സാഹിത്യ അക്കാദമി : വിവാദങ്ങളുടെ രാഷ്ട്രീയം
ഡിസി ബുക്‌സിന്റെ സാഹിത്യോത്സവമായ കെ എല്‍ എഫിന്റെ ഡയറക്ടര്‍ അക്കാദമി പ്രസിഡന്റായ സച്ചിദാനന്ദന്‍ മാഷാണെന്നും സര്‍ക്കാര്‍ ഡിസിക്കും മാതൃഭൂമിക്കും സാമ്പത്തിക സഹായം നല്‍കുന്നും എങ്കിലത് അക്കാദമിക്കു തന്നെ നടത്തികൂടെ എന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അക്കാദമിയിലൂടെ ഉത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അനാവശ്യമായ ഒരു തീരുമാനമായിരുന്നു അത്.
ഒരു വശത്ത് സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വേവലാതികളും പരസ്പരമുള്ള പഴിചാരലും ഒപ്പം തുച്ഛം വരുന്ന സാമൂഹ്യപെന്‍ഷന്‍ പോലും ലഭിക്കാതെ ജീവിക്കാന്‍ പാടുപെടുന്ന ലക്ഷകണക്കിനു പേര്‍. മറുവശത്ത് കേരളീയം, നവകേരള സദസുകള്‍, ചലചിത്ര – നാടക – സാഹിത്യോത്സവങ്ങള്‍. തീര്‍ച്ചയായും വന്‍ സാമ്പത്തിക വരുമാനമുള്ള യുജിസിക്കാരും കാര്യമായ സാമ്പത്തിക പ്രശ്‌നമൊന്നുമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുമാണ് ഉത്സവങ്ങളിലെ പങ്കാളികള്‍. പട്ടിണി മാറുന്നതുവരെ ആഘോഷങ്ങള്‍ പാടില്ല എന്നല്ല പറയുന്നത്. എല്ലാം ആവശ്യം തന്നെ. പക്ഷെ അതും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നു മാത്രം.
സാഹിത്യോത്സവങ്ങളാണ് പുതിയ ട്രെന്റ്. ഏതാനും വര്‍ഷം മുമ്പ് ഡി സി ബുക്‌സാണ് അത് തുടങ്ങിവെച്ചത്. പിന്നീട് മാതൃഭൂമി. ഇപ്പോഴിതാ സാഹിത്യ അക്കാദമി. കൂടാതെ പ്രാദേശികമായി നിരവധി. മിക്കവാറും സംഘാടകരുടെ അവകാശ വാദം അന്താരാഷ്ട്ര സാഹിത്യോത്സവം എന്നാണ്. എന്നാല്‍ 90 ശതമാനവും പങ്കെടുക്കുന്നത് കേരളത്തില്‍ നിന്നുള്ളവര്‍. വളരെ കുറച്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്. അതിനേക്കാള്‍ വളരെ കുറവാണ് പുറത്തുനിന്നുള്ളവര്‍. എല്ലാ സാഹിത്യോത്സവങ്ങളിലും വിഷയങ്ങള്‍ മിക്കവാറും സമാനം. പങ്കെടുക്കുന്നവരും അങ്ങനെതന്നെ. സെഷനുകളുടേയും സംസാരിക്കുന്നവരുടേയും എണ്ണമാണ് പരിപാടിയുടെ വിജയം എന്നാണ് സംഘാടകരെല്ലാം കരുതിയിരിക്കുന്നത് എന്നു തോന്നുന്നു. അതിനാല്‍ അളവുപരമായാണ് മത്സരം നടക്കുന്നത്, ഗുണപരമായല്ല.
ഡിസി ബുക്‌സിന്റെ സാഹിത്യോത്സവമായ കെ എല്‍ എഫിന്റെ ഡയറക്ടര്‍ അക്കാദമി പ്രസിഡന്റായ സച്ചിദാനന്ദന്‍ മാഷാണെന്നും സര്‍ക്കാര്‍ ഡിസിക്കും മാതൃഭൂമിക്കും സാമ്പത്തിക സഹായം നല്‍കുന്നും എങ്കിലത് അക്കാദമിക്കു തന്നെ നടത്തികൂടെ എന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അക്കാദമിയിലൂടെ ഉത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അനാവശ്യമായ ഒരു തീരുമാനമായിരുന്നു അത്. വ്യവസായിക, കാര്‍ഷിക, വാണിജ്യ മേഖലകളിലെ സംരംഭകത്തെ പോലെ തന്നെ സാഹിത്യ – സാംസ്‌കാരിക മേഖലകളിലും സഹായകരമായ അന്തരീക്ഷം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കഴിയുമെങ്കില്‍ സമ്പത്തിക സഹായമടക്കം. അല്ലാതെ സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു നടത്തുകയല്ല വേണ്ടത്. എന്നിട്ടു സംഭവിച്ചതോ? ഡിസിയുടേയും മാതൃഭൂമിയുടേയും ഉത്സവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും ശുഷ്‌കം. ഒപ്പം അനാവശ്യമായ വിവാദങ്ങള്‍.
അക്കാദമിയുടെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ രണ്ടു പ്രധാന വിവാദങ്ങള്‍ തന്നെ നോക്കുക. പ്രതിഫലത്തെ കുറിച്ചുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആരോപണവുമായി ബന്ധപ്പെട്ടതാണ് ഒന്ന്. എറണാകുളത്തുനിന്ന് തൃശൂര്‍വരെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്‌റൈവറുടെ ബാറ്റയുമടക്കം തനിക്കു ചെലവായത് 3500 രൂപയാണെന്നും ലഭിച്ചതു 2400 രീപയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താന്‍ വന്നിട്ടില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എനിക്ക് വേറെ പണിയുണ്ട് – എന്നിങ്ങനെപോയി അദ്ദേഹത്തിന്റെ വാക്കുകള്‍.
സത്യത്തില്‍ അക്കാദമി ഉദ്ദേശിച്ചത് സെക്കന്റ് ക്ലാസ് എ സി ചാര്‍ജ്ജായിരുന്നു. എന്നാലത് കൃത്യമായി പങ്കെടുക്കുന്നവരെ അറിയിക്കണമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ അതു കൃത്യമായി ചെയ്യുന്നു. അവസാനം അക്കാദമിയിലെ ഒരു ജീവനക്കാരെ കുറ്റപ്പെടുത്തുകയാണ് മന്ത്രിയടക്കം ചെയ്യുന്നത്. പ്രസിഡന്റ് പറയുന്നു, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി പ്രതീകാത്മകമായി പ്രതിഫലം നല്‍കാനാണ് ശ്രമിച്ചതെന്ന്. പണത്തിന് എന്തു പ്രതീകാത്മകം? പ്രതിഫലമില്ല, ടി എ മാത്രം എന്നു കൃത്യമായി പറയണമായിരുന്നു. അല്ലെങ്കില്‍ ആളുകളുടെ എണ്ണം കുറച്ച് കഴിയുന്ന പ്രതിഫലം നല്‍ാന്‍ ശ്രമിക്കുക. എന്തായാലും സര്‍ക്കാര്‍ സ്ഥാപനവും സ്വകാര്യ സ്ഥാപനവും നടത്തുമ്പോഴുള്ള വ്യത്യാസമാണ് ഇവിടെ പ്രകടായത്. അതേ സമയം മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാതാരങ്ങള്‍ക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികള്‍ക്കു പ്രതിഫലമായി സമൂഹം നല്‍കുന്നത്. തങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്നത് അവഗണനയും വിവേചനവും എന്ന ചുള്ളിക്കാടിന്റെ ആരോപണത്തില്‍ വലിയ കാര്യമൊന്നുമില്ല. അവയെല്ലാം വരുമാനം ഉണ്ടാക്കുന്നുണ്ട്. കവിതയോ?
ചുള്ളിക്കാട് കൊളുത്തിയ തീയണയുംമുമ്പേ ശ്രീകുമാരന്‍ തമ്പിയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്. സാഹിത്യ അക്കാദമി നിര്‍ബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം മറുപടി അറിയിച്ചില്ലെന്നും മറ്റുള്ളവരെ കൊണ്ട് എഴുതി്ച്ചു എന്നുമായിരുന്നു തമ്പിയുടെ പരാതി. മൂവായിരത്തിലധികം ഗാനങ്ങളുടെ രചയിതാവായ താന്‍ ഒരു സ്വയം പ്രഖ്യാപിത ഗദ്യകവിക്കുമുന്നില്‍ അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനത്തില്‍ ക്ലീഷേ പ്രയോഗമാണ് പ്രധാനമായും ഉണ്ടായിരുന്നതെന്ന സച്ചിദാനന്ദന്റെ പ്രതികരണം പിന്നീട് വളറെ മോശമായിരുന്നു തമ്പിയുടെ പ്രതികരണം. ഹിന്ദു സംഘടനയുടെ അവാര്‍ഡ് വാങ്ങിയതാണ് തന്റെ പാട്ടു തള്ളാന്‍ കാരണം, മുസ്ലിമുകള്‍ക്ക് ഇവിടെ ജീവിക്കാനാകുന്നില്ല എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്, കുഞ്ഞാലിക്കുട്ടി ഇവിടെ ജീവിക്കുന്നില്ലേ എന്നു തുടങ്ങി തന്തക്കു വിളിക്കാന്‍ പോലും അദ്ദേഹം മടിച്ചില്ല. അറിഞ്ഞിടത്തോളം കൃത്യമായ കമ്യൂണിക്കേഷന്‍ നടക്കാത്തതു തന്നെയാണ് അവിടേയും പ്രശ്‌നമായത്.
സത്യത്തില്‍ ഭൂതകാല കുളിരുകളില്‍ രമിക്കുന്ന ഒരാളോട് കേരളഗാനം എഴുതാനാവശ്യപ്പെട്ട അക്കാദമി തങ്ങള്‍ക്ക് വ്യക്തമായ സാംസ്‌കാരിക രാഷ്ട്രീയം ഇല്ലെന്നു തന്നെയാണ് വ്യക്തമാക്കിയത്. കേരളത്തിനാവശ്യം ഗൃഹാതുരത്വ ഗാനമല്ല. സവര്‍ണതയേയും ഫ്യൂഡലിസത്തേയും രാജഭരണത്തേയും പ്രകീര്‍ത്തിക്കുന്ന ഗാനമല്ല. ഇല്ലാത്ത അവകാശ വാദങ്ങളിലും മുന്‍ കാല പോരാട്ടങ്ങളിലും അഭിരമിക്കുന്ന ഗാനമല്ല. പ്രകൃതി സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്ന ഗാനമല്ല. സമസ്ത മേഖലകളിലും പ്രതിസന്ധി നേരിടുന്ന നാടിന് മുന്നോട്ടു പോകാനുള്ള ഈര്‍ജ്ജവും രാഷ്ട്രീയവും പ്രദാനം ചെയ്യുന്ന ഗാനമാണ്. ഏറ്റവും ചുരുങ്ങിയത് പദം പദം ഉറച്ചു നാം എന്നു തുടങ്ങുന്ന പഴയ ഐക്യകേരളഗാനത്തിന്റെ തുടര്‍ച്ചയെങ്കിലുമാകണമത്. അത്തരമൊന്നെഴുതാന്‍ കഴിവുള്ള കവികള്‍ ജീവിച്ചിരിപ്പുണ്ട് എന്നു തോന്നുന്നില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ വിവാദങ്ങളിലെല്ലാം അന്തര്‍ലീനമായ വിഷയം സാംസ്‌കാരിക രാഷ്ട്രീയത്തിന്റേതാണ്. അഥവാ അതില്ലാത്തതിന്റേതാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനകീയ പ്രതിപക്ഷം എന്നതാകണം സാംസ്‌കാരിക രാഷ്ട്രീയം. സര്‍ക്കാര്‍ സ്ഥാപനമായ അക്കാദമിക്ക് അതുണ്ടാകുക എളുപ്പമല്ല. കേരളത്തെ സംബന്ധിച്ച് മഹാഭൂരിപക്ഷം എഴുുത്തുകാരും സാംസ്‌കാരിക നായകരും ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎമ്മുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാണ്. അതിന്റെ അടിസ്ഥാന കാരണം സാംസ്‌കാരിക അധികാര സ്ഥാനങ്ങളും പുരസ്‌കാരങ്ങളും വേദികളും തന്നെ. അതിനാല്‍ തന്നെ അവരില്‍ മഹാഭൂരിഭാഗവും ഇത്തരം വേദികളില്‍ വന്ന് ഭരണകൂടത്തിനായി കയ്യടിക്കുന്നു. ജനകീയ പ്രതിപക്ഷം എന്ന വാക്കു തന്നെ മറക്കുന്നു. ഇപ്പോള്‍ തന്നെ ഈ സാഹിത്യോത്സവത്തെ പ്രകീര്‍ത്തിക്കുന്നവരെ മാത്രം നോക്കിയാല്‍ കാര്യം ബോധ്യമാകും. മാത്രമല്ല, ജനകീയ പ്രതിപക്ഷം എന്ന ആശയം ഉയര്‍ത്തിപിടിച്ച് വിട്ടുവീഴ്ചയില്ലാതെ ന്‌ലപാടെടുക്കുന്ന ന്യൂനപക്ഷത്തെ ഒഴിവാക്കുകയും ചെയ്തു. എല്ലാ വേദികളിലും കമ്മിസാറുമാര്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഇതുകൊണ്ടൊക്കെ തന്നെയാണ് സര്‍ക്കാര്‍ സാഹിത്യോത്സവം നടത്തേണ്ടതില്ല എന്നു തുടക്കത്തില്‍ സൂചിപ്പിച്ചത്.
പുറത്തുനിന്നു വരുന്നവരാകട്ടെ ഒരുപക്ഷെ കാര്യങ്ങള്‍ കൃത്യമായി അറിയാത്തതിനാലാകണം കേരളത്തേയും ഭരണത്തേയും പ്രകീര്‍ത്തിക്കുന്ന കാഴ്ചക്ക് ഈ ഉത്സവവും സാക്ഷ്യം വഹിച്ചു. ഉദാ പ്രകാശ് രാജ് തന്നെ. ദൈവങ്ങളുടെ സ്വന്തം നാട്, എന്നാല്‍ ദൈവങ്ങള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത നാട്, ഹിന്ദുത്വരാഷ്ട്രീയത്തിന് സ്വാധീനമില്ലാത്ത നാട് തുടങ്ങി പല വിശേഷങ്ങളും അദ്ദേഹം പറയുന്നുണ്ടായിരുന്നു. സത്യമെന്താണ്? ഇന്നു കേരളത്തില്‍ ശക്തിപ്പെടുന്ന രാഷ്ട്രീയം ഹിന്ദുത്വമല്ലാതെന്ത്? ഇസ്ലാമോഫോബിയ ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നല്ലേ ഇത്? തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും കിട്ടുന്നില്ലെങ്കിലും സാംസ്‌കാരികമായി നമ്മളിന്ന് എവിടെയാണ്? കേരളത്തിലെ സാഹിത്യോത്സവങ്ങളും മറ്റും ഹിന്ദുത്വഫാസിസത്തിനെതിരായ പ്ലാറ്റ് ഫോമുകളാണെന്നു അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നു. ഹിന്ദുത്വരാഷ്ട്രീയം എന്ന സെഷന്‍ പോലുമുണ്ടായില്ല. പരമാവധിയുണ്ടായത് മതരാഷ്ട്രം എന്ന്. കേരളത്തിലെ എഴുത്തുകാര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തിയായി പോരാടുന്നവരാണെന്നും അദ്ദേഹം ധരിച്ചതായി തോന്നി. സച്ചിദാനന്ദന്‍ മാഷെ തന്നെ പലവട്ടം ഉദ്ധരിച്ചു. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷം പോലും ബിജെപി ഭരിക്കുമ്പോള്‍ ഡെല്‍ഹിയില്‍ സാംസ്‌കാരിക അധികാര സ്ഥാനത്ത് അദ്ദേഹം ഇരുന്നിട്ടില്ലേ? പച്ചയായ പല യാഥാര്‍ത്ഥ്യങ്ങളും മറച്ചുവെച്ചാണ് നാം ഉത്സവങ്ങളില്‍ ആറാടുന്നത് എന്ന് സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
രവി .കെ.പി
February 10, 2024 at 5:50 am
കൃത്യമായ നിരീക്ഷണം. 1947 മുതൽ ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭാഷാപാഠ്യപദ്ധതി സ്വതന്ത്രമാകുന്നത് 1959 മുതലാണ്. പാഠ്യപദ്ധതിക്കു മുകളിലുള്ള ബ്രിട്ടീഷ് അധിനിവേശം ദുർബ്ബലമായ സാഹചര്യത്തിൽ സവർണ വരേണ്യതയാണ് അതിൻ്റെ സ്ഥാനത്ത് ശക്തമായത്. കേരളത്തിലെ ഭാഷാ-സാഹിത്യ പഠന പദ്ധതി തന്നെ സവർണവും ഹിന്ദുത്വ സാംസ്കാരികതയിലൂന്നിയതുമായിരുന്നു. സാഹിത്യ അക്കാദമികളെല്ലാം ഈ സാംസ്കാരികതയെ ആന്തരികമായി ഉൾക്കൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയത്. കേരളം ഉപരിതലത്തിൽ രാഷ്ട്രീയമായി ഇടതുപക്ഷമാണെന്ന് അറിയപ്പെടുമ്പോൾ പോലും ഈ സാംസ്കാരികതയെ ഒട്ടും അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 90കൾക്കു ശേഷം ദലിത് ആദിവാസി-പരിസ്ഥിതി മേഖലയിലുള്ളവർ ഈ വൈരുദ്ധ്യം പലതലങ്ങളിൽ വ്യക്തമാക്കാൻ ശ്രമിക്കുന്നതായി കാണാം. എന്നാൽ അവയ്ക്ക് മാധ്യമ ദൃശ്യത നഷ്ടപ്പെടുകയാണുണ്ടായത്. കേരളം കെട്ടി പൊക്കി കെട്ടിയിട്ടുള്ള സാംസ്കാരിക അടിത്തറ ഒട്ടും ജനാധിപത്യപരമായിരുന്നില്ല. പുകമറ സൃഷ്ടിക്കുക എന്നത് കേരളത്തിൻ്റെ നയപരിപാടിയാണ്. അതൊട്ടും ചലനാത്മകമല്ല.