RSS – മാളവികയുടെ വിശകലനം അപൂര്‍ണ്ണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

RSS നൂറു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ദി ക്രിട്ടിക് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ ചരിത്രാധ്യാപികയും ദളിത് – ബഹുജന്‍ ആക്ടിവിസ്റ്റുമായ ഡോ മാളവിക ബിന്നിയുടെ പ്രഭാഷണത്തില്‍ ചില പ്രധാന വസ്തുതകള്‍ വിട്ടുപോയിട്ടുണ്ടെന്നു പറയുന്നു പി എ പ്രേംബാബു. രണ്ടുമൂന്നു വിഷയങ്ങളില്‍ ആര്‍എസ്എസിനെ കുറിച്ചുള്ള മാളവികയുടെ വിശകലനങ്ങളില്‍ അപൂര്‍ണ്ണതയുണ്ടെന്നും അദ്ദേഹം പറയുന്നു. (മാളവികയുടെ പ്രഭാഷണം ലിങ്ക് താഴെ…)

ഒന്ന് – 1925ല്‍ ആര്‍എസ്എസ് രൂപീകരിക്കുന്ന ഘട്ടത്തില്‍ അത് ഇത്രയും മിലിറ്റന്റ് ആയിരുന്നുവോ എന്ന സന്ദേഹം മാളവിക മുന്നോട്ട് വയ്ക്കുന്നുണ്ട്. യഥാര്‍ത്ഥ വസ്തുത ഇന്ന് RSS കൈവരിച്ച ഭീകര സ്വഭാവത്തിന്റെ എല്ലാ ഘടനകളും അത് രൂപീകരിക്കുന്ന കാലഘട്ടത്തില്‍ തന്നെ അതില്‍ ഉള്ളടങ്ങിയിട്ടുണ്ട് എന്നതാണ്. ഒരുപക്ഷേ ഇന്നത്തേക്കാള്‍ നൃശംസവും ഭീകരവുമായ ലക്ഷ്യങ്ങളാണ് RSSന്റെ ആരംഭത്തില്‍ അതില്‍ ഉണ്ടായിരുന്നത്.. തുടങ്ങുമ്പോള്‍ ലക്ഷ്യം വെച്ച ഭീകര ഏകാധിപത്യ ‘മനുസ്മൃതിക് ‘ ഭരണത്തിലേക്ക് അതിന് എത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
അതിനു കാരണം ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യം തന്നെയാണ്.

ദൈവത്തിന്റെ സ്ഥാനത്ത് ഗുരുവിനെയും വിശ്വാസത്തിന്റെ സ്ഥാനത്ത് യുക്തിയേയും സ്ഥാപിച്ചുകൊണ്ട് ബുദ്ധന്‍ നടത്തിയ മുന്നേറ്റം ഇന്നും ആര്‍എസ്എസിന്റെ ബ്രാഹ്മണ്യാധിഷ്ഠിത സങ്കല്‍പ്പങ്ങളെ വേട്ടയാടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സ്മൃതികളും ശ്രുതികളും ആരണ്യകങ്ങളും വേദങ്ങളും മനുഷ്യാതീതമായ, യുക്ത്യാതീതമായ വിശ്വാസത്തിന്റെ ബലത്തില്‍ നിഷ്ഠൂരമായ വിവേചന ക്രമങ്ങള്‍ മനുഷ്യസമുദായത്തില്‍ അടിച്ചേല്‍പ്പിക്കുമ്പോഴും, വൈദിക വിരുദ്ധമായ സാംഖ്യവും, വൈശേക്ഷികവും, മറ്റ് ആസ്തികേതരമായ ദര്‍ശനങ്ങളും ഒരു വെല്ലുവിളിയായിരുന്നു.. അതിന്റെ സാംസ്‌കാരിക സ്വാധീനങ്ങള്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ ജനിതക ബോധത്തില്‍ ഉണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആര്‍എസ്എസിന്റെ ഒരു ഓഫീസര്‍ ക്യാമ്പില്‍ വച്ച് ഹെഡ്‌ഗേവര്‍ പറഞ്ഞത് ‘ഇന്ന് എന്റെ കണ്‍മുന്നില്‍ ഒരു ചെറിയ ഹിന്ദു രാഷ്ട്രം ഞാന്‍ കാണുന്നു’ എന്നാണ്… ആര്‍എസ്എസിനെ ആദ്യമായി ഫാസിസ്റ്റ് ഭീകരര്‍ എന്ന് സംബോധന ചെയ്യുന്നത് ഗാന്ധിയാണ്. അവര്‍ മുസോളിനിയുടെ ‘കറുത്ത കുപ്പായക്കാര്‍’ എന്നത്രേ ഗാന്ധി പറഞ്ഞത്.

മറ്റൊന്ന് ഒരു ഹെഡ്‌ഗേവറിയന്‍ ദിശയില്‍ മാത്രമാണ് മാളവിക കൂടുതലും ആര്‍എസ്എസിനെ വിശകലനം ചെയ്യുന്നത്. അനുയായികള്‍ ‘ഡോക്ടര്‍ജി’എന്ന് വിളിച്ച കേശവ് ബലിറാം ഹെഡ്‌ഗേവര്‍, അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥ ബാലന്‍ ആയിരുന്നു. അയാളെ പൂര്‍ണ്ണമായും ഹിന്ദുത്വത്തിലേക്ക് സ്വാധീനിച്ചതും മിലിറ്റന്റ് – വയലന്റ് RSS രൂപീകരണത്തിലേക്ക് നയിച്ചതും ബിഎസ് മൂഞ്ചെയാണ്..

ദേശാസ്ത ഋഗ്വേദി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മൂഞ്ചെ, സംസ്‌കൃത പണ്ഡിതനും, വലിയ യുദ്ധ ഭ്രാന്തനുമായ ആളായിരുന്നു. മൂഞ്ചെ ഇറ്റലി സന്ദര്‍ശിച്ച് മുസോളിനിയുടെ കറുത്ത കുപ്പായക്കാരായ സൈനിക സംവിധാനത്തില്‍ നിന്നാണ് RSS ന്റെ ശാഖാ സംവിധാനം ഉണ്ടാക്കുന്നത്.. മുസോളിനിയുടെ ‘അവാന്റ് ഗാര്‍ഡ്,’ ബാലില തുടങ്ങിയതിന്റെ തനി പകര്‍പ്പാണ് ആര്‍എസ്എസ് ശാഖയിലെ ‘തരുണ,’ ‘ബാല’ ശാഖാ സംവിധാനങ്ങള്‍..

1925ല്‍ തന്നെ പദ്ധതിയിട്ട് 1937 ല്‍ ആരംഭിച്ച നാസിക്കിലെ ബോണ്‍സാലെ സൈനിക സ്‌കൂള്‍ ബി എസ് മൂഞ്ചെയുടെ നേതൃത്വത്തിലായിരുന്നു സ്ഥാപിതമായത്. ഇന്ത്യന്‍ പട്ടാളത്തിലേക്ക് ആര്‍എസ്എസ് കേഡര്‍മാരെ എത്തിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഹൈ റാങ്ക് സൈനിക മേധാവികള്‍ ഉള്‍പ്പെടെ സംഘ കുടുംബാംഗങ്ങളെ ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ അവര്‍ വന്‍വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ടത്രേ.. ഇത്തരത്തില്‍ സിവില്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ നേതൃത്വം കൊടുത്തത് മൂഞ്ചെയാണ്.. അതായത് ഹെഡ്‌ഗേവറിനെ കിട്ടിയില്ലെങ്കില്‍ മറ്റൊരു ഹെഡ്‌ഗേവറെ ഉപയോഗിച്ചായാലും ഇതോ ഇതിലും ഭീകരമായ ഒരു ആര്‍എസ്എസ് സംവിധാനമോ മൂഞ്ചെ തീര്‍ച്ചയായും ആരംഭിക്കുമായിരുന്നു..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊരു പ്രധാന കാര്യം മാളവിക വിട്ടുപോകുന്നത്. ആര്‍എസ്എസ് രൂപീകരിക്കുന്ന ചരിത്രപശ്ചാത്തലത്തിലെ തൊഴിലാളി വര്‍ഗ്ഗ ഏകോപനമാണ്. 1920കള്‍ക്ക് മുമ്പേതന്നെ ജന്മിത്ത – കൊളോണിയല്‍ വിരുദ്ധ തൊഴിലാളി ഐക്യം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. തീര്‍ച്ചയായും ഇന്ത്യയിലെ ജന്മി – നാടുവാഴി – ബ്രാഹ്മണ്യ ആധിപത്യത്തിനെതിരെ കീഴാള/ മുസ്ലിം/ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ ഐക്യപ്പെടും എന്നുള്ള ഭീതിയില്‍ നിന്നും അതിനെ പ്രതിരോധിക്കാനും കൂടിയാണ് ബ്രാഹ്മണ്യം RSS പോലെ ഒരു സംവിധാനം വേണമെന്ന തീരുമാനത്തിലെത്തുന്നത്.

സ്വാതന്ത്ര്യസമരം വിജയിക്കുമെന്നും ബ്രിട്ടീഷ് ഇന്ത്യ വിടുമെന്നും RSS നേതാക്കള്‍ ചിന്തിച്ചിരുന്നു എന്ന നിരീക്ഷണത്തിലും പിഴവുണ്ട്. മഹാരാഷ്ട്രയിലോ മറ്റോ വെച്ച് ഗോള്‍വാര്‍ക്കറിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സീനിയര്‍ ചിന്തന്‍ ശിബിരത്തില്‍ ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ പ്രവര്‍ത്തനം എന്തായിരിക്കണം, സ്ഥിതി എന്തായിരിക്കും..’ എന്ന ഒരു സ്വയംസേവകന്റെ ചോദ്യത്തിന് ഗോള്‍വര്‍ക്കര്‍ പറഞ്ഞ മറുപടി ‘ബ്രിട്ടീഷ് ഇന്ത്യ വിട്ടുപോകാന്‍ ഒരു സാധ്യതയും ഇല്ല’ എന്നാണ്. അഥവാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആഭ്യന്തര കലാപങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ ആര്‍എസ്എസ് എടുക്കേണ്ട വിധ്വംസക നിലപാടും ആണ് അയാള്‍ പറയുന്നത്..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply