ശക്തനു പ്രതിമ. ഇനി വരുന്നു സിനിമ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

statuestatue

 

അങ്ങനെ സാംസ്‌കാരിക നഗരത്തില്‍ നഗരശില്‍പ്പി ശക്തന്‍ തമ്പുരാന്റെ പ്രതിമയുമായി. മാലിന്യം കുന്നു കൂടി കിടക്കുന്ന ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റ് പരിസരത്താണ് രാജകീയ പ്രൗഢിയോടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ മറ്റു പ്രതിമകളെ പോലെ കാക്കകള്‍ കാഷ്ഠിക്കാതിരിക്കാന്‍ മുകളില്‍ മറച്ചിട്ടുണ്ടെന്നത് നന്ന്.
പതിവുപോലെ വിവാദത്തോടെയാണ് പ്രതിമാ അനാച്ഛാദനം നടന്നത്. പ്രധാന വിവാദം ശക്തന്റെ രൂപത്തെ കുറിച്ചുതന്നെ. സത്യത്തില്‍ ശക്തന്റെ രൂപം എന്തായിരുന്നു എന്നാര്‍ക്കുമറിയില്ല. പൂത്തേഴത്ത് രാമന്‍മേനോന്റെ ഒരു പുസ്തകത്തിലെ വരയാണ് പ്രതിമക്ക് മാതൃകയായി എടുത്തിരിക്കുന്നത്. അതു ആധികാരികമായി എടുക്കുന്നതു ശരിയല്ല എന്നായിരുന്നു ഒരു വിഭാഗം വാദിച്ചത്. സംഗതി കോടതിയില്‍ എത്തിയെങ്കിലും രാജാവിന്റെ കാര്യമായതുകൊണ്ടോണോ എന്നറിയില്ല, കോടതി വിഷയത്തില്‍ ഇടപെട്ടില്ല.
പ്രതിമക്കുപുറകെ ശക്തനെ നായകനാക്കി സിനിമയും വരുന്നു. തെക്ക് മാത്താണ്ഡവര്‍മ്മയെയും വടക്ക് പഴശ്ശിരാജയേയും മുഖ്യകഥാപാത്രങ്ങളാക്കിയുള്ള സിനിമകള്‍ എന്നേ പുറത്തിറങ്ങി. എന്നാല്‍ മധ്യഭാഗത്തു നിന്നുള്ള  തമ്പുരാന്‍ ശക്തനെ കുറിച്ച് ആരും സിനിമയെടുത്തിട്ടില്ല. ശക്തനെ കുറിച്ച് ഒരുപാട് കഥകളും ഐതിഹ്യങ്ങളുമുണ്ട്. അദ്ദേഹം ജീവിച്ചിട്ടും മരിച്ചിട്ടും അധികകാലമായിട്ടില്ല. തൃശൂര്‍ നഗരത്തിന്റെ ശില്പിയാണ് ശക്തന്‍. എന്നിട്ടും സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിട്ടുകളഞ്ഞു. അതിനുള്ള പ്രധാന കാരണം ശക്തന്‍ തമ്പുരാന്‍ യുദ്ധം ചെയ്തിട്ടില്ല എന്നതായിരിക്കാം. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അപ്പോള്‍ സിനിമ ഹിറ്റാകാന്‍ സാധ്യതയില്ലല്ലോ. സ്വന്തം പ്രജകളുടെ സൗഖ്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി ദീര്‍ഘദൃഷ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഉത്തമോദാഹരണം തൃശൂര്‍ നഗരവും തൃശൂര്‍ പൂരവും. സ്വാഭാവികമായും ഇതൊന്നും സിനിമക്ക് വിഷയമാകില്ലല്ലോ. കവി സച്ചിദാനന്ദന്‍ ശക്തനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച നാടകം കുറെ വേദികളില്‍ അവതരിപ്പിച്ചിച്ചുണ്ട്.
എഴുത്തുകാരനും നാടക – സമാന്തര സിനിമാ മേഖലകളില്‍ സജീവ സാന്നിധ്യവുമായ ശ്രീപ്രതാപാണ് സിനിമയുടെ കഥയും തിരകഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സിനിമയെ കുറിച്ച് പ്രതാപനു പറയാനുള്ളത് ഇങ്ങനെ. ചരിത്രത്തില്‍ താല്പര്യമുള്ള ആര്‍ക്കും താല്പര്യമുണ്ടാകുന്ന കഥാപാത്രമാണ് ശക്തന്‍. അദ്ദേഹം രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച നെപ്പോളിയനായിരുന്നില്ല. പ്രജകളുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുമായി ബന്ധപ്പെട്ട് പല ക്രൂരതകളും അദ്ദേഹം ചെയ്തതായി പറയാറുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിനുചുറ്റുമുണ്ടായിരുന്ന തേക്കിന്‍കാട് എന്ന ഘോരവനം വെട്ടിത്തെളിയിച്ച് നഗരവികസനത്തിനു അടിത്തറയിടുമ്പോള്‍ തടയാന്‍വന്ന വെളിച്ചപ്പാടിന്റെ തല വെട്ടിയത് ഉദാഹരണം. സത്യത്തില്‍ ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിച്ച രാജാവായിരുന്നു അദ്ദേഹം. പ്രജകളുടെ മുഴുവന്‍ ക്ഷേമത്തിനുമായുള്ള ശക്തന്റെ പ്രവര്‍ത്തനങ്ങളെ തടയാനാണ് ബ്രാഹ്മണാധികാരികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്.  ബ്രാഹ്മണ്യത്തിനെതിരായ നിലപാടുതന്നെയായിരുന്നു ശക്തന്റെ ശക്തി. ഉയര്‍ന്ന നീതിബോധം. തെറ്റുചെയ്തവര്‍ക്ക് അവരാരായാലും കടുത്ത ശിക്ഷയായിരുന്നു ശക്തന്‍ നല്‍കിയത്. വേഷപ്രച്ഛന്നനായി നാടുമുഴുവന്‍ കറങ്ങിയാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയത്. ഒപ്പം സ്വന്തം വേഷത്തില്‍ പലരേയും തെരുവിലിറക്കുകയും ചെയ്തു. ജനകീയ പ്രശ്‌നങ്ങള്‍ക്ക് കയ്യോടെ പരിഹാരം. അതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. തുടര്‍ന്നാണ് തൃശൂര്‍ നഗരത്തിന്റെ സൃഷ്ടി. വടക്കുംനാഥക്ഷേത്രവും ചുറ്റും തേക്കിന്‍ കാട് മെതാനവും അതിനുചുറ്റും ഇന്നത്തെ സ്വരാജ് റൗണ്ടായ പ്രദക്ഷിണ വഴിയും അതിലേക്കുള്ള നിരവധി കൈവഴികളും പിന്നെ കച്ചവടകേന്ദ്രങ്ങളും. ജലമൊഴുകി പോകാനുള്ള സംവിധാനം പോലും എത്ര ഗംഭീരമായിരുന്നു. ക്രിസ്ത്യാനികളേയും മുസ്ലിമുകളേയും കച്ചവടത്തിനു കൊണ്ടുവന്നത് ബ്രാഹ്മണര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. എന്നാലവര്‍ക്കൊന്നും മിണ്ടാന്‍ ധൈര്യമുണ്ടായിരുന്നില്ല. അത്രക്കു ശക്തനായിരുന്നു ശക്തന്‍.
എന്നാല്‍ തൃശൂര്‍ ശക്തനോട് നന്ദികേടു കാണിച്ചു  ശക്തന്റെ തട്ടകം എന്നൊക്കെ എപ്പോഴും പറയുമെങ്കിലും അദ്ദേഹത്തിനു മികച്ച ഒരു സ്മാരകം പോലും ഇവിടെയില്ല.  ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റും ബസ്സ്റ്റാന്റും അദ്ദേഹത്തെ അപമാനിക്കുന്ന വിധത്തിലാണ്. അടുത്ത കാലത്തായി ശക്തന്‍ മ്യൂസിയം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു പ്രതിമയും. അത്രതന്നെ. എന്നാല്‍ അതുപോരെ. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ സിനിമ. ശക്തന് ഉചിതമായ സ്മാരകമായിരിക്കും ഇതെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും പ്രതാപന്‍ കൂട്ടിചേര്‍ത്തു. സിദ്ദിക്കാമ് സിനിമയില്‍ ശക്തനെ അവതരിപ്പിക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply