വിമോചനവര്‍ണ്ണനകളിലെ വര്‍ഗ്ഗവിദ്വേഷങ്ങള്‍.

സി.വി ബാലകൃഷ്ണന്റെ ‘രതിസാന്ദ്രത’ എന്ന നോവലൈറ്റ് വിമര്‍ശിക്കപ്പെടുന്നു.

ലോകത്തില്‍ കണ്ടെടുക്കപ്പെട്ട ഏറ്റവും പ്രാചീനമായ സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കിയ രചനകള്‍ ഗ്രീക്ക് കവിയത്രി സാഫോ (SAPPHO) യുടേതാണ്. വെളിച്ചത്തില്‍ നിന്ന് വിലക്കപ്പെട്ട സത്യങ്ങളുടെ അവതരണം എക്കാലത്തെയും പോലെ ആരോപകരുടെ വാദം മാത്രം പരിഗണിക്കപ്പെടുന്ന വിചാരണക്ക് വിധേയമായിരുന്നു. സ്ത്രീകള്‍ക്കിടയിലെ, പ്രകൃതിവിരുദ്ധമെന്ന് കരുതിപ്പോന്നിരുന്ന ബന്ധങ്ങളുടെ പ്രോത്സാഹന സാധ്യത മുന്‍നിര്‍ത്തി ഈ കൃതി നൂറ്റാണ്ടുകളോളമാണ് നിരോധിക്കപ്പെട്ടത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി ആരാധിക്കപ്പെടുന്ന പടിഞ്ഞാറിന്റെ കോടതികളില്‍ ലൈംഗിക അതിപ്രസരം ചുമത്തി നിരോധിക്കാന്‍ ഉത്തരവിട്ട കൃതികളില്‍ DH Lawrence ന്റെ ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍ അടക്കമുള്ളവ ഉള്‍പ്പെടും. പ്രസാധകരുടെ നീണ്ടകാലത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇവയുടെ നിരോധനം നീക്കി കിട്ടിയതും വളരെ പെട്ടെന്ന് പ്രചാരം ലഭിച്ചതും. മതങ്ങള്‍ വഴിമുടക്കിയതുകൊണ്ട് ആയിരക്കണക്കിനാണ്ടുകള്‍ വൈകിയോടുന്ന വണ്ടിയാണ് ശാസ്ത്രം എന്ന പ്രശസ്തമായ നിരീക്ഷണം പോലെ, ജാതീയതയും അനുബന്ധ സാമൂഹ്യഘടനകളും കൊളോണിയല്‍ അധിനിവേശവും കാരണം ആഗോള വര്‍ത്തമാനത്തിന് ഒപ്പമെത്താന്‍ കിതച്ചോടുന്ന ഒരു മൂന്നാം ലോക രാജ്യമാണ് നമ്മുടേത്. ഈ ഈ കിതപ്പും ആയാസവും ജനസാമാന്യത്തെ സ്പര്‍ശിക്കുന്ന സമസ്തമേഖലകളിലും ഒരു ജനിതകവ്യാധി പോലെ പടര്‍ന്നുകിടക്കുന്നു. ഭൗതികവും ബൗദ്ധികവുമായ ഈ മെല്ലെപ്പോക്കാണ് ലോക സാഹിത്യത്തിലേയും കലയിലേയും പുതിയ പ്രവണതകളെ തിരിച്ചറിയുന്നതിനും സൃഷ്ട്യുന്മുഖമായ സംഭാവനകള്‍ നല്‍കുന്നതിനും നമുക്ക് തടസ്സമായി തുടരുന്നത്.

മലയാളത്തിലെ പ്രഖ്യാപിത പുതുമകള്‍ അരനൂറ്റാണ്ടു പഴക്കമോടെ തുടരുന്നതാണെന്നും യാഥാസ്ഥിതികമായ കാല്പനികതയില്‍ അത് കുരുങ്ങി കിടക്കുകയാണെന്നുമൊക്കെയുള്ള നിര്‍ദയമായ വിമര്‍ശനങ്ങള്‍ നമ്മുടെ സാഹിത്യം ഏറ്റുവാങ്ങേണ്ടി വരുന്നതിന് നമ്മുടെ രാഷ്ട്രീയ ഭൂതകാലത്തിനുള്ള പങ്ക് ചെറുതല്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ സ്വവര്‍ഗ്ഗപ്രണയം പരാമര്‍ശിക്കപ്പെടുന്ന സര്‍ഗ്ഗസൃഷ്ടികള്‍ ലോക കലാ-സാഹിത്യ രംഗങ്ങളില്‍ ഉദയം ചെയ്തതിനുശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് മലയാളത്തില്‍ പ്രമേയ സ്വീകരണം നടത്തിയത്. എന്നാല്‍ കേരളീയന്റെ മൂടുപട സദാചാരം, ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ഈയടുത്താണെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഹോമോസെക്ഷ്വാലിറ്റി പ്രമേയമാക്കിയ മലയാള കൃതികളെ കുറിച്ച് പറയുമ്പോള്‍ എടുത്തുപറയേണ്ടവ ടിവി നന്ദകുമാറിന്റെ ‘രണ്ടു പെണ്‍കുട്ടികള്‍’, മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങള്‍’ എന്നിവയാണെങ്കിലും അന്നോളം ആരും അവതരിപ്പിക്കപ്പെടാതിരുന്ന ഈ പ്രമേയം ‘ശബ്ദങ്ങള്‍’ എന്ന രചനയിലൂടെ ആദ്യമായി അവതരിപ്പിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. പൊന്‍കുന്നം വര്‍ക്കിയുടെ ‘നിവേദനം’ എന്ന കൃതിയിലും ചങ്ങമ്പുഴ കവിതയായ ‘ആശ്രമമൃഗ’ത്തിലും ഈ ആശയം കടന്നു വരുന്നുണ്ടെങ്കിലും അത് നേരിട്ട് പറയാത്ത തരം അദൃശ്യാവതരണങ്ങള്‍ ആയിരുന്നു എന്നു കാണാം. പിന്നീട്, രണ്ടു പെണ്‍കുട്ടികള്‍ (1978), ദേശാടനക്കിളി കരയാറില്ല(1986), ഋതു(2009), മുംബൈ പോലീസ്(2015), മൂത്തോന്‍ (2019) തുടങ്ങിയ ചുരുക്കം ചലചിത്രങ്ങളിലൂടെ മലയാള സിനിമാലോകം സ്വവര്‍ഗ്ഗാനുരാഗത്തെ ആവിഷ്‌കരിച്ചു.

 

 

 

 

 

 

 

 

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016 ഓണം സ്‌പെഷ്യല്‍ ലക്കത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച സി വി ബാലകൃഷ്ണന്റെ ‘രതിസാന്ദ്രത’ എന്ന കഥ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രമേയം ഉപരി മധ്യവര്‍ഗ സംസ്‌കാരത്തെ പ്രമേയമാക്കിയുള്ള ലെസ്ബിയന്‍ പ്രണയമാണ് (സ്ത്രീ- സ്വവര്‍ഗ പ്രണയം) ഹമറുന്നീസ, ഷേഫാലി എന്നീ നായികാ കഥാപാത്രങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന അനതിസാധാരണമായ അടുപ്പവും അത് ഉടലുകളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലേക്ക് നീളുന്നതുമെല്ലാം കഥയില്‍ തുടര്‍ച്ച നഷ്ടപ്പെടാതെ അടയാളപ്പെടുത്തുന്നു. ബലാല്‍ക്കാരത്തോടെയല്ലാത്ത അപ്രിയ ലൈംഗിക ബന്ധം പോലും സ്ത്രീയിലേല്‍പ്പിക്കുന്ന വൈകാരിക ക്ഷതങ്ങളുടെയും അവര്‍ എത്തിപ്പെടുന്ന സ്വത്വപ്രതിസന്ധിയുടെയും വ്യക്തതയുള്ള ആഖ്യാനം കഥയില്‍ കാണാം. ഭര്‍ത്താവില്‍നിന്ന് തന്നിലേക്ക് പ്രവഹിക്കുന്ന അറപ്പിക്കുന്ന സ്രവത്തിന്റെ ദുര്‍ഗന്ധമകറ്റാന്‍ ഏത് അറേബ്യന്‍ പരിമളത്തിനാണ് കഴിയുക എന്ന് അറപ്പ് കലര്‍ന്ന നിര്‍വികാരതയോടെ ചിന്തിക്കുന്ന ഹൈമറുന്നീസ എന്ന നായികാസൃഷ്ടി, താനാകുന്ന രീതിയില്‍ തന്നെ അംഗീകരിക്കാന്‍ കഴിയുന്ന ശക്തയായ സ്ത്രീയുടെ പ്രതിനിധാനമാണ്. അതുപോലെതന്നെ ഗര്‍ഭകാലം പൂര്‍ത്തിയാകും മുന്‍പ് കുഞ്ഞിനെ നഷ്ടപ്പെട്ട ഈ കഥാപാത്രം ശിഷ്ടകാലം അതോര്‍ത്ത് വിലപിക്കുന്നില്ല എന്നു മാത്രമല്ല, മറ്റൊരു ഗര്‍ഭധാരണത്തിനുള്ള താല്പര്യമേതുമില്ലാതെ ജീവിതം സാധാരണരീതിയില്‍ തുടരുകയുമാണ്. മാതൃത്വത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ട് സ്ത്രീയെ വശംവദയാക്കിപ്പോന്നിരുന്ന ആധിപത്യ മൂല്യങ്ങള്‍ ഈ പാത്രസൃഷ്ടിയിലൂടെ കനത്ത പ്രഹരത്തിരയാകുന്നുണ്ട്. മറ്റൊരു നായികയായ ഷേഫാലി കൗമാരപ്രായത്തില്‍ തന്നെ സഹോദരീ ഭര്‍ത്താവിനാല്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നവളാണ്. താന്‍ നേരിട്ട പ്രതിസന്ധികളെ സദാചാരപരമായ പാപഭാരങ്ങളോട് ചേര്‍ത്തുവയ്ക്കാതെ, ഏകാന്താനന്ദങ്ങളുടെ ഒരു മരു ലോകം സൃഷ്ടിച്ച് മറികടക്കുന്ന ഈ കഥാപാത്രവും പരമ്പരാഗത വീക്ഷണങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ട്.

എന്നാല്‍ കഥ പറയാന്‍ തിരഞ്ഞെടുത്ത പശ്ചാത്തലം; അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച ആശയത്തെ പാടേ വിഴുങ്ങുന്നു എന്നതാണ് ഈ കഥയെ സംബന്ധിക്കുന്ന പ്രധാന ന്യൂനത. ആശയാവതരണത്തിന് കഥാകൃത്ത് തിരഞ്ഞെടുത്ത ഉപരിവര്‍ഗ സാമൂഹിക പരിസരം വ്യക്തമായ അടിസ്ഥാനവര്‍ഗ്ഗ വിരുദ്ധ പ്രസ്താവനകളിലേക്ക് നയിക്കുന്നതായി കാണാം. ഉപരിവര്‍ഗ്ഗം വരേണ്യേതര വിഭാഗത്തോട് വെച്ചുപുലര്‍ത്തുന്ന പരിഹാസ മനോഭാവം സര്‍ഗസൃഷ്ടികളില്‍ സാധൂകരിക്കപ്പെടുന്നത് ഗൗരവതരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. കഥയുടെ ഒരു ഭാഗത്ത് നായിക, താന്‍ തെരുവില്‍നിന്ന് പറിച്ചെടുത്തു നട്ട തക്കാളിച്ചെടിയെ പൂവിടാത്തതിന്റെ പേരില്‍ പഴിക്കുന്ന സന്ദര്‍ഭമുണ്ട്. ‘ഇതുപോലൊരെണ്ണം എന്റെ ചട്ടിയില്‍ വന്നു പിറന്നല്ലോ എന്ന് പരിഭവിച്ചു കൊണ്ടാണ് അവള്‍ അതിനെ നനച്ചിരുന്നത്. അതൊന്നും തക്കാളിച്ചെടിയെ ലജ്ജിപ്പിച്ചിരുന്നില്ല. പുറമ്പോക്കിന്റെ പാരമ്പര്യമല്ലേ’ – എന്നിങ്ങനെയുള്ള വാചകങ്ങളിലൂടെയാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം വന്നാലും തെരുവിന്റെ/ പുറമ്പോക്കിന്റെ സംസ്‌കാരം അധമമായി തന്നെ തുടരുമെന്ന പൊതുബോധം ‘ജാത്യാലുള്ളത് തൂത്താല്‍ പോവില്ല’ എന്ന പിന്തിരിപ്പന്‍ പഴമൊഴിയുടെ നവ നിര്‍മ്മാണമല്ലാതെ മറ്റൊന്നുമല്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ ‘ചെന്നൈ പുറമ്പോക്ക് പാടല്‍’ എന്ന കര്‍ണാടക സംഗീത ആല്‍ബം, ആധുനിക ഭരണകൂടം വികസനത്തിന്റെ പേരില്‍ നടത്തുന്ന കുടിയൊഴിപ്പിക്കലും പ്രകൃതി ചൂഷണവും എങ്ങനെ പുറമ്പോക്കുകള്‍ സൃഷ്ടിക്കുന്നു എന്നാണ് ചര്‍ച്ച ചെയ്യുന്നത് (കാലത്തിനൊപ്പം കലയും മാറണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ട ദൃശ്യാവിഷ്‌കരണം പ്രമേയത്തിലെ ഒരു കാലത്തുമില്ലാത്ത പുതുമകൊണ്ട് കര്‍ണ്ണാടക സംഗീതത്തിലെ വിമത ശബ്ദമായാണ് വിശേഷിപ്പിക്കപ്പെടുന്നത്) പുറമ്പോക്കിന്റെയും ഭൂരഹിതരുടെയും ചരിത്രം ആധുനിക ഭരണകൂടത്തിന്റെ മാത്രം ചരിത്രമല്ല. ഭൂമിയുടെ കൈവശാവകാശം ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായിരുന്ന സഹസ്രാബ്ദങ്ങളുടെ ഭൂതകാലവും നമുക്കുണ്ട്. അന്ധമായ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരും അവകാശപ്പെടാന്‍ യാതൊന്നുമില്ലാതെ ഫ്യൂഡല്‍ കാലത്തിന്റെ ശേഷിപ്പുകളായി തെരുവില്‍ തുടര്‍ന്നവരും അവരുടെ പുതുതലമുറയും സാഹചര്യങ്ങള്‍ മാറിയാലും സംസ്‌കൃതിക്ക് പുറത്തായിരിക്കും എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ സാംസ്‌കാരിക പ്രതിനിധിയായ ഒരു എഴുത്തുകാരന്‍ പറയുന്നത് കേവലനിഷ്‌കളങ്കയായി തള്ളിക്കളയാന്‍ കഴിയില്ല.

കഥയുടെ മറ്റൊരു ഭാഗത്ത് നായികമാരിലൊരാള്‍ മറ്റേയാള്‍ക്ക് പറഞ്ഞുകൊടുക്കുന്ന പഴങ്കഥയില്‍ ഇതേ രീതിയിലുള്ള ആധിപത്യ ബോധത്തിന്റെ തുടര്‍ച്ച കാണാം. ‘ദരിദ്രയായ പെണ്‍കുട്ടി ഹൃദയാലുവായ രാജകുമാരന്റെ വധു’ – എന്ന വാചകം തന്നെ അതിനുള്ള ഉത്തമ ഉദാഹരണമാണ്. പ്രണയവും സൗഹൃദവും പോലും പണത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തില്‍ വേണമെന്ന മുതലാളിത്ത- ഫ്യൂഡല്‍ സമ്മിശ്ര ബോധങ്ങളുടെ ന്യായീകരണമാണ് ഇതെന്ന് തര്‍ക്ക രഹിതമായി പറയാനാവും. നവോത്ഥാന മുന്നേറ്റങ്ങള്‍ പിന്നിട്ട് കാലമിത്രയായിട്ടും സാഹിത്യത്തില്‍ ഇത്തരം പ്രവണതകള്‍ നട്ടെല്ലു നിവര്‍ത്തി നില്‍ക്കുന്നു എന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്.

സ്ത്രീ വിമോചനമാണ് ഈ കഥയുടെ പ്രമേയമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിച്ചെന്നിരിക്കെ; ഫെമിനിസത്തിന്റെ ബൈബിള്‍ എന്ന് അറിയപ്പെടുന്ന സിമോണ്‍ ഡി ബുവ്വയുടെ ‘സെക്കന്‍ഡ് സെക്‌സ്’ എന്ന ഗ്രന്ഥത്തിലെ ആശയങ്ങള്‍ ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. സ്ത്രീ സ്വാതന്ത്ര്യത്തെയും സത്തയെയും സംബന്ധിച്ചുള്ള അവലോകനങ്ങള്‍ക്കൊടുവില്‍ സിമോണ്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ശ്രദ്ധേയമാണ്. സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യവും അന്തസ്സും വേണമെന്ന് വാദിക്കുന്നതിനോടൊപ്പം ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും അതേ രൂപത്തില്‍ മറ്റൊരു സ്ത്രീക്കുകൂടി ലഭിക്കണം എന്നാണ് അവര്‍ പറഞ്ഞു വയ്ക്കുന്നത്. വര്‍ഗ്ഗവൈരുദ്ധ്യങ്ങളേയും സംഘര്‍ഷങ്ങളേയും പാടെ അവഗണിച്ചുകൊണ്ടുള്ള സമത്വസിദ്ധാന്തങ്ങളുടെ അര്‍ത്ഥരാഹിത്യം ഈ ഗ്രന്ഥത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. നമ്മുടെ ലിംഗനീതിക്കായുള്ള മുറവിളികള്‍ പുരുഷനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും പുരുഷാധിപത്യമൂല്യങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന വ്യവസ്ഥിതിയെ മനപ്പൂര്‍വ്വമോ അല്ലാതെയോ സംരക്ഷിക്കുകയുമാണെന്ന വസ്തുത നമ്മുടെ സമൂഹത്തില്‍ വലിയ വിവാദങ്ങള്‍ക്ക് നിദാനമായിട്ടില്ല.

വിമോചന വര്‍ണ്ണനകളുടെ മറപറ്റി വായനക്കാരിലേക്കെത്തുന്ന ഇത്തരം വരേണ്യതയും വര്‍ഗ്ഗവിരുദ്ധതയും ഒരു പഴയ കള്ളക്കടത്തുകാരന്റെ കഥയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ചെക്‌പോസ്റ്റിലെ സുരക്ഷാക്രമീകരണങ്ങളെ മറികടന്ന് കള്ളക്കടത്ത് നടത്തുന്നു എന്ന വിവരം ലഭിക്കുന്നതിനെത്തുടര്‍ന്ന് നിരന്തരം ഒരാളെ പരിശോധിക്കുകയും ബൈക്കിന് പുറകിലെ വെറും മണല്‍ ചാക്ക് മാത്രം കണ്ടു നിരാശപ്പെടുത്തുകയും ചെയ്തിരുന്ന പോലീസുകാര്‍ ഒടുക്കമാണറിയുന്നത്; ചാക്കുകളില്‍ അയാള്‍ യാതൊന്നും കടത്തിയിരുന്നില്ലെന്നതും കടത്തിയിരുന്നത് മോഷ്ടിക്കപ്പെട്ട ബൈക്കുകളായിരുന്നെന്നും. മണല്‍ച്ചാക്കുകളുടെ ഭാരം കണ്ട് ദിവസവും മാറുന്ന ബൈക്കുകളെ മറന്നുപോകുന്ന പോലീസുകാരായി എഴുത്തുകാരന്‍ വായനക്കാരനെ കരുതിയാല്‍ പുതിയ കാലത്തിന്റെ നീതിബോധം അതിനെ തിരുത്തുകതന്നെ ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply