നായര്‍ സ്വത്വം മലയാളിയുടെ വ്യാജ നിര്‍മ്മിതി മാത്രമോ ?

‘ചോദ്യം ചോദിക്കാന്‍ അറിയുന്നവര്‍ക്ക് മാത്രമേ ചരിത്രം ഉത്തരം തരൂ..’ (ജര്‍മ്മന്‍ – അമേരിക്കന്‍ ചരിത്രകാരന്‍ ഹോജോ ഹോള്‍ബോണ്‍)

ഐപിഎസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിന്റെ സവര്‍ണ്ണ ശൂദ്രവല്‍ക്കരണത്തെ ന്യായീകരിക്കുന്ന വിവാദ  പ്രസ്താവനക്കെതിരെ കെ സന്തോഷ് കുമാര്‍ ‘ദ ക്രിട്ടിക്കി’ ല്‍ എഴുതിയ ‘നായര്‍ സ്വത്വം: മലയാളി സാംസ്‌കാരികതയുടെ വ്യാജ നിര്‍മ്മിതി’ എന്ന ലേഖനത്തിലെ ചില ന്യൂനതകളും, ചരിത്ര നിരീക്ഷണത്തിലെ അപാകങ്ങളും ചൂണ്ടി കാണിക്കാന്‍ വേണ്ടി കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്.

മൂന്നു കാര്യങ്ങളത്രെ കെ സന്തോഷ് കുമാര്‍ ഇവിടെ പരിശോധിക്കുന്നത്. ഒന്ന്, എന്താണ് തറവാടെന്നും കേരളത്തിലെ നായന്മാര്‍ മുഴുവന്‍ തറവാട്ടില്‍ ജീവിച്ചിരുന്നവര്‍ ആണോയെന്നും. രണ്ട്, നായന്മാര്‍ മുഴുവന്‍ കുലീനമായ, ഉന്നതമായ ഒരു സാമൂഹിക ജീവിതമാണോ കേരളത്തില്‍ നയിച്ചത്. മൂന്ന്, എങ്ങനെയാണ് നായര്‍ ജീവിതവും ചിഹ്നങ്ങളും കേരള ദേശീയതയായി രൂപപ്പെട്ടത്. ഇതില്‍ ആദ്യത്തെ രണ്ട് കാര്യങ്ങളിലും നായന്മാര്‍ ‘മുഴുവന്‍’ എന്നാവര്‍ത്തിച്ചു പറയുന്നുണ്ട്. ഒരു വര്‍ഗ്ഗവിഭജിത സമൂഹത്തില്‍ (എത്ര ഔന്നിത്യം നേടിയവരായാലും) ഏതെങ്കിലും ഒരു സമുദായത്തിന് പൂര്‍ണ്ണമായും സമ്പന്നരാകാന്‍ കഴിയില്ല എന്ന സാമാന്യയുക്തി സന്തോഷ് കുമാറിന്റെ ചിന്തയില്‍ പ്രവര്‍ത്തിച്ചില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.

നിലനില്‍ക്കുന്ന സാമാന്യ ജ്ഞാനവ്യവസ്ഥയ്ക്ക് അകത്തു നിന്നുകൊണ്ടാണ് സാധാരണയായി എല്ലാവരും പറഞ്ഞുവരുന്ന ശൂദ്രചരിത്രത്തിന്റെ ആവര്‍ത്തനം ചില ചരിത്രകാരന്മാരുടെ ഉദ്ധരണികള്‍ തെളിവാധാരമാക്കി ടിപ്പണികളും അടിക്കുറിപ്പും കൊടുത്തുകൊണ്ട് സന്തോഷ് കുമാര്‍ ലേഖനത്തില്‍ വിവരിക്കുന്നത്. നായര്‍ സമൂഹം വ്യാജ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്നത് എന്‍എസ്എസ് രൂപീകരണത്തിനു ശേഷവും, എം ടി വാസുദേവന്‍ നായരുടെയും മറ്റും തറവാട് സാഹിത്യത്തിലൂടെയും ആണെന്ന, സന്തോഷ് കുമാറും ആവര്‍ത്തിക്കുന്ന, പൊതുവായ നിരീക്ഷണം ഒരു സമുദായം എന്ന നിലയില്‍ നായര്‍ വിഭാഗം കേരള സാമൂഹിക ചരിത്രത്തില്‍ കീഴാള വിഭാഗത്തിനും സമൂഹത്തിന്റെ മൊത്തം സമഗ്രതയ്ക്കും ഏല്‍പ്പിച്ച ഭയാനകമായ മുറിവുകളെ ലഘൂകരിക്കുന്നതും അസങ്കീര്‍ണ്ണമാക്കി ചുരുക്കിക്കളയുന്നതുമാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചാതുര്‍വര്‍ണ്യ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി ആയുധം കയ്യില്‍ വയ്ക്കാനും, കീഴാള സമൂഹത്തിനുമേല്‍ ബീഭത്സമായ ആക്രമണങ്ങള്‍ നടത്താനും, അസ്പൃശ്യര്‍ മുന്നില്‍ വന്നുപെട്ടാല്‍ കൊന്നുകളഞ്ഞാല്‍ പോലും യാതൊരു ശിക്ഷാനടപടികള്‍ക്കും വിധേയമാകേണ്ടതുമില്ലാത്ത ഏറ്റവും നൃശംസമായ നായര്‍ എന്ന ആധിപത്യഘടനയെ അവരിലെ ‘ഭൂരിപക്ഷ’ ത്തിന്റെ ദാരിദ്ര്യത്തെ മുന്‍നിര്‍ത്തി മാത്രം വിലയിരുത്തുന്നത്  സവര്‍ണ്ണാധികാര വാഴ്ചക്കെതിരെയുള്ള ചരിത്ര വായനയ്ക്ക് തിരിച്ചടിയാണ് ഉണ്ടാക്കുക.

കേവല സാമ്പത്തിക തലത്തിനുപരി, ജാത്യാധികാര ചരിത്രത്തിലെ അതിന്റെ രാഷ്ട്രീയ-സാമൂഹ്യ ഘടകങ്ങളെ മനസ്സിലാക്കാതെയുള്ള യാന്ത്രിക വിശകലന രീതി കീഴാള പ്രതിരോധത്തിന് വേണ്ട ചരിത്രാന്വേഷണങ്ങളെ മൂര്‍ത്തമാക്കാന്‍ പര്യാപ്തമാകില്ല. നായര്‍ സമൂഹത്തില്‍ ഒരുപാട് പേര്‍ സാമ്പത്തികപരാധീനതകള്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് ബ്രാഹ്മണ്യത്തോട് ചേര്‍ന്നുനിന്ന് വിവിധ ഉടമ്പടികളിലൂടെ ലഭ്യമായിരുന്ന സാമൂഹ്യ മൂലധനത്തെ അവഗണിച്ചുകൊണ്ട് ശൂദ്രസവര്‍ണാധിപത്യ ചരിത്രത്തെ വിലയിരുത്താന്‍ കഴിയില്ല. എന്തായിരുന്നു നായര്‍, ആരായിരുന്നു നായര്‍ എന്ന് ചോദിച്ചാല്‍ അടിമകളുടെ ഉടമസ്ഥരും, തിരുവിതാംകൂറില്‍ വ്യാപകമായി ഭൂമി കൈവശം വെച്ചവരും, തമ്പ്രാക്കന്മാരും, ഭരണകൂടത്തിന്റെ ഭാഗമായ അധികാരികളും, കാര്യനിര്‍വാഹകരും, നിയമപാലകരും മറ്റുമായിരുന്നു എന്ന് പറയാതെ ശൂദ്ര ചരിത്രത്തെ പൂരിപ്പിക്കാന്‍ കഴിയില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചാതുര്‍വര്‍ണ്യ ഘടനയില്‍ ഉപരിജാതികളുമായി സംബന്ധം മുതല്‍ സാമ്പത്തിക കാര്യസ്ഥ ബന്ധം വരെ നിലനിര്‍ത്തി സവിശേഷവും നിര്‍ണായകവുമായ അധികാരങ്ങള്‍ കയ്യാളാന്‍ നായര്‍ സമുദായത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒറ്റപ്പെട്ടവയല്ലാതെ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ എവിടെയും ഒരു ശൂദ്ര കലാപം പോലും നടന്നതായി കേട്ടു കേള്‍വി പോലുമില്ലാത്തത്. ആര്‍ എസ് വര്‍മ്മയുടെ ശൂദ്ര പഠനങ്ങള്‍ ഇത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിലെ നായര്‍ വിഭാഗം സാമൂഹ്യ ചരിത്രത്തില്‍ ഇടപെട്ടുകൊണ്ടാണ് അതിന്റെ കര്‍തൃത്വം സ്ഥാപിച്ചെടുത്തത്. നായര്‍ എന്നത് ഒരു കേവല സമുദായം എന്നതിനപ്പുറം നമ്പൂതിരി – നായര്‍ സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവഹാരമായാണ് നിലനിന്നിട്ടുള്ളത്. കേരളത്തിലെ കീഴാള സമുദായങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്തിയിരുന്ന നായര്‍-നമ്പൂതിരി കൂട്ടായ്മയില്‍ മുഖ്യ പങ്കുവഹിച്ച നായര്‍ തമ്പ്രാക്കള്‍ കേവലം ‘ദരിദ്രനാരായണന്മാര്‍’ മാത്രമായിരുന്നു എന്നു പറയുന്നത്, ചരിത്രത്തെ സംഭവപരമ്പരകളുടെ കേവലമായ ‘തത്സമ വിവരണം’ മാത്രമായി ആവിഷ്‌കരിക്കുന്നതുകൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങളാണ്.

സംബന്ധ ബന്ധ ഉടമ്പടിയിലെ നരവംശ സമീപനം

വളരെ ആസൂത്രിതമായി ഉണ്ടാക്കിയ ഒരു സാമൂഹിക ഉടമ്പടിയിലൂടെയാണ് ഈ നമ്പൂതിരി – നായര്‍ സഹവര്‍ത്തിത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ നിലനിന്നു പോന്നിരുന്നത്. അതില്‍ പ്രധാനമാണ് സ്വജാതിയില്‍ നിന്നു മാത്രം വിവാഹം കഴിക്കുകയും, എന്നാല്‍ സമൂഹത്തിലെ ഏറ്റവും ഉന്നത േ്രശണിയില്‍പ്പെട്ട നമ്പൂതിരി പുരുഷന്മാര്‍ക്ക് ലൈംഗിക പങ്കാളിയായി സ്ത്രീകളെ നല്‍കിവരികയും ചെയ്തിരുന്ന നായര്‍ സമുദായത്തിന്റെ വിചിത്ര സാമൂഹ്യ വ്യവസ്ഥയായ സംബന്ധം. വൈകാരികമോ സാമ്പത്തികമോ ആയ യാതൊരു ബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ അല്ലാതെ കേവലം ബീജം ദാനം ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമായിരുന്നു ഈ ബന്ധം. എന്നാല്‍ ഈ കൂട്ടായ്മയിലെ സംബന്ധ ബന്ധത്തിന്റെ ഉടമ്പടി എന്തെന്നാല്‍, നമ്പൂതിരിമാര്‍ക്ക് ഓരോ കുടുംബത്തിലേയും മൂത്ത പുത്രനു മാത്രമേ വിവാഹം കഴിക്കാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ. തന്മൂലം സാമൂഹ്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന രണ്ടു ഗുരുതരമായ പ്രശ്‌നങ്ങളാണ് നമ്പൂതിരിമാര്‍ നേരിട്ടത്. ഒന്ന് ഭൂരിപക്ഷം നമ്പൂതിരിമാരും സ്വത്താവകാശം ഇല്ലാത്തവരായി ജീവിതം തകര്‍ന്നു. രണ്ടാമതായി നമ്പൂതിരി സ്ത്രീകള്‍ ജീവിതപങ്കാളിയില്ലാതെ, വംശവര്‍ദ്ധനവ് സാധ്യമാകാതെ കൂട്ടംകൂട്ടമായി കുടുംബങ്ങളില്‍ പുര നിറഞ്ഞുനിന്നു.

തങ്ങളുടെയും കുടുംബത്തിന്റെയും സമ്പത്തില്‍ യാതൊരു അവകാശവും ഇല്ലാത്തവരാക്കി വെറും ബീജവിതരണക്കാര്‍ മാത്രമായി നമ്പൂതിരി സമുദായത്തെ സ്തംഭിപ്പിച്ചു നിര്‍ത്താന്‍ ബ്രാഹ്മണ പ്രത്യയശാസ്ത്ര അധീശത്വം നിലനില്‍ക്കുമ്പോള്‍ തന്നെ ഇത്തരം ഉടമ്പടികളിലൂടെ നായര്‍ സമുദായത്തിന് കഴിഞ്ഞിരുന്നു എന്നത് ചരിത്രത്തില്‍ വളരെ ആസൂത്രിതമായ അവരുടെ ഇടപെടലിന്റെ കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. മറ്റു മുഴുവന്‍ കീഴ്ജാതി വിഭാഗങ്ങള്‍ക്കുമേലും സമ്പൂര്‍ണ്ണമായ ആധിപത്യം സ്ഥാപിക്കാന്‍ ഈ രണ്ട് പ്രബല സമുദായങ്ങള്‍ക്കും ഉണ്ടായിരുന്ന സാമൂഹിക അധികാരവും സമ്പൂര്‍ണ്ണ മേല്‍ക്കോയ്മയും ഒരുപോലെ നിലനിര്‍ത്താന്‍ ഈ സംബന്ധ ബന്ധം സഹായിച്ചിട്ടുണ്ട്. എന്നാല്‍ നമ്പൂതിരി കുടുംബ സമ്പത്ത് വീട്ടതിരുകളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ സംബന്ധബന്ധം കൊണ്ട് കഴിഞ്ഞുവെങ്കിലും നമ്പൂതിരി സമൂഹത്തിന് സാമുദായികമായി വന്‍ തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്.

സംബന്ധ ബന്ധം നമ്പൂതിരി സമ്പത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ നിലനിര്‍ത്തിയ സാമുദായിക സമ്പ്രദായമാണ് എന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അതൊരിക്കലും പൂര്‍ണമായ യുക്തിസഹ നിരീക്ഷണമായിരിക്കില്ല; എന്നു മാത്രമല്ല വര്‍ത്തമാനകാല പുത്തന്‍ ശൂദ്ര സവര്‍ണാധിപത്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് ചരിത്രത്തെ വായിക്കുന്നതില്‍ അബദ്ധങ്ങള്‍ കടന്നു കൂടുകയും ചെയ്യും. കുടുംബ സ്വത്ത് നിലനിര്‍ത്താന്‍ വേണ്ടി മാത്രം സ്വജാതിയിലെ സ്ത്രീകളെ ആജന്മകാലം അവിവാഹിതരാക്കി വംശ വര്‍ദ്ധനവ് ഉപരോധിച്ചു നിര്‍ത്താന്‍ സമൂഹത്തിലെ നമ്പൂതിരി എന്ന സാമ്പത്തികമായും സാമൂഹികമായും ഏറ്റവും പ്രബലമായ ഒരു വിഭാഗം തയ്യാറാകും എന്നത് നരവംശശാസ്ത്രപരമായ ചരിത്ര യുക്തിക്ക് ചേരുന്നതല്ല.

സുദൃഢമായ അധികാര പങ്കാളിത്തത്തിന്റെ സൂചനകളാണ് ഇതില്‍നിന്ന് ഉരുത്തിരിഞ്ഞു വരുന്നത്. അതിവിചിത്രമായ ഇത്തരം ലൈംഗിക പങ്കാളിത്ത ഉടമ്പടികള്‍ പാലിക്കുന്നതിലൂടെ നായര്‍ സമുദായത്തിന് ശക്തമായ സാമൂഹിക അടിത്തറയും അധികാരങ്ങളും കൈയാളാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള നമ്പൂതിരി സമുദായത്തിന് ഈ സമ്പ്രദായം മൂലം ഉള്ളു പൊള്ളയായ പ്രത്യയശാസ്ത്ര ഔന്നത്യം നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നല്ലാതെ കനത്ത സാമൂഹിക – രാഷ്ട്രീയ പ്രതിസന്ധികളും തിരിച്ചടികളുമാണ് നേരിടേണ്ടിവന്നത്.

ഈ തുറസിലേക്കാണ് ചരിത്രത്തില്‍ തന്നെ ഇടപെട്ടുകൊണ്ട് നായര്‍ സമൂഹം പ്രബല ശക്തികളായി ഉയര്‍ന്നുപൊങ്ങുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് നമ്പൂതിരി സമുദായത്തിന് ഈ ഗുരുതരമായ തിരിച്ചടികള്‍ ബോധ്യപ്പെടുന്നത്. എന്നാല്‍ സമുദായ ഉന്നമനം സാധ്യമാകുമെങ്കില്‍ ഏത് പ്രത്യയശാസ്ത്ര ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറുള്ള നായര്‍ സമുദായങ്ങള്‍ പുതിയ സാമ്പത്തിക ബന്ധങ്ങളും അധികാര ബന്ധങ്ങളും കൈവന്നപ്പോള്‍ സ്വജാതി വിവാഹത്തിന്റെ പരിധികള്‍ ലംഘിക്കുകയും, സംബന്ധത്തെ വിലകെട്ട വ്യവഹാരമായി മനസ്സിലാക്കുകയും അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

നമ്പൂതിരി സമുദായത്തില്‍ നിന്നും ഇതിനകം തങ്ങള്‍ ആസൂത്രിതമായി നേടിയെടുത്ത ജാതി മേല്‍ക്കോയ്മ ഉള്‍പ്പെടെയുള്ള എല്ലാ അധികാരങ്ങളും മാറ്റമില്ലാതെ ഉറപ്പിച്ചു നിര്‍ത്തി ജാതിമേല്‍ക്കോയ്മയുടെ ഘടനകള്‍ പഴയതുപോലെ നിലനിര്‍ത്തിക്കൊണ്ടു പോവുകയാണ് പിന്നീട് നായര്‍ സമുദായം ചെയ്തത്. അതിന്റെ സ്ഥാപനവത്കരണമാണ് എന്‍എസ്എസ് രൂപീകരണത്തിലൂടെയും മറ്റും നിര്‍വഹിക്കപ്പെട്ടത്. പാരമ്പര്യ വിച്ഛേദം ഉറപ്പുവരുത്തി ആധുനിക സാമൂഹ്യ വല്‍ക്കരണത്തില്‍ സംഘ രൂപീകരണത്തിലൂടെ നിര്‍ണായക സ്ഥാനം കയ്യാളുക എന്ന ലക്ഷ്യമാണ് നായര്‍ സമൂഹം നിറവേറ്റിയത്. മലയാളി മെമ്മോറിയലും മറ്റും ആ ശൂദ്ര രാഷ്ട്രീയത്തിന്റെ പ്രകാശനങ്ങളായിരുന്നല്ലോ.

നവ ശൂദ്ര സവര്‍ണ്ണതയുടെ ഉല്‍ഭവം ചട്ടമ്പിസ്വാമികളിലൂടെ

പിന്നീട് നമ്പൂതിരി സമുദായത്തെ മറിച്ചിട്ടു കൊണ്ടുള്ള ഏറ്റവും ആഴപ്പെട്ട പ്രത്യയശാസ്ത്ര പോഷണം നായര്‍ മുന്നേറ്റത്തിന് ലഭിച്ചത് ചട്ടമ്പിസ്വാമികളുടെ സവര്‍ണ്ണ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. നായര്‍ സമുദായ മേല്‍ക്കോയ്മ നിലനിര്‍ത്തിയ ഏറ്റവും സുപ്രധാനമായ ആ ഭാഗം കെ സന്തോഷ് കുമാര്‍ തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ല.

നവോത്ഥാന ചരിത്രത്തില്‍ ശൂദ്ര വരേണ്യവിഭാഗത്തിന്റെ സന്യാസിയും ഋഷി തുല്യനുമായ ചട്ടമ്പിസ്വാമികളുടെ ‘പ്രാചീന മലയാളം’ എന്ന ഗ്രന്ഥമാണ് ഇതിന് സുപ്രധാനമായ പങ്കുവഹിച്ചത്. ശൂദ്രനായന്മാരുടെ പക്ഷത്ത് നിന്നുള്ള ചട്ടമ്പിസ്വാമികളുടെ കല്‍പ്പിത ചരിത്രമായ ‘പ്രാചീന മലയാളം’ നായര്‍ സമുദായങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. നായര്‍ സമുദായത്തെ ശൂദ്രര്‍ എന്നു വിശേഷിപ്പിക്കുന്നത് പോലും തെറ്റായ പ്രവണതയാണെന്നും, ബ്രാഹ്മണ്യാധിപത്യത്തിനു മുമ്പ് ഭൂവുടമകള്‍, സാമൂഹ്യശക്തി, സാംസ്‌കാരിക സമൂഹം എന്നിങ്ങനെ എല്ലാ നിലയിലും ചരിത്രപരമായി വലിയ പ്രതാപികളായിരുന്നു നായര്‍ സമൂഹമെന്ന് അവകാശപ്പെടുന്ന സങ്കല്പ ചരിത്രമാണ് അതിസാഹസികമായി ചട്ടമ്പിസ്വാമികള്‍ കെട്ടിയിറക്കിയത്. നമ്പൂതിരി സമുദായത്തോടുള്ള വിധേയത്വത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായ നായര്‍ സമൂഹം പിന്നീട് പല ജാതിബോധങ്ങള്‍ക്കും ജന്മം നല്‍കുന്ന പുത്തന്‍ സവര്‍ണബോധത്തിന്റെ നിര്‍മ്മാതാക്കളാകാന്‍ ശക്തിയാര്‍ജിച്ചു.

എന്‍എസ്എസിന് മുമ്പ് സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളീയ നായര്‍ സമാജം എന്ന സംഘടന രൂപീകരിച്ചു. ചങ്ങനാശ്ശേരിയില്‍ കൈനിക്കര ഗോവിന്ദപിള്ളയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സാമൂഹ്യ പദവിയിലേക്ക് ഉയര്‍ന്നു വരണമെന്ന ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ പെരുന്നയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു. കൂടാതെ, ‘നായര്‍’ എന്ന മാസികയും ‘സുഭാഷിണി’ എന്ന പത്രവും അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷമാണ് 1911 ല്‍ മന്നത്തു പദ്മാനഭനെ സെക്രട്ടറിയാക്കി കരയോഗം രജിസ്റ്റര്‍ ചെയ്യുന്നത്.

സന്തോഷ് കുമാര്‍ പറയുന്നതുപോലെ ‘നായര്‍ സമുദായ ഭൃത്യജന സംഘം’ എന്ന പേരില്‍ 1914 ഒക്ടോബര്‍ 31 ന് രൂപീകരിച്ച സംഘടന ‘ഭൃത്യന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദാസ്യഭാവമല്ല. ഗോപാലകൃഷ്ണഗോഖലെയുടെ ‘സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി’ (Servants of India Society) യുടെ സേവനമാതൃക അടിസ്ഥാനമാക്കി മന്നത്തുപദ്മനാഭനും സംഘവും ‘സമുദായത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ സേവനമനുഷ്ഠിക്കും’ എന്ന് പ്രതിജ്ഞയെടുത്ത ഒരു സന്നദ്ധസേവന സംഘടനാ രൂപീകരിണത്തിന്റെ ഭാഗമായുള്ള പേരാണ്. അതുപോലെതന്നെ നായര്‍ വിഭാഗം ഒരു സൈന്യമായി മാറുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തു മാത്രമാണ് എന്ന് സന്തോഷ് കുമാര്‍ പറയുന്നതിലും ചരിത്രപരമായ പിശകുണ്ട്. 1840ല്‍ നായര്‍ സമുദായത്തെ ബ്രിട്ടീഷുകാര്‍ സൈനിക വൃത്തിയില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. സൈനിക തൊഴില്‍ നഷ്ടപ്പെട്ടതും അടിമത്തം അവസാനിപ്പിച്ചതും, പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസത്തിന് വന്‍ ചിലവ് വന്നതും നായര്‍ സമുദായത്തെ പ്രതിസന്ധിയിലാക്കുകയുണ്ടായി. കുടുംബ തകര്‍ച്ചകള്‍ക്ക് വരെ അത് കാരണമായിട്ടുമുണ്ട്.

ഒരു സംഘടന രൂപീകരിച്ച വര്‍ഷം മുതല്‍ കണക്കാക്കിയല്ല ഒരു സവര്‍ണ്ണ സമുദായ ആധിപത്യ വ്യവഹാരത്തെ നാം മനസ്സിലാക്കേണ്ടത്; മറിച്ച് ഉല്‍പാദന ബന്ധത്തില്‍ അത് നിലനിര്‍ത്തിയിരുന്ന അധികാരവും, സ്വാധീനവും മുന്‍നിര്‍ത്തിയാണ്. സവര്‍ണ ശൂദ്ര സമുദായത്തിന്റെ പഴയ വ്യവസ്ഥകളും ശീലങ്ങളും കുടഞ്ഞു കളഞ്ഞ് നവ കൊളോണിയല്‍ സാമ്പത്തിക സാംസ്‌കാരിക മൂല്യങ്ങള്‍ക്കനുസരിച്ച് ഘടനാപരമായ മാറ്റം വരുത്തിയാണ് നായര്‍ സമുദായം അധീശത്വം സ്ഥാപിച്ചത്. ആധുനിക വിദ്യാഭ്യാസത്തിലൂടെ നേടിയ വിമര്‍ശന ചിന്തകളാണ് സമുദായത്തെ പുന:സൃഷ്ടിക്കാന്‍ അവരെ േ്രപരിപ്പിച്ചതും. കൊളോണിയല്‍ ദര്‍ശന വ്യവസ്ഥയിലൂടെയുള്ള ഈ സവര്‍ണ സമുദായോദ്ധാരണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കീഴാള ജനതയുടെ മുന്നേറ്റം അഥവാ തനത് സമുദായ മുന്നേറ്റം ചരിത്രത്തില്‍ നടന്നത് അയ്യങ്കാളിയുടെ വിപ്ലവ മുന്നേറ്റവും അതിന് ഏകദേശം 500 വര്‍ഷം മുമ്പ്, പതിനാലാം നൂറ്റാണ്ടിലെ ചെങ്ങന്നൂര്‍ ആദിയുടെ സാംസ്‌കാരിക പ്രതിരോധ രാഷ്ട്രീയത്തിലും മറ്റും മാത്രമാണ്.

നായര്‍ ചരിത്ര പ്രാമാണികത്വത്തിന്റെ കല്പിത മാതൃകകളില്‍ നിന്നാണ് പിന്നീട് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ‘ആധുനിക’ സവര്‍ണ്ണബോധം രൂപീകരിക്കപ്പെടുന്നതും സംയോജിപ്പിക്കപ്പെടുന്നതും. മാര്‍ത്താണ്ഡവര്‍മ്മ, രാമ രാജാ ബഹദൂര്‍, ധര്‍മ്മരാജ തുടങ്ങിയ സി വി രാമന്‍പിള്ളയുടെ ചരിത്രാത്മക കല്പിത നോവലുകള്‍ ഈ ശൂദ്ര സവര്‍ണ്ണ രാഷ്ട്രീയം തന്നെയാണല്ലോ പങ്കുവയ്ക്കുന്നത്. പിന്നീടുണ്ടായ ക്ഷത്രിയ- നായര്‍ കൂട്ടായ്മ പൊതു പൗര സമൂഹങ്ങളിലും, ശൂദ്ര നവ സവര്‍ണബോധ രാഷ്ട്രീയ ഇടങ്ങളിലും വിതറുകയും (disseminate) കേരള നമ്പൂതിരി സമുദായത്തിന്റെ ആധിപത്യപങ്കാളിത്തം ക്ഷയോന്മുഖമാവുകയും ചെയ്തു.

മധ്യവര്‍ഗ്ഗ നവശൂദ്ര ബോധം ഇഎംഎസിലൂടെ

എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ സ്വാധീന ശക്തിയാണ് നായര്‍ ആധിപത്യത്തില്‍ അധിഷ്ഠിതമായ സങ്കല്പ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തിലൂടെ സവര്‍ണ്ണ കേരളത്തിന്റെ ഇന്നത്തെ നായര്‍ ദേശീയത വരച്ചുവയ്ക്കുന്ന ചട്ടമ്പിസ്വാമികളുടെ പ്രാചീന മലയാളം എന്ന കൃതി. ഈ സവര്‍ണ്ണ ഋഷീശ്വരനായ ചട്ടമ്പിസ്വാമിയെ ഇഎംഎസ് കേരള ‘സമൂഹവും രാഷ്ട്രീയവും’ എന്ന തന്റെ പ്രശസ്തമായ കൃതിയില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായി എഴുത്തച്ഛനും വള്ളത്തോളിനും ഇടയില്‍ നിര്‍ത്തുന്നതിന്റെ യുക്തി ഇഎംഎസിന് അല്ലാതെ മറ്റാര്‍ക്കും മനസ്സിലാകാത്ത വൈരുദ്ധ്യാത്മകതയാണ്. അതേസമയം അയ്യങ്കാളിക്കൊപ്പം നിലകൊള്ളുകയും, അദ്ദേഹത്തിന്റെ മുന്നേറ്റത്തില്‍ തന്റെ പ്രവര്‍ത്തകരെ അണിനിരത്തുകയും, തന്റെ സമുദായമായ നായര്‍ വിഭാഗത്തിന്റെ സവര്‍ണ്ണ പരിസരത്തു നിന്നും പൂര്‍ണ്ണമായും മാറി നടക്കുകയും ചെയ്ത സദാനന്ദ സ്വാമികളെ് പരാമര്‍ശിക്കാതിരിക്കുന്നതിന്റെ യുക്തിയും ഇഎംഎസ് ന് മാത്രം അവകാശപ്പെടാവുന്ന സവര്‍ണ്ണ സവിശേഷതയാണ്. ഒരു ശൂദ്ര ഹിന്ദു ആത്മീയതയ്ക്ക് കേരളത്തില്‍ വലിയ വേരോട്ടം ഉണ്ടാക്കിയ ചട്ടമ്പിസ്വാമികളുടെ ഒപ്പമാണ് ‘ഗ്രാമത്തിന്‍ പുറത്തങ്ങുവസിക്കുന്ന’ ജനതയുടെ വിമോചനത്തിനു വേണ്ടി ചതുര്‍വര്‍ണ്യത്തിനെതിരെ പോരാടിയ നാരായണഗുരുവിനെ ഇഎംഎസ് ഓര്‍ത്തെടുക്കുന്നത് എന്നതും ചരിത്രത്തിലെ ഏറ്റവും ദയനീയമായ രാഷ്ട്രീയ ദൃഷ്ടാന്തമാണ്.

കെ സന്തോഷ് കുമാര്‍ തന്റെ ലേഖനത്തില്‍ ജാതിയെ മനസ്സിലാക്കുന്നതില്‍ കേരളത്തിലെ കമ്മ്യുണിസ്റ്റുകള്‍ പരാജയപ്പെട്ടു എന്നു പറയുന്നത് തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാല്‍ അത് മാര്‍ക്‌സിസത്തിന്റെ ആന്തരിക ഘടന മൂലമാണ് എന്ന് സന്തോഷ് കുമാര്‍ പറയുന്നത് വര്‍ഗ്ഗജാതി ബന്ധത്തെ മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന പിഴവുമൂലമാണ്. കേരളത്തില്‍ സംഭവിച്ച ഇടതുപക്ഷ അപചയം മാര്‍ക്‌സിസത്തിന്റെ ആന്തരിക ഘടന മൂലമല്ല, കേരളത്തിലെ ജാതിവ്യവസ്ഥയെയും അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗവ്യവസ്ഥയെയും നിര്‍ദ്ധാരണം ചെയ്യുന്നതില്‍ സംഭവിച്ച പരാജയമാണ്. അംബേദ്കര്‍ പറഞ്ഞതുപോലെ ബ്രാഹ്മണിസവും മുതലാളിത്തവുമാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശത്രുക്കള്‍ എന്ന് തെളിച്ചു പറയാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ക്ക് കഴിയാതിരുന്നതാണ് ആ പരാജയത്തിന്റെ ഒരു പ്രധാന കാരണം. വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും അംബേദ്കര്‍ വര്‍ഗ്ഗസങ്കല്പത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നതും, വര്‍ഗ്ഗനിര്‍വ്വചനത്തിന് വിശകലനപരമായ പ്രാമുഖ്യം നല്‍കുന്നതും നമുക്ക് കാണാന്‍ കഴിയും. അംബേദ്കര്‍ രാഷ്ട്രീയപാര്‍ട്ടി തുടങ്ങിയപ്പോള്‍ അത് ജാതിപ്പാര്‍ട്ടിയായിരുന്നില്ല. കൊടിയുടെ നിറം ചുവപ്പായിരുന്നു എന്നത് യാദൃച്ഛികമായിരിക്കില്ല. ലക്ഷ്യം ഒന്നാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. ആ വിഷയം ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന നവ ശൂദ്ര സവര്‍ണ ജാതി മേല്‍ക്കോയ്മയും അതിന്റെ സാമൂഹ്യ സാംസ്‌കാരിക വ്യാപനങ്ങളും ദേശീയ സവര്‍ണ ഫാസിസവുമായി കൂടുതല്‍ ഉദ്ധരിക്കപ്പെടുകയും, നാനാരൂപങ്ങളില്‍ പുനരാവിഷ്‌കരിക്കപ്പെടുകയും കൂടുതല്‍ വിധ്വംസകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, ശൂദ്ര സവര്‍ണ്ണ സാമൂഹ്യ ചരിത്രത്തെ പറഞ്ഞുപഴകിയ സാമാന്യ ജ്ഞാന വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി നിരീക്ഷിക്കുകയും കീഴാള പ്രതിരോധ രാഷ്ട്രീയത്തിന്റെ തലത്തില്‍ നിന്ന് വീണ്ടും വീണ്ടും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ചരിത്രം എന്നു പറയുന്നത് ചത്ത വസ്തുക്കളുടെയും വസ്തുതകളുടെയും പട്ടികയോ വിവരണമോ അല്ല. ഭൂതകാലത്തെ ‘തല്‍സമയ സംപ്രേഷണം’ പോലെ അവതരിപ്പിക്കാനുള്ളതുമല്ല. ഭൂതകാലത്തെ വര്‍ത്തമാനത്തിന് അഭിമുഖമായി നിര്‍ത്തി നിരന്തര അന്വേഷണത്തില്‍ ഏര്‍പ്പെടുന്നതാണ് ചരിത്രം. ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും നിരന്തര ബഹുതല സംവാദത്തിന്റെ ചുരുക്കപ്പേരാണ് ചരിത്രം. തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്നും ദളിതരില്‍ നിന്നും സ്ത്രീകളില്‍ നിന്നും അവരുടെ സാംസ്‌കാരിക സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ നിന്നും ചരിത്രത്തിന്റെ പുനര്‍രചന നടത്തേണ്ടതുണ്ട്..

അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ നോര്‍മന്‍ കസിന്‍സ് ഹിറ്റ്‌ലറുടെ മെയിന്‍ കാംഫ് പഠനവിധേയമാക്കിയ ശേഷം പറഞ്ഞത് അതിലെ ഓരോ വാക്കിനും 125 പേരുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍ കഴിഞ്ഞു എന്നാണ്. അപ്പോള്‍ ഗോള്‍വര്‍ക്കര്‍ വിചാരധാരയിലൂടെ എത്രപേരുടെ ജീവന്‍ കവര്‍ന്നു കാണും എന്ന് നാം ഒരു കണക്കെടുക്കേണ്ടതുണ്ട്.. ആ കണക്കെടുപ്പിനെ കൂടിയാണ് നാം ചരിത്രം എന്നു പറയുന്നത്..

also read

നായര്‍ സ്വത്വം: മലയാളി സാംസ്‌കാരികതയുടെ വ്യാജ നിര്‍മ്മിതി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply