മരട് വെടിക്കെട്ട് : കപടചരിത്രങ്ങളുടെ തേരിലേറിയ ജനാധിപത്യവിരുദ്ധതയോ?

എന്തുകൊണ്ടാണ് ഇത്തരമൊരു കുറിപ്പ് ഇപ്പോള്‍ തയ്യാറാക്കിയതെന്നു പലരും ചിന്തിക്കാം. മുന്‍കാലത്തു മരടില്‍ കരിമരുന്നുപ്രയോഗം താലപ്പൊലിയോട് അനുബന്ധിച്ചു മാത്രമേ നടന്നിരുന്നുള്ളൂ. ഇപ്പോള്‍ പൂരം നാള്‍, മുടിയേറ്റ് എന്നിങ്ങനെ പല പേരുകളില്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ അടിക്കടി നിയമവിരുദ്ധമായി കരിമരുന്നുപ്രയോഗം നടത്തുകയാണു കൊട്ടാരം ഭഗവതി ക്ഷേത്ര ഭാരവാഹികള്‍. അധികാരികളുടെ മൗനസമ്മതത്തോടെയുള്ള ഈ നടപടി പൊതുസമൂഹത്തിന്റെ ശ്രദ്ധയുണരേണ്ട പൊതുസുരക്ഷാപ്രശ്‌നമാണ് എന്നതാണ് അതിനുള്ള മറുപടി.

ദൃശ്യചാരുതയും ശബ്ദഗാംഭീര്യവും നിറഞ്ഞൊരു വെടിക്കെട്ടു മനുഷ്യനെ എന്നും ആകര്‍ഷിക്കും. അതിനു പ്രേരകമായ ജൈവികവും സാംസ്‌കാരികവുമായ നിരവധി ഘടകങ്ങള്‍ അവനില്‍ അന്തര്‍ലീനമാണ്. പ്രപഞ്ചസൗന്ദര്യം ആസ്വദിക്കാന്‍ നമുക്കുള്ള ഒരേയൊരു സുവര്‍ണ്ണാവസരം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ കമ്പക്കെട്ടിനു സാധിക്കുമെന്ന പൂര്‍ണ്ണബോധ്യമുള്ളപ്പോഴും വിദ്യാസമ്പന്നരെപ്പോലും ഈ കലാരൂപം അപകടങ്ങളുടെ മധ്യത്തിലേക്കു മാടിവിളിക്കും. ദുഷ്ടശക്തികളുടെയും പിശാചുക്കളുടെയും ദുഃസ്വാധീനത്തില്‍ നിന്നു വിമോചിതരാക്കാന്‍ ബി സി ഈ രണ്ടാം നൂറ്റാണ്ടില്‍ ചൈനയിലുള്ളവര്‍ മുളന്തണ്ടുകള്‍ തീയിലെറിഞ്ഞ് ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടാന്‍ അനുവദിച്ചിരുന്നു. അതിന്റെ വികസിതരൂപമാണു കരിമരുന്നുപ്രയോഗമെന്നാണ് ആന്ത്രപ്പോളജിസ്റ്റുകളും മറ്റും പറയുന്നത്. ആരാധനാലയങ്ങളിലെ മണിനാദവും കുന്തിരിക്കം പുകക്കലുമൊക്കെ പൈശാചികശക്തികളോടുള്ള മനുഷ്യപോരാട്ടത്തിന്റെ മറ്റു ടൂളുകളായിരുന്നു. പ്രകൃതിയുടെ നിര്‍മ്മാണഘടകങ്ങളില്‍ ഒന്നെന്നു പുരാതന മനുഷ്യന്‍ കരുതിയ അഗ്‌നിയെ നിയന്ത്രിക്കാനുള്ള ശ്രമവും കമ്പക്കെട്ടില്‍ കാണാം. ദേശീയതയുടെ ആഘോഷമായും വെടിക്കെട്ടു മാറാറുണ്ട്. അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുള്ള കരിമരുന്നുപ്രയോഗം ഇതിന്റെ ശക്തമായ മാതൃകയാണ്. വിവാഹാഘോഷങ്ങള്‍, കലാകായിക മാമാങ്കങ്ങള്‍, പുതുവത്സരപ്പിറവി, വിവാഹം ഇവയൊന്നും കമ്പക്കെട്ടില്ലാതെ പൂര്‍ണ്ണത കൈവരിക്കില്ല. അതായതു, മനുഷ്യന്റെ കുടുംബപരവും സാമൂഹികവും സാംസ്‌കാരികവും മതപരവും ദേശീയവുമായ ജീവിതത്തിന്റെ സമസ്ത മേഖലകളിലും കെട്ടുറപ്പു പ്രദാനംചെയ്യുന്ന ഒരു ‘അതിസാഹസിക’ കലാരൂപമായി കരിമരുന്നുപ്രയോഗം പരിണമിച്ചിട്ടുണ്ട്.

വെടിക്കെട്ടു മനുഷ്യനെ അത്യാഹിതങ്ങളുടെ മുനമ്പിലേക്ക് ആനയിക്കും. എങ്കിലും, എന്തുകൊണ്ട് അതു നമ്മെ വശ്യമായി ആകര്‍ഷിക്കുന്നു എന്ന അന്വേഷണം ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിലുള്ള കിംഗ്‌സ് കോളേജിലെ ന്യൂറോസയന്റിസ്റ്റും ലണ്ടന്‍ സയന്‍സ് ഗാലറിയുടെ ഡയറക്ടറുമായ ഡാനിയല്‍ ഗ്ലേസര്‍ പറയുന്നത്, നാം പടക്കങ്ങള്‍ ഇത്രയധികം ഇഷ്ടപ്പെടുന്നതിനു കാരണം അവ നമ്മെ ഭയപ്പെടുത്തുന്നതു മൂലമാണ് എന്നാണ്. പ്രകൃതിദത്തമായ മിന്നല്‍പ്പിണര്‍പോലെ, വെടിക്കെട്ടിന്റെ ഫലമായ മിന്നലുകളും നമുക്കു മുന്നറിയിപ്പു നല്കുന്നു. ഇതു ഭയം തിരിച്ചറിയുന്ന തലച്ചോറിന്റെ ഭാഗമായ അമിഗ്ഡലയെ സജീവമാക്കുന്നു. കരിമരുന്നുപ്രയോഗം സൃഷ്ടിക്കുന്ന മിന്നല്‍ ഒരു ഭീഷണിയുടെ താക്കീതു നല്കുകയും അതിനെ നേരിടാന്‍ ജാഗരൂപമായ കാത്തിരിപ്പിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതിനുശേഷം, വെടിക്കെട്ടിന്റെ മുഴങ്ങുന്ന സ്‌ഫോടനം നമ്മുടെ തലച്ചോറിന്റെ ഈ ധാരണയെ സ്ഥിരീകരിക്കുന്നു. ഇതിനോടുള്ള പ്രതികരണമായി, മസ്തിഷ്‌കത്തിലെ റിവാഡ് സെന്ററുകളില്‍നിന്നു ആനന്ദത്തെ നിയന്ത്രിക്കുന്ന ഡോപമീന്‍ എന്ന രാസവസ്തു ശ്രവിപ്പിക്കും (1).

എന്നാല്‍, നമ്മില്‍ ഭയം ജനിപ്പിക്കുന്ന വെടിക്കെട്ടു സന്തോഷകരമാകുന്നത് എന്തുകൊണ്ട്? അജ്ഞാതവും അനിയന്ത്രിതവുമായ ഭീഷണിയില്‍ നിന്നു വ്യത്യസ്തമായി, പടക്കങ്ങളും മറ്റും സൃഷ്ടിക്കുന്ന ഭയം നിയന്ത്രിതമാണ് എന്നതാണ് ഇതിനു കാരണം എന്നാണു ഗ്ലേസറുടെ അഭിപ്രായം. ഈ ലൈറ്റ്-അപ് പ്രദര്‍ശനം വീണ്ടും വീണ്ടും കാണുമ്പോള്‍, പ്രകാശത്തിന്റെ മിന്നലുകള്‍ക്കു ശേഷം വരുന്ന സ്‌ഫോടനം നമ്മുടെ മസ്തിഷ്‌കം മുന്‍കൂട്ടി കാണുന്നു. പ്രകൃതിയിലെ ഇടിമിന്നലില്‍ നിന്നു വ്യത്യസ്തമാണ് അത്. അവിടെ മിന്നലിനു പിന്നാലെയുള്ള തീവ്രസ്‌ഫോടനം എപ്പോള്‍ അല്ലെങ്കില്‍ എത്ര ഉച്ചത്തിലായിരിക്കും എന്നതു മുന്നേ നമുക്കു വ്യക്തമാകില്ല. വെടിക്കെട്ടു പലപ്പോഴും നായ്ക്കളെപ്പോലുള്ള മൃഗങ്ങളെ ഭയപ്പെടുത്തുന്നതിന്റെ കാരണവും ഇതു വിശദീകരിക്കുന്നു. ഫയര്‍ക്രാകറുകള്‍ പറന്നുയര്‍ന്നതിനു ശേഷം ഒരു സ്വരം പിറകേ വരുന്നുണ്ടെന്നു നമുക്കറിയാം; പക്ഷേ, പെട്ടെന്നുള്ള ഈ ഉഗ്രശബ്ദം സംബന്ധിച്ച മുന്നറിവില്ലാത്തതിനാല്‍ പല ജീവികളെയും ഇതു ഭയപ്പെടുത്തും.

കരിമരുന്നുപ്രയോഗം സൃഷ്ടിക്കുന്ന പുതുമയും നമ്മെ പ്രത്യേകം വിസ്മയിപ്പിക്കുന്നതിനുള്ള ഒരു കാരണമായിരിക്കാം. ഗംഭീരമായൊരു വെടിക്കെട്ട് ആകാശത്തു വിരിയിക്കുന്ന വര്‍ണ്ണനക്ഷത്രങ്ങള്‍ വീക്ഷിക്കുമ്പോള്‍, നാം സാധാരണ കാണാത്ത നിറങ്ങളുടെ ആസ്വാദനത്തിനു വഴിയൊരുക്കുന്നു എന്നും ഗ്ലേസര്‍ പറയുന്നു. ന്യൂറോണുകളെ ഉത്തേജിപ്പിക്കും വിധം വിവിധ വര്‍ണ്ണങ്ങളുടെ ആധിക്യം ‘യഥാര്‍ത്ഥമായി’ സൃഷ്ടിക്കാന്‍ വെടിക്കെട്ടിനുപയോഗിക്കുന്ന ലോഹസംയുക്തങ്ങള്‍ക്കു കഴിയും. ടിവിയിലോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലോ കരിമരുന്നുപ്രയോഗം അതിന്റെ പൂര്‍ണ്ണവശ്യതയില്‍ കണ്ടാസ്വദിക്കാനാകാത്തത് എന്തുകൊണ്ടെന്നും ഇതു വിശദീകരിക്കുന്നു. കംപ്യൂട്ടറുകളിലെയും ടെലിവിഷനുകളിലെയും സ്‌ക്രീനുകള്‍ പിക്സലുകള്‍ കൊണ്ടാണു നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ പിക്‌സലിലും ചുവപ്പ്, പച്ച, നീല എന്നീ സബ്പിക്‌സലുകളുണ്ട്. ഈ 3 നിറങ്ങളുടെ വിവിധതരം കൂട്ടിച്ചര്‍ക്കലുകളിലൂടെ ഏതു വര്‍ണ്ണങ്ങളുടെയും ഒരു മായക്കാഴ്ച സൃഷ്ടിക്കാന്‍ നമ്മുടെ മസ്തിഷ്‌കത്തിനു സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍, നാം കാണുന്ന ചായങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്‌ക്രീനില്‍ നിലവിലുണ്ടാകില്ല. ഇതില്‍നിന്നു വ്യത്യസ്തമായി, നിറങ്ങളുടെ ‘മൗലികമായൊരു ലോകം’ തത്സമയം ആസ്വദിക്കാനുള്ള അവസരമാണു കമ്പക്കെട്ടില്‍ നമുക്കു ലഭിക്കുക. ഫയര്‍ക്രാകറുകള്‍ ഇത്രയധികം ആകര്‍ഷകമാകാന്‍ കാരണം നിത്യജീവിതത്തില്‍ അധികം ലഭ്യമല്ലാത്ത, വര്‍ണ്ണങ്ങളുടെ ഈ അപ്രതീക്ഷിതാനുഭവമാണ്. തലച്ചോര്‍, വെടിക്കെട്ടിന്റെ ഫലമായ ദ്രുതഗതിയിലുള്ള ശബ്ദത്തിന്റെയും പുതിയതും തിളക്കമുള്ളതുമായ നിറങ്ങളുടെയുമൊക്കെ പെട്ടെന്നുള്ള വരവിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനാല്‍ അമ്പരപ്പാര്‍ന്നൊരു മരവിപ്പില്‍ നമ്മെ പിടിച്ചുനിറുത്തും. ഫയര്‍ക്രാകറുകള്‍ ശരവേഗത്തില്‍ പുറപ്പെടുവിക്കുന്ന പ്രകാശവും അഗ്‌നിസ്ഫുലിംഗവും വഴി കാല്പനികതയുടെയും മായാജാലത്തിന്റെയും മറ്റൊരു വിസ്മയലോകത്തേക്കു മനുഷ്യ മസ്തിഷ്‌കത്തെ നയിക്കുന്നു. ഇതും ഈ കലാരൂപത്തിന്റെ വശ്യതയുടെ കാരണമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. വെടിക്കെട്ടില്‍ അന്തര്‍ലീനമായ സാഹസികതയും മനുഷ്യനെ ആകര്‍ഷിക്കുമെന്നാണു സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ‘ഉയര്‍ന്ന വൈകാരികോത്തേജനം അന്വേഷിക്കുന്നവര്‍ അപകടകരമായ പ്രവൃത്തികള്‍ കൂടുതല്‍ അന്വേഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു………വര്‍ദ്ധിച്ചതോതില്‍ വൈകാരികമായ ഉത്തേജനം അന്വേഷിക്കുന്നവരുടെ ഡോപമീന്‍ വ്യവസ്ഥയില്‍ വ്യത്യാസങ്ങളുണ്ട്, നവീനവും സങ്കീര്‍ണ്ണവുമായ ഉത്തേജനങ്ങള്‍ ലഭിക്കുമ്പോള്‍ അവരുടെ ഡോപമീന്‍ വ്യവസ്ഥ കൂടുതല്‍ സജീവമാക്കുന്നു’ എന്നു മനഃശ്ശാസ്ത്രവിദഗ്ദ്ധ പ്രഫ. മേരി കെയ്ന്‍ അഭിപ്രായപ്പെടുന്നു. വര്‍ഷത്തില്‍ മിക്കപ്പോഴും പടക്കങ്ങളുടെ പ്രാപ്യത കുറവായത് അവയോടുള്ള ആകര്‍ഷകത്വം കൂട്ടും. ദീര്‍ഘകാലത്തെ കാത്തിരിപ്പിന്നൊടുവില്‍ മാത്രം അവ ലഭ്യമാകുമ്പോള്‍ ജനമനസ്സില്‍ അവയുടെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട് (2).

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കമ്പക്കെട്ടിലേക്കു നാം ആകൃഷ്ടരാകുന്നതിന്റെ ഏറ്റവും ശക്തമായ ഒരു കാരണമാണ് കണ്ടീഷനിംഗ്. ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സങ്കല്‍പ്പങ്ങളുമായായിരിക്കും കുട്ടികള്‍ പടക്കം പൊട്ടിക്കുന്നത്. കുട്ടിക്കാലത്തെ ആനന്ദകരമായ ഈ സാമൂഹിക ജീവിതത്തിന്റെ ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിച്ചു സംരക്ഷിക്കാന്‍ മുതിര്‍ന്നവര്‍ക്കുപോലും കമ്പക്കെട്ടിലൂടെ സാധിക്കും. മറ്റൊരു സൈക്കൊളജി പ്രഫസറായ റിച്ചാര്‍ഡ് ഹാരിസിന്റെ അഭിപ്രായത്തില്‍, ‘ബാല്യത്തിലെ ‘സുരക്ഷിത’മായ അവധിക്കാലം പുനര്‍നിര്‍മ്മിക്കാനുള്ള അവസരം ശക്തമായി സൃഷ്ടിക്കുന്നു’ എന്നതാണ് വെടിക്കെട്ടിന്റെ ആകര്‍ഷണീയത. വ്യക്തിതലത്തിലുള്ള ഈ കണ്ടീഷനിങ് സാംസ്‌കാരികമായും സാമൂഹികമായും ഒക്കെ നടക്കാം. ശത്രുവിന്റെമേല്‍ ദേശം നേടുന്ന ആധികാരിക വിജയത്തിന്റെ വിളംബരവും മുന്‍കാലത്തു കമ്പക്കെട്ടിലൂടെ ചെയ്തിരുന്നു. ദേശരാഷ്ട രൂപീകരണത്തിലെ ഇത്തരം ചരിത്രസ്മരണകളിലേക്കുളള തിരിച്ചുപോക്കും അതിലൂടെ ലഭിക്കുന്ന ആഹ്ലാദവും കമ്പക്കെട്ടിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്.

മരടു പ്രദേശത്തും കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോട് അനുബന്ധമായ കമ്പക്കെട്ടു വിസ്മയകമായ ആഹ്‌ളാദത്തിലേക്കും കണ്ണീരില്‍ കുതിര്‍ന്ന നിത്യവേദനയിലേക്കുമൊക്കെ നമ്മെ നയിക്കാറുണ്ട്. പലര്‍ക്കും മരടിന്റെ സുപ്രധാന സാംസ്‌കാരികത്തനിമ ഈ വെടിക്കെട്ടാണ്. ഈ കള്‍ച്ചറല്‍ ഐഡന്റിറ്റിയെ അതിന്റെ പ്രമാണിത്തത്തില്‍ സംരക്ഷിക്കാന്‍ ഒരുപിടി ‘വാമൊഴി ചരിത്രങ്ങളും’ ഇവിടുത്തെ താലപ്പൊലി ആരാധകര്‍ നിര്‍മ്മിച്ചിട്ടുണ്ട്. മരടു മാങ്കായില്‍ തറവാട്ടുകാര്‍ അവരുടെ അധീനതയിലായിരുന്ന സ്‌കൂള്‍ സര്‍ക്കാരിനു കൈമാറിയപ്പോള്‍ വെടിക്കെട്ടിനുള്ള അവകാശം നിലനിറുത്തിക്കൊണ്ടൊരു കരാര്‍ ഉണ്ടാക്കിയിരുന്നു എന്നതാണ് അതിലൊന്ന്. പുരാതനകാലം മുതല്‍ ഗഡാഗഡിയന്‍ കമ്പക്കെട്ടു നമ്മുടെ നാടിനെ പ്രകമ്പനംകൊള്ളിച്ചിരുന്നു എന്നതാണു മറ്റൊന്ന്. മരടു വെടിക്കെട്ടിനെതിരേ നിലപാട് എടുക്കുന്നവരെ കഠിനവ്യഥകളാല്‍ ദേവി ശിക്ഷിക്കുമെന്നും ഈ ആചാരം മുടങ്ങിയാല്‍ വസൂരിയും മഹാമാരിയുമൊക്കെ മരടിനെ ഗ്രസിക്കുമെന്നുമൊക്കെയുള്ള ഭയപ്പെടുത്തലുകളും ഉണ്ട്.

ആധുനികജനതയും പരമ്പരാഗതസമൂഹവും തമ്മിലുള്ള പ്രധാനവ്യത്യാസങ്ങളില്‍ ഒന്നു ചരിത്രമെന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന കെട്ടുകഥകളും മിത്തുകളുമൊക്കെ തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുക എന്ന ദൗത്യമാണ്. ഇത്തരം പരിശോധന മാനവികതയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ വികാസത്തിന് അത്യന്താപേക്ഷിതമാണ് എന്നതാണ് ഇതിനു കാരണം. തെറ്റായ അവകാശവാദങ്ങളുടെ മേല്‍ കെട്ടിപ്പടുത്ത പ്രിവ്‌ലെജുകള്‍ പൗരസമൂഹത്തിന്റെ പൊതുവികാസത്തിനു ഭീഷണിയാകുമ്പോള്‍ വസ്തുതകളുടെ നിജസ്ഥിതി സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാകുകയും ചെയ്യും. ഇത്തരം വിലയിരുത്തല്‍ മരടിലെ കമ്പക്കെട്ടിന്റെ പൂര്‍വ്വകാലത്തെ കുറിച്ചും നടത്തേണ്ടതാണ്.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു ആരോഗ്യത്തിനും ധാര്‍മ്മികതക്കും പൊതുമര്യാദക്കും വിരുദ്ധമായി മതം ആചരിക്കാന്‍ യാതൊരവകാശവും നല്കാന്‍ ഭരണകൂടത്തിനു സാധിക്കില്ല. ഈ പശ്ചാത്തലത്തില്‍ ഭരണഘടനക്കു വിരുദ്ധമായ ഒരു കരാര്‍ സര്‍ക്കാരും മാങ്കായില്‍ എന്ന ഫ്യൂഡല്‍ കുടുംബവും തമ്മില്‍ ഒപ്പിട്ടു എന്ന അവകാശവാദം എത്രമാത്രം സത്യമാകും എന്നു ചിന്തിക്കേണ്ടതുണ്ട്. ഈ വാദത്തെ സാധൂകരിക്കുന്ന യാതൊരു തെളിവും പൊതുമണ്ഡലത്തില്‍ ലഭ്യമല്ല. മരടു വെടിക്കെട്ടിന്റെ ചരിത്രപരമായ അസ്തിത്വം സാധൂകരിക്കുന്ന മാങ്കായില്‍ തറവാടും സര്‍ക്കാരുമായുള്ള കരാര്‍ നാളിതുവരെ പൊതുസമൂഹത്തില്‍ വെളിപ്പെടുത്താന്‍ മാങ്കായില്‍ കുടുംബമോ കൊട്ടാരം ഭഗവതി ക്ഷേത്രം ദേവസ്വം അധികാരികളോ തയ്യാറായിട്ടില്ല എന്നത് ആശ്ചര്യകരമാണ്. ഈ കമ്പക്കെട്ടിനെതിരേ ഹൈക്കോടതിയിലടക്കം സുപ്രധാന കേസുകള്‍ വന്നപ്പോള്‍ പോലും ഈ സുപ്രധാനരേഖ തെളിവായി ഹാജരാക്കിയില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, അങ്ങനെയൊരു രേഖ കാലാന്തരത്തില്‍ നഷ്ടപ്പെട്ടു എന്നാണെങ്കില്‍, പൗരന്മാരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കും വിധമുള്ള ഒരു ‘കരാര്‍’ നടപ്പാക്കാന്‍ ഇന്നത്തെ ജനാധിപത്യ ഭരണകൂടം ബാധ്യസ്ഥമാണോ എന്ന ചോദ്യവുമുണ്ട്. കൂടാതെ, ഇന്നു ദേവസ്വം ഓഫീസിന്റെ തെക്കുള്ള സ്ഥലം എല്‍.പി സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി 1970 നോട് അടുത്ത കാലത്തു സ്വകാര്യവ്യക്തികളില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്തതുമാണ്. ഇന്നത്തെ എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടിന് മാങ്കായില്‍ തറവാടുമായി യാതൊരു ബന്ധവുമില്ല. അവിടെ താമസിച്ചിരുന്നതു പഴമ്പിള്ളില്‍, കൂറ്റേഴത്ത്, കുടിലിങ്കല്‍, ഇടനിലത്ത് കുടുംബങ്ങള്‍ ആയിരുന്നു. അതായത്, അപകടമുണ്ടാക്കുന്ന ഡൈന കുഴിച്ചിടുന്നതും മാലപ്പടക്കത്തിന്റെ കലാശം നടത്തുന്നതുമായ സ്ഥലങ്ങള്‍ പലതും അമ്പലവുമായോ വെടിക്കെട്ടുമായോ യാതൊരു ബന്ധവും ചരിത്രപരമായി ഇല്ലാതിരുന്നവയാണ് എന്നാണ് ഇതു വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍, സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തെക്കു, വടക്കു ചേരുവാരങ്ങള്‍ തമ്മിലുള്ള മത്സരകമ്പക്കെട്ട് അതിന്റെ രൗദ്രരൂപം പ്രാപിച്ചു കൂടുതല്‍ വികസിച്ചപ്പോള്‍ ആചാരസംരക്ഷണത്തിന്റെ മറവില്‍ രാഷ്ട്രീയോദ്യോഗസ്ഥ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ ഈ പ്രദേശങ്ങള്‍ വെടിക്കെട്ടാവശ്യത്തിനായി ചേരുവാരങ്ങള്‍ കൈയേറുകയാണ് ഉണ്ടായത്. വാസ്തവത്തില്‍, ഇന്നത്തെ മാങ്കായില്‍ സ്‌കൂള്‍ ഗ്രൗണ്ട് താലപ്പൊലിയോട് അനുബന്ധിച്ച് ആളുകള്‍ വിശ്രമത്തിനും വിവിധതരം ചെറുവിനോദങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തിയിരുന്ന സ്ഥലമായിരുന്നു എന്നാണു പഴമക്കാരുടെ ഓര്‍മ്മ.

ഗംഭീര വെടിക്കെട്ടു മരടിനെ പ്രകമ്പനംകൊള്ളിച്ചു തുടങ്ങിയിട്ടു സുദീര്‍ഘ കാലമൊന്നും ആയിട്ടില്ല. ഇതിനുള്ള തെളിവു മരടു താലപ്പൊലി സംഘാടനത്തില്‍ പ്രധാന ഉത്തരവാദിത്വമുള്ള വടക്കേച്ചേരുവാരത്തിന്റെ രേഖകള്‍ തന്നെ നല്കുന്നുണ്ട്. ചേരുവാരത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് 1991ല്‍ ശ്രീ. പയ്യപ്പിള്ളി വേണുഗോപാലാല്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം 126-ാമത് താലപ്പൊലിയോട് അനുബന്ധിച്ച് 2017ല്‍ പുറത്തിറക്കിയ സ്മരണികയില്‍ വീണ്ടും നല്കിയിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നത് ”പഴയകാലത്ത് താലപ്പൊലി ആഘോഷം ലളിതമായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. മൂന്നാനപ്പുറത്തുള്ള എഴുന്നള്ളിപ്പും പാണ്ടിമേളവും പതിവായിരുന്നു. താലത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരുന്നു. പഞ്ചവാദ്യമോ ചെകിടടിപ്പിക്കുന്ന കരിമരുന്നുപ്രയോഗമോ അന്നുണ്ടായിരുന്നില്ല” എന്നാണ്. സാമ്പത്തിക സ്വാധീനമുള്ള വ്യക്തികള്‍ സമുദായത്തില്‍ കുറവായതുകൊണ്ട് ആര്‍ഭാടങ്ങളും മറ്റും നിയന്ത്രിച്ചിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. (ലേഖനത്തിന്റെ പ്രസ്തുതഭാഗത്തിന്റെ ചിത്രം ചുവടെ ചേര്‍ക്കുന്നു.) കൊല്ലവര്‍ഷം 1053 മേടമാസം മുതലാണു കൊട്ടാരം ഭഗവതി ക്ഷേത്രത്തിന്റെ ഭരണച്ചുമതല മരട്, പൂണിത്തുറ, കുണ്ടന്നൂര്‍ കരകളിലെ നായര്‍ത്തറവാടുകള്‍ക്കു കൈമാറിയതെന്നും കൊല്ലവര്‍ഷം 1111 വരെ കാര്യമായ വെടിക്കെട്ടൊന്നും പതിവില്ലായിരുന്നുവെന്നും കുറച്ചു തഴപ്പടക്കവും കുരവപ്പൂവും കതിനവെടിയും മാത്രമേ പതിവുണ്ടായിരുന്നുള്ളൂ എന്നും പ്രസ്തുത ലേഖനം വ്യക്തമാക്കുന്നുണ്ട്. കൊല്ലവര്‍ഷം 1123 മുതലാണ് ഈ കമ്പക്കെട്ട് അറിയപ്പെടുന്നതായതെന്നും ലേഖകന്‍ രേഖപ്പെടുത്തുന്നുണ്ട്. ആളുകളുടെ ജീവനും സ്വത്തിനുമൊന്നും യാതൊരു നാശനഷ്ടങ്ങളും സൃഷ്ടിക്കാതെ വേണമെങ്കില്‍ ഈ വെടിക്കെട്ട് ആചാരപരമായി നടത്താമെന്നതിന്റെ ചരിത്രപരമായ തെളിവുകൂടിയാണു പ്രസ്തുത വാക്കുകള്‍. ഈ ലേഖനത്തില്‍ ഒരിടത്തും മാങ്കായില്‍ തറവാടും സര്‍ക്കാരുമായുള്ള കരാറിനെപ്പറ്റി പരാമര്‍ശം ഇല്ലെന്നതും ശ്രദ്ധനീയമാണ്.

കരിമരുന്നുപ്രയോഗത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരെ കൊട്ടാരത്തിലമ്മ കഠിനമായി ശിക്ഷിക്കുമെന്ന വാദവും പരിശോധിക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍, ഇത്തരം വാദഗതി ഉന്നയിക്കുന്നവര്‍ ഈ ആധുനികയുഗത്തില്‍ ജീവിക്കാന്‍ പ്രാപ്തരല്ലാത്ത കാലഹരണപ്പെട്ടവരാണെന്നു സ്വയം പ്രഖ്യാപിക്കുകയാണ് ഇത്തരം വാദങ്ങളിലൂടെ. ഭയപ്പെടുത്തി തനിക്കാക്കാമെന്നാണ് ഇവരുടെ വിചാരം. മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും ശക്തമായ സ്വാധീനംമൂലം ഹൃദയകാഠിന്യവും നിഷ്ഠൂരതയുമുള്ള ദൈവസങ്കല്പം കൈയൊഴിഞ്ഞ് അലിവും സ്‌നേഹവുമുള്ള ദേവീദേവന്മാരെ സൃഷ്ടിക്കാന്‍ മതങ്ങള്‍ തന്നെ മുന്‍കൈ എടുക്കുന്ന ഇക്കാലത്ത് ഇതുപോലുള്ള ചിന്തകള്‍ പുലര്‍ത്തുന്നവരുടെ ‘തൊലിക്കട്ടി’ അപാരമെന്നു മാത്രമേ പറയാനാകൂ. തങ്ങളുടെ പ്രാണന്‍വരെ നഷ്ടപ്പെടാം എന്നായപ്പോള്‍ അതു സംരക്ഷിക്കാന്‍ നിവൃത്തികെട്ടു നിലപാടെടുക്കുകയും പരാതികള്‍ നല്കുകയും ചെയ്തവരില്‍ കുറച്ചുപേര്‍ക്കു ജീവിതത്തില്‍ നേരിട്ട അസുഖങ്ങളും മറ്റു ബുദ്ധിമുട്ടുകളും ദേവീകോപത്തിന്റെ തെളിവായി ചില ‘ഭക്തര്‍’ ഹാജരാക്കാറുമുണ്ട്. രോഗോത്ഭവം സംബന്ധിച്ച ശാസ്ത്രീയവീക്ഷണങ്ങള്‍ കൃത്യമായി നിലനില്ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ തങ്ങളുടെ തലച്ചോറിന്റെ പിന്തിരിപ്പന്‍ സ്വഭാവമാണു വെളിവാക്കുന്നത്. വെടിക്കെട്ടിനു നേതൃത്വം നല്കുന്ന മുഖ്യഭാരവാഹികള്‍ക്കു വരെ രോഗപീഡകള്‍ അടക്കം നിരവധി ജീവിതപ്രതിസന്ധികള്‍ ഉണ്ടാകുന്നുണ്ട്. എന്തിനേറെ പറയുന്നു, അവരില്‍ ചുരുക്കം ചിലര്‍ക്കെങ്കിലും കൊട്ടാരത്തിലമ്മയുടെ തിരുനടക്കല്‍ വച്ചുവരെ വെടിക്കെട്ട് അപകടം സംഭവിച്ചിട്ടുമുണ്ട്. എന്തുകൊണ്ട് അവ ഒഴിവാകുന്നില്ല എന്ന ചെറുചോദ്യത്തിന്റെ ലളിതമായ ഉത്തരംതന്നെ ഇത്തരം ‘യുക്തികളുടെ’ പൊള്ളത്തരം വെളിവാക്കുന്നുണ്ട്. കരിമരുന്നുപ്രയോഗം നടത്തിയാല്‍ മരടു ദേശത്തിനു മഹാമാരികളില്‍ നിന്നൊക്കെ സവിശേഷമായ സംരക്ഷണം ലഭിക്കുമെന്ന അവകാശവാദവും പരിശോധിക്കാവുന്നതാണ്. വെടിക്കെട്ടിനുശേഷം, കൊവിഡ് മഹാമാരിയില്‍ നിന്നു പ്രത്യേകമായ എന്താശ്വാസമാണു മരടിനു മാത്രമായി ലഭിച്ചത് എന്നു നോക്കിയാല്‍ പ്രഥമദൃഷ്ട്യാതന്നെ തള്ളാവുന്നൊരു വാദഗതി മാത്രമാണിത്.

ആധുനികശാസ്ത്രത്തിനും മാനവിക മൂല്യങ്ങള്‍ക്കും മുമ്പില്‍ തങ്ങളുടെ കാലഹരണപ്പെട്ട ആചാരങ്ങള്‍ക്കും വിശ്വാസസത്യങ്ങള്‍ക്കും ന്യായീകരണങ്ങള്‍ ചമക്കാന്‍ തീവ്രമതവാദികള്‍ എന്നും ശ്രമിക്കാറുണ്ട്. ശാസ്ത്രത്തിന്റെയും മാനവികതയുടെയും സെക്യുലറിസത്തിന്റെയും തത്ത്വങ്ങള്‍ തന്നെയാകും അവരിതിനും ഉപയോഗിക്കുക. അത്തരം ഒരു സെക്യുലര്‍ ജാര്‍ഗണാണു വെടിക്കെട്ടിന്റെ രോഗാണുനശീകരണ/അന്തരീക്ഷശുദ്ധീകരണ സിദ്ധാന്തം. ഇതിന്റെ മറ്റൊരു പതിപ്പാണു പാമ്പുകളുടെയും മറ്റും മുട്ടകളുടെ നാശത്തെ കുറിച്ചുള്ള അവകാശവാദം. യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ലാത്ത ‘ചാരുകസേര സിദ്ധാന്തങ്ങള്‍’ (Armchair Theory) ആണ് ഇവയൊക്കെ. വെടിക്കെട്ടിന്റെ തീവ്രതയില്‍ പാമ്പിന്‍ മുട്ടയൊക്കെ നശിക്കുമെങ്കില്‍ മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെയും വീടുകളില്‍ വിരിയിക്കാന്‍ വയ്ക്കുന്ന കോഴികള്‍/താറാവുകള്‍ തുടങ്ങിയവയുടെയുമൊക്ക മുട്ടകള്‍ അതിന് എത്രയോ മുമ്പു നശിക്കണമായിരുന്നു. അങ്ങനെ ഒരു സംഭവവും നമുക്കു കാണാന്‍ സാധിച്ചിട്ടില്ല.

വെടിക്കെട്ട് അന്തരീക്ഷത്തെ അണുവിമുക്തമാക്കുമെങ്കില്‍ നമ്മുടെ ആശുപത്രികളിലെ ഓപ്പറേഷന്‍ തീയറ്ററുകളും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുമൊക്കെ രോഗാണുമുക്തമാക്കാന്‍
താരതമ്യേന കുറഞ്ഞ തുകയില്‍ ലഭ്യമാകുന്ന കരിമരുന്ന് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നു വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, അണുനാശിനികള്‍ പ്രയോഗിച്ച ശേഷം പ്രസ്തുത സ്ഥലങ്ങളൊക്കെ വായുപ്രവാഹമില്ലാതെ എന്തുകൊണ്ടു സമ്പൂര്‍ണ്ണമായി അടച്ചിടുന്നു എന്നുകൂടി ചിന്തിച്ചാല്‍ ഈ വാദത്തിന്റെ നിരര്‍ത്ഥകത വ്യക്തമായും. മാത്രമല്ല, വെടിക്കെട്ടിലൂടെ ഏതെങ്കിലും വിധം ഒരു സ്ഥലം അണുവിമുക്തമായാല്‍ത്തന്നെ അവിടേക്കു നിശ്ചിത സമയത്തിനകം രോഗാണുക്കള്‍ നിറഞ്ഞ വായു ഇതര ഭാഗങ്ങളില്‍ നിന്നു പ്രവഹിക്കുമെന്നതാണു യാഥാര്‍ത്ഥ്യം. മനുഷ്യന്റെ ശത്രുജീവികളെ മാത്രം തിരഞ്ഞുപിടിച്ചു നശിപ്പിക്കാനുള്ള യാതൊരു വിശേഷബുദ്ധിയും കമ്പക്കെട്ടിനുമില്ല എന്നതും ശ്രദധിക്കേണ്ടതുണ്ട്. കരിമരുന്നുപ്രയോഗം വായുവിലെ സൂക്ഷ്മാണുക്കളെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു ദീപാവലി സമയത്തു നടന്ന ഒരു പഠനം വ്യക്തമാക്കുന്നതു വായുവില്‍ ബാക്ടീരിയകളുടെ സാന്നിധ്യം വെടിക്കെട്ടു മൂലം കുറയുന്നുണ്ടെങ്കിലും ഫംഗസുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എന്നാണ്. അതായത് വെടിക്കെട്ടിന്റെ അണുനാശകശക്തിയെ കുറിച്ചുള്ള അവകാശവാദം ഒരു ‘അര്‍ദ്ധസത്യം’ മാത്രമാണെന്നും പ്രായോഗികമായി യാതൊരു ഉപയോഗമൂല്യവും ഇക്കാര്യത്തില്‍ ഇല്ലെന്നും ഇതു വ്യക്തമാക്കുന്നു (3).

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വെടിക്കെട്ടുപ്രേമികളുടെ അവകാശവാദങ്ങള്‍ക്കു നേര്‍വിപരീതമാണ് യാഥാര്‍ത്ഥ്യം. വാസ്തവത്തില്‍, പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമൊക്കെ കരിമരുന്നുപ്രയോഗം ഏറെ ദോഷകരമാണ് എന്നതിന്റെ തെളിവുകള്‍ മതിയാവോളമുണ്ട്. കമ്പക്കെട്ടിന് ഉപയോഗിക്കുന്ന ജ്വലനവസ്തുക്കള്‍ പ്രകൃതിക്കു ഹാനികരമായ അനേകം വിഷവാതകങ്ങളും മലിനീകരണകാരികളും ഉത്പാദിപ്പിക്കും. വായു, ജലം, മണ്ണ് എന്നിവയെ മലിനമാക്കുന്ന അവ മനുഷ്യരുടെ ആരോഗ്യത്തിനും ആപത്തുണ്ടാക്കും. പരിസ്ഥിതിസൗഹാര്‍ദ്ദമായ ബദലുകള്‍ കുറെയെങ്കിലും ലഭ്യമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇതെന്നതാണ് ഏറെ ഖേദകരം. അന്തരീക്ഷമലിനീകരണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വെടിക്കെട്ടുമൂലം സസ്യവളര്‍ച്ച മുരടിക്കുകയും ഉത്പാദനം കുറയുകയും ചെയ്യും. നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (NBRI) മുതിര്‍ന്ന ശാസ്ത്രജ്ഞയായ ആരാധന മിശ്ര പറയുന്നതു ‘പടക്കം പൊട്ടിക്കുമ്പോള്‍ പുറന്തള്ളുന്ന വിഷവാതകങ്ങളും രാസവസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നതിനും നീരാവി പുറത്തേക്കു തള്ളുന്നതിനുമുള്ള ഇലകളുടെ കഴിവിനെ ബാധിക്കും’ എന്നാണ്. മാത്രമല്ല, ചെടികളുടെ സംവഹന സംവിധാനം തകരാറിലാവുകയും ധാതുക്കളും ഭക്ഷണവും വെള്ളവും ഇലകളിലും തണ്ടുകളിലും എത്താതെ ഉണങ്ങുകയും ചെയ്യും. സസ്യങ്ങളുടെ ഉപാപചയനിരക്കു കുറയുന്നതിനാല്‍ വളര്‍ച്ചയെ ബാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ, ചെടികള്‍ വലിച്ചെടുക്കുന്ന ഘനലോഹങ്ങളും മറ്റു വിഷവസ്തുക്കളും ഭക്ഷണത്തിലൂടെ മനുഷ്യരില്‍ എത്താനും സാധ്യതയുണ്ടെന്നും ആരാധന മിശ്രയുടെ മുന്നറിയിപ്പുണ്ട് (4).

മൃഗങ്ങളും കരിമരുന്നുപ്രയോഗത്തിന്റെ ദൂഷ്യങ്ങള്‍ കാര്യമായി അനുഭവിക്കുന്നു. പല ജന്തുക്കള്‍ക്കും തീക്ഷ്ണമായ ശ്രവണബോധമുണ്ട്. വിവിധതരം സസ്തനികളുടെയും പക്ഷികളുടെയും ശ്രവണശ്രേണി മനുഷ്യരെക്കാള്‍ വിശാലമാണ്. പലമടങ്ങ് ഉയര്‍ന്ന ആവൃത്തികളുളള സ്വരം അവയ്ക്കു കേള്‍ക്കാം. തത്ഫലമായി, പടക്കശബ്ദങ്ങളോടു കൂടുതല്‍ സംവേദനക്ഷമത വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും പൊതുവേ പ്രകടിപ്പിക്കും. ഉച്ചത്തിലോ പെട്ടെന്നോ ഉള്ള ഒച്ചയോടു നായ്ക്കള്‍ വര്‍ദ്ധിച്ച സംവേദനക്ഷമത പ്രകടിപ്പിക്കും. വെടിക്കെട്ടിന്റെ ഫലമായ ശബ്ദത്തിന്റെ പ്രവചനാതീതത്വവും ഉയര്‍ന്ന തീവ്രതയും നായ്ക്കളില്‍ സ്വരത്തോടു ഭയം ജനിപ്പിക്കും. നായ്ക്കള്‍ പടക്കത്തിന്റെ ഒച്ചയോടുള്ള പ്രതികരണമായി ഭയവും ഉത്കണ്ഠയും പ്രകടിപ്പിക്കും. വിറയല്‍, ഒളിച്ചിരിക്കല്‍, മനുഷ്യശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കല്‍, വര്‍ദ്ധിച്ച ജാഗ്രത, വിശപ്പില്ലായ്മ, കുരയ്ക്കല്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍ ഇതിന്റെ ഫലമായി അവ കാണിക്കാം. വിട്ടുമാറാത്ത സമ്മര്‍ദ്ദങ്ങളോടുള്ള പ്രതികരണങ്ങളായി ഛര്‍ദ്ദി, സ്വയം മുറിവുണ്ടാക്കല്‍, ആകസ്മികമായി ആഘാതം സൃഷ്ടിക്കല്‍ തുടങ്ങിയവയും പ്രകടിപ്പിക്കാം. പ്രായമായതും പെണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ടതുമായ നായകള്‍ക്കു ഭയം കൂടുതലായിരിക്കും. ശുദ്ധമായ ഇനങ്ങളുടെ കാര്യവും അങ്ങനെതന്നെ.

പൂച്ചകള്‍ക്കും മറ്റു ചെറു സസ്തനികള്‍ക്കും ( ഉദാ: മുയലുകള്‍, എലികള്‍, ഫെററ്റുകള്‍, ചിന്‍ചിലകള്‍, ഗിനിപ്പന്നികള്‍) കമ്പക്കെട്ട് അസ്വസ്ഥകരമാണ് എന്നതിനും തെളിവുകളുണ്ട്. പ്രത്യേകിച്ചും, പൂച്ചകളും മറ്റു ചെറിയ സസ്തനികളും ഉച്ചത്തിലുള്ള ശബ്ദങ്ങളില്‍ നിന്ന് ഓടാനും രക്ഷപ്പെടാനും ഒളിക്കാനും വിറയ്ക്കാനും മരവിച്ചിരിക്കാനും ഒക്കെ സാധ്യതയുണ്ട്. കുതിരയെ പ്രവചനാതീതമായ വിധം ഓടിപ്പോകാന്‍ സാധ്യതയുള്ള മൃഗമായാണു കണക്കാക്കുന്നത്. അതിനാല്‍, അവ ഉച്ചത്തിലുള്ള ശബ്ദങ്ങളോടും മിന്നുന്ന ലൈറ്റുകളോടും അസ്വസ്ഥകരമായി പ്രതികരിക്കും. അതുപോലെ, ഫയര്‍ക്രാകറുകള്‍ കുതിരകള്‍ക്കു കാര്യമായ സമ്മര്‍ദ്ദം ഉണ്ടാക്കും. കുതിരകള്‍ പടക്കങ്ങളോടുള്ള ഭയം നിമിത്തം അനിയന്ത്രിതമായി തലയാട്ടല്‍, വിശപ്പ് കുറയല്‍, ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കല്‍, ഒളിച്ചിരിക്കല്‍, വിറയല്‍, വിയര്‍ക്കല്‍, ഓടിരക്ഷപ്പെടല്‍ തുടങ്ങിയ സ്വഭാവങ്ങള്‍ കാണിക്കും.

കരിമരുന്നുപ്രയോഗം മൂലമുണ്ടാകുന്ന ശബ്ദം പക്ഷികളെയും പ്രതികൂലമായി ബാധിക്കും. കോഴികള്‍ പടക്കങ്ങളെ ഭയന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗവും പേടി മൂലം മറഞ്ഞിരിക്കും. വിറയലും പലപ്പോഴും കാണാം. നെതര്‍ലാന്‍ഡില്‍ നിന്നുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതു, പുതുവര്‍ഷ വെടിക്കെട്ടിനു ശേഷം കുറഞ്ഞത് 45 മിനിറ്റെങ്കിലും നൂറുകണക്കിന് മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന കാട്ടുപക്ഷികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് (5).

അതുപോലെ, പടക്കങ്ങള്‍ പക്ഷികള്‍ക്കു മാരകമായ ദോഷഫലങ്ങള്‍ നേരിട്ട് ഉണ്ടാക്കണമെന്നില്ലെങ്കിലും, വഴിതെറ്റുക, സമ്മര്‍ദ്ദത്തിനടിപ്പെടുക, സഞ്ചാരപഥങ്ങളിലെ തടസ്സങ്ങളില്‍ ഇടിക്കുക, കഠിനമായ തണുപ്പുപോലുള്ള സാധാരണയായി ഒഴിവാക്കുന്ന പ്രതികൂല കാലാവസ്ഥകള്‍ തുടങ്ങിയവ കാരണം മരണപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ പക്ഷികള്‍ക്കുണ്ടാകാം. വെടിക്കെട്ടു സാമഗ്രികള്‍ അറിയാതെ ഭക്ഷിക്കുന്നതും പടക്കങ്ങളും മറ്റും മൂലം ഉണ്ടാകുന്ന പരിക്കുകളുമൊക്കെ മൃഗങ്ങള്‍ക്കു കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും (6). നായ്ക്കളെപ്പോലുള്ള മൃഗങ്ങളില്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസ്, ഛര്‍ദ്ദി, വയറിളക്കം, അലസത, വയറുവേദന, വര്‍ദ്ധിച്ച തോതിലുള്ള ഉമിനീര്‍ ശ്രവിപ്പിക്കല്‍, മഞ്ഞപ്പിത്തം, കിഡ്‌നിരോഗങ്ങള്‍, അസ്ഥിമജ്ജയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ദഹനനാളത്തിലെ രക്തസ്രാവം, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ ഇതുമൂലം തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്പക്കെട്ടു സാമഗ്രികളില്‍ ഉപയോഗിക്കുന്ന ബേരിയംമൂലം ഉണ്ടാകുന്ന വിഷബാധ പേശീതളര്‍ച്ച, പേശീസങ്കോചം, ഉമിനീര്‍ അധികം ശ്രലിപ്പിക്കല്‍, ക്രമരഹിതമായ ഹൃദയതാളം എന്നിവയ്ക്കു കാരണമാകും. ആയതിനാല്‍, നായ്ക്കള്‍ സ്പാര്‍ക്ലര്‍ പോലുള്ളവ കഴിക്കുന്നതു ജീവനു ഭീഷണിയായ വിഷബാധക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും വെടിക്കെട്ടു മൂലം നേരിട്ടോ അല്ലാതെയോ മൃഗങ്ങള്‍ക്കു പരിക്കേല്ക്കാനും കൊല്ലപ്പെടാനും സാധ്യതയുണ്ട്. പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും സംഭവിക്കുന്ന പരിക്കുകളില്‍ ഭൂരിഭാഗവും പടക്കങ്ങളില്‍ നിന്നു രക്ഷതേടുമ്പോള്‍ പരോക്ഷമായി സംഭവിക്കുന്നതാണ്. ഫയര്‍ക്രാകറുകള്‍ ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വാതിലുകളിലും ജനലുകളിലും വേലികളിലുമൊക്കെ അടിച്ചു പരിക്കേല്ക്കുന്നതും റോഡപകടങ്ങള്‍ക്ക് ഇരകളാകുന്നതുമൊക്കെ സര്‍വ്വസാധാരണമാണ്. കൂടാതെ, വെടിക്കെട്ടുസാമഗ്രികളുടെ ബോധപൂര്‍വ്വമായ ദുരുപയോഗം വഴി നേരിട്ടും മൃഗങ്ങള്‍ക്കു പരിക്കേല്ക്കാം. കാട്ടുമൃഗങ്ങളെ പടക്കം പൊട്ടിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതുവഴി മൃഗങ്ങള്‍ക്ക് ഉണ്ടാകുന്ന പരിക്കും മരണവുമൊക്കെ ഇതിനുദാഹരണമാണ്.

വെടിക്കെട്ട് അപകടങ്ങള്‍ മൂലം മനുഷ്യജീവനുകള്‍ പൊലിയുന്നതിന്റെ വാര്‍ത്തകള്‍ ഓരോ ഉത്സവകാലത്തും നിരന്തരം പത്രത്താളുകളില്‍ നിറയാറുണ്ട്. കമ്പക്കെട്ടുകൊണ്ടു സൃഷ്ടിക്കപ്പെടുന്ന പരിക്കുകള്‍ പലപ്പോഴും സ്ഥായിയായി നിലനില്ക്കും. കാഴ്ചയും കേള്‍വിയും നഷ്ടപ്പെടുക; കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വരുക, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുക, ശരീരമാസകലം പൊള്ളലേല്ക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഏറ്റവും ദുഃഖകരമായ കാര്യമെന്തെന്നാല്‍, പലപ്പോഴും കരിമരുന്നുപ്രയോഗത്തിന്റെ ദുരന്തങ്ങള്‍ പേറാന്‍ യാതൊരു ബാധ്യതയുമില്ലാത്തവരും ഈ ‘കലാരൂപത്തോടു’ താല്പര്യമൊട്ടുമില്ലാത്തവരുമായ നിരപരാധികളാകും അപകടത്തില്‍പ്പെട്ടു നരകിക്കുക എന്നതാണ്.

കമ്പക്കെട്ടു ഗര്‍ഭസ്ഥശിശുക്കള്‍ക്കുവരെ അപകടകരമാണ്. വെടിക്കെട്ടുസാമഗ്രികളില്‍ ഗണ്യമായുള്ള പെര്‍ക്ലോറേറ്റ് എന്ന രാസവസ്തുവിനു രക്തത്തില്‍ നിന്ന് അയഡീന്‍ വലിച്ചെടുക്കാനുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവിനെ തടയാന്‍ കഴിയും. ഇതു തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തും, ഈ ഹോര്‍മോണ്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും മാനസ്സിക വികാസത്തിനും അത്യന്താപേക്ഷിതമാണ്. അയഡീന്റെ കുറവ് ഗോയിറ്റര്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കും ഇടയാക്കും. കൂടാതെ, പെര്‍ക്ലോറേറ്റ് ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌ക വികാസത്തെ ബാധിക്കാനിടയുണ്ടെന്നാണു വിദഗ്ദ്ധമതം. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ ഇതു സംബന്ധിച്ച ഒരു പഠനം 2014 ല്‍ പ്രസിദ്ധീകരിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിലെയും ഇറ്റലിയിലെയും 21,000-ത്തിലധികം ഗര്‍ഭിണികളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് ഇതു തയ്യാറാക്കിയത്. എല്ലാ അമ്മമാരിലും പെര്‍ക്ലോറേറ്റ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു, കൂടാതെ, പലര്‍ക്കും അയഡീന്‍ അളവ് കുറവുമായിരുന്നു. പെര്‍ക്ലോറേറ്റ് ഏറ്റവും കൂടിയും അയോഡിന്‍ ഏറ്റവും കുറഞ്ഞും കാണുന്ന സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ഐക്യു പ്രശ്‌നങ്ങള്‍ക്കു സാധ്യത കൂടുതലാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു (7).

അന്തരീക്ഷവായു മലിനീകരണം കുട്ടികളില്‍ ഏറ്റവും ദോഷകരമായവിധം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ചു കുട്ടികള്‍ക്ക് പാട്ടിക്കുലെയ്റ്റ് മാറ്റര്‍, വായുമലിനീകരണ സാധ്യതയുള്ള വാതകാവസ്ഥയിലുള്ള വസ്തുക്കള്‍ എന്നിവയ്ക്കെതിരേ ദുര്‍ബ്ബലമായ പ്രതിരോധമാണുള്ളത്. ഇവയെ ഉപാപചയത്തിനു വിധേയമാക്കി നിര്‍ജ്ജീവമാക്കാനുമുള്ള കഴിവും ശിശുക്കള്‍ക്കു കുറവാണ്. കൂടാതെ, കുട്ടികളുടെ ശ്വസനവ്യവസ്ഥയെ പൊതിഞ്ഞുകാണുന്ന എപിത്തീലിയത്തിലൂടെ ശ്വസിക്കുന്ന വായുവിലെ മലിനീകരണകാരികള്‍ കൂടുതലായി പ്രവേശിക്കും എന്നും പഠനങ്ങളുണ്ട്. മാത്രമല്ല, കുട്ടികള്‍ മുതിര്‍ന്നവരെക്കാള്‍ ഊര്‍ജ്ജസ്വലരായി ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍, അവരുടെ ശ്വാസകോശത്തില്‍ പ്രതിദിനം പ്രവേശിക്കുന്ന വായു മുതിര്‍ന്നവരേക്കാള്‍ വളരെ കൂടുതലാണ്. ഇതും, കരിമരുന്നുപ്രയോഗം കുട്ടികളില്‍ കൂടുതല്‍ ദൂഷ്യങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.

കരിമരുന്നുപ്രയോഗം സൃഷ്ടിക്കുന്ന ഉച്ചത്തിലുള്ള ശബ്ദം ഓട്ടിസം ബാധിച്ചവരെപ്പോലുള്ള അമിതമായ ശബ്ദ സംവേദനക്ഷമത പ്രകടിപ്പിക്കുന്നവര്‍ക്കു കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാക്കും. 100 ല്‍ ഒരു കുട്ടിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡറുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുമുണ്ട് (??. ഓട്ടിസത്തിന്റെ ഒരു സാധാരണ ലക്ഷണം തീവ്രമായ ശബ്ദസംവേദനക്ഷമതയാണ്. ഇത്, ഇത്തരം കുട്ടികള്‍ ഏകാന്തതയില്‍ അഭയംതേടുന്ന പ്രവണത വളര്‍ത്തുന്നതിലേക്കു നയിച്ചേക്കാം. ശബ്ദമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി ശാന്തമായ ഇടങ്ങള്‍ കണ്ടെത്താനും അവര്‍ ശ്രമിച്ചേക്കാം. മാത്രമല്ല, ഉച്ചത്തിലുള്ള വെടിക്കെട്ടിനോടുള്ള അനിഷ്ടത്താല്‍ ഉത്സവങ്ങളും ഇതര ആഘോഷങ്ങളും ഒഴിവാക്കുന്നത് മൂലം സാമൂഹിക ഇടപെടലിനുള്ള അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൂടാതെ, പടക്കങ്ങളില്‍ നിന്നുള്ള ശബ്ദം ഓട്ടിസം ബാധിച്ച കുട്ടികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചേക്കാം. ഇതു വീടുവിട്ടുപോകുക, വഴിതെറ്റിയലയുക, അപകടങ്ങള്‍ക്കിരയാകുക തുടങ്ങിയ സാഹചര്യങ്ങളിലേക്കവരെ എത്തിച്ചേക്കാം.

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ (പിടിഎസ്ഡി) പോലുള്ള മാനസ്സികവിഷമതകള്‍ നേരിടുന്നവരും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരും ആയ മുന്‍സൈനികരെ പോലുളളവരില്‍ കമ്പക്കെട്ടിന്റെ ഉച്ചസ്ഥായിയായ ശബ്ദകോലാഹലവും മിന്നലുമൊക്കെ കടുത്ത മാനസ്സികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കും. മറക്കാനാഗ്രഹിക്കുന്ന യുദ്ധക്കെടുതിയുടെ ദുരന്തസ്മരണകള്‍ വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ കടുത്ത ആധിയിലേക്കും പേടിയിലേക്കും അവരെ തള്ളിവിടും. അമിതമായി നെഞ്ചിടിപ്പു കൂടുക, ഉറക്കത്തിനു ഭംഗംവരുക തുടങ്ങിയ പ്രതിസന്ധികളും ഉണ്ടാകും.

വെടിമരുന്ന്, ജ്വലനസഹായികള്‍, ഘനലോഹങ്ങള്‍ തുടങ്ങിയ നിരവധി മലിനീകരണകാരികള്‍ വെടിക്കെട്ടു സാമഗ്രികളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നു. ഓസോണ്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങള്‍ ഫയര്‍ക്രാകറുകളുടെയും മറ്റും ജ്വലനഫലമായി പുറപ്പെടുവിക്കുകയോ ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകങ്ങളില്‍ ചിലത് ഇവയാണ്. കമ്പക്കെട്ടിലൂടെ ഉണ്ടാകുന്ന വിഷപ്പുകയും പൊടിയും നേരിട്ടു ശ്വാസകോശത്തിലേക്കു പ്രവേശിക്കും. കരിമരുന്നുപ്രയോഗം നമ്മുടെ ആരോഗ്യത്തിനു ദോഷകരമായ ശ്വാസകോശവീക്കം മുതലായവ താത്കാലിക പ്രശ്‌നങ്ങള്‍ക്കും അപ്പുറത്തു സ്ഥായിയായ ആരോഗ്യപ്രതിസന്ധികള്‍ സൃഷ്ടിക്കും.

പടക്കങ്ങള്‍ പുറത്തുവിടുന്ന കാന്‍സര്‍ജന്യ വസ്തുക്കളും, അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളും മറ്റും പിന്നീടു ജലത്തിലും മണ്ണിലും അടിയുകയും ശരീരത്തില്‍ പ്രവേശിച്ചു രോഗകാരണമാകുകയും ചെയ്യും. കമ്പക്കെട്ടു മിക്കപ്പോഴും സമുദ്രങ്ങള്‍, നദികള്‍, തടാകങ്ങള്‍ തുടങ്ങിയവയിലോ സമീപമോ ആയിരിക്കും നടക്കുക എന്നതാണിതിനു കാരണം. തത്ഫലമായി വെടിക്കെട്ടുമൂലം സൃഷ്ടിക്കപ്പെടുന്ന വിഷവസ്തുക്കള്‍ ജലസ്രോതസ്സുകളെ നേരിട്ടു മലിനമാക്കും. മനുഷ്യര്‍ക്ക് ആരോഗ്യപരമായ അപകടസാധ്യത നേരിട്ടു സൃഷ്ടിക്കുന്നതിനു പുറമേ, ഈ മലിനീകരണം മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ബാധിക്കുകയും ഒടുവില്‍ ഭക്ഷ്യശൃംഖല വഴി മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും രോഗകാരണമാകുകയും ചെയ്യും. രോഗപ്രതിരോധ സംവിധാനം, ദഹനവ്യവസ്ഥ, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെയും തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെയും ബാധിക്കും.

കമ്പക്കെട്ടില്‍ കടുംചെമപ്പു നിറം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോണ്‍ഷ്യം എന്ന ഘനലോഹം ജനനവൈകല്യങ്ങള്‍, അസ്ഥിമജ്ജയുടെ തകരാറുകള്‍, വിളര്‍ച്ച, രക്തം കട്ടപിടിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അലൂമിനിയം, ബേരിയം, കാഡ്മിയം, ഡയോക്സിന്‍, റുബിഡിയം തുടങ്ങിയ വെടിക്കെട്ടുസാമഗ്രികളില്‍ കാണുന്ന മറ്റു ചില രാസവസ്തുക്കള്‍ അറിയപ്പെടുന്ന കാസിനോജനുകളാണ്. അല്‍ഷിമേഴ്‌സ് രോഗം, ഡിമെന്‍ഷ്യ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദം, ഉത്കണ്ഠ, ഹൃദ്രോഗം, വൃക്കരോഗം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ഡിസോഡറുകള്‍, വിട്ടുമാറാത്ത ക്ഷീണം എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ രാസവസ്തുക്കള്‍ മൂലം ഉണ്ടാകാം. ചിലപ്പോള്‍ അക്യൂട്ട് ഇസിനോഫിലിക് ന്യുമോണിയയ്ക്കും ഘനലോഹങ്ങള്‍ വഴിവക്കും. പഠനങ്ങള്‍ വ്യക്തമാക്കുന്നതു വെടിക്കെട്ട് ഇന്നത്തെ രൂപത്തില്‍ നടത്തിയാല്‍ അതിന്റെ കലാപരമായ മൂല്യത്തിന് എത്രയോ അധികം നാശനഷ്ടങ്ങള്‍ പരിസ്ഥിതിക്കും സസ്യജന്തുജാലങ്ങള്‍ക്കും വരുത്തുമെന്നാണ്. കമ്പക്കെട്ടിനുപയോഗിക്കുന്ന രാസവസ്തുക്കളെല്ലാംതന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധം പ്രകൃതിക്കു നാശനഷ്ടങ്ങള്‍ വരുത്തും.

മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും കരിമരുന്നുപ്രയോഗം സൃഷ്ടിക്കുന്ന അപകടങ്ങള്‍ അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പല പൊതുസുരക്ഷാ വിദഗ്ദ്ധരും പരിസ്ഥിതിസ്‌നേഹികളും ഭരണാധികാരികളും ഇപ്പോള്‍ ആഘോഷവേളകളില്‍ പരമ്പരാഗത വെടിക്കെട്ടു നിരുത്സാഹപ്പെടുത്തുന്നത് ആരംഭിച്ചിട്ടുണ്ട്. മരടു വെടിക്കെട്ടു നിയമപരമായി നടത്തുകയെന്നതു തികച്ചും അസാധ്യമാണ്. ഇന്നു രാജ്യത്തുള്ള എക്‌സ്പ്‌ളോസീവ് നിയമത്തിന്റെ സുപ്രധാന വ്യവസ്ഥകളുടെ സമ്പൂര്‍ണ്ണമായ ലംഘനത്തിലൂടെ മാത്രമേ അതിവിടെ സാധ്യമാകുകയുളളൂ. മുപ്പതില്‍ താഴെ നിബന്ധനകളോടെയാണു കമ്പക്കെട്ടു ഡിസ്‌പ്ലേ പെര്‍മിറ്റ് നല്കുന്നത്. എങ്കിലും, ഡിസ്‌പ്ലേ ഗ്രൗണ്ടില്‍ നിന്നു കാണികള്‍ പാലിക്കേണ്ട സുരക്ഷിതമായ അകലം സംബന്ധിച്ച സുപ്രധാന വ്യവസ്ഥപോലും ഇവിടെ പാലിക്കപ്പെടുന്നില്ല. പ്രദര്‍ശന മൈതാനിയുടെ അസൗകര്യങ്ങള്‍ അധികാരികളുടെ ഒത്താശയോടെ മറച്ചുവക്കാനാകും വിധമുളള വ്യാജരേഖകള്‍ ചമച്ചും കള്ളസത്യവാങ്മൂലം നല്കിയുമൊക്കെയാണ് ഇവിടെ കമ്പക്കെട്ട് ഇന്നുവരെ നടത്തിയിട്ടുള്ളത്. വഴിയരുകില്‍ ഹെല്‍മറ്റ് വേട്ടക്ക് ഇറങ്ങുന്ന പെലീസ് ഫോഴ്‌സ് പ്രകടിപ്പിക്കുന്ന ശുഷ്‌കാന്തിയുടെ നൂറിലൊന്നു പ്രകടിപ്പിക്കാന്‍ തയ്യാറുള്ള; ഭരണഘടനയുടെ ആമുഖത്തിന്റെ അന്തഃസത്ത ലഘുവായെങ്കിലും ഉള്‍ക്കൊണ്ടതും സംസ്ഥാന പെലീസ് മേധാവി ഫയര്‍വക്‌സ് ഡിസ്‌പ്ലേ സംബന്ധിച്ച് 26.03.2018 ല്‍ 10/2018 നമ്പറായി ഇറക്കിയ സര്‍ക്യുലര്‍ ഒരുവട്ടമെങ്കിലും വായിച്ചിട്ടുള്ളതുമായ ഒരു സ്റ്റേഷന്‍ഹൗസ് ഓഫിസര്‍ മരടു പെലീസ് സ്റ്റേഷനില്‍ ചുമതലയേറ്റാല്‍ തീരാവുന്നതേയുള്ളൂ ഇവരുടെ കള്ളത്തരങ്ങള്‍.

ഈ കമ്പക്കെട്ടിന്റെ ആചാരപരമായ മൂല്യങ്ങളെ കുറിച്ചുള്ള ചേരുവാരപ്രമാണിമാരുടെ അവകാശവാദങ്ങളൊക്കെ വെറും വാചകക്കസര്‍ത്തുകളാണ്. എക്‌സ്പ്‌ളോസീവ്‌സ് നിയമത്തിന്റെ നൂലാമാലകളില്‍ നിന്നു രക്ഷപെട്ടു കോടതിയില്‍ നിന്നും അധികാരികളില്‍ നിന്നും കരിമരുന്നുപ്രയോഗത്തിന് അനുവാദം വാങ്ങാന്‍ മാത്രമാണ് അവര്‍ക്ക് ആചാരത്തിന്റെ മേലങ്കി. ഒരു ക്ഷേത്രാചാരം വ്യത്യാസപ്പെടുത്തണമെങ്കിലുള്ള സങ്കീര്‍ണ്ണമായ നടപടികള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു നമുക്കു ബോധ്യമുള്ളതാണ്. ഇത്തരം കാര്യങ്ങളൊന്നും ഇല്ലാതെ മരടിലെ വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ആണെങ്കില്‍ക്കൂടി എത്രയോ തവണ റവന്യൂ അധികാരികളുടെ ആജ്ഞാനുസരണം വേണ്ടെന്നുവച്ചിട്ടുണ്ട് ഇവിടുത്തെ താലപ്പൊലി സംഘാടകര്‍.അവരില്‍പ്പലര്‍ക്കും തങ്ങളുടെ തന്‍പ്രമാണിത്തം സമൂഹത്തില്‍ പ്രകടമാക്കാനുള്ള അവസരം മാത്രമാണിത്. ഭക്തജനങ്ങളുടെ ചെലവില്‍ ചേരുവാരങ്ങള്‍ക്കു സമ്പത്തു സ്വരുക്കൂട്ടാനുള്ള മാര്‍ഗ്ഗമായി ഇതിനെ കാണുന്നവരും കുറവല്ല. കരിമരുന്നുപ്രയോഗം ആചാരപരം മാത്രമായാല്‍ ഇതിനുള്ള സാധ്യതകള്‍ പരിമതമാകുമെന്നതിലാണ് അവര്‍ക്കു വിഷമം.

പരിസരവാസികളുടെയും അവരുടെ കുട്ടികളുടെയും ജീവനും സ്വത്തിനുമൊക്കെ നിരന്തരം അപകടങ്ങള്‍ സംഭവിച്ചിട്ടും കമ്പക്കെട്ടു നിയന്ത്രിക്കാന്‍ ദേവസ്വമോ ചേരുവാരങ്ങളോ നായര്‍ സമുദായത്തെ മരടില്‍ നയിക്കുന്ന രാഷ്ട്രീയ സമുദായ നേതൃത്വങ്ങളോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. വെടിക്കെട്ട് അതിന്റെ സീമകളൊക്കെ ലംഘിച്ച് അനിയന്ത്രിതമായി തുടര്‍ന്നപ്പോള്‍ നിവൃത്തികെട്ടാണു പലരും വെടിക്കെട്ടിനെതിരേ പരാതികളുമായി രംഗത്തെത്തിയത്. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ‘കൈവിട്ട സൂത്രമല്ലേ’; ‘ഭാവിയില്‍ ശ്രദ്ധിച്ചുകൊള്ളാം’ എന്നൊക്കെയുള്ള ‘പശ്ചാത്താപവചനങ്ങളുമായി’ രംഗത്തെത്തുന്ന രാഷ്ട്രീയ സമുദായ നേതൃത്വങ്ങളൊക്കെ അധികാരികളില്‍ നിന്നുള്ള നിയമപരമായ അനുവാദങ്ങള്‍ കമ്പക്കെട്ടിനു ലഭിച്ചാല്‍ കുറ്റകരമായ മൗനം പാലിക്കുന്ന കാഴ്ചയാണുള്ളത്. ഇത്തരക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ ‘യാഥാര്‍ത്ഥ്യം’ തിരിച്ചറിഞ്ഞപ്പോഴാണു രേഖാപരമായ ഹര്‍ജികള്‍ അധികാരികളുടെ മുന്നിലെത്തിയത്. പരാതിക്കാരെ സാമൂഹികമായി ഒറ്റപ്പെടുത്താനും അവരുടെ വീടുകളിലേക്കു രാത്രിയുടെ മറവില്‍ ‘ചാത്തനേറു’ നടത്താനും ‘ഭൂതഗണങ്ങള്‍’ തയ്യാറായപ്പോഴൊക്കെ, ഇതര സന്ദര്‍ഭങ്ങളില്‍ മതേതരത്വവും മാനവികതയുമൊക്കെ ഉറക്കെ പ്രഖ്യാപിച്ചു പൊതുജനമധ്യേ ‘വിളങ്ങിനിന്ന’ നേതൃത്വങ്ങളൊന്നും പ്രസ്തുത നടപടികള്‍ തടയാന്‍ ശ്രമിച്ചില്ല. വെടിക്കെട്ടിന്റെ മുന്‍നിരയില്‍ നില്ക്കുന്ന ഇത്തരക്കാരില്‍ പലരും അപായം സംഭവിച്ചാല്‍ പാപഭാരം മൊത്തം യുവസംഘാടകരുടെ തലയില്‍ കെട്ടിവയ്ക്കുന്നതായി അഭിനയിക്കാറുണ്ട്. ഇവരുടെയുള്ളില്‍ രഹസ്യമായി താലോലിക്കുന്ന ജാതിസ്‌നേഹത്തെ തിരിച്ചറിയാന്‍ പൊതുജനത്തിനു സാധിക്കില്ല എന്നാണ് ഇവരുടെ വിചാരം.

ഇത്തരം നേതൃത്വത്തിന്റെ കപടതയുടെ ക്ലാസ്സിക് ഇഗ്‌സാമ്പിള്‍ ആയിരുന്നു മരട് കൊട്ടാരത്തില്‍ പെട്രള്‍ ബങ്കു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സമരം. ജനവാസകേന്ദ്രങ്ങളില്‍ പെട്രള്‍ ബങ്കു സ്ഥാപിക്കുന്നതു ജീവനും സ്വത്തിനും അപകടകരമാണ് എന്ന വാദമാണ് അന്ന് ഇവര്‍ ഉയര്‍ത്തിയത്. ഇത്തരം സ്ഥാപനങ്ങള്‍ കാട്ടിലാണോ സ്ഥാപിക്കേണ്ടത് എന്ന ലേഖകന്റെ ചോദ്യത്തിന് ഈ സമരത്തിലണിനിരന്ന ഉത്തരവിദിത്വപ്പെട്ട രാഷ്ട്രീയക്കാരടക്കം ആരും കൃത്യമായ മറുപടി തന്നില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പാര്‍പ്പിടമേഖലകളില്‍ നിയമവിരുദ്ധമായ രീതിയില്‍ അപകടകരമായ പൊട്ടാസ്യം ക്‌ളോറേറ്റ് പോലുള്ള അത്യുഗ്രമായ സ്‌ഫോടനശേഷിയുള്ള നിരോധിത രാസവസ്തുക്കള്‍ അടക്കം സൂക്ഷിച്ചുവച്ചു മാസങ്ങള്‍ വെടിക്കെട്ടു പണിനടത്തി പരിസരവാസികളെ ആശങ്കയുടെ മുള്‍മുനയിലാക്കുമ്പോള്‍ ഒന്നും സഹപൗരന്മാരുടെ പ്രാണനെക്കുറിച്ചു യാതൊരു വ്യാവലാതിയും നാളിതുവരെ പ്രകടിപ്പിക്കാതിരുന്നവര്‍ ആയിരുന്നു പെട്ടെന്നു ഹ്യൂമനിസത്തിന്റെ കാവലാളുകളായി ഈ സമരമുഖത്ത് അവതരിച്ചത്. വാഹനത്തിരക്കേറിയ ദേശീയപാതയുടെ അരികിലും ആളുകളുടെ സമീപത്തുമൊക്കെ ഡൈനയും അമിട്ടുമൊക്കെ പൊട്ടിക്കുമ്പോഴും ഒക്കെ ഇവര്‍ മാനവികമൂല്യങ്ങള്‍ മറക്കുമായിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്.

അനുനിമിഷം സ്വജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനൊപ്പം സഹജീവികളോടു കൂടുതല്‍ കരുണയും കരുതലും കാണിക്കാനുമുള്ള അനുസ്യൂതമായ പരിശ്രമമാണു സംസ്‌കാരചിത്തനായ ആധുനിക മാനവനെ ശിലായുഗഗോത്രബോധമുള്ള മനുഷ്യനില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. ജീവസന്ധാരണത്തിന്റെ നാള്‍വഴിയില്‍ നിവൃത്തിയില്ലാതെ കൂടെക്കൂട്ടേണ്ടിവന്ന അനിവാര്യ തിന്മകളെ പരിഷ്‌കരിക്കാനും നിരാകരിക്കാനും അവന്‍ നിരന്തരം പരിശ്രമിക്കും. ഈ ജീവിതവീക്ഷണം പുലര്‍ത്താത്ത ഏതൊരുവനും ആധുനിക സമൂഹത്തില്‍ അപരിഷ്‌കൃതനാണ്. ഇത്തരം കാഴ്ചപ്പാടുള്ളവരാണ് ഇന്നു മരട് താലപ്പൊലിയുടെ കരിമരുന്നുപ്രയോഗത്തെ നിയന്ത്രിക്കുന്നവരില്‍ പലരും എന്നു പറയേണ്ടിവരുന്നതു തികച്ചും വേദനാജനകമാണ്. ആധുനികസമൂഹങ്ങള്‍ വെടിക്കെട്ട് ഒഴിവാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുകയാണിപ്പോള്‍. ശാസ്ത്രത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഇന്ന് ഈ ഉദ്യമത്തില്‍ ഒരുപരിധിവരെ മനുഷ്യന്‍ വിജയിച്ചിട്ടുമുണ്ട്. പാരിസ്ഥിതിക ആഘാതം പരമാവധി ഒഴിവാക്കുന്നതും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ജീവനും സ്വത്തിനും കൂടുതല്‍ സംരക്ഷണം നല്കുന്നതും കൂടുതല്‍ കലാമികവുള്ളതും ആസ്വാദ്യകരവുമായ ബദല്‍ വെടിക്കെട്ടു മാതൃകകളും ഇതര കലാരൂപങ്ങളും ഇന്നുണ്ട്. ഡിജിറ്റല്‍ ഫയര്‍വര്‍ക്കുകളും ലേസര്‍ ഷോകളും ഇതിന്റെ ഭാഗമായി കണ്ടുപിടിച്ചിട്ടുണ്ട്. കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഗ്രീന്‍ ക്രാകേഴ്‌സും ഇന്ന് നാം ഘട്ടംഘട്ടമായി വികസിപ്പിക്കുന്നു. വെടിക്കെട്ടുസാമഗ്രികള്‍ വിക്ഷേപിക്കുന്നതിനു വെടിമരുന്നിനു പകരം പരിസ്ഥിതി സൗഹൃദമായ, സാന്ദ്രീകരിച്ച വായു ഉപയോഗിക്കുന്ന വാള്‍ട്ട് ഡിസ്‌നി കമ്പനി കണ്ടെത്തിയ പുതിയ സാങ്കേതികവിദ്യയും കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്നു കരുതി തീവ്രവാദികളും ദേശവിരുദ്ധരുമൊക്കെ ഉപയോഗിക്കുന്ന ബോംകള്‍ക്കും ഗ്രനേഡുകള്‍ക്കും സമാനമായ ഡൈനകളും ഗുണ്ടുകളുമൊക്കെ മാത്രമാണു വെടിക്കെട്ടിന്റെ ഉദാത്തമാതൃക എന്നു ചിന്തിക്കുന്ന ഇത്തരം ആളുകള്‍ ആധുനിക സെക്യുലര്‍ ജനാധിപത്യത്തിനു ബാധ്യതയായ വെറും ‘പഴഞ്ചന്മാര്‍’ മാത്രമാണ്. അടൂരിന്റെ വിഖ്യാത സിനിമ എലിപ്പത്തായത്തിലെ കരമന ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച ഉണ്ണിയെന്ന കഥാപാത്രത്തെയാണ് ഇത്തരക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്.

മുന്‍കാലത്തു താലപ്പൊലിയുടെ നേതൃത്വത്തിലുള്ളവര്‍ വ്രതശുദ്ധിയോടെയാണ് ഉത്സവാഘോഷങ്ങളില്‍ അണിനിരന്നിട്ടുള്ളത്. വിഘ്‌നങ്ങള്‍ ഒഴിവാക്കി ദേവിയുടെ താലപ്പൊലി മനോഹരമാക്കാന്‍ വിവിധ ജാതിമതസ്ഥരുടെ ആരാധനാലയങ്ങളില്‍ അവര്‍ ഭക്തിപുരസരം പ്രാര്‍ത്ഥനയും വഴിപാടുകളുമൊക്കെ നടത്തുകയും ചെയ്യുമായിരുന്നു. ഇത്തരം പൂര്‍വ്വകാല സംഘാടകരുമായി ഇന്നു കേസുമായി രംഗത്തെത്തിയ വ്യക്തികളുടെ കാരണവന്മാരുടെ കാലഘട്ടം മുതല്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അയല്പക്ക സൗഹൃദങ്ങളാണു യഥാര്‍ത്ഥത്തില്‍ കോടതിയില്‍ കേസുകള്‍ കൊടുക്കുന്നതിലും മറ്റു നിയമസംവിധാനങ്ങളുടെ മുന്നില്‍ പരാതികള്‍ ബോധിപ്പിക്കുന്നതിലും നിന്നുമൊക്കെ ഇന്നത്തെ ഹര്‍ജിക്കാരെ പിന്തിരിപ്പിച്ചിരുന്നത്; അല്ലാതെ, പലരുടെയും ധാരണപോലെ സമുദായശക്തിയെ ഭയന്നിട്ടായിരുന്നില്ല. പക്ഷേ, നന്മയുടെയും സ്‌നേഹബന്ധങ്ങളുടെയും ഒക്കെ മുന്‍കാല പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്നുള്ള പല ആഘോഷക്കമ്മറ്റിക്കാരും ഒരുക്കമല്ല. യാതൊരു മനുഷ്യാവകാശ മൂല്യങ്ങളും പാലിക്കാത്തവരാണ് ഇന്നത്തെ പല സംഘാടകരും. അപകടമുണ്ടായാല്‍ അതിലകപ്പെട്ട സഹോദരരെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുമുമ്പ് അനധികൃതമായി ശേഖരിച്ചിരിക്കുന്ന കരിമരുന്നും മറ്റു വെടിക്കെട്ടു സാമഗ്രികളും പോലീസിന്റെ കസ്റ്റഡിയിലാകുന്നതിനു മുമ്പ് ഒളിപ്പിക്കാനായോ എന്ന് ആധിപിടിക്കുന്നവരുടെ മാനവികതയെക്കുറിച്ച് എന്താണു പറയുക.

പൊതുവേ, മനുഷ്യസമൂഹം തങ്ങളുടെ മാത്രമല്ല മൃഗങ്ങളുടെ വരെ അനന്തര തലമുറയെ പ്രത്യേകമായ കരുതലും സ്‌നേഹവും നല്കി സംരക്ഷിക്കും. നാളെയുടെ വാഗ്ദാനങ്ങളായ ശിശുക്കളോടുള്ള പെരുമാറ്റം ഒരു സമൂഹത്തിന്റെ സംസ്‌കാരിക വികാസത്തിന്റെ അളവുകോലാണ്. മരടു വെടിക്കെട്ടു സംഘാടകരുടെ കുട്ടികളോടുള്ള ഉള്ള പരിഗണനയും പരിതാപകരമാണ്. പൈതങ്ങള്‍ക്ക് അപകടം വരുത്താവുന്ന പല പ്രവൃത്തികളും ഇവര്‍ നടത്താറുണ്ട്. പല വിദേശ രാജ്യങ്ങളും 18 വയസ്സാകാത്ത കുട്ടികള്‍ക്കുള്ള പടക്കങ്ങളുടെയും ഇതര ഫയര്‍ക്രാകറുകളുടെയും വില്പന നിയമപരമായി നിരോധിച്ചിരിക്കുമ്പോള്‍ കുഞ്ഞുങ്ങളെവരെ വെടിക്കെട്ടു പണിക്കു നിയോഗിച്ചിരുന്നതു ലേഖകന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ്. കരിമരുന്നുപ്രയോഗത്തിനായി മാങ്കായില്‍ സ്‌കൂള്‍ ഗ്രൗണ്ട് നിയമവിരുദ്ധമായി പ്രയോജനപ്പെടുത്തുന്ന ശേഷം മൈതാനം പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതില്‍ പലപ്പോഴും വെടിക്കെട്ടു സംഘാടകര്‍ കുറ്റകരമായ അനാസ്ഥ കാണിക്കാറുണ്ട്. വെടിക്കെട്ടിനായി സ്‌കൂള്‍ മൈതാനത്തു നിയമവിരുദ്ധമായി എടുക്കുന്ന കുഴികള്‍ പലപ്പോഴും കൃത്യമായി മൂടാന്‍ പോലും സംഘാടകര്‍ തയ്യാറാകാറില്ല. ഇത്തരം സ്ഥലങ്ങളില്‍ വീണു കുട്ടികളുടെ കാലുകള്‍ക്കും മറ്റും അപകടം സംഭവിച്ചാല്‍ അവരുടെ കായികഭാവിതന്നെ അപകടത്തിലാകുമെന്നുപോലും ഇവരോര്‍ക്കുന്നില്ല. (ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വെടിക്കെട്ടിനായി എടുത്ത കുഴികള്‍ 7 ദിനങ്ങളായിട്ടും കൃത്യമായി മൂടാതെ അപകടകരമായി ഇട്ടതിന്റെ ചിത്രം ചുവടെ ചേര്‍ക്കുന്നു.) അപകടകരമായ വെടിക്കെട്ടു സാമഗ്രികള്‍ പൂര്‍ണ്ണമായി സ്‌കൂള്‍ പരിസരത്തു നിന്നു നീക്കുന്നതിനും ഇവര്‍ ശുഷ്‌കാന്തി പ്രകടിപ്പിക്കാറില്ല. ഇവര്‍ ഉപേക്ഷിക്കുന്ന ഓലപ്പടക്കവും കളര്‍ അമിട്ടു ഗുളികകളും മിക്കപ്പോഴും, കുട്ടികള്‍ കൗതുകതോടെ പെറുക്കിയെടുത്തു വീണ്ടും ഉപയോഗിക്കാറുണ്ട്. അപകടസാധ്യത തിരിച്ചറിയാതെയുള്ള ഇത്തരം പ്രവൃത്തികള്‍ കുട്ടികളുടെ ജീവനു വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഭക്തിമൂലവും സംഘടിത ശക്തിയോടുള്ള ഭയംകൊണ്ടും സമുദായ വോട്ടില്‍ കണ്ണുനട്ടുമൊക്കെ വെടിക്കെട്ടു സംഘാടകരുടെ ഇത്തരം നടപടികളെക്കുറിച്ചു മൗനം പാലിക്കുന്ന മരടിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിടിഎ ഭാരവാഹികളുമൊക്കെ ഈ വിഷയത്തില്‍ ഗൗരവകരമായ അനാസ്ഥയാണു പ്രകടിപ്പിക്കുന്നത്.

ആധുനികമനുഷ്യന്റെ മറ്റൊരു പ്രധാന സാംസ്‌കാരിക വ്യതിരിക്തതയാണ് ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കി വികസിപ്പിച്ച പാരിസ്ഥിതിക അവബോധം. ഇതുവഴി, നമ്മുടെ ഓരോ പ്രവൃത്തിയും പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്ന ഗുണദോഷങ്ങള്‍ കൃത്യമായി വിലയിരുത്തി നിലപാടെടുക്കാന്‍ നമുക്ക് ഇന്നു കഴിയും. കരിമരുന്നുപ്രയോഗം പ്രകൃതിക്ക് ഏല്പിക്കുന്ന അതികഠിനമായ ആഘാതങ്ങള്‍ മുന്‍പു വിശദമാക്കിയിട്ടുണ്ട്. മരടു വെടിക്കെട്ടു സംഘാടകര്‍ കമ്പക്കെട്ടിനെ അതിന്റെ ഏറ്റവും വന്യമായ രൗദ്രതയില്‍ നിലനിറുത്താന്‍ ‘ആത്മാര്‍ത്ഥമായി’ പരിശ്രമിക്കുന്നവരാണ്. അധികാരികള്‍ കഴുത്തിനു പിടിച്ചാലല്ലാതെ ഇതിനെ പരിഷ്‌കരിക്കാന്‍ യാതൊരു ശ്രമവും സ്വമേധയാ അവര്‍ നടത്താറില്ല. ആവാസവ്യവസ്ഥയ്ക്കു പരമാവധി ആഘാതമേല്പിക്കുന്നവിധം കമ്പക്കെട്ടു നടത്തണമെന്ന വാശി ഇവിടുത്തെ ഉത്സവാഘോഷ സമിതിക്കാരുടെ പരിസ്ഥിതി ബോധമില്ലായ്മയാണ് കാണിക്കുന്നത്.

മരടു വെടിക്കെട്ടിന്റെ സംഘാടകരുടെ ജനാധിപത്യവിരുദ്ധതയും ഇതോടനുബന്ധിച്ചു വ്യക്തമാകും. ജനാധിപത്യമെന്ന സോഷ്യല്‍ കോണ്‍ട്രാക്ടില്‍ സഹപൗരനു നാം നല്കുന്ന ബഹുമാനമാണു നിയമങ്ങളും ചട്ടങ്ങളുമായി നമ്മുടെ മുന്നിലുള്ളത്. പൗരസമൂഹത്തിന്റെ ജീവനും സ്വത്തും കൂട്ടായി സംരക്ഷിച്ചു സഹജീവിയോടുള്ള കരുണയും സ്‌നേഹവും പ്രകടമാക്കി പൊതു അഭിവൃദ്ധിയിലേക്കു ഒരുമിച്ചു മുന്നേറാമെന്ന ഹൃദയപൂര്‍വ്വമായ പ്രഖ്യാപനമാണ് നിയമങ്ങളിലൂടെയും മറ്റും നാം നടത്തുന്നത്. ഇവിടെ വെടിക്കെട്ടിന്റെ മറവില്‍ സമ്പത്തും അധികാരവും സ്വരുക്കൂട്ടി ഒരു സമുദായത്തിന്റെ മാത്രം പ്രാമാണികത സംരക്ഷിക്കാന്‍ സ്വത്തും ആരോഗ്യവും നഷ്ടപ്പെടുത്താനുള്ള യാതൊരു ബാധ്യതയും ഇതര സമൂഹങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ഇല്ല. മറ്റുള്ളവര്‍ തങ്ങള്‍ക്കു വഴങ്ങി എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളണമെന്ന വെടിക്കെട്ടു സംഘാടകരുടെ ധാര്‍ഷ്ട്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണു മരടു ജ്ഞാനോദയ സഭയുമായി അവര്‍ നടത്തുന്ന സ്ഥലക്കേസ്. തങ്ങളുടെ അവകാശവാദങ്ങള്‍ സ്ഥാപിക്കാനുതകുന്ന വിശ്വസനീയമായ രേഖകളൊന്നുംതന്നെ പൊതുസമക്ഷം അവതരിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല എന്നാണു ലേഖകന്റെ അന്വേഷണത്തില്‍ മനസ്സിലായത്. അതുകൊണ്ട്, ശ്രീനാരായണീയര്‍ അവരുടെ വിയര്‍പ്പിന്റെ വില നല്കി തീറുമേടിച്ച സ്ഥലം പ്രസ്തുത സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉയര്‍ച്ചയ്ക്കു വിട്ടുകൊടുക്കാതെ നായര്‍ സമുദായക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കു വിട്ടുനല്കണമെന്ന വാശിതന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. പണ്ടു മേല്‍മുണ്ടു കലാപസമയത്തു സവര്‍ണ്ണച്ചട്ടമ്പികള്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രകടിപ്പിച്ച ജാതിമേധാവിത്വമനോഭാവത്തിന്റെ പിന്തുടര്‍ച്ച ഇന്നും തുടരണമെന്നാണ് ഇത്തരക്കാരുടെ ചിന്ത. ഇങ്ങനെയുള്ള വിചാരങ്ങളില്‍ നിന്ന് ഇവര്‍ എത്രയും വേഗം പുറത്തുവന്നു സാമൂഹിക ജനാധിപത്യമുള്‍ക്കൊള്ളുന്ന പൗരസമൂഹമാകട്ടെ എന്നുമാത്രമാണ് പറയാനുള്ളത്. ടി സ്ഥലത്തെ പൊതുഭൂമിയിലൂടെ പൊതുവഴി കൊണ്ടുവരാന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീമതി ബേബി പോളിന്റെ നേതൃത്വത്തില്‍ പരിശ്രമിച്ചപ്പോള്‍ അതിനെ തടസ്സപ്പെടുത്തിയും ഇവര്‍ തങ്ങളുടെ പിന്തിരിപ്പന്‍ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. മരടു മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പ്രധാന കളിസഥലമായ മാങ്കായില്‍ സ്‌കൂള്‍ ഗ്രൗണ്ട് യഥാവിധി പരിപാലിക്കുന്നതിന് ഉത്സാഹക്കുറവ് കാണിക്കുന്നതും കായിക പരിശീലനത്തിനായി ലക്ഷങ്ങള്‍ മുടക്കിയിട്ടുള്ള മാങ്കായില്‍ സ്‌കൂള്‍ ഗ്രൗണ്ടിനു (പരിസ്ഥിതി നിയമങ്ങള്‍ അനുസരിച്ചു നിശബ്ദമേഖലയായ) നാശനഷ്ടങ്ങള്‍ ഉണ്ടാകും വിധം നിയമവിരുദ്ധമായി വെടിക്കെട്ടിന് ഉപയോഗിക്കുമ്പോള്‍ അതു തടുക്കാതെ ഗ്രൗണ്ടിനു നടുവില്‍ കയറിനിന്നു ഫോട്ടോയ്ക്കു പോസ് ചെയ്തു മേനിനടിക്കുന്നതുമൊക്കെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമായി മാത്രമേ ജനാധിപത്യവിശ്വാസികള്‍ക്കു കാണാനാകൂ.

ഈ പശ്ചാത്തലത്തില്‍, രാഷ്ട്രീയ സമുദായ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥ വിഭാഗത്തിന്റെയും സ്വന്തം കുടുംബാംഗങ്ങളുടെയും വരെ അപ്രീതിക്കു പാത്രമാകുമെന്നറിഞ്ഞിട്ടും തങ്ങളുടെ പരിമിതമായ ശക്തിയുപയോഗിച്ച് ജീവനും അവകാശങ്ങളും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ പരാതിക്കാരായ പൗരന്മാരുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. അവര്‍ മൂലം വെടിക്കെട്ടു സംഘാടകരുടെ കൈവിട്ട കളികള്‍ക്കു ഗണ്യമായ കുറവു വന്നിട്ടുണ്ട്. നാളെകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിരവധി ദുരന്തങ്ങള്‍ ഇതുമൂലം ഒഴിവാക്കപ്പെടും. തങ്ങളുടെ ജീവനും സ്വത്തിനുമുപരി എത്രയോ സഹപൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളാണു ഹര്‍ജിക്കാര്‍ തങ്ങളുടെ നടപടിയിലൂടെ സംരക്ഷിക്കുന്നത്. നാളെകളില്‍ ഇത്തരക്കാരുടെ ചരിത്രമാണു തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടുക. ഇവരുടെ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നു നില്ക്കാന്‍ ലേഖകനും സുഹൃത്തുക്കള്‍ക്കും അവര്‍ അവസരം നല്കിയിട്ടുണ്ടെന്നതും നന്ദിയോടെ സ്മരിക്കുകയാണ്. ഇന്ന് ഫേസ്ബുക്കിലും മറ്റും തിളങ്ങിനില്ക്കുന്ന ‘ശുഭ്രവസ്ത്രധാരികളൊക്കെ’ ഈ പോരാളികളുടെ പ്രഭയില്‍ മങ്ങിപ്പോകുമെന്നാണു മനുഷ്യകുലത്തിന്റെ അവകാശപോരാട്ടങ്ങളുടെ ചരിത്രം തെളിയിക്കുന്നത്.

ഒരു ബഹുസ്വരസമൂഹത്തില്‍ മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ എല്ലാവരും സാഹോദര്യസ്‌നേഹത്തോടെ ഏകമനസ്സോടെ ആഘോഷിക്കണം. അധികാരപ്രമത്തതയുടെ അഹങ്കാരത്തിനും തന്‍പ്രമാണിത്തത്തിനും ഉപരി പരസ്പരബഹുമാനമാകണം ഇതിനടിസ്ഥാനം. നമ്മുടെ ബഹുസാംസ്‌കാരിക സമൂഹത്തില്‍ ദേശീയൈക്യം നിലനിറുത്തി ഓരോ സമുദായവും അവരവരുടെ സ്വത്വബോധം സംരക്ഷിക്കുന്നതിനു പരസ്പരാദരവില്‍ അധിഷ്ഠിതമായി മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന വിധം അതിര്‍വരമ്പുകള്‍ ഉണ്ടാക്കേണ്ടതാണ്. ആ പരിധികളാണു രാജ്യനിയമങ്ങളായി നമുക്കു മുന്നിലുള്ളത്. അവ പാലിക്കുന്നതിലൂടെ വ്യത്യസ്ത സംസ്‌കാരിക പാരമ്പര്യങ്ങളോടുള്ള ബഹുമാനവും അവയുടെ സംയോജനവും സംജാതമാകും. അതുവഴി, മികച്ചൊരു സാമൂഹികൈക്യമാതൃക സൃഷ്ടിക്കാന്‍ നമുക്കാക്കും. ഈ നിയമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അട്ടിമറിക്കുമ്പോള്‍ സാമൂഹികൈക്യം തകര്‍ക്കപ്പെടുകയും രാഷ്ട്രീയപരമായും അധികാരപരമായും ഉള്ള അസന്തുലിതാവസ്ഥ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈയവസ്ഥ രാജ്യത്തു സംജാതമാക്കപ്പെടരുതെന്ന പൗരബോധത്തിലേക്കു പറന്നുയരാന്‍ മരട് താലപ്പൊലി സംഘാടകര്‍ക്കു സാധ്യമാകട്ടെ. ഓരോ മനുഷ്യന്റെയും മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന ഒരു താലപ്പൊലി സംസ്‌കാരം കെട്ടിപ്പടുക്കാന്‍ അവര്‍ക്കാകട്ടെ.

റെഫ്‌റന്‍സ്

1.https://www.popsci.com/fireworks-fear-neuroscience/?amp
2.https://theswaddle.com/why-were-still-fascinated-by…/
3.https://www.sciencedirect.com/…/pii/S2405844019358621
4.https://m.timesofindia.com/…/amp_articleshow/55103140.cms
5.https://academic.oup.com/beheco/article/22/6/1173/218852
6.https://pubmed.ncbi.nlm.nih.gov/22381185/
7.//theconversation.com/from-fireworks-to-iodine-and-iq-the-perchlorate-connection-86595
8.https://www.who.int/…/detail/autism-spectrum-disorders….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply