ഫാസിസം ‘ഭാരത’ത്തില്‍ ചെങ്കോലേന്തുമോ?
ഇത്തവണ പത്തൊമ്പത് ആവര്‍ത്തിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ തിരോധാനമാണ് സംഭവിക്കുക. അത്തരമൊരു തിരോധാനം ഇന്ത്യയുടെ ശിരസ്സില്‍ എഴുതിയിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട്, പലതരത്തിലുള്ള കുഴപ്പങ്ങള്‍ പുതിയ ‘ഇന്ത്യ’യെന്ന ഐക്യമുന്നണിയില്‍ ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കാന്‍ ജനാധിപത്യ ഇന്ത്യക്ക് കഴിഞ്ഞേക്കാം.
കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ കര്‍ണ്ണാടകയിലേയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തെലുങ്ക് ദേശത്തെയും തിരഞ്ഞെടുപ്പുകള്‍ ആശ നിലനിര്‍ത്തുന്ന ഫലങ്ങളാണ് തന്നത്. രണ്ടിടത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. രണ്ടിടത്ത് കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷമായി. മാത്രമല്ല, അവരുടെ വോട്ടിംഗ് ശതമാനം കുറയാതെ നില്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ മാത്രമാണ് ശക്തമായ തിരിച്ചടി കോണ്‍ഗ്രസിന് ഉണ്ടായത്. ഈ നില തുടരുകയാണെങ്കില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരണപക്ഷം ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ശക്തമായ പ്രതിപക്ഷമായി മാറാന്‍ സാധിക്കും. അതെങ്കിലും സംഭവിക്കണം എന്നെനിക്ക് തോന്നുന്നു. നേരിയ ഭൂരിപക്ഷം മാത്രമുള്ള ഒരു ഭരണപക്ഷവും അതിശക്തമായ പ്രതിപക്ഷവും ഉള്ള ഒരു രാജ്യത്തില്‍ ജനാധിപത്യം നിലനില്‍ക്കുക തന്നെ ചെയ്യും. വേണ്ടത് കോണ്‍ഗ്രസ് ജയിക്കുക എന്നതല്ല ജനാധിപത്യം ജയിക്കുക എന്നതാണ്.
ജനാധിപത്യം തിരിച്ചുപിടിക്കാനായി രൂപം കൊണ്ട ഇന്ത്യ എന്ന സഖ്യം തങ്ങളുടെ പൊതു ശത്രുവിനെ ജാഗ്രതയോടുകൂടി, മിനിമം ഐകൃത്തോടെയെങ്കിലും എതിര്‍ക്കുമെന്ന് പ്രതീക്ഷിക്കുക. ഭരണഘടനയ്ക്ക് ശുഷ്‌കാന്തിയോടെ കാവല്‍ നില്‍ക്കുക എന്നതാവണമവരുടെ പ്രഥമ ലക്ഷ്യം. അധികാരമോഹമില്ലാത്ത, ധീരനായ, നിസ്വാര്‍ത്ഥനായ, (ബാലിശമായ ചില പെരുമാറ്റങ്ങളില്‍ നിന്ന് മുക്തനല്ലെങ്കിലും), മോദിയേക്കാള്‍ ധൈഷണിക ബലമുള്ള, അഭിനയിക്കാനറിയാത്ത, വലിയ ജനപിന്തുണയുള്ള രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തുണ്ടെന്നതാണ് കോണ്‍ഗ്രസ്സിന് ഇതര പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ള വ്യത്യാസം. ഇത് ക്യാഷ് ചെയ്യുക എന്നത് മറ്റ് പ്രതിപക്ഷകക്ഷികള്‍ കൂടി ലക്ഷ്യമാക്കിയാല്‍ ഭാരതത്തിന്മേല്‍ ഇന്ത്യ വിജയിക്കും.
തല്‍ക്കാലം ഇതിനു തടസ്സമായി നില്‍ക്കുന്നത് സംസ്ഥാനങ്ങളില്‍ ഈ കക്ഷികള്‍ വ്യത്യസ്ത താല്പര്യങ്ങള്‍ ഉള്ളവരാണ് എന്നതാണ്. അവരില്‍ പലരെ സംബന്ധിച്ചും സംസ്ഥാന ഭരണം കിട്ടുക എന്നതാണ് പ്രധാന ലക്ഷ്യം. കേന്ദ്രഭരണം കോണ്‍ഗ്രസ്സൊഴിച്ചുള്ള ഘടക കക്ഷികള്‍ക്ക് ഒറ്റയ്‌ക്കൊറ്റയ്ക്ക് അസാദ്ധ്യമാണെന്ന് മമതയ്ക്ക് പോലുമറിയാം.
ഇടതുപക്ഷത്തിന് സംസ്ഥാന ഭരണം കിട്ടിയാല്‍ മതി.അതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ എത്രകണ്ട് ആത്മാര്‍ത്ഥമായിരിക്കും, ഇന്ത്യന്‍ മുന്നണിയെ സഹായിക്കുന്നതില്‍ എന്ന് സംശയിക്കുകയും ചെയ്യാം. ജനങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാണ് എന്നതിന്റെ തെളിവാണ് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും അസംബ്‌ളി തെരഞ്ഞെടുപ്പിലും അവര്‍ കാണിക്കുന്ന ‘ഇരട്ടത്താപ്പ്’ (ഇരട്ടത്താപ്പ് എല്ലായ്‌പ്പോഴും ഒരു മോശം കാര്യമാവണമെന്നില്ല).
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനിരയില്‍ അനൈക്യമുണ്ടാക്കുകയാവും ബിജെപിയുടെ ലക്ഷ്യം. അതില്‍ത്തന്നെ ഒരേയൊരു ദേശീയകക്ഷിയായ കോണ്‍ഗ്രസ്സിനെ ദുര്‍ബ്ബലപ്പെടുത്തുക എന്നതാവും മുഖ്യലക്ഷ്യം. അതിനായി സംസ്ഥാനപ്പാര്‍ട്ടി മാത്രമായ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയെ പ്രത്യക്ഷമായല്ലെങ്കിലും അവര്‍ സഹായിക്കാനാണിട. അവര്‍ക്ക് ജയിക്കാനാവാത്തിടത്ത് കോണ്‍സ്സിനെ തോല്‍പ്പിക്കുക തന്ത്രപരമായ വിജയമാവുമല്ലോ. സമാനമായ ശ്രമങ്ങള്‍ തങ്ങള്‍ക്ക് ജയിക്കാനാവാത്ത മറ്റു സംസ്ഥാനങ്ങളിലും അവര്‍ കൈക്കൊള്ളും. പരാജയപ്പെട്ടാല്‍ പോലും തുടര്‍ന്നുവരുന്ന സര്‍ക്കാരിനെ മാസങ്ങള്‍ക്കകം തകര്‍ക്കാന്‍ അതുവഴി അവര്‍ക്കാവും. പ്രബലശക്തിയായി മുന്നില്‍ കോണ്‍ഗ്രസ്സുണ്ടെങ്കില്‍ പ്രതിപക്ഷമുന്നണിക്ക് കൂടുതല്‍ ആയസ്സുണ്ടാവും.
എന്തായാലും 2024 ല്‍ 2019 ആവര്‍ത്തിക്കുകയില്ല എന്ന് മാത്രമല്ല ബി.ജെ പിയുടെ സീറ്റുകള്‍ക്ക് കാര്യമായ കുറവുണ്ടാകുമെന്നും ഞാന്‍ കരുതുന്നു. ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോള്‍ ആര്‍എസ്എസിന് അതിന്റെ നയങ്ങള്‍ പഴയപോലെ തുടരാനും ഫാസിസ്റ്റ് ശൈലി നിലനിര്‍ത്താനും സാധിക്കാതെ വരും. അങ്ങനെ വരുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകും. അങ്ങനെ അവര്‍ പതുക്കെ ഒരു ജനാധിപത്യകക്ഷിയായി മാറാന്‍ നിര്‍ബന്ധിതരായിത്തീരും.
ഇന്ത്യാ സഖ്യം ജയിക്കുകയാണെങ്കില്‍ അത്ര നീണ്ടുനില്‍ക്കുന്ന ഒരു ഭരണം വന്നു എന്ന് വരില്ല. പക്ഷേ അവര്‍ ശക്തി തെളിയിക്കുന്നതോടുകൂടി ആര്‍എസ്എസിന്റെ ശക്തി ദുര്‍ബലപ്പെടും. ആ ദൗര്‍ബല്യത്തെ തുടര്‍ന്ന് ഇന്ത്യയിലെ മനസ്സുകള്‍ പരമാവധി മാറിമറിയാനും ഇടയുണ്ട്. ക്രമേണ ഈ ഫാസിസ്റ്റ് ശക്തി നശിക്കും. ഇത്രകാലം ജനാധിപത്യം ശീലിച്ച, ഭരണഘടന തന്ന സുരക്ഷിതത്വം അനുഭവിച്ച ഒരു ജനത അത് തിരിച്ചു പിടിക്കാതിരിക്കില്ല.
പക്ഷെ ഇന്ന് ഇന്ത്യയിലെ ജനാധിപത്യം എവിടെയെത്തി നില്‍ക്കുന്നു എന്നതും കോര്‍പ്പറേറ്റുകളുടെ പൂര്‍ണ്ണപിന്തുണ മോദി സര്‍ക്കാരിനുണ്ടെന്നതും തെരഞ്ഞെടുപ്പ് എങ്ങനെ വേണമെങ്കിലും തങ്ങള്‍ക്കനുകൂലമായി അട്ടിമറിക്കാനവര്‍ക്കാവുമെന്നതും മറക്കരുത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പുല്‍വാമ സംഭവത്തിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയെ മുറിയില്‍ അടച്ചിട്ട ഫാസിസമാണ് ഇന്ത്യയില്‍ ഉള്ളത്. ആരൊക്കെ വിയോജിച്ചുവോ അവരെയൊക്കെ ജയിലിലാക്കുന്ന ഫാസിസം ആണ് ഇന്ത്യയില്‍ ഉള്ളത്. വലിയ വലിയ കാരാഗൃഹങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഫാസിസമാണ് ഇന്ത്യയില്‍. ചരിത്രപുസ്തകങ്ങളും പാഠപുസ്തകങ്ങളും തിരുത്തുന്ന, സ്വാതന്ത്ര്യസമരത്തെ എടുത്തുകളഞ്ഞ, അനുകൂലമായ ഭൂതകാലത്തെ സൃഷ്ടിച്ച് അതില്‍ രമിക്കുന്ന ഫാസിസം. അതിനെ നിലയ്ക്കുനിര്‍ത്താന്‍ ഒന്നുകില്‍ ഭരണം മാറണം അല്ലെങ്കില്‍ ശക്തമായ പ്രതിപക്ഷം ഉണ്ടാകണം.
രണ്ടാമത്തേത് നിസ്സംശയം സാധിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതോടുകൂടി ഈ ഫാസിസത്തിന്റെ പല്ലും നഖവുമെല്ലാം ദുര്‍ബ്ബലമായി തുടങ്ങും. 2024 ല്‍ ഒരു ഹിന്ദുരാഷ്ട്രം രൂപം കൊള്ളും എന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. പരമാവധി അവര്‍ പരിശ്രമിക്കുന്നുമുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം ഈ തിരഞ്ഞെടുപ്പ് കാലത്തിനു മുന്‍പേ ഉണ്ടാക്കാന്‍ ഇടയുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ലക്ഷ്യവും തിരഞ്ഞെടുപ്പ് തന്നെയാണ്. ഇന്ത്യയിലെ മതങ്ങളെ പരസ്പരം ശത്രുക്കള്‍ ആക്കി നിലനിര്‍ത്തിക്കൊണ്ട് ഭൂരിപക്ഷ മതത്തിന് ശക്തി ഉണ്ടാക്കുകയും ആ ശക്തി കൊണ്ട് ഇന്ത്യയെ ഭരിക്കാന്‍ സാധിക്കുമെന്നും അവര്‍ കരുതുന്നു. അതിന് തടയിടുക എന്നത് ഒരു രാഷ്ട്രത്തിലെ എല്ലാ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടികളുടെയും ചുമതലയായി മാറേണ്ടതാണ്. അത്തരം ചുമതലാ ബോധ്യത്തോടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കും എന്ന് ഞാന്‍ വിചാരിക്കുന്നു.
ഇത്തവണ പത്തൊമ്പത് ആവര്‍ത്തിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ തിരോധാനമാണ് സംഭവിക്കുക. അത്തരമൊരു തിരോധാനം ഇന്ത്യയുടെ ശിരസ്സില്‍ എഴുതിയിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട്, പലതരത്തിലുള്ള കുഴപ്പങ്ങള്‍ പുതിയ ‘ഇന്ത്യ’യെന്ന ഐക്യമുന്നണിയില്‍ ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കാന്‍ ജനാധിപത്യ ഇന്ത്യക്ക് കഴിഞ്ഞേക്കാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അപേക്ഷിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള മെച്ചം കോണ്‍ഗ്രസില്‍ പല അഭിപ്രായക്കാരുണ്ട് എന്നതു തന്നെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പല അഭിപ്രായക്കാരുണ്ടെങ്കിലും ഒറ്റ അഭിപ്രായമേ ഉള്ളു എന്ന് നടിക്കുക അതിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അണികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ പേരുകൂടിയാണ് ഫാസിസം. പലര്‍ക്കും എതിര്‍പ്പുണ്ട്, എല്ലാവരും, പിണറായി വിജയന്റെ നയങ്ങളോട് അനുകൂല മനോഭാവമുള്ളവരല്ല. (എം മുകുന്ദനോട് മാത്രമല്ല, ചിന്താശേഷിയുള്ള എല്ലാവരോടും ജോര്‍ജ് ഓര്‍വെല്‍ പിണറായിയെ ഉപേക്ഷിക്കാന്‍ പറയുന്നുണ്ട്). മാനക്കേടില്‍ ആയിരിക്കുന്നു എന്ന് തോന്നലുള്ള നിരവധി പേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ട്. പക്ഷേ പ്രത്യക്ഷത്തില്‍ ആരും പ്രതികരിക്കുകയില്ല.
അതുകൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പറഞ്ഞത്, കോടി കാലുകളും ഒറ്റ ശിരസ്സുമുള്ള വിരൂപമായ ഒരു പ്രസ്ഥാനത്തിന്റെ പേരാണിന്ന് സിപിഎം എന്ന്. കോണ്‍ഗ്രസില്‍ 10 പേരുണ്ടെങ്കില്‍ 11 അഭിപ്രായങ്ങളുണ്ട് എന്നത് ഒരു മോശം കാര്യമായി ഞാന്‍ കാണുന്നതേയില്ല. അഭിപ്രായ വ്യത്യാസം ഉള്ളവര്‍ അത് നിലനിര്‍ത്തുന്നതാണ് ആ രാഷ്ട്രീയപാര്‍ട്ടിക്ക് ഗുണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു തീരുമാനവും ഏകപക്ഷീയമായിക്കൂടാ. അകത്തുനിന്ന് എതിര്‍ക്കുന്നവരുണ്ടെങ്കില്‍ അത് മോശം കാര്യമല്ല. ആത്യന്തികമായി പൊളിറ്റിക്‌സ് ഒരു ഗെയിം ആണ്. ഒരു ദുര്‍വ്വിധി അല്ല.
ഗാന്ധിമുക്ത ഭാരതമാണ് ആര്‍എസ്എസിന്റെ ഉദ്ദേശം, കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ ഉദ്ദേശം. ഗാന്ധിയെ ഏറെനാള്‍ പിന്തുടര്‍ന്ന, നേതൃസ്ഥാനത്ത് ഗാന്ധിയുടെ സാരള്യവും സത്യസന്ധതയുമുള്ള ഒരു ഗാന്ധിയെങ്കിലുമുള്ള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലാണ് ആര്‍എസ്എസിനെ തളര്‍ത്താനുള്ള വഴി എന്ന് ഞാന്‍ കരുതുന്നു. ഭരണകക്ഷിയായല്ലെങ്കില്‍, ശക്തമായ പ്രതിപക്ഷമായെങ്കിലും കോണ്‍ഗ്രസ് വേണം.
പക്ഷെ, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ മോദിയനുകൂല നിലപാടെടുത്താല്‍ ആര്‍ക്കുമൊന്നും ചെയ്യാനാവില്ല. വീണ്ടും നാനൂറിലധികം സീറ്റുകളോടെ ഫാസിസം ‘ഭാരത’ത്തില്‍ ചെങ്കോലേന്തും. സ്റ്റാലിന്‍ കേരളത്തില്‍ ഒന്നുകൂടി അമര്‍ന്നുമിരിക്കും.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in