പരിഷത്ത് സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാരാകുമ്പോള്‍
കേരള ശാസ്ത്രസാഹിത്യപരിഷത്തിനു അറുപതു വര്‍്ഷം പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചില ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അത് സ്വാഗതാര്‍ഹമാണ്. ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ടും ഇതോടൊപ്പം വരുന്നു എന്നത് കേവല യാദൃശ്ചികതയാകാം. പക്ഷെ ഇത് രണ്ടും അവഗണിക്കാന്‍ കഴിയുന്ന വിഷയങ്ങളല്ല .കേരളവും ഇന്ത്യയും ലോകം തന്നെയും ഇന്ന് എത്തിനില്‍ക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. വ്യക്തിപരമായി നോക്കിയാലും ഈ സന്ദര്‍ഭം പ്രധാനമാണ്. വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ എന്റെയും അതുപോലെയുള്ള ഒട്ടനവധി പേരുടെയും ചിന്തകളെ സ്വാധീനിച്ച ഒരു പ്രസ്ഥാനമാണ് പരിഷത്. ആദ്യഘട്ടത്തില്‍ ഏറെ ആവേശത്തോടെയും പിന്നീട് അല്പം വിമര്ശനബുദ്ധിയോടെയും പരിഷത്തുമായി സഹകരിച്ച ഒരാള്‍ എന്ന നിലയില്‍ ഈ വിലയിരുത്തല്‍ പ്രധാനമാണ്..കണ്ണടച്ചുള്ള വാഴ്ത്തലുകളോ ഇകഴ്ത്തലുകളോ അല്ല വേണ്ടത്. നിഷ്‌കൃഷ്ടമായ വിലയിരുത്തല്‍ തന്നെയാണ് വേണ്ടത്. അത് സംവാദാത്മകമായിരിക്കുകയും വേണം.
ശാസ്ത്രസാഹിത്യപരിഷത് എന്ന് പറയുമ്പോള്‍ ഏറ്റവും ആദ്യം വരുന്ന ഓര്‍മ്മ ശാസ്ത്രപുസ്തകങ്ങളാണ്. സാധാരണക്കാര്‍ക്കിടയില്‍ ശാസ്ത്രജ്ഞാനവും അതുവഴി ശാസ്ത്രബോധവും വളര്‍ത്തുക എന്നതാണല്ലോ പരിഷത്തിന്റെ സ്ഥാപകലക്ഷ്യം. അതിനു ശേഷിയും സന്നദ്ധതയുമുള്ള ഒരു വലിയ സംഘം പ്രവര്‍ത്തകരാ ണ് ഈ പ്രസ്ഥാനത്തിന്റെ ശക്തിയും. ആ രംഗത്തെ പരിഷത്തിന്റെ നേട്ടങ്ങള്‍ കടുത്ത വിമര്‍ശകര്‍ പോലും നിഷേധിക്കില്ല. ശാസ്ത്രപുസ്തകങ്ങള്‍ക്കു കമ്പോളമുണ്ടാകില്ല എന്ന ധാരണ മൂലമാകാം മുഖ്യധാരയില്‍ പ്രസാധകരോ മറ്റു പത്രമാധ്യമ സ്ഥാപനങ്ങളോ ആ മേഖലയില്‍ കാര്യമായ ഒരു ശ്രമവും നടത്തിയില്ല. . മലയാളത്തില്‍ ലളിതമായി ശാസ്ത്രവിഷയങ്ങള്‍ എഴുതുവാന്‍ കഴിവുള്ളവര്‍ ഉണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നു. ഭാഷ തന്നെ ഇതില്‍ ഒരു തടസമായി കണ്ടിരുന്നു. വിദേശഭാഷായിലാണല്ലോ മിക്ക ശാസ്ത്രപദങ്ങളും. അവക്ക് തുല്യമായ മലയാള പദം കണ്ടെത്താന്‍ പ്രയാസം. സോവിയറ്റ് നാട്ടില്‍ നിന്നും വന്നിരുന്ന ചില മാസികകളായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ആകര്‍ഷകമായ വര്‍ണ്ണ ചിത്രങ്ങളോടെ വന്നിരുന്ന ആ മാസികകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. പക്ഷെ അതിന്റെ ലഭ്യത വളരെ കുറവായിരുന്നു. കേരളത്തില്‍ സുപരിചിതമല്ലാത്ത പേരുകളും വിഷയങ്ങളും മറ്റൊരു പ്രശ്‌നമായിരുന്നു.
ഈ ഘട്ടത്തിലാണ് പരിഷത് സ്വയം ഒരു പ്രസിദ്ധീകരണം ആരംഭിയ്ക്കാന്‍ തീരുമാനിച്ചത്. 1966 ലെ ആ തീരുമാനം തീര്‍ത്തും ഒരു സാഹസം തന്നെയായിരുന്നു. എന്നാല്‍ ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരും അതെ സമയം സാമൂഹ്യമായി ശാസ്ത്രപ്രചാരണത്തിനു ഏതറ്റം വരെ പോകാന്‍ തയ്യാറുള്ളവരുമായ ഒരു സംഘം എഴുത്തുകാര്‍ അന്ന് കാട്ടിയ ധൈര്യമാണ് ഇന്ന് ഒരു മഹാപ്രസ്ഥാനമായി വളര്‍ന്ന പരിഷത്തിന്റെ ആധാരം. അങ്ങനെ ശാസ്ത്രഗതി മാസിക ആരംഭിച്ചു. പിന്നീട് അണമുറിയാത്ത പ്രവാഹം തന്നെയായിരുന്നു. സ്‌കൂള്‍ ശാസ്ത്രമേളകളും ചോദ്യോത്തരപരിപാടികളും (ക്വിസ് ) വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളും അധ്യാപകരിലും വലിയ മതിപ്പുളവാക്കി. പരിഷത്തിന്റെ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും അധ്യാപകര്‍ തന്നെയായിരുന്നുവല്ലോ.
വിദ്യാര്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുക എന്ന ആ ലക്ഷ്യമാണ് പരിഷത്തിന്റെ ഇത്രമാത്രം ജനപ്രിയമാക്കിയത്. 1976 ആയപ്പോഴേക്കും ശാസ്ത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചതോടെ ഈ രംഗത്തെ വ്യാപനം അതിവേഗത്തിലായിരുന്നു. ഒന്ന് രണ്ട് തലമുറകളില്‍ പെട്ട വലിയൊരു ഭാഗം വിദ്യാര്ഥികളുടെ മനസ്സില്‍ ഇന്നും ആദ്യം അവര്‍ രസിച്ചു വായിച്ച പുസ്തകങ്ങളില്‍ പ്രധാന സ്ഥാനം പരിഷത്തിന്റെ പുസ്തകങ്ങള്‍ക്കു തന്നെയായിരിക്കും.ആദ്യത്തെ പത്തു ബാലശാസ്ത്രപുസ്തകങ്ങള്‍് ഇന്നും സൂക്ഷിച്ചുവെക്കുന്ന പലരെയും എനിക്കറിയാം. ശാസ്ത്രകൗതുകം, ഗണിതകൗതുകം, പുസ്തകപ്പൂമഴ, പ്രശ്നോത്തരമാല, ഹൈസ്‌കൂള്‍ നിലവാരത്തിനായുള്ള ശാസ്ത്രനിഘണ്ടു, പ്രൈമറി കുട്ടികള്‍ക്കായുള്ള കുരുന്നില….. നീണ്ട പട്ടികയാണത്. കൂടാതെ വളരെ ഗൗരവതരമായ ഒട്ടനവധി പുസ്തകങ്ങള്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചു. ജെ ഡി ബര്‍ണലിന്റെ ‘ശാസ്ത്രം ചരിത്രത്തില്‍’ എന്ന ബ്രഹദ് ഗ്രന്‍ഥം നാല് ഭാഗങ്ങളും അതില്‍ പെടും. ഒരുപക്ഷെ ആ കൂട്ടത്തില്‍ ഏറ്റവുമധികം ജനപ്രിയമായ ഒന്ന് ടോട്ടോച്ചാന്‍ അഥവാ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി ആയിരിക്കും.
‘എന്തുകൊണ്ട്, എന്തുകൊണ്ട്’ എന്ന പുസ്തകത്തിന്റെ സ്വീകാര്യത ഒരു പക്ഷെ മറ്റു പ്രസാധകരെ ഞെട്ടിച്ചിരിക്കണം. എന്റെ കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു ‘വായിച്ചാലും തീരാത്ത പുസ്തകം’. പ്രൊഫ. ശിവദാസിന്റെ പുസ്തകങ്ങള്‍ ഏറെ ജനപ്രിയമായിരുന്നു. കി’യോ കിയോ’, പി മധുസൂദനന്റെ ‘ഇതിനുമപ്പുറമെന്താണ്?’, എന്‍ എം നമ്പൂതിരിയുടെ കോടിയുടെ കാലും കുരങ്ങന്റെ വാളും, അമ്മുവിന്റെ ഡാര്‍വിന്‍ ( ഇ എന്‍ ഷീജ), ‘ജന്തുലോകത്തിലെ കൗതുകങ്ങള്‍’ ( എം ഗീതാഞ്ജലി), ‘ചിരുതക്കുട്ടിയും മാഷും’,’ വൈദ്യുതിയുടെ കഥ’ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ജനപ്രിങ്ങളായി അഥവാ ബാലപ്രിയങ്ങളായി. പരിഷത്തിന്റെ പുസ്തകങ്ങളുടെ ഉള്ളടക്കം പോലെ അതിന്റെ കെട്ടും മട്ടും ഏറെ ആകര്ഷകങ്ങളായിരുന്നു. അതുകൊണ്ടാണ് കുട്ടികള്‍ക്കവ പ്രിയങ്കരങ്ങള്‍ ആയതും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒരുപക്ഷെ പുസ്തകത്തിന്റെ ഗുണനിലവാരം എന്നതിനപ്പുറം ഇവ ജനങ്ങള്‍ എത്തിച്ചിരുന്ന പാരിഷത്തിക രീതിയായിരുന്നു കൂടുതല്‍ ആകര്‍ഷകം. പുസ്തകം വില്പന ഓരോ പരിഷത് പ്രവര്‍ത്തകന്റെയും പ്രധാന കടമ ആയിരുന്നു. അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു സംഘടനയുടെ പ്രവര്‍ത്തനമൂലധനം. ആ പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള സഞ്ചിയും പരിഷത്ത് സൃഷ്ടിച്ച മാതൃക ആയിരുന്നു. പൊതു ഇടങ്ങളിലും വീടുകളിലുമെല്ലാം ഇങ്ങനെ പുസ്തകങ്ങള്‍ എത്തിച്ചതിന്റെ ഫലമാണ് പരിഷത്തിന് കിട്ടിയ സ്വീകാര്യത. കുട്ടികള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല പരിഷത്തിന്റെ പുസ്തകങ്ങള്‍ ഇറങ്ങിയത്. വിവിധ മേഖലകളില്‍ പരിഷത് നടത്തിയ ഇടപെടലുകളുടെ ഭാഗമായും ഒട്ടനവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യമേഖലയില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍, ആവശ്യമരുന്നുകള്‍ എന്നിവയെപറ്റി ഇന്നും മലയാളത്തിലുള്ള ഒരു ആധികാരിക പുസ്തകം പരിഷത് ഇറക്കിയാണ്. ‘രോഗം വില്‍ക്കുന്നവര്‍ക്കെതിരെ’ ( ഒലി ഹാന്‌സിന്റെ ആത്മകഥ ) മനുഷ്യശരീരത്തെ പറ്റി സിഎന്‍ പരമേശ്വരന്റെ പുസ്തകം, സഫറുള്ള ചൗധരിയുടെ ‘മരുന്നിന്റെ രാഷ്ട്രീയം’ ഇങ്ങനെ പലതും ഉണ്ട്. വികസനം പരിസ്ഥിതി മേഖലകളുമായി ബന്ധപ്പെട്ടുകൊണ്ട്, ‘കേരളത്തിന്റെ സമ്പത്തു’, ‘കേരളപഠനം’, സ്ത്രീപദവി പഠനം, ഏറ്റവുമൊടുവിലായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ എന്നിങ്ങനെ പലതും പരിഷത് ജനങ്ങളില്‍ എത്തിച്ചു.
കേരളീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പരിഷത് നടത്തിയ ഇടപെടലുകളെക്കുറിച്ചു വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നത്തേണ്ടതുണ്ട്. അവര്‍ ചെയ്തതെല്ലാം ശരിയാണ് എന്ന രീതിയിലുള്ള ന്യായീകരണങ്ങളോ അവരുടെ എല്ലാ ഇടപെടലുകളും തെറ്റായിരുന്നു അഥവാ ദുരുദ്ദേശത്തോടെ ആയിരുന്നെന്ന തീര്‍പ്പുകല്പിക്കലോ ശരിയല്ല. പരിസ്ഥിതി വിജ്ഞാനീയം , പ്രുകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ചെറുകിട വ്യവസായം, നീര്‍ത്തടാധിഷ്ഠിത വികസനം, പാര്‍പ്പിടം, സാമൂഹ്യ സാമ്പത്തിക വികസനം, ബഹുരാഷ്ട്രക്കുത്തകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍, ലിംഗപദവി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രക്ഷോഭങ്ങള്‍… ഇങ്ങനെ പോകുന്നു ആ ഇടപെടല്‍ മേഖലകള്‍. എല്ലാ മേഖലകളെയും കുറിച്ച് ഇവിടെ സംവദിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഈ മേഖലകളില്‍ പരിഷത് എടുത്ത സമീപനങ്ങള്‍ ശരിയായിരുന്നുവോ എന്നതാണ് ആദ്യ ചോദ്യം. അത് തെറ്റായിരുന്നു എങ്കില്‍ അവര്‍ നടത്തിയ കണ്ടെത്തലുകളും തെറ്റാകും. അവരുടെ നിരീക്ഷണങ്ങളും വഴികളും ശരിയായിരുന്നു എങ്കില്‍ അത് ഫലപ്രദമായി എന്ന് കേരളീയ സമൂഹത്തില്‍ ബോധ്യപ്പെടണമല്ലോ. തന്നെയുയമല്ല ആറു പതിറ്റാണ്ട് മുമ്പ് ആരംഭയ്ച്ച ഒരു പ്രവര്‍ത്തനപദ്ധതി അതേപോലെ ഇപ്പോഴും തുടരാനും കഴിയില്ലല്ലോ. അതാതു കാലത്തു വരുത്തിയ മാറ്റങ്ങളും ഇതോടൊപ്പം പരിശോധിക്കപ്പെടണം. ആശയരംഗത്തു മാത്രമല്ല സംഘടന എന്ന രീതിയില്‍ അതില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി എന്നും പരിശോധിക്കപ്പെടണം.
1970കളില്‍ ഈ സംഘടനയുമായി ബന്ധപ്പെടുന്ന കാലത്തു അതില്‍ ഏറ്റവും ആകര്‍ഷണീയമായ തോന്നിയ ഒരു ഘടകം അതിന്റെ സംഘടനാപരമായ അനൗപചാരികതയാണ്. പ്രത്യേകിച്ച് ഒരു കേഡര്‍ സംവിധാനത്തിലുള്ള കമ്മ്യുണിസ്‌റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇവിടെ വരുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം സമത്വബോധം വല്ലാതെ ആകര്‍ഷിച്ചു. വൈജ്ഞാനികമായ വളരെ ഉയര്‍ന്ന തലത്തിലുള്ള ഒട്ടനവധി പേരെ തൊട്ടടുത്തു നിന്ന് കാണാനും തുല്യതയോടെ സംസാരിക്കാനും കഴിഞ്ഞത് വഴി ഒരു വിദ്യാര്‍ത്ഥിയില്‍ ഉണ്ടാകുന്ന ആത്മധൈര്യം ചെറുതല്ല. യാതൊരു വിധ പ്രതിഫലേച്ഛയുമില്ലാതെ ആയിരക്കണക്കിന് പേരാണ് പരിഷത്തിന്റെ പ്രവര്‍ത്തകരായി രംഗത്തു വന്നത്. ഒരു വിഷയത്തില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി പതിനായിരം ക്ലാസുകള്‍ എടുക്കാന്‍ അന്ന് കഴിഞ്ഞിരുന്നു. നേരത്തെ പറഞ്ഞ പുസ്തകവില്പന മുതല്‍ കലാജാഥ, പരിഷത്ത് അടുപ്പ് , ചൂടാറാപ്പെട്ടി തുടങ്ങിയവയുടെ പ്രചാരണത്തിലുമെല്ലാം ഈ വളണ്ടിയര്‍ സ്വഭാവം നിലനിന്നു.
അതില്‍ പിന്നീടുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമാണ്? എന്റെ വ്യക്തിപരമായ ചില വിലയിരുത്തലുകളാണ് ഇനി പറയുന്നത്. കേവലം സന്നദ്ധ പ്രവര്‍ത്തന മേഖലവിട്ടു സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാരായി മാറിയതു മുതലാണ് ചില വ്യത്യാസങ്ങള്‍ കണ്ട് തുടങ്ങിയത്. സര്‍ക്കാര്‍ അനുബന്ധ പരിപാടി ആകുമ്പോള്‍ അതില്‍ നിന്നും വരുമാനം ഉണ്ടാകും. അധികാരികളില്‍ ഉന്നതരുമായുള്ള അടുത്ത ബന്ധങ്ങള്‍ ഉണ്ടാകും. ഇത് മറ്റു പല വഴികളും തുറക്കും. അതോടെ വളണ്ടിയര്‍ എന്ന രീതി പതുക്കെ ഇല്ലാതാകും. ഒരു കൂട്ടര്‍ക്ക് പ്രവര്‍ത്തനത്തിന് വരുമാനം കിട്ടുമ്പോള്‍ ബാക്കിയുള്ളവര്‍ അതില്‍ അസ്വസ്ഥരായേക്കും. പരിഷത് പ്രവര്‍ത്തനവും ബന്ധങ്ങളും ചില സ്ഥാനങ്ങള്‍ നേടാനുള്ള കുറുക്കുവഴികളാകുമ്പോള്‍ കാര്യം കുറേക്കൂടി ഗുരുതരമാകും. ഇതിന്റെ ഫലമായി തങ്ങള്‍ക്കു സ്ഥാനം തന്നവരോടുള്ള അനുഭാവം നിലനിര്‍ത്താന്‍ ബാധ്യത ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. 1980കളിലെ സാക്ഷരതാ പ്രവര്‍ത്തനമായിരുന്നു തുടക്കം.
ജനകീയാസൂത്രണമായപ്പോഴേക്കും ഇത് പാരമ്യത്തിലെത്തി. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പല മന്ത്രിമാരുടയും പേര്‍സണല്‍ സ്റ്റാഫില്‍ മുതല്‍ ആസൂത്രണബോര്‍ഡ് അടക്കം പലയിടത്തും നിരവധി പരിഷത് നേതാക്കള്‍ ഉണ്ടാകും. ഇവരൊന്നും അതിനു വേണ്ട വൈദഗ്ധ്യം ഇല്ലാത്തവരെന്നോ സ്വാര്‍ത്ഥമോഹികളെന്നോ പറയുകയല്ല. എന്നാല്‍ ഈ വഴി തുറന്നു കിട്ടുമ്പോള്‍ അങ്ങനെ അല്ലാത്തവരും കയറും. 1996 മുതലുള്ള ഇടതുപക്ഷ മന്ത്രിസഭകളില്‍ ഈ കാഴ്ച പ്രകടമാകുന്നു. ഇതിന്റെ ദുരന്തങ്ങള്‍ പലതാണ്. കേവല കക്ഷിരാഷ്ട്രീയത്തിനതീതമായി ശാസ്ത്രസത്യങ്ങളും സാമൂഹ്യസത്യങ്ങളും തുറന്നു പറഞ്ഞിരുന്ന ഒരു സംഘടന എന്ന സ്ഥാനം ജനമനസ്സുകയില്‍ ഇല്ലാതാകും. നിരവധി വിഷയങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് കുറ്റകരമായ മൗനം പാലിക്കേണ്ടിയെങ്കിലും വരും. പരിഷത്തിന്റെ രാഷ്ട്രീയം ജനപക്ഷരാഷ്ട്രീയമാണെന്നു കരുതി അതില്‍ വന്ന ഒട്ടനവധി പേര്‍ക്ക് പരിഷത്തുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് അതിന്റെ ഇടതുപക്ഷ പാര്‍ട്ടി വിധേയത്വം മൂലമാണ്. എന്നാല്‍ ഈ പാര്‍ട്ടിയാകട്ടെ പരിഷത് മുന്നോട്ടു വയ്ക്കുന്ന ഒരു വികസനസങ്കല്പവും അംഗീകരിക്കില്ല. അത് പരിസ്ഥിതി സംരക്ഷണം (ഗാഡ്ഗില്‍ ഉദാഹരണം) മുതല്‍ വന്‍ വികസന പദ്ധതികള്‍ (ഏറ്റവും ഒടുവില്‍ കെ റെയില്‍ വരെ) ഏതായാലും വ്യത്യാസമില്ല. എന്നാല്‍ പരിഷത്തിന്റെ സമുന്നതരായ പ്രവര്‍ത്തകര്‍ ഈ അബദ്ധ്ങ്ങള്‍ നടപ്പാക്കുന്ന മന്ത്രിമാരുടെ സ്റ്റാഫില്‍ ഉണ്ട് താനും. ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥ ആണെന്ന് പലരും അടക്കം പറയാറും ഉണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത് കേവലം വ്യക്തിപരമായ ചില പ്രശ്‌നങ്ങളോ പരിമിതികളോ ആയി കാണുന്നില്ല. ഇവരൊക്കെ ഏറെ ആത്മാര്‍ഥത ഉള്ളവര്‍ തന്നെ. കരിമണല്‍ ഖനനം ഒരു നല്ല ഉദാഹരണം. ആലപ്പുഴ ആറാട്ടുപുഴ-തൃക്കുന്നപ്പുഴ മേഖലയില്‍ കരിമണല്‍ ഖനനം അപകടകരമാണെന്ന് 2003 മുതല്‍ വിലയിരുത്തപ്പെട്ടതാണ്. ആ കണ്ടെത്തലില്‍ പരിഷത്തും പങ്കു ചേര്‍ന്നിട്ടുണ്ട്. വളരെ വ്യാപകമായ സമരങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. അന്ന് സിപിഎം അടക്കമുള്ള എല്ലാ കക്ഷികളും ആ തീരത്തു മനുഷ്യച്ചങ്ങല തീര്‍ത്തതുമാണ്. പരിഷത്തിന്റെ ഏറെ പരിചയസമ്പത്തുള്ള പലരും ആ ഖനനത്തിനെതിരെ നിരന്തരം എഴുതാറും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതെന്താണ്? ആറാട്ടുപുഴ തീരത്തിന് തൊട്ടു വടക്കു തോട്ടാപ്പിള്ളിയില്‍ നിന്നും പ്രതിദിനം നൂറു കണക്കിന് ലോറികള്‍ കരിമണല്‍ കൊണ്ട് പോകുന്നു. അതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിപക്ഷവും മാസങ്ങളായി സമരം നടത്തുന്നു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ആ തീരത്തുണ്ടായിരുന്ന നൂറുകണക്കിന് കാറ്റാടി മരങ്ങള്‍ (മുമ്പ് സര്‍ക്കാര്‍ തന്നെ പണം മുടക്കി തീരാ സംരക്ഷണത്തിനായി നട്ടുവളര്‍ത്തിയവ) സര്‍ക്കാര്‍ മുറിച്ചു മാറ്റിയപ്പോള്‍ ആ മന്ത്രിമാരുടെ അടുപ്പത്തില്‍ ഒട്ടനവധി പരിഷത് നേതാക്കള്‍ ഉണ്ടായിരുന്നു. അവരില്‍ പലരും കരിമണല്‍ ഖനനത്തിനിതിരെ ശക്തമായി വാദിച്ചവരുമാണ്.
ജനകീയാസൂത്രണത്തില്‍ ഏറെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച പരിഷത് വളണ്ടിയര്‍മാരെ എനിക്കറിയാം. തദ്ദേശസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക, പ്രാദേശിക തലത്തില്‍ വികസനാസൂത്രണവും പദ്ധതികള്‍ നടപ്പാക്കലും സാധ്യമാക്കുക, അഴിമതി കുറക്കുക, കാര്യക്ഷമത കൂട്ടുക, ആഗോളീകരണത്തിന്റെ കാലത്തു അതിനെതിരെ പ്രാദേശിക പ്രതിരോധം ഉയര്‍ത്തുക, നീര്‍ത്തടാധിഷ്ഠിത വികസനം കൊണ്ട് വരിക, മാലിന്യസംസ്‌കരണം ശാസ്ത്രീയമായി നടപ്പിലാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ ആണ് അവര്‍ (ഈ ഞാനും) സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറായത്. പക്ഷെ പിന്നീട് കണ്ടതെന്താണ്? പ്രതീക്ഷിച്ചതു പോലെ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ ഈ അധികാരവികേന്ദ്രീകരണം കൊണ്ട് കഴിഞ്ഞുവോ എന്നതാണ് പ്രധാനമായ ചോദ്യം. പദ്ധതികളുടെ രൂപീകരണവും നടത്തിപ്പും സുതാര്യമാക്കാനും അതുവഴി ജനകീയ ഇടപെടല്‍ സാധ്യമാക്കാനും അഴിമതി തടയാനും കാലതാമസം കുറക്കാനും കഴിയും എന്നായിരുന്നു ഞാന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്ന വായ്ത്താരി. ഇതിലെ അരാഷ്ട്രീയത കാണാന്‍ അന്ന് കഴിഞ്ഞില്ല എന്ന തെറ്റ് പിന്നീട് മനസ്സിലാക്കി. ഏതൊക്കെ ചട്ടങ്ങളും മേല്‍നോട്ട സംവിധാനങ്ങളും ഉണ്ടായാലും അതിനെയൊക്കെ മറികടന്നുകൊണ്ട് അഴിമതിയെ സ്ഥാപനവല്‍ക്കരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കഴിഞ്ഞു എന്ന് ഇന്ന് നമുക്കറിയാം. ഗ്രാമപഞ്ചായത്തില്‍ അംഗമാകാനുള്ള തെരഞ്ഞെടുപ്പില്‍ പോലും നാലും അഞ്ചും ലക്ഷങ്ങള്‍ മുടക്കുന്നത് കാണുമ്പോള്‍ കാര്യം വ്യക്തം. ഈ പണം അഞ്ചു വര്ഷം കൊണ്ട് അവര്‍ പല മടങ്ങായി തിരിച്ചു പിടിക്കുമല്ലോ.
മാലിന്യസംസ്‌കരണം പോലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഏറ്റവും അടിയന്തരമായ കടമകള്‍ പോലും ശരിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കൊണ്ട് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഒട്ടുമിക്ക നഗരസഭകളും കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതില്‍ തന്നെ ഈ കുഴപ്പത്തിന്റെ അടിസ്ഥാനമുണ്ട്. കേരളത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി, നീരൊഴുക്കിന്റെ രീതി, ജനങ്ങളുടെ ഉപഭാഗസംസ്‌കാരം , ഭക്ഷണ-യാത്ര-ആവാസരീതികള്‍ തുടങ്ങിയവ എല്ലാം വച്ചുകൊണ്ട് കേന്ദ്രീകൃത മാലിന്യസംസ്‌കരണം അസാധ്യമാണെന്ന് തെളിഞ്ഞിട്ടും അതില്‍ നിന്നും മാറാന്‍ ഒരു നഗരസഭയും തയ്യാറായില്ല. ഇതിന്റെ ഫലമായി കേരളത്തില്‍ പലയിടത്തും ( വിളപ്പില്‍ശാല- തിരുവനന്തപുരം, കുരീപ്പുഴ- കൊല്ലം ,വടവാതൂര്‍- കോട്ടയം, സര്‍വ്വോദയപുരം -ആലപ്പുഴ, ബ്രഹ്മപുരം- എറണാകുളം, ലാലൂര്‍-തൃശൂര്‍, ഞെളിയമ്പറമ്പ്- കോഴിക്കോട്, പെട്ടിപ്പാലം- തലശ്ശേരി, ചേലോറ – കണ്ണൂര്‍) ജനങ്ങള്‍ക്ക് ശക്തമായി പ്രതിരോധിക്കേണ്ടി വന്നു. ഇതില്‍ ബ്രഹ്മപുരം ഒഴിച്ച് എല്ലായിടത്തും കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംരഭങ്ങള്‍ പൂട്ടി എന്നത് ജനങ്ങളുടെ വിജയമാണ്. എന്നാല്‍ ഈ വിഷയത്തില്‍ പരിഷത്തിന്റെ പ്രതിനിധികളായി ആസൂത്രണ ബോര്‍ഡ് മുതല്‍ ഗ്രാമത്തില്‍ പ്രവര്‍ത്തകര്‍ വരെ എടുത്ത നിലപാടുകള്‍ എന്തായിരുന്നു എന്ന് പരിശോധിക്കപ്പെടണം. വിളപ്പില്‍ശാലയില്‍ പോലും ആ സംഭരണകേന്ദ്രം (ഡംപിങ് യാര്‍ഡ്) അവിടെ തുടര്‍ന്നും നിലനിര്‍ത്താനാണ് പരിഷത് ശ്രമിച്ചത്. ഇത് മറ്റിടങ്ങളിലും ബാധകമാണ്. കേരളത്തില്‍ വികേന്ദ്രീകൃതമായി മാത്രമേ ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം സാധ്യമാകൂ എന്ന സത്യം പലവട്ടം അംഗീകരിക്കപ്പെട്ടതാണ്. പക്ഷെ കക്ഷിരാഷ്ട്രീയ മേലാളന്മാര്‍ അത് ഒരിക്കലും അംഗീകരിക്കില്ല. അതിനു പല കാരണങ്ങളും ഉണ്ട്. എന്നാല്‍ അവര്‍ക്കു പിന്തുണ നല്‍കാന്‍ പരിഷത്തും വന്നത് ഏറെ ദുഃഖകരമായിരുന്നു. എവിടെയെങ്കിലും കേന്ദ്രീകൃതമായി മാലിന്യം കൊണ്ട് തള്ളാന്‍ സാധ്യത നിലനില്‍ക്കുന്നിടത്തോളം വികേന്ദ്രീകൃത സംവിധാനം പ്രവര്‍ത്തനക്ഷമം ആകില്ലെന്നത് എല്ലായിടത്തെയും അനുഭവമാണ്. ഇത് മറ്റു പല കാര്യങ്ങളിലും നമുക്ക് കാണാം. വികസനത്തില്‍ വികേന്ദ്രീകരണം സാധ്യമായില്ലെങ്കിലും പ്രതിരോധത്തില്‍ അത് സാധ്യമായി എന്ന സത്യം ഇന്ന് തിരിച്ചറിയപ്പെടുന്നു. അത് മറ്റൊരു കാര്യമാണ്. പക്ഷെ അവിടെ പരിഷത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ് താനും.
ഇതുപോലെ തന്നെയാണ് സര്‍ക്കാരിന്റെയും മറ്റു സ്ഥാപങ്ങളുടെയും ഫണ്ടുമായി ബന്ധപ്പെട്ട കെട്ടുപാടുകളും. പരിഷത് കാര്യമായ ഫണ്ടും മൂലധനമുടക്കുമില്ലാതെ മുന്നോട്ടു പോയ പ്രസ്ഥാനമാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കു നിരവധി സ്ഥാപനങ്ങളും ആസ്തികളും ഉണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രസ്ഥാനം എന്നതിനപ്പുറം ഒരു സ്ഥാപനം ആയി അത് മാറി. അതില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായി. മേല്‍ കീഴ് രീതിയിലുള്ള ശ്രേണികള്‍ ഉണ്ടായി. ഉദ്യോഗസ്ഥമേധാവിത്വം സ്വാഭാവികമായും ഉണ്ടായി. മുമ്പ് പരിഷത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത ആയിരുന്ന അനൗപചാരികത ഇല്ലാതായി. ഐആര്‍ടിസി പോലുള്ള സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഏതു സ്ഥാപനത്തിന്റെയും ആദ്യ കടമ അതിന്റെ നിലനില്‍പ്പ് ഉറപ്പാക്കുക എന്നതാകുമല്ലോ. അതിനാവശ്യമായ ഫണ്ട് കിട്ടാന്‍ മേലാളന്മാരുടെ പ്രീതി ഉറപ്പാക്കേണ്ടി വരും. അത് സര്‍ക്കാരായാലും ലോക ബാങ്കായാലും സ്ഥിതി വ്യത്യസ്തമല്ല. ഈ പ്രതിസന്ധി പരിഷത്തിനെയും ബാധിച്ചു.
വിദ്യാഭ്യാസമേഖലയില്‍ പരിഷത് കേട്ട ഏറ്റവും പ്രധാനവിമര്‍ശനം ഡിപിഇപിയുമായി ബന്ധപ്പെട്ടതായിരുന്നല്ലോ. അത് ലോകബാങ്കിന്റെ പരിപാടി ആയിരുന്നു എന്നതില്‍ ഒരു സംശയവും ആര്‍ക്കുമില്ല. പരിഷത് തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതി ഡിപിഇപി അല്ല എന്ന് സ്ഥാപിക്കാന്‍ അവര്‍ എത്ര ശ്രമിച്ചാലും കഴിയാത്തവിധത്തില്‍ തുറന്നു കാട്ടപ്പെട്ടു. തന്നെയുമല്ല നേരത്തെ പറഞ്ഞത് പോലെ വിദ്യാഭ്യാസമന്ത്രിയുടെയും മറ്റും ഏറ്റവും അടുത്ത ആളുകള്‍ ഉന്നത പരിഷത് പ്രവര്‍ത്തക ആയിരിക്കുമ്പോള്‍ തന്നെയാണ് കേരളത്തില്‍ ഈ പരിപാടികള്‍ നടത്തിയതും തുടരുന്നതും. ഒരു തരത്തിലുള്ള എതിര്‍പ്പും പരിഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.
പരിഷത്തിന്റെ അടിസ്ഥാനനിലപാടുകളില്‍ പലതും കാലഹരണപ്പെട്ടു എന്ന് ഈ ലേഖകന്‍ കരുതുന്നു. പ്രൊഫ എംഎന്‍ വിജയന്‍ പറഞ്ഞതുപോലെ ‘ഒരു വണ്ടി ഓടിയെത്തിയിട്ടു അതിന്റെ ഇന്ധനം എവിടെ പോയി എന്ന് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം?’. ഒരു കാലഘട്ടത്തില്‍ നിലനിന്ന സത്യങ്ങള്‍ പിന്നീട് സത്യങ്ങള്‍ അല്ലാതാകുമ്പോള്‍ അതിനനുസരിച്ചു മാറാന്‍ കഴിയുന്ന പ്രസ്ഥാങ്ങളെ നിലനില്‍ക്കൂ എന്നതാണ് ചരിത്രാനുഭവം. അല്ലാത്തവക്കെല്ലാം വല്ലാത്ത ച്യുതി സംഭവിക്കും. പല രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടെയും (മത ജാതി സംഘടനകളോ രാഷ്ട്രീയ കക്ഷികളോ ആകാം) അനുഭവം നമ്മുടെ മുന്നില്‍ ഉണ്ടല്ലോ. ശാസ്ത്രം സംബന്ധിച്ചു 1960 കളി ല്‍ ഉണ്ടായിരുന്ന വീക്ഷണം തന്നെ ഇന്ന് കാലഹരണപ്പെട്ടിരിക്കുന്നു. കേവല സത്യാന്വേഷിയായ ഒരു ശാസ്ത്രം ഇന്നില്ല. ‘ശാസ്ത്രം സത്യമാണ് , ശാസ്ത്രത്തിനല്ല അതിന്റെ ഉപയോഗ ദുരുപയോഗങ്ങള്‍ക്കാണ് പ്രശനം അപ്പോള്‍ അതിന്റെ ഉപഭോക്താക്കള്‍ ശരിയെങ്കില്‍ ഏതു ശാസ്ത്രവും സ്വീകാര്യമാണ് എന്ന ധാരണ ഇന്ന് കാലഹരണപ്പെട്ടിരിക്കുന്നു. (ഇതിനെ ഉപയോഗ ദുരുപയോഗ മാതൃക എന്ന് പറയും). അതുകൊണ്ട് തന്നെ ‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിനു’ എന്ന മുദ്രാവാക്യം ഇന്ന് പഴയ രീതിയില്‍ പ്രസക്തമാകില്ല. ഇന്ന് ശാസ്ത്രം എന്ന് പറയുന്നതിന് വ്യക്തമായ രാഷ്ട്രീയം ഉണ്ട് . മൂല്യനിരപേക്ഷമല്ല അത്. മുമ്പ് സാങ്കേതികവിദ്യയെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മില്‍ കാര്യമായ വേര്‍തിരിവില്ല. ഒന്ന് മറ്റൊന്നിനെ എന്ന വിധത്തില്‍ പരസ്പരം ആശ്രയിക്കുന്നു. ഇത് രണ്ടും മൂലധനത്തെ ആശ്രയിക്കുന്നു. ഇന്നത്തെ ശാസ്ത്രസത്യങ്ങള്‍ അപ്പാടെ സ്വീകരിക്കാന്‍ കഴിയില്ല. ചില ശാസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിലും രാഷ്ട്രീയം ഉണ്ട്. ആണവ ഊര്‍ജവും ജനതിക സാങ്കേതികവിദ്യയുമെല്ലാം ഈ വീക്ഷണത്തില്‍ കാണണം എന്നാണു ഈ ലേഖകന്റെ നിലപാട്.
ആരോഗ്യരംഗത്തെ നിരവധി ഇടപെടലുകള്‍ , പുസ്തകങ്ങളും മറ്റും വഴി പരിഷത് നടത്തിയിരുന്നു. എന്നാല്‍ ആ രംഗത്തെ കുറിച്ച് അവര്‍ വച്ചുപുലര്‍ത്തുന്ന വളരെ തെറ്റായ കുറെ ധാരണകളുണ്ട്. എത്ര കാലമായി ഹോമിയോ ചികിത്സാ സമ്പ്രദായത്തിനെതിരായി ശാസ്ത്രഗതി പോലുള്ള മാസികകളുടെ പേജുകള്‍ ഉപയോഗിക്കുന്നു? ആയുര്‍വേദം അബദ്ധമാണെന്ന് പരസ്യമായി പറയുന്നില്ലെന്ന് മാത്രം. ജ്യോതിഷത്തിനെതിരെയെന്ന പോലുള്ള ആ പ്രചാരണം തങ്ങളുടെ ശാസ്ത്രബോധമായിട്ടാണ് പരിഷത് മുന്നോട്ടു വക്കുന്നത്. അങ്ങനെ വരുമ്പോള്‍ ആ ശാസ്ത്രബോധം തന്നെ ചോദ്യം ചെയ്യപ്പെടണം. ഈ പ്രചാരണത്തിന് പിന്നില്‍ വളരെ കൃത്യമായും അലോപ്പൊതി ലോബികള്‍ ഉണ്ടെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനും കഴിയില്ല. ശാസ്ത്രം എന്നത് തങ്ങള്‍ക്കു, തങ്ങള്‍ അവിശ്വസിക്കുന്നവര്‍ക്കു ബോധ്യപ്പെടുന്നത് മാത്രമാണെന്ന ധാരണ അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ ആരോഗ്യനയം , പ്രത്യേകിച്ചും കോവിഡ് കാലത്തെ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഈ ലോബികള്‍ പ്രവര്‍ത്തിക്കുന്നു എന്നും അതിനു വഴി ഒരുക്കുന്നത് ഇടതുപക്ഷഭരണത്തില്‍ സ്വാധീനമുള്ള പരിഷത് വഴിയാണെന്നുമുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു തന്നെ കരുതേണ്ടി വരും.
ആയുഷ് എന്ന സംവിധാനം ( അതില്‍ ആയുര്‍വേദം, യോഗ, സിദ്ധ, ഹോമിയോ തുടങ്ങിയ വൈദ്യവിഭാഗങ്ങള്‍ പെടുന്നു) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചവയാണ്. പക്ഷെ പരിഷത്തിനു ഇതൊന്നും സ്വീകാര്യമല്ല. വാക്‌സിന്‍ എടുക്കാത്തവര്‍ക്കു എല്ലാവിധ അവകാശങ്ങളും നിഷേധിക്കുന്നു, വാക്‌സിന്‍ എടുത്തല്‍ ഉണ്ടാകുന്ന പാര്‍ശ്വഫലനങ്ങള്‍ക്കു ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നു പറയുന്നു, അതെടുത്താലും രോഗം വരുന്നത് തടയാനോ അത് രൂക്ഷമാകുന്നത് ഒഴിവാക്കാനോ എന്തിനു മരണം തടയാനോ പോലും കഴിയില്ലെന്ന് അനുഭവങ്ങളില്‍ കൂടി തെളിയിച്ചിട്ടും ഇത്തരം സമീപനങ്ങള്‍ എടുക്കുന്നത് തെറ്റാണ്. തമിഴ് നാട് പോലുള്ള പല സംസ്ഥാങ്ങളും കോവിഡിന്റെ പ്രതിരോധത്തിലും ചികിത്സയിലും മറ്റു ചികിത്സാ സമ്പ്രദായങ്ങള്‍ പ്രയോജനപ്പെടുത്തുന്നു എന്നും ഓര്‍ക്കണം.വ്യവസായ മലിനീകരണം സംബന്ധിച്ചുള്ള പരിഷത്തിന്റെ നിലപാടുകളിലും ഇത്തരം വൈരുധ്യങ്ങള്‍ കാണുന്നുണ്ട്.
പരിഷത് ആദ്യമായി ഇടപെട്ട മലിനീകരണപ്രശ്നം ഏലൂരിലേതാണ്. വ്യവസായങ്ങള്‍ അടച്ചു പൂട്ടുകയല്ല സാങ്കേതിവിദ്യ ഉപയോഗിച്ച് മലിനീകരണം ഇല്ലാതാക്കുകയാണ് വേണ്ടത് എന്ന് ആദ്യഘട്ടത്തില്‍ അവര്‍ എടുത്ത നിലപാട് ശരിതന്നെയായിരുന്നു. എന്നാല്‍ അനേകം പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി മലിനീകരണം നടത്തിയ കമ്പനികള്‍ സുപ്രീം കോടതി തന്നെ ഇടപെട്ടിട്ടും അതില്‍ ഒരു വ്യത്യാസവും ഇല്ലാതെ തുടര്‍ന്നാല്‍ അവ പൂട്ടണം എന്ന് പറയേണ്ടതല്ലേ? വേറെ എന്താണ് വഴി? വലിയൊരു സമൂഹത്തിനു, മനുഷ്യനും മറ്റു സസ്യജീവജാലങ്ങള്‍ക്കും നിലനില്‍ക്കാന്‍ വേണ്ട പുഴ നിരന്തരം മലിനമാക്കാന്‍ അനുവദിക്കാമോ? ഇന്നാട്ടിലെ സര്‍ക്കാര്‍ നീതിന്യായ സംവിധാനങ്ങള്‍ ഒന്നും അവര്‍ക്കു മേലെയുള്ള എന്ന് അംഗീകരിക്കാന്‍ കഴിയുമോ? ഇത് ഏറെ പ്രകടമായത് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‌സിലായിരുന്നു. മുപ്പതുവര്‍ഷം ചാലിയാറില്‍ വിഷമൊഴുക്കുകയും വാഴക്കാട് പഞ്ചായത്തതിനെ രോഗാതുരമാക്കുകയും വയനാട്ടിലും കിഴക്കന്‍ മലക്കിളിലുമുണ്ടായിരുന്ന മരങ്ങള്‍ മുഴുവന്‍ നശിപ്പിക്കുകയും ചെയ്ത കമ്പനിയോട് മലിനീകരണം ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നതിലെ കാപട്യം വ്യക്തമാണ്. ഒടുവില്‍ പരിസ്ഥിതി അല്ലാത്ത വിഷയങ്ങള്‍ കൊണ്ട് ആ സ്ഥാപനം പൂട്ടിപ്പോയി. അതുകൊണ്ട് തന്നെ നിരവധി തൊഴിലാളികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം പോലും കിട്ടാതെയും പോയി. ഇത്തരം നിലപാടുകളില്‍ പരിഷത്ത് എത്തുന്നതിനു രാഷ്ട്രീയ സമ്മര്‍ദ്ദം ഒരു കാരണമായിരിക്കാം. എന്നാല്‍ ശാസ്ത്രത്തെ പിടിച്ച് ആണയിടുന്നവരുടെ ശാസ്ത്രബോധത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എക്‌സ്പ്രസ്സ് ഹൈവേ തുടങ്ങിയ പദ്ധതികള്‍ക്കെതിരെ ശക്തമായ നിലപാടാണ് പരിഷത് എടുത്തതെന്നു മറക്കുന്നില്ല. ഇപ്പോള്‍ കെ റയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും അവര്‍ നിലപാടെടുക്കുന്നുണ്ട്.
ഈ ഉദാഹരണങ്ങള്‍ നീട്ടുന്നില്ല. നവോത്ഥാനത്തിന് ശേഷം കേരളം പല സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും ഏറെ പുറകോട്ടു പോയി എന്ന സത്യം നമ്മള്‍ അംഗീകരിക്കണം. അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെയും സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടിയും മറ്റും പരിഷത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥത ചോദ്യം ചെയ്യാനാവില്ല. കലാജാഥകളും പാട്ടുകളുമെല്ലാം ഏറെ ആകര്ഷകങ്ങളുമായിരുന്നു. എന്നാല്‍ അവയൊക്കെ സമൂഹത്തില്‍ എന്ത് മാറ്റം ഉണ്ടാക്കി എന്ന ചോദ്യം പ്രസക്തമാണ്. ബിഷപ്പും സ്വാമിമാരും മൗലവിമാരുമെല്ലാം ഇന്നും സ്ത്രീകള്‍ക്ക് തുല്യപദവി അംഗീകരിക്കുന്നില്ല എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ സാക്ഷരമെന്നും മറ്റും അവകാശപ്പെടുന്നവരോ? ഇന്നും ജാതിയടക്കമുള്ള എല്ലാം പിന്തിരിപ്പന്‍ മൂല്യങ്ങളും മുമ്പത്തേതിനേക്കാള്‍ ശക്തമായി നിലനില്‍ക്കുന്നു. അതിനു പരിഷത്താല്ല ഉത്തരവാദി എന്നാല്‍, അതെന്തുകൊണ്ട് എന്ന് പഠിക്കാനെങ്കിലും അവര്‍ക്കു കഴിയേണ്ടതല്ലേ?
ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ വിമര്ശനങ്ങള്‍ അടക്കം കേരളത്തില്‍ ചര്‍ച്ചയാകണം .ആ വിധത്തിലുള്ള ചര്‍ച്ചകളില്‍ പരിഷത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടാകണം. അങ്ങനെ വന്നാല്‍ അത് പരിഷത്തിനും കേരളത്തിനും ഗുണകരമായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in