ദലിത് കവിതക്ക് പേരിടേണ്ടത് ‘ചക്കക്കുരു മാങ്ങാമണം’ എന്നു തന്നെ
അനീഷ് പാറമ്പുഴയുടെ കവിതാസമാഹാരത്തിന് ‘ചക്കക്കുരുമാങ്ങാമണം’ എന്നു പേരിട്ടതിനെ വിമര്‍ശിച്ചതിനോടുള്ള പ്രതികരണം
ഉച്ചയ്ക്കു കറിവെയ്ക്കാന്‍, വീട്ടുമുറ്റത്തു നില്‍ക്കുന്ന മുരിങ്ങയില പൊട്ടിക്കുമ്പോള്‍ ചുറ്റിനും നോക്കും, അയല്‍ക്കാര്‍ ആരെങ്കിലും കാണുന്നുണ്ടോ എന്നറിയാന്‍. കണ്ടാല്‍ അവര്‍ ഉടനെ ചോദിക്കും, ‘എന്താ, കറിവെയ്ക്കാന്‍ ഒന്നും കിട്ടിയില്ലേ?’ എന്ന്. കടയില്‍ പോയി കറിവെയ്ക്കാനുള്ളതു വാങ്ങാന്‍ കാശില്ലാഞ്ഞിട്ടല്ലേ മുരിങ്ങയില പൊട്ടിക്കുന്നതെന്നതാകുമോ ആ ചോദ്യത്തിന്റെ ധ്വനി? അതുകൊണ്ട് മുരിങ്ങയിലയും കപ്പങ്ങയും പറമ്പില്‍ നിന്നും പറിക്കുമ്പോള്‍ ആരും കാണാതെ നോക്കിയേക്കാം…
എന്നാല്‍ മുരിങ്ങയിലയും പപ്പായയും വാഴക്കൂമ്പും വാഴപ്പിണ്ടിയുമെല്ലാം, ലുലു മാളിലെ ആള്‍ത്തിരക്കിനിടയില്‍, വെളിച്ചം വിതറുന്ന ചില്ലു കൗണ്ടറില്‍ നിന്നും, തള്ളിനടക്കാവുന്ന കൊട്ടയിലേക്കു എടുത്തു വെയ്ക്കുന്നതില്‍ ഒരിതുണ്ട്. പപ്പായ നാടനല്ലാതെ, ബ്രസീലില്‍ നിന്നോ മറ്റോ ദൂരങ്ങള്‍ താണ്ടി സ്റ്റിക്കറൊട്ടിച്ചു വിമാനത്തില്‍ വന്നതാണെങ്കില്‍, കൂടിയ വിലയുള്ള അതു വാങ്ങുമ്പോള്‍, മറ്റള്ളവര്‍ കാണുന്നതില്‍ അഭിമാനം കൂടും. നമ്മുടെ പര്‍ച്ചേസിംഗ് പവ്വര്‍ ഉയര്‍ന്ന്, നമ്മളും അപ്പര്‍ മിഡില്‍ ക്ലാസ് ലെവലില്‍ എത്തിയതില്‍ അന്തരാ അഹങ്കരിക്കുകയും, അതിന്റെ പ്രതിഫലനം അടുത്തുള്ള ആരെയും ശ്രദ്ധിക്കാത്ത, തികഞ്ഞ ഗൗരവമായി മുഖത്തും ചലനങ്ങളിലും വ്യാപിപ്പിക്കുകയും ചെയ്യും.
എന്താണ് മുറ്റത്തെ വാഴക്കൂമ്പും സൂപ്പര്‍ മാര്‍ക്കറ്റിലെ വാഴക്കൂമ്പും തമ്മിലെ വ്യത്യാസം? അല്ലെങ്കില്‍, എന്താണ് ചക്കക്കുരൂം മാങ്ങയും കൊണ്ടുള്ള മീനം-മേടംമാസ കറിയുടെ മണവും മക്‌ഡൊണാള്‍ഡ്‌സിന്റെ ഹംബര്‍ഗര്‍ ടേസ്റ്റും തമ്മിലുള്ള വ്യത്യാസം? ഒന്നാമത്തേത് നമുക്കൊരു വെല്ലുവിളിയോ സ്വപ്നമോ കീഴടക്കേണ്ട ഉപഭോഗസാമ്രാജ്യമോ അല്ല. അവ നമ്മോട് ഒന്നും അങ്ങോട്ട് ആവശ്യപ്പെട്ട് നമ്മെ പ്രചോദിപ്പിക്കുന്നില്ല. അവ ദൈനംദിന ജീവിതത്തിന്റെ പുതുമയില്ലാത്ത നിത്യവൃത്തിയാണ്. അതില്‍ ഇല്ലായ്മയുടെയും അവഗണനയുടെയും അവഹേളനത്തിന്റെയും ഭൂതകാലമുണ്ട്. അതിനകത്തൊരു ഫോക് ടച്ച് ഉണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
‘ഉടയോന്റെ മേടയിലുണ്ണികള്‍
പഞ്ചാരച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്‍
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍
പട്ടിണിയ്ക്കലയണമുച്ചക്കൊടുംവെയിലില്‍
അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതു
അയലത്തെ മേട്ടിലെ തോട്ടുവെള്ളം.’
എന്നിങ്ങനെ ‘വാഴക്കുല’യില്‍ ചങ്ങമ്പുഴ വരച്ചുവെച്ചതാണീ ഉപഭോഗ അസമത്വത്തിന്റെ വിലക്കുകളുടെ കണ്ണില്‍ച്ചോരയില്ലാത്ത ഫ്യൂഡല്‍ ലോകം. അന്ന് ജന്മിത്തമ്പുരാന്‍ നിര്‍ദാക്ഷിണ്യം വാഴക്കുല വെട്ടിക്കൊണ്ടു പോയപ്പോള്‍, അവിടെ പുലയന്റെ കുടിലിന്‍ മുറ്റത്ത് അവശേഷിച്ചതു അയാള്‍ക്കു വേണ്ടാത്ത വാഴത്തടയായിരുന്നു. അതിനകത്തെ വാഴപ്പിണ്ടി വെട്ടിനുറുക്കി ഉപ്പിട്ടു വേവിച്ചു, കൂടെ ഇത്തിരിപ്പിടി നെല്ലു വറുത്തു കുത്തി കഞ്ഞിയാക്കി ആയിരിക്കണം, അന്നു രാത്രിയും പിറ്റേന്നും തന്റെ മക്കള്‍ക്കു മലയപ്പുലയത്തി വിശപ്പാറ്റിക്കൊടുത്തത്. അന്നത്തെ തമ്പുരാന്റെ ഉണ്ണികള്‍ കഴിച്ച പഞ്ചാരച്ചുടുപാലട ഇന്ന് കെന്റകി ഫ്രൈഡ് ചിക്കനായിരിക്കുന്നു. അന്ന് അധ:കൃതരുടെ വീട്ടില്‍ സദ്യക്കു നെയ്യും പപ്പടവും വിളമ്പരുതെന്ന നാട്ടാജ്ഞകളും നാടുനീങ്ങിയിരിക്കുന്നു. അന്നത്തെ മനുസ്മൃതി തിട്ടൂരങ്ങളോടുള്ള പ്രതികാരം സാക്ഷാത്ക്കരിക്കപ്പെടുന്നത്, തമ്പ്രാക്കളുടെ പിന്‍തലമുറ പോകുന്ന അതേ സ്ട്രീറ്റിലൂടെ അവരെ ഓവര്‍ടേക്കു ചെയ്‌തെത്തി, അവര്‍ തിന്നുന്ന അതേ വിഭവം, അതേ ഹോട്ടലില്‍ നിന്നും കഴിച്ചു ഏമ്പക്കം വിടുമ്പോഴാണ്.
പക്ഷേ എന്നിട്ടുമിതാ, എത്ര കുടഞ്ഞു കളഞ്ഞാലും പോകില്ലെന്നു വാശി കാണിച്ചുകൊണ്ട്, വാഴപ്പിണ്ടിയും കൂമ്പും ചക്കക്കുരുവും മുരിങ്ങയിലയും കോളീഫ്‌ലവറിനും ക്യാരറ്റിനും ബീറ്റ്‌റൂട്ടിനുമൊപ്പം അവയെക്കാള്‍ ഗമയുള്ള വിലയോടെ, ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇപ്പോള്‍ സ്ഥാനം അലങ്കരിക്കുന്നു! ചരിത്രം ആരെ നോക്കിയാണ് പരിഹസിക്കുന്നത്? പഴയ ഉടയോന്റെ പുതിയ തലമുറ ഉണ്ണികള്‍ അവരുടെ ഷോപ്പിംഗ് സഞ്ചിയിലേക്കു കാശുകൊടുത്തു വാങ്ങി വെയ്ക്കുന്നതു മറ്റൊന്നുമല്ല, അന്ന് മേലാളന്‍ വേണ്ടാതെ ഇട്ടുപോയ വാഴപ്പിണ്ടി! വയറു നിറയ്ക്കാന്‍ മലയക്കിടാങ്ങള്‍ ചുട്ടുതിന്ന അതേ ചക്കക്കുരു! എന്നാല്‍ മലയപ്പുലയന്റെ പിന്‍തുടര്‍ച്ചക്കാരാകട്ടെ പണ്ടത്തെ വാഴക്കുലച്ചൂഷണത്തിന്റെ സാമൂഹ്യസാഹചര്യത്തില്‍ നിന്നും കുഗ്രാമങ്ങളെ പൊളിച്ചുകളഞ്ഞു കഷ്ടിച്ചു രക്ഷപ്പെട്ടു, ഉപഭോഗ നഗരത്തിന്റെ സ്വതന്ത്രവായുവിലേക്ക് പതുക്കെയെങ്കിലും എത്താറായിരിക്കുന്നു. അവിടെ കുട്ടികളെ മാടിവിളിക്കുന്നുണ്ട്, മഞ്ഞയും ചുവപ്പും വസ്ത്രം ധരിച്ചു കോമാളിത്തൊപ്പിയും ഉണ്ടമൂക്കുമായി ചിരിക്കുന്ന മക്‌ഡൊണ്‍ള്‍ഡ്‌സ് ഭക്ഷണശാല. പണ്ട് കിട്ടാത്ത രുചിസാമ്രാജ്യമെല്ലാം കുട്ടികള്‍ക്കു സാധിക്കുന്നതിനായി അവസരസമത്വത്തിലേക്കു കാലം ബലമായി കടന്നു വന്നിരിക്കുന്നു.
അപ്പോഴാണ് കേരളത്തിലെ ഒരു ചെറുപ്പക്കാരന്‍ കവി തന്റെ കവിതാസമാഹാരത്തിനു ‘ചക്കക്കുരുമാങ്ങാമണം’ എന്നു പേരിട്ടതു കാണുന്നത്. ഇത്തരം ഫോക് ലോര്‍ പ്രയോഗങ്ങളില്‍ മാത്രം ചുറ്റിത്തിരിയണോ ദലിത് സാഹിത്യം എന്ന് ഇതിനെതിരെ ദലിത്പക്ഷത്തു നിന്നുതന്നെ വിമര്‍ശനം വന്നിരിക്കുന്നു. കാരണം ചക്കക്കുരുവും മാങ്ങയും ചേര്‍ന്ന കൂട്ടാന്‍ ഒരു ഫോക് ലോര്‍ വിഷയമായതിനാല്‍ ദലിത് എഴുത്തിനെ ഫോക് ലോറിലേക്കു ചുരുക്കിക്കളയുന്ന സാമ്പ്രദായികതയെ ബോധപൂര്‍വ്വം മറികടക്കേണ്ടതുണ്ടിനി. ഇത്തരം ബിംബങ്ങളെ ദലിത് എഴുത്തുകാര്‍ അവരുടെ ഭാഷയില്‍ നിന്നും ഇറക്കിവിടണമെന്നാണ് വിമര്‍ശകന്റെ ആവശ്യം. നാല്പതുവയസ്സില്‍ താഴെയുള്ളവര്‍ രതിയിലേര്‍പ്പെടുമ്പോള്‍ തേക്കുപാട്ടു പശ്ചാത്തലത്തില്‍ കേള്‍ക്കണമെന്നു ശഠിക്കുമോ ഈ ഭൂതകാലപ്രണയികള്‍ എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. ചക്കക്കുരുമാങ്ങാമണം എന്ന തലക്കെട്ട് മനുസ്മൃതിക്കാലത്തേക്കുള്ള പിന്‍മടക്കത്തിന്റെ ആഹ്വാനം ഉള്‍ക്കൊള്ളുന്നതായും അതിനെ ദലിത് എഴുത്തുകാര്‍ ബോധപൂര്‍വ്വം മറികടക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു വിമര്‍ശകന്‍.
സത്യത്തില്‍ നമ്മള്‍ വിപണിയുടെ മായാക്കുരുക്കില്‍ പെട്ട് അതിന്റെ യുക്തികള്‍ വെച്ചാണ് സംസാരിക്കുന്നത്. വിപണിയുടെ ലോകത്ത് മൂല്യമുള്ളത് മാര്‍ക്കറ്റില്‍ വിലയുള്ളതിനാണ്. മാര്‍ക്കറ്റ് വിലയെന്നാല്‍ വസ്തുവിലേക്കു മൂലധനത്തിന്റെ പ്രവേശനമത്രേ. വീട്ടിലെ വളപ്പിലെ മുരിങ്ങയിലയില്‍ മൂലധനം പ്രവേശിച്ചു, അതിനെ മാര്‍ക്കറ്റിലെ കമ്മോഡിറ്റിയാക്കി ജ്ഞാനസ്‌നാനം ചെയ്യിക്കുന്നില്ലെങ്കില്‍ അതിനു യാതൊരു മൂല്യവുമില്ല. അതിനു മൂല്യമുണ്ടാകണമെങ്കില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകാരന്‍ അതിനെ കാശുമുടക്കി, ആളെ വെച്ചു പൊട്ടിച്ചെടുത്തു പാക്കുചെയ്തു മാളിലേക്കു ആനയിക്കണം. ചക്കക്കുരുവും പപ്പായയും ഇതേമാതിരി മൂലധനത്തിന്റെ മായൂരപിഞ്ചികയുടെ തലോടലേല്‍ക്കുമ്പോള്‍ മാത്രമേ വിപണിമൂല്യമുള്ള ഉല്പന്നമായി പരിവര്‍ത്തനം ചെയ്യപ്പെടൂ. മൂലധനമെന്നാല്‍ മനുഷ്യാധ്വാനത്തെ വിലക്കെടുക്കാന്‍ കെല്പുള്ള അത്ഭുത പ്രതിഭാസമത്രേ. മൂലധനത്താല്‍ നിയോ?ഗിക്കപ്പെട്ട മനുഷ്യാധ്വാനം പ്രയോ?ഗിക്കാത്ത ഒന്നിനും ആധുനികലോകത്തു മൂല്യമുണ്ടാകാത്തതിനാല്‍ നില്‍ക്കക്കള്ളിയില്ലാതായിരിക്കുന്നു. അപ്പോള്‍ അവയെല്ലാം പോയ ലോകത്തേക്കു നമ്മെ വശീകരിച്ചു നമ്മുടെ രക്തമാംസങ്ങള്‍ ഊറ്റിക്കുടിക്കുന്ന ഭൂതകാലത്തിന്റെ പ്രേതാത്മാക്കളായി തോന്നും!
അനീഷ് പാറമ്പുഴ
മറ്റൊരാള്‍ തന്റെ കാവ്യസമാഹാരത്തിനു ‘ഉമിക്കരി’ എന്നു പേരിട്ടെന്നിരിക്കട്ടെ. അതില്‍ കറുപ്പു നിറമുണ്ടെങ്കിലും, ഉമിക്കരി ഒരു ഫോക്- ഫ്യൂഡല്‍ ബിംബമായി ഇതേ വിമര്‍ശനബുദ്ധി അപ?ഹസിക്കും. വിലകെട്ട ഉമിക്കരിയിലേക്കും അതുണ്ടാക്കാന്‍ വേണ്ടി തലമുറകള്‍ പണിയെടുത്ത നെല്പാടത്തിലൊഴുക്കിയ അടിമപാരമ്പര്യത്തിന്റെ വിയര്‍പ്പിലേക്കും ദലിത് ജീവിതത്തെ വീണ്ടും കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ പ്രയോ?ഗമെന്നയാള്‍ പരിതപിക്കും. കാരണം ഉമിക്കരികൊണ്ടു തേച്ച പല്ലില്‍ പറ്റിയിരുന്ന തരിയുടെ- നൊസ്റ്റാള്‍ജിയയുടെ ആരാധകരാകരുത് ദലിതുകള്‍. പകരം കോള്‍?ഗേറ്റു ടൂത്ത്‌പേസ്റ്റിട്ടു ദന്തധാവനം ചെയ്താല്‍, പരസ്യത്തില്‍ അവകാശപ്പെടുന്ന ചിരിയുടെ ആത്മവിശ്വാസം കൈവരിക്കാനാണ് കുതിക്കേണ്ടത്. അവശേഷിപ്പുകള്‍ ബാക്കിവെയ്ക്കാതെ പൊട്ടിച്ചെറിയേണ്ട ഫ്യൂഡലിസത്തിന്റെ സിംബലാണ് ഉമിക്കരിയെങ്കില്‍, ഫ്യൂഡലിസത്തെ തച്ചുതകര്‍ത്തുകൊണ്ടു നിര്‍മ്മിക്കപ്പെട്ട പുരോ?ഗമന മുതലാളിത്ത ആധുനികതയുടെ ശാശ്വതപ്രതീകമാണ് കാശുകൊടുത്തു വാങ്ങുന്ന, പരസ്യത്തില്‍ വന്ന അതേ ടൂത്ത് പേസ്റ്റ്. വിലയില്ലാതെ വെറുതേ കിട്ടുന്ന ഉമിക്കരിയല്ല, വിലകൊടുത്തുകൊണ്ടു ദന്തം ശുചിയാക്കാന്‍ വരമരുളുന്ന പേസ്റ്റാണ് ആധുനികലോകപ്രണയിയുടെ ഹൃദയം കവരേണ്ടത്. എന്നാല്‍ ചാര്‍ക്കോള്‍ ദന്തശുചീകരണത്തിനു അത്യുത്തമമാണെന്നു നാം തിരച്ചറിയുന്ന വേളയില്‍, പേസ്റ്റുകമ്പനിക്കാര്‍ അവരുടെ ഉല്പന്നത്തില്‍ ചാര്‍ക്കോള്‍ ചേര്‍ത്തതിന്റെ പരസ്യം കൊടുക്കുമ്പോഴും, നമ്മള്‍ കൈയൊഴിഞ്ഞ ഉമിക്കരിയെ ചാര്‍ക്കോളായി നാം ഉള്‍ക്കൊള്ളില്ല. കാരണം ഉമിക്കരിയില്‍ മൂലധനം ആവേശിക്കാത്തതിനാല്‍ അതിനു വിപണിമൂല്യം എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല.
ഫോക് ആകുക എന്നാല്‍ അടിത്തട്ടു ജനതയുടെ ഭൂതകാലത്തിന്റെ മ്യൂസിയവല്‍ക്കരണം അതിലുണ്ട്. ഉമിക്കരി, വട്ടി, കൊട്ട, മുറം എന്നിങ്ങനെ ഇന്നത്തെ ഉപയോഗത്തിനു പ്രസക്തിയില്ലാത്ത ചരിത്രസ്മാരകങ്ങള്‍ എന്ന നിലയില്‍ പത്തുരൂപാ ടിക്കറ്റെടുത്തു കാണാനുള്ള കൗതുകമായി അവ എക്‌സിബിഷന്‍ ഹാളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. നിരന്തരപരിണാമിയായ ആധുനിക വിപണിയുടെ ലോകത്ത് ഫോക് എന്നാല്‍ അര്‍ത്ഥം ചലനരഹിതമായ പ്രാകൃതത്വം എന്നാണ്. പ്രാകൃതം/പരിഷ്‌കൃതം അഥവാ ഫോക് / നാഗരികം എന്ന വേര്‍തിരിവിന്റെ മാനദണ്ഡങ്ങളിലൊന്ന് വിലയില്ലാത്തത്, വിലയുള്ളത് എന്ന വിപണിയുക്തിയാണ്. അതാകട്ടെ മൂലധനനിര്‍മ്മിതമായ ഒരു മിത്താണ്. മുറ്റത്തെ പ്ലാവിലെ ചക്കക്കുരുവും മാവിലെ മാങ്ങയും വിലകൊടുത്തു വാങ്ങുന്നതല്ല. അതില്‍ അത്രയ്ക്കങ്ങോട്ടു മനുഷ്യാധ്വാനം ചെലുത്തിയിട്ടുമില്ല. പകരം ഇലയാകാനും മാങ്ങയാകാനും ഏറെ പരിശ്രമിച്ചതു പ്രകൃതിയാണ്. അതിന്റെ അധ്വാനത്തെ നാം വിലമതിക്കുന്നില്ല. കാരണം പ്രകൃതിയ്ക്കു അതിന്റെ അധ്വാനത്തിനു നാം തിരികെ കൂലിയൊന്നും കൊടുക്കുന്നില്ല. മലയപ്പുലയനുള്ളത് തന്റെ അധ്വാനത്തെ ജന്മി കവര്‍ന്നെടുത്തതിന്റെ അമര്‍ഷവും സങ്കടവുമാണ്. അയാളുടെ അധ്വാനത്തിനു യാതൊരു വിലയും തമ്പുരാന്‍ കണ്ടില്ല. തന്റെ സ്ഥലത്തുള്ളതെല്ലാം തനിക്കു അവകാശപ്പെട്ടതാണെന്ന ധാര്‍ഷ്ട്യത്താല്‍ ജന്മിക്കു പുലയന്റെ അധ്വാനമൂല്യം തിരിച്ചറിയാനാകാതെ പോയി. അതേപോലെ എന്റെ മുറ്റത്തു നില്‍ക്കുന്ന മുരിങ്ങയില്‍ ഇലകളുണ്ടാകുന്നതില്‍ പ്രകൃതിയുടെ അധ്വാനമൂല്യം ഞാനും തിരിച്ചറിയുന്നില്ല. മനുഷ്യാധ്വാനത്തിനപ്പുറം പ്രകൃതിയുടെ അധ്വാനത്തെ അളക്കാനുള്ള മൂല്യമാപിനി എന്റെ കൈവശമില്ലാതെപോയി. പുലയനോട് തമ്പുരാന്‍ എങ്ങനെയാണോ അതേ മനോഭാവമാണ് പ്രകൃതിയോട് മൂലധനത്താല്‍ വിലയ്‌ക്കെടുക്കപ്പെട്ട അധ്വാനത്തിന്റെ ഉടമയായ തൊഴിലാളിയുടേത്. അധ്വാനത്തിന്റെ കൂലി കണക്കുപറഞ്ഞു ചോദിക്കുമ്പോള്‍ മാത്രമേ മുതലാളിയുടെയും, കൂലിത്തൊഴിലാളിയുടെയും ലോകത്ത് ഏതധ്വാനത്തിനും വിലയുള്ളൂ. തന്റെ അധ്വാനത്തിനുള്ള കൂലിക്കു പ്രകൃതി കണക്കു പറയാത്തതിനാല്‍ മുതലാളിയുടെയും തൊഴിലാളിയുടെയും നിത്യഅടിമയാണ് പ്രകൃതി. കൂലിയില്ലാത്ത വേല പ്രകൃതിയുടെ കടമയായി, സ്വാഭാവികതയായി നാം കാണുന്നു. ജന്മി മലയപ്പുലയ കുടുംബത്തെ കണ്ടതും ഇതേ കണ്ണു കൊണ്ടത്രേ.
ചക്കക്കുരുവും വാഴപ്പിണ്ടിയും മാങ്ങയുമെല്ലാം കേരള പ്രകൃതിയുടെ കൂലിയതീതമായ വേലയില്‍ നിന്നുള്ള വിഭവങ്ങളാണ്. ‘തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതകക്കിങ്ങിണി സൗഗന്ധികസ്വര്‍ണ്ണമായ് തീരു’ന്നു എന്നാണ് പ്രകൃതിയുടെ ഈ വിലമതിക്കാനാവാത്ത വേലയെപ്പറ്റി വൈലോപ്പിള്ളി ഓര്‍മ്മിപ്പിച്ചത്. അമൂല്യമായ ഈ നാട്ടുവിഭവങ്ങള്‍ സുലഭമായി കിട്ടിയിരുന്നതിനാലാണ് തമ്പുരാന്‍ കുലവെട്ടിക്കൊണ്ടു പോയപ്പോഴും, അടിത്തട്ടുവര്‍ഗങ്ങള്‍ക്കിവിടെ നിവര്‍ന്നു നില്‍ക്കാനായതും, പാടത്തും പറമ്പിലും കൊത്തിക്കിളക്കാനായതും, ഉടയോന്റെ തിരുമുറ്റത്ത് കാഴ്ചക്കുലയും കനകക്കതിരും സമര്‍പ്പിക്കാനായതും. അതായത് അടിത്തട്ടുവര്‍ഗത്തിന്റെയും അവരെ താങ്ങിനിര്‍ത്തിയ പ്രാദേശിക ഭൂപ്രകൃതിയുടെയും കൂലിയതീതമായ വേലയാണ് നാടന്‍പാട്ടും നാലുകെട്ടും ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും കഥകളിയും തിരുവാതിരയുമൊക്കെയായി കേരളമായി മാറിയത്. വാസ്‌ക്കോഡഗാമ മുതല്‍പേര്‍ കുരുമുളകിന്റെ രൂപത്തില്‍ കടത്തിക്കൊണ്ടുപോയതും ഇതേ മനുഷ്യ-പ്രകൃതി അധ്വാനത്തെയാണ്. ആധുനിക യൂറോപ്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അധ്വാനത്തിന്റെ മിച്ചമൂല്യമല്ല, മുതലാളിത്തത്തിന്റെ വളര്‍ച്ചക്കു അടിത്തറയിട്ട മുലധനത്തെ സൃഷ്ടിച്ചത്, പകരം കോളനി രാജ്യങ്ങളിലെ കൂലിയതീത വേലചെയ്യുന്ന അടിത്തട്ടു സമൂഹങ്ങളുടെ അധ്വാനമാണ് യൂറോപ്യന്‍ മുതലാളിത്തത്തിനുള്ള ധനസമാഹരണമായി മാറിയതെന്നു റോസ ലക്‌സംബര്‍ഗ് നിരീക്ഷിക്കാന്‍ കാരണമിതാണ്.
ഇപ്രകാരം പ്രകൃതിയുടെയും അടിത്തട്ടു സമൂഹങ്ങളുടെയും കൂലിയതീത അധ്വാനത്തിന്റെ മൂല്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് ആധുനികത അതിന്റെ അപ്രമാദിത്വത്തില്‍ വിരാജിക്കുന്നത്. മൂലധനവും കൂലിവേലയും ഭരണകൂടവും ചേര്‍ന്നുള്ള കള്ളക്കളിയാണിവിടെയുള്ളത്. അടിത്തട്ടു മനുഷ്യ-പ്രകൃതിയുടെ കൂലിയതീത അധ്വാനത്തെ അംഗീകരിക്കുക എന്നാല്‍ അവരുടെ സ്വയംഭരണത്തെയും അതിനാധാരമായ സ്വാശ്രിതത്വത്തെയും അംഗീകരിക്കുക എന്നതാണ്. അതോടെ ചക്കക്കുരുവും ഉമിക്കരിയും അതിന്റെ ഫോക് പദവിയില്‍ നിന്നും വിമോചനം നേടി ജീവിതോപയോഗത്തിലേക്കു ആനയിക്കപ്പെടും. ഇത് ഭരണകൂടത്തിനു മേലുള്ള അടിത്തട്ടു സമൂഹങ്ങളുടെ ആശ്രിതത്വത്തെ വെട്ടിക്കുറയ്ക്കുന്നതും തല്‍ഫലമായി അതിന്റെ അധികാരത്തെ ലഘൂകരിക്കുന്നതുമാണ്. മാത്രമല്ല വിപണിയോടുള്ള ആശ്രിതത്വത്തെ പരിമിതപ്പെടുത്തുന്നതിനാല്‍ അടിത്തട്ടു സമൂഹങ്ങളില്‍ നിന്നും ഭരണകൂടത്തിനുള്ള നികുതിവരവും കുറയ്ക്കുന്നു ഇത്. (ഭരണകൂടത്തിന്റെ മുഖ്യഭയം ഇതാണ്) കൂലിയതീതവേലയെ അംഗീകരിക്കുകയെന്നാല്‍ മൂലധനാര്‍ത്തിക്കു കടിഞ്ഞാണിട്ടുകൊണ്ട് സമൂഹമാകെ സ്വയം കൂലിയതീതവേലയ്ക്കു തയ്യാറാകുക എന്നാണ്. അപ്പോള്‍ കുടുംബത്തില്‍ അമ്മയെപ്പോലെ അച്ഛനും പാത്രം കഴുകാനും പാചകം ചെയ്യാനും കൂടും
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നു മുതലാളിയുടെയും ആധുനികതൊഴിലാളി വര്‍ഗത്തിന്റെയും (മൂലധനത്തിന്റെയും കൂലിവേലയുടെയും) എന്നതിലുപരി അടിത്തട്ടുജനതയുടെയും (മുന്‍കോളനിരാജ്യങ്ങളിലെ ദളിതര്‍, ആദിവാസികള്‍, പിന്നാക്കവര്‍ഗം, സ്ത്രീകള്‍ എന്നിവര്‍) പ്രകൃതിയുടെയും കൂലിയതീതമായ വേലയുടെ മൂല്യത്തെ- ലോകത്തിന്റെയാകെ നിലനില്പിനു ആധാരമായ വ്യവസ്ഥയെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യണമെന്ന ബോധ്യത്തിലേക്കു കാലം നമ്മെ എത്തിച്ചിരിക്കുന്നു. മൂലധനത്തിന്റെ ആസക്തിക്കും പണത്തിന്റെ അളവിനും എല്ലാം വിധേയമാകുന്നതോടെ ഇല്ലാതെയാകുന്നതു മാനുഷികബന്ധങ്ങളും, മനുഷ്യരും പുറംലോകവും തമ്മിലുള്ള പാരസ്പര്യവുമാണെന്നു നാം അറിഞ്ഞുവരുന്നു. അതായത് മുരിങ്ങയിലും ചക്കക്കുരുവിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നതു ജന്മിത്തത്തിനും മുതലാളിത്തത്തിനും അതീതമായ പ്രകൃതി-മനുഷ്യാധ്വാനത്തിന്റെ കൂലിയതീതമായ മൂല്യസാകല്യമാണ്. വിപണിയുടെ കൃത്രിമരൂചിക്കൂട്ടുകള്‍ക്കു എത്ര പരിശ്രമിച്ചാലും ഇവയുടെ അമൂല്യതയെ പകരം വെയ്ക്കാന്‍ കഴിയില്ല. കാരണം അവ മൂലധനത്തിന്റെ നിര്‍മ്മാണവ്യവസ്ഥകള്‍ക്കു വിധേയമായി രൂപംകൊണ്ടവയല്ല തന്നെ.
മൂലധനവ്യവസ്ഥ മനുഷ്യജീവിതത്തിന്റെ എല്ലാ അണുവിലും കടന്നുകൂടിയ അമേരിക്കയില്‍, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പലചരക്കുസാധനങ്ങള്‍ കിട്ടുന്ന കടകള്‍ തീരെ കുറവാണെന്നു പറയുന്നു. എന്നാല്‍ ഫാസ്റ്റ് ഫുഡ്ഡും കോളയും കിട്ടുന്ന കടകള്‍ എത്രയെങ്കിലുമുണ്ടവിടങ്ങളില്‍. ഇത്തരം ചീപ് ഫുഡ് മാത്രം കിട്ടുന്ന ഇടങ്ങളെ വിശേഷിപ്പിക്കാന്‍ ആംഗലേയത്തില്‍ പുതിയ ഒരു പ്രയോ?ഗം വന്നുചേര്‍ന്നിട്ടുണ്ട്. അതിനാണ് ‘ഫുഡ് ഡെസര്‍ട്ട്’ (ഭക്ഷ്യമരുഭൂമി) എന്നു പറയുന്നത്. പോഷകദരിദ്രവും രോ?ഗങ്ങള്‍ പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവിഭവങ്ങള്‍ സുലഭമായതിനാലും പോഷകസമ്പന്നമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കിട്ടാത്തതിനാലുമാണ് ഇത്തരം സ്ഥലങ്ങളെ ഭക്ഷ്യമരുഭൂമികള്‍ എന്നു വിളിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കറുത്തവര്‍ഗക്കാരില്‍ വെളുത്തവരെ അപേക്ഷിച്ചു പൊണ്ണത്തടിയും സമാനരോഗങ്ങളും വളരെയേറെയാണെന്നു കണക്കുകള്‍ കാണിക്കുന്നു. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ ജനതയാണ് അവിടുത്തെ റെഡിമെയ്ഡ് ഭക്ഷണത്തിന്റെ മുഖ്യഉപഭോക്താക്കള്‍. അത്തരം ഭക്ഷണം അവിടെ സര്‍ക്കാരിന്റെ സ്ബ്‌സിഡിയോടെ കമ്പനികള്‍ ഉല്പാദിപ്പിക്കുകയും, കുറഞ്ഞവിലയ്ക്കു വില്‍ക്കുകയും, സാധാരണജനതയെയാകെ അവയുടെ ഇരകളാക്കി മാറ്റി, നിത്യരോഗികളാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അമേരിക്കയിലെ സമ്പന്നര്‍ക്കാകട്ടെ, പഴങ്ങളും പച്ചക്കറികളും മറ്റും വാങ്ങാന്‍ പാകത്തില്‍ അവര്‍ക്കു സമീപം അത്തരം കടകളുണ്ട്. അതിനാല്‍ അത്തരം സ്ഥലങ്ങളെ ‘ഫുഡ് ഒയസിസ് ‘ (ഭക്ഷ്യമരുപ്പച്ച) എന്നാണ് വിളിക്കുന്നത്. അങ്ങനെ ഭക്ഷ്യവ്യവസായത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാശുള്ളവര്‍ക്ക് അവിടെ കഴിയുന്നു. ജനാരോ?ഗ്യത്തെ അപകടത്തിലാക്കുന്ന വിധം ഭക്ഷ്യവ്യവസായത്തിനു കുടപിടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അവിടെ ജനരോഷമുണരുന്നതിനൊപ്പം ഇതരരാജ്യങ്ങളിലേക്കു കൂടി ആഗോള ഭക്ഷ്യവ്യവസായം വലവീശിയിരിക്കുകയാണ്
ലാഭമാത്രാധിഷ്ഠിതമായ മൂലധനം ഭക്ഷ്യോല്പാദനത്തില്‍ വരുത്തിവെച്ചിരിക്കുന്ന മനുഷ്യത്വരാഹിത്യമായിട്ടു വേണം ‘ഭക്ഷ്യമരുഭൂമി’കളെ കാണാന്‍. അതിന്റെ ഏറ്റവും വലിയ ഇരകള്‍ തങ്ങളുടെ പ്രാദേശിക ‘ഭക്ഷ്യമരുപ്പച്ച’യില്‍ നിന്നും കോളനി അധിനിവേശത്താല്‍ പുറന്തള്ളപ്പെട്ട ലോകമാസകലമുള്ള അടിത്തട്ടു ജനസമൂഹങ്ങളാണ്. അമേരിക്കയില്‍ അത് കറുത്തവര്‍ഗമാണെങ്കില്‍, മെക്‌സിക്കോയില്‍ അത് അവിടുത്തെ സാധാരണ മനുഷ്യരാണ്. മൂലധനാധിനിവേശം നമ്മുടെ പ്രാദേശിക ഭക്ഷ്യവ്യവസ്ഥയെ തകിടം മറിച്ച് ആധുനിക ഭക്ഷ്യവ്യവസായത്തിന്റെ ഇരകളാക്കി മാറ്റിയതിനാല്‍, ഇന്നു കേരളത്തില്‍ അത്രയധികം രോഗാതുരരായി സര്‍ക്കാര്‍ ആശുപത്രികളുടെ ദയാദാക്ഷിണ്യത്തിനായി കാത്തുകിടക്കുന്നവര്‍ അമേരിക്കയിലെ കറുത്തവരെന്നതുപോലെ അടിത്തട്ടുജനമാണ്. മുമ്പ് സമ്പന്നന്റേതു മാത്രമെന്നു പറഞ്ഞിരുന്ന പൊണ്ണത്തടിയും പ്രമേഹവുമെല്ലാം ഇന്നു സാധാരണക്കാരുടെ രോഗങ്ങളായി മാറി അവരെ അത്രയേറെ അലട്ടി സാമ്പത്തികമായിക്കൂടി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. പട്ടിണിയുടെയും പരിവട്ടത്തിന്റെയും ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ നിന്നും മള്‍ട്ടി കളര്‍ മുതലാളിത്തത്തിലെത്തിയപ്പോള്‍ എന്താണു സംഭവിക്കുന്നതെന്നറിയണമെങ്കില്‍ മെഡിക്കല്‍ കോളേജിലും ആര്‍.സി.സി.യിലും പോയി, അവിടെയെത്തുന്നവരില്‍ അടിത്തട്ടുസമൂഹങ്ങള്‍ എത്രയാണെന്നും, അവരുടെ അരക്ഷിതത്വം എവിടംവരെയെന്നും നോക്കിയാല്‍ മതി.
അശോകകുമാര്‍ വി.
അതുകൊണ്ട്, അന്നു ചക്കയും മുരിങ്ങയിലയും ഗതികേടിന്റെ കച്ചിത്തുരുമ്പുകളായിരുന്നെങ്കില്‍, ഇന്നവ സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും കവര്‍ന്നെടുത്തു, ഉപരിവര്‍ഗത്തിനു സ്വാഭാവികാരോഗ്യം വാഗ്ദാനം ചെയ്യുന്ന റോയല്‍ വിഭവങ്ങളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടിരിക്കുന്നു. ഭക്ഷ്യവ്യവസായത്തിന്റെ ആഗോളലോകത്ത് ഇവ സാധാരണക്കാര്‍ക്കു കൈയെത്താന്‍ പറ്റാത്ത വിധം അമേരിക്കയിലേതു പോലെ അപ്രാപ്യമാകുന്ന കാലമാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് ദലിത്കവിതയ്ക്കു പേരിടേണ്ടത് ‘ചക്കക്കുരുമാങ്ങാമണ’മെന്നു തന്നെയാണ്. അത് അടിത്തട്ടു ജനതയും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ മുദ്ര പേറുന്നുണ്ട്. അത് ഭക്ഷ്യാധിനിവേശത്തിനെതിരെയുള്ള പ്രാദേശിക ചെറുത്തുനില്‍പ്പിന്റെ നവോര്‍ജ്ജത്തെയും വഹിക്കുന്നുണ്ട്. പ്രകൃതിയുടെയും അടിത്തട്ടു സമൂഹത്തിന്റെയും കൂലിയതീതവേലയുടെ മൂല്യത്തിന്റെ നാട്ടുമണവും ചക്കക്കുരുമാങ്ങയില്‍ ആസ്വദിക്കാം. ദലിത് കവിതയ്ക്കു ഇങ്ങനെയൊരു പേര് തെരഞ്ഞെടുക്കുന്നതിന്റെ അര്‍ത്ഥം ദലിത് സാഹിത്യം കഴിഞ്ഞകാലത്തോടു മാത്രമല്ല വര്‍ത്തമാനദുരിതങ്ങളോടും രാഷ്ട്രീയമായി ഇടയുന്നു എന്നാണ്. കാരണം നമുക്കിനി ഏറെ കണക്കു തീര്‍ക്കാനുള്ളത് അദൃശ്യ വശീകരണമായ ഇന്നത്തെ ചതിക്കുഴികളോടാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in