥാനത്തിലല്ല സംവരണം നല്‍കേണ്ടത്, സാമ്പത്തിക അടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്കാണ് നല്‍കേണ്ടതെന്ന കപടമായ ഒരു ദരിദ്ര സ്‌നേഹം ഉയര്‍ത്തിപ്പിടിച്ചാണ് ആ ആശയ പ്രപഞ്ചത്തിന് അടിത്തറ പാകിയത്.
മേല്‍ ജാതി മൂല്യങ്ങളുടെ ആശയ പ്രപഞ്ചം
ആധുനിക കാലത്തെ ഹിന്ദുത്വ ആശയത്തിന്റെ പ്രത്യയശാസ്ത്രം ഉന്നതരും താഴ്ന്നവരുമായ ജാതി ശ്രേണിയെ പൗരാണിക ഗ്രന്ഥങ്ങളില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും ജീവിത ശൈലിയില്‍ നിന്നും ഉള്‍കൊണ്ടാണ് ആവിര്‍ഭവിച്ചതും നിലനിന്നതും. ജാതിയില്‍ താഴ്ന്നവര്‍ പ്രത്യേകിച്ചും തൊട്ടുകൂടായ്മ ഉള്ളവരും അയിത്ത ജാതിക്കാരുമായവര്‍ പടിക്ക് പുറത്തും നിശ്ചിത അകലം പാലിച്ചും കഴിയണം. ഏതെങ്കിലും കാരണവശാല്‍ അവരുടെ ദര്‍ശനമോ, സ്പര്‍ശനമോ, സാന്നിദ്ധ്യമോ ഉണ്ടായാല്‍ ചാണക വെള്ളമൊഴിച്ചോ മറ്റ് തരത്തിലോ ശുദ്ധീകരിക്കണം. ഹിന്ദുത്വ ആശയക്കാര്‍ അക്ഷരം പ്രതി പാലിച്ചു പോന്ന ആ തത്വം രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാമൂഹിക തലങ്ങളില്‍ അവര്‍ പ്രയോഗിച്ചു. ഹിന്ദുത്വ ആശയത്തിന്റെ ജീവനാഡിയില്‍ പരിലസിച്ച ഒരു ശീലമായിരുന്നു അത്.
രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസിന്റെ ഉള്ളിലെ ഒരു വലിയ വിഭാഗം മേല്‍ ജാതിക്കാര്‍, പ്രത്യേകിച്ചും അധികാരം കൈയ്യാളിയ കോണ്‍ഗ്രസിലേക്ക് സ്വാതന്ത്ര്യത്തിനുശേഷം ചേക്കറിയവര്‍, ഹിന്ദുത്വ ആശയം കരുപിടിപ്പിക്കുവാന്‍ ശ്രമിച്ച ബ്രാഹ്‌മണ വാദത്തിന്റെ പ്രയോക്താക്കളായിരുന്നു. മഹാത്മഗാന്ധി അവസാനഘട്ടത്തില്‍ ജാതി പൈശാചികമാണെന്ന് പറഞ്ഞ് അതിനെ നഖശിഖാന്തം എതിര്‍ത്ത ആളാണ്. ഗാന്ധിയുടെ ആദര്‍ശത്തിന് ജീവിതം സമര്‍പ്പിച്ച് ദലിത സേവനം നടത്തിയ ഒരുപാട് മേല്‍ജാതിക്കാര്‍ ഉണ്ട്. എന്നാല്‍ ആദ്യകാലം മുതലേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അനുയായികളില്‍ ഒരാളായിരുന്ന ആദ്യ രാഷ്ട്രപതി ഡോ.രാജന്ദ്ര പ്രസാദ്, രാജന്‍ ബാബു, വാരണസിയില്‍ 101 ബ്രാഹ്‌മണരുടെ കാല്‍ കഴുകിയ സംഭവം കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്രുവോ കോണ്‍ഗ്രസ്സ് സംഘടനയോ മറ്റേതെങ്കിലും കോണ്‍ഗ്രസ്സ് നേതാവോ ചോദ്യം ചെയ്തില്ല. സോഷ്യലിസ്റ്റ് നേതാവ് ഡോ.രാം മനോഹര്‍ ലോഹ്യ മാത്രമാണ് അത് ചോദ്യം ചെയ്യുവാന്‍ തയ്യാറായത്. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ജാതിയില്‍പ്പെട്ട ഏറ്റവും താഴ്ന്നവരായ ആളുകളുടെ അന്തസ്സിനെ ആ സംഭവം എങ്ങനെ ബാധിക്കുമെന്ന പ്രശ്‌നം അദ്ദേഹമല്ലാതെ മറ്റാരും ഉയര്‍ത്തിയില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രപതി രാജന്‍ബാബുവിന്റെ ബ്രാഹ്‌മണസേവ മാത്രമായി ഒതുങ്ങിയില്ല. ഭരണതലത്തില്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേലാളന്‍മാരും മേല്‍ജാതികളില്‍ മാത്രമായി ചുരുങ്ങി. മറ്റാരെങ്കിലും കടന്നുവരുന്നത് അചിന്ത്യവുമായി. ഇന്ത്യയിലെ ജനവിഭാഗങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഏതാണ്ട് 54 ശതമാനം വരുന്ന മറ്റു പിന്നാക്ക സമുദായങ്ങള്‍ ആയിരുന്നു. അവര്‍ക്ക് സ്ഥിരാധികാരത്തില്‍ (ഉദ്യോഗസ്ഥ സംവിധാനത്തില്‍) പ്രാതിനിധ്യം തീരെ കുറഞ്ഞത് പിന്നാക്ക സമുദായങ്ങളില്‍ പതിയെ പതിയെ അസ്വസ്ഥത ഉണ്ടാക്കി. ആ സാഹചര്യത്തിലാണ് ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായി ആയിരുന്ന കാക്കാകലേല്‍ക്കര്‍ അദ്ധ്യക്ഷനായി പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെകുറിച്ച് പഠിച്ച് ശുപാര്‍ശ ചെയ്യുവാന്‍ ഒരു സമിതിയെ നിയമിച്ചത്. കാക്കാകലേല്‍ക്കര്‍ 1954 ല്‍ മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം 54 ശതമാനം നല്‍കണമെന്ന ശുപാര്‍ശയോടെ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നെഹ്രുവിന് സമര്‍പ്പിച്ചു. എന്നാല്‍ അദ്ദേഹം കാക്കാകലേല്‍ക്കര്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് മറ്റു പിന്നാക്ക സമുദായങ്ങള്‍ക്ക് യാതൊരു സംവരണവും നല്‍കുവാന്‍ തയ്യാറായില്ല. ബാബാ സാഹിബ് അംബേഢ്കര്‍, പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ സംവരണമല്ലാതെ മറ്റു പിന്നാക്ക സമൂഹങ്ങളുടെ സംവരണം തന്റെ ചുമതലയല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ മറ്റു പിന്നാക്ക സമൂഹങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുവാന്‍ ആരുമില്ലായിരുന്നു. സോഷ്യലിസ്റ്റുകാരനായ ഡോ. ലോഹ്യയാണ് ഇന്ത്യയില്‍ അംബേഢ്ക്കറിനുശേഷം ജാതിയെ ദേശീയ രാഷ്ട്രീയത്തില്‍ പ്രശ്‌നവല്‍ക്കരിക്കാനും സാമൂഹികസമത്വ വിഷയം രാഷ്ട്രീയമായി ഉയര്‍ത്തുവാനും തയ്യാറായത്. സ്വാഭാവികമായും അദ്ദേഹം മറ്റു പിന്നാക്കസമൂഹങ്ങളുടെ അധികാര പങ്കാളിത്തം ഉയര്‍ത്തികൊണ്ടുവന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പോലും മതന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതര്‍, മറ്റു പിന്നാക്ക സമൂഹങ്ങള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് എല്ലാ തലങ്ങളിലുമുള്ള സമിതികളില്‍ 60 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും അത് ഒരു തത്വമായി ഉയര്‍ത്തിപിടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആ ജാതിവിരുദ്ധ രാഷ്ട്രീയമാണ് മറ്റു പിന്നാക്ക സമുദായങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഒടുവില്‍ 1967 ല്‍ ആദ്യമായി 9 സംസ്ഥാനങ്ങളിലും പിന്നീട് 1977 ല്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ്സിന്റെ അധികാരകുത്തകയുടെ അടിത്തറ ഇളക്കിയത്.
1977 ല്‍ ആദ്യമായി കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ്സേതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മറ്റു പിന്നാക്ക സമുദായങ്ങളുടെ സംവരണ പ്രശ്‌നം ഉന്നയിച്ചു. എന്നാല്‍ ബ്രാഹ്‌മണനും പഴയ കോണ്‍ഗ്രസ്സുകാരനുമായ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കാകാകലേല്‍ക്കറുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന ആവശ്യം നിരാകരിക്കുവാന്‍ മൊറാര്‍ജി കണ്ടുപിടിച്ച ഒരു സൂത്രമായിരുന്നു അക്കാര്യം പഠിച്ച് ശുപാര്‍ശ ചെയ്യുന്നതിന് പുതിയൊരു കമ്മീഷനെ നിയമിക്കുക എന്നുള്ളത്. ആ ചരിത്ര പശ്ചാത്തലത്തിലാണ് ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ അദ്ധ്യക്ഷനായി കമ്മീഷനെ നിയമിക്കുന്നത്. 1980 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്ന് അധികം താമസിയാതെ മണ്ഡല്‍ 27 ശതമാനം സംവരണം മറ്റ് പിന്നാക്ക സമൂഹങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാനങ്ങളിലെ സര്‍വ്വീസുകളില്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ സംവരണത്തിനെതിരായ തത്വചിന്തയുടെ ബോധമുള്ളവരായ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സ് (ഐ) യും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന രാജീവ്ഗാന്ധിയും ആ റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ല. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതു മുതല്‍ രാജ്യത്ത് പ്രത്യേകിച്ചും ലോഹ്യയുടെ ചിന്തകള്‍ സ്വാധീനിച്ച വിഭാഗങ്ങള്‍ സമരപോരാട്ടങ്ങള്‍ നടത്തി വന്നു. ഇടതുപക്ഷമെന്നു പറയുന്ന കക്ഷികളും കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിന്റെ അവാന്തര പാര്‍ട്ടികളും അതുപോലെ, ബി.ജെ.പി യും ആ സമരപോരാട്ടങ്ങള്‍ക്ക് എതിരായിരുന്നു.
കോണ്‍ഗ്രസ്സിന്റെ ചരിത്രമതാണെങ്കില്‍ ബി.ജെ.പി യുടെ ഹിന്ദുത്വാശയം അതിന്റെ പ്രത്യയശാസ്ത്ര പ്രചരണത്തിലൂടെയും ആര്‍.എസ്.എസ് ഉം അവരുടെ മറ്റു അനവധിയായ മുന്നണി സംഘടനകളിലൂടെയും ബ്രാഹ്‌മണവാദ ചിന്തകളെയും ആശയങ്ങളെയും പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ വര്‍ഗീയമായ പല തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നാക്ക ജാതികളില്‍ സ്വാധീനപ്പെടുത്തുന്നതിന് ബോധപൂര്‍വമായ സോഷ്യല്‍ എന്‍ജിനീയറിംഗ് എന്നു പേരിട്ട പദ്ധതിയും അവര്‍ നടപ്പിലാക്കി. ദലിത, ആദിവാസി മറ്റുപിന്നാക്ക സമൂഹങ്ങളില്‍ നിന്നുള്ള ചില നേതാക്കളെ ഹിന്ദുത്വ ആശയങ്ങളോട് കൂറുള്ളവരായി സ്ഥാനമാനങ്ങള്‍ നല്‍കിയും മറ്റും അടിമ ബോധത്തോടെ വളര്‍ത്തിയെടുത്ത് ഉപയോഗപ്പെടുത്തുന്നു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള അധികാരമോഹികളെയും അപ്രകാരം പോറ്റി വളര്‍ത്തുന്നുണ്ട്. ഹിന്ദുത്വ ആശയങ്ങള്‍ ഏതെല്ലാം ജനവിഭാഗങ്ങളെയാണോ ചവട്ടിയമര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നത്, ആ ജനവിഭാഗങ്ങളില്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളെക്കുറിച്ച് തെറ്റായ ഒരു ഭ്രമം കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണ് സോഷ്യല്‍ എഞ്ചീനിയറിംഗ് എന്ന പ്രയോഗത്തില്‍ ഉദ്ദേശിക്കുന്നത്. പ്രബലമായ രാഷ്ട്രീയ ശക്തികളായ കോണ്‍ഗ്രസ്സ്, ബി.ജെ.പി. എന്നിവയുടെ നിലപാടുകള്‍ രാജ്യത്തെ സാമൂഹിക അസമത്വം രാഷ്ട്രീയ വിഷയമാകാതെ മറയ്ക്കുകയായിരുന്നു.
സാമൂഹിക സംവരണം എന്ന തത്വത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലുതും സംഘടിതവും പ്രത്യക്ഷവുമായ ആക്രമണം 1990 ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വേളയിലാണ്. ബ്രാഹ്‌മണവാദ ആശയക്കാര്‍ക്ക് അതിന് തക്കതായ കാരണങ്ങളും ഉണ്ട്. അത് 54% വരുന്ന മറ്റുപിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കുവാനായിരുന്നല്ലോ. 22% പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംവരണം ഭരണഘടനാ വ്യവസ്ഥ ആയിരുന്നതിനാല്‍ അത് അപ്പോള്‍ നീക്കം ചെയ്യുന്നതിന് രാജ്യത്ത് വലിയ പിന്തുണ ആവശ്യമായിരുന്നു. അത് ലഭിക്കാത്ത സാഹചര്യത്തില്‍ സാമൂഹിക സംവരണത്തിനെതിരായ ആശയ പ്രപഞ്ചം തീര്‍ക്കുകയാണ് ചെയ്തത്. അപ്പോഴാണ് സാമൂഹിക സംവരണത്തെ 22 ല്‍ നിന്ന് 27 ഉം കൂടെ കൂട്ടി 49 % ത്തിലേക്ക് ഉയര്‍ത്തുവാനുള്ള പ്രഖ്യാപനം അവിചാരിതമായി ഉണ്ടായത്. മഹരാഷ്ട്രയില്‍ നിന്നുള്ള ബ്രാഹ്‌മണനായ സോഷ്യലിസ്റ്റ് നേതാവ് മധുലിമായെ ആ സന്ദര്‍ഭത്തെ അനുസ്മരിച്ച് അന്ന് എഴുതിയത് ഇപ്രകാരമാണ്, ‘ ആ പ്രഖ്യാപനം വന്നയുടന്‍ പാര്‍ലമെന്റില്‍ ആദ്യം എതിര്‍ത്തത് കോണ്‍ഗ്രസ്സിന്റെ ചിത്പവന്‍ ബ്രാഹ്‌മണനായ വസന്ത് സാഠെയും ഒപ്പത്തിനൊപ്പം ബി.ജെ.പി.നേതാവ് സിന്ധി ബ്രാഹ്‌മണനായ ലാല്‍ കൃഷ്ണ അഡ്വാണിയും സി.പി.ഐ.എം.നേതാവ് ബംഗാളി ബ്രാഹ്‌മണനായ സോമനാഥ് ചാറ്റര്‍ജിയും സി.പി.ഐ.നേതാവ് മൈഥലി ബ്രാഹ്‌മണനായ ഭോഗേന്ദ്ര ഝായും ആയിരുന്നു.’ മതപശ്ചാത്തലം വേറിട്ടതാണെങ്കിലും ബ്രാഹ്‌മണവാദ രാഷ്ട്രീയത്തെ ബലപ്പെടുത്തി നിന്ന അധികാര പാരമ്പര്യമുള്ള രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഏറ്റവും ഘോരവും ദീര്‍ഘവുമായ ഒരു പ്രസംഗത്തിലൂടെ ആ പ്രഖ്യാപനത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തു.
ഹിന്ദുത്വ രാഷ്ട്രീയ കക്ഷിയായ ബി.ജെ.പി. ഏറ്റവും രൂക്ഷതരമായും തീവ്രമായും അതിനെ പ്രകടമായി നേരിടുവാനാണ് രംഗത്ത് ഇറങ്ങിയത്. ഹിന്ദുക്കളെയും രാജ്യത്തെയും വിഭജിക്കാനാണെന്നും അത് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം വിരോധവും വര്‍ഗ്ഗീതയും ഇളക്കുവാന്‍ അഡ്വാണിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപത്തിന്റെ രക്തപ്പുഴ ഒഴുക്കിക്കൊണ്ട് രഥയാത്രയും സംഘടിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങളെ നൂറ്റാണ്ടുകളായി ഉയര്‍ച്ച താഴ്ചകളുടെ ശ്രേണിയായി മൂവായിരത്തോളം ജാതികളും ഉപജാതികളുമായി വിഭജിച്ച് നിര്‍ത്തിയതില്‍ യാതൊരു സങ്കടവുമില്ലാത്ത, അത് തുടരണമെന്ന് ആഗ്രഹിക്കുന്ന ഹിന്ദുത്വ ശക്തികള്‍ വിവിധ രാഷ്ട്രീയ കക്ഷികളിലുള്ള ബ്രാഹ്‌മണവാദികളായ എല്ലാവരെയും ഒന്നിപ്പിക്കുന്നതിന് ആസൂത്രിതമായി യുവജനങ്ങളെയാണ് കരുവാക്കിയത്. തൊഴില്‍ രഹിതരായ യുവജങ്ങള്‍ക്കാണ് ആ നടപടി ഗുരുതരമായി ബാധിക്കുകയെന്ന കപടമായ ഒരു വികാരം ഉയര്‍ത്തിവിട്ട് ആത്മാഹൂതിയും തീ വയ്പ്പും തലസ്ഥാന നഗരിയിലും ചില നഗരങ്ങളിലും അഴിച്ചുവിട്ടു. ജാതി സംവരണം അഥവാ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നത് അവസരസമത്വത്തിന് എതിരാണെന്ന പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ടു. മേല്‍ജാതിക്കാരുടെയും കോര്‍പറേറ്റ് ശക്തികളുടെയും ഉടമസ്ഥതയില്‍ ആയിരുന്ന മാധ്യമങ്ങളും ഭൂരിപക്ഷം വരുന്ന മേല്‍ജാതിക്കാരായ മാധ്യമ പ്രവര്‍ത്തകരും ഒരുമയോടെ വ്യാപകമായ ആ പ്രചാരണത്തില്‍ പങ്കാളികളാകുകയും കൃത്രിമമായും ആസൂത്രിതമായും നടത്തിയ ആത്മാഹൂതി സമരത്തെ പ്രകീര്‍ത്തിക്കുകയും സാമൂഹിക സംവരണമെന്ന ആശയത്തെയും തത്വത്തെയും പിച്ചിച്ചീന്തുകയും ചെയ്തു. മധു ലിമായെ, കിഷന്‍ പട്ട്‌നായ്ക്, സച്ചിദാനന്ദ സിന്‍ഹ തുടങ്ങിയ സോഷ്യലിസ്റ്റ് ധൈഷണികരാണ് അതിനെതിരായായ ആശയ സമരത്തില്‍ മുന്നില്‍ നിന്ന് പോരാടിയത്. അത് ഹിന്ദുത്വ ശക്തികളുടെയും ഇതര കക്ഷികളിലെ ബ്രാഹ്‌മണവാദ ആശയക്കാരുടെയും സാമൂഹിക സംവരണത്തിനെതിരായ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായിരുന്നു.
എന്നാല്‍ ജാതി സംവരണത്തെ എതിര്‍ത്തത് അന്നത്തെ ഏറ്റവും വലിയ കക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന്റെ ഉത്തര്‍ പ്രദേശിലെയും ബീഹാറിലെയും അടിത്തറയെ തകര്‍ത്തുകളഞ്ഞു. തന്ത്രപരമായി അനുകൂലവും പ്രതികൂലവും അല്ലാത്തതെന്ന് തോന്നിപ്പിച്ചും സാമൂഹിക സംവരണത്തിന് സാമ്പത്തിക മാനദണ്ഡം എന്ന ആശയത്തെ മുന്നോട്ട് തള്ളിയും നിലകൊണ്ട സി.പി.എം.ന് കാര്യമായ ക്ഷതമേറ്റില്ല. ഏവര്‍ക്കും അറിയാവുന്നതുപോലെ കോണ്‍ഗ്രസിനു ശേഷം ദീര്‍ഘകാലം സി.പി.ഐഎം നേതാവ് ജ്യോതി ബാസു ഭരിച്ച, പശ്ചിമബംഗാളിലെ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും പകുതിയില്‍ അധികം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം രാജ്യത്തിന്റെ മറ്റ് ഭാഗത്തെന്നപോലെ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെക്കാള്‍ താഴെയായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവരുടെ കഴിഞ്ഞകാല നയപരിപാടികളെക്കുറിച്ച് യാതൊരു പശ്ചാത്താപവും അവര്‍ക്ക് ഉണ്ടാക്കിയില്ല. കൃത്രിമമായ ആത്മഹൂതി സമരങ്ങള്‍ കെട്ടിടങ്ങി. ഭൂരിപക്ഷമുള്ള പിന്നാക്ക വിഭാഗങ്ങളുടെയും സാമൂഹിക സംവരണ തത്വം ഉയര്‍ത്തിപ്പിടിച്ചവരുടെയും ചെറുത്ത് നില്‍പ്പ് അപ്രതിരോധ്യമായിരുന്നു. സുപ്രീം കോടതിയുടെ ക്രീമിലെയര്‍ വ്യവസ്ഥയിലൂടെ മറ്റുപിന്നാക്ക ജനവിഭാഗങ്ങളുടെ കടന്നുവരവ് പറ്റുന്നിടത്തോളം കുറയ്ക്കുന്നതില്‍ ബ്രാഹ്‌മണവാദ ആശയക്കാര്‍ വിജയിച്ചു. അപ്പോഴും സാമൂഹിക സംവരണത്തിനെതിരായ ആശയപ്രപഞ്ചം ശക്തമാക്കി കൊണ്ടാണ് വിവിധ കക്ഷികളിലുള്ള ബ്രാഹ്‌മണവാദം നിലയുറപ്പിച്ചത്.
ഭരണഘടനാ നിലവില്‍ വന്നതു മുതല്‍ ആ ആശയപ്രപഞ്ചത്തെ ശക്തിപ്പെടുത്തുന്നതില്‍ ഹിന്ദുത്വ ശക്തികള്‍ കഴിഞ്ഞാല്‍ ഏറ്റവും സംഘടിതമായും എന്നാല്‍ പ്രത്യയ ശാസ്ത്ര പിന്‍ബലത്തോടെയും പ്രകടവുമായ ശ്രമങ്ങള്‍ അവിരാമം തുടര്‍ന്നത് കമ്യൂനിസ്റ്റ് ധാരയാണ്. 1957 – ല്‍ കേരളത്തിലാദ്യം അധികാരത്തില്‍ വന്ന കമ്യൂനിസിറ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ഭരണപരിഷ്‌കാര കമ്മറ്റി ജാതി സംവരണം നിര്‍ത്താലാക്കി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1967 – ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ്. സര്‍ക്കാരും മുന്നണി സര്‍ക്കാര്‍ ആയിട്ടു കൂടി നെട്ടൂര്‍ കമ്മീഷനെ നിയമിച്ച് ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് വീണ്ടും ഒരു ശുപാര്‍ശ എഴുതി വാങ്ങി. സാമ്പത്തിക സംവരണത്തിനുള്ള ആ രണ്ട് റിപ്പോര്‍ട്ടുകളും വാശിയോടെ ലഭ്യമാക്കിയതിന് പിന്നിലുള്ള ചേതോവികാരവും ആശയവും എന്താണന്ന അന്വേഷണം പ്രധാനപ്പെട്ടതാണ്. അന്നത്തെ കമ്യൂനിസിറ്റ് പാര്‍ട്ടിയുടെ ആരംഭം മുതലുള്ള നേതൃഗണം മറ്റുപാര്‍ട്ടികളുടെതുപോലെ ബ്രാഹ്‌മണരും തൊട്ടുതാഴെയുള്ളവരും ഉള്‍പ്പെടുന്ന മേല്‍ ജാതിക്കാര്‍ മാത്രമായിരുന്നു. കമ്യൂനിസിറ്റുകാരായിരുന്നെങ്കില്‍ സാമൂഹികം, ലിഗം, പ്രദേശം, വര്‍ണം തുടങ്ങിയ അസമത്വ ഘടകങ്ങളെ പാടെ അവഗണിച്ച് കേവലം വര്‍ഗ സമത്വം എന്ന കമ്യൂനിസിറ്റ് ആശയത്തില്‍ ഇന്ത്യയില്‍ സോഷ്യലിസം കെട്ടിപടുക്കാമെന്ന വ്യാമോഹത്തില്‍ ആയിരുന്നു. അങ്ങനെ ഒന്ന് ഉണ്ടായാല്‍ അത് ദ്വിജ•ാരുടെ വ്യവസ്ഥയായിരിക്കുമെന്ന ഡോ.ലോഹ്യയുടെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. മേല്‍ ജാതി ഘടകവും ജാതിയെ വിശകലനം ചെയ്യുന്നതില്‍ പരാജിതമായ ആശയവും ഒത്തുച്ചേര്‍ന്നപ്പോള്‍ സാമൂഹിക സംവരണത്തിനെതിരായ നിലപാട് അല്ലാതെ മറ്റൊന്നും ഏതൊരു കമ്യൂനിസിറ്റ് പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമൂഹത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ട 1980 കളുടെ രണ്ടാം പകുതിയിലും 1990 കളുടെ ആദ്യപകുതിയിലും റിപ്പോര്‍ട്ടില്‍ സംവരണംഎന്നു മാത്രമല്ലെന്നും അതിലെ മറ്റു ശുപാര്‍ശകളും നടപ്പിലാക്കണമെന്നുമാണ് കമ്യൂനിസ്റ്റുകള്‍ അക്കാലത്ത് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ക്രീമിലെയര്‍ വ്യവസ്ഥ സുപ്രീം കോടതി വിധിയിലൂടെ നിലവില്‍ വന്നതിനുശേഷം അക്കാര്യമൊന്നും കമ്യൂനിസ്റ്റ് പാര്‍ട്ടികളും കമ്യൂനിസ്റ്റുകാരും മിണ്ടാറില്ല.
ബി.റ്റി.രണദിവേ മുതലുള്ള നേതാക്കളും താഴെ തട്ടിലുള്ള ഉന്നതരായ നേതാക്കളും സാമൂഹിക സംവരണത്തെ സമൂഹത്തില്‍ മാറ്റത്തിനുള്ള ഒരു പരിപാടിയായി ഒരിക്കലും കണ്ടിട്ടില്ല. അധികാര പങ്കാളിത്തം നിഷേധിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജാതിയില്‍ താഴ്ന്നവരുടെ അധികാര പങ്കാളിത്തം സാമൂഹികമായ മാറ്റത്തിന് അനുപേക്ഷിയമാണെന്ന് അവര്‍ കരുതിയില്ല. ആ പശ്ചത്തലമാണ് കമ്യൂനിസ്റ്റുകാരില്‍ ഉണ്ടായിരുന്നത്.
ബൗദ്ധികമായി ആ അടിമത്തം തുടരുന്നതുകൊണ്ട് അവരില്‍ മുന്നോക്കാര്‍ക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് പാവങ്ങളെ സഹായിക്കുന്ന വലിയ ഒരു പരിപാടിയായി അവരുടെ ബോധത്തില്‍ നിറഞ്ഞുനിന്നു. കമ്മ്യൂനിസ്റ്റ്പാര്‍ട്ടിയും കമ്യൂനിസ്റ്റ് ധൈഷണികരും സാമൂഹിക സംവരണത്തെ തുരങ്കം വയ്ക്കുന്ന ആശയപ്രപഞ്ചം രൂപീകരിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് ചരിത്രപരമായി വഹിച്ചത്. ബ്രാഹ്‌മണവാദ ആശയക്കാരും ഹിന്ദുത്വ രാഷ്ട്രീയ ആശയക്കാരും സാമൂഹിക സംവരണത്തിനെതിരെ പറയുമ്പോള്‍ അത് ജാതിവാദത്തിന്റെ സ്ഥാപിത താല്പര്യത്തിനാണെന്ന് അവരുടെ പിന്‍തിരിപ്പന്‍, യാഥാസ്ഥിതിക പരിവേഷം ഉറപ്പിക്കും. എന്നാല്‍ മനുഷ്യന്റെ സമത്വത്തിനുവേണ്ടിയും സമൂഹത്തിലെ മാറ്റത്തിനുവേണ്ടിയും നിലകൊള്ളുന്നവരെന്ന് കരുതുന്ന കമ്യൂനിസ്റ്റുകാര്‍ സാമൂഹിക സംവരണത്തെ എതിര്‍ക്കുമ്പോള്‍ അതിന് മറ്റൊരു പരിവേഷമാണ് ലഭിക്കുന്നത്. പുരോഗമനത്തിന്റെ ആ പരിവേഷം പട്ടിക ജാതിക്കാരും പിന്നാക്ക വിഭാഗങ്ങളിലും പെട്ട ഒരുപാട് ആളുകളെ സാമൂഹിക സംവരണത്തിനെതിരായി സ്വാധീനിച്ചിട്ടുണ്ട്. 1970 കളുടെ ആരംഭത്തില്‍ അന്നത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും സി.പി.ഐ.എം.ഉം തമ്മില്‍ സഹകരണത്തിനുള്ള ആശയ സംവാദം നടത്തിയപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയത്. സാമൂഹിക സംവരണ നയത്തിലും ജനകീയ ഭാഷാ നയത്തിലും സി.പി.ഐ.എം.സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തി. അവര്‍ എല്ലാകാലത്തും സാമൂഹിക സംവരണത്തിനെതിരെ സാമ്പത്തിക സംവരണവാദം ഉയര്‍ത്തിപ്പിടിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന പ്രഖ്യാപന ഘട്ടത്തില്‍ അതുണ്ടാക്കിയ ആവേശവും ആശയ പ്രബുദ്ധതയും സാമ്പത്തിക സംവരണത്തിനുവേണ്ടിയും സാമൂഹിക സംവരണത്തിനെതിരായും പരസ്യമായി നിലകൊള്ളുവാന്‍ കഴിയാത്ത സ്ഥിതിയില്‍ അവരെ എത്തിച്ചു. അന്ന് ഉരുത്തിരിഞ്ഞ പുതിയ സാഹചര്യങ്ങളില്‍ അവരില്‍ ചില വ്യക്തികള്‍ ആത്മപരിശോധനയ്ക്ക് തയ്യാറായി. എന്നാല്‍ ചില വ്യക്തികള്‍ ഒഴികെ കമ്യൂനിസ്റ്റ് പാര്‍ട്ടികളും നേതാക്കളും അതിന്റെ ബുദ്ധിജീവികളും സാമൂഹിക സംവരണത്തെ എതിര്‍ക്കാത്തവരാണെന്ന് ഭാവിച്ച് സാമ്പത്തിക സംവരണവും ഒപ്പം നടപ്പിലാക്കണമെന്ന തന്ത്രപരമായ നിലപാടാണ് കൈക്കൊണ്ടത്. അപ്പോഴും അവരുടെ മനസില്‍ മനസില്‍ മുന്നാക്ക സംവരണമുണ്ടായിരുന്നോ എന്ന് സംശയിക്കുവാന്‍ എല്ലാ ന്യായങ്ങളുമുണ്ട് അതിന്റെ സൂചനയാണ് ഇപ്പോഴത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടികള്‍. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് മുമ്പ്, 100 ല്‍ 97 പേരും മുന്നാക്ക ജാതികളില്‍പ്പെട്ടവര്‍ മാത്രമുള്ള ദേവസ്വം ബോര്‍ഡില്‍ 10% സാമ്പത്തിക സംവരണം മുന്നാക്കാര്‍ക്ക് വ്യവസ്ഥ ചെയ്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമമുണ്ടാക്കി. 97% മുന്നാക്ക ജാതിക്കാര്‍ മാത്രമുള്ള സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ എന്തിനാണ് 10% മുന്നാക്ക ജാതികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതെന്ന് ഏത് യുക്തിയില്‍ ആലോചിച്ചാലും പിടികിട്ടാത്ത കാര്യമാണ്. മുന്നാക്ക പിന്നാക്ക, ഭേദമില്ലാതെ പാവപ്പെട്ടവര്‍ക്കാണ് ദേവസ്വം ബോര്‍ഡില്‍ 10% സംവരണം കൊണ്ടുവന്നതെങ്കില്‍ പാവങ്ങളോടുള്ള കപട സ്‌നേഹം എന്നെങ്കിലും പറയാമായിരുന്നു. എന്നാല്‍ അതല്ലല്ലോ അവര്‍ ദ്വേവസ്വം ബോര്‍ഡില്‍ കൊണ്ടുവന്നത്. ബ്രാഹ്‌മണവാദ ആശയങ്ങളെ മറികടക്കുവാന്‍ പാശ്ചാത്യ വര്‍ഗവീക്ഷണത്തില്‍ രൂപം കൊണ്ട കമ്യൂനിസ്റ്റ് ആശയത്തിന് ശേഷിയില്ലാത്തതുകൊണ്ടാണ് അവര്‍ സാമ്പത്തിക സംവരണം എന്ന ഓമനപ്പേരില്‍ മുന്നാക്ക ജാതി സംവരണത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്.
10% സാമ്പത്തിക സംവരണമെന്ന നിര്‍ദ്ദേശം ആദ്യമായി ദേശീയ തലത്തില്‍ ഉയര്‍ത്തിയത് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വി.പി.സിംഗ് തന്നെയാണ്. കാരണം അദ്ദേഹം കോണ്‍ഗ്രസ്സുകാരനും ബ്രാഹ്‌മണവാദ ആശയങ്ങളുടെ രാഷ്ട്രീയത്തില്‍ വ്യാപരിച്ചിരുന്ന ആളുമാണ്. ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാല്‍ കര്‍ഷക റാലി പ്രഖ്യാപിച്ച് വി.പി.സിംഗ് സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ അതിനെ നേരിടുന്നതിനുള്ള ഒരു രാഷ്ട്രീയ ആയുധമെന്ന നിലയില്‍ മാത്രമാണല്ലോ വി.പി.സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. ഫലത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപിച്ച വി.പി.സിംഗ് തന്നെ സാമൂഹിക സംവരണത്തെ തുരങ്കം വയ്ക്കുന്നതിനുള്ള ബീജാവാപം നടത്തിയെന്ന് പറയുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബ്രാഹ്‌മണവാദത്തിന്റെ പ്രഭാവത്തിലാണ് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെല്ലാം എന്ന് മനസിലാക്കാം.
സുറിയാനി ക്രിസ്ത്യാനികളും നായര്‍ സമുദായവും
കേരളത്തെ സംബന്ധിച്ചുപറയുമ്പോള്‍ ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച സമുദായങ്ങളാണ് നായര്‍ സമുദായവും സുറിയാനി ക്രിസ്ത്യാനി സമൂഹവും. ആ രണ്ടു സമുദായങ്ങളും സാമൂഹിക സംവരണത്തെ എതിര്‍ക്കുന്നവരാണ്. നായര്‍ സമുദായം പാടേ എതിര്‍ക്കുമ്പോള്‍ ക്രിസ്ത്യാനികളില്‍ ദലിത സമൂഹത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്തവരും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ലത്തീന്‍ കത്തോലിക്കരും സാമൂഹിക സംവരണത്തെ പിന്തുണയ്ക്കുന്നവരാണ്.
നായര്‍ സമുദായവും സുറിയാനി ക്രിസ്ത്യാനികളും ബ്രാഹ്‌മണവാദത്തിന്റെ സേവക ജാതികളായി സമൂഹത്തില്‍ സുരക്ഷിതയിടം കഴിഞ്ഞകാലങ്ങളില്‍ കണ്ടെത്തിയവരാണ്. ഏതാണ്ട് ആറാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ കടന്നുവന്ന ബ്രാഹ്‌മണര്‍, ബ്രാഹ്‌മണാധിപത്യത്തിന്റെ വ്യവസ്ഥ ഇവിടെ അടിച്ചേല്‍പ്പിച്ചതുമുതല്‍ ആ സേവക സമുദായങ്ങള്‍ അതിന്റെ സേവ പിടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ നായര്‍ സമുദായം അതിനുവേണ്ടി നല്‍കേണ്ടി വന്ന വില ഏറ്റവും അപമാനകരമായിരുന്നു. സമുദായത്തിലെ സ്ത്രീകള്‍ നിന്ദ്യമായ ചൂഷണത്തിന് വിധേയമായും പുരുഷ•ാര്‍ അപമാനിക്കപ്പെട്ടവരായും ആണ് ജീവിച്ചത്. ചട്ടമ്പി സ്വാമികളാണ് നായര്‍ സമുദായത്തെ ബ്രാഹ്‌മണ അടിമത്വത്തില്‍ നിന്ന് ഉണര്‍ത്തിയ മുഖ്യപ്രചോദന കേന്ദ്രം. ബ്രാഹ്‌മണസമൂഹത്തിലെ സ്ത്രീകളെ ഒന്നാകെ അടിമകളാക്കിയ ഒരു വ്യവസ്ഥിതിയില്‍ നിന്ന് നായര്‍ സമുദായത്തിന് മറ്റെന്ത് പ്രതീക്ഷിക്കുവാനാണ്. പിന്നീട് തിരുവിതാംകൂറിലും കൊച്ചിയിലും കടന്നുവന്ന തമിഴ് ബ്രാഹ്‌മണര്‍ ഇവിടുത്തെ അധികാരം കുത്തകയാക്കിയ സാഹചര്യവും ഉണ്ടായി.
ജാതി ഒരു ഡിക്രിയിലൂടെ 1526 ലെ ഉദയംപേരൂര്‍ സൂനഹദോസ് നിരോധിച്ചു. എന്നാല്‍ അതിന്റെ ന•-കളെ കെടുത്തിക്കളയുന്ന പാശ്ചാത്യ അധിനിവേശ ഘടകം അതോടൊപ്പം ഉണ്ടായിരുന്നു. അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയ പാരമ്പര്യമുള്ളവരാണ് സുറിയാനി ക്രിസ്ത്യാനികള്‍. അതില്‍ എത്രമാത്രം ജാതി മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് ഇനിയും പഠനവിധേയമാകേണ്ടതുണ്ട്. എന്നാല്‍ ആധുനിക വിദ്യാഭ്യാസവും ഉദയംപേരൂര്‍ സൂനഹദോസ് ഉണ്ടാക്കിയ അവബോധവും ദലിത, പിന്നാക്ക സമൂഹത്തില്‍ നിന്ന് ക്രൈസ്തവരിലേക്ക് മതപരിവര്‍ത്തനം ചെയ്ത് താഴെത്തട്ടില്‍ നിന്ന് ജനങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നതും ആധുനിക കാലത്തെ ക്രൈസ്തവ സമുദായത്തിന്റെ അവബോധത്തില്‍ ചെറിയ മാറ്റം ഉണ്ടാക്കി. പാശ്ചാത്യ സി.എം.എസ്. ചര്‍ച്ച് തെക്കന്‍ തിരുവിതാംകൂറില്‍ അടിച്ചമര്‍ത്തപ്പെട്ട പിന്നാക്ക സമുദായമായിരുന്ന നാടാര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കൊപ്പം നിലകൊണ്ടു. ലത്തീന്‍ സഭയും സ്വാഭാവികമായും ജാതിയില്‍ താഴ്ന്നവരെ മറ്റൊരുവിധത്തില്‍ കാണുവാന്‍ ഇടയാക്കി. മാര്‍ത്തോമ്മ സഭയില്‍ കടന്നുവന്ന പൊയ്കയില്‍ യോഹാന്നാനെയും പാമ്പാടി ജോണ്‍ ജോസഫിനെയും പോലുള്ള ദലിത സമൂഹത്തില്‍ നിന്നുള്ള നേതാക്കള്‍ ജാതി വിവേചനത്തിനെതിരെ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തി. ക്രൈസ്തവരുടെ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിതര്‍ ഉള്‍പ്പെടെയുള്ള ജാതിയില്‍ താഴ്ന്നവരുടെ കടന്നുവരവ് അങ്ങനെ ഉണ്ടായി. ചാവറ അച്ചനും അതില്‍ വലിയ പങ്ക് വഹിച്ചു.
നായര്‍ സമുദായവും സുറിയാനി ക്രിസ്ത്യാനികളും ഓര്‍മ്മിക്കേണ്ട ചരിത്രവസ്തുത, തമിഴ് ബ്രാഹ്‌മണര്‍ തിരുവിതാംകൂര്‍ ഭരണത്തിന്റെ ഉദ്യോഗസ്ഥാധികാരം കുത്തകയാക്കിയപ്പോള്‍ അധികാരത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നടത്തിയ പോരാട്ടങ്ങളാണ്. 1990 ല്‍ മലയാളി മെമ്മോറിയല്‍ വഴി അതിനുള്ള ആവശ്യം ആദ്യമായി മുന്നോട്ട് വച്ചു. എന്നാല്‍ ആ നിവേദനത്തില്‍ ഒപ്പുവച്ച ക്രിസ്ത്യാനികള്‍ക്കും ഈഴവര്‍ക്കും അധികാര പങ്കാളിത്തം ലഭിച്ചില്ല. നായര്‍ സമുദായത്തിന് മാത്രമായി അത് കിട്ടുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ റിവേഴ്‌സ് സംവരണം ആദ്യം ആരംഭിക്കുന്നത് നായര്‍ സമുദായം മലയാളി മെമ്മോറിയല്‍ വഴി നേടിയ അധികാരപങ്കാളിത്തത്തിലൂടെയാണ്. അധികാര പങ്കാളിത്തം ലഭിക്കാതെയിരുന്ന ക്രിസ്ത്യാനികളും ഈഴവരും മുസ്ലീങ്ങളും അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിനാണ് 1930 ല്‍ യോജിച്ച് നിവര്‍ത്തനപ്രക്ഷോഭണം ആരംഭിക്കുന്നത്. അന്നത്തെ ക്രൈസ്തവരായ നേതാക്കള്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇപ്പോഴത്തെ നേതാക്കളുടെ മഹാവിഡ്ഢിത്തം ഒഴിവാക്കിയേനെ.
ഇന്ത്യയുടെ ആദ്യരാഷ്ട്രപതി രാജന്‍ ബാബു എന്ന് ജനങ്ങള്‍ സ്‌നേഹബഹുമാനത്തോടെ വിളിക്കുന്ന സ്വാതന്ത്ര്യ സമരത്തിലെ കരുത്തനായ നേതാവ് ഡോ.രാേജന്ദ്രപ്രസാദ്, ഒരു ഉത്തരവിലൂടെ ഭരണഘടന പ്രകാരം ഏത് മതത്തില്‍ വിശ്വസിച്ചിരുന്നാലും ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജാതികളില്‍പ്പെട്ടവര്‍ക്ക് ലഭ്യമായിരുന്ന പട്ടികജാതി സംവരണം നിഷേധിച്ചു. ഹിന്ദു, സിഖ്, ജൈന, ബുദ്ധ മതങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമാക്കി പട്ടിക ജാതി സംവരണം. ദലിത ക്രൈസ്തവരുടെ സംവരണം മതപരമായ ഒരു വിവേചനമാണ്. മുസ്ലീങ്ങളിലെ ദലിത ജനതയും ആ വിവേചനം അനുഭവിക്കുന്നുണ്ട്. അത് ഉന്നയിക്കുവാന്‍ തീര്‍ച്ചയായും ആ മതവിശ്വാസികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ മുസ്ലീങ്ങളിലെയും ക്രൈസ്തവരിലെയും ദലിത ജനതയുടെ പട്ടികജാതി സംവരണം കേവലം മതപരമായ ഒരു വിവേചനം മാത്രമല്ലെന്നും അതില്‍ ജാതിയുടെ സാമൂഹിക അസമത്വം മുഖ്യമായും അടങ്ങിയിരിക്കുന്നു എന്നുമുള്ള തിരിച്ചറിവ് രണ്ട് മതങ്ങളിലെയും നേതാക്കള്‍ക്ക് ഇല്ലായെന്നു തോന്നും. മുസ്ലീങ്ങളില്‍ ജാതിയില്ലെന്നും ദലിത മുസ്ലീങ്ങള്‍ക്ക് പട്ടിക ജാതി സംവരണം നല്‍കേണ്ടതില്ലെന്നും സമുദായത്തിന്റെ ഒരു വാദമുണ്ട്. ഇസ്ലാമിന്റെ വിശ്വാസത്തിലും സങ്കല്പത്തിലും ജാതിയില്ല. എന്നാല്‍ ഇന്ത്യയില്‍ വന്ന എല്ലാ മതങ്ങളും ജാതിയുടെ പ്രഭാവത്തിന് കീഴടങ്ങുന്നതാണ് നാം കണ്ടത്. ഇസ്ലാം വിശ്വാസത്തില്‍ ജാതിയില്ല, എന്നാല്‍ മുസ്ലീം സമുദായത്തില്‍ ജാതിയുണ്ട്. ജാതി എപ്രകാരമാണോ ഹിന്ദുസമൂഹത്തില്‍ കാണുന്നത് ആ പരിച്ഛേദം തന്നെ ഇന്ത്യയിലെ മുസ്ലീം സമുദായത്തിലും കാണുവാന്‍ കഴിയും. അനവധിയായ മറ്റു പിന്നാക്ക ജാതികളും ദലിത ജാതികളും അതേപടി മുസ്ലീം സമുദായത്തിലും നിലനില്‍ക്കുകയാണ്. ജസ്റ്റീസ് രജിന്ദര്‍ സച്ചര്‍ കമ്മീഷന്‍ കണ്ടെത്തിയത് ഇന്ത്യയിലെ ഏറ്റവും പതിതരായ ജനത മുസ്ലീം സമുദായത്തിലെ ദലിത സമൂഹമാണെന്നാണ്. ഏറ്റവും അടിയന്തരമായി മുസ്ലീം സമുദായത്തിലെ ദലിത സമൂഹത്തിന്റെ സവിശേഷമായ അധികാരപങ്കാളിത്തം ഉന്നയിക്കേണ്ട സമുദായ നേതൃത്വം അത് ചെയ്യുന്നില്ല എന്നത് മത സമീപനം കൊണ്ട് ജാതി പ്രശ്‌നം പരിഹരിക്കാനാവില്ല എന്ന സത്യമാണ് വെളിപ്പെടുത്തുന്നത്.
ദലിത ക്രൈസ്തവരുടെ പട്ടിക ജാതി സംവരണത്തിനുവേണ്ടി ക്രൈസ്തവ സഭ പ്രത്യേകമായി സംഘടനകള്‍ രൂപീകരിച്ച് പ്രക്ഷോഭണങ്ങള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ അത് അടിസ്ഥാനപരമായി ജാതിയുടെ പ്രശ്‌നമാണെന്ന ഒരു സമീപനവും അവ ഉയര്‍ത്തുന്നില്ല. സാമൂഹിക അസമത്വം ശരിയായി തിരിച്ചറിയുകയും ഉയര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ സഭയ്ക്ക് മുന്നാക്ക സംവരണത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുവാന്‍ കഴിയില്ലായിരുന്നു. ഇന്നും സാമൂഹികമായി താഴേയ്ക്ക് തള്ളപ്പെട്ട സ്ഥിതിയില്‍ തന്നെ അധികാര പങ്കാളിത്തമില്ലാതെ ദലിത ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് കണ്ണ് തുറന്ന് കാണേണ്ടതാണ്. മേല്‍ ജാതി മനോഭാവും ജാതിയില്‍ താഴ്ന്നവരോടുള്ള മുന്‍വിധികളും ക്രൈസ്തവര്‍ തുടരുന്നിടത്തോളം കാലം ക്രൈസ്തവ സാഹോദര്യം നേടിയെടുക്കാനാവില്ല. വിവിധ സഭകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ദലിത ക്രൈസ്തവര്‍ക്ക് മുന്‍ഗണനയും ചില ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. കൈയിലുള്ളതെല്ലാം വിട്ടുകൊടുക്കണമെന്നല്ല; സമൂഹത്തില്‍ ജനാധിപത്യപരമായി നേടിയെടുക്കാവുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനോട് ഒപ്പം നില്‍ക്കുക അല്ലെങ്കില്‍ അതിനോട് സഹിഷ്ണുത പുലര്‍ത്തുക എന്ന സമീപനമാണ് ശരിയായിട്ടുള്ളത്.
ഇന്ത്യയില്‍ സാമ്പത്തിക വിഷയം എന്നതുപോലെ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരേണ്ട ഒരു വിഷയമാണ് ജാതിയും ലിംഗവും. കടുത്ത അസമത്വമാണ് മേല്‍ പറഞ്ഞ മൂന്നു രംഗങ്ങളിലും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. അവയെ ഓരോന്നിനെയും പ്രശ്‌നവല്‍ക്കരിക്കാതെ അവയുടെ അപഗ്രഥനവും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കലും സാധിക്കില്ല. അതിലൂടെ മാത്രമേ ദലിത ക്രൈസ്തവ പ്രശ്‌നവും പരിഹരിക്കാനാകുകയുള്ളൂ. ജാതിയെ പ്രശ്‌നവല്‍ക്കരിക്കുന്നതിലൂടെ മതഭേദം പറഞ്ഞ് പട്ടികജാതിക്കാരായ ഏതെങ്കിലും സമൂഹത്തെ അവര്‍ക്കുള്ള സംവരണത്തില്‍ നിന്ന് ഒഴുവാക്കുവാന്‍ ജാതിയെ പ്രശ്‌നവല്‍ക്കരിക്കുമ്പോള്‍ കഴിയില്ല. മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുവാനോ സംവരണം നിഷേധിക്കുവാനോ പാടില്ല. കോണ്‍ഗ്രസ്സിന്റെ മുന്‍മുഖ്യമന്ത്രി രാജശേഖര റെഡ്ഡി മതാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ മുസ്ലീം സംവരണം ആന്ധ്രപ്രദേശ് അന്നത്തെ ഹൈക്കോടതി റദ്ദാക്കിയത് ഇവിടെ പ്രസ്താവ്യമാണ്. പിന്നാക്ക സമുദായങ്ങള്‍ക്ക് ഭരണഘടനയില്‍ സംവരണം നല്‍കുവാനുള്ള വ്യവസ്ഥയില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വര്‍ഗ്ഗങ്ങള്‍ക്കുള്ള സംവരണവ്യവസ്ഥയാണ് ഉള്ളത്. നായര്‍ സമുദായവും ക്രൈസ്തവ സമുദായവും സാമൂഹിക സംവരണത്തെ എതിര്‍ക്കുമ്പോള്‍ അതിന്റെ നേതൃത്വങ്ങള്‍ക്ക് ജാതിയെ പ്രശ്‌നവല്‍ക്കരിക്കുവാനും ചരിത്രത്തിലെ തങ്ങളുടെ ആവിര്‍ഭാവത്തോട് സത്യസന്ധമായും സമീപിക്കുവാന്‍ എത്രമാത്രം കഴിയുന്നുയെന്നതാണ് പ്രധാനം. ദലിത ക്രൈസ്തവ സമൂഹം തങ്ങളുടെ സംവരണപ്രശ്‌നം പരിഹരിക്കുവാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സംഭവിക്കേണ്ട സാമൂഹിക വിപ്ലവുമായി ബന്ധപ്പെട്ട ഒരു സംഗതിയെന്ന നിലയില്‍ സമാനമായി മാറ്റിനിര്‍ത്തപ്പെട്ട സമൂഹങ്ങളുമായും പട്ടിക ജാതിയില്‍പെട്ട ഇതര സമൂഹങ്ങളുമായും ആണ് ഐക്യപ്പെടേണ്ടത്.
സുറിയാനി ക്രിസ്ത്യാനികളായ ചില മെത്രാപ്പോലീത്താമാര്‍ എഴുതിയ ലേഖനങ്ങള്‍ വിവേകത്തിന്റെതാണെന്ന് അഭിപ്രായപ്പെടുവാന്‍ യാതൊരു നിവൃത്തിയുമില്ല. ജാതി സംവരണത്തെ തുരങ്കം വയ്ക്കുന്ന സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുമ്പോള്‍ അത് ഭരണഘടനാപരമായ അവകാശങ്ങള്‍ ത്യജിച്ചുകൊണ്ട് തങ്ങളുടെ കൂടെ വിശ്വാസികളായി നില്‍ക്കുന്ന ദലിത ക്രൈസ്തവരോടുള്ള വഞ്ചനയാണ്. പട്ടിക ജാതികളില്‍ ഉള്‍പ്പെട്ട ദലിത ക്രൈസ്തവര്‍ ഭരണഘടന പ്രകാരമുള്ള പട്ടിക ജാതി സംവരണം നിഷേധിക്കപ്പെട്ടവരാണ്. അവരുടെ ആ അവകാശത്തിനുവേണ്ടി സഭ സമരം ചെയ്യുമ്പോള്‍ അതിന് കടകവിരുദ്ധമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഒരു വൈരുദ്ധ്യവും സഭാ നേതാക്കളുടെ സാമൂഹിക വിഷയത്തിലുള്ള അജ്ഞതയുമാണ് വെളിപ്പെടുത്തുന്നത്. സുറിയാനി ക്രിസ്ത്യാനികള്‍ക്ക് യാതൊരു തരത്തിലും സംവരണത്തിന്റെ അവകാശങ്ങളിലൂടെ പ്രാതിനിധ്യം ലഭിക്കേണ്ടതില്ല. അതേ സമയം സുറിയാനി ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം കൃഷിക്കാരും ദരിദ്രരുമാണ്. അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതും സഭാ നേതൃത്വത്തിന് ഭൂഷണമാണ്. ഇന്ന് ദരിദ്രരും തൊഴില്ലാത്തവരും അനുഭവിക്കുന്ന സാമ്പത്തിക പാപ്പരീകരണവും ചൂഷണവും എല്ലാ വ്യവസ്ഥാപിത കക്ഷികളുടെയും നയപരമായ തെറ്റുകൊണ്ടുതന്നെയാണ്. അത് തുറന്ന് കാട്ടുന്നതാണ് സഭയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഉത്തരവാദിത്തവും സേവനവും. എന്നാല്‍ ദലിത ക്രിസ്ത്യാനികളെ വഞ്ചിച്ചും ദലിതരും മത്സ്യ തൊഴിലാളികളും ലത്തീന്‍കാരുമായ മറ്റുപിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും സുറിയാനിക്കാരും ഉള്‍പ്പെട്ട ക്രൈസ്തവ കൂട്ടായ്മയില്‍ മേല്‍ജാതി വിഭാഗത്തിന്റെ സ്ഥാപിത താല്പര്യത്തോട് പക്ഷം പിടിച്ച് നിലപാടെടുക്കുന്നത് ഒട്ടും ക്രൈസ്തവികമല്ല എന്ന് പറയേണ്ടി വരും.
നായാര്‍ സമുദായവും സുറിയാനി ക്രിസ്ത്യാനികളും കേരളസമൂഹത്തില്‍ സമ്പത്തും അധികാരവും ഏറെ അനുഭവിക്കുന്നവരാണ്. ചവട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തം നല്‍കുന്നതില്‍ അവര്‍ ഒട്ടും അസ്വാസ്ഥരാകേണ്ടതില്ല. തലമാത്രം ചലിക്കുന്ന സമൂഹഗാത്രത്തിന്റെ കഴുത്തിന് താഴെയുള്ള ഭാഗവും ചനമുള്ളതാക്കി മാറ്റുന്നത് അതിന്റെ മേലേക്കിടയിലുള്ള ഭാഗങ്ങള്‍ക്കും നേട്ടമുണ്ടാക്കുമെന്നാണ് തിരുവിതാംകൂറിന്റെ ചരിത്രം നല്‍കുന്ന പാഠം. ചലനാത്മകമായ സമൂഹത്തില്‍ തുറന്ന മത്സരത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷം എല്ലാ സമൂഹങ്ങളിലേക്കും ന•-കള്‍ പടര്‍ത്തും. ആറാട്ടുപ്പുഴ വേലായുധപണിക്കരുടെ പ്രവര്‍ത്തനങ്ങളും ശ്രീനാരായണഗുരുവും മിഷനറി പ്രവര്‍ത്തനങ്ങളും ചാന്നാര്‍ ലഹളയും മാറ് മറയ്ക്കല്‍ സമരവും കല്ലുമാല സമരവും ഉള്‍പ്പെടെയുള്ള കേരള സമൂഹത്തിന്റെ ചലനങ്ങള്‍ ഏറ്റവും മുകളിലുള്ള നമ്പൂതിരി സമുദായത്തിലും ചലനാത്മകത സൃഷ്ടിക്കുകയാണ് ചെയ്തത്. അടിമകളെക്കാള്‍ അധമമായി കഴിഞ്ഞിരുന്ന ഏറ്റവും പീഡിതരായ നമ്പൂതിരി സ്ത്രീകളുടെ അവസ്ഥയിലാണ് ആ മാറ്റം ഏറ്റവും നന്നായി പ്രതിഫലിച്ചത്. മുരടിപ്പും അടിമത്തവും യജമാനഭാവവും എല്ലാം കൂടിക്കലര്‍ന്ന സാമൂഹിക ജീവിതമുണ്ടായിരുന്ന നായര്‍ സമുദായം അടിത്തട്ടില്‍ ഉണ്ടായ ചലനങ്ങളുടെ ഗുണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. വ്യവസായം, കച്ചവടം, വൈജ്ഞാനികം, കല, സാഹിത്യം, ചലിച്ചിത്രമേഖലയിലെ നാനാരംഗങ്ങള്‍, കായികല, അന്തരാഷ്ട്രാരംഗം തുടങ്ങിയ ജീവിതത്തിന്റെ നാനാവഴികളിലേക്ക് താഴ്ന്ന വിതാനങ്ങളിലെ ജനവിഭാഗങ്ങളില്‍ ഉണ്ടായ ചലനം കടന്നുചെല്ലുവാന്‍ നായാര്‍ സമുദായത്തെ പ്രാപ്തമാക്കിയെന്നുള്ളതാണ് സത്യം.
ബ്രാഹ്‌മണവാദം അതിന്റെ നിലനില്‍പ്പിന് അടഞ്ഞ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായ ഹിന്ദുത്വം എന്ന ജനാധിപത്യവിരുദ്ധമായ ഒരു ആശയധാരയോട് താദത്മ്യം പ്രാപിക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിലാണ് നാം ഇന്ന്. അത് തീവ്രവലതുപക്ഷ നയങ്ങളുമായി കൂട്ടുചേര്‍ന്ന് രാജ്യത്തെ സമ്പൂര്‍ണ്ണമായും കോര്‍പറേറ്റ് ശക്തികള്‍ക്ക് അടിയറ വയ്ക്കുന്ന ഈ ഘട്ടത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൂടുതലായ മുന്നേറ്റം ക്രൈസ്തവരിലെയും നായര്‍ സമുദായത്തിലെയും ഉള്‍പ്പെടെയുള്ള ഒരുപാട് പാവപ്പെട്ടവരും ഇടത്തരക്കാരുമായ സമൂഹങ്ങള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് അതിന്റെ നേതാക്കള്‍ തിരിച്ചറിയണം. ഒരു പക്ഷേ ദീര്‍ഘദൃഷ്ടിക്കുപകരം തങ്ങളുടെ വലിപ്പക്കുറവ് അനുസരിച്ച് ഹ്രസ്വദൃഷ്ടിയോടെ കാര്യങ്ങളെ കാണുവാനാണ് ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിവേകം അതിനപ്പുറത്തേക്ക് ഉണര്‍ന്നെങ്കില്‍ മാത്രമേ സമൂഹത്തില്‍ ജനാധിപത്യവും ന•-കളും പുലരുകയുള്ളൂ. നായര്‍ സമുദായവും, സുറിയാനി ക്രിസ്ത്യാനി സമൂഹവും തങ്ങളുടെ സമുദായ ബോധത്തിലും ആവിര്‍ഭാവത്തിലും ഒരു അപനിര്‍മ്മാണം നടത്തിയാല്‍ മാത്രമേ അവര്‍ക്ക് സമചിത്തതയുള്ള മനസ് രൂപീകരിക്കുവാനും സമൂഹത്തില്‍ സര്‍ഗ്ഗാത്മകമായ പങ്ക് ശരിയായി വഹിക്കുവാനും കഴിയുകയുള്ളൂ.
ഇന്ന് ഇന്ത്യയില്‍ മതേതര ബുദ്ധിജീവികളുടെ നിലാപാടാണ് ഹിന്ദുത്വത്തിന്റെ അപകടത്തിനെതിരെയുള്ള പ്രധാനമായ ശക്തിയായി വിലയിരുത്തുന്നത്. മറിച്ച് അഴിമതിയിലും കോര്‍പറേറ്റ് ശക്തികളുമായുള്ള കൂട്ടുകെട്ടിലും മുങ്ങിതാഴ്ന്നു കിടക്കുന്ന വ്യവസ്ഥാപിത പ്രതിപക്ഷ കക്ഷികളുടെ വിശ്വാസ്യത തീര്‍ത്തും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി. തങ്ങളുടെ നാട്യ രാഷ്ട്രീയം കരുപ്പിടിപ്പിച്ചത്. എന്നാല്‍ ഒരു വശത്ത് രാഷ്ട്രീയം ദുര്‍ബലമാകുകയും മതേതര ബുദ്ധി ജീവികളുടെ ആശയ പ്രചാരണം മാത്രം അവശേഷിക്കുകയും ചെയ്യുമ്പോള്‍ അത് ജനാധിപത്യത്തിനു നേരെയുള്ള ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളുടെ ഭീഷണിയെ ഒട്ടും നേരിടുന്നില്ല. സമൂഹത്തില്‍ മാറ്റത്തിന്റെ ചാലകശക്തികളെ തിരിച്ചറിഞ്ഞ് അവയുടെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഇന്ത്യയെ സംബന്ധിച്ചുപറയുമ്പോള്‍ ആദിവാസികളും ദലിതരും മറ്റുപിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സ്ത്രീകളും മൂന്നാം ലിംഗക്കാരും ഉള്‍പ്പെടെയുള്ള സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ ഉണരുകയാണ് വേണ്ടത്. എന്നാല്‍ അവരുടെ ഐക്യം കൃത്രിമമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതു കൊണ്ടോ ചില തീവ്രമായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ സാധ്യമാണെന്ന് തോന്നുന്നില്ല. എന്തെങ്കിലും ശക്തി അവ ഉണ്ടാക്കിയാല്‍ തന്നെ വിഭാഗീയവും ദിശ തെറ്റിക്കുന്ന സംഘര്‍ഷങ്ങളുമായി അത് പരിമിതപ്പെടും. എന്നാല്‍ ഗാന്ധിയുടെയും ലോഹ്യയുടെയും ജെ.പി.യുടെയും ബാബാ സാഹിബ് അംബേഢ്കറുടെയും സംഭാവാനകള്‍ കൂട്ടിയോജിപ്പിച്ച രാഷ്ട്രീയമാണെങ്കില്‍ ആ സൂത്രവാക്യം ആരോഗ്യകരമായി ഫലവത്താക്കാവുന്നതാണ്. എന്നാല്‍ സാമൂഹിക വിഷയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന സാമ്പത്തിക വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു കാഴ്ചയാണിപ്പോള്‍. പരമ്പാരാഗതമായ പാശ്ചത്യ വീക്ഷണത്തില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. മുന്‍ പറഞ്ഞ മാര്‍ഗ്ഗദര്‍ശികളുടെ ചിന്തകളും കര്‍മ്മ പദ്ധതികളും വച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഐക്യപ്പെടുത്തുകയും അതില്‍ ചവട്ടി താഴ്ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഉയര്‍ത്തിപ്പിടിക്കുകയുമാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും രക്ഷയ്ക്കുള്ള ഒരേ ഒരു മാര്‍ഗ്ഗം.
സാമൂഹിക സംവരണത്തിന് തുരങ്കം വയ്ക്കുന്നവരുടെ പാവപ്പെട്ടവരെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ തികച്ചും കാപട്യമാണ്. വിദ്യാഭ്യാസത്തില്‍ നിന്ന് പണമില്ലാത്തവരെ പുറം തള്ളുന്ന നയങ്ങള്‍ ഏറ്റവും ശക്തമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അതിനെക്കുറിച്ച് വ്യാകുലതയില്ലാത്തവരുടെ പാവങ്ങളോടുള്ള സ്‌നേഹം ഒട്ടും വിശ്വാസ്യത ഇല്ലാത്തതാണ്. അതുപോലെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും കാര്‍ഷിക ഉപജീവന വൃത്തി സാധ്യമല്ലാതെ വിട്ടുപോകുകയും ചെയ്യേണ്ട സാമ്പത്തിക നയങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്. അതിന്റെ പരിസമാപ്തി കുറിക്കുവാന്‍ കൃഷി കര്‍ഷകരില്‍ നിന്ന് കോര്‍പറേറ്റ് ശക്തികളിലേക്കും അല്ലെങ്കില്‍ കോര്‍പറേറ്റുകളുടെ അടിമകളും പരിമിതവുമായ എണ്ണത്തിലുള്ള കര്‍ഷകരിലേക്കും ചുരുക്കുന്ന കരിനിയമങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസവും തൊഴിലും സമ്പത്തും ഭൂരിഭാഗം ജനങ്ങള്‍ക്കും നിരാകരിക്കപ്പെടുന്ന ഇന്നത്തെ സ്ഥിതി വിശേഷത്തില്‍ അപ്പക്കഷണങ്ങളുടെ പരിതാപകരമായ രാഷ്ട്രീയ വീക്ഷണമല്ല, വിശാലമായും ഉയര്‍ന്നും ചിന്തിക്കുവാനാണ് സാമൂഹിക നേതൃത്വങ്ങള്‍ പരിശ്രമിക്കേണ്ടത്. മുരടിപ്പിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രംഗവേദി കൈയ്യടക്കിയിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
സംവരണത്തിന്റെ ഉള്ളറകളിലും പുറത്തും സങ്കുചിതവീക്ഷണം ഇല്ലാതെയും ഹൃദയവിശാലതോടെയും പതിതരായ മനുഷ്യരെ സഹാനുഭൂതിയോടെ കാണുന്നവരായ പിന്നാക്കക്കാരും മുന്നാക്കക്കാരും നമ്മുടെ സമൂഹത്തില്‍ ധാരാളം ഉണ്ടെന്ന യാഥാര്‍ത്ഥ്യമാണ് പ്രതീക്ഷ പകരുന്നത്. എന്നാല്‍ ഇന്നും സമൂഹത്തിലും അധികാരത്തിന്റെ നാനാതലങ്ങളിലും ആധിപത്യം പുലര്‍ത്തുന്ന മുന്നാക്ക താല്പര്യങ്ങള്‍ സംവരണത്തിന്റെ അന്തസ്സത്തയെ പരാജയപ്പെടുത്തുന്ന കുടിലമായ ശ്രമങ്ങള്‍ ഒരുപാട് നടക്കുന്നു. സംവരണത്തെ കേവലമായും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ മാത്രമായും കാണുന്ന ജാതിയാല്‍ ചവട്ടി താഴ്ത്തപ്പെട്ട സമൂഹങ്ങളില്‍ നിന്ന് വരുന്ന ചിലരെ കാണാം. അത് തങ്ങളുടെ ജാതിയിലേക്കും ഒടുവില്‍ തങ്ങളിലേക്ക് തന്നെയും ചുരുങ്ങി വരുമെന്ന യാഥാര്‍ത്ഥ്യവും നമുക്ക് ഒപ്പം ഉണ്ട്.
സംവരണം സാമൂഹിക വിപ്ലവത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും ലക്ഷ്യങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത്. അതിന് സംവരണം ചലനരഹിതാമാകരുത്, ചലനാത്മകമാവണം. സാമൂഹിക സംവരണത്തിനുള്ളില്‍ പങ്കാളിത്തം ലഭിക്കാത്ത അല്ലെങ്കില്‍ പങ്കാളിത്തം കുറയുന്ന വിഭാഗങ്ങളിലേക്കും തലങ്ങളിലേക്കും അത് വ്യാപിക്കുന്ന ഭാവനാ പൂര്‍ണ്ണമായ പരിഷ്‌കാരങ്ങളാണ് ഉണ്ടാകേണ്ടത്. അതുപോലെ സാമൂഹിക സമത്വം തുല്യതയുടെ ഇതര വശങ്ങളുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ സാമ്പത്തിക തുല്യത സാമൂഹിക സമത്വവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതുപോലെ സാമൂഹിക സമത്വം സാമ്പത്തിക സമത്വവുമായും ലിംഗ സമത്വവുമായും പ്രദേശപരവുമായ സമത്വവുമായും മറ്റും അഭേദ്യം ബന്ധപ്പെട്ടതാണ്. അസമത അതിന്റെ കൊടുമുടി കയറുന്ന ആഗോളവല്കരണ കാലം സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊള്ളുന്നവരില്‍ ഭാരിച്ച ഒരു ഉത്തരവാദിത്തം നല്കുന്നുണ്ട്. സാമ്പത്തിക ചൂഷണത്തിനും സാമ്പത്തിക അസമത്വത്തിനും എതിരെയുള്ള പോരാട്ടത്തെ സംയോജിപ്പിക്കേണ്ട ഒരു കടമയാണ് അത്. സംഘടിത മേഖലയിലെ തൊഴിലാളി, ജീവനക്കാരുടെ പരമ്പരാഗത സമരങ്ങളായി അതിനെ തെറ്റിദ്ധരിക്കേണ്ട. സമ്പത്ത് വ്യവസ്ഥയുടെ ബാഹ്യവലയങ്ങളിലെ ബഹിഷ്‌കൃതരായ അസംഘടിത മേഖലയിലെ ജനങ്ങളോടും കര്‍ഷകര്‍, നെയ്ത്തുകാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ വേരറുക്കപ്പെടുന്ന ഉല്പാദകരുടെയും അതിജീവനപോരാട്ടങ്ങളുമായി വേണം അതിനെ ഇഴചേര്‍ക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in