ദൈവത്തിനും മുകളിലുള്ള ഒരാളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ……..
അംബേദ്കര്‍പരാമര്‍ശം: അമിത്ഷാ പ്രസ്താവന നിരുപാധികം പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പു പറയണമെന്ന് ദളിത് സമുദായ മുന്നണി ചെയര്‍മാന്‍ സണ്ണി.എം കപിക്കാട്
ഇന്ത്യയില്‍ ഒരു ഹിന്ദു ഭൂരിപക്ഷ ഭരണമുണ്ടായാല്‍ അതൊരു ദുരന്തഭരണമായിരിക്കുമെന്ന് 1946 ല്‍ തന്നെ ബാബാ സാഹബ് ഡോ. ബി.ആര്‍. അംബേദ്കര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്. അന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന ഒരാള്‍ക്കും തോന്നാത്ത വിധം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീകരത എന്താണെന്ന് വ്യക്തമായി മനസിലാക്കിയ ഒരാളായിരുന്നു ബാബ സാഹബ് അംബേദ്കര്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉട നീളം ഹിന്ദു സോഷ്യല്‍ ഓര്‍ഡറിനേയും അത് മുന്നോട്ട് വെക്കുന്ന സാമൂഹ്യ, ധാര്‍മ്മിക രാഷ്ട്രീയ ദര്‍ശനങ്ങളേയും അതിനെ താങ്ങി നിറുത്തുന്ന വേദ- ഇതിഹാസ പാരമ്പര്യങ്ങളേയുംനിരന്തരമായ വിമര്‍ശനത്തിന് വിധേയമാക്കിയ ജ്ഞാനിയായിരുന്നുബാബാസാഹബ് !
എന്നാല്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഡോക്ടര്‍ ബാബാസാഹബ് അംബേദ്കറുടെ സാമൂഹ്യദര്‍ശനങ്ങളോ,രാഷ്ട്രീയ ദര്‍ശനങ്ങളോ ബാധകമല്ല എന്ന് മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരായിട്ടാണ് അവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്! ബാബാ സാഹബ് ഡോ ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന നിലക്ക് അംഗീകരിക്കുവാനും ആദരിക്കുവാനും ഇന്ത്യയെന്ന ദേശരാഷ്ടം അതിന്റെ സ്വാതന്ത്ര്യാനന്തരകാലത്ത് ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നൊരു യാഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്. മാത്രവുമല്ല ഇന്ത്യന്‍ ഭരണഘടന ഒരുപക്ഷേ അമേരിക്കന്‍ ഭരണഘടന കഴിഞ്ഞാല്‍ ലോകത്തിലെ വലിയ വിപ്ലവങ്ങളില്‍ ഒന്നാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ലോകം അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ മനുഷ്യര്‍ പഠിക്കേണ്ടതുണ്ടെന്ന് പോലും ഇന്ത്യയിലെ ഭരണാധികാരികള്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭരണഘടന നമ്മുടെ പാഠപുസ്തകങ്ങളില്‍ നിന്നും എല്ലാകാലത്തും പുറത്തായിരുന്നു ! ഭരണഘടന തയ്യാറാക്കുന്നതിന് നേതൃത്വം കൊടുത്ത ഡോക്ടര്‍ ബി. ആര്‍ അംബേദ്ക്കറെ ഇരുട്ടില്‍ നിറുത്തിക്കൊണ്ടാണ് ഇന്ത്യയിലെ ഒലിഗാര്‍ക്കി അതായത് സവര്‍ണ ന്യൂനപക്ഷ ഭരണം ഇവിടെ നിലനിന്നത് എന്നൊരു യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്!
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ഇന്ത്യയിലെ ബ്രാഹ്മണിസം ഒരേസമയം ജാതിമേധാവിത്വത്തിന്റേയും പുരുഷാധിപത്യത്തിന്റേയും വാസനകള്‍ ഉള്‍ക്കൊള്ളുന്ന സാമൂഹിക ദര്‍ശനമാണെന്ന് ഡോ. അംബേദ് കര്‍ വിശേഷിപ്പിച്ചു. ബ്രാഹ്മണ്യ പുരുഷാധിപത്യം എക്കാലത്തും അതിജീവിക്കുന്നത് അതിനെതിരെ ഉയര്‍ന്നു വരുന്ന എല്ലാ അഭിപ്രായങ്ങളേയും ഉള്‍ക്കൊള്ളുന്നു എന്ന നാട്യത്തില്‍ അവയെ നശിപ്പിച്ചു കൊണ്ടും വേണ്ടിവന്നാല്‍ പ്രായോഗികമായി ആക്രമിച്ചു തന്നെ നശിപ്പിച്ചു കൊണ്ടുമാണ്! അത് ചരിത്രത്തില്‍ അതിജീവിച്ച് വന്നുകൊണ്ടിരിക്കുന്ന രീതി ഇത്തരം നശിപ്പിക്കലിന്റേതാണ്. ബ്രാഹ്മണര്‍ക്ക് നിഷിദ്ധമായതാണ് യഥാര്‍ത്ഥത്തില്‍ പൂജകള്‍! അതായത് ബിംബപൂജകള്‍ ബ്രാഹ്മണര്‍ ചെയ്യരുത് എന്ന് മനുസ്മൃതിയില്‍ അനുശാസിച്ചിട്ടും അവര്‍ക്ക് അത് ബാധകമല്ല !ഏത് ബിംബത്തെയും പൂജിക്കാന്‍ അവര്‍ തയ്യാറാണെന്ന എന്ന തരത്തി കൗശലപൂര്‍വ്വം പെരുമാറുന്നതിനെക്കുറിച്ച് ‘ why l am not a Hindu’ എന്ന പുസ്തകത്തില്‍ കാഞ്ച ഐലയ്യ പ്രതിപാദിക്കുന്നുണ്ട്. അടിസ്ഥാനപരമായി ബ്രാഹ്മണ ദര്‍ശനം തന്നെ മനുഷ്യവിരുദ്ധമാണെന്നും അതിനെ ന്യായീകരിക്കുന്ന വേദ- ഇതിഹാസങ്ങള്‍ ഡയനാമിറ്റ് വച്ച് തകര്‍ക്കേണ്ടതാണെന്നും പ്രകോപിത നായി തന്നെ ജാതി നിര്‍മൂലനമെന്ന പുസ്തകത്തില്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ എഴുതുന്നുണ്ട്.
ബ്രാഹ്മണിക്കല്‍ പുരുഷാധിപത്യത്തിന്റെ ലീലകളില്‍ നിന്നും വേറിട്ടുനില്‍ക്കുകയും ആലോചിക്കുകയും സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ മറ്റൊരു സമൂഹത്തെ സ്വപ്നം കാണുകയും അതിനെ ശക്തിപ്പെടുത്തുന്ന ഭരണഘടനയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത ഡോക്ടര്‍ ബി. ആര്‍. അംബേദ്കറെ നിരന്തരമായി ആക്രമിക്കുക എന്നതും അദ്ദേഹത്തിന്റെ ഓര്‍മ്മകളെ നിര്‍വീര്യമാക്കുകയും എന്നതും ഹിന്ദുത്വ ശക്തികളുടെ പ്രധാനപ്പെട്ട അജണ്ടകളില്‍ ഒന്നായിട്ടു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍! എന്നാല്‍ ഇതിനെതിരെ ഡോക്ടര്‍ ബി. ആര്‍ അംബേദ്കറെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും അദ്ദേഹം മുന്നോട്ടുവെച്ച സാമൂഹിക രാഷ്ട്രീയ ദര്‍ശനങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷവും പരാജയമാണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം! ഈ ഒരു സാഹചര്യത്തില്‍ വേണം അമിത്ഷായുടെ ഏറ്റവും വിമര്‍ശന വിധേയമാക്കേണ്ട അഭിപ്രായത്തെ നമ്മള്‍ കാണേണ്ടത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും നിസാരവല്‍ക്കരിക്കുവാനും അപമാനിക്കാനും കഴിയുന്ന ഒരു പേരാണ് ഡോക്ടര്‍ അംബേദ്കര്‍ എന്ന ഒരു മുന്‍വിധി അയാളുടെ പ്രസ്താവനയില്‍ അടങ്ങിയിട്ടുണ്ട്!
ഡോ. ബി.ആര്‍. അംബേദ്കറുടെ പേര് ആവര്‍ത്തിച്ചു പറയാതെ നിങ്ങള്‍ ദൈവത്തെ വിളിച്ചാല്‍ നിങ്ങള്‍ക്ക് മോക്ഷം കിട്ടുമെന്നാണ് അമിത് ഷാ കോണ്‍ഗ്രസുകാരോട് പ്രഖ്യാപിച്ചത്! കേള്‍ക്കുമ്പോള്‍ തന്നെ ഈ സവര്‍ണ്ണ അധികാരി എന്തിനാണ് ഇത്രമേല്‍ വിളറി പിടിക്കുന്നത് എന്നൊരു ചോദ്യം നമ്മള്‍ ചോദിക്കാതിരുന്നുകൂടാ. ആ ചോദ്യം ചോദിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥത്തില്‍ അമിത്ഷാ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ ശരിയായ അര്‍ത്ഥത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുക!
ഇന്ത്യയില്‍ ആവട്ടെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള കക്ഷിരാഷ്ട്രീയ മത്സരങ്ങളില്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന ഒരു പേരു മാത്രമാണ് ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ എന്ന വിശ്വ ദാര്‍ശനികന്‍ എന്ന ഇവരുടെ ജാതി അഹങ്കാരം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.ഒരു സവര്‍ണ ജാതി അഹങ്കാരത്തില്‍ നിന്നു വരുന്ന നിരുത്തരവാദപരമായ ഒരു പ്രസ്താവനയായി വേണം നമ്മള്‍ അതിനെ മനസ്സിലാക്കുവാന്‍ !അതുകൊണ്ടുതന്നെ അമിത് ഷാ എന്ന കേന്ദ്ര അഭ്യന്തര മന്ത്രി , കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റ് ഇന്ത്യന്‍ ഭരണ ഘടനയോട് ഒരു തരത്തിലും കൂറ് പുലര്‍ത്താതെ, അതിനെ അകത്ത് നിന്നുതന്നെ തകര്‍ത്തു കോണ്ടേയിരിക്കുകയാണ്. ലോകത്തിലെ ക്രൂരരായിട്ടുള്ള സമഗ്രാധിപത്യ വാദികള്‍, ഹിറ്റ്‌ലറും മുസോളിനിയും അടക്കമുള്ള എല്ലാവരും തെരഞ്ഞെടുപ്പിലൂടെ തന്നെയാണ് അധികാരത്തില്‍ വന്നത് എന്ന സത്യം നമ്മള്‍ മറന്നു കൂടാ! അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയെന്നത് മോദിക്കും അമിത് ഷാക്കും അഹങ്കരിക്കുവാനുള്ള ഒരു കാര്യമായിട്ട് എടുക്കരുത്.
ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഒരു രാഷ്ട്രീയകക്ഷിയെ അധികാരത്തിലേക്ക് കൊണ്ടു വരുന്നത്.എന്നാല്‍ 2014 മുതലുള്ള ഇന്ത്യയിലെ ഭരണത്തെ നമ്മള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ,ഇന്ത്യന്‍ പൗരത്വത്തെ, ന്യൂനപക്ഷ സംരക്ഷണത്തെ, സംവരണ സംരക്ഷണത്തെ അടിസ്ഥാനപരമായി ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉതകുന്ന എല്ലാതരത്തിലും ഗുണത്തിലും പെട്ട ഭരണഘടനാ തത്വങ്ങളെ അകത്തുനിന്നും വെല്ലുവിളിക്കുകയും തകര്‍ക്കുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നു. മാത്രമല്ല, ഇന്ത്യന്‍ ജുഡീഷ്യറി ഹിന്ദുത്വ ശക്തികള്‍ക്ക് ഓശാന പാടുന്ന അതിദാരുണമായ ഒരു സ്ഥിതിയുമാണ് നമ്മള്‍ക്ക് മുന്നില്‍ ഉള്ളതെന്ന് നമ്മള്‍ കാണണം. ഈ സാഹചര്യത്തിലാണ് ഡോ. അംബേദ്കറെ അപമാനിക്കുവാനും അവഹേളിക്കുവാനും അമിത് ഷാ തയ്യാറാവുന്നത് എന്നാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം.അതുകൊണ്ട് ആ വിഷയം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം തീര്‍ച്ചയായും സ്വാഗതാര്‍ഹമായ കാര്യമാണ്! അവര്‍ കേവലമായ പ്രതിഷേധത്തിനപ്പുറം ഡോ. ബി.ആര്‍. അംബേദ്കറുടെ സാമൂഹ്യ രാഷ്ട്രീയ ദര്‍ശനം സമകാലീന ഇന്ത്യയില്‍ എങ്ങനെ പ്രസക്ത മായിരിക്കുന്നു എന്ന് ആത്മാര്‍ത്ഥമായി മനസിലാക്കി കൊണ്ടുള്ള പ്രായോഗികമായ ഇടപെടലാണ് യഥാര്‍ത്ഥത്തില്‍ നടത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത്. അതുകൊണ്ട് വിവാദങ്ങളില്‍ അഭിരമിക്കുക എന്നത് ഇന്നത്തെ ഘട്ടത്തില്‍ ആര്‍ക്കും ഒരു ഗുണവും ചെയ്യുന്ന കാര്യമല്ല എന്ന് കൂടി പ്രതി പക്ഷവും മനസിലാക്കുന്നത് നല്ലതാണ്. അയതിനാല്‍ ഈ വിഷയത്തില്‍ ഇന്ത്യയിലെ ദലിത് സമുദായം ആകമാനം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ ഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കാതിരിക്കുന്നതാണ് നല്ലത്. അത്രമേല്‍ ക്രിമിനലായിട്ടുള്ള, അത്രമേല്‍ വിമാനുഷികനായിട്ടുള്ള, അത്രമേല്‍ ന്യൂനപക്ഷ വിരുദ്ധനായിട്ടുള്ള, സംവരണ വിരുദ്ധനായിട്ടുള്ള ഒരാളുടെ ചരിത്രമാണ് അമിത് ഷായുടേത് ! എതിര്‍ക്കുന്നവരെ കൊന്നു കളയുന്ന ചരിത്രവും അതിനാല്‍ ജയിലില്‍ പോകേണ്ടി വന്ന ചരിത്രവുമുള്ള വ്യക്തിയാണ് അമിത്ഷാ അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും വിശദീകരിക്കേണ്ടതില്ല. എന്നാല്‍ മറ്റൊരു പ്രധാന കാര്യം ഇന്ത്യന്‍ ഭരണാധികാരികള്‍ ദീര്‍ഘകാലമായി ഇരുട്ടില്‍ നിറുത്താന്‍ ശ്രമിച്ചിട്ടും സ്വന്തം സാമൂഹിക- രാഷ്ട്രീയ ദര്‍ശനങ്ങളുടെ ബലം കൊണ്ടും അദ്ദേഹത്തെ ദൈവത്തെ പോലെ ആരാധിക്കുന്ന ബഹുജന സഞ്ചയത്തിന്റെ ബലം കൊണ്ടും ചരിത്രത്തില്‍ മണ്‍ മറഞ്ഞുപോകാത്ത വലിയ ബിംബമാണ് ഡോ. അംബേദ്കര്‍ എന്ന് ബി.ജെ.പി.യും മനസിലാക്കിയാല്‍ നല്ലതാണ്.
കേരളത്തിലെ ദലിത് സമുദായത്തിന്റെ മുന്നോട്ട് പോക്കിനും അംബേദ്കര്‍ മുന്നോട്ട് വച്ച ജനാധി പത്യ രാഷ്ട്രീയത്തെ മുന്നോട്ട് എടുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദലിത് സമുദായ മുന്നണിയുടെ വക്താവ് എന്ന നിലക്ക് ഞാന്‍ ആവശ്യപ്പെടുന്നത് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ ഡോ. ബി.ആര്‍. അംബേദ്കറെ നിസ്സാരവല്‍ക്കരിക്കുവാനും ആക്ഷേപിക്കുവാനും വേണ്ടി നടത്തിയ തികച്ചും അപമാനകരമായ പ്രസ്താവന നിരുപാധികം പിന്‍ വലിച്ച് അദ്ദേഹം ഇന്ത്യയോട് മാപ്പു പറയണമെന്നാണ്. ഇത് ദലിതരുടെ മാത്രം കാര്യമല്ല, ഇന്ത്യയില്‍ ജനാധിപത്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍, ന്യൂനപക്ഷ അവകാശങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, സംവരണ അവകാശങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ത്യയിലെ സ്ത്രീകളുടേയും ആദിവാസികളുടേയും അവകാശങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്ന മുഴുവന്‍ മനുഷ്യരും ജനാധിപത്യവാദികളും ഈ ആവശ്യത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷം കിട്ടി എന്ന് പറഞ്ഞ് ഇന്ത്യയെ തകര്‍ക്കുവാനുള്ള സംഘപരിവാര്‍ ഗൂഡാലോചനക്ക് എതിരെയുള്ള ഒരു രാഷ്ട്രീയ പ്രതിരോധമായി ഈ സന്ദര്‍ഭത്തെ നമ്മള്‍ മനസിലാക്കേണ്ടതുണ്ടെന്നാണ് രാജ്യത്തെ ഓര്‍മ്മപ്പെടുത്താനുള്ളത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in