യുക്തിവാദികളോട് 21 ചോദ്യങ്ങള്‍

കേരളത്തിലെ യുക്തിവാദികള്‍ ഫുള്‍ഫോമിലാണ്. ഒരേ ദിവസം തന്നെ (ഒക്ടോ -12ന് ) കോഴിക്കോടും തൃശൂരും പാലക്കാടും ആലപ്പുഴയിലും വെച്ച് നാല് സ്ഥലങ്ങളിലാണ് യുക്തിവാദികളുടെ സമ്മേളനം നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ യുക്തിപക്ഷത്തു നിന്നുകൊണ്ട് ചില ലളിതമായ ചോദ്യങ്ങള്‍ സംഘാടക സുഹൃത്തുക്കളോട് ചോദിക്കുകയാണ്.

1) യുക്തി മനുഷ്യരിലെ സവിശേഷ ഗുണമായിരിക്കേ ചിലര്‍ മാത്രം യുക്തിവാദികളെന്നത് ശരിയാണോ? യുക്തിയില്ലാത്ത എത്രയോ സന്ദര്‍ഭങ്ങളില്‍ കൂടി മര്‍ത്ത്യജീവിതം സഞ്ചരിക്കേണ്ടി വരില്ലേ? യുക്തിവാദികള്‍ എല്ലാകാര്യത്തിലും യുക്തിപൂര്‍വ്വം ആണോ ജീവിക്കുന്നത്? അല്ലെങ്കില്‍ ആ പേര് പുന: പരിശോധിക്കേണ്ടതല്ലേ? യുക്തിപൂര്‍വ്വം തന്നെയാണ് എന്നാണ് മറുപടിയെങ്കില്‍ ആ ജീവിതം എത്രയോ വരണ്ടത് ആവില്ലേ?

2) യുക്തിവാദം V/S മതം എന്ന നിലയില്‍ ആര്‍ക്കിടെക് ഡിസൈന്‍ ചെയ്തത് ആരാണ്? അതില്‍ കറങ്ങുന്ന ചക്രമാക്കാനാണോ ചിന്താശീലയുടെ തലവിധി?

3) സംഘടിത മതങ്ങള്‍, പൗരോഹിത്യ മതങ്ങള്‍, ഗ്രന്ഥമതങ്ങള്‍ എന്നിവയൊക്കെ നിശിതമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അത് ആവശ്യം തന്നെ. എന്നാല്‍ പുതിയ കാലത്തെ മതങ്ങളെ സംബോധന ചെയ്യാന്‍ യുക്തിവാദികള്‍ ധൈര്യം കാട്ടുന്നില്ലല്ലോ? ഉദാ: അക്ബറിന്റെ ദീന്‍ ഇലാഹി, ശിവയോഗിയുടെ ആനന്ദമതം, നാരായണ ഗുരുവിന്റെ ഒരു മതം, ചേകന്നൂര്‍ മൗലവിയുടെ സര്‍വ്വമത സത്യവാദം… ഇത്യാദികളില്‍ എന്താണ് അഭിപ്രായം?

4) പുതിയകാലത്ത് പ്രച്ഛന്നമതങ്ങളും നിലവില്‍ ഉണ്ട്. ഉദാ: ടെക്‌നോളജി, വികസനം, കണ്‍സ്യൂമറിസം, ആര്‍ത്തി, കോര്‍പ്പറേറ്റിസം, etc. ഇവയ്ക്കും മതത്തിന്റെ പോലെ സാമൂഹ്യ സ്വാധീനം ഉണ്ടല്ലോ. എങ്ങനെയാണ് ഈ പുതിയ മതങ്ങളെ നോക്കി കാണുന്നത്?

5) ‘ഈശ്വര സാക്ഷാത്കാരം യുക്തിചിന്തയിലൂടെ ‘എന്ന ഗ്രന്ഥം മലയാളത്തില്‍ ഇറങ്ങിയിട്ട് 60 വര്‍ഷത്തോളമായി. യുക്തിചിന്തയെ ആത്മീയത സ്വീകരിക്കുകയാണ്. യുക്തിവാദികള്‍ ആത്മീയക്കെതിരാകേണ്ടത് അനിവാര്യമല്ല എന്നല്ലേ ഇതിനര്‍ത്ഥം?

6) ആദ്യകാല നാസ്തികര്‍ വേദങ്ങളുടെ അപൗരുഷേയത, മോക്ഷം, പരലോകം ഇത്യാദി ചോദ്യം ചെയ്തപ്പോഴും ദൈവനിഷേധം ഉണ്ടായില്ല. പിന്നെയെങ്ങനെ യുക്തിവാദികള്‍ ദൈവനിഷേധികളായി? കേരളത്തിലെ വിവിധ പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകളിലുള്ള എല്ലാവരും നിരീശ്വരവാദികളാണ്. അ്‌പ്പോള്‍ നിരീശ്വരവാദികള്‍ എന്നല്ലേ വിളിക്കേണ്ടത്/ പറയേണ്ടത്?

7) ഇന്ത്യന്‍ ജാതിവ്യവസ്ഥയെ അഥവാ ഉച്ച നീചതയെ വിമര്‍ശിക്കാതിരിക്കാന്‍ സവര്‍ണ്ണവിഭാഗത്തില്‍ നിന്ന് വന്ന യുക്തിവാദികള്‍ക്ക് ബ്രാഹ്മണ്യം ഇ ട്ടുകൊടുത്ത എല്ലല്ലേ നിരീശ്വരത്വം? ജാതിയെ വിമര്‍ശിക്കാനുള്ള യുക്തിവാദികളുടെ മടി ഇതല്ലേ കാണിക്കുന്നത് ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

8)മതവാദികളെ മലര്‍ത്തി അടിക്കാന്‍ കഴിവുള്ള യുക്തിവാദം, യുക്തിവാദ പക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങളില്‍ കാലിടറുന്നത് കാണാറുണ്ട്. സ്വയം വിമര്‍ശനം ഇല്ലാത്തതുകൊണ്ടല്ലേ ഇത്? യുക്തിവാദത്തിന് ഒരു പൊതു അടിത്തറ ഇല്ലാത്തതല്ലേ ഈ ഇടര്‍ച്ചയ്ക്ക് കാരണം? ഒരു യുക്തിദര്‍ശനം പങ്കുവെക്കാമോ?

9) മതത്തിന് സാമൂഹിക സംവിധാനം ശക്തമാണ്. അത് മനോവ്യാപാരം മാത്രമല്ല. ആശയം മാത്രമല്ല. ചിന്താഗതിയും അല്ല. ജീവിതഗന്ധിയാണ്. യുക്തിവാദത്തിനോ മതേതരത്വത്തിനോ സാമൂഹിക സംവിധാനം ഇല്ല. കുറച്ചു ചിന്താശീലരിലും നിഷേധികളിലുമായി എക്കാലത്തും ഒതുങ്ങാറുണ്ട്. എങ്കില്‍ സാമൂഹിക ജീവിയായ യുക്തിവാദി സാമൂഹികമായി പകരം എന്താണ് നിര്‍മ്മിക്കുന്നത്?

10) ബഹുമത സമൂഹമായ ഇന്ത്യയില്‍ മതരഹിത യുക്തിവാദത്തിന് അല്ല, മതസഹിത യുക്തിവാദത്തിന് അല്ലേ പ്രസക്തി? നെഹ്‌റു – അംബേദ്കര്‍ യുക്തിവാദം അല്ലാതെ ഗാന്ധിയന്‍ – രാമകൃഷ്ണ പരമഹംസ – ശ്രീനാരായണ – യുക്തിയല്ലേ വിവേക യുക്തി! ബാക്കി മുന്‍വിധിയല്ലേ?

11) ഇന്ത്യയില്‍ സെമിറ്റിക്ക് മതങ്ങള്‍ പുരോഗമനപരമായിരുന്നു. അതില്‍ ജാതിയാല്‍ താഴത്തപ്പെട്ടവരുടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അങ്ങനെയുള്ള സെമിറ്റിക് മതങ്ങള്‍ക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്നത് ആരെ സഹായിക്കാനാണ്? സെമിറ്റിക് മതങ്ങള്‍ കടന്നു വരാത്ത ഇന്ത്യ എത്രമേല്‍ ജാതിയാല്‍ നരകം തീര്‍ത്തേനെ എന്ന് ആലോചിച്ചിട്ടുണ്ടോ?

12) മതത്തിന് പ്രകൃതി – മനുഷ്യര്‍ – ദൈവീകത- ആത്മീയത ഇത്തരം വേവലാതികള്‍ കാണാം. മതമില്ലാത്തവരുടെ വേവലാതി എന്താണ്?

13) സത്യം – ദൈവം – പ്രകൃതി – തര്‍ക്കമില്ലെങ്കില്‍ ഇവ മൂന്നും ഒന്നല്ലേ? സമവായത്തിന്റെ വ്യാഖ്യാനത്തെ എങ്ങനെ കാണുന്നു? ഇത് യുക്തിക്ക് നിര ക്കുന്നതതല്ലേ?

14) മതത്തിന് പുറത്തുനിന്നും നടക്കുന്ന ശ്രമങ്ങളും മതത്തിനകത്തു തന്നെ നടക്കുന്ന പരിഷ്‌കരണങ്ങളും ചെലുത്തുന്ന സ്വാധീനത്തില്‍ ഫലപ്രദമാകുന്നത് അകത്തുനിന്നുള്ള ശ്രമങ്ങള്‍ അല്ലേ? പിന്നെ എന്തിനാണ് അനാവശ്യ ഇടപെടല്‍?

15) സെമിറ്റിക്ക് മത വിമര്‍ശകരായ പല പാശ്ചാത്യ ചിന്തകരും ഇവിടെ പ്രസിദ്ധരായത് എന്തുകൊണ്ടാണ്? എന്നാല്‍ അവരില്‍ പലരും യുക്തിവാദികളും അല്ല! ഇറക്കുമതി യുക്തിയല്ലാതെ, യുക്തിവാദം എന്തെന്ന് നിര്‍വചിച്ച ചിന്തകര്‍ നാട്ടില്‍ പലരും ഉണ്ട്. അത് പ്രചരിപ്പിക്കാത്തതെന്താണ്? ഉദാ:’ സത്യം സൗന്ദര്യം എന്നിവയാണ് ഈശ്വരന്‍ എങ്കില്‍ യുക്തിവാദികള്‍ ആയിരിക്കും ഏറ്റവും വലിയ ഈശ്വര വിശ്വാസികള്‍ ‘എന്ന് – കുറ്റിപ്പുഴ കൃഷ്ണപിള്ള. ‘യുക്തിവാദം എന്നാല്‍ സത്യാന്വേഷണം’ ആണെന്ന് – പവനന്‍. ആധുനിക ശാസ്ത്രത്തിന്റെ പിറകെ നടന്ന് യുക്തിയും, യുക്തിവാദവും കൈവിട്ടു പോയോ?

16) യുക്തിവാദി ശാസ്ത്രവാദി നാസ്തികര്‍ നവ നാസ്തികര്‍ സ്വതന്ത്ര ചിന്തകര്‍ ഫ്രീതിങ്കേഴ്‌സ് റൈറ്റ് തിങ്കേഴ്‌സ് എത്തിസ്റ്റ് ത്രൂ തിങ്കേഴ്‌സ്… വിവിധ പേരുകളില്‍ ദൈവനിഷേധവും മതനിഷേധവും അല്ലേ നടത്തുന്നത്? എന്നാല്‍ പിന്നെ ഇടമറുകിന്റെ സത്യസന്ധതയെങ്കിലും കാട്ടി എത്തിസ്റ്റ് എന്ന് പേരിട്ടാല്‍ പോരെ? ആരെ ആകര്‍ഷിക്കാനാണ് ഈ മേക്കപ്പ്?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

17) വിവിധ പേരുകളില്‍ അറിയപ്പെടുന്ന സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ മതത്തില്‍ നിന്ന് യുക്തിവാദത്തിലേക്കും, യുക്തിവാദത്തില്‍ നിന്ന് സ്വതന്ത്ര ചിന്തയിലേക്കും മാറിയവരെ അടുപ്പിക്കാത്തത് എന്തുകൊണ്ടാണ്?

18) മൂന്നു മതങ്ങളെ ത്രാസ് തൂക്കം ഒപ്പിക്കാന്‍ വിമര്‍ശിക്കുന്ന രീതി കണ്ടുവരുന്നു. ഇത് ഹിന്ദുത്വക്ക് അനുകൂലമാണ്. ഒരു സെമിറ്റിക് ഹിന്ദുമതം നിര്‍മ്മിക്കാന്‍ ആര്‍എസ്എസ് നിരന്തരം ശ്രമിക്കുകയാണല്ലോ അത് കൂളായി ഏറ്റെടുക്കുന്നതല്ലേ ത്രികോണം?

19) ഞങ്ങളിലില്ല ഹൈന്ദവ രക്തം. ഞങ്ങളിലില്ല ക്രൈസ്തവ രക്തം. ഞങ്ങളിലില്ല ഇസ്ലാം രക്തം എന്നത് ആകര്‍ഷകമെങ്കിലും ചതികള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഹൈന്ദവം – ഹിന്ദുമതത്തിലെ വിമോചന സാംസ്‌കാരിക സാന്നിധ്യവും ഹിന്ദു സെന്‍സസ് മതവും, ജാതി ഹിന്ദുവും ആണ്. ഹിന്ദുത്വ – ജാതി മേധാവിത്വത്തിന്റെ അധികാര രാഷ്ട്രീയവുമാണ്. ഹൈന്ദവ നിഷേധമല്ല, ഹിന്ദുത്വ നിഷേധമാണ് വേണ്ടത്.

20) യുക്തിവാദികള്‍ ദൈവ കേന്ദ്രീകൃതമായ ലോകമല്ല വിഭാവന ചെയ്തത്. മനുഷ്യ കേന്ദ്രമായ ലോകമാണ്. ആ മനുഷ്യ കേന്ദ്രീകൃത ലോകം അല്ലാതെ ജീവ കേന്ദ്രീകൃതമാകുകയല്ലേ കാലാവസ്ഥ വ്യതിയാന കാലത്തെ യുക്തി?

21) ശാസ്ത്രം, വ്യവസായ വിപ്ലവം, മുതലാളിത്തം -മുപ്പിരി കയറാണ്. ശാസ്ത്രവാദം എന്നതിന് ഊന്നല്‍ നല്‍കുമ്പോള്‍ ഈ ചൂഷണ ശാസ്ത്രത്തിന്റെ സാങ്കേതികവിദ്യ സ്വീകരിക്കേണ്ടി വരില്ലേ? അപ്പോള്‍ ചൂഷണ ശാസ്ത്ര-സാങ്കേതികത വാഴ്‌ത്തേണ്ടി വരില്ലേ? ഇത് എങ്ങനെ യുക്തിപൂര്‍വ്വം ആകും? നാട്ടുശാസ്ത്രത്തിന്റെയും മനുഷ്യധ്വാനത്തിന്റെയും രീതിയല്ലേ യന്ത്രവല്‍കൃതമാകുന്നതിലും ഭേദം?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply