2021 – കേരളം കൂടുതല്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു

കക്ഷി രാഷ്ട്രീയകൊലകളില്‍ കുറവുണ്ടെങ്കിലും അവയുടെ സ്വഭാവത്തില്‍ വരുന്ന മാറ്റത്തെ കുറിച്ചാണ് ഈ കുറിപ്പില്‍ സൂചിപ്പിക്കാനുദ്ദേശിക്കുന്നത്. ആലപ്പുഴയില്‍ നടന്ന രണ്ടു കൊലപാതകങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. കക്ഷിരാഷ്ട്രീയകൊലകള്‍ക്ക് മതപരവും വര്‍ഗ്ഗീയവുമായ മുഖം കൂടിവന്നിരിക്കുന്നു എന്നതാണതില്‍ പ്രധാനം. തികച്ചും അപകടകരമായ ഒരവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്നതില്‍ ഒരു സംശയവും ഇല്ല.

കൊലപാതകങ്ങള്‍ പുതുമയുള്ള ഒരു വിഷയമല്ല. എന്നാല്‍ കേരളീയ സമൂഹം കൂടുതല്‍ കൂടുതല്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നുറപ്പിക്കാവുന്ന വാര്‍ത്തകളാണ് പോയവര്‍ഷം പുറത്തുവന്നത്. കക്ഷിരാഷ്ട്രീയ കൊലകള്‍ക്കു കുറവുണ്ടെന്നു പറയുമ്പോഴും ഇന്നോളം കേള്‍ക്കാത്ത രീതിയിലുള്ള കൊലപാതകങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തലസ്ഥാനനഗിരിയിലടക്കം ഏറെ ശക്തമായ ഗുണ്ടാവിളയാട്ടങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങള്‍ ഏറെ വര്‍ദ്ധിച്ച വര്‍ഷമാണ് കടന്നു പോയത്. പ്രണയവുമായി ബന്ധപ്പെട്ടും നിരവധി കൊലകളുടേയും അക്രമങ്ങളുടേയും വാര്‍ത്തകളും പുറത്തുവന്നു. അതില്‍ വെടിവെച്ചുകൊല്ലല്‍ മുതല്‍ നടുറോഡില്‍ പെട്രോളൊഴിച്ചു കത്തിക്കല്‍ വരെ ഉള്‍പ്പെടുന്നു. കൂടാതെ സ്ത്രീധനകൊലകളും. വര്‍ഷം അവസാനിച്ചതുതന്നെ മകളുടെ മുറിയില്‍ കണ്ട സുഹൃത്തിനെ പിതാവു കൊന്നു, സഹോദരിയെ മറ്റൊരു സഹോദരി കൊന്നു, അമ്മയെ ഉപദ്രവിച്ചയാളെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൊന്നു, തുടങ്ങിയ വാര്‍ത്തകളോടെയാണ്. നിയമപാലകരായ പോലീസ് നടത്തുന്ന അതിക്രമങ്ങളും അനുദിനം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കക്ഷി രാഷ്ട്രീയകൊലകളില്‍ കുറവുണ്ടെങ്കിലും അവയുടെ സ്വഭാവത്തില്‍ വരുന്ന മാറ്റത്തെ കുറിച്ചാണ് ഈ കുറിപ്പില്‍ സൂചിപ്പിക്കാനുദ്ദേശിക്കുന്നത്. ആലപ്പുഴയില്‍ നടന്ന രണ്ടു കൊലപാതകങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. കക്ഷിരാഷ്ട്രീയകൊലകള്‍ക്ക് മതപരവും വര്‍ഗ്ഗീയവുമായ മുഖം കൂടിവന്നിരിക്കുന്നു എന്നതാണതില്‍ പ്രധാനം. തികച്ചും അപകടകരമായ ഒരവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്നതില്‍ ഒരു സംശയവും ഇല്ല.

നേരത്തെ നടന്നിരുന്ന കൊലകളില്‍ നിന്നു വ്യത്യസ്ഥമായി ഈ കൊലകള്‍ക്ക് അഖിലേന്ത്യാമാനങ്ങള്‍ ഉണ്ടെന്നതില്‍ സംശയമില്ല. പല പാര്‍ട്ടികളും കക്ഷിരാഷ്ട്രീയ കൊലകള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയില്‍ മഹാഭൂരിപക്ഷവും നടന്നത് ബിജെപിയും സിപിഎമ്മും തമ്മിലായിരുന്നു. തലശ്ശേരിയില്‍ കൊല്ലപ്പെട്ടനരുടെ സ്‌കോര്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്. ഇരുപക്ഷത്തും കൊന്നവരും കൊല്ലപ്പെട്ടവരും ഭൂരിഭാഗവും പിന്നോക്കക്കാരായിരുന്നു. എന്നാലവക്ക് വര്‍ഗ്ഗീയമുഖം കുറവായിരുന്നു. കുറച്ചുകാലമായി കൊല്ലുകയും കൊലക്കു പകരം കൊല്ലുകയും ചെയ്യുക എന്ന പഴയ നയത്തില്‍ നിന്നു സിപിഎം പുറകോട്ടുപോയിട്ടുണ്ട്. അത് സത്യസന്ധമായിട്ടാണെങ്കില്‍ നന്ന്. പക്ഷെ ആ സ്ഥാനത്തു ഇപ്പോള്‍ പ്രധാനമായും ബിജെപി – എസ് ഡി പി ഐ അഥവാ ആര്‍ എസ് എസ് – പോപ്പുലര്‍ ഫ്രണ്ട് സംഘട്ടനങ്ങളാണ് നടക്കുന്നത്. കക്ഷിരാഷ്ട്രീയത്തോടൊപ്പം മതവും വര്‍ഗ്ഗീയതയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു എന്നര്‍ത്ഥം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം, ഏതു കൊലയും കൊലയാണ്, ഏതു ചോരയും ചുവപ്പാണ് എന്നതു ശരിയായിരിക്കുമ്പോഴും ഈ കൊലപാതകങ്ങളെ പൂര്‍ണ്ണമായും സമീകരിച്ച്, ബാലന്‍സിംഗ് ചെയ്യുന്ന സമീപനം ശരിയാണെന്നു തോന്നുന്നില്ല. അത്തരമൊരു പ്രതികരണമാണ് പൊതുവില്‍ കാണുന്നത്. മുകളില്‍ സൂചിപ്പിച്ചപോലെയുള്ള അഖിലേന്ത്യാപശ്ചാത്തലം ഇപ്പോഴത്തെ കൊലകള്‍ക്കുണ്ടെന്നതില്‍ സംശയമില്ല. അതെന്താണ് വിശദീകരിക്കേണ്ടതില്ലല്ലോ. പ്രത്യേകിച്ച് ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാന്‍ മുസ്ലിമുകളെ കൊന്നൊടുക്കുക എന്ന ആഹ്വാനങ്ങള്‍ കണ്ട് ലോകപ്രശസ്ത കായികതാരം മാര്‍ട്ടിന നവരത്‌ലോവ പോലും ഞെട്ടല്‍ പ്രകടിപ്പിച്ച പോസ്റ്റ് ലോകമാകെ വൈറലായ പശ്ചാത്തലത്തില്‍. മറുവശത്ത് മതസ്വാതന്ത്ര്യവും ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യവും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള ്അവകാശവുമൊക്കെ ഹനിക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങള്‍ ഭീതിദമായ സാഹചര്യത്തില്‍ ജീവിക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഇടതുപക്ഷ, മതേതര പ്രതിരോധമുണ്ടെന്നൊക്കെ വെറുതെ പറയാമെന്നല്ലാതെ ഇത്തരമൊരവസ്ഥയില്‍ നിന്നു കേരളം ഒട്ടുംതന്നെ വ്യത്യസ്ഥമല്ല. രാജ്യത്ത് ആര്‍ എസ് എസിനു ഏറ്റവും കൂടുതല്‍ ശാഖകളുള്ളത് കേരളത്തിലാണെന്നു മറക്കരുത്. ന്യൂനപക്ഷവിഭാഗങ്ങളും മറ്റു സംസ്ഥാനങ്ങളേക്കാള്‍ സംഘടിതരാണിവ്‌ടെ. പതിറ്റാണ്ടുകള്‍ നീണ്ട കക്ഷിരാഷ്ട്രീയ കൊലപാതപരമ്പരയുടെ ചരിത്രവും ഇവിടെയുണ്ട്. പലപ്രസ്ഥാനങ്ങള്‍ക്കും പരസ്യപ്രവര്‍ത്തനത്തിനൊപ്പം രഹസ്യപ്രവര്‍ത്തനവും കൊല്ലാനും കൊല്ലപ്പെടാനും തയ്യാറായ ചാവേറുകളുമുണ്ട്. കൂടാതെ ക്വട്ടേഷന്‍ സംഘങ്ങളുടെ സജീവസാന്നിധ്യം. അതിനാല്‍ തന്നെ കേരളം തികച്ചും അപായസൂചനയിലാണെന്നു പറയേണ്ടിവരും.

ഇത്തരമൊരു സാഹചര്യത്തില്‍ സമീകരണ സിദ്ധാന്തങ്ങള്‍ കൊണ്ട് ഈ വിഷയത്തെ സമീപിക്കാനാവുമെന്നു തോന്നുന്നില്ല. കുറ്റകൃത്യങ്ങളെ നേരിടാന്‍ നീതിന്യായസംവിധാനം നിലനില്‍ക്കുമ്പോള്‍, അതവഗണിച്ച് പകരത്തിനുപകരം വീട്ടുന്നത് ഒരു ജനാധിപത്യസംവിധാനത്തിനു ഗുണകരമല്ല. പക്ഷെ ആ നീതിന്യായസംവിധാനത്തിനും പോലീസിനും പോലും വിശ്വാസ്യത നഷ്ടപ്പെടുന്നതാണ് ഇത്തരമൊരു സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ലോകമെമ്പാടുമുള്ള ഒന്നാണല്ലോ ഇസ്ലാമോഫോബിയ. അതില്‍ പ്രധാനപങ്കുവഹിച്ചത് പല മുസ്ലിംതീവ്രവാദസംഘടനകളേയും പാലൂട്ടിവളര്‍ത്തിയ അമേരിക്ക തന്നെയാണ്. പക്ഷെ ഇപ്പോഴിതാ അമേരിക്കപോലും ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിനെതിരെ നിയമം പാസാക്കിയിരിക്കുകയാണ്. ഇന്ത്യയിലും കേരളത്തില്‍ തന്നെയും ഇസ്ലാമോ ഫോബിയ വ്യാപകമാണ്. കഴിഞ്ഞ ദിവസമാണല്ലോ ആലുവ പോലീസ് സ്‌റ്റേഷനുമുന്നില്‍ സമരം ചെയ്ത കോണ്‍ഗ്രസ്സുകാരില്‍ നിന്നു മുസ്ലിം നാമധേയമുള്ളവരെ തെരഞ്ഞുപിടിച്ച് തീവ്രവാദി ബന്ധം ആരോപിച്ച് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയത്. ലോകത്ത് എവിടെയെങ്കിലും മുസ്ലിംനാമധാരികളോ സംഘടനകളോ എന്തു കുറ്റകൃത്യം ചെയ്താലും എല്ലാ മുസ്ലിമുകളും മറുപടി പറയേണ്ട അവസ്ഥയാണ് സംജാതയാമിട്ടുള്ളത്. കേരളത്തിലടക്കം അന്യായമായി യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ചുമത്തപ്പെട്ടവരുടെ പേരുകള്‍ പരിശോധിക്കൂ. നമ്മുടെ മഹത്തായ പല സാഹിത്യസൃഷ്ടികള്‍ വായിക്കൂ, സിനിമകള്‍ കാണൂ. ബോംബു കിട്ടാന്‍ എളുപ്പം കണ്ണൂരായിട്ടും മലപ്പുറത്തുപോയാല്‍ എളുപ്പം ലഭിക്കുമെന്ന സിനിമാ ഡയലോഗ് നാമെല്ലാം ആഘോഷിച്ചതാണല്ലോ. ഈ വിഷയത്തെ സമീപിക്കുമ്പോള്‍ ഇത്തരമൊരു പശ്ചാത്തലം മറക്കാനാകില്ല. റിയാസ് മൗലവിയുടെയും കൊടിഞ്ഞി ഫൈസലിന്റെയുംമറ്റും കൊലകള്‍ക്കുള്ള കാരണം നാമധേയം മാത്രമാണല്ലോ. സുപ്രിം കോടതിയും എന്‍ ഐ എയും പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ്, മയക്കുമരുന്ന് ജിഹാദ് പോലുള്ള വിവാദങ്ങള്‍ വീണ്ടും സൃഷ്ടിക്കപ്പെടുന്നു. ആര്‍ എസ് എസ് പ്രകടനങ്ങളില്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ എസ് ഡി പി ഐ ക്കെതിരെയല്ല മുസ്ലിംകള്‍ക്കെതിരെയാണ് എന്നതും ശ്രദ്ധേയമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാര്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ വിലയിരുത്തേണ്ട സമയമാണിത് എന്നാണ് പറഞ്ഞുവരുന്നത്. ബീഫ് കഴിക്കുന്നവരെ കൊല്ലുന്ന സാഹചര്യത്തില്‍ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയവരോട് പ്രതികരിച്ച് പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തിയ മതേതരയുക്തിക്ക് പരിഹരിക്കാവുന്ന ഒന്നല്ല ഈ വിഷയം. ബിജെപി മാത്രമല്ല, പല പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും വോട്ടിനായി ഇസ്ലാമോഫോബിയയെ ഉപയോഗിക്കുന്ന കാഴ്ചയും നാം കാണുന്നതാണല്ലോ. ലീഗിനെ പോലും താലിബാനോട് ഉപമിക്കുന്ന നേതാക്കള്‍ താല്‍ക്കാലിക നേട്ടത്തിനായി സഹായിക്കുന്നത് ഗോഡ്‌സെയുടെ ലക്ഷ്യങ്ങളെയാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പൊതുബോധത്തിനൊപ്പം നില്‍ക്കാനല്ല, വസ്തുതകളെ സത്യസന്ധമായും രാഷ്ട്രീയമായും വിലയിരുത്താനാണ് തയ്യാറാകേണ്ടത്.

പലപ്പോഴും ചില മതരാഷ്ട്രങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളേയും ചില തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളേയും ചൂണ്ടികാട്ടിയാണ് ഇതൊക്കെ ന്യായീകരിക്കപ്പെടുന്നത്. അക്കാര്യത്തില്‍ മതേതരവാദികള്‍ എന്നു വിളിക്കപ്പെടുന്നവരും മോശമല്ല. എന്നാല്‍ അവരെല്ലാം മറക്കുന്നത് നമ്മുടേത് മതരാഷ്ട്രമല്ല, ജനാധിപത്യ മതേതര രാഷ്ട്രമാണ് എന്നതാണ്. പല മതരാഷ്ട്രങ്ങള്‍ പോലും പ്രഖ്യാപിച്ചില്ലെങ്കില്‍ കൂടി അത്തരമൊരു ദിശയിലേക്കുനീങ്ങുമ്പോഴാണ് നമ്മള്‍ ഇങ്ങനെ ചിന്തിക്കുന്നത്. ലോകത്തെ ഏതൊരു ഫാസിസറ്റ് പ്രത്യശാസ്ത്രത്തേക്കാള്‍ കരുത്തുള്ള മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യസംവിധാനവും ഭരണകൂടവുമാണ് വര്‍ഗ്ഗീയ ശക്തികള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെന്നു കൂടി നാം മറക്കുന്നു. വംശഹത്യയാണതിന്റെ അടിത്തറ. രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റതിനുശേഷം ആ ലക്ഷ്യം നേടാനുള്ള അവസാന നീക്കങ്ങള്‍ നടക്കുകയാണെന്നും. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ വിലയിരുത്തേണ്ടത്.

ഇതിനര്‍ത്ഥം കൊലക്കു കൊല എന്നതിനെ പിന്തുണക്കണമെന്നല്ല. ഫാസിസ്റ്റ് വിരുദ്ധ സമരത്തെ ദുര്‍ബലമാക്കാനും അവരുടെ കടന്നാക്രമണത്തെ കൂടുതല്‍ ശക്തമാക്കാനും ബഹുജനപിന്തുണ നഷ്ടപ്പെടാനും മാത്രമേ അതു സഹായിക്കൂ. ജോസഫ് മാഷുടെ കൈ വെട്ടിയതും അഭിമന്യുവധവുമൊക്കെ ഉദാഹരണങ്ങള്‍. അടുത്തയിടെ ചാവക്കാടും പാലക്കാടും നടന്ന സംഭവങ്ങളുടേയും ഇപ്പോള്‍ ആലപ്പുഴ നടന്ന സംഭവങ്ങളുടേയും അനന്തരഫലവും അതുതന്നെയായിരിക്കും. ജനാധിപത്യ, മതേതര സംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ചുതന്നെ, മുഴുവന്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടേയും ഐക്യത്തോടെയുള്ള മുന്നേറ്റങ്ങളിലൂടെ മാത്രമേ കണ്‍മുന്നിലുള്ള ഭീതിദ കാലത്തെ നേരിടാനാവൂ എന്ന യാഥാര്‍ത്ഥ്യമാണ് എല്ലാവരും ഇപ്പോള്‍ തിരിച്ചറിയേണ്ടത്. പ്രതികാരമോ സമീകരണമോ അല്ല തികഞ്ഞ സവര്‍ണ്ണഫാസിസ്റ്റ് വിരുദ്ധ നിലപാടാണ് കാലം ആവശ്യപ്പെടുന്നത്. അതാണ് പോയവര്‍ഷത്തില്‍ നടന്ന കക്ഷിരാഷ്ട്രീയകൊലകളുടെ സ്വഭാവത്തിലെ മാറ്റം നല്‍കുന്ന സന്ദേശം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply