ഹൈക്കമാന്റ് ഇടപെട്ടാല്‍ കോണ്‍ഗ്രസ്സിന് നന്ന്

സരിത എസ്. നായര്‍ പുറത്തുവിട്ട സോളാര്‍ അഴിമതി ആരോപണങ്ങള്‍ക്കു പിന്നാലെ വിജിലന്‍സ് കോടതി കേസ് എടുക്കണമെന്നുകൂടി ഉത്തരവിട്ടതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടുത്ത പ്രതിസന്ധിയിലാണല്ലോ. തീര്‍ച്ചയായും തൃശൂരിലെ വിജിലന്‍സ് കോടതിയുടെ തിരക്കുപിടിച്ച നടപടിയില്‍ ദുരൂഹതയുണ്ട്. ബാര്‍ വിഷയത്തിലെ മന്ത്രി ബാബുവിനെതിരായ ഇതേ കോടതിയുടെ വിധി സ്‌റ്റേചെയ്ത ഹൈക്കോടതി തന്നെ ഇതു ചൂണ്ടികാട്ടി. തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടിക്കും സ്‌റ്റേ ലഭിക്കുമായിരിക്കും. സാങ്കേതികമായി ഭരണത്തില്‍ തുടരുകയുമാകാം. എന്നാല്‍ രാഷ്ട്രീയമായും ധാര്‍മ്മികമായും അതു ശരിയല്ല. ജനാധിപത്യസംവിധാനത്തില്‍ ഒരാളും അധികാരത്തില്‍ തൂങ്ങികിടക്കേണ്ടവരല്ല. സംശയത്തിന്റെ നിഴലിലെത്തിയാല്‍ […]

uuu

സരിത എസ്. നായര്‍ പുറത്തുവിട്ട സോളാര്‍ അഴിമതി ആരോപണങ്ങള്‍ക്കു പിന്നാലെ വിജിലന്‍സ് കോടതി കേസ് എടുക്കണമെന്നുകൂടി ഉത്തരവിട്ടതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടുത്ത പ്രതിസന്ധിയിലാണല്ലോ. തീര്‍ച്ചയായും തൃശൂരിലെ വിജിലന്‍സ് കോടതിയുടെ തിരക്കുപിടിച്ച നടപടിയില്‍ ദുരൂഹതയുണ്ട്. ബാര്‍ വിഷയത്തിലെ മന്ത്രി ബാബുവിനെതിരായ ഇതേ കോടതിയുടെ വിധി സ്‌റ്റേചെയ്ത ഹൈക്കോടതി തന്നെ ഇതു ചൂണ്ടികാട്ടി. തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടിക്കും സ്‌റ്റേ ലഭിക്കുമായിരിക്കും. സാങ്കേതികമായി ഭരണത്തില്‍ തുടരുകയുമാകാം. എന്നാല്‍ രാഷ്ട്രീയമായും ധാര്‍മ്മികമായും അതു ശരിയല്ല. ജനാധിപത്യസംവിധാനത്തില്‍ ഒരാളും അധികാരത്തില്‍ തൂങ്ങികിടക്കേണ്ടവരല്ല. സംശയത്തിന്റെ നിഴലിലെത്തിയാല്‍ മാറി നില്‍ക്കുകയാണ് ഉചിതം. അതിനു ഉമ്മന്‍ ചാണ്ടി സ്വയം തയ്യാറല്ലെങ്കില്‍ ഹൈക്കമാന്റ് ഉചിതമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നേതൃമാറ്റം കോണ്‍ഗ്രസ്സിന് ഗുണമേ ചെയ്യൂ എന്നും ഹൈക്കമാന്റ് തിരിച്ചറിയണം. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിപക്ഷം സമരത്തിലാണ്. അതു സ്വാഭാവികം. അതേസമയം അക്രമസമരങ്ങളും അവയെ വെല്ലുവിളിച്ച് തെരുവിലിറങ്ങുന്ന മുഖ്യമന്ത്രിയുടെ നടപടിയും ജനാധിപത്യത്തിനു ഗുണകരമാകില്ല.
എല്ലാ കണ്ണുകളും സ്വാഭാവികമായും സുധീരനിലും ചെന്നിത്തലയിലുമാണ്. ഇരുകൂട്ടരും മുഖ്യമന്ത്രിപദം കാംക്ഷിക്കുന്നവരാണ്. വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആദ്യം പ്രതികരിക്കാന്‍ കൂട്ടാക്കാതെ നിലപാട് കടുപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു സുധീരന്‍. എന്നാല്‍, ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിക്കു പിന്തുണ പ്രഖ്യാപിക്കുകയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി ദീപക് ബാബറിയ സുധീരനുമായി സംസാരിക്കുകയും ചെയ്തതോടെയാണ് അദ്ദേഹം മയപ്പെട്ടത്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് രാവിലെ ഹരിപ്പാട്ടെ വസതിയിലെത്തിയ ദീപക്ബാബറിയയുമായി രമേശ് ചെന്നിത്തലയും സംസാരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ കൈവിടേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ അദ്ദേഹവും മയപ്പെട്ടു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ പതനത്തിന് വഴിവച്ചത് അഴിമതിയാരോപണങ്ങളായിരുന്നു എന്നതെങ്കിലും ഹൈക്കമാന്റ് ഓര്‍ക്കേണ്ടതാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് സിപിഎം പോലും സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിനാകട്ടെ ഏറ്റവും ശക്തിയുള്ള സംസ്ഥാനമാണ് കേരളം. ഭരണതുടര്‍ച്ചയുണ്ടായാലും ഇല്ലെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെടുന്നത് ഗുണം ചെയ്യില്ല. പ്രതിപക്ഷം പോലും തിരച്ചറിയുന്ന ഇക്കാര്യമാണ് ഹൈക്കമാന്റിന് മനസ്സിലാകാത്തത്. എനിക്കുശേഷം പ്രളയം എന്നു കരുതുന്ന മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ ഹൈക്കമാന്റ് ബാധ്യസ്ഥമാണ്. തനിക്കെതിരേ പുതുതായി ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. ആവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വെല്ലുവിളികളല്ല ആവശ്യം. നിരപരാധിയെന്നു ബോധ്യപ്പെടുന്നവരെ മാറിനില്‍ക്കുകയാണ്. പ്രത്യകിച്ച് മുഖ്യമന്ത്രിയുടെ പല മുന്‍ നിലപാടുകളും തെറ്റായിരുന്നു എന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍. ഉദാഹരമായി ഉമ്മന്‍ചാണ്ടി ആദ്യം പറഞ്ഞു സരിതയെ അറിയില്ലെന്ന്. പിന്നെ പറഞ്ഞു ഒന്നോ രണ്ടോ തവണ കണ്ടെന്ന്. ഇപ്പോഴിതാ തെളിഞ്ഞുകഴിഞ്ഞു പലതവണ കണ്ടെന്ന്.
നിലവിലെ സാഹചര്യത്തില്‍ നേതൃമാറ്റത്തിനുതന്നെയാണ് ഹൈക്കമാന്റ് തീരുമാനിക്കേണ്ടത്. സുധീരനെ മുന്‍നിര്‍ത്തി മുന്നോട്ടുപോകണം. തീര്‍ച്ചയായും എ – ഐ വിഭാഗങ്ങള്‍ അതിനെ ചെറുക്കാന്‍ ശ്രമിക്കും. എന്നാല്‍ ശക്തമായ തീരുമാനമുണ്ടായാല്‍ അതവര്‍ അംഗീകരിക്കും. സത്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നു പറയുമ്പോള്‍ പ്രതിപക്ഷം പോലും ഇത്തരമൊരു മാറ്റം ഭയപ്പെടുന്നുണ്ട് എന്നു വേണ കരുതാന്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ സമരം ആളികത്തുമ്പോഴും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി എസ് മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കുപോയതിനു പുറകില്‍ ഈ ഘടകവുമുണ്ട്.
തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ മദ്യമുതലാളിമാരും പി.സി ജോര്‍ജുമാണെന്നും മുഖ്യമന്ത്രി പറയുന്നു. മദ്യനയം സംബന്ധിച്ച കേസില്‍ തോറ്റതിലുള്ള വൈരാഗ്യമാണ് മദ്യമുതലാളിമാര്‍ക്ക്. യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തകര്‍ക്കാമെന്നുമാണ് ഇവരുടെ പ്രതീക്ഷ. ഇതിനു സി.പി.എം കൂട്ടുനില്‍ക്കുന്നു. നേരത്തെ ബിജു രമേശിന്റെ പിറകേ പോയി സി.പി.എം നാണംകെട്ടു. അതുപോലെ തന്നെ ഇത്തവണയും സംഭവിക്കും. സരിതയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ്. ഇതിനു സര്‍ക്കാരിന്റെ പക്കല്‍ തെളിവുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് വരെ താന്‍ പിതൃതുല്യനെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മൊഴിമാറ്റുന്നത് മദ്യമുതലാളിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഇവര്‍ സി.പി.എമ്മിനെതിരെ ഇന്ത്യാ ടുഡേയില്‍ നടത്തിയ ആരോപണം എല്ലാവര്‍ക്കുമറിയാം എന്നെല്ലാം മുഖ്യമന്ത്രി പറയുന്നു. അതില്‍ പലതും ശരിയുമാകാം. പക്ഷെ അതൊന്നും ഈ സാഹചര്യത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ന്യായീകരണമല്ല. തമ്പാനൂര്‍ രവിയുടെ ഫോണ്‍കോള്‍ പുറത്തുവന്നത് സംഭവത്തിനു മറ്റൊരു മാനം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച 14 മണിക്കൂര്‍ കമ്മിഷന്റെ മുന്നില്‍ മൊഴികൊടുത്ത് പ്രശംസ പിടിച്ചുപറ്റിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ പ്രതിഛായക്ക് തിരിച്ചടികൂടിയാണ് ഇത്. ഈ സാഹചര്യത്തില്‍ തല്‍ക്കാലം മാറിനില്‍ക്കുകതന്നെയാണ് ഉചിതം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply