സ്വാതന്ത്ര്യം 75 : നിയമരംഗത്തിന്റെ പരിണിതി

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ നാനാതുറകളിലുള്ള വികാസവും വളര്‍ച്ചയും നിലവിലെ അവസ്ഥയും വിലയിരുത്തുന്നത് സ്വാഭാവികമാണ്. നിയമരംഗത്തിന്റെ അവസ്ഥയെ വിലയിരുത്തുവാന്‍ ശ്രമിക്കുമ്പോള്‍ 1947 മുതലുള്ള അതിന്റെ പരിണാമവും വികാസവും കടന്നുവേണം ഇപ്പോഴത്തെ അവസ്ഥയെ വിലയിരുത്തുവാന്‍

ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലൂടെ ആണെന്നുപറയുമ്പോള്‍ നിയമരംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാന്‍ കഴിയും. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിലൂടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം കരഗതമായതെന്ന് പറയുന്നതിന് സ്വതന്ത്ര ഇന്ത്യ ബ്രിട്ടന്റെ ഒരു ദാനമാണ് എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ തെറ്റായി വിശ്വസിച്ചവരും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് പ്രഘോഷിച്ചവരും നമ്മുടെ നാട്ടിലെ ഒരു പ്രധാന ആശയ ധാരക്കാരാണ്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ, വെള്ളക്കാരുടെ ഓസ്‌ട്രേലിയ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്‌ളിക്ക് ആയി മാറിയില്ല. മറിച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ പരമാധികാരത്തിനു കീഴിലുള്ള ഒരു ആശ്രിതരാജ്യം തന്നെയാണത്. ബ്രിട്ടീഷ് സിംഹാസനത്തിന്റെ പരമാധികാരം നാമമാത്രമാണെന്ന് ഇരിക്കിലും അതിന്റെ മുദ്രയുടെ കീഴെ നില്ക്കുമ്പോള്‍ ജനങ്ങളുടെ സൃഷ്ട്രിയായ ഒരു രാജ്യമെന്നതിനു പകരം അടിമത്തം ചുമക്കുന്ന രാജ്യമായി അത് അവശേഷിക്കുന്നു.

എന്നാല്‍ നമ്മുടെ പൂര്‍വ്വികര്‍, ഒരു പരമാധികാര റിപ്പബ്ലിക്ക് ആയിട്ടാണ് ഇന്ത്യയെ സൃഷ്ടിച്ചത്. ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി ഇന്ത്യയെ സൃഷ്ടിക്കുവാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് കഴിഞ്ഞത് ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യം ആയതുകൊണ്ടല്ല. മറിച്ച് ജനങ്ങള്‍ പോരാട്ടത്തിലൂടെ നമ്മെ അടിമയാക്കിയ ബ്രിട്ടനോട് സമരം ചെയ്ത് വാങ്ങിയതിനാലാണ്. നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെ നമ്മള്‍ ജനങ്ങള്‍ രൂപപ്പെടുത്തുവാനുള്ള ശ്രമവും ഇച്ഛാശക്തിയുമാണ് നമ്മുടെ പൂര്‍വ്വികര്‍ പ്രകടിപ്പിച്ചത്.

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആകുന്നതിന് ആധാരമായി നമ്മള്‍ ഒരു അടിസ്ഥാന നിയമസംഹിത ഉണ്ടാക്കി. ആ അടിസ്ഥാന നിയമസംഹിതയുടെ ആമുഖത്തിലൂടെ നമ്മള്‍ നമ്മുടെ രാജ്യത്തിന്റെ ദര്‍ശനത്തെ പ്രഖ്യാപിച്ചു. ആ അടിസ്ഥാന നിയമസംഹിതയ്ക്ക് നമ്മള്‍ ഭരണഘടനയെന്ന് പറയും. ഈ രാജ്യത്തെ നിയമങ്ങളുടെയെല്ലാം നിയമവും നിയമപരമായ ദര്‍ശനവും വഴികാട്ടിയുമാണ് നമ്മുടെ ഭരണഘടന. ഒരു വ്യക്തിയുടെയുമല്ലാത്ത ജനങ്ങളുടെ പൊതുവായ രാജ്യവും ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നിവയുമെല്ലാം പ്രഘോഷിച്ച് 1949 നവംബര്‍ 26-ാം തീയതി നമ്മുടെ ഭരണഘടനാ നിര്‍മ്മാണസമിതി ഭരണഘടന പാസ്സാക്കി.1950 ജനുവരി 26ന് നമ്മുടെ റിപ്പബ്ലിക്ക് നിലവില്‍ വരികയും ചെയ്തു.

ഭരണഘടനയുടെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്നത് സംഗതമാണെങ്കിലും തല്ക്കാലം ദൈര്‍ഘ്യം ഭയന്ന് അതിന് മുതിരുന്നില്ല. എന്നാല്‍ നമ്മുടെ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രദര്‍ശനവും രാഷ്ട്ര ഘടനയുടെ അടിസ്ഥാന സ്വഭാവും സൂചിപ്പിക്കേണ്ടത് ഈ കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്ന ചില പ്രവണതകള്‍ അനിവാര്യമാക്കുന്നുണ്ട്.

ഭരണഘടനയുടെ 3-ാം ഭാഗം മനുഷ്യന്റെ ജീവനും സ്വാതന്ത്ര്യ ത്തിനുമുള്ള അവകാശം മുതല്‍ അഭിപ്രായസ്വാതന്ത്ര്യവും നിയമത്തിനു മുന്നിലുള്ള തുല്യതയും ഉള്‍പ്പെടെ മൗലികമായ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. 29-ാം വകുപ്പ് നല്കുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശം ഇന്നത്തെ പശ്ചാത്തലത്തില്‍ ഏറ്റവും സുപ്രധാനമാണ്. പുരോഗമനവാദികള്‍ എന്ന് അവകാശപ്പെട്ട കമ്യൂനിസ്റ്റുകാര്‍ അവരുടെ ആശയദാരിദ്ര്യം നിമിത്തം ന്യൂനപക്ഷാവകാശത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലായിരുന്നു. .അതിനാല്‍ കമ്യൂനിസ്റ്റു രാജ്യങ്ങളില്‍ സ്വാതന്ത്ര്യം പൊതുവെ ചവിട്ടിമെതിക്കപ്പെട്ടപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഇരട്ട അടിച്ചമര്‍ത്തലിനാണ് വിധേയരായത്. എന്നാല്‍ മന:സ്സാക്ഷിയുടെ സ്വാതന്ത്ര്യമാണ് മതസ്വാതന്ത്ര്യമെന്ന് നമ്മുടെ ഭരണഘടന തിരിച്ചറിഞ്ഞു

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനങ്ങളുടെ നിയമത്തിനുമുന്നിലുള്ള സമത്വവും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലായ്മയും ഉയര്‍ത്തിപ്പിടിക്കുമ്പോഴും പ്രത്യേകമായ സംരക്ഷണവും പരിഗണനയും അര്‍ഹിക്കുന്ന വിഭാഗങ്ങളെ നമ്മുടെ ഭരണഘടന ഉള്‍ക്കൊളളുകയാണ് ചെയ്തത്. ഏറ്റവും അത്ഭുതകരമായി കാണാനാവുന്നത് അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെയും ഗോത്രങ്ങളുടെയും രണ്ടു പട്ടിക തയ്യാറാക്കി സ്ഥിരാധികാരത്തില്‍ സംവരണം നല്‍കിയതാണ്. ലോകത്തിലെതന്നെ ഒരു മഹാത്ഭുതമായി മാറ്റിനിര്‍ത്തപ്പെട്ട അനേകലക്ഷം ആളുകളെ അധികാര പങ്കാളിത്തത്തില്‍ കൊണ്ടുവന്നു. ഇത്രയേറെ ജനങ്ങളെ മറ്റൊരു മാര്‍ഗത്തിലൂടെയുമല്ലാതെ അധികാര പങ്കാളിത്തത്തില്‍ എത്തിക്കുവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ആ അത്ഭുതം നേടിയെടുത്തു. ഭരണഘടനയുടെ അടിസ്ഥാനപരമായ ഒരു സ്വഭാവം എക്‌സിക്യൂട്ടീവും നിയമനിര്‍മ്മാണസഭകളും നീതിന്യായ സംവിധാനങ്ങളും തമ്മിലുള്ള അധികാരവിഭജനമാണ്. ശരിയായ ജനാധിപത്യം പുലരുവാന്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയുമാണത്. അതോടൊപ്പം ഒരു തുറന്ന ജനാധിപത്യസമൂഹമായി നമ്മുടെ രാഷ്ട്രത്തെ ഭരണഘടന വിഭാവനം ചെയ്തു.

ഭരണഘടനയ്ക്ക് പുറമേ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യത്തിനു മുന്‍പ് നിയമങ്ങളും നിയമസമിതികളും ഉണ്ടായിരുന്നു. സിവില്‍ നടപടി നിയമം, ക്രിമിനല്‍ നടപടി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്ത്യന്‍ തെളിവ് നിയമം, കരാര്‍ നിയമം, വസ്തുകൈമാറ്റ നിയമം തുടങ്ങിയ നിയമങ്ങളും നിയമ സംഹിതകളും അതിനുദാഹരണമാണ്. മെക്കാളെ പ്രഭു അവയെ എല്ലാം സമാഹരിച്ചു എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അവയെല്ലാം പേര്‍ഷ്യന്‍, അറബ് ഭരണ സംവിധാനങ്ങളുമായി വികസിച്ച് ഇന്ത്യയില്‍ വളര്‍ന്നുവന്ന സംഹിതകള്‍ ബ്രിട്ടീഷുകാര്‍ നമ്മില്‍ നിന്നെടുത്തതാണ്. അതിന്റെ അടുത്ത ഘട്ടത്തിലാണ് മെക്കാളെ പ്രഭുവിന്റെ സംഭാവനയുണ്ടാകുന്നത്. സ്വാതന്ത്ര്യത്തിനുശേഷം അത്തരം അടിസ്ഥാന നിയമങ്ങളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ പല ഘട്ടങ്ങളിലായി നമ്മുടെ പാര്‍ലിമെന്റും സംസ്ഥാന നിയമസഭകളും കൊണ്ടുവന്നു.

എന്നാല്‍ ജന്മിമാരുടെ കൈകളിലേക്ക് ബ്രിട്ടീഷധികാരികള്‍ ഏല്‍പ്പിച്ച കൃഷിഭൂമി കര്‍ഷകര്‍ക്ക് നല്‍കണമെന്ന ദേശീയപ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സ്വാതന്ത്ര്യത്തിനു മുന്‍പേ ശ്രമങ്ങളുണ്ടായി. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ഉത്തര്‍പ്രദേശില്‍ ആരംഭിച്ച ഭൂപരിഷ്‌കരണ നിയമങ്ങളുടെ നിര്‍മ്മാണം എല്ലാ സംസ്ഥാനങ്ങളിലേക്കും പടരുകയും ഇന്ത്യയിലൊട്ടാകെ ജമീന്താരി, ജാഗിര്‍ദാരി സംവിധാനങ്ങളെ തച്ചുടക്കുകയും ചെയ്തു. പഴയ കോടതി സംവിധാനം ഭൂപരിഷ്‌കരണ നിയമങ്ങളെ അംഗീകരിക്കുവാന്‍ തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ഭരണഘടനയുടെ ഒന്‍പതാം പട്ടിക നിയമനിര്‍മ്മാണങ്ങളെയും മറ്റും കോടതികളുടെ അസ്ഥിരപ്പെടുത്തലില്‍നിന്നും സംരക്ഷിക്കുന്നതിന് ഉണ്ടാക്കിയത്. അതുപോലെയുള്ള അനവധി ജനാധിപത്യപരമായ മാറ്റത്തിനുള്ള നിയമനിര്‍മ്മാണങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായി.

ഇന്ത്യയുടെ ജനാധിപത്യ ഇടങ്ങള്‍ വികസിക്കുന്ന തരത്തില്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു. അത് സമൂഹത്തില്‍ ജനാധിപത്യപരമായ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. നിയമരംഗത്തും കോടതി വിധികളിലും അതു പ്രതിഫലിക്കുകയും ചെയ്തു. ഭരണഘടന ഏതുവരെ ഭേദഗതി ചെയ്യാമെന്ന ഒരു തര്‍ക്കവും ആവിര്‍ഭവിക്കുകയും ചെയ്തു. കേരള സര്‍ക്കാരിനെതിരെ കേശവാനന്ദ ഭാരതി നല്‍കിയ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിലെത്തുകയും കോടതിയുടെ ചരിത്രപ്രസിദ്ധമായ ഒരു വിധിയുണ്ടാവുകയും ചെയ്തു. ഭരണഘടനയുടെ അടിസ്ഥാനഘടനകളെ മാറ്റുവാന്‍ പാടില്ല എന്ന സുപ്രധാനമായ വിധിയായിരുന്നു അത്.

ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പഴിമതി നടത്തിയെന്ന കോടതിവിധിയുണ്ടാവുകയും അവര്‍ അധികാരം വിട്ടൊഴിയുവാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം 1975 ജൂണ്‍ മാസത്തിലാവിര്‍ഭവിച്ചു. എന്നാല്‍ അതുവരെയുള്ള ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തെ പിച്ചിച്ചീന്തി അധികാരത്തില്‍ കടിച്ചുതൂങ്ങുവാനാണ് അവര്‍ ശ്രമിച്ചത്. സ്വന്തം കാബിനറ്റിനോടുപോലും ആലോചിക്കാതെ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി രാഷ്ട്രപതിയെ കരുവാക്കി അവര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യയുടെ തുറന്ന ജനാധിപത്യസമൂഹം എന്ന സങ്കല്പം അത് പാടെ തകര്‍ത്തുകളഞ്ഞു. പ്രതിപക്ഷ നേതാക്കളും പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരും തുറങ്കിലടക്കപ്പെട്ടു. പത്രമാധ്യമങ്ങളുടെ വായടച്ചു പൂട്ടി. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. പാരതന്ത്ര്യത്തിന്റെ ആ മറപറ്റി ഇന്ത്യന്‍ ഭരണഘടനയുടെ 42-ാം ഭേദഗതി അവര്‍ പാസ്സാക്കിയെടുത്തു. പാര്‍ലിമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി 5 വര്‍ഷം എന്നുള്ളത് 6 വര്‍ഷമാക്കി അവര്‍ മാറ്റി. മറ്റനവധി ജനാധിപത്യവിരുദ്ധമായ വ്യവസ്ഥകളും അടിച്ചേല്‍പ്പിച്ചു. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ പാരതന്ത്ര്യത്തിന്റെ ചങ്ങലയണിയിച്ചത് ജനങ്ങള്‍ തിരസ്‌കരിച്ചു. ലോകനായകന്‍ ജയപ്രകാശ് നാരായന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ഉണ്ടായി. അമേരിക്കയിലെ കടല കൃഷിക്കാരന്‍ ജിമ്മി കാര്‍ട്ടര്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യ യില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന അന്ത്യശാസനം അദ്ദേഹം ഇന്ദിരയ്ക്കു നല്‍കി. രഹസ്യന്വേഷണ വിഭാഗത്തിന്റെ സ്തുതിപാഠക റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ഇന്ദിരാഗാന്ധിക്ക് തെറ്റായ പ്രതീക്ഷകള്‍ നല്‍കിയതും കൂടിചേര്‍ന്ന് 1977 മാര്‍ച്ച് മാസത്തില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ ഇന്ദിരാ ഭരണത്തെ തൂത്തെറിഞ്ഞു. ഭരണമാറ്റം നിയമരംഗത്തെ വലിയ അഴിച്ചുപണിക്കും മാറ്റത്തിനുമാണിടയാക്കിയത്. ജനതാ സര്‍ക്കാര്‍ കൊണ്ടുവന്ന നാല്‍പ്പത്തിനാലാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും കാലാവധി അഞ്ചു വര്‍ഷമായി പുന:സ്ഥാപിച്ചു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ക്യാബിനറ്റിന്റെ ശുപാര്‍ശ അനിവാര്യമാക്കി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തു.

ജനാധിപത്യഘടന വീണ്ടെടുത്ത ഭരണഘടനാപരവും നിയമപരവുമായ മാറ്റങ്ങള്‍ അടിയന്തിരാവസ്ഥാനന്തരം കൊണ്ടുവന്നു. എന്നാല്‍ അടിയന്തിരാവസ്ഥ കാലത്ത് സ്വേച്ഛാധിപത്യ ഭരണത്തിന്റെ മൂടുതാങ്ങികളെപ്പോലെ പ്രവര്‍ത്തിച്ച അനവധി സുപ്രീംകോടതി ജഡ്ജിമാര്‍ പുതിയ സാമൂഹ്യ അന്തരീക്ഷത്തില്‍ ജനാധിപത്യത്തിന്റെ കാവല്‍ഭടന്‍മാരായി ഗര്‍ജ്ജിക്കുവാന്‍ തുടങ്ങി. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധിയുടെ പാസ്സ്‌പോര്‍ട്ട് കേസും ഏഷ്യാഡ് വില്ലേജില്‍ പണിയെടുക്കുന്നവരുടെ കേസും ഉള്‍പ്പെടെയുള്ള പരമ്പരാഗതമായ നിയമവ്യാഖാനങ്ങള്‍ക്ക് പുറത്തേക്ക് കോടതിയെ ചലിപ്പിച്ചു. ജുഡീഷ്യല്‍ ആക്റ്റിവിസം എന്ന പ്രതിഭാസം അമേരിക്കന്‍ കോടതികളെപ്പോലെ ഇന്ത്യയിലെ കോടതികളിലും ഹരമായി മാറി. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പോലും ജുഡീഷ്യല്‍ ആക്റ്റിവിസത്തില്‍ രൂപപ്പെടുവാന്‍ സാഹചര്യമുണ്ടായി. പിന്നീടത് പ്രസിദ്ധിക്കുവേണ്ടി എന്നതിലുപരി പക്വതയാര്‍ന്ന സ്ഥിതി കൈവരിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ 1986 ലെ ഉപഭോക്തൃനിയമം പാസ്സാക്കിയത് വലിയൊരു വഴിത്തിരിവായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്താണ് അത് പാസ്സാക്കിയത്. വലിയ കമ്പനികളോട് പോലും നിര്‍ഭയം നിയമ പോരാട്ടം നടത്തുവാന്‍ സാധാരണക്കാരായ ഉപഭോക്താക്കളെ ശാക്തീകരിച്ചു. എന്നാല്‍ ആത്യന്തികമായി കോര്‍പ്പറേറ്റുകളുടെ ആധിപത്യം തകര്‍ക്കുന്ന യാതൊന്നും അതിലൂടെ ഉണ്ടാകുന്നില്ല എന്ന സംഗതിയും തിരിച്ചറിയണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1989 ല്‍ അധികാരത്തില്‍ വന്ന വി.പി.സിംഗ് നയിച്ച ജനതാദളിന്റെ ദേശീയ മുന്നണി സര്‍ക്കാര്‍ അതുവരെ മരവിപ്പിച്ച് നിര്‍ത്തിയിരുന്ന മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് ചരിത്രപരമായി ഇന്ത്യയുടെ ഒരു ഗതിമാറ്റമായിരുന്നു. സ്വാതന്ത്ര്യം മുതല്‍ സ്ഥിരാധികാരത്തില്‍ പങ്കാളിത്തം അഭിലഷിച്ച മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ അകറ്റി നിര്‍ത്തപ്പെടുകയായിരുന്നു. ഡോ.ലോഹ്യ അഴിച്ചുവിട്ട ജാതിവിരുദ്ധവും അധികാരപങ്കാളിത്തത്തിനുവേണ്ടിയുമുള്ള മുന്നേറ്റം ഒരു ഘട്ടത്തിലെ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. എന്നാല്‍ ജാതിവിരുദ്ധത എന്ന അതിന്റെ ഉദാത്തമായ ലക്ഷ്യം ചില നേതാക്കളുടെ കുടുംബ വാഴ്ചയുടെ ബലി വേദിയില്‍ തകര്‍ക്കപ്പെടുകയാണ് ചെയ്തത്.

ഇന്ത്യയുടെ ചരിത്രത്തെ അടിയന്തിരാവസ്ഥയാണ് രണ്ടായി പകുത്തതെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ 1991-ല്‍ നവ അധിനിവേശത്തിന്റെ തുറന്ന നയങ്ങള്‍ അതു മാറ്റിമറിച്ചു. പാര്‍ലിമെന്റില്‍ വിശ്വാസവോട്ടുപോലും നേടുന്നതിനു മുമ്പ്, അധികാരത്തില്‍വന്ന സര്‍ക്കാര്‍, വ്യവസായ, വാണിജ്യ, ഇറക്കുമതി നയങ്ങള്‍ പാടെ തിരുത്തിക്കുറിച്ച് അതിസമ്പന്ന കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് രാജ്യം പണയപ്പെടുത്തി. നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരും തുടര്‍ന്നുവന്ന ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ സര്‍ക്കാരുകളും തുടര്‍ന്നുവന്ന ബി.ജെ.പിയുടെ വാജ്‌പേയി സര്‍ക്കാരും അതിനുശേഷമുള്ള കോണ്‍ഗ്രസിന്റെ ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരും നവഅധിനിവേശ ശക്തികളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന ലക്ഷ്മണരേഖയുടെ ഉള്ളില്‍മാത്രം പ്രവര്‍ത്തിക്കുന്ന കാഴ്ച നമുക്ക് കാണുവാന്‍ കഴിഞ്ഞു. പടിപടിയായും ഘട്ടംഘട്ടമായും ഓരോരോ നിയമനിര്‍മ്മാണങ്ങളും രാജ്യാന്തര ഉടമ്പടികളും പടച്ചുവച്ചു. ജനങ്ങളുടെ അവകാശങ്ങളും ഉപജീവന മാര്‍ക്ഷങ്ങളും ഓരോന്നായി തകര്‍ക്കപ്പെട്ടു.

എന്നാല്‍ പഞ്ചായത്തീരാജ്, നഗരപാലികാ നിയമങ്ങള്‍ ഭരണഘടനയുടെ ഭാഗമാക്കിയപ്പോള്‍ ദശകങ്ങള്‍ പ്രാദേശിക ഭരണസംവിധാനത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തുവാന്‍ വൈമുഖ്യം കാണിച്ച സംസ്ഥാനങ്ങള്‍ പോലും ക്രമാനുസരണമായ തെരഞ്ഞെടുപ്പ് നടത്തുവാന്‍ നിര്‍ബന്ധിതമായി. ഒപ്പം സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കിയതും നമ്മുടെ താഴ്ന്ന തലത്തില്‍ സ്ത്രീകളുടെ വലിയ നേതൃപങ്കാളിത്തം ഉണ്ടാകന്നുതിനും ഇടയാക്കി. അപ്പോഴും അധികാരം കൈകളിലേക്ക് കേന്ദ്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വ്യവസ്ഥാപിത പാര്‍ട്ടികളുടെ യഥാര്‍ത്ഥ അധികാര വികേന്ദ്രീകരണത്തെ തടയുന്ന നിലപാട് തുറന്ന് കാണിക്കുന്നതാണ് ആ നിയമങ്ങള്‍. ജനകീയാസൂത്രണത്തിന്റെ പൊടിക്കൈകള്‍ പ്രയോഗിച്ചവര്‍ പോലും കേന്ദ്രീകൃതമായ വമ്പന്‍ പദ്ധതികളും വികസന സങ്കല്‍പ്പങ്ങളുമാണ് ഉയര്‍ത്തിപ്പിടിച്ചത്. അത് യഥാര്‍ത്ഥ അധികാര വികേന്ദ്രീകരണത്തിന് പകരം അധികാര കേന്ദ്രീകരണത്തിന്റെ രാഷ്ട്രീയ സാമ്പത്തികമാണ്. എന്നിരുന്നാലും ഇന്നുമധികാരത്തിന്റെ പടിക്കു പുറത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും മുന്‍ഗണനാപരമായ മൂന്നിലൊന്ന് പ്രാതിനിധ്യം നല്‍കുവാന്‍ പോലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകുന്നില്ല.

കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് ജനങ്ങളുടെ സ്വത്തുക്കള്‍ കോടതികളുടെ നൂലാമാലകള്‍ ഒഴിവാക്കിയും വലിയ തടസ്സം കൂടാതെയും തട്ടിയെടുക്കുന്നതിനുള്ള സര്‍ഫാസി നിയമം മാറിമാറി വരുന്നവരെല്ലാം കൊണ്ടാടുന്നത് ജനങ്ങളോടുള്ളതിനേക്കാള്‍ കോര്‍പ്പറേറ്റ് ശക്തികളോടുള്ള അവരുടെ വിധേയത്തമാണ് കാണിക്കുന്നത്.

കേരള സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ സേവനാവകാശ നിയമം ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന സ്ഥിതിയിലുള്ളതാണ്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ബ്രിട്ടീഷുകാര്‍ അടിമകളായ ജനങ്ങളെ കീഴടക്കി ഭരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥ സംവിധാനം മഹാത്മാ ഗാന്ധിയുടെ ഏറ്റവും ശക്തമായ എതിര്‍പ്പ് വിളിച്ചുവരുത്തിയതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങളെ പൂര്‍ത്തീകരിക്കാതെ സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികള്‍ ജനങ്ങളെ അടിമകളായി കാണുന്ന കേന്ദ്രീകൃതമായ ഉദ്യോഗസ്ഥ സംവിധാനം അതേപടി നിലനിര്‍ത്തി. ഇന്ത്യ സ്വതന്ത്രമായപ്പോഴും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അടിമകളായ ജനങ്ങളെ അതില്‍ നിന്നും സ്വതന്ത്രമാക്കുവാന്‍ ആരംഭം മുതല്‍ വന്ന ഭരണാധികാരികളും മാറി മാറി ഭരിച്ചവരും തയ്യാറായില്ല. സേവനാവകാശ നിയമം പോലുള്ള ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നിയമ നിര്‍മ്മാണങ്ങള്‍ കാര്യമായ ഫലമുണ്ടാക്കില്ല. ജനങ്ങളെ സ്വതന്ത്രരാക്കുന്നതും ഉദ്യോഗസ്ഥ സംവിധാനത്തെ സമൂലം അഴിച്ചുപണിത് ഉദ്യോഗസ്ഥരെ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നവര്‍ മാത്രമാക്കി മാറ്റുന്ന ഒരു രാഷ്ട്രീയത്തിന് മാത്രമേ ജനങ്ങള്‍ക്ക് മോചനം നല്‍കാനാകൂ.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സംഗതി ചെയ്തുകിട്ടുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി അപേക്ഷയ്ക്കു പകരം അഭ്യര്‍ത്ഥന മാത്രം നടത്തിയാല്‍ മതിയെന്നുള്ള ഒരേയൊരു നിയമമാണ് വിവരാവകാശ നിയമം. വാജ്‌പേയ് സര്‍ക്കാരിന്റെയും ഗുജറത്തിലെ മോദി സര്‍ക്കാരിന്റെ മുസ്ലീം കൂട്ടകുലയുടേയും പശ്ചാത്തലത്തില്‍ രാജ്യത്ത് രൂപമെടുത്ത ബി ജെ പി വിരുദ്ധമായ ഒരൈക്കത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒരുപാട് ധാരകള്‍ വരുകയുണ്ടായി. ബി ജെ പി യെ മാറ്റി പുതിയ ഭരണം വന്നപ്പോള്‍ ബി ജെ പി വിരുദ്ധരായ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ സമ്മര്‍ദ്ധത്താല്‍ മാത്രമാണ് വിവരാവകാശ നിയമം പാസ്സാക്കിയത്. ദീര്‍ഘകാലം വിവരാവകാശത്തിനു വേണ്ടി സമരങ്ങളും മുന്നേറ്റങ്ങളും നടത്തിയ അരുണ റോയ്, ജോ ഗ്രേയ്‌സ്, സഞ്ചയ് പാരിഖ് തുടങ്ങിയവര്‍ നിയമത്തിന്റെ നക്കല്‍ തയ്യാറാക്കിയതിനാലാണ് അടമത്തം ഇല്ലാത്ത ആ നിയമം ഉണ്ടായത്. ആ നിയമത്തെപോലും പ്രയോഗ തലത്തില്‍ ഉദ്യോഗസ്ഥ സംവിധാനങ്ങളും ജനവിരുദ്ധരായ രാഷ്ട്രീയ നേതൃത്വവും ഒളിഞ്ഞും തെളിഞ്ഞും അട്ടിമറിക്കുകയാണ്. എല്ലാ തരത്തിലും പൂര്‍ണ്ണതയുള്ളതാണെങ്കിലും വിവരാവകാശങ്ങള്‍ കൊണ്ടുമാത്രം നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല എന്നത് മറ്റൊരു കാര്യമാണ്.

സ്ത്രീകളെ സംബന്ധിച്ച് ലൈംഗീക അതിക്രമങ്ങളും അവര്‍ക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങളും കുറേകൂടി ഫലപ്രദമായ വിധത്തില്‍ കുറ്റവാളികളെ ശിക്ഷിക്കുവാന്‍ കഴിയുന്ന മാറ്റങ്ങള്‍ ശിക്ഷാനിയമത്തില്‍ വരുത്തിയത് എടുത്ത് പറയേണ്ട ഒരു മാറ്റമാണ്. അതുപോലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകമായ അതിക്രമങ്ങളെ തടയുന്നതിനുള്ള പ്രത്യേക നിയമം ആവിഷ്‌ക്കരിച്ചത് വലിയൊരു മാറ്റമാണ് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യംചെയ്യുന്നവരെ ശിക്ഷിക്കുന്നതില്‍ ഉണ്ടാക്കിയിരിക്കുന്നു.

എന്നാല്‍ മേല്‍പ്പറഞ്ഞ നവ അധിനിവേശത്തിന്റെ താണ്ഡവ നൃത്തത്തിന്റെ പാരമ്യം ഇന്ത്യന്‍ ജനത കാണുവാനിടയായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്താണ്. ആഗോളമുതലാളിത്ത കോര്‍പ്പറേറ്റ് ശക്തികളെ നിയന്ത്രിക്കുന്ന കോക്കസ് ഒരു ഗൂഢാലോചനയായി കോവിഡ് 19-തും അതിന്റെ അടച്ചുപൂട്ടലും വാക്‌സിന്‍ അടിച്ചേല്‍പ്പിക്കലും ലോകത്ത് പ്രതിലോമകരമായ വമ്പന്‍ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അതിന്റെ മറവില്‍ ജനവിരുദ്ധമായ ഒരുപാട് നിയമങ്ങള്‍ ലോകരാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ചു.

ഇന്ത്യയിലാണ് ഏറ്റവുമധികം ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. കോവിഡിനു മുന്‍പ് ഇന്ത്യയിലെ പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാര്‍ വിഭാഗീയമായും ഏകപക്ഷീയമായും മുസ്ലീം വിരുദ്ധമായ ഭേദഗതികളാണ് വരുത്തിയത്. ജാമിയ മിലിയ സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങളിലൂടെ ഉണ്ടായ ചെറുത്തുനില്‍പ്പ് രാജ്യമൊട്ടാകെ പടര്‍ന്നുപിടിച്ചു. എന്നാല്‍ അത്തരം പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടുന്ന മഹാമാരിയുടെ കെട്ടുകഥകള്‍ മെനഞ്ഞെടുത്താണ് സര്‍ക്കാര്‍ കോവിഡ് 19-നു ശേഷം തികച്ചും ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. തൊഴില്‍ നിയമങ്ങള്‍, പുതിയ വിദ്യാഭ്യാസ നിയമം 2020 തുടങ്ങിയ നിയമങ്ങള്‍ കാര്യമായ എതിര്‍പ്പുകളില്ലാതെ സര്‍ക്കാരിന് അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കര്‍ഷകരെ കാര്‍ഷികവൃത്തിയില്‍നിന്നും അടിച്ചു പുറത്താക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ ശക്തമായ ചെറുത്തു നില്‍പ്പിന് വഴിവെച്ചു. ലോകം ഇതുവരെ കാണാത്ത രീതിയിലുള്ള വലിയ പ്രതിഷേധം ദില്ലിയെ വളഞ്ഞ് അഞ്ചു കേന്ദ്രങ്ങളിലായി നടന്നു. കര്‍ഷകരുടെ സംഘടിതമായ പ്രത്യേകിച്ചും പഞ്ചാബിലെയും ഹരിയാണയിലെയും കര്‍ഷകരുടെ ശക്തി മോദി സര്‍ക്കാര്‍ രുചിച്ചറിഞ്ഞു. ഏതു വിധേനയുമുള്ള ഭീഷണികളും പ്രീണനങ്ങളും കര്‍ഷകരോട് വിലപ്പോയില്ല. ഒടുവില്‍ മോദി സര്‍ക്കാര്‍ മുട്ടു കുത്തുകതന്നെ ചെയ്തു. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കുവാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നിരുന്നാലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പു വരുത്താമെന്ന സമരം അവസാനിപ്പിക്കുമ്പോഴുള്ള വാഗ്ദാനം നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. അനവധിയായ മറ്റു നിയമനിര്‍മ്മാണങ്ങളും മോദി സര്‍ക്കാര്‍ അക്കാലയളവിലും തുടര്‍ന്നും ആവിഷ്‌കരിച്ചു. പ്രതിരോധ രംഗത്ത് ഇരുപത്തിനാല് ശതമാനമായിരുന്ന വിദേശ പങ്കാളിത്തം എഴുപത്തിനാല് ശതമാനമായി ഉയര്‍ത്തി നമ്മുടെ രാജ്യത്തിന്റെ പ്രതിരോധം പോലും വിദേശകുത്തക ശക്തികള്‍ക്ക് അടിയറ വെച്ചു. ഇപ്പോള്‍ ഖനന നിയമം ഭേദഗതി ചെയ്ത് ഇന്ത്യയെ കൊള്ളയടിക്കുവാന്‍ വിദേശ ചൂഷക ശക്തികള്‍ക്കും ഇന്ത്യയിലെ അവരുടെ പിണിയാളുകള്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്നു.

നമ്മുടെ ഭരണഘടന നിലവില്‍ വന്നപ്പോള്‍ തൊട്ടുകൂടായ്മ അല്ലെങ്കില്‍ തീണ്ടി കൂടായ്മ അസാധുവായും നിയമവിരുദ്ധമായും പ്രഖ്യാപിച്ചു. അത് ഭരണഘടനയിലെ സുപ്രധാനമായ മൂല്യമാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ സാമൂഹിക സാഹചര്യത്തില്‍ ഭരണഘടന അതില്‍ തന്നെ ഒരു സാമൂഹിക വിപ്ലവമായി മാറി. തൊട്ടുകൂടായ്മ അല്ലെങ്കില്‍ തീണ്ടി കൂടായ്മ അതുമല്ലെങ്കില്‍ അയിത്തം എന്ന് പറയുന്നത് നിരാകരിക്കുന്നതാണ് നമ്മുടെ ഭരണഘടന. അത് ജാതി വിരുദ്ധമായ ഒരു നിലപാടാണ്. ഭരണഘടനയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജാതികള്‍ക്കും ഗോത്രവര്‍ഗ്ഗങ്ങള്‍ക്കും സ്ഥിരാധികാരത്തില്‍ പ്രത്യേകമായി സംവരണം നല്‍കുന്നതും ആ മൂല്യത്തിന് അനുസരിച്ചുള്ള വ്യവസ്ഥയാണ്. എന്നാല്‍ ആ മൂല്യത്തെ അട്ടിമറിക്കുന്ന ഒരു സര്‍വ്വകക്ഷി സംഭരഭമാണ് നമ്മള്‍ ഈ രണ്ടാം സഹ്രസ്ബാദത്തിന്റെ രണ്ടാംദശകം പൂര്‍ത്തിയാകുമ്പോള്‍ കാണുന്നത്. ബി.ജെ.പി. നേതൃത്വം കൊടുത്ത സവര്‍ണ സംവരണ ഭേദഗതിയെ കോണ്‍ഗ്രസ്സും കമ്യൂനിസ്റ്റു പാര്‍ട്ടികള്‍ മുതല്‍ പിന്നാക്ക സംവരണത്തിന്റെ വക്താക്കളായി നിലകൊളളുന്ന സമാജ്‌വാദി, പാര്‍ട്ടി വിവിധ ജനതാദളുകള്‍, ദലിത ജനതയുടെ ഊര്‍ജ്ജ ശക്തിയായി കടുന്നുവന്ന ബഹുജന്‍ സമാജ് പാര്‍ട്ടി മറ്റ് പ്രാദേശിക കക്ഷികള്‍ എന്നിവയും അകമഴിഞ്ഞ് ആ സംഭരഭത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

അത് ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന അടിസ്ഥാനമൂല്യത്തെ അടിമുടി നിരാകരിക്കുന്ന ഒരു നടപടിയാണ്. ജാതി വിരുദ്ധതയുടെ ഭരണഘടനാ മൂല്യത്തെ തകര്‍ക്കുന്നതിന്, സാമ്പത്തിക സംവരണം എന്ന ഓമന പേരിട്ട്, എന്താണോ സാമൂഹിക സംവരണത്തിലൂടെ ലക്ഷ്യമിടുന്നത് അതിനെ തകര്‍ക്കുന്ന ഒരു നടപടിയാണത്. മോദി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ 10% സവര്‍ണ സംവരണത്തിന്റെ ഭേദഗതി പാസ്സാക്കിയതിനേക്കാള്‍ ശീഘ്രഗതിയിലാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ അതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ഗുജാറത്ത് സംസ്ഥാനത്തോട് മത്സരിച്ചത്. അതിനു തൊട്ടു മുമ്പ് തന്നെ 90% ത്തിലധികം സവര്‍ണ പങ്കാളിത്തമുള്ള ദേവസ്വം ബോര്‍ഡില്‍ 10% സവര്‍ണ സംവരണം ഏര്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തിയ പിണറായിയുടെ സര്‍ക്കാര്‍ അപ്രകാരം തിടുക്കം കാട്ടിയത് ഇന്നും കമ്യൂനിസ്റ്റുകളുടെ ജാതി സംബന്ധമായ നയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാല്ലാത്ത രാഷ്ട്രീയത്തെയാണ് തുറുന്ന് കാണിക്കുന്നത്. സംവരണത്തെയും ജാതി വിരുദ്ധതയെയും തുടക്കം മുതല്‍ ഹിന്ദു ശക്തികള്‍ പരാജയപ്പെടുത്തുവാനാണ് ശ്രമിച്ചത്. ആ അര്‍ത്ഥത്തില്‍ അവര്‍ എപ്പോഴും ജനാധിപത്യപരമായ നമ്മുടെ ഭരണഘടനയ്ക്ക് പകരം ഹിന്ദുത്വ ആശയത്തിലുള്ള കിരാതമായ ഒരു പഴഞ്ചന്‍ ഭരണഘടനയാണ് സ്വപ്നം കണ്ടത്. കമ്യൂനിസ്റ്റുകളും സംവരണത്തെ ഏറ്റവും അസഹിഷ്ണുതയോടെ കണ്ട് അതിനെ പരാജയപ്പെടുത്തുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു വന്നിട്ടുണ്ട്. ജവര്‍ഹര്‍ലാല്‍ നെഹ്രു ഭരണഘടനാ നിര്‍മ്മാണ സമതിയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംവരണത്തെ എതിര്‍ത്തതാണെങ്കിലും ശുദ്രനായ സര്‍ദാര്‍ പട്ടേലിന്റെ പിന്തുണ കൊണ്ടുമാത്രമാണ് ബാബ സാഹിബ് അബേഢ്കര്‍ക്ക് പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞത്. പ്രതിലോമകാരികളും പുരോഗമനവാദികളും ഒരേ കിടപ്പറ പങ്കിടുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. അത് ആരംഭകാലത്തുണ്ടായിരുന്നത് അതിന്റെ പടിപടിയായ മുന്നേറ്റത്തിലൂടെ അടുത്ത ഘട്ടത്തിലേക്ക് ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ രണ്ടുനാള്‍ മുമ്പാണ് രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ സുരാന എന്ന ഗ്രാമത്തില്‍ ഇന്ദ്ര മേഘവാല്‍ എന്ന ഒന്‍പതുവയസ്സുകാരനായ ഒരു പിഞ്ചു ബാലനെ സ്വന്തം അദ്ധ്യാപകന്‍ അദ്ദേഹത്തിന്റെ മണ്‍കലത്തില്‍ നിന്ന് വെള്ളം പകര്‍ന്നു കുടിച്ചു എന്ന കുറ്റമാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. അയിത്തം അല്ലെങ്കില്‍ തൊട്ടുകൂടായ്മ നിരോധിച്ച ഭരണഘടനയുടെ കീഴില്‍ 72 വര്‍ഷങ്ങളായിട്ടും അത് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ജാതിയെ സംബന്ധിച്ച് ഏറ്റവും പ്രതിലോമകരമായ ഭരണഘടനാ ഭേദഗതി വ്യവസ്ഥാപിത കക്ഷികളുടെയെല്ലാം ഒരുമയോടു കൂടി പാസ്സാക്കിയത്. അത് ഇന്ത്യയുടെ സാമൂഹിക – രാഷ്ട്രീയ ചരിത്രത്തിലെ കൂറ്റാകൂരിരിട്ട് പരത്തിയ ഒരു നടപടിയാണ്.

അത് ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന അടിസ്ഥാനമൂല്യത്തെ അടിമുടി നിരാകരിക്കുന്ന ഒരു നടപടിയാണ്. ജാതി വിരുദ്ധതയുടെ ഭരണഘടനാ മൂല്യത്തെ തകര്‍ക്കുന്നതിന്, സാമ്പത്തിക സംവരണം എന്ന ഓമന പേരിട്ട്, എന്താണോ സാമൂഹിക സംവരണത്തിലൂടെ ലക്ഷ്യമിടുന്നത് അതിനെ തകര്‍ക്കുന്ന ഒരു നടപടിയാണത്. മോദി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ 10% സവര്‍ണ സംവരണത്തിന്റെ ഭേദഗതി പാസ്സാക്കിയതിനേക്കാള്‍ ശീഘ്രഗതിയിലാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ അതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ഗുജാറത്ത് സംസ്ഥാനത്തോട് മത്സരിച്ചത്. അതിനു തൊട്ടു മുമ്പ് തന്നെ 90% ത്തിലധികം സവര്‍ണ പങ്കാളിത്തമുള്ള ദേവസ്വം ബോര്‍ഡില്‍ 10% സവര്‍ണ സംവരണം ഏര്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തിയ പിണറായിയുടെ സര്‍ക്കാര്‍ അപ്രകാരം തിടുക്കം കാട്ടിയത് ഇന്നും കമ്യൂനിസ്റ്റുകളുടെ ജാതി സംബന്ധമായ നയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാല്ലാത്ത രാഷ്ട്രീയത്തെയാണ് തുറുന്ന് കാണിക്കുന്നത്. സംവരണത്തെയും ജാതി വിരുദ്ധതയെയും തുടക്കം മുതല്‍ ഹിന്ദു ശക്തികള്‍ പരാജയപ്പെടുത്തുവാനാണ് ശ്രമിച്ചത്. ആ അര്‍ത്ഥത്തില്‍ അവര്‍ എപ്പോഴും ജനാധിപത്യപരമായ നമ്മുടെ ഭരണഘടനയ്ക്ക് പകരം ഹിന്ദുത്വ ആശയത്തിലുള്ള കിരാതമായ ഒരു പഴഞ്ചന്‍ ഭരണഘടനയാണ് സ്വപ്നം കണ്ടത്. കമ്യൂനിസ്റ്റുകളും സംവരണത്തെ ഏറ്റവും അസഹിഷ്ണുതയോടെ കണ്ട് അതിനെ പരാജയപ്പെടുത്തുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു വന്നിട്ടുണ്ട്. ജവര്‍ഹര്‍ലാല്‍ നെഹ്രു ഭരണഘടനാ നിര്‍മ്മാണ സമതിയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംവരണത്തെ എതിര്‍ത്തതാണെങ്കിലും ശുദ്രനായ സര്‍ദാര്‍ പട്ടേലിന്റെ പിന്തുണ കൊണ്ടുമാത്രമാണ് ബാബ സാഹിബ് അബേഢ്കര്‍ക്ക് പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞത്. പ്രതിലോമകാരികളും പുരോഗമനവാദികളും ഒരേ കിടപ്പറ പങ്കിടുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. അത് ആരംഭകാലത്തുണ്ടായിരുന്നത് അതിന്റെ പടിപടിയായ മുന്നേറ്റത്തിലൂടെ അടുത്ത ഘട്ടത്തിലേക്ക് ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ രണ്ടുനാള്‍ മുമ്പാണ് രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ സുരാന എന്ന ഗ്രാമത്തില്‍ ഇന്ദ്ര മേഘവാല്‍ എന്ന ഒന്‍പതുവയസ്സുകാരനായ ഒരു പിഞ്ചു ബാലനെ സ്വന്തം അദ്ധ്യാപകന്‍ അദ്ദേഹത്തിന്റെ മണ്‍കലത്തില്‍ നിന്ന് വെള്ളം പകര്‍ന്നു കുടിച്ചു എന്ന കുറ്റമാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. അയിത്തം അല്ലെങ്കില്‍ തൊട്ടുകൂടായ്മ നിരോധിച്ച ഭരണഘടനയുടെ കീഴില്‍ 72 വര്‍ഷങ്ങളായിട്ടും അത് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ജാതിയെ സംബന്ധിച്ച് ഏറ്റവും പ്രതിലോമകരമായ ഭരണഘടനാ ഭേദഗതി വ്യവസ്ഥാപിത കക്ഷികളുടെയെല്ലാം ഒരുമയോടു കൂടി പാസ്സാക്കിയത്. അത് ഇന്ത്യയുടെ സാമൂഹിക – രാഷ്ട്രീയ ചരിത്രത്തിലെ കൂറ്റാകൂരിരിട്ട് പരത്തിയ ഒരു നടപടിയാണ്.

വനാവകാശ ചട്ടങ്ങളിലെ ഭേദഗതി ആദിവാസികളുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കി കോര്‍പ്പറേറ്റുകള്‍ക്ക് വിപുലമായ അധികാരം നല്‍കിയിരിക്കുകയാണ്. നമ്മുടെ സംസ്ഥാന സര്‍ക്കാരുകള്‍പോലും അധികാരം നഷ്ടപ്പെട്ട് നോക്കുകുത്തികളായി മാറും. തീരദേശ ധാതുദ്രവ്യങ്ങള്‍ സംസ്ഥാനസര്‍ക്കാരുകളുടെ അധീനതയില്‍നിന്നും ഏക അധികാര കേന്ദ്രത്തിലേക്ക് വരുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യങ്ങളും സഹായങ്ങളും വാരിക്കോരി കൊടുക്കുവാന്‍ കേന്ദ്രത്തെ സഹായിക്കും. നിയമങ്ങള്‍ക്കും ബജറ്റുകള്‍ക്കുമപ്പുറത്ത് നടപ്പാക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വമ്പന്‍ പദ്ധതികള്‍ നിയമനിര്‍മ്മാണ സഭകളെയും ജനങ്ങളുടെ അവകാശങ്ങളെയും കാറ്റില്‍ പറത്തും.

രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്ക് സേവന നികുതി മുന്‍ സര്‍ക്കാരുകളെപ്പോലെ ജനങ്ങളുടെ അവകാശങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുന്നതാണ്. ഇന്ത്യ ഒട്ടാകെ ഒരേ ഒരു ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിന്റെ മേന്മകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനകാര്യ മന്ത്രിയും ഏറെ കൊട്ടിഘോഷിച്ചു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തലത്തിലല്ല, ആഗോള തലത്തിലാണ് ഒരു ചരക്ക് സേവന നികുതി സംവിധാനം ഏര്‍പ്പെത്തുവാന്‍ ആഗോള മുതലാളിത്ത ശക്തികള്‍ ശ്രമിക്കുന്നത്. ലോക കച്ചവട സംഘടനയുടെ കീഴില്‍ വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക രംഗം, ബൗദ്ധിക സ്വത്തവകാശം, ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ് ങ്ങിയ കച്ചവടവുമായി ബന്ധമില്ലാത്ത മേഖലകളേപോലും ലോക കച്ചവട കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആഗോള മുതലാളിത്ത ശക്തികള്‍ക്കു കഴിഞ്ഞു. ഇന്ത്യ, ബ്രസീല്‍, മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വലിയ രാജ്യങ്ങള്‍ പോലും അദ്യഘട്ടത്തിലെ എതിര്‍പ്പുകള്‍ ഉപേക്ഷിച്ച് അവരുടെ മുഷ്‌ക്കിനു മുന്നില്‍ കീഴടങ്ങി. വസുധൈവകുടുംബകം എന്ന സങ്കല്പത്തിലൂടെ വിശ്വസാഹോദര്യം ഉയര്‍ത്തിപ്പിടിയ്ക്കുന്ന ഇന്ത്യയുടെ മഹത്തായ സങ്കല്പങ്ങളെ ചവിട്ടിമെതിക്കുന്നതാണ് ആഗോള മുതലാളിത്തത്തിന്റെ ചൂഷണവും അടിച്ചമര്‍ത്തലും കൂട്ടികുഴക്കുന്നതാണ് ഏകരൂപ നികുതിഘടന. നമുക്കു വേണ്ടത് വികേന്ദ്രീകൃതമായ ഉല്പാദന പ്രക്രിയകളെ താങ്ങി നിര്‍ത്തുന്ന പ്രാദേശികവും സംസ്ഥാന തലത്തിലുമുള്ള നികുതി സംവിധാനങ്ങള്‍ ദേശീയ മാനദണ്ഡത്തില്‍ രൂപപ്പെടുത്തുകയാണ്. എന്നാല്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ അവകാശവാദങ്ങള്‍ അധികാരികള്‍ ഉയര്‍ത്തുമ്പോള്‍ അതിനെ വികസനമായും പുരോഗതിയായും കയ്യടിക്കുവാനാണ് ജനങ്ങളെ അടിമകളാക്കുന്നത്. നികുതി പരിധിയില്‍ വരാത്ത ഇടങ്ങളില്‍പോലും വ്യാപിപ്പിച്ച് ജനങ്ങളുടെ സമ്പത്ത് ഊറ്റിയെടുക്കുന്നതാണ് ചരക്കു സേവന നികുതി നിയമം.

ജനാധിപത്യം വികസ്വരമാക്കുന്ന നിയമ നിര്‍മ്മാണങ്ങളും ഒരുപാട് മാറ്റങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ടായി. എന്നാല്‍ പുതിയ ഭരണഘടനയെകുറിച്ച് ഹിന്ദുത്വ വാദികളായ സന്യാസിമാര്‍ വാചലാരാകുന്ന ഘട്ടമാണിപ്പോള്‍. അതോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യം പോലും പണയപ്പെടുത്തുന്നതും തകര്‍ക്കുന്നതുമായ രാഷ്ട്രീയ – സാമ്പത്തിക നയങ്ങള്‍ ഭീകര താണ്ഡവം രാജ്യത്ത് വിതയ്ക്കുന്നു. ആ ഘട്ടത്തില്‍ നിയമത്തിന്റെ നിഷ്പക്ഷമായ പടവാള്‍ ഉയര്‍ത്തിയ നീതി ദേവതയ്ക്കു പകരം ആധുനിക മുതലാളിത്ത ദൈവത്തിന്റെ ജനങ്ങളെ അരിഞ്ഞു വീഴ്ത്തുന്ന പടവാള്‍ ആയി ഓരോ നിയമനിര്‍മ്മാണങ്ങളും ഉണ്ടാകുന്നു. സ്വാതന്ത്ര്യത്തിന്റെ 75 പാരതന്ത്ര്യമായി പരിണമിക്കുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

Joshy Jacob, Advocate, Kottayam-2
Mob:9447347230
Email.id: advocatejoshyjacob@gmail.com

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply