എംടിയുടേത് ഏകപക്ഷീയമായ സാമുദായികാഖ്യാനം
കെ കെ കൊച്ച് മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കഥാകാരനും ചലചിത്രകാരനുമായി വാഴ്ത്തപ്പെടുന്ന എംടി വാസുദേവന്‍ നായരുടെ 80-ാം പിറന്നാള്‍ മാധ്യമങ്ങളും സാഹിത്യപ്രേമികളും ഗംഭീരമായി ആഘോഷിച്ചു. 1953ല്‍ 20-ാം വയസ്സില്‍ എംടിയുടെ ആദ്യകഥ വളര്‍ത്തുമൃഗങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കേരളീയ സമൂഹം മുമ്പോരിക്കലും ഇല്ലാത്ത രീതിയില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ഉല്പാദന – പ്രത്യൂല്‍പ്പാദന ബന്ധങ്ങളുടെ മാറ്റത്തിന്റെ ഫലമായി നെല്‍ കാര്‍ഷിക മേഖല എന്നപോലെ നാണ്യവിള മേഖലയും വ്യാപാര വ്യവസായ മേഖലകളുമെല്ലാം പൊളിച്ചെഴുത്തിനു വിധേയമായി. ഇതോടെ സാമ്പത്തിക വികാസത്തിന്റെ […]
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കഥാകാരനും ചലചിത്രകാരനുമായി വാഴ്ത്തപ്പെടുന്ന എംടി വാസുദേവന്‍ നായരുടെ 80-ാം പിറന്നാള്‍ മാധ്യമങ്ങളും സാഹിത്യപ്രേമികളും ഗംഭീരമായി ആഘോഷിച്ചു. 1953ല്‍ 20-ാം വയസ്സില്‍ എംടിയുടെ ആദ്യകഥ വളര്‍ത്തുമൃഗങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കേരളീയ സമൂഹം മുമ്പോരിക്കലും ഇല്ലാത്ത രീതിയില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ഉല്പാദന – പ്രത്യൂല്‍പ്പാദന ബന്ധങ്ങളുടെ മാറ്റത്തിന്റെ ഫലമായി നെല്‍ കാര്‍ഷിക മേഖല എന്നപോലെ നാണ്യവിള മേഖലയും വ്യാപാര വ്യവസായ മേഖലകളുമെല്ലാം പൊളിച്ചെഴുത്തിനു വിധേയമായി. ഇതോടെ സാമ്പത്തിക വികാസത്തിന്റെ ഗുണഫലങ്ങള്‍ കയ്യടക്കിയിരുന്ന ഭൂഉടമകള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും എതിരെ ചരിത്രത്തില്‍ അന്നോളം ചൂഷണത്തിനു മാത്രം വിധേയരായിരുന്നവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഈ പീഡിതജനതയുടെ പക്ഷം ചേര്‍ന്നായിരുന്നു മലയാള സാഹിത്യത്തിന്റെ ഭാവുകത്വ നവീകരണം നടന്നത്. തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ബഷീര്‍ തുടങ്ങിവരെല്ലാം റിയലിസത്തിന്റെ ഈ വഴി തിരഞ്ഞെടുത്തപ്പോള്‍ എംടിയുടെ പാത വേറെയായിരുന്നു. മേല്‍ചൊന്ന പരിവര്‍ത്തനത്തിലൂടെ രൂപം കൊണ്ട സേവനമേഖലയില്‍ സ്വന്തം സമുദായത്തിന്റെ അതിജീവനത്തിന്റെ കഥയാണ് എംടി പറഞ്ഞത്. താനുള്‍പ്പെടുന്ന നായര്‍ സമുദായത്തിന്റെ വര്‍ത്തമാനകാലം ആവിഷ്‌കരിക്കാനോ സമുദായ പരിഷ്‌കരണം ലക്ഷ്യമാക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ കേരളീയ സമൂഹത്തിന്റെ അവിഭാജ്യഘടകമായി നായര്‍ സമുദായത്തെ ഭൂതകാലത്തുനിന്ന് വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.
എംടിയുടെ നായര്‍ പ്രതിനിധാനം മാറിയ ഉല്‍പ്പാദന ബന്ധങ്ങളില്‍ നിന്ന് പങ്കുപറ്റി സ്വയം വികസിക്കുന്ന വ്യക്തികളുടേതാണ്. തകരുന്ന നാലുകെട്ടിന്റെ സങ്കിര്‍ണ്ണതകളും വിഹ്വലതകളും അറിയുന്ന അപ്പുണ്ണി മുതല്‍ സമ്പദ് സാമൂഹ്യക്രമത്തിന്റെ പുതിയ ചലനങ്ങളറിയുന്ന സേതുവരെയുള്ളവരുടേത് വൈയക്തിക അതിജീവന പോരാട്ടമാണ്. അതിന്റെ ഭാഗമായാണ് കാല്‍പ്പനിക പ്രണയങ്ങളും കടന്നു വരുന്നത്. നായര്‍ സമൂഹത്തെ ആന്തരികമായി പരിശോധിക്കുക പോലുമില്ലാത്തതിനാല്‍ പ്രണയം മുറപ്പെണ്ണിലും മറ്റും ഒതുങ്ങുന്നു.
സ്വന്തം സമുദായത്തെ സങ്കുചിതമായ സാംസ്‌കാരിക ഭൂമികയാക്കിയ എംടിയുടെ ഭാവുകത്വത്തിനു ലഭിച്ച സാര്‍വ്വലൗകികതക്കു കാരണം വള്ളുവനാടന്‍ ഭാഷയാണ്. ഈ ഭാഷയെ മലയാള ഭാഷയെന്ന രാഷ്ട്രീയ ഭാഷയില്‍ നിന്നടര്‍ത്തിമാറ്റി തികച്ചും അരാഷ്ട്രീയവല്‍ക്കരിക്കാന്‍ കഴിഞ്ഞതോടെ കൗമാര സ്വപ്‌നങ്ങള്‍ക്ക് സ്വീകാര്യമാകുകയായിരുന്നു.
സവര്‍ണ്ണ നായര്‍ സമുദായത്തിന്റെ വൈയക്തിക അതിജീവനത്തിന്റെ ആഹ്വാനങ്ങളില്‍ ഇതര സമുദായങ്ങളുടെ അവസ്ഥയോ? തനിക്കു സുപരിചിതമായ മുസ്ലിം സമുദായം അദ്ദേഹത്തിന്റെ കഥകളില്‍ ആശ്രിതരാണ്. നിര്‍മ്മാല്യത്തില്‍ അവര്‍ പലിശക്കാരായ പ്രതിനായകരാണ്. എം ടി തുടങ്ങിവെച്ച ഈ അമരവല്‍ക്കരണമാണ് പിന്നീട് രഞ്ജിത്തും ഷാജി കൈലാസുമൊക്കെ പിന്തുടര്‍ന്നത്. അതിപ്പോഴും തുടരുന്നു. എം ടി തൊട്ടറിയുന്ന ദളിതുകളാകട്ടെ നായര്‍ സമുദായത്തിന്റെ നിഴലുകളായ മധ്യകാലയുഗത്തിലെ മനുഷ്യരാണ്. അവരുടെ ജീവിതാവസ്ഥയുടെ നേരിയ പരിഷ്‌കരണം പോലും അദ്ദേഹം അംഗീകരിക്കുന്നില്ല.
എംടിയുടെ സാമൂഹ്യവീക്ഷണത്തില വംശീയ പകയിലേക്ക് വാതില്‍ തുറക്കുന്നതാണ് നിഴലാട്ടം എന്ന തിരകഥ. അതില്‍ പി്‌ന്നോക്കക്കാരനായ കരുണാകരന്‍ മുതലാളി സമ്പന്നനാകുന്നത് കഴുത്തറപ്പന്‍ പളിശവാങ്ങിയും സുഹൃത്തിനെ വഞ്ചിച്ചുമാണ്. ഇപ്രകാരം സമ്പന്നനായ അയാളുടെ കുടുംബം സ്വയം തകരുന്നു. ഈ തകര്‍ച്ചയെ എംടി നോക്കി കാണുന്നതി ദയാരഹിതമായാണ്. സാമൂഹ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളെ നായരേതര സമുദായങ്ങള്‍ അതിജീവിക്കുമ്പോള്‍ അതിമാനുഷികതയോടെ എല്ലാ ശബ്ദങ്ങളും ഇല്ലാതാക്കാനുള്ള മനുഷ്യഹത്യയാണ് കരുത്തനായ ഭീമന്റെ ചിന്താവ്യവസ്ഥയിലൂടെ രണ്ടാമൂഴത്തിലൂടെ മുന്നോട്ടുവെക്കുന്നത്.
ചുരുക്കത്തില്‍ കേരളീയ സമൂഹത്തിലെ വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം അംഗീകരിക്കാതെ ഏകപക്ഷീയമായ സാമുദായികാഖ്യാനം ജനാധിപത്യത്തിനും സാഹോദര്യത്തിനും വിരുദ്ധമായ വംശീയതയുടെ വാതിലുകള്‍ തുറന്നിടുന്നു എന്നതാണ് എംടിയുടെ മുഖമുദ്ര.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Suresh Nellikode
July 21, 2013 at 3:32 pm
‘താനുള്‍പ്പെടുന്ന നായര്‍ സമുദായത്തിന്റെ വര്‍ത്തമാനകാലം ആവിഷ്‌കരിക്കാനോ സമുദായ പരിഷ്‌കരണം ലക്ഷ്യമാക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ കേരളീയ സമൂഹത്തിന്റെ അവിഭാജ്യഘടകമായി നായര്‍ സമുദായത്തെ ഭൂതകാലത്തുനിന്ന് വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.’—ഇതെഴുതുന്ന കൊച്ച് എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. എഴുത്തിലൂടെ എം. ടി. ഒരു നായര്‍ സമുദായോദ്ധാരകനാവണമായിരുന്നോ? അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന ഒരു ബാല്യകാലമായിരുന്നു, എം.ടി. യുടെ ആദ്യകാല നോവലുകളില്‍ കണ്ടത്. അവിടെ, അന്ന് ഇന്നത്തേപ്പോലെ പുതുപ്പണക്കാര്‍ ഉണ്ടായിരുന്നില്ല. ഏതാനും ചില ഭൂപ്രഭുക്കള്‍ ഒഴിച്ച് പണക്കാര്‍ പോലുമില്ലാതിരുന്ന കൂട്ടുകുടുംബഗ്രാമങ്ങളായിരുന്നു, അന്നുണ്ടായിരുന്നത്. കഥകളില്‍ മുസ്ലീം -ദളിതുകളുടെ കാര്യം വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് ഏഷ്യാനെറ്റിലെ ഷാജഹാനെയാണ്. ഹിഗ്വിറ്റയിലെ വില്ല്ലനു മുസ്ലീം പേര് ആയതിനാല്‍ അതു വരെ മനസ്സില്‍ ആരാധിച്ചുകൊണ്ടുവന്നിരുന്ന എന്നെസ്സ് മാധവന്‍റെ ഫോട്ടോ മനസ്സിന്‍റെ ഭിത്തിയില്‍ നിന്നും വീണൂടഞ്ഞുവത്രേ! എം. ടി തുടങ്ങിവച്ച അമരവത്ക്കരണമാണ് ഷാജി കൈലാസും രഞ്ജിതും സിനിമയില്‍ പിന്തുടര്‍ന്നത് എന്ന് കൊച്ചു പറയുമ്പോള്‍, തോന്നുന്നതൊക്കെ തെരുവിലൂടെ പാടി നടക്കുന്ന കോതയെ ഓര്‍മ്മവരുന്നു. എന്തു വികലമായ ചിന്തകള്‍! എന്തിലും കുറ്റം കണ്ടെത്തുക; പറയാന്‍ വേണ്ടി പറയുക; എഴുത്തുകാരന്‍ മനസ്സില്‍ കാണാത്തതു പോലും മാനത്തു കാണാനുള്ള അഴകിയ നിരൂപകപ്രതിഭയാകാനുള്ള കൊച്ചിന്‍റെ ശ്രമം പാളിപ്പോകുന്നു.
എം. ടി യെ കാലത്തിനൊപ്പം കൊച്ചു് വായിച്ചില്ലെന്നു തോന്നുന്നു. അദ്ദേഹം ‘കാല’വും, ‘നാലുകെട്ടും’ ഏതാനും ആദ്യകാല കഥകളും വായിച്ചു നിറുത്തിയെന്നു തോന്നുന്നു. വാരാണസിയും, വാനപ്രസ്ഥവും, രണ്ടാമൂഴവും കൂടിയെങ്കിലും വായിക്കുക. ഇവിടെ എഴുതിയ ഈ ലേഖനം പോലും രണ്ടാമതൊന്ന് അദ്ദേഹം വായിച്ചിട്ടുണ്ടാവില്ല എന്നു തോന്നിപ്പിക്കുന്നത്, ഒരുപാട് നല്ല ലേഖനങ്ങളെഴുതിയ കെ.കെ. കൊച്ചിനു ഭൂഷണമല്ല.
chithrakaran
July 23, 2013 at 1:21 pm
പ്രമുഖ നായര്‍സാഹിത്യകാരനായ എം.ടി. വാസുദേവന്‍ നായര്‍ 80 തികച്ചു എന്നു പറയാനേയുള്ളു.
Sarija Sivakumar
July 24, 2013 at 6:11 am
ഭാവനകൊണ്ട് എഴുതുന്നവരും അനുഭവത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും എഴുതുന്നവരുമുണ്ട്. മിക്കപ്പോഴും തന്റെ തന്നെ അനുഭവങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും എഴുതുന്ന ഒരു പാവം എഴുത്തുകാരൻ മാത്രമാണ് എം.ടി. കഥയിലോ നോവലിലോ വള്ളുവനാടൻ ഭാഷയല്ല ആൾക്കാരെ ആകർഷിച്ചത്. ലളിതവും സുന്ദരവുമായ ആഖ്യാന ശൈലി. അത് ഒരു നാടിന്റെയും ഭാഷയല്ല, വാക്കുകളെ തിരഞ്ഞെടുത്ത് കൃത്യമായി കൂട്ടിയിണക്കാനുള്ള കഴിവ്.
K.M.RADHA
July 24, 2013 at 3:29 pm
ചിത്രാകരന്മാരും,സരിജമാരും എത്രയൊക്കെ താഴ്ത്തികെട്ടിയാലും എം.ടിയിലെ ഭാവഗായകനായ എഴുത്തുകാരന്‍ കാലത്തെ അതിജീവിക്കും.കൊച്ച്മാഷ് എത്ര കഥകള്‍,നോവലുകള്‍ എം.ടി യുടേത് വായിച്ച് അപഗ്രഥിച്ചിട്ടുണ്ട്.?കേള്‍ക്കട്ടെ.മുറുക്കം വന്ന തിരകഥകള്‍ പോലെ തന്നെ ഒരു കാലഘട്ടത്തിന്‍റെ സാമൂഹ്യ,സാംസ്കാരിക,വിപ്ലവ ചിന്തകള്‍ എം.ടി.കൃതികളില്‍ കാണാം.പഞ്ചാഗ്നി,ഓളവും തീരവും,നിര്‍മ്മാല്യം പോലെ തന്നെ അപ്പുവും,സേതുവും,വിമലയും നിലനില്‍ക്കും.പുതുതലമുറ അക്ഷരവിരോധികളാകാന്‍ കാരണം ഭരണകൂട ഭീകര്തയും,ഒന്നും ഗ്രഹിച്ചില്ലെങ്കിലും,ജയം ഉറപ്പ് എന്ന വിദ്യാഭ്യാസവിചക്ഷണരുടെ
വികലജ്ഞാനം,ദുര്‍ഗ്രഹരചനകള്‍.>ശരി..നമുക്ക് ഒരു ചര്‍ച്ച സംഘടിപ്പിക്കാം.ഞങ്ങള്‍ വരാം. കൊച്ച് സാറേ…മലയാളം അക്ഷരം എഴുതാനറിയാത്ത ഒരു തലമുറ ഇവിടെ പിറന്നു കഴിഞ്ഞു.സാഹിത്യത്തില്‍ ഉത്തമം,മധ്യമം,അധമം ഇങ്ങനെ മൂന്നു വകുപ്പുണ്ടേ.ആരെഴുതുന്നു എന്നല്ല,എന്തെഴുതുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.ഇപ്പോള്‍,കേരളത്തില്‍ സംഭവിക്കുന്നത് ജാതിമതവര്‍ഗ രാഷ്ട്രീയ വിഭജനത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് .. .> പുരസ്കാരങ്ങള്‍.. .>അട്ടഹസിച്ചാലും,മൃദുസ്വരത്തില്‍ ആലപിച്ചാലും,കുറഞ്ഞത് ഒരു അമ്പതു വര്‍ഷത്തേക്ക് അപ്പുറം പോകുന്ന രചനകള്‍ വേണമെങ്കില്‍ ,എഴുത്തുകാര്‍ അകക്കണ്ണ് തുറക്കുക തന്നേ വേണം.കെ.എം.രാധ
K.M.RADHA
July 24, 2013 at 3:48 pm
എന്താണാവോ ഈയുള്ളവളുടെ അഭിപ്രായം പ്രസിദ്ധീകരിക്കാന്‍ ഏതെല്ലാം ഏമാന്‍മാരുടെ തിരുവുള്ളം കനിയണം?മലയാള സാഹിത്യം ,തനത് കലയെ തിരസ്കരിച്ച്,നിഴലിനെ പിന്തുടരുന്ന കാലത്തോളം,കേവുവള്ളത്തില്‍, തുഴ നഷ്ടപ്പെട്ട് നിലാവ് കാണുന്ന വള്ളക്കാരന്‍റെ ഗതിയായിരിക്കും .കെ.എം.രാധ
Suresh Nellikode
July 25, 2013 at 3:38 am
ഒരാള്‍ ജീവിച്ചിരിക്കുന്നത് അയാളൂടെ മാത്രം ആവശ്യമാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍മ്മ വരുന്നു. എനിക്ക് എണ്‍പതായേ… നിങ്ങളൊക്കെ ഇതാഘോഷിക്കണമെന്ന് പറഞ്ഞ് എം. ടി. ഇറങ്ങിവന്നിട്ടില്ല. എഴുതിയ ഒരോ അക്ഷരങ്ങളെക്കുറിച്ചും അഭിമാനിക്കുന്ന ഒരു എഴുത്തുകാരന്‍ എല്ലാ ജല്പനങ്ങളോടും പ്രതികരിക്കാന്‍ അങ്ങാടിയിലേക്കിറങ്ങി വരേണ്ട ആവശ്യമില്ല. ആരെക്കുറിച്ചും ദോഷങ്ങള്‍ പറയാത്ത ഒരു എഴുത്തുകാരന് എണ്‍പതു തികയുമ്പോളും സ്നേഹം പങ്കിടാന്‍ ആ അവസരം ഉപയോഗിക്കാതെ അദ്ദേഹത്തെ ജാതിത്തൊഴുത്തുകളിലേയ്ക്ക് മാറ്റിക്കെട്ടാനാണ് പലര്‍ക്കും താല്പര്യം.
Boban B Kizhakkethara
July 25, 2013 at 10:48 am
എം ടി സൃഷ്ടിച്ച സിനിമയിലെ കഥാപാത്രങ്ങൾ മലയാള മനസ്സിനെ ഏറേ
സ്വാധീനിച്ചവരാണ് . ആത്മ സംഘർഷത്തിൽ പെടുന്ന ആ കഥാപാത്രങ്ങൾ ആത്മഹ ത്യയെയാണ് അഭയം പ്രാപിക്കുന്നത്. ജീവിതത്തെ പേടിച്ചോടുന്നവന്നല്ല പകരം ഉൾക്കരുത്തു ഉള്ളവൻറെതാണ് ആത്മ്ഹത്യ യെന്നു പലപ്പോഴും പറഞ്ഞുതരുന്നു. ത്രികോണ പ്രേമമായാലും (നഖക്ഷതങ്ങൾ ) മിത്തായാലും (ഒരു വടക്കൻ വീരഗാഥ ) കുടുംബ ബന്ധങ്ങൾ ആയാലും (സുകൃതം) ആത്മഹ ത്യ ഒരു ശക്തമായ തീരുമാനമാണ് . ഉതതരം എന്ന സിനിമതന്നെ ആത്മഹത്യയെ ക്കുറിച്ചുള്ള അന്വേഷണം തന്നെയാണ്. വിഷാദ രോഗികളുടെതാണ് ആത്മഹ ത്യയെന്ന മനശാസ്ത്രജ്ഞ്ന്റെ കല്പനകൾ കഥാപാത്രങ്ങൾ പൊളിച്ചെഴുതി. അതോടൊപ്പം പ്രതികാരം എന്നനില ക്കല്ലാതെയും കൊലപാതങ്ങൾക്കു എംടിക്ക് സാധൂകരണമുണ്ട്.(സദയം). സ്വതവേ ആത്മഹ ത്യ പ്രവണതയുള്ള മലയാളി യുടെ ബോധത്തെ ഇത്തരം സിനിമകൾ ഊട്ടിയുറ പ്പിചിട്ടുണ്ടോ ? പഠന വിധേയമാക്കേണ്ടതാണ്.
AJITHAN K R
August 9, 2013 at 6:37 pm
ഇതുകൊണ്ടൊന്നും എം ടി സാഹിത്യകാരൻ അല്ലാതാകുന്നില്ലല്ലോ!!!!
Sk
August 13, 2013 at 5:51 am
What a stupid piece of article by the Critic Editor! Seems the writer has some personal grudge against M.T.