അരുന്ധതീ റോയെ വിദ്യാര്‍ത്ഥികള്‍ പഠിക്കണം

എഴുത്ത് ചരിത്രമാണ്. അനുഭവത്തിന്റെ അടയാളം. അവയുടെ പ്രവര്‍ത്തനം പഠിക്കാന്‍ അരുന്ധതീ റോയി എഴുതിയതെന്തും സഹായകമാണ്. ഭയംമൂലം ഒന്നും മറച്ചു വെച്ചില്ല. ഒരു വാക്കും വിശകലനം ചെയ്യാതെ വിഴുങ്ങിയുമില്ല. ദേശീയതയെന്നോ ജനാധിപത്യമെന്നോ തീവ്രവാദമെന്നോ ഭീകരവാദമെന്നോ വികസനമെന്നോ പറയുന്നതിലെ ഭാഷയും അനുഭവവും വലിച്ചു കീറി പരിശോധനക്കു വെക്കുന്നുണ്ട് അരുന്ധതി. അതു പറയാനുള്ള കരുത്തു നേടുന്നത് കാശ്മീരിലും നര്‍മ്മദയിലും ദന്തേവാഡയിലും ഛത്തീസ്ഗഡിലും നേരിട്ടു ചെന്നാണ്.ആ ആര്‍ജ്ജവം ആദരിക്കപ്പെടണം. ആ വിശകലനങ്ങള്‍ പഠിക്കപ്പെടണം.

കോളേജ് – സര്‍വ്വകലാശാലാ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികളെക്കുറിച്ചു നാം എന്താണ് ധരിച്ചു വെച്ചിരിക്കുന്നത്? എറിഞ്ഞു കൊടുക്കുന്നതെല്ലാം അതേപടി വിഴുങ്ങുന്ന ഒട്ടും ചിന്താശേഷിയില്ലാത്തവരെന്നോ? പാഠപുസ്തകങ്ങളെല്ലാം വിശകലനം ചെയ്ത് അറിയാനുള്ളതാണ് എന്ന ബോധം അവര്‍ക്കില്ലെന്നോ? അരുന്ധതീ റോയ് എഴുതുന്നതും പറയുന്നതും പഠിക്കേണ്ടതെങ്ങനെയെന്ന് അവര്‍ക്ക് ഒട്ടും അറിയാതെ വരുമോ?

ബുക്കര്‍പ്രൈസ് ജേതാവുകൂടിയായ ഈ എഴുത്തുകാരി മലയാളിയുടെ അഭിമാനമാണ്. ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്, ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്നീ നോവലുകള്‍ ലോകശ്രദ്ധ നേടിയവയാണ്. അവരുടെ സാംസ്‌കാരിക രാഷ്ട്രീയ വിമര്‍ശനങ്ങളും ഉപന്യാസങ്ങളും അതേ പ്രാധാന്യത്തോടെ വായിക്കപ്പെടുന്നു. ഭാവനയും യാഥാര്‍ത്ഥ്യവും ഒരേ ലോകത്തിന്റെ രണ്ടടരുകളായി അവരില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് നമുക്കറിയാം.

അരുന്ധതിയുടെ നോവലുകള്‍ വായിച്ചാല്‍ മതി ഉപന്യാസങ്ങള്‍ വായിക്കേണ്ടതില്ല എന്നു വിദ്യാര്‍ത്ഥികളോടു പറയുന്നത് മൗഢ്യമാണ്. നോവലിന്റെ സംഘര്‍ഷങ്ങളില്‍ തെളിഞ്ഞു വരുന്നത് വര്‍ത്തമാന സംഘര്‍ഷങ്ങളുടെ അകത്തുടിപ്പുകളാണ്. ആഖ്യാനത്തില്‍ അവ കൈവരിക്കുന്ന രാസപരിവര്‍ത്തനം അറിയണമെങ്കില്‍ അവരുടെ ചിന്തകളിലൂടെ കടന്നു പോകണം. ക്ഷോഭവും ഖേദവും പ്രത്യാശയും വിളയുന്ന ഇന്ത്യനവസ്ഥയുടെ ആഴമാണ് അവരുടെ എഴുത്തിലും പ്രഭാഷണത്തിലുമുള്ളത്. വിദ്യാര്‍ത്ഥികളുടെ വിശകലനങ്ങള്‍ക്ക് അവ വിധേയമാവണം.

എഴുത്ത് ചരിത്രമാണ്. അനുഭവത്തിന്റെ അടയാളം. അവയുടെ പ്രവര്‍ത്തനം പഠിക്കാന്‍ അരുന്ധതീ റോയി എഴുതിയതെന്തും സഹായകമാണ്. ഭയംമൂലം ഒന്നും മറച്ചു വെച്ചില്ല. ഒരു വാക്കും വിശകലനം ചെയ്യാതെ വിഴുങ്ങിയുമില്ല. ദേശീയതയെന്നോ ജനാധിപത്യമെന്നോ തീവ്രവാദമെന്നോ ഭീകരവാദമെന്നോ വികസനമെന്നോ പറയുന്നതിലെ ഭാഷയും അനുഭവവും വലിച്ചു കീറി പരിശോധനക്കു വെക്കുന്നുണ്ട് അരുന്ധതി. അതു പറയാനുള്ള കരുത്തു നേടുന്നത് കാശ്മീരിലും നര്‍മ്മദയിലും ദന്തേവാഡയിലും ഛത്തീസ്ഗഡിലും നേരിട്ടു ചെന്നാണ്.ആ ആര്‍ജ്ജവം ആദരിക്കപ്പെടണം. ആ വിശകലനങ്ങള്‍ പഠിക്കപ്പെടണം.

വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പഠനവസ്തു വിശുദ്ധമാവണം എന്നു വാശി പിടിക്കരുത്. അശുദ്ധിയുടെ അളവും ആഴവും അവര്‍ കണ്ടെത്തട്ടെ. ആരുടെ അശുദ്ധി, ആരുടെ അശ്ലീലം, ആരുടെ രാജ്യദ്രോഹം, ആരുടെ അധികാരം ചോദ്യം ചെയ്യുന്നതാണ് മികച്ച നോവല്‍ഭാവനയുടെ അകനിലമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയട്ടെ. വാസ്തവവും ഭാവനയും തമ്മില്‍ എത്രമേല്‍ സങ്കീര്‍ണമായ ബന്ധങ്ങളാണുള്ളതെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്ന രചനകള്‍ അരുന്ധതിയെപ്പോലെ മറ്റാര് എഴുതിയിട്ടുണ്ട്?

ഇന്ത്യയുടെ ശരീരത്തിലേക്കും മനസ്സിലേക്കും ഇങ്ങനെ നോക്കിനിന്നവര്‍ ഏറെയില്ല. ഒഴിവാക്കപ്പെടുന്നവരുടെ നിലവിളികളും അക്രമികളുടെ കൊലവിളികളും മറന്ന് ഒരക്ഷരം ഉരിയാടാന്‍ അവര്‍ക്കു സാദ്ധ്യമല്ല. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച പഠനവസ്തുവാണ് അവരുടെ ഏതു രചനയും. ഭാഷയും സാഹിത്യവും പഠിക്കുന്നവര്‍ക്ക് അവരുടെ ചിന്തയും എഴുത്തുംപോലെ പ്രയോജനപ്പെടുന്ന പാഠ്യഭാഗങ്ങള്‍ അപൂര്‍വ്വമാണ്. അതിനാല്‍ ചിന്താവെളിച്ചം കടന്നുചെന്നിട്ടില്ലാത്ത അപക്വമനസ്സുകളുടെ മുറവിളികളില്‍ സര്‍വ്വകലാശാലാ അക്കാദമിക സമൂഹം പരിഭ്രമിക്കേണ്ടതില്ല. അരുന്ധതീ റോയിയുടെ Come September സിലബസ്സില്‍ നിന്നു മാറ്റേണ്ടതുമില്ല.

കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അക്കാദമിക മേഖലയില്‍ അടിച്ചേല്‍പ്പിക്കരുത്. അക്കാദമിക രാഷ്ട്രീയം മറ്റൊന്നാണ്. സാഹിത്യത്തിലെ യാഥാര്‍ത്ഥ്യംപോലെ ഒറ്റനോട്ടത്തില്‍ തെളിഞ്ഞു കിട്ടാത്ത ഒരു രാഷ്ട്രീയം അക്കാദമിക വ്യവഹാരങ്ങള്‍ക്കുണ്ട്. അതു മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ വേണം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. കലിക്കറ്റ് സര്‍വ്വകലാശാലാ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ നിന്ന് അരുന്ധതീ റോയിയെ മാറ്റി നിര്‍ത്താനുള്ള നീക്കം പരാജയപ്പെടുത്തണം.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply